
‘ഗോസംരക്ഷകർ’ നേരിട്ട് നടത്തുന്ന ബീഫ് വിപണി : പശു രാഷ്ട്രീയത്തിന്റെ സാമ്പത്തിക ശാസ്ത്രം
ഭക്ഷണത്തിന്റെ പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്ന ഗോസംരക്ഷകരോടൊപ്പം നിൽക്കുന്നവർ തന്നെയാണ്, ബീഫ് കയറ്റുമതി കമ്പനികളിൽ നിന്ന് കോടികൾ ഫണ്ട് കൈപ്പറ്റുന്നത്. ഇന്ത്യയിലെ ബീഫ് ഉത്പാദനവും ഉപഭോഗവും കയറ്റുമതിയും വർദ്ധിക്കുമ്പോഴും, പ്ലേറ്റിലെ മാംസത്തിന്റെ പേരിൽ സാധാരണക്കാരൻ വേട്ടയാടപ്പെടുന്നതിലെ വൈരുദ്ധ്യത്തെ കുറിച്ച്.
കേരളത്തിനെതിരായി തീവ്രവലത് പക്ഷം തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന ആഖ്യാന നിർമിതികളിൽ ബീഫിന് ഒരു പ്രധാന റോളുണ്ട്. ‘ഗോമാതാവിനെ വെട്ടിക്കീറി തിന്നുന്നവർ‘ എന്ന പൈശാചികവത്കരണം നിരന്തരം നടത്തിക്കൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ഇടം പിടിക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നത്. കേരളാ സ്റ്റോറി രണ്ട് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. എന്നാൽ ഇന്ത്യയിൽ ആരാണ് ബീഫിന്റെ യഥാർത്ഥ ഗുണഭോക്താക്കൾ? ബീഫ് ഉപയോഗിച്ച് രാഷ്ട്രീയ ലാഭവും സാമ്പത്തിക ലാഭവും നേടുന്നവർ ആരാണ്? ഒബിസി പരിശോധിക്കുന്നു.
ബീഫ് കഴിക്കുന്നവർ; കഴിക്കാത്തവർ
ബക്രീദിന് കുടുംബത്തോടൊപ്പം ബീഫ് കഴിച്ചുവെന്നാരോപിച്ച് ഉത്തർപ്രദേശ് ദാദ്രി സ്വദേശി മുഹമ്മദ് അഖ്ലാഖിനെ ആൾക്കൂട്ടം തല്ലിക്കൊന്നത് 2015 സെപ്റ്റംബറിലാണ്. തന്റെ വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നത് ബീഫല്ല, മട്ടനാണെന്ന് അഖ്ലാഖും കുടുംബവും ആവർത്തിച്ച് പറഞ്ഞിട്ടും അക്രമാസക്തരായ ആൾക്കൂട്ടം അത് ചെവിക്കൊണ്ടില്ല. ദാദ്രി സംഭവം ദേശീയ തലത്തിൽ ചർച്ചചെയ്യപ്പെട്ടെങ്കിലും, അതൊരു ഒറ്റപ്പെട്ട സംഭവമായി അവസാനിച്ചില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്ത് ‘ഗോ സംരക്ഷകരുടെ’ അക്രമത്തിനിരയായത് നൂറു കണക്കിന് മനുഷ്യരാണ്.

2014 ൽ മോദി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം വിവിധ സംസ്ഥാനങ്ങളിൽ ബീഫ് നിരോധനം നടപ്പിലാക്കി. ബീഫ് കഴിച്ചതിന്റെയും കൈവശം വെച്ചതിന്റെയും പേരിൽ ആൾക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും നടന്നു.
ബിജെപി നയിക്കുന്ന ഈ ബീഫ് വിരുദ്ധ രാഷ്ട്രീയത്തിന്റെ പേരിൽ രാജ്യത്തെ ബീഫ് ഉത്പാദനവും ഉപഭോഗവും കുറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, അത് കൂടിക്കൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ പതിമൂന്ന് വർഷങ്ങൾക്കിടെ രാജ്യത്ത് ബീഫിന്റെ ഉപഭോഗം അൻപത് ശതമാനത്തോളം കൂടിയതായി കാണാം. അമേരിക്കയിലെ കൃഷിവകുപ്പിന്റെ കണക്കുകളനുസരിച്ച് 2025 ൽ ഇന്ത്യ 4,635 കിലോ ടൺ ബീഫ് ഉത്പാദിപ്പിച്ചിട്ടുണ്ട്. അഥവാ 463.5 കോടി കിലോഗ്രാം. ഇതിൽ 66 ശതമാനവും ആഭ്യന്തര ഉപയോഗത്തിന് തന്നെ വേണ്ടി വന്നു.
യുഎസ് കാർഷിക ഡിപാർട്ട്മെൻറ് കണക്കുകൾ പ്രകാരം ഇന്ത്യയിൽ 2050 കിലോ ടൺ ബീഫാണ് 2013 ൽ ഉപയോഗിച്ചത്. 2025 ലെത്തുമ്പോൾ ഈ കണക്കിൽ വലിയ വർധന രേഖപ്പെടുത്തിയിരിക്കുന്നു. 3060 കിലോ ടൺ ബീഫാണ് 2025 ൽ രാജ്യത്ത് ഉപയോഗിച്ചത്. അതായത്, ബീഫിന്റെ ഉപയോഗത്തിൽ പന്ത്രണ്ട് വർഷത്തിൽ ഏതാണ്ട് 48 ശതമാനം വളർച്ച. വിവാദങ്ങളും ആക്രമണങ്ങളും പശു മാംസത്തെ പറ്റിയാണെങ്കിലും കണക്കുകളിൽ ‘ബീഫ്’ എന്നാൽ എരുമ മാംസവും കൂടിയാണ്.

