പാറ്റകൾക്കൊരു ജിഹാദി ടാഗ്: CJP ക്കെതിരായ വ്യാജ നിർമിതികൾ

പാറ്റകൾക്കൊരു ജിഹാദി ടാഗ്: CJP ക്കെതിരായ വ്യാജ നിർമിതികൾ

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് കേന്ദ്ര സർക്കാരിനെതിരെ ശക്തമായ പ്രചാരണവുമായി രംഗത്ത് വന്ന കോക്ക്റോച്ച് ജനതാ പാർട്ടി സാമൂഹ്യ മാധ്യമങ്ങളിൽ വലിയ തോതിൽ ആക്രമണം നേരിടുകയാണ്. അവരുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകൾ പലതവണ റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചു.

ഞങ്ങളുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമമാണ് സർക്കാരിൻ്റേത്, അതിന്റെ ഭാഗമായാണ് കോക്ക് റോച്ച് ജനതാപാർട്ടിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതെന്ന് കോക്രോച്ച് ജനതാ പാർട്ടിയുടെ വക്താക്കൾ പ്രതികരിക്കുകയും ചെയ്തു.  ഇവരുടെ ഇന്സ്ടഗ്രാം അക്കൗണ്ടിന് ഒരാഴ്ചയ്ക്കകം രണ്ട് കോടിയിലധികം ഫോളോവേഴ്സ് ആണ് ഉണ്ടായത്. അതേ സമയം ഇവർ സൈബർ ഇടങ്ങളിൽ നേരിടുന്ന അധിക്ഷേപങ്ങൾ ഒട്ടും ചെറുതല്ല. പാർട്ടിയുടെ നയത്തെ ചോദ്യം ചെയ്തും പാർട്ടി പ്രതിനിധികളെ ജിഹാദികൾ എന്ന് വിളിച്ചും രാജ്യ ദ്രോഹികളായി  മുദ്ര കുത്തിയും വലതുപക്ഷ സൈബർ ഹാൻഡിലുകൾ  രംഗത്തുണ്ട്.

രാജ്യദ്രോഹികള്‍, ജിഹാദികള്‍

പാര്‍ട്ടിയിലെ അംഗങ്ങളും പാര്‍ട്ടിക്ക് രൂപം കൊടുത്തവരുമെല്ലാം രാജ്യദ്രോഹികള്‍ ആണെന്നാണ് പരക്കെ പ്രചരിപ്പിക്കുന്ന ഒരു വാദം. സൈബറിടത്തെ മുഖമില്ലാത്ത ആൾക്കൂട്ടം മാത്രമല്ല ഇവരെ അധിക്ഷേപിക്കുന്നത്. ബിജെപിയുടെ നേതൃസ്ഥാനത്തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. കോക്രോച്ച് ജനതാ പാർട്ടിയെ ദേശദ്രോഹികൾ എന്ന് ആക്ഷേപിച്ച് കൊണ്ട് ,ബി.ജെ.പി ദേശീയ വൈസ് പ്രസിഡണ്ട്   എ.പി. അബ്ദുള്ളക്കുട്ടി ഫേസ് ബുക്കിലിട്ട പോസ്റ്റിന് വലിയ ദൃശ്യത കിട്ടിയിട്ടുണ്ട്. ഒരു ലക്ഷത്തിലധികം (124K) ഫോളോവേഴ്‌സുള്ള തന്റെ ഒഫീഷ്യല്‍  പേജിലൂടെയാണ് അബ്ദുള്ളക്കുട്ടി ആക്ഷേപം ഉന്നയിച്ചത്.

കേന്ദ്ര സര്‍ക്കാര്‍ വിമര്‍ശകനായ പ്രമുഖ യു ട്യൂബര്‍ ധ്രുവ് റാഠിയെയും കോക്ക് റോച്ച് പാര്‍ട്ടിക്ക് രൂപം കൊടുത്ത അഭിജിത് ദീപ്കെയേയും മറ്റും ചേര്‍ത്താണ് പോസ്റ്റ്.   

