‘അയോധ്യയില്‍ നിന്നുള്ള മോഷണ ദൃശ്യം’; വ്യാജ വാർത്താ നിർമിതിയിൽ ഏഷ്യാനെറ്റ് ന്യൂസും 

‘അയോധ്യയില്‍ നിന്നുള്ള മോഷണ ദൃശ്യം’; വ്യാജ വാർത്താ നിർമിതിയിൽ ഏഷ്യാനെറ്റ് ന്യൂസും 

അയോധ്യ രാമ ക്ഷേത്രത്തിലെ സംഭാവനപ്പണം മോഷണം പോയതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്. ക്ഷേത്ര ഭാരവാഹികൾക്കെതിരെ വലിയ വിമർശനം ഉയരുന്നുണ്ട്. എന്നാൽ ഈ വികാരത്തിന് ആക്കം കൂട്ടുന്ന തരത്തിൽ വ്യാജ വാർത്തകളും ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

ജീവനക്കാർ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിന്നും പണം മോഷ്ടിച്ച് കടത്തുന്ന ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. അയോധ്യയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെയാണ് പ്രചാരണം നടക്കുന്നത്. ഈ അവകാശ വാദം ശരിയാണോ? ഞങ്ങൾ പരിശോധിച്ചു.

പ്രചരിക്കുന്ന സിസിടിവി വീഡിയോ?

അയോധ്യ രാമക്ഷേത്രത്തിൽ നിന്നുള്ള നിർണായകമായ സിസിടിവി ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെയാണ് ഫേസ്ബുക്കിൽ ഈ വീഡിയോ പ്രചരിക്കുന്നത്. ക്ഷേത്രത്തിലെ ജോലിക്കാർ ഭണ്ഡാരത്തിൽ നിന്നുള്ള പണം ശുചിമുറിയിലേക്ക് മാറ്റുന്നു എന്നാണ് വീഡിയോയിൽ പറയുന്നത്. ഏഷ്യാനെറ്റ് ന്യൂസിന്റെ വീഡിയോ റിപ്പോർട്ടാണ് ഫേസ്ബുക്ക് അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്നത്. 

ആയിരത്തിലധികം ഫോളോവേഴ്സ് ഉള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഈ വീഡിയോ ജൂലൈ അഞ്ചിന് പ്രചരിച്ചിരുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീൻഷോട്ട്

മറ്റു ചില വ്യക്തിഗത പ്രൊഫൈലുകളിലും ഈ വീഡിയോ വന്നിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോർട്ട് ഞങ്ങൾ കണ്ടെത്തി. ജൂലൈ മൂന്നിലെ ഏഷ്യാനെറ്റ് റിപ്പോർട്ട് ആയിരുന്നു അത്. “ഭണ്ഡാരത്തിൽ നിന്നെടുത്ത പണം ശുചിമുറിയിലേക്ക് മാറ്റുന്നു: അയോധ്യ ക്ഷേത്രക്കൊള്ളയിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ” എന്ന തലക്കെട്ടാണ് വീഡിയോയ്ക്ക് കൊടുത്തിട്ടുള്ളത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബളെയുടെ പ്രതികരണവും കൂടി ചേർത്തുള്ള വീഡിയോ.

ജൂലൈ മുന്നിലെ ഏഷ്യാനെറ്റ് റിപ്പോർട്ട്, സ്ക്രീൻഷോട്ട്

വീഡിയോ ഇതുവരെ (10/7/26) ഒൻപതിനായിരത്തിലധികം പേർ ലൈക്ക് ചെയ്തിട്ടുണ്ട്. മൂവായിരത്തിലധികം പേർ ഇത് ഷെയർ ചെയ്തിട്ടുണ്ട്. 

അയോധ്യയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ എന്ന പേരിൽ തന്നെ നിരവധി സോഷ്യൽ മീഡിയ പേജുകൾ ഈ സിസിടിവി വീഡിയോ ഷെയർ ചെയ്തതായി കാണാം. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും എല്ലാം പോസ്റ്റുകൾ നിരവധിയാണുള്ളത്.

Rashtaban News എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന പോസ്റ്റ്, സ്ക്രീൻഷോട്ട്

സത്യാവസ്ഥ എന്താണ്?

റിവേഴ്സ് ഇമേജ് പരിശോധനയിൽ നിന്നും, ഈ വീഡിയോ ഒരു വർഷം മുൻപേ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട് എന്ന് കണ്ടെത്താനായി. അതായത് ഇത് പഴയ വീഡിയോ ആണെന്നർത്ഥം. ഈ വീഡിയോ മലയാളത്തിലും പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

യൂട്യൂബിൽ 2 ലക്ഷത്തിലധികം സബ്സ്ക്രൈബർ ഉള്ള ‘MALAYALAM TELEVISION’ എന്ന യൂട്യൂബ് ചാനലിൽ ഈ വീഡിയോ 2024 സെപ്റ്റംബർ മുപ്പതിന് പോസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളതായി ഒബിസി കണ്ടെത്തി.

യൂട്യൂബ് വീഡിയോ, സ്ക്രീൻഷോട്ട്

ബംഗളൂരുവിലെ സംഭവം എന്നാണ് യൂട്യൂബ് വീഡിയോയിൽ പറയുന്നത്. ബ്യാതരായനപുരയിലെ ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ ഭണ്ഡാരങ്ങളിലെ പണം എണ്ണി തിട്ടപ്പെടുത്തുന്നതിനിടെ ജീവനക്കാരും പൂജാരിമാരും ചേർന്ന് മോഷ്ടിക്കുന്നു എന്നതാണ് വാർത്ത.

തുടർന്ന് നടത്തിയ കീ വേർഡ് അന്വേഷണത്തിൽ ഇതിൻ്റെ ഇംഗ്ലീഷിലുള്ള മറ്റ് ഔദ്യോഗിക വാർത്താ റിപ്പോർട്ടുകൾ ഒബിസിക്ക് ലഭിച്ചു. ഇപ്പോൾ പ്രചരിക്കുന്ന സിസിടിവി ദൃശ്യം ഉൾപ്പെടെയുള്ള ഇന്ത്യ ടുഡേ റിപ്പോർട്ട് ലഭ്യമാണ്.

ബെംഗളൂരു ബ്യാദരായനപുരയിലുള്ള ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രത്തിൽ കാണിക്ക പണം മോഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട ഒരു വാർത്തയാണിത്. ഇതോടെ, വീഡിയോ രണ്ടുവർഷം മുൻപത്തേതാണെന്നും അയോഗ്യ രാമക്ഷേത്രത്തിലെ നിലവിലെ മോഷണ കേസുമായി ബന്ധപ്പെട്ട വീഡിയോ അല്ലെന്നും വ്യക്തമായി.

ബാംഗ്ലൂർ മിറർ എന്ന ന്യൂസ് പോർട്ടലും 2024 ൽ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബാംഗ്ലൂർ മിറർ റിപ്പോർട്ട്, സ്ക്രീൻഷോട്ട് 

ഇതുപോലുള്ള മോഷണങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ക്ഷേത്രത്തിൽ കൂടുതൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട് എന്നും സുതാര്യത ഉറപ്പാക്കാൻ വിദ്യാർത്ഥികളെയും മറ്റു സന്നദ്ധ പ്രവർത്തകരെയും പങ്കാളികളാക്കുന്നുണ്ട് എന്നും ക്ഷേത്ര അധികൃതർ അറിയിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട് പറയുന്നത്. 

അതായത് 2024 ൽ കർണാടകയിലെ ഒരു ക്ഷേത്രത്തിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ അയോധ്യയിലെ രാമക്ഷേത്രത്തിലേതാണെന്ന മട്ടിൽ പ്രചരിപ്പിക്കുന്നത്. മലയാളത്തിൽ മുഖ്യധാരാ മാധ്യമങ്ങളിൽ നിന്നാണ് ഈ വീഡിയോ ഷെയർ ചെയ്യപ്പെട്ടിട്ടുള്ളത് എന്നത് അതിൻ്റെ ഗൗരവം കൂടുതൽ വർദ്ധിപ്പിക്കുന്നു.


 



സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top