2011-12 ലെ ദേശീയ സാമ്പിൾ സർവേ (NSSO) റിപ്പോർട്ട് അനുസരിച്ച് രാജ്യത്തെ പതിമൂന്നിൽ ഒരാൾ ബീഫ് കഴിക്കുന്നു. ഈ റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ ആകെ ബീഫ് കഴിക്കുന്ന 8.35 കോടി ജനങ്ങളിൽ, 6.34 കോടിയും മുസ്ലിം മതസ്ഥരാണ്. ഏതാണ്ട് 76 ശതമാനം. ഈ കാലയളവിൽ ഏറ്റവുമധികം ‘ഗോ സംരക്ഷകരുടെ’ ആക്രമണങ്ങൾക്കിരയായി കൊല്ലപ്പെട്ടതും രാജ്യത്തെ മുസ്ലിങ്ങളും ദളിതരുമാണ്. ഇന്ത്യയിൽ ചില പ്രത്യേക സൂഫി വിഭാഗങ്ങളല്ലാതെ സാംസ്കാരികമായി മുസ്ലിം മതസ്ഥർ ബീഫ് കഴിക്കുന്നതിനെതിരല്ല. എന്നിട്ടും മൊത്തം മുസ്ലീങ്ങളുടെ 42 ശതമാനം മാത്രമേ NSSO യുടെ കണക്കുകളിൽ ബീഫ് കഴിക്കുന്നവരായി ഉൾപ്പെട്ടിട്ടുള്ളൂ.
സാധാരണയായി NSSO യുടെ ‘ഹൗസ്ഹോൾഡ് കോൺസപ്‌ഷൻ എക്സ്പെൻഡിച്ചർ’ എന്ന സർവ്വേ റിപ്പോർട്ടിലാണ് രാജ്യത്തെ ഭക്ഷ്യ വിഭവങ്ങളുടെ തരംതിരിച്ചുള്ള ഉപഭോഗക്കണക്കുകൾ പ്രസിദ്ധീകരിക്കുന്നത്. 2011-12 ൽ പുറത്ത് വിട്ട റിപ്പോർട്ടിൽ ബീഫ് ഉപഭോഗത്തിന്റെ കണക്കുകൾ വേർതിരിച്ച് നൽകിയിട്ടുണ്ടെകിലും അതിന് ശേഷം പുറത്ത് വന്ന റിപ്പോർട്ടുകളിൽ ഈ കണക്കില്ല. 2023 – 24 ലെ NSSO സർവ്വേയിൽ ബീഫ് ഉപഭോഗത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെട്ടിരുന്നെങ്കിലും, പുറത്ത് വന്ന റിപ്പോർട്ടിൽ ബീഫിനെ പറ്റിയുള്ള വിവരങ്ങളൊന്നും നൽകിയിട്ടില്ല. പകരം മുട്ട, മീൻ, തുടങ്ങി എല്ലാ മാംസാഹാരങ്ങളും ഉൾപ്പെടുത്തി ഒറ്റ വിഭാഗമായിട്ടാണ് നൽകിയിരിക്കുന്നത്. ഇതിനാൽ 2011-12 സർവേ റിപ്പോർട്ടിന് ശേഷം ഇന്ത്യയിലെ ബീഫ് ഉപയോഗത്തിനെ പറ്റി ആധികാരിക റിപ്പോർട്ടുകളൊന്നും ലഭ്യമല്ല.
മോദിക്കാലത്തിന് ശേഷമുള്ള ബീഫ് ഉത്പാദനം
പ്രധാനമന്ത്രിയുൾപ്പെടെയുള്ള ബിജെപി നേതൃത്വം ബീഫ് കഴിക്കുന്നതിനെതിരാണ് തങ്ങളെന്ന് വളരെ മുൻപേ വ്യക്തമാക്കിയിട്ടുണ്ട്. 2014 ൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയ ഇലക്ഷൻ റാലിക്കിടെ, ഇന്ത്യയിലെ വളരുന്ന ബീഫ് വ്യവസായത്തെ ‘പിങ്ക് വിപ്ലവമെന്നാണ്’ മോദി കളിയാക്കിയത്. എന്നാൽ യുഎസ് കണക്കുകൾ അനുസരിച്ച് തന്നെ, നരേന്ദ്ര മോദി അധികാരത്തിലെത്തിയതിന് ശേഷം ഇന്ത്യയിലെ ബീഫ് ഉത്പാദനം 16 ശതമാനത്തോളം കൂടിയിട്ടുണ്ട്. ബീഫ് ഉത്പാദനം മാത്രമല്ല, ബീഫിന്റെ പേരിലുള്ള കൊലപാതകങ്ങളും. ബീഫിന്റെ പേരിൽ നടന്നിട്ടുള്ള കൊലകളുടെ ഔദ്യോഗികകണക്കുകൾ ലഭ്യമല്ലെങ്കിലും, മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വിവരങ്ങളുടെയടിസ്ഥാനത്തിൽ ഒബിസി നടത്തിയ പരിശോധനയിൽ കണ്ടത്, 2014 മുതൽ 2024 വരെ ഇന്ത്യയിൽ 65 ‘ബീഫ് കൊലപാതകങ്ങൾ നടന്നു എന്നാണ്.
വേൾഡ് പോപുലേഷൻ റിവ്യുവിന്റെ 2023 ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഒരു പൗരന്റെ ശരാശരി ബീഫ് ഉപയോഗം വർഷം 2.32 കിലോഗ്രാമാണ്. ലോകത്തെ മൊത്തം ബീഫ് ഉപയോഗത്തെ കണക്കുകളിൽ ഇന്ത്യ നൂറ്റി അൻപത്തി നാലാം സ്ഥാനത്താണ്. ഇതിൽ ഒന്നാം സ്ഥാനത്തുള്ള അർജന്റീനക്കാരുടെ ബീഫ് ഉപയോഗം വർഷം ശരാശരി 49 കിലോഗ്രാമാണ്. താരതമ്യേനെ ഇന്ത്യ ബീഫ് ഉപഭോഗത്തിൽ മുന്നിൽ നിൽക്കുന്ന ഒരു രാജ്യമല്ല. എന്നാൽ വൈവിധ്യങ്ങൾക്ക് പേര് കേട്ട രാജ്യത്തിന് ഭക്ഷ്യ സംസ്കാരത്തിലും ആ ചരിത്രമുണ്ട്. ഉത്തരേന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ബീഫ് ഉപയോഗത്തിൽ പിന്നിട്ട് നിൽക്കുമ്പോഴും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ സ്ഥിതി വ്യത്യസ്തമാണ്. ബീഫ് അവർക്ക് പാരമ്പര്യ ആഹാര രീതികളുടെ ഭാഗമാണ്. ദേശീയ സാമ്പിൾ സർവേ റിപ്പോർട്ട് പ്രകാരം വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ തന്നെയാണ് ബീഫ് ഉപയോഗത്തിൽ മുന്നിട്ട് നിൽക്കുന്നത്. മേഘാലയിലെ 80 ശതമാനം മനുഷ്യരും ബീഫ് കഴിക്കുന്നവരാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ കഴിഞ്ഞാൽ ബീഫ് ഉപയോഗം ഏറ്റവുമധികമുള്ളത് പശ്ചിമ ബംഗാളിലും കേരളത്തിലുമാണ്.

പൗരാണിക ഇന്ത്യയിലെ പശു
റിപ്പോർട്ടുകളനുസരിച്ച് രണ്ടായിരം വർഷം മുൻപ് സിറിയൻ ക്രിസ്ത്യാനികളുടെ വരവോടെ കൂടെയാണ് കേരളത്തിൽ ബീഫ് സംസ്കാരം വേര് പിടിച്ചത്. ഇന്ത്യ ബീഫ് വിവാദങ്ങളിൽ മുങ്ങുമ്പോഴും മലയാളികളുടെ ബീഫ് പ്രണയത്തെ പറ്റി ബിബിസിയും, വൈസ് മാഗസിനും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുഹമ്മദ് അഖ്ലാഖിനെ കൊന്നവർ പറയുന്നത് പശു തങ്ങളുടെ മാതാവാണെന്നും അതിനെ കൊല്ലുന്നത് വിശ്വാസത്തോടുള്ള വെല്ലുവിളി ആണെന്നുമാണ്. അതേ സമയം പശുവിനെ വിശുദ്ധ മൃഗമായി കണക്കാക്കുന്നതിന് ചരിത്രപരമായ തെളിവുകളില്ല എന്നും വാദമുണ്ട്. പുരാതന-മധ്യകാല ഇന്ത്യയെ പറ്റി പഠിച്ച ചരിത്രകാരൻ ഡി എൻ ഝാ, ‘ദി മിത്ത് ഓഫ് ദി ഹോളി കൗ’ (The Myth of the Holy Cow) എന്ന തന്റെ പുസ്തകത്തിൽ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. ഝാ പറയുന്നതനുസരിച്ച്, ക്രിസ്തുവിനും രണ്ടായിരം വർഷം മുൻപ്, ഇന്ന് ‘ഹിന്ദു’ക്കളെന്ന് അറിയപ്പെടുന്ന ബ്രാഹ്മണ സംസ്കാരം സ്ഥാപിച്ചത് നാടോടികളായ മനുഷ്യരാണ്. ഇവർ പശുവിനെ പവിത്ര മൃഗമായി കണ്ടിരുന്നില്ല. പകരം അവർ പശുവിനെ ആഹാരത്തിനായും ആചാരബലിക്കായും ഉപയോഗിച്ചിരുന്നു. തുടർന്ന് ക്രിസ്തുവിന് മുൻപ് 1500 നും 500 നും ഇടയിൽ ഉണ്ടായ വേദ സംസ്കാരമാണ് പശുവിനെ ബലി കൊടുക്കുന്നത് നിർത്തലാക്കിയത്. എന്നാൽ അക്കാലത്തും പശു മാംസം കഴിക്കുന്നത് കുറ്റകരമായി കണ്ടിരുന്നില്ലെന്നും ഝാ പറയുന്നുണ്ട്.
അമ്പത്തിയേഴാം ഇന്ത്യൻ ചരിത്ര കോൺഗ്രസിൽ കെ വി കൃഷ്ണ റാവു പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പുരാതന തമിഴകം സംസ്കാരത്തിൽ ബീഫ് കഴിച്ചിരുന്നതിനെ പറ്റി പറയുന്നുണ്ട്. റാവു ഇതിന് തെളിവായി കാണിക്കുന്നത്, ക്രിസ്തുവിന് മുൻപ് മൂന്നാം നൂറ്റാണ്ട് മുതൽ എഡി മൂന്നാം നൂറ്റാണ്ട് വരെയുള്ള കാലത്തെ ‘സംഗം’ (Sangam) സാഹിത്യ കൃതികളാണ്. ഇക്കാലത്തെ ‘മഴവർ’ വിഭാഗം പശു മാംസം തിന്നുന്നതിനെ പറ്റി ഈ കൃതികളിൽ പരാമർശിക്കുന്നുണ്ട്.
മൂന്നാം നൂറ്റാണ്ട് വരെ ഇന്ത്യയിൽ പ്രബലമായിരുന്നത് ബുദ്ധ മതമായിരുന്നുവെന്ന് ഡോ ബി ആർ അംബേദ്കർ പറയുന്നു. മൂന്നാം നൂറ്റാണ്ടിന് ശേഷം ഈ പ്രദേശത്ത് ബ്രാഹ്മണ മേധാവിത്വം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ്, പശു മാംസം കഴിക്കുന്നത് കുറ്റകരമായി മാറിയത്. സസ്യഭുക്കുകളായി മാറിയാൽ തങ്ങൾ ബുദ്ധരേക്കാൾ ധർമ്മബോധമുള്ളവരായി കണക്കാക്കപ്പെടുമെന്ന് ബ്രാഹ്മണർ വിശ്വസിച്ചിരുന്നുവെന്ന് അംബേദ്കർ പറയുന്നു. ജർമൻ സാമൂഹ്യ ശാസ്ത്രജ്ഞൻ മാക്സ് വെബറും ഇതിനോടടുത്ത നിരീക്ഷണം നടത്തിയിട്ടുണ്ട്.
‘തൊട്ടാൽ’ അറയ്ക്കും; പണമായി വാങ്ങാം
2025 മെയ് 24, അൽ-അമ്മർ ഫ്രോസൺ ഫുഡ്സിൽ നിന്നും ബീഫ് നിറച്ച വണ്ടിയുമായി ഉത്തർപ്രദേശിലെ അലിഗഡിലൂടെ യാത്ര ചെയ്യുകയായിരുന്നു, അഘീലും രണ്ട് സഹോദരന്മാരും ഡ്രൈവർ മുന്ന ഖാനും. രാവിലെ എട്ടരയോടെ അഘീലിനേയും സംഘത്തിനെയും ബൈക്കിലെത്തിയ രണ്ട് യുവാക്കൾ വഴിയിൽ തടഞ്ഞു. പിന്നാലെ നാട്ടുകാർ കൂടി. പശു മാംസം കടത്തുന്നുവെന്നാരോപിച്ച് ചുറ്റും കൂടിയവർ നാലുപേരെയും ഇരുമ്പ് ദണ്ഡും വടിയുമുപയോഗിച്ച് പൊതിരെ തല്ലി. അടിയിൽ അഘീലിന്റെ തല പൊട്ടി അലിഗഡ് ജവഹർലാൽ നെഹ്റു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്തുടർന്ന് വന്ന ആൾക്കൂട്ടം മാംസം കൊണ്ട് പോകാനുള്ള പെർമിറ്റ് തട്ടിപ്പറിച്ചു കീറിക്കളഞ്ഞുവെന്ന് അഘീലിന്റെ സഹോദരൻ ഘാദീം മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് ലക്ഷം രൂപ വേണമെന്ന് ഭീഷണിപ്പെടുത്തി, പണവും ഫോണും മോഷ്ടിച്ചു. പതിനഞ്ച് ദിവസം മുൻപ് ഇതേ ആളുകൾ തങ്ങളെ തടഞ്ഞു വച്ചെന്നും പെർമിറ്റുകൾ നോക്കി ബോധ്യപ്പെട്ടിട്ട് വിട്ടയച്ചതാണെന്നും ഇരകളിലൊരാൾ പറയുന്നുണ്ട്. “ഡ്രൈവറാണെന്ന് പറഞ്ഞിട്ടും അവരെന്നെ പൊതിരെ തല്ലി, അന്ന് ഞാനെങ്ങനെയോ രക്ഷപ്പെട്ടു. ഇനി ജീവിതത്തിലൊരിക്കലും ഞാൻ വണ്ടി ഓടിക്കില്ല” എന്നാണ് ഡ്രൈവർ മുന്ന ഖാൻ ഭാസ്കർ ഇംഗ്ലീഷ് എന്ന മാധ്യമത്തിനോട് പറഞ്ഞത്.

ഉത്തർപ്രദേശിൽ പശു മാംസം വിൽക്കുന്നതും കടത്തുന്നതും നിയമവിരുദ്ധമാണ്. അഘീലിന്റെ അച്ഛന്റെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു. അന്വേഷണത്തിൽ, മെയ് 27 ന് അഘീലും സംഘവും കൊണ്ട് പോയ മാംസത്തിന്റെ ലാബ് റിപ്പോർട്ട് വന്നു – എരുമ മാംസമാണ്. നിയമവിധേയമായ മാംസം, നിയമം അനുശാസിക്കുന്ന മുഴുവൻ രേഖകൾ ഉണ്ടായിട്ടും ആ യുവാക്കൾ നേരിടേണ്ടി വന്നത് ക്രൂരമായ അക്രമമാണ്.
പശു സംരക്ഷകർ തന്നെ പശു ഇറച്ചി കടത്തുമ്പോൾ
അഘീലും സംഘവും കൊണ്ട് പോയത് ‘അൽ-അമ്മർ ഫ്രോസൺ ഫുഡ് എക്സ്പോർട്ട്സ്’ എന്ന കമ്പനിയിൽ നിന്നുള്ള മാംസമാണ്. ഇന്ത്യയിലെ അഞ്ചാമത്തെ വലിയ ബീഫ് കയറ്റുമതി കമ്പനിയാണിത്. അഘീലിനും സംഘത്തിനും നേർക്കുണ്ടായ പോലൊരു അക്രമമോ പ്രതിഷേധമോ ഈ കമ്പനിയ്ക്ക് നേരെയുണ്ടായതായി ഒരു റിപ്പോർട്ട് പോലുമില്ല. അതാത് സംസ്ഥാനങ്ങളനുവദിക്കുന്ന നിയമ പരിധികളിൽ നിന്ന് ബീഫ് കച്ചവടം ചെയ്യുന്നവർക്കെതിരെ പോലും ഇത്തരം അക്രമങ്ങൾ നടക്കുമ്പോഴും മറുവശത്ത് വൻകിട കമ്പനികൾ എരുമ മാംസമെന്ന വ്യാജേന പശുമാംസം കടത്തിയതായും റിപ്പോർട്ടുകളുണ്ട്. 2025 നവംബറിൽ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ ശീതീകരണ ശാലയിൽ നിന്നും 190 ടൺ, അതായത് 1.9 ലക്ഷം കിലോ പശു മാംസം പോലീസ് റെയ്ഡിൽ കണ്ടെത്തി. ആന്ധ്രപ്രദേശിൽ പശു മാംസം വിൽക്കുന്നത് കുറ്റകരമാണ്. ആന്ധ്രപ്രദേശിലെ എൻഡിഎ സഖ്യ കക്ഷിയായ തെലുങ്ക് ദേശം പാർട്ടി (TDP) നേതാവ് സുബ്രഹ്മണ്യ ഗുപ്തയുടെ ഉടമസ്ഥതയിലുള്ള ശീതീകരണ ശാലയിലാണ് ഇത്രയുമധികം പശു മാംസം കണ്ടെത്തിയതെന്ന് ആരോപണമുണ്ടായിരുന്നു.
ബീഫ് കയറ്റി അയക്കുന്നവരും ബിജെപിയും തമ്മിൽ
ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. മൊത്തം ബീഫ് ഉത്പാദനത്തിന്റെ 34 ശതമാനം മാത്രമാണ് രാജ്യം കയറ്റുമതി ചെയ്യുന്നത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച് 2025 ൽ ഇന്ത്യയുടെ ബീഫ് കയറ്റുമതി വരുമാനം ഏതാണ്ട് 34,000 കോടി രൂപയാണ്. 2012 ലെ ഫോറിൻ ട്രേഡ് പോളിസി അനുസരിച്ച് ഇന്ത്യയിൽ കാള, പശു എന്നിവയുടെ മാംസം കയറ്റുമതി ചെയ്യുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. കണക്കുകളനുസരിച്ച് ഇന്ത്യയിൽ ഏറ്റവുമധികം കയറ്റുമതി ചെയ്യുന്ന ബീഫ് മാംസം എരുമയുടേതാണ്.

statista പുറത്ത് വിട്ട ഇൻഫോഗ്രാഫിക്സ്
ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി കമ്പനി മഹാരാഷ്ട്ര ആസ്ഥാനമായുള്ള അല്ലാന ഗ്രൂപ്പാണ് (Allana group). 160 വർഷത്തോളം പഴക്കമുള്ള അല്ലാന ഗ്രൂപ്പാണ് രാജ്യത്തെ ആകെ ബീഫ് കയറ്റുമതിയുടെ 48.46 ശതമാനവും വഹിക്കുന്നത്.
ഓൺലൈൻ മാധ്യമ സ്ഥാപനമായ scroll.in റിപ്പോർട്ട് ചെയ്തതനുസരിച്ച്, ദേശീയ തലത്തിൽ ബീഫ് വിൽപ്പനയ്ക്കെതിരെ സംസാരിക്കുന്ന ബിജെപി, അല്ലാന ഗ്രൂപ്പിൽ നിന്ന് 2024 – 25 കാലയളവിൽ 30 കോടി രൂപ സംഭാവനയായി കൈപ്പറ്റിയിട്ടുണ്ട്. ബിജെപി ഇലക്ഷൻ കമ്മീഷന് നൽകിയ കണക്കുകളിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്. 2018 ന് ശേഷം ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ അല്ലാന സൺസ് പ്രൈവറ്റ് ലിമിറ്റഡ് (Allanasons Private Limited) 10,000 കോടി രൂപ വരുമാനം രേഖപ്പെടുത്തിയതും ഇതേ കാലയളവിലാണ്.

അമേരിക്കൻ കൃഷിവകുപ്പ് പുറത്ത് വിട്ട ഇൻഫോഗ്രാഫിക്സ്
2014 ൽ മോദി അധികാരത്തിലെത്തിയതിന് ശേഷം ഉത്തർപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ പശു സംരക്ഷണത്തിന്റെ പേരിൽ ഹിന്ദുത്വ സംഘങ്ങൾ നിരന്തരം നടത്തിയ ആക്രമണത്തെ തുടർന്ന് അല്ലാന ഗ്രൂപ്പിന്റെ കച്ചവടത്തിൽ കുറവുണ്ടായി. അല്ലാന ഗ്രൂപ്പ് 2,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി 2019 ജനുവരിയിൽ ആദായ നികുതി വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന് മാസങ്ങൾക്ക് ശേഷം അല്ലാന ഗ്രൂപ്പ്, അന്ന് ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ശിവസേനയ്ക്ക് രണ്ട് കോടി രൂപയും ബിജെപിക്ക് അഞ്ചു കോടി രൂപയും സംഭാവന നൽകിയതായി സ്ക്രോൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2023-24 കാലയളവിൽ അല്ലാന ഗ്രൂപ്പിന്റെ സഹകമ്പനിയായ ‘ഫ്രിജറിയോ കൺസർവ അല്ലാന പ്രൈവറ്റ് ലിമിറ്റഡ്’ (Frigerio Conserva Allana Private Limited)എന്ന കമ്പനി രണ്ട് കോടി രൂപ ബിജെപിക്ക് നൽകിയിട്ടുണ്ട്. 2024 ൽ ബിജെപിക്ക് കിട്ടിയ ഇലക്ടറൽ ബോണ്ടുകളിലും അല്ലാന ഗ്രൂപ്പുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പേര് കണ്ടെത്തിയിട്ടുണ്ട്. ഭരണഘടനാവിരുദ്ധമെന്ന് വിധിച്ച് സുപ്രീം കോടതി റദ്ദാക്കിയ ഇലക്ടറൽ ബോണ്ടുകളുടെ ഭൂരിപക്ഷവും കൈപ്പറ്റിയത് ബിജെപിയാണെന്ന് ഒബിസി നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബീഫ് കയറ്റുമതി പ്രോത്സാഹിപ്പിക്കുന്ന ബിജെപി സർക്കാരുകൾ
ഫെയർ എക്സ്പോർട്ട്സ് ഇന്ത്യ (Fair Exports India), അൽ ഹംദ് അഗ്രോ ഫുഡ് പ്രൊഡക്റ്റ്സ് (Al Hamd Agro Food Products), മിർഹ (Mirha Exports), അൽ അമ്മർ ഫ്രോസൺ ഫുഡ്സ് എക്സ്പോർട്സ് (Al Ammar Frozen Foods Exports) എന്നീ കമ്പനികളാണ് ബീഫ് കയറ്റു മതിയിൽ രണ്ട് മുതൽ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്. ഈ കമ്പനികളുടെ ആസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങൾ നോക്കിയാൽ ബിജെപി ഉയർത്തുന്ന ‘ബീഫ് രാഷ്ട്രീയ’ത്തിന്റെ യഥാർത്ഥ മുഖം വ്യക്തമാവും. ഒന്ന്, രണ്ട് സ്ഥാനങ്ങളിലുള്ള അല്ലാന, ഫെയർ കമ്പനികളുടെ ആസ്ഥാനം മഹാരാഷ്ട്രയാണ്. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളിൽ പത്ത് കൊല്ലവും മഹാരാഷ്ട്ര ഭരിച്ചത് ബിജെപി കക്ഷിയായുള്ള സർക്കാരുകളാണ്. മൂന്നാം സ്ഥാനത്തുള്ള അൽ ഹംദ് എന്ന കമ്പനിയുടെ ആസ്ഥാനം ഉത്തർപ്രദേശാണ്. 4,5 സ്ഥാനങ്ങളിലുള്ള മിർഹ, അൽ അമ്മർ കമ്പനികളുടെ ആസ്ഥാനം കഴിഞ്ഞ പതിനൊന്ന് വർഷങ്ങളായി ബിജെപി ഭരിക്കുന്ന ഹരിയാനയാണ്. ഈ രണ്ട് സംസ്ഥാനങ്ങളിലും ‘ഗോ സംരക്ഷകരുടെ അക്രമങ്ങളും’ സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
രാജ്യത്ത് ഏറ്റവുമധികം ബീഫ് കയറ്റുമതി ചെയ്യുന്ന സംസ്ഥാനം ഉത്തർ പ്രദേശാണ്. ബിജെപിക്ക് ഏറ്റവുമധികം വേരോട്ടമുള്ള അതേ സംസ്ഥാനം. കയറ്റുമതി ചെയ്യുന്നത് എരുമ മാംസമാണെന്ന് വാദിക്കാമെങ്കിലും ഇതേ എരുമ മാംസം കൊണ്ട് പോയതിന്റെ പേരിൽ 2017 ൽ മൂന്ന് പേർക്ക് ആക്രമണം നേരിട്ടത് ഉത്തർപ്രദേശിൽ തന്നെയാണ്. മൃഗങ്ങൾക്കെതിരെയുള്ള അക്രമം തടയാനുള്ള നിയമം ഉപയോഗിച്ച് അക്രമത്തിനിരയായവരെ തന്നെ അറസ്റ്റ് ചെയ്യുകയാണ് അന്ന് യുപി പോലീസ് ചെയ്തത്.
ബിജെപി നേതാക്കളുടെ ബീഫ് കച്ചവടം
ബീഫിന്റെ പേരിൽ അക്രമത്തിന് ആഹ്വാനം ചെയ്യുന്ന ബിജെപി നേതാക്കൾ തന്നെ ബീഫ് കയറ്റു മതി കമ്പനികളുടെ ഡയറക്ടർമാരാവുന്ന വൈരുദ്ധ്യം കാണാതിരിക്കാനാവില്ല. ഉത്തർപ്രദേശിലെ സർദാന മണ്ഡലത്തിലെ ബിജെപി എംഎൽഎ ആയിരുന്ന സംഗീത് സോം 2005 ൽ സ്ഥാപിച്ച ‘അൽ ദുആ’ ബീഫ് കയറ്റുമതി കമ്പനിയുടെ സഹസ്ഥാപകനായിരുന്നുവെന്ന് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. തെളിവുകളടക്കം ദ ഹിന്ദുവിന്റെ റിപ്പോർട്ടർ സമീപിച്ചപ്പോൾ താനൊരു ശുദ്ധ ഹിന്ദുവാണെന്നും ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തുന്ന ഒന്നും താൻ ചെയ്യില്ലെന്നും പറഞ്ഞ് ആരോപണങ്ങളെ തള്ളിക്കളയുകയായിരുന്നു സംഗീത് സോം. മുഹമ്മദ് അഖ്ലാഖ് കൊല്ലപ്പെട്ടതിന് പിന്നാലെ ബിസഹ്ദ ഗ്രാമത്തിൽ നിരോധനാജ്ഞ ലംഘിച്ച് പൊതു പരിപാടി സംഘടിപ്പിച്ചതിന് സംഗീത സോമിന്റെ പേരിൽ ഉത്തർപ്രദേശ് പോലീസ് കേസെടുത്തിട്ടുണ്ട്. 2013 ൽ 62 പേർ കൊല്ലപ്പെട്ട മുസഫർനഗർ വർഗ്ഗീയ കലാപത്തിലെ പ്രതി കൂടിയാണ് സംഗീത് സോം.
ഛത്തീസ്ഗഡിലെ ബിജെപി നേതാവായ ഹരീഷ് വർമ്മയുടെ ഷെൽട്ടറിൽ ഇരുന്നൂറോളം പശുക്കൾ ആഹാരവും മതിയായ മരുന്നും കിട്ടാതെ ചത്തത് 2017 ലാണ്. ആക്രമണങ്ങൾക്ക് നേതൃത്വം നൽകുന്ന ഏതെങ്കിലും ഗോ രക്ഷക് സംഘങ്ങൾ ഈ വിഷയത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയതായി റിപ്പോർട്ടുകളില്ല.
ഭക്ഷ്യാവശ്യങ്ങൾക്കല്ലാതെ ഇന്ത്യയിൽ ഏറ്റവുമധികം പശു/കാള ഇനത്തിൽ പെട്ട നാൽക്കാലികളെ ഉപയോഗിക്കുന്നത് തുകൽ (leather) നിർമ്മാണത്തിനാണ്. ലോകത്തെ ഏറ്റവുമധികം തുകൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ഇന്ത്യ. ഏകദേശം 140 കോടി ചതുരശ്രയടി തുകലാണ് ഓരോ വർഷവും ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയിൽ 65 ശതമാനം തുകലുമുണ്ടാക്കുന്നത് പശു, എരുമ തുടങ്ങിയ കന്നുകാലി വർഗ്ഗങ്ങളുടെ തോലുകളിൽ നിന്നാണ്.
പശു സംരക്ഷണമോ ആസൂത്രിത കൊലപാതകങ്ങളോ?
ഇന്ത്യയിൽ പശു സംരക്ഷണത്തിന്റെ പേരിലും അതുണ്ടാക്കുന്ന മതവികാരത്തിലും കൊലപാതകങ്ങളോ കലാപങ്ങളോ ഉണ്ടായി തുടങ്ങിയത് അടുത്ത കാലത്തൊന്നുമല്ല. അതിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്ന് ചരിത്ര പഠനങ്ങൾ പറയുന്നു. രാജ്യത്ത് രേഖപ്പെടുത്തിയ ആദ്യത്തെ വർഗ്ഗീയ കലാപമായി അറിയപ്പെടുന്നത് 1714 ൽ ഗുജറാത്തിൽ നടന്ന ‘ഹോളി കലാപമാണ്. ഹോളി ദിനത്തിൽ പശുവിനെ അറുത്തതിന്റെ പേരിലാണ് ഈ കലാപം തുടങ്ങിയത്.
സർക്കാർ തലത്തിൽ ‘പശു സംരക്ഷണ കൊലപാതകങ്ങളുടെ’ ഏകീകൃത കണക്കുകൾ ലഭ്യമല്ലാത്തതിനാൽ ന്യൂസ് റിപ്പോർട്ടുകളെ ആശ്രയിച്ച് മാത്രമേ ഇത്തരത്തിലൊരു കണക്കിന്റെ ഏകദേശ രൂപമെങ്കിലും അവതരിപ്പിക്കാൻ പറ്റൂ.
1966 ലെ ഗോവധ നിരോധന കലാപമായിരിക്കാം പശുസംരക്ഷണവുമായി ബന്ധപ്പെട്ട് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ സംഘർഷം. അന്നത്തെ ദ ഹിന്ദു റിപ്പോർട്ട് പ്രകാരം ബിജെപിയുടെ ആദ്യ കാല രൂപമായ ജനസംഘ്, ഹിന്ദു മഹാസഭ തുടങ്ങിയ സംഘടനകൾ നേതൃത്വം നൽകിയ പാർലമെന്റ് മാർച്ചാണ് കലാപത്തിലേക്ക് നയിച്ചത്. മാർച്ചിൽ ഏതാണ്ട് 3 ലക്ഷം മുതൽ 7 ലക്ഷം വരെയാളുകൾ പങ്കെടുത്തിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. കലാപത്തിന്റെ ഭാഗമായി ഏഴ് പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഇൻഫോഗ്രാഫിക്സ് – OBC
ഇന്ത്യയിൽ പത്തൊമ്പത് സംസ്ഥാനങ്ങളിൽ ഭാഗികമായോ പൂർണമായോ പശു മാംസ നിരോധനം നടപ്പാക്കിയിട്ടുണ്ട്. അസം ഒഴികെയുള്ള ഏഴ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും കേരളത്തിലും വെസ്റ്റ് ബംഗാളിലുമാണ് ബീഫ് നിരോധനം ഭാഗികമായി പോലും നടപ്പാക്കാത്തത്. നിരോധനം നടപ്പാക്കിയ പല സംസ്ഥാനങ്ങളിലും ഔദ്യോഗിക പശു സംരക്ഷണ സേനകൾ നിലവിലുണ്ട്.
മോദിക്കാലത്തെ ബീഫ് കൊലകൾ
ലഭ്യമായ വിവരങ്ങളിൽ, 2002 ൽ ഹരിയാനയിലെ ജജ്ജർ ജില്ലയിൽ അഞ്ച് ദളിത് യുവാക്കൾ കൊല്ലപ്പെട്ടതാണ് രണ്ടായിരത്തിന് ശേഷം ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ട ‘ബീഫ് ആക്രമണം’. അതിന് ശേഷവും സമാനമായ ആക്രമണങ്ങൾ നടന്നിട്ടുണ്ടെങ്കിലും, ഇന്റർനെറ്റിൽ ലഭ്യമായ വിവരങ്ങളനുസരിച്ച് ബീഫിന്റെ പേരിൽ കൊലപാതകം നടന്നത് മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ്. ന്യൂയോർക്ക് ആസ്ഥാനമായ മനുഷ്യാവകാശ നിരീക്ഷണ സംഘടന ഹ്യൂമൻ റൈറ്റ്സ് വാച്ചിന്റെ (Human Rights Watch) റിപ്പോർട്ട് പ്രകാരം 2014 മെയ് മുതൽ 2018 ഡിസംബർ വരെ 12 സംസ്ഥാനങ്ങളിലായി 44 പേർ പശു സംരക്ഷണത്തിന്റെ പേരിൽ ഇന്ത്യയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 36 പേരും മുസ്ലിങ്ങളാണ്.
2018 ന് ശേഷമുള്ള കണക്കുകൾ ക്രോഡീകരിക്കപ്പെട്ടിട്ടില്ല. പക്ഷേ ബീഫിന്റെ പേരിൽ വ്യാപകമായി അക്രമങ്ങളും ആൾക്കൂട്ട കൊലകളും നടക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജാർഖണ്ഡിൽ ചത്ത കാളയെ അറുത്തതിന്റെ പേരിൽ പ്രകാശ് ലക്ര എന്ന യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നത് 2018 ലാണ്. 2019 ൽ ജമ്മു കശ്മീർ, ബീഹാർ സംസ്ഥാനങ്ങളിലായി ബീഫിന്റെ പേരിൽ എട്ട് കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
2021 ൽ ഉത്തർപ്രദേശിൽ മുഹമ്മദ് ഷേര എന്ന അൻപത് വയസ്സുകാരനെ ‘പശു സംരക്ഷകർ’ വെടിവെച്ചാണ് കൊലപ്പെടുത്തിയത്. ഇതേ വർഷം ആസ്സാം, രാജസ്ഥാൻ, ജമ്മുകാശ്മീർ, സംസ്ഥാനങ്ങളിലായി നാല് കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2023 ൽ നാലും, 2024 ൽ അഞ്ചും ‘പശുക്കൊലകൾ’ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
2014 മുതലുള്ള ഓൺലൈനിൽ ലഭ്യമായ വിവരങ്ങളനുസരിച്ച് മാത്രം 65 ബീഫ് കൊലപാതകങ്ങൾ നടന്നിട്ടുണ്ട്. വിക്കിപീഡിയ ഏകീകരിച്ച കണക്കുകളനുസരിച്ച് 157 പേർക്കാണ് വിവിധയിടങ്ങളിലായി പരിക്കേറ്റത്.
2019 നും 2024 നുമിടയിൽ പശു സംരക്ഷണത്തിന്റെ പേരിൽ നടന്ന കൊലപാതകങ്ങളുടെ വിവരങ്ങൾ ഇവിടെ ചേർക്കുന്നു.
| വർഷം | സ്ഥലം | ഇരകൾ | വിവരണം | വാർത്താ ലിങ്ക് |
| 2018 | രാജസ്ഥാൻ | റക്ബർ ഖാൻ (28) | അൽവാറിൽ കന്നുകാലി കടത്ത് ആരോപിച്ചുണ്ടായ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. | NDTV Report |
| 2018 | ഉത്തർപ്രദേശ് | ഖാസിം (45), സമയദീൻ (62) | പശുവിനെ കൊന്നു എന്നാരോപിച്ച് ആൾക്കൂട്ടം ആക്രമിച്ചു. 2024-ൽ ഈ കേസിൽ 10 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു. | NDTV report |
| 2018 | ജാർഖണ്ഡ് | തൗഹീദ് അൻസാരി | പശുവിറച്ചി കൈവശം വെച്ചുവെന്നാരോപിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. | Muslim Mirror |
| 2019 | ജാർഖണ്ഡ് | തബ്രേസ് അൻസാരി (24) | കന്നുകാലി മോഷണം ആരോപിച്ച് മർദ്ദിക്കുകയും മതപരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തു. പരിക്കുകൾ കാരണം പിന്നീട് മരണപ്പെട്ടു. | Times Now |
| 2021 | ഉത്തർപ്രദേശ് | മുഹമ്മദ് ഷേര (50) | കന്നുകാലികളെ കടത്തുന്നു എന്നാരോപിച്ച് പശുസംരക്ഷകർ വെടിവെച്ചു കൊന്നു. | Telegraph India |
| 2021 | രാജസ്ഥാൻ | ബാബു ഭീൽ (25) | കാളകളെ കൊണ്ടുപോകുന്നതിനിടെ ആക്രമിക്കപ്പെട്ടു. കാർഷിക ആവശ്യത്തിനായാണ് ഇവയെ വാങ്ങിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. | Hindustan Gazette |
| 2023 | ഹരിയാന | നസീർ (25), ജുനൈദ് (35) | പശുസംരക്ഷകർ തട്ടിക്കൊണ്ടുപോയ ഇവരുടെ മൃതദേഹങ്ങൾ ഭിവാനിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. | Hindustan Times report |
| 2024 | ഹരിയാന | സാബിർ മാലിക് | ബീഫ് കഴിച്ചു എന്ന സംശയത്തെത്തുടർന്ന് പശ്ചിമ ബംഗാളിൽ നിന്നുള്ള ഈ തൊഴിലാളിയെ പശുസംരക്ഷകർ കൊലപ്പെടുത്തി. | India Today report |
കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാർ
മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ട് പത്ത് വർഷങ്ങൾക്ക് ശേഷം കൊലക്കുറ്റം ആരോപിക്കപ്പെട്ട പത്ത് പ്രതികളെയും വെറുതെ വിട്ടയക്കാൻ ഉത്തർപ്രദേശ് സർക്കാർ കഴിഞ്ഞ വർഷം നവംബറിൽ സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അഖ്ലാഖിന്റെ വീട്ടിൽ നിന്ന് ലഭിച്ച മാംസം പശുവിന്റേതാണെന്ന് സർക്കാർ ലബോറട്ടറി സാക്ഷ്യപ്പെടുത്തിയതിന് പിന്നാലെയാണ് ഈ നീക്കമുണ്ടായത്.
ഒരു വശത്ത് സിനിമകളിലൂടെയും പ്രൊപ്പഗണ്ടകളിലൂടെയും ബീഫിനെ ക്രിമിനൽവത്കരിക്കുകയും മറു വശത്ത് ബീഫ് കച്ചവടത്തിലൂടെ ലാഭം കