ഭൂമി ഇല്ലാത്ത പെണ്ണുങ്ങൾ 

ഭൂമി ഇല്ലാത്ത പെണ്ണുങ്ങൾ 

ഇന്ത്യയിൽ ഭൂരഹിതരായ ഏറ്റവും വലിയ വിഭാഗം ആരാണ്? ആദിവാസികളുടെയും ദളിതരുടെയും ഭൂരാഹിത്യത്തെ കുറിച്ച് സംവാദങ്ങൾ നടക്കാറുണ്ട്. അത് കണക്കാക്കാൻ മാനദണ്ഡങ്ങളുമുണ്ട്. എന്നാൽ ജനസംഖ്യയിൽ പാതിയായ സ്ത്രീകളുടെ കാര്യമോ? ഈയിടെ പുറത്ത് വിട്ട ദേശീയ കുടുംബാരോഗ്യ സർവ്വേയുടെ ആറാം പതിപ്പ് നൽകുന്ന കണക്കുകൾ പ്രകാരം വെറും 18.8 ശതമാനം കുടുംബങ്ങളിൽ മാത്രമാണ് സ്ത്രീകളുടെ പേരിൽ ഭൂമിയോ വീടോ ഉള്ളത്. 

ഭൂവുടമസ്ഥത കണക്കാക്കുന്നതിൽ കുടുംബാരോഗ്യ സർവ്വേ അഞ്ച് വരെ പിന്തുടർന്ന മാനദണ്ഡം സർവ്വേ ആറിലേക്ക് വന്നപ്പോൾ മാറ്റിയിട്ടുണ്ട്. ഈ കണക്ക് പ്രകാരം ഇന്ത്യയിലെ 81 ശതമാനം കുടുംബങ്ങളിലെയും സ്ത്രീകൾ സ്വന്തം പേരിൽ ഭൂമിയോ വീടോ ഇല്ലാത്തവരാണ്. 

ദേശീയ കുടുംബാരോഗ്യ സർവ്വേ അഞ്ചാം പതിപ്പ് വരെയും ഭൂമിയോ വീടോ ഉള്ള സ്ത്രീകളുടെ വ്യക്തിഗത എണ്ണമാണ് പ്രസിദ്ധീകരിച്ചിരുന്നത്. സ്വന്തമായോ കൂട്ടുടമസ്ഥതയിലോ വീടോ ഭൂമിയോ ഉള്ള, 15 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകളുടെ അനുപാതമാണ് കണക്കാക്കിയിരുന്നത്. ഈ രീതിശാസ്ത്രത്തെ കുറിച്ച് നേരത്തെ തന്നെ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. 

NFHS – 5 (2019 – 21) പ്രകാരം രാജ്യത്തെ 43.3 ശതമാനം സ്ത്രീകൾക്കും ഭൂമിയോ വീടോ സ്വന്തമായുണ്ട്. NFHS – 4 നെ അപേക്ഷിച്ച് 4.9 ശതമാനം വർദ്ധന. രാജ്യത്തെ സ്ത്രീ ജനസംഖ്യയിൽ ഏതാണ്ട് പകുതിയോളം പേർക്കും ഭൂമിയോ വീടോ സ്വന്തമായി ഉണ്ട് എന്ന തെറ്റായ പൊതുബോധം സൃഷ്ടിക്കുന്ന കണക്കാണിതെന്ന് വിലയിരുത്തപ്പെടുന്നു. എന്നാൽ ആറാമത് കുടുംബാരോഗ്യ സർവ്വേയിലെ പുതുക്കിയ മാനദണ്ഡമനുസരിച്ച് സ്ത്രീകൾക്ക് വീടോ ഭൂമിയോ ഉള്ള കുടുംബങ്ങളുടെ എണ്ണമാണ് കണക്കാക്കുന്നത്. സ്ത്രീകളുടെ ഭൂരാഹിത്യത്തിന്റെ യഥാർത്ഥ ചിത്രം ഏറെകുറെ വെളിപ്പെടുത്തുന്നതാണ് പുതിയ കണക്കുകൾ. 

