‘സ്വകാര്യ ആശുപത്രിയിൽ മരിച്ചാൽ ബില്ലടക്കണ്ട’ വിജയ് സർക്കാരിനെ പ്രശംസിച്ചു കൊണ്ട് വീണ്ടുമൊരു വ്യാജ വാർത്ത 

‘സ്വകാര്യ ആശുപത്രിയിൽ മരിച്ചാൽ ബില്ലടക്കണ്ട’ വിജയ് സർക്കാരിനെ പ്രശംസിച്ചു കൊണ്ട് വീണ്ടുമൊരു വ്യാജ വാർത്ത 

തമിഴ്‌നാട്ടിൽ ടിവികെ അധികാരമേറ്റത് മുതൽ തന്നെ സർക്കാരിനെയും മുഖ്യമന്ത്രിയേയും പുകഴ്ത്തിക്കൊണ്ട് നിരവധി വാർത്തകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇവയിൽ പലതും വ്യാജവാർത്തകളാണെന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്. വീണ്ടും അങ്ങനെയൊരു അവകാശവാദം വൈറലായിരിക്കുകയാണ്.

സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലിരിക്കെ രോഗി മരിച്ചാൽ ആശുപത്രി ബില്ല് അടക്കേണ്ടതില്ലെന്ന് വിജയ് സർക്കാർ പ്രഖ്യാപിച്ചുവെന്നാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്ന വാർത്ത.

സാധാരണ ജനങ്ങൾക്ക് ഇത് വലിയ ആശ്വാസമാകുമെന്ന് സോഷ്യൽ മീഡിയയിൽ ആളുകൾ അഭിപ്രായപ്പെടുന്നു. മുഖ്യമന്ത്രിയെ പുകഴ്ത്തിക്കൊണ്ട് നിരവധി പോസ്റ്റുകളാണ് പ്രചരിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പോസ്റ്റുകളുണ്ട്. എന്നാൽ ഈ പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥ എന്താണ്? തമിഴ്‌നാട്ടിൽ ഇത്തരമൊരു ആനുകൂല്യം പ്രഖ്യാപിച്ചിട്ടുള്ളതായി  ഔദ്യോഗിക അറിയിപ്പുകൾ വല്ലതും വന്നിട്ടുണ്ടോ?

“രോഗി മരിച്ചാൽ ആശുപത്രി ബില്ല് ഇല്ല! പാവപ്പെട്ടവന്റെ കണ്ണീരൊപ്പാൻ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത് വിപ്ലവകരമായ ഒരു നിയമമാണ്! കോർപ്പറേറ്റുകളുടെ കൊള്ളയ്ക്ക് തടയിടാനും, മരണത്തിലും ഒരു മനുഷ്യന് അന്തസ്സും മാന്യതയും ഉറപ്പാക്കാനും ഈ പുതിയ നിയമത്തിലൂടെ സാധിക്കും. ഭരണാധികാരികൾ ജനങ്ങൾക്ക് വേണ്ടിയാകുന്നത് ഇങ്ങനെയാണ്. അയൽസംസ്ഥാനത്ത് വിജയ് തുടക്കമിട്ട ഈ മാതൃകാപരമായ നിയമം നമ്മുടെ കേരളത്തിലും അടിയന്തരമായി കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!”

‘SHAHI’ എന്ന ഫേസ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് പറയുന്നതിങ്ങനെയാണ്. ഫേസ്ബുക്കില്‍ 5.2K ഫോളോവേഴ്സ് ഉള്ള ഒരു അക്കൌണ്ട് ആണിത്.

ഫേസ്ബുക്ക് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

2,000 പേരാണ് ഇതുവരെ (16/7/26) ഈ പോസ്റ്റിനു ലൈക്ക് ചെയ്തിട്ടുള്ളത്. 276 ഷെയറും ഇതിനു ലഭിച്ചിട്ടുണ്ട്.

ഏഴ് ലക്ഷത്തിലധികം (740K) ഫോളോവേഴ്സ് ഉള്ള ‘Spring Life Entertainment’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ ഇതേ അവകാശവാദത്തോടെയുള്ള പോസ്റ്റർ കാണാം.

ഈ പോസ്റ്റിന് ഇതുവരെ (15/7/26) 11,000 ൽ അധികം പേർ ലൈക്ക് ചെയ്തിട്ടുണ്ട്. ആയിരത്തിലധികം പേർ കമൻ്റ് ചെയ്തിട്ടുമുണ്ട്. 982 പേരാണ് ഇത് ഷെയർ ചെയ്തിട്ടുള്ളത്. വിജയ് സർക്കാരിൻ്റെ പുതിയ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ടുള്ള കമൻ്റുകളാണ് ഈ പോസ്റ്റിന് താഴെ മുഴുവനും.

 ‘Spring Life Entertainment’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ വന്ന പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

ഇംഗ്ലീഷിലും ധാരാളം പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. 3.4 ലക്ഷത്തിലധികം (345.9K) ഫോളോവേഴ്‌സുള്ള ഡോ. രാകേഷ് ബൻസാൽ എന്ന വെരിഫൈഡ് എക്സ് അക്കൗണ്ടിൽ നിന്ന് ജൂലൈ 13ന് ഒരു പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടിരുന്നു.

ഈ പോസ്റ്റിന്റെ കമന്റ് സെക്ഷന്‍, സ്ക്രീന്‍ഷോട്ട്

“കുടുംബങ്ങൾക്ക് വലിയ ആശ്വാസം! സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലിരിക്കെ രോഗി മരണപ്പെട്ടാൽ ബിൽ  അടയ്ക്കേണ്ടതില്ല എന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ് നിർദ്ദേശിച്ചിരിക്കുന്നു…” എന്നാണ്  ഇംഗ്ലീഷിലുള്ള ഈ പോസ്റ്റ് പറയുന്നത്. ഇതുവരെ മൂന്ന് ലക്ഷത്തിലധികം  പേരാണ് ഈ പോസ്റ്റ് കണ്ടിട്ടുള്ളത്. രണ്ടായിരത്തിലധികം പേർ കമന്റ് ചെയ്തിട്ടുമുണ്ട്. 

 എക്സ് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

1.7 മില്യൺ ഫോളോവേഴ്‌സുള്ള ‘Karnataka Times’ എന്ന മാധ്യമ സ്ഥാപനത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ വാർത്ത പ്രത്യക്ഷപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

 “തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സ്വകാര്യ ആശുപത്രികൾക്കായി കർശനമായ നിയന്ത്രണങ്ങൾ നിർദ്ദേശിക്കുന്നുവെന്നും, ചികിത്സയ്ക്കിടെ രോഗി മരിച്ചാൽ ബിൽ ഒഴിവാക്കണമെന്ന നിർദ്ദേശം ചർച്ചയിലാണെന്നുമാണ്” ഇവർ റിപ്പോർട്ട് ചെയ്തത്.  #CMVijay #TamilNadu #Healthcare #HospitalReforms #India എന്നീ ഹാഷ്ടാഗുകളും ഇവർ ഉപയോഗിച്ചിരിക്കുന്നു.

എന്താണ് സത്യാവസ്ഥ?

ഇത്തരത്തിലൊരു പ്രഖ്യാപനം തമിഴ്നാട് സർക്കാർ നടത്തിയിട്ടില്ല. പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ (DIPR Tamil Nadu) നിന്നും ഇങ്ങനെയൊരു അറിയിപ്പ് ഇതുവരെ ഉണ്ടായിട്ടില്ല. കൂടാതെ, തമിഴ്നാട് ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇതേക്കുറിച്ചുള്ള പ്രഖ്യാപനങ്ങളോ ഉത്തരവുകളോ വന്നിട്ടില്ല. ദേശീയ പ്രാദേശിക മാധ്യമങ്ങൾ ഇത്തരമൊരു തീരുമാനം റിപ്പോർട്ട് ചെയ്തിട്ടില്ല. വിശ്വസനീയമായ ഒരു മാധ്യമത്തിലും ഇങ്ങനെയൊരു  വാർത്ത ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

അതേസമയം ഫേസ്ബുക്കില്‍ 2 മില്യണ്‍ ഫോളോവേഴ്സ് ഉള്ള ‘The Bharat Post’ പോലുള്ള പേജുകള്‍ തമിഴ്നാട് സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനമെന്ന മട്ടിൽ വരുന്ന ഈ പ്രചാരണം വ്യാജമാണ് എന്ന് സ്ഥിരീകരിച്ചിട്ടുമുണ്ട്.

തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രികളിൽ രോഗി മരിച്ചാൽ ബിൽ തുക ഒഴിവാക്കി നൽകുന്ന നിയമം കൊണ്ടുവന്നു എന്ന രീതിയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ പൂർണ്ണമായും വ്യാജവും അടിസ്ഥാനരഹിതവുമാണ്. നിരവധി ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ പേജുകളാണ് ഇതെല്ലാം പ്രചരിപ്പിക്കുന്നതിൽ മുന്നിലുള്ളത്. 

വിജയ് അനുകൂല വ്യാജ വാർത്തകൾ നേരത്തെയും

തമിഴ്നാട് മുഖ്യമന്ത്രിക്ക് അനുകൂലമായ വ്യാജ വാർത്തകൾ നേരത്തെയും പ്രചരിച്ചിട്ടുണ്ട്. ഒരു ബലാൽസംഗക്കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനായി വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിനിടെ, ക്യാമറയ്ക്കു മുന്നിൽ ചിരിച്ചു സംസാരിച്ച പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തുവെന്ന വ്യാജ വാർത്ത വ്യാപകമായി പ്രചരിച്ചത് ഇക്കഴിഞ്ഞ മേയിലാണ്. ഇത് വ്യാജവാർത്തയാണെന്ന് ഒബിസി സ്ഥിരീകരിച്ചിരുന്നു.

വ്യക്തത വരുത്താതെ സർക്കാർ 

തമിഴ്‌നാട്ടിലും പുറത്തും വിവിധ ഭാഷകളിൽ പ്രചരിച്ച ഈ വ്യാജ വാർത്ത മുഖ്യമന്ത്രിയുടെ ഓഫീസോ ബന്ധപ്പെട്ട വകുപ്പോ നിഷേധിച്ചിട്ടില്ല. ഈ സോഷ്യൽ മീഡിയ പ്രചാരണവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തതയ്ക്കായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ ഓഫീസുമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഈ വിവരം തള്ളിക്കളയാനോ സ്ഥിരീകരിക്കാനോ അവർ തയ്യാറായില്ല. 

ഭരണകക്ഷിയായ ടിവികെ തന്നെയാണ് ഇത്തരം വ്യാജപ്രചാരണങ്ങൾ നടത്തുന്നതെന്ന് ഒരു മുതിർന്ന ഡി എം കെ നേതാവ് ഒബിസിയോട് പറഞ്ഞു. സർക്കാരോ മുഖ്യമന്ത്രിയോ ഇതൊന്നും നിഷേധിക്കാത്തത് അത് കൊണ്ടാണെന്നും അവർ പറഞ്ഞു.










സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top