“വിദേശത്ത് ഇരുന്ന് സോഷ്യൽ മീഡിയ വഴി കോടികൾ സമ്പാദിച്ച് സുഖമായി ജീവിക്കുന്ന ഈ ദേശദ്രോഹികൾ പറയുന്നത് കേട്ട് ആരും വഴിതെറ്റണ്ട.” ഇതാണ് അബ്ദുള്ളക്കുട്ടി ഫേസ് ബുക്കിൽ എഴുതിയിട്ടുള്ളത്.

ഫേസ്‌ബുക്ക് പോസ്റ്റ്, സ്ക്രീന്‍ഷോട്ട് 

 9,000 ല്‍ (9.7K) അധികം പേരാണ് ഇതുവരെ (26/5/26) ഈ പോസ്റ്റ്  ലൈക്ക് ചെയ്തിട്ടുള്ളത്. 7,000 ല്‍(7.4K) അധികം പേര്‍ കമന്റ് ചെയ്തിട്ടുമുണ്ട്. 

ഇതേ ആരോപണങ്ങള്‍ ഉള്ള നിരവധി പോസ്റ്റുകള്‍ എക്സിലും ഫേസ്ബുക്കിലും കാണാം. ‘Modippada’ പോലുള്ള ഇൻസ്റ്റഗ്രാം പേജിലും സമാനമായ പോസ്റ്റ് പ്രചരിക്കുന്നുണ്ട്.

തീവ്ര വലതുപക്ഷ സ്വഭാവമുള്ള സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ഇതേ അവകാശവാദത്തോടെയുള്ള പോസ്റ്റുകൾ കാണാം.  16,000 ല്‍ അധികം ഫോളോവെർസ് ഉള്ള ഒരു അക്കൗണ്ട് ആണ് ‘റാണ – ക്ഷത്രിയ – സനാതനി’.

എക്സ് പോസ്റ്റ്, സ്ക്രീന്‍ഷോട്ട്   

പ്രതിപക്ഷ സഖ്യത്തിന് ഒന്നും ചെയ്യാൻ കഴിയാത്തതുകൊണ്ടാണ് ഇപ്പോൾ കോക്ക്റോച്ച് ഗാംഗിനെ ഇറക്കിയിരിക്കുന്നത് എന്ന രീതിയിലാണ് ഇത്തരം അക്കൗണ്ടുകൾ പ്രചാരണം നടത്തുന്നത്. കോക്ക്റോച്ച് ജനത പാർട്ടിയെയും അതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവരെയും ‘ജിഹാദി’ എന്ന് ആക്ഷേപിക്കുകയാണ് ഈ പോസ്റ്റ്‌.

ഇതേ കാർഡ് തന്നെയാണ് പല സാമൂഹ്യ മാധ്യമ പേജുകളിലും പ്രചരിക്കുന്നത്.  

അധിക്ഷേപം മാധ്യമങ്ങളുടെ കമന്റ് ബോക്സിലും

കോക്ക് റോച്ച് ജനതാ പാർട്ടിയുമായി ബന്ധപ്പെട്ട ഒരു ഏഷ്യാനെറ്റ്‌ ന്യൂസ് റിപ്പോർട്ടിൻ്റെ കമൻ്റ് സെക്ഷനും അധിക്ഷേപ കമൻ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ റിപ്പോര്‍ട്ടിന് താഴെയുള്ള കമന്റ് സെക്ഷന്‍, സ്ക്രീന്‍ഷോട്ട്

“ഇവൻ വലിയ ഉടായിപ്പാണ്, ഇവന്റെ പുറകിൽ നിന്ന് ആരോ ഡ്രൈവ് ചെയ്യുകയാണ്, വളരെ അധികം അപകടം പിടിച്ച കളിയാണ്…” എന്നാണ് ഒരു കമന്റ്. 

‘നിനക്ക് ഒന്നും വേറെ പണി ഒന്നും ഇല്ലേ ഒരു കോലും പിടിച്ചു ഇറങ്ങിക്കോളും രാജ്യ ദ്രോഹികൾക്കു കുടപിടിക്കാൻ’ എന്നാണ് മറ്റൊരു കമന്റ്. ‘ഇനി തിരഞ്ഞെടുപ്പ് ഇൻസ്റ്റാഗ്രാമിൽ ആക്കണം’ എന്ന് പറയുന്നവരുമുണ്ട് കമന്റ് സെക്ഷനിൽ.

വ്യാജ കാര്‍ഡുകളിലൂടെ  പ്രചാരണം

വ്യാജമായ ചില ഇൻഫോഗ്രാഫിക് കാർഡുകളും അക്കൗണ്ടിനെതിരായ പ്രചാരണത്തിന് ഇവർ വ്യാപകമായി ഉപയോഗിക്കുന്നു എന്ന് കാണാം.

കോക്ക്റോച്ച് ജനത പാർട്ടിയുടെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ പൈ-ചാർട്ട് എന്ന അവകാശവാദത്തോടെ ഒരു കാർഡ് ഈ അക്കൗണ്ടുകളിൽ പ്രചരിക്കുന്നുണ്ട്.

പാർട്ടിയെ പിന്തുണയ്ക്കുന്നവരിൽ 49 ശതമാനവും പാകിസ്ഥാനികളാണെന്നും, ബംഗ്ലാദേശിൽ നിന്നും അമേരിക്കയിൽ നിന്നും 14 ശതമാനം വീതമുണ്ടെന്നും, ഇന്ത്യയിൽ നിന്ന് വെറും 9 ശതമാനം ആളുകൾ മാത്രമേയുള്ളൂ എന്നുമാണ് പോസ്റ്ററിലെ വാദം. എക്‌സിൽ ഇംഗ്ളീഷിൽ പ്രചരിക്കുന്ന പോസ്റ്റർ, മലയാളത്തിൽ കമന്റ് സെക്ഷനിലെ സ്റ്റിക്കറുകളായും പ്രചരിക്കുന്നുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റുകളുടെ കമന്റ് സെക്ഷനിൽ സ്റ്റിക്കറുകളായി വന്ന പോസ്റ്റർ, സ്ക്രീൻഷോട്ട്

ഒരു ലക്ഷത്തിലധികം അംഗങ്ങൾ ഉള്ള ‘കാവിപ്പട’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും ‘ബിജെപി കേരളം’ എന്ന ഫേസ്ബുക്ക് പേജിലും ഇതേ അവകാശവാദത്തോടെയുള്ള പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

‘കാവിപട’യില്‍ പ്രചരിക്കുന്ന പോസ്റ്റ്, സ്ക്രീന്‍ഷോട്ട്

 “പാകിസ്ഥാനിൽ നിന്നും ജോർജ്ജ് സോറോസ് ഗാംഗിൽ നിന്നും സോഷ്യൽ മീഡിയ ഫോളോവേഴ്‌സിനെ തേടുന്നവരെ ഓർത്ത് സഹതാപം തോന്നുന്നു” എന്ന് കുറിച്ചുകൊണ്ട്  കേന്ദ്രമന്ത്രി കിരൺ റിജിജു തന്റെ ഒഫിഷ്യൽ എക്സ് അക്കൗണ്ടിൽ ഇതേ കാർഡ് പങ്ക് വെച്ചിട്ടുണ്ട്.

എന്നാൽ, പാർട്ടിയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടുന്നതിന് തൊട്ടുമുൻപുള്ള യഥാർത്ഥ ഇൻസ്റ്റാഗ്രാം ഓഡിയൻസ് ഡാറ്റ, അക്കൗണ്ട് സ്ഥാപകനായ അഭിജീത് ദിപ്കെ പിന്നീട് പുറത്തുവിട്ടിരുന്നു. 

ഇന്ത്യയിൽ നിന്നുള്ള പിന്തുണ വെറും 9% ആണെന്നായിരുന്നു പ്രചരിക്കുന്ന പോസ്റ്ററുകളിൽ വാദം. എന്നാൽ,  ഇൻസ്റ്റാഗ്രാമിന്റെ യഥാർത്ഥ ഡാറ്റ പ്രകാരം, 94.7% ഫോളോവേഴ്‌സും ഇന്ത്യയിൽ നിന്നുള്ളവരാണ്.

അഭിജിത് ദീപ്കെയുടെ പ്രതികരണപോസ്റ്റ്, സ്ക്രീന്‍ഷോട്ട്

കേരളത്തിൽ നിന്നുള്ള വനിതാ പ്രതിനിധിക്കെതിരായ ആക്രമണം

കോക്ക് റോച്ച് പാർട്ടിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾക്ക്  ഇന്ത്യയിൽ വിലക്ക് ഉണ്ടായപ്പോൾ, കേരളത്തിൽ മാധ്യമ ചർച്ചകളിൽ സജീവമായി പങ്കെടുത്തിരുന്നത് കോക്ക്റോച്ച് ജനത പാർട്ടിയുടെ കേരളത്തിലെ പ്രതിനിധി ഇഷ മറിയം ഹാരിസ് എന്ന പെൺകുട്ടിയാണ്.

 മത സ്വത്വത്തിന്റെ പേരിൽ ഈ പെൺകുട്ടിക്കെതിരെ ഫേസ്ബുക്കിലും എക്സിലും ഒരേ സമയം ആസൂത്രിത സൈബറാക്രമണം നടക്കുന്നുണ്ട്.

“അബ്ദുൽ നാസർ മദനിയുടെ അടുത്ത ബന്ധുവാണ് ഈ ഭാവി ജിഹാദിണി! ഇപ്പോൾ കോക്കറോച്ചിന്റെ കുപ്പായത്തിലാണ്” എന്നാണ് ഇഷ മറിയത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള പോസ്റ്റുകൾ പറയുന്നത്. 

ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീൻഷോട്ട്

ഫേസ്ബുക്കിൽ ആറായിരത്തിലധികം (6.2K) ഫോളോവേഴ്സ് ഉള്ള ഒരു അക്കൗണ്ട് ആണിത്. ബിജെപി അനുകൂല പോസ്റ്റുകൾ ഈ അക്കൗണ്ടിൽ മുൻപും പങ്കുവച്ചിട്ടുണ്ട് എന്ന് അക്കൗണ്ട് പരിശോധിക്കുമ്പോൾ മനസിലാക്കുന്നു.

പല പോസ്റ്റുകളിലും സുടാപ്പിണി എന്നും ജിഹാദിണി എന്നും ഇവരെ വിളിക്കുന്നുണ്ട്.

എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

ബിജെപി അനുകൂല വാർത്താ ചാനലായ ജനം ടിവിയും കർമ്മ ന്യൂസും ഇതേ വാദം ഉയർത്തുന്നുണ്ട്‌.  

സൈബര്‍ ആക്രമണങ്ങള്‍ തുടരുന്നുണ്ടെങ്കിലും സിജെപിയുടെ അക്കൗണ്ടുകൾ സജീവമാണ്. കൂടുതല്‍ ശക്തിയോടെ പ്രവര്‍ത്തിക്കും എന്ന പ്രഖ്യാപനം സിജെപി നടത്തിയിട്ടുണ്ട്. ഉടനെ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കില്ലെന്നും യുവജന പ്രക്ഷോഭമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നുമാണ് സിജെപി വ്യക്തമാകുന്നത്. തങ്ങളുടെ  ശബ്ദം ഉയർന്നു കേൾക്കാൻ രാജ്യത്തെ യുവാക്കൾ താത്പര്യപ്പെടുന്നുവെന്ന് ഇവർ ഇൻസ്റ്റാഗ്രാമിൽ പറയുന്നു. സർക്കാരിൻ്റെ മൗനത്തെ ചോദ്യം ചെയ്യണമെന്നതാണ് ആവശ്യമെന്നും അവർ ഇൻസ്റ്റഗ്രാമിലൂടെ പുറത്തിറക്കിയ പുതിയ ലഘുലേഖയിൽ വ്യക്തമാക്കുന്നു.

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top