പല വകുപ്പുകൾ, പല കണക്കുകൾ 

രാജ്യത്തെ സ്ത്രീകളുടെ ഭൂവുടമസ്ഥത സംബന്ധിച്ച് ദേശീയ കുടുംബാരോഗ്യ സർവ്വേയും (NFHS), ദേശീയ വായ്പാ നിക്ഷേപ സർവ്വേയും (AIDIS) പുറത്ത് വിട്ടിട്ടുള്ള കണക്കുകൾ തമ്മിലും അന്തരമുണ്ട്. 

ദേശീയ കുടുംബാരോഗ്യ സർവ്വേയുടെ 2023 – 24 ലെ കണക്കുകൾ പുറത്ത് വന്നിട്ടുണ്ടെങ്കിലും ദേശീയ സ്ഥിതിവിവര കാര്യാലയം (NSO) നടത്തുന്ന വായ്‌പാ നിക്ഷേപ സർവ്വേയുടെ 2019 ലെ റിപ്പോർട്ടാണ് ലഭ്യമായിട്ടുള്ളത്. അതിന് ശേഷം ഈ സർവ്വേയുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. അത് കൊണ്ട് തന്നെ ഇതേ കാലയളവിൽ പുറത്തിറങ്ങിയ അഞ്ചാം കുടുംബാരോഗ്യ സർവ്വേയുടെ (2019 – 21) കണക്കുകളുമായി ഇതിനെ താരതമ്യം ചെയ്യാം. 

കുടുംബാരോഗ്യ സർവ്വേ അഞ്ചിലെ കണക്കുകൾ പ്രകാരം സ്ത്രീകളുടെ (15 നും 49 നും ഇടയിൽ പ്രായമുള്ള) ഭൂവുടമസ്ഥത (43.3) വായ്‌പാ നിക്ഷേപ സർവ്വേയിലേക്കാൾ ആറ് മടങ്ങ് കൂടുതലാണ്. ഇതേ കാലയളവിലെ വായ്‌പാ നിക്ഷേപ സർവ്വേ പ്രകാരം 31.7 ശതമാനം സ്ത്രീകൾക്കേ ഭൂവുടമസ്ഥതയുള്ളൂ. 

Two Indian working women in traditional sarees walking and working on a rural, unpaved path surrounded by vegetation, symbolizing the connection of rural women to land and agriculture.
പ്രതീകാത്മക ചിത്രം

എക്കൊണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഈ വൈരുധ്യം ചൂണ്ടിക്കാട്ടുന്നുണ്ട്. ഓരോ ഏജൻസിയും സർവ്വേകൾക്കായി വ്യത്യസ്ത മാനദണ്ഡങ്ങൾ ഉപയോഗിക്കുന്നതാണ് കണക്കുകളിലെ ഈ പൊരുത്തക്കേടിന്റെ ഒരു കാരണം. 

വായ്‌പാ നിക്ഷേപ സർവ്വേയിൽ ‘ഏതെങ്കിലും തരത്തിലുള്ള ഭൂമി’ (Any land) കൈവശം വച്ചിരിക്കുന്ന സ്ത്രീകളെ മാത്രമേ കണക്കാക്കുന്നുള്ളൂ. വീട് സ്വന്തമായുള്ള സ്ത്രീകളുടെ കണക്കുകൾ ഈ സർവ്വേയിൽ ഉൾപ്പെടുത്തുന്നില്ല. ദേശീയ കുടുംബാരോഗ്യ സർവ്വേയുടെയും വായ്‌പാ നിക്ഷേപ സർവ്വേയുടെയും രീതിശാസ്ത്രം തന്നെ ഇത്തരത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. 

49 നു മുകളിൽ പ്രായമുള്ള സ്ത്രീകളുടെ ഭൂവുടമസ്ഥതാ വിവരങ്ങൾ ഉൾപ്പെടുന്നില്ല എന്നത് ദേശീയ കുടുംബാരോഗ്യ സർവ്വേയുടെ ഡാറ്റാ ശേഖരണത്തിലെ ഒരു പരിമിതിയായിരുന്നു. ഈ സാഹചര്യത്തിലാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ NFHS – 6 ലെ പുതുക്കിയ മാനദണ്ഡങ്ങൾ പ്രസക്തമാകുന്നത്. എത്ര കുടുംബങ്ങളിൽ വീടോ ഭൂമിയോ സ്വന്തമായുള്ള സ്ത്രീകളുണ്ടെന്ന കണക്കെടുപ്പാണ് NFHS 6 ൽ നടത്തിയത്. അതായത്, സ്വന്തം പേരിലോ കൂട്ടുടമസ്ഥതയിലോ സ്വത്തുള്ള സ്ത്രീകളുടെ എണ്ണം കണക്കാക്കുന്നതിന് പകരം, അത്തരത്തിലുള്ള കുടുംബങ്ങളുടെ എണ്ണമെടുക്കാൻ ആരംഭിച്ചു. പ്രായപരിധി മാനദണ്ഡം മാറ്റുകയും ചെയ്തു. 

ഇത്തരത്തിൽ NFHS – 6 (2023 -24) ലെ കണക്കനുസരിച്ച്, 18.8 ശതമാനം കുടുംബങ്ങളിൽ മാത്രമാണ് ഭൂമിയോ വീടോ സ്വന്തമായുള്ള സ്ത്രീകളുള്ളത്. അതായത്, രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കുടുംബങ്ങളിലും സ്ത്രീകൾക്ക് സ്വന്തമായി ഭൂമിയോ വീടോ ഇല്ല. ഈ റിപ്പോർട്ട് തന്നെ പറയുന്നത്, 2019 – 21 കാലയളവിൽ ഇത് 14 ശതമാനമായിരുന്നുവെന്നാണ്. നാല് ശതമാനത്തിന്റെ വർദ്ധന. 

സ്വന്തമായി വീടോ ഭൂമിയോ ഉള്ള ‘കുടുംബങ്ങളുടെ’ എണ്ണം കണക്കാക്കുമ്പോൾ വായ്‌പാ നിക്ഷേപ സർവ്വേയുടെ കണക്കുകളും കുടുംബാരോഗ്യ സർവ്വേയുടെ കണക്കുകളും തമ്മിൽ ഏറെ കുറെ പൊരുത്തപ്പെടുന്നുണ്ട്. വായ്‌പാ നിക്ഷേപ സർവ്വേ പ്രകാരം 17.3 ശതമാനം കുടുംബങ്ങളിലെ സ്ത്രീകൾക്ക് മാത്രമാണ് സ്വന്തം പേരിൽ ഭൂമി ഉള്ളത്. കുടുംബാരോഗ്യ സർവ്വേ അനുസരിച്ച് ഇത് 18.8 ശതമാനമാണ്. കുടുംബാരോഗ്യ സർവ്വേയിൽ വീടുകളുടെ ഉടമസ്ഥത കൂടി ഉൾപ്പെടുന്നതിനാലാണ് ഈ ചെറിയ വ്യത്യാസമെന്ന് അനുമാനിക്കാം. എന്തായാലും സ്ത്രീകളുടെ ഭൂരാഹിത്യത്തെ സംബന്ധിക്കുന്ന യഥാർത്ഥ ചിത്രം ഏറെ കുറെ വെളിപ്പെടുത്തുന്നുണ്ട് ഈ രണ്ട് സർവ്വേകളും. ഇന്ത്യയിലെ 80 ശതമാനത്തിലേറെ കുടുംബങ്ങളിലും സ്ത്രീകൾ ഭൂരഹിതരാണെന്ന് ഈ രണ്ട് സർവ്വേ ഫലങ്ങളും വെളിപ്പെടുത്തുന്നു. 

കടലാസ്സിൽ മാത്രമുള്ള സ്വത്തധികാരം 

ദേശീയ കുടുംബാരോഗ്യ സർവ്വേയിൽ (NFHS ) കൂട്ടുടമസ്ഥതയിലുള്ള വീടുകളും സ്ത്രീകളുടെ ഉടമസ്ഥതയിൽ ഉള്ളതായി കണക്കാക്കുന്നു. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ പേരിൽ വീട് രജിസ്റ്റർ ചെയ്താൽ സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ഫീസിലും ഇളവുകൾ ലഭിക്കും . ഈ ഇളവിനായി മാത്രം സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്യും. എന്നാൽ പ്രായോഗിക തലത്തിൽ സ്ത്രീകൾക്ക് ഈ സ്വത്തിൽ അധികാരമൊന്നുമുണ്ടാവില്ല. അതേ സമയം സ്ത്രീകൾക്കുടമസ്ഥതയുള്ള ഭൂമി മാത്രമേ വായ്‌പാ നിക്ഷേപ സർവ്വേയിൽ കണക്കാക്കുകയുള്ളൂ. അത് കൊണ്ട് തന്നെ ‘ഇളവുകൾ’ ലഭിക്കാൻ മാത്രമായി സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന വീടുകളുടെ കണക്കുകൾ ഈ സർവ്വേയിൽ ഉൾപ്പെടില്ല. 

ബിഹാർ; വീടുണ്ട്, ഭൂമിയില്ല 

ഇളവുകൾക്കായി മാത്രം വീടുകൾ സ്ത്രീകളുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന പ്രവണത ശക്തമാണ്. കുടുംബാരോഗ്യ സർവ്വേയുടെയും വായ്‌പാ നിക്ഷേപ സർവ്വേയുടെയും റിപ്പോർട്ടുകളുടെ താരതമ്യം മാത്രം കൊണ്ട് ഇത് വ്യക്തമാവും. 

ബിഹാറിനെ ഉദാഹരണമായി കണക്കാക്കാം. വായ്‌പാ നിക്ഷേപ സർവ്വേ 2019 അനുസരിച്ച് ബിഹാറിലെ ഗ്രാമീണ മേഖലകളിൽ, 5.8 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് സ്വന്തമായോ കൂട്ടുടമസ്ഥതയിലോ ഭൂമിയുള്ളത്. ഇക്കാര്യത്തിൽ രാജ്യത്ത് ഇരുപത്തിയെട്ടാം സ്ഥാനത്താണ് ബിഹാർ. നഗര മേഖലയിൽ ഇത് 7.9 ശതമാനമാണ്. ഇരുപത്തിയൊൻപതാം സ്ഥാനത്ത്. അതായത് വായ്‌പാ നിക്ഷേപ സർവ്വേ പ്രകാരം സ്ത്രീകളുടെ ഭൂവുടമസ്ഥതയുടെ കാര്യത്തിൽ ദേശീയ ശരാശരിയിലും വളരെ താഴെയാണ് ബിഹാർ. 

എന്നാൽ ഇതേ കാലയളവിൽ പുറത്തിറങ്ങിയ അഞ്ചാം കുടുംബാരോഗ്യ സർവ്വേ (2019 – 21) റിപ്പോർട്ടിലെ കണക്കുകൾ തീർത്തും വ്യത്യസ്തമാണ്. ഇതിൽ പറയുന്നതനുസരിച്ച്, ബിഹാറിൽ ഗ്രാമീണ മേഖലയിലെ 55.7 ശതമാനം സ്ത്രീകൾക്കും സ്വന്തമായോ കൂട്ടുടമസ്ഥതയിലോ ഭൂമി/വീട് ഉണ്ട്. ഇക്കാര്യത്തിൽ ബിഹാർ രാജ്യത്ത് ഒൻപതാം സ്ഥാനത്ത് നിൽക്കുന്നു. നഗര മേഖലയിൽ 53.4 ശതമാനത്തോടെ പതിനൊന്നാം സ്ഥാനത്താണ് ബിഹാർ. 

സ്ത്രീകളുടെ ഭൂവുടമസ്ഥത മാത്രം അടയാളപ്പെടുത്തുന്ന വായ്‌പാ നിക്ഷേപ സർവ്വേയിൽ ഇരുപത്തെട്ടാം സ്ഥാനം മാത്രമുള്ള ബിഹാർ കുടുംബാരോഗ്യ സർവ്വേയിൽ ഒൻപതാം സ്ഥാനം നേടുന്നതെങ്ങനെ? കുടുംബാരോഗ്യ സർവ്വേയിൽ വീടുകളുടെ ഉടമസ്ഥതയും കൂട്ടുടമസ്ഥതയും കൂടി കണക്കാക്കുന്നത് കൊണ്ടാണ് ഇത്രയും പ്രകടമായ വൈരുധ്യം ഉണ്ടാവുന്നത്. 

ബിഹാറിൽ പുരുഷന്മാരുടെ പേരിൽ നിന്ന് സ്ത്രീകളുടെ പേരിലേക്ക് ഭൂമിയോ വീടോ രജിസ്റ്റർ ചെയ്താൽ, സ്റ്റാമ്പ് ഡ്യൂട്ടിയിലും (0.6%) രജിസ്ട്രേഷൻ ഫീസിലും (0.2%) ഇളവുകൾ ലഭിക്കും. സ്ത്രീകളുടെ പേരിൽ നിന്ന് പുരുഷന്മാരിലേക്കാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ഏകദേശം ഇത്രയും തുക തന്നെ അധികമായും ഈടാക്കും. 2015 ലാണ് ബിഹാറിൽ ഈ നിയമം നടപ്പിലാക്കിയത്. കുടുംബാരോഗ്യ സർവ്വേയിൽ മാത്രം ബിഹാർ മുൻപന്തിയിലെത്താനുള്ള ഒരു കാരണം ഇതായിരിക്കാം. 

വീടുകളുടെ മാത്രമല്ല ഭൂമി രജിസ്ട്രേഷനിലും ഈ നിയമം ബാധകമാണെങ്കിലും സ്വന്തം പേരിൽ ഭൂമിയുള്ള സ്ത്രീകളുടെ എണ്ണം കുറഞ്ഞു തന്നെയിരിക്കുന്നുവെന്നതാണ് കൗതുകകരമായ മറ്റൊരു കാര്യം. 

ബീഹാറിലെ സാമൂഹിക-സാംസ്കാരിക പാരമ്പര്യമനുസരിച്ച്, കുടുംബസ്വത്തായ കൃഷിഭൂമി പിതാവിൽ നിന്ന് പുത്രന്മാരിലേക്ക് മാത്രമാണ് കൈമാറ്റം ചെയ്യപ്പെടാറുള്ളത്. പെൺമക്കൾക്കും തുല്യമായ സ്വത്തവകാശം നിയമം ഉറപ്പുനൽകുന്നുണ്ടെങ്കിലും, കുടുംബബന്ധങ്ങളിൽ വിള്ളലുണ്ടാകാതിരിക്കാൻ സ്വന്തം വിഹിതം ചോദിച്ചുവാങ്ങാൻ സ്ത്രീകൾ സാധാരണയായി തയ്യാറാകാറില്ലെന്നും ഈ പഠനങ്ങൾ പറയുന്നുണ്ട്. ഭൂമിയിന്മേലുള്ള അവകാശമെന്നാൽ സാമൂഹ്യ അധികാരത്തിലെ പങ്കാളിത്തം തന്നെയാണ്. ആണധികാര വ്യവസ്ഥയിൽ, നിയമങ്ങൾ സ്ത്രീസൗഹൃദമായാൽ തന്നെയും, വിഭവങ്ങളിന്മേലുള്ള അവകാശവും അത് വഴി കൈ വരുന്ന സാമൂഹ്യ അധികാരവും സ്ത്രീകൾക്ക് അപ്രാപ്യമാണെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. 

ഇതേ രീതി തന്നെ ജാർഖണ്ഡിലും കാണാനാകും. പഞ്ചാബ്, ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തര പ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ ഇളവുകൾ നൽകുന്നുണ്ട്. കുടുംബാരോഗ്യ സർവ്വേ റിപ്പോർട്ട് നോക്കിയാൽ, ഇളവുകൾ നൽകുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകളുടെ ഭൂവുടമസ്ഥതയുടെ തോത് താരതമ്യേന കൂടുതലാണെന്ന് കാണാം. വായ്‌പാ നിക്ഷേപ സർവ്വേയിലെ കണക്കുകളേക്കാൾ 6 മുതൽ 20 മടങ്ങ് വരെ കൂടുതൽ. രജിസ്ട്രേഷൻ ഫീസിലും സ്റ്റാമ്പ് ഡ്യൂട്ടിയിലും ഇളവ് ലഭിക്കാൻ വേണ്ടി വീടുകൾ മാത്രം സ്ത്രീകളുടെ പേരിലാക്കുന്നത് ഈ സംസ്ഥാനങ്ങളിലെല്ലാം നടക്കുന്നു എന്നാണ് ഈ കണക്കുകളിൽ നിന്ന് മനസ്സിലാക്കേണ്ടത്. 

കേരളം

ഇക്കാര്യത്തിലും രാജ്യത്തെ പൊതു പ്രവണതയിൽ നിന്ന് കേരളം വേറിട്ട് നിൽക്കുന്നു. ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സ്ത്രീകൾക്ക് ഭൂമിയിൽ കൂടുതൽ അവകാശം ഉള്ളതായി സർവ്വേ ഫലങ്ങൾ തെളിയിക്കുന്നു. അതേ സമയം വീടിന്മേലുള്ള ഉടമസ്ഥതയും കൂട്ടുടമസ്ഥതയും വളരെ കുറവാണ് താനും. 

കേരളമൊഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകളുടെ ഭൂവുടമസ്ഥത വായ്പാ നിക്ഷേപ സർവ്വേയിൽ രേഖപ്പെടുത്തിയിട്ടുള്ളതിനേക്കാൾ കൂടുതലായാണ് കുടുംബാരോഗ്യ സർവ്വേയിൽ കാണുന്നത്. എന്നാൽ കേരളത്തിൽ ഇത് തിരിച്ചാണ്. 

വായ്പാ നിക്ഷേപ സർവ്വേ അനുസരിച്ച് കേരളത്തിന്റെ നഗര മേഖലകളിലെ 32 ശതമാനം സ്ത്രീകൾക്കും ഏതെങ്കിലും തരത്തിലുള്ള ഭൂമിയിന്മേൽ ഉടമസ്ഥാവകാശമുണ്ട്. ദേശീയ തലത്തിൽ രണ്ടാം സ്ഥാനത്താണ് കേരളം. ഗ്രാമീണ മേഖലയിലെയും 32.5 ശതമാനം സ്ത്രീകൾക്കും സമാന രീതീയിൽ ഭൂമി ഉടമസ്ഥതയുണ്ട്. 

എന്നാൽ അഞ്ചാം കുടുംബാരോഗ്യ സർവ്വേയിൽ നഗരമേഖലയിലെ സ്ത്രീകളുടെ ഭൂമി/വീട് ഉടമസ്ഥതയിൽ (25.3%) കേരളം ഇരുപത്തി ഏഴാം സ്ഥാനത്താണ്. ഗ്രാമീണ മേഖലയിലാണെങ്കിൽ ഇരുപത്തി അഞ്ചാം സ്ഥാനത്തും (29.2%). കുടുംബാരോഗ്യ സർവ്വേയിൽ വീടുകളുടെ ഉടമസ്ഥത കൂടി കണക്കാക്കുന്നത് കൊണ്ടായിരിക്കാം ഈ കുറവ്. കേരളത്തിൽ സ്ത്രീകൾക്ക് വീടുകളുടെ ഉടമസ്ഥാവകാശം ലഭിക്കുന്നത് വളരെ കുറവാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. സ്ത്രീകളുടെ പേരിൽ വീടോ ഭൂമിയോ രജിസ്റ്റർ ചെയ്യുന്നത് കൊണ്ട് പ്രത്യേകിച്ച് ഇളവൊന്നും കേരളത്തിലില്ല. സ്ത്രീകളുടെ വീട് ഉടമസ്ഥതയുടെ കാര്യത്തിൽ കേരളം ഇത്രയേറെ പിന്നോക്കം നിൽക്കുന്നതിന് അതും ഒരു കാരണമാവാം. 

വായ്‌പാ നിക്ഷേപ സർവ്വേ അനുസരിച്ച് സ്ത്രീ ഭൂവുടമസ്ഥതയുടെ കാര്യത്തിൽ കേരളത്തിൽ നഗര ഗ്രാമ വ്യത്യാസം ഇല്ലെന്നതും കൗതുകകരമായ ഒരു വിവരമാണ്. 

മേഘാലയ

വായ്‌പാ നിക്ഷേപ സർവ്വേ അനുസരിച്ച്, നഗരങ്ങളിൽ ഭൂവുടമസ്ഥതയുള്ള സ്ത്രീകൾ ഏറ്റവുമധികമുള്ള സംസ്ഥാനം മേഘാലയയാണ്. മേഘാലയയിൽ, നഗരപ്രദേശങ്ങളിൽ 47.7 ശതമാനം സ്ത്രീകൾക്കും സ്വന്തമായോ കൂട്ടുടമസ്ഥതയിലോ ഭൂമിയുണ്ട്. ഏതാണ്ട് പകുതിയോളം സ്ത്രീകൾ. ഗ്രാമീണ മേഖലകളിൽ ഇത് 25.7 ശതമാനത്തിൽ ചുരുങ്ങുന്നു. 

എന്നാൽ മേഘാലയ ഒഴിച്ചുള്ള മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെയൊന്നും വായ്‌പാ നിക്ഷേപ സർവ്വേയിലെ ആദ്യ സ്ഥാനങ്ങളിലൊന്നും കാണാനാകില്ല. ദേശീയ തലത്തിൽ പതിനാലാം സ്ഥാനത്തുള്ള അരുണാചൽ പ്രദേശ് ഒഴികെ. 

സ്ത്രീകളുടെ ഭൂവുടമസ്ഥതയുടെ കാര്യത്തിൽ മേഘാലയ കുടുംബാരോഗ്യ സർവ്വേയിലും മുന്നിൽ തന്നെയാണ്. ആറാമത് സർവ്വേ പ്രകാരം സ്ത്രീകൾക്ക് സ്വന്തമായോ കൂട്ടുടമസ്ഥതയിലോ ഭൂമിയോ വീടോ ഉള്ള കുടുംബങ്ങൾ 65.3 ശതമാനമാണ് മേഘാലയയിൽ. 

മേഘാലയയുടെ സവിശേഷമായ സാംസ്കാരിക പരിസരമാണ് സ്ത്രീകളെ ഭൂമിയുടെ അവകാശികളാക്കുന്നത്. മേഘാലയയിലെ പ്രബല ഗോത്ര വിഭാഗങ്ങളായ ഖാസികൾ (Khasis), ജയന്തിയകൾ (Jaintias), ഗാരോകൾ (Garos) എന്നിവർ മാതൃദായ ക്രമമാണ് (Matrilineal system) തുടരുന്നത്. അതായത്, കുടുംബത്തിലെ ഏറ്റവും ഇളയ മകൾക്കാണ് (ഖാത്ദു – khatduh) തറവാട്ടുസ്വത്തിന്റെയോ അല്ലെങ്കിൽ ആ ഗോത്രത്തിന്റെ തന്നെയോ മുഴുവൻ അവകാശവും കൈമാറുന്നത്. 

ഈ പരമ്പരാഗത രീതി അനുസരിച്ച്, ദമ്പതികൾക്ക് പെൺമക്കളില്ലെങ്കിൽ സ്വത്ത് ഭാര്യയുടെ മൂത്ത സഹോദരിക്കോ അവരുടെ പെൺമക്കൾക്കോ ആണ് ലഭിക്കുക. ഇനി ഭാര്യയ്ക്ക് സഹോദരിമാർ ആരുമില്ലാത്ത സാഹചര്യമാണെങ്കിൽ, ആ ഗോത്രം (clan) തന്നെയായിരിക്കും സാധാരണയായി ആ സ്വത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നത്. 

എന്നാൽ ഇവിടെ സ്ത്രീകൾക്ക് പാരമ്പര്യ സ്വത്തിന്റെ സംരക്ഷണ ചുമതല മാത്രമാണ് കൈമാറുന്നതെന്നും ഇതിനെ സ്വത്തിലുള്ള അധികാരമായി വ്യാഖ്യാനിച്ചു കൂടെന്നുമുള്ള വാദങ്ങളുമുണ്ട്

എന്നാൽ സർക്കാർ കണക്കുകളിൽ ഇവയൊക്കെയും സ്ത്രീകളുടെ സ്വത്തായി കണക്കാക്കും. ഇത് കൂടിയാണ് മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി മേഘാലയയിൽ സ്ത്രീ ഭൂവുടമസ്ഥത വളരെ കൂടുതലായി കാണുന്നത്. ഈ പരമ്പരാഗത രീതിയെ മാറിക്കടക്കാനായി ഖാസി വിഭാഗം, ഖാസി ഇൻഹെറിട്ടൻസ് ഓഫ് പ്രോപ്പർട്ടി ആക്ട് (Khasi Inheritance of Property Bill, 2021) എന്ന നിയമം 2021 ൽ നടപ്പാക്കിയിരുന്നു. 

സർവ്വേ നടത്തിപ്പിലെ പാകപ്പിഴകൾ 

ദേശീയ കുടുംബാരോഗ്യ സർവ്വേയുടെ നടത്തിപ്പിലും രീതിശാസ്ത്രത്തിലും ഗുരുതരമായ പിഴവുകളുണ്ടെന്നും അക്കാദമിക് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു

വായ്‌പാ നിക്ഷേപ സർവ്വേ ദേശീയ സ്ഥിതിവിവര കാര്യാലയം (നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് -NSO) നേരിട്ടാണ് നടത്തുന്നത് ഇതിനായി കേന്ദ്ര-സംസ്ഥാന സ്ഥിതിവിവരക്കണക്ക് വകുപ്പുകളിലെ ഉദ്യോഗസ്ഥരെയാണ് അവർ നിയോഗിക്കുന്നത്. എന്നാൽ, കുടുംബാരോഗ്യ സർവ്വേയാകട്ടെ, വിവരശേഖരണത്തിന് സ്വകാര്യ ഏജൻസികൾക്ക് കരാർ നൽകുകയാണ് ചെയ്തിട്ടുള്ളത്. . സർവ്വേയുടെ വ്യാപ്തിയും സാമ്പിളുകളുടെ എണ്ണവും വൻതോതിൽ വർദ്ധിപ്പിച്ചതിനെത്തുടർന്ന്, താരതമ്യേന പരിചയസമ്പത്ത് കുറഞ്ഞ വലിയൊരു കൂട്ടം താൽക്കാലിക ജീവനക്കാരെയാണ് ഈ ഏജൻസികൾ വിവരശേഖരണത്തിനായി നിയമിച്ചതെന്നും വിമർശനമുണ്ട്. 

സർവ്വേയിൽ പങ്കെടുക്കുന്ന സ്ത്രീകളോട് ഭൂവുടമസ്ഥതയെ പറ്റി അതെ/അല്ല (yes/no) എന്ന് ഉത്തരം നൽകേണ്ട ഒരൊറ്റ ചോദ്യം മാത്രമാണ് ചോദിക്കുന്നത്. ഇതിന് തുടർച്ചയായി ഭൂമിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങളൊന്നും തേടാറുമില്ല. അതുകൊണ്ടുതന്നെ, രേഖപ്പെടുത്തുന്ന വിവരങ്ങളിലെ തെറ്റുകൾ കണ്ടെത്താൻ മാർഗമില്ല. 

വായ്‌പാ നിക്ഷേപ സർവ്വേയിൽ ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് രണ്ട് തരത്തിലുള്ള വിവരശേഖരണമുണ്ട്. എത്ര കുടുംബങ്ങളിൽ സ്ത്രീകൾക്ക് ഭൂവുടമസ്ഥതയുണ്ട് എന്ന കണക്കെടുപ്പ് കൂടാതെ ഭൂമി രജിസ്ട്രേഷൻ രേഖകൾ പരിശോധിച്ച് ഒത്തു നോക്കുകയും ചെയ്യുന്നു. എന്നാൽ വായ്പാ നിക്ഷേപ സർവ്വേ കുറ്റമറ്റതാണെന്ന ഒരു നിഗമനത്തിലേക്കെത്തുന്നതും തെറ്റാണ്. കുടുംബാരോഗ്യ സർവ്വേയിലേത് പോലെ സ്ത്രീകളോട് നേരിട്ട് സംസാരിച്ചല്ല വിവരങ്ങളെടുക്കുന്നത്. കുടുംബത്തിലെ ഒരാളോട് -മിക്കവാറും കുടുംബനാഥൻ ആയി കരുതപ്പെടുന്ന പുരുഷന്മാരോട് -സംസാരിച്ചാണ് വിവരം ശേഖരിക്കുക എന്നത് ഈ സർവ്വേയുടെ പരിമിതിയാണ്. 

ചുരുക്കത്തിൽ ഇന്ത്യയിലെ ജനസംഖ്യയുടെ പാതിയോളം വരുന്ന പൗരന്മാർക്ക് ഭൂമിയിലും സ്വത്തിലുമുള്ള അവകാശം എത്രയെന്ന് കൃത്യമായി കണക്കാക്കാനുള്ള സംവിധാനം പോലും നിലവിലില്ല. ഇന്ത്യയിലെ സ്ത്രീകളുടെ യഥാർത്ഥ ഭൂവുടമസ്ഥതയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ് ലിംഗസമത്വത്തിലേക്കുള്ള പ്രാഥമികമായ ചുവട് വെപ്പ്. അത് പോലും ഇന്ത്യയിൽ സാധ്യമായിട്ടില്ലെന്ന് ഈ പഠനങ്ങൾ ഓർമിപ്പിക്കുന്നു. 

Home » ഭൂമി ഇല്ലാത്ത പെണ്ണുങ്ങൾ 
ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top