
കേരളത്തിലെ എയിംസ്: അനാസ്ഥയോ അവഗണനയോ?
എയിംസിന് ഭൂമി കണ്ടെത്തുന്ന കാര്യത്തിൽ സംസ്ഥാനസർക്കാർ അനാസ്ഥ കാട്ടി എന്ന ബി ജെ പി പ്രചാരണത്തിൽ വാസ്തവമുണ്ടോ? മോദി സർക്കാരിൻ്റെ കേരളത്തോടുള്ള അവഗണന മറച്ചുവക്കാനുള്ള തന്ത്രമാണോ ഈ പ്രചാരണം?
2026 ജനുവരി ഒന്നിനാണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി “കേരളത്തിൽ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) വരും” എന്ന ഉറപ്പ് അവസാനമായി നൽകുന്നത്. ഫെബ്രുവരി ഒന്നിന്, മന്ത്രിയുടെ പ്രഖ്യാപനത്തിന് കൃത്യം ഒരു മാസത്തിന് ശേഷം, ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ വരും സാമ്പത്തിക വർഷത്തേക്കുള്ള യൂണിയൻ ബഡ്ജറ്റ് അവതരിപ്പിച്ചു.
ബഡ്ജറ്റ് പ്രഖ്യാപനത്തിൽ കേരളത്തിന് ലഭിച്ച പ്രധാന പദ്ധതികൾ അപൂർവ ധാതു ഇടനാഴിയും ഒപ്പം ഒരു കടലാമ സംരക്ഷണ കേന്ദ്രവും മാത്രം. എയിംസും അതിവേഗ റെയിൽ ഇടനാഴിയുമടക്കം സംസ്ഥാനം മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങളൊന്നും പരിഗണിക്കപ്പെട്ടില്ല.
ഈ സാഹചര്യത്തിൽ ബിജെപിയും സുരേഷ് ഗോപിയും നിശിത വിമർശത്തിന് വിധേയമാകാൻ തുടങ്ങി. രാഷ്ട്രീയ കക്ഷികളിൽ നിന്ന് മാത്രമല്ല, പൊതുവേ ബിജെപിയോട് മൃദുസമീപനമുള്ള മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യമാധ്യമ ഹാൻഡിലുകളും വരെ വിമർശം കടുപ്പിച്ചു.
ഇതോടെ ബി ജെ പി അനുകൂല ഹാൻഡിലുകളും വാർത്താ ചാനലുകളും പുതിയ ചില വാദങ്ങളുമായി മുന്നോട്ട് വരാനും തുടങ്ങി. ‘എയിംസ് വൈകിച്ചത് പിണറായി സർക്കാരാണ്’ എന്നും ‘കേന്ദ്ര മാനദണ്ഡങ്ങൾ പച്ചയായി ലംഘിച്ചത്’ കൊണ്ടാണ് എയിംസ് ലഭിക്കാത്തതെന്നുമുള്ള വാദങ്ങളിലൂന്നിയാണ് ഇവർ നടത്തുന്ന പ്രചാരണം.

വലതുപക്ഷ സാമൂഹ്യ മാധ്യമങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുന്ന ഈ വാദങ്ങളുടെ സത്യാവസ്ഥയെന്താണ്? കേരളത്തിന് എയിംസ് അനുവദിക്കാത്തത് കാലങ്ങളായി യൂണിയൻ സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയുടെ ഭാഗമായിട്ടാണോ? സംസ്ഥാന സർക്കാർ ഈ വിഷയത്തിൽ വീഴ്ച വരുത്തിയിട്ടുണ്ടോ?
ഒബിസി പരിശോധിക്കുന്നു.
‘പച്ചയായ’ ലംഘനമോ ?
മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പിണറായി സർക്കാരിനുണ്ടായ വീഴ്ചയാണ് കേരളത്തിന് എയിംസ് ലഭിക്കാത്തതിന് പിന്നിൽ എന്നാണ് പ്രധാനമായും പ്രചരിക്കുന്ന വാദം. സ്വന്തം കഴിവുകേട് മറയ്ക്കാനാണ് സംസ്ഥാനം കേന്ദ്രത്തെ പഴിചാരുന്നതെന്നും വലതുപക്ഷ സാമൂഹ്യ മാധ്യമ മേഖലയിൽ പരക്കെ പ്രചരിക്കുന്നുണ്ട്.
കേരളം നിർദ്ദേശിച്ചത് ഒരു സൈറ്റ് മാത്രമാണോ?
സംസ്ഥാനം മൂന്നോ നാലോ സ്ഥലങ്ങളാണ് നിർദ്ദേശിക്കേണ്ടതെന്നിരിക്കെ കേരളം നിർദ്ദേശിച്ചത് കോഴിക്കോട്ടെ കിനാലൂരിലെ സ്ഥലം മാത്രമാണെന്നാണ് ബിജെപി ഉന്നയിക്കുന്ന ആദ്യത്തെ വാദം.
ഇത് സത്യമാണോ?
എയിംസിനായി ഒരു സൈറ്റ് മാത്രമാണോ കേരളം യൂണിയൻ സർക്കാരിനോട് നിർദ്ദേശിച്ചത്?
അല്ല എന്നാണ് ഉത്തരം.
2014 ജൂൺ 19നാണ്, കേന്ദ്ര ആരോഗ്യ മന്ത്രാലയം എയിംസിന് വേണ്ടി മൂന്നോ നാലോ സൈറ്റുകൾ കണ്ടെത്താൻ കേരളത്തോട് ആവശ്യപ്പെടുന്നത്. ഇരുന്നൂറ് ഏക്കറിനടുത്തു സ്ഥലം, റോഡ് കണക്റ്റിവിറ്റി, ജലലഭ്യത, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങളാണ് യൂണിയൻ സർക്കാർ മുന്നോട്ട് വച്ചത്.
ഒരു മാസത്തിനകം സംസ്ഥാന മന്ത്രിസഭ നാല് സൈറ്റുകൾ ഷോർട്ലിസ്റ്റ് ചെയ്ത് യൂണിയൻ സർക്കാരെ അറിയിച്ചു. കോഴിക്കോട്ടെ കിനാലൂർ, തിരുവനന്തപുരത്തെ നെട്ടുകാൽത്തേരി തുറന്ന ജയിലിന് അടുത്തുള്ള ഭൂമി, കോട്ടയം മെഡിക്കൽ കോളേജിന്റെ ഭൂമി, എറണാകുളത്തെ എച്ച് എം ടി ഭൂമി എന്നിവയാണ് തെരഞ്ഞെടുത്ത നാല് സൈറ്റുകൾ. 2019 ജൂൺ 21ന് എം പിമാരായ എം കെ രാഘവൻ, ഹൈബി ഈഡൻ, അടൂർ പ്രകാശ് എന്നിവർ ലോക് സഭയിൽ ചോദിച്ച ചോദ്യത്തിന് കൊടുത്ത മറുപടിയിൽ, ഈ നാല് സൈറ്റുകൾ കേരള സർക്കാർ എയിംസിനായി നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി അശ്വിനി കുമാർ ചൗബേ വ്യക്തമാക്കിയിട്ടുണ്ട്.
ഭൂമിയുടെ ലഭ്യതയും മറ്റ് സൗകര്യങ്ങളും പരിശോധിച്ചതിന് ശേഷം, കിനാലൂരിലെ ഭൂമിയാണ് എയിംസിന് ഏറ്റവും അനുയോജ്യമെന്ന് 2017 ജനുവരി ഒമ്പതിന് സംസ്ഥാന സർക്കാർ യൂണിയൻ സർക്കാരിനെ അറിയിച്ചു. ഇതേ കാര്യം വ്യക്തമാക്കി കൊണ്ട്, 2019 ജനുവരി ഒന്നിന് മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തെഴുതുകയും ചെയ്തിരുന്നു.

അതായത്, കിനാലൂരിലെ ഭൂമി മാത്രമാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചത് എന്ന പ്രചാരണം തീർത്തും അടിസ്ഥാനരഹിതമാണ്. നിർദ്ദേശിച്ച നാല് സ്ഥലങ്ങളിൽ നിന്ന് ഒരു സ്ഥലം തെരെഞ്ഞെടുത്തു നല്‍കാന്‍ യൂണിയൻ സർക്കാർ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കിനാലൂരിലുള്ള ഭൂമി ഉചിതമായിരിക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചത്. 2025 സെപ്റ്റംബർ 30ന് നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചോദിച്ച ചോദ്യത്തിന്റെ മറുപടിയിലാണ് ആരോഗ്യ മന്ത്രി വീണ ജോർജ് ഇക്കാര്യവും വ്യക്തമാക്കുന്നത്.
200 ഏക്കർ സ്ഥലം അനുവദിക്കണം എന്ന മാനദണ്ഡത്തിൽ ‘വീഴ്ച’ വരുത്തിയോ?
എയിംസ് അനുവദിക്കാന്‍ ഏകദേശം 200 ഏക്കർ ഭൂമി വേണം. എന്നാൽ കേരളം ലഭ്യമാക്കിയത് വെറും 151.58 ഏക്കർ മാത്രമാണെന്നാണ് ബിജെപി ഹാൻഡിലുകൾ പ്രചരിപ്പിക്കുന്ന അടുത്ത വാദം. നാലുവരിപ്പാത വഴിയുള്ള റോഡ് കണക്റ്റിവിറ്റി ഉണ്ടാകണമെന്ന മാനദണ്ഡം പാലിച്ചില്ലെന്നും ഇവർ ആരോപിക്കുന്നു. ഇതിലെ വാസ്തവമെന്താണ്?
കോഴിക്കോട്ടെ പനങ്ങാട് പഞ്ചായത്തിലെ കിനാലൂർ, കാന്തലാട് ഗ്രാമങ്ങളിലായി സ്ഥിതി ചെയ്യുന്ന 151 ഏക്കർ ഭൂമിയാണ് എയിംസിനായി സർക്കാർ വകയിരുത്തിയിട്ടുള്ളത്. കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷന്റേതായിരുന്നു (KSIDC) ഈ ഭൂമി. എയിംസിനായി ഈ ഭൂമി സംസ്ഥാന ആരോഗ്യ വകുപ്പിന് കൈമാറാൻ 2022ൽ വ്യവസായ വികസന കോർപറേഷന് അനുമതി ലഭിച്ചു. 2024 സെപ്റ്റംബറിൽ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷന് സർക്കാർ സ്ഥലം കൈമാറുകയും ചെയ്തു.
“കിനാലൂരിലെ 151 ഏക്കർ സർക്കാർ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും പൂർത്തിയായതാണ്. ഇതിനടുത്തായി തന്നെ നൂറ് ഏക്കറോളം സ്വകാര്യ ഭൂമിയും പദ്ധതിയ്ക്കായി മാറ്റി വച്ചിട്ടുണ്ട്. പി ടി ഉഷ അത് ലെറ്റിക്സ് സ്കൂളിന്റേതടക്കമുള്ള ഭൂമി ഏറ്റെടുക്കാൻ ഭൂവുടമകളുമായി സർക്കാർ ധാരണയിൽ എത്തിയിട്ടുമുണ്ട്. എന്നാൽ കേന്ദ്രാനുമതി കിട്ടിയാൽ മാത്രമേ ഈ ഭൂമി ഏറ്റെടുക്കാനുള്ള നടപടികളിലേക്ക് കടക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കൂ.” ആരോഗ്യമന്ത്രി വീണ ജോർജ് ഒബിസിയോട് പറഞ്ഞു.
കേരളത്തിൽ സ്വകാര്യ ഭൂമി ഏറ്റെടുക്കൽ എൽ ഡി എഫ് സർക്കാരിനെ സംബന്ധിച്ചിടത്തോളം അത്ര ശ്രമകരമല്ലെന്ന് കഴിഞ്ഞ വർഷങ്ങളിൽ നടന്ന ഹൈവേ വികസന പദ്ധതികൾ തെളിയിച്ചിട്ടുള്ളതാണ്. അതു കൊണ്ട് തന്നെ 200 ഏക്കർ എന്ന മാനദണ്ഡം കേരളം പാലിച്ചില്ലെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.

അതായത്, നിലവിലെ സർക്കാർ ഭൂമിയായ 151 ഏക്കറും, സ്വകാര്യ ഭൂമിയായ 100 ഏക്കറും ചേർത്ത് കേന്ദ്ര മാനദണ്ഡമായ 200 ഏക്കറിനെക്കാൾ കൂടുതൽ ഭൂമി സംസ്ഥാന സർക്കാർ എയിംസിനായി വകയിരുത്തിയിട്ടുണ്ടെന്ന് സാരം.
എന്നാൽ ഈ സ്ഥലത്തെ കുറിച്ച് സാധ്യതാ പഠനം (feasibility study) നടത്താനായി കേന്ദ്ര സംഘത്തെ അയക്കണമെന്ന് 2022നും 2024നുമിടെ പല തവണ സംസ്ഥാന സർക്കാർ അപേക്ഷിച്ചിട്ടും, യൂണിയൻ സർക്കാരിന്റെ ഭാഗത്തു നിന്ന് പ്രതികരണമുണ്ടായില്ല.
മറ്റ് മാനദണ്ഡങ്ങളില്‍ അപാകതകളുണ്ടോ?
നാലുവരിപ്പാത വഴിയുള്ള റോഡ് കണക്റ്റിവിറ്റി ഉണ്ടാകണമെന്ന മാനദണ്ഡം പാലിച്ചില്ലെന്നും വലതു പക്ഷം പ്രചരിപ്പിക്കുന്നു. പദ്ധതിക്കെതിരെ പ്രാദേശിക എതിര്‍പ്പുണ്ടെന്നാണ് മറ്റൊരു വാദം. ഇതിന് പിന്നിലെ വാസ്തവും വിശദീകരിക്കാം.
കേരളത്തിലെ ഐയിംസിന് ‘തത്വത്തിൽ അനുമതി’ നൽകാൻ (In-principle approval) കേന്ദ്ര ധന മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് 2024 ഒക്ടോബറിൽ വീണ ജോർജിന് എഴുതിയ കത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദ വ്യക്തമാക്കുന്നുണ്ട്. പ്രധാന മന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയുടെ അടുത്ത ഘട്ടത്തിൽ കേരളത്തിലെ എയിംസിനെ ഉൾപ്പെടുത്താൻ ആരോഗ്യ മന്ത്രാലയത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഈ കത്തിൽ നദ്ദ പറയുന്നു.
അതായത്, പ്രാഥമിക നടപടികൾ കഴിഞ്ഞ് ബഡ്ജറ്റ് അനുമതിയുടെ (budgetary approval) ഘട്ടം വരെ കേരളത്തിലെ എയിംസ് എത്തിയെന്ന് ചുരുക്കം. ഇത് വെറും പ്രതീക്ഷ മാത്രമല്ല, എല്ലാ കേന്ദ്ര മാനദണ്ഡങ്ങളും പാലിക്കപ്പെട്ടിട്ടുണ്ട് എന്ന വ്യക്തമായ സൂചന കൂടിയാണ് നൽകുന്നത്.
എല്ലാ മാനദണ്ഡങ്ങളും പൂർണ്ണമായും പാലിച്ചാൽ മാത്രമേ പദ്ധതിയ്ക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ പച്ചക്കൊടി ലഭിക്കൂ. കേരളത്തിലെ എയിംസ് ആ ഘട്ടം 2024ലേ കടന്നതാണ്.
‘നടക്കാത്ത സ്വപ്നം’
എന്നാൽ അതിന് ശേഷം വന്ന ബഡ്ജറ്റ്കളിലൊന്നും കേരളത്തിലെ എയിംസ് ഇടം പിടിച്ചില്ല. ഈ കാലയളവിൽ കേരളത്തിൽ നിന്നുള്ള എം പിമാർ പാർലമെന്റിൽ പല തവണ വിഷയം ഉന്നയിച്ചിരുന്നു. “നിലവിൽ കേരളത്തിൽ എയിംസിന് അനുമതി ആയിട്ടില്ല” എന്ന മറുപടിയാണ് ലഭിച്ചു കൊണ്ടിരുന്നത്.

നിലവിൽ 22 എയിംസ് ആണ് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായുള്ളത്. അനുമതി ലഭിച്ച് ആറു വർഷങ്ങൾ കഴിഞ്ഞിട്ടും പ്രധാന കവാടം മാത്രം പണിക് കെട്ടുകാഴ്ചയായി നിൽക്കുന്ന ബീഹാറിലെ ദർഭംഗ എയിംസ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. 2020 സെപ്റ്റംബറിൽ അനുമതി ലഭിച്ചെങ്കിലും, ബീഹാർ സർക്കാർ നിർദ്ദേശിച്ച ഭൂമി മാനദണ്ഡങ്ങൾക്കനുസരിച്ചുള്ളതല്ലെന്ന് 2023ൽ കേന്ദ്രസംഘം കണ്ടെത്തി. പുതിയ ഭൂമി കണ്ടെത്തി പ്രസ്തുത എയിംസിന്റെ പണി തുടങ്ങിയത് തന്നെ 2024ലാണ്. 2024 നവംബറിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടെങ്കിലും പ്രധാന കവാടത്തിനപ്പുറമുള്ള പണികളൊന്നും ഇന്ന് വരെ നടന്നിട്ടില്ല.

ഈ സാഹചര്യത്തിലാണ് അനുമതിയുടെ പ്രാഥമിക ഘട്ടങ്ങൾ വിജയകരമായി പിന്നിട്ടിട്ടും തുടർച്ചയായ ബഡ്ജറ്റുകളിപ കേരളത്തിന്റെ ആവശ്യം അവഗണിക്കപ്പെടുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന വാദം ശക്തമാവുന്നത്. യൂണിയൻ സർക്കാർ എയിംസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി നാലിന് കേരള നിയമസഭ ഏകകണ്ഠമായി പ്രമേയം പാസ്സാക്കുകയും ചെയ്തു. മറ്റ് പദ്ധതികൾക്കായുള്ള കേന്ദ്ര വിഹിതം വെട്ടിക്കുറച്ചതിനെയും സംസ്ഥാന സർക്കാർ പ്രമേയത്തിൽ രൂക്ഷമായി വിമർശിച്ചു.
ഇതിനിടെ സംസ്ഥാന സർക്കാരിന്റെ ‘പിടിപ്പു കേടു’ കൊണ്ടാണ് എയിംസിന് കേന്ദ്രാനുമതി ലഭിക്കാത്തത് എന്ന രീതിയിൽ സാമൂഹ്യമാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്താനാണ് വലതു ഹാൻഡിലുകൾ ശ്രമിക്കുന്നത്. ഇവയെല്ലാം അടിസ്ഥാന രഹിതമാണെന്ന് തന്നെയാണ് ഔദ്യോഗിക രേഖകൾ സൂചിപ്പിക്കുന്നത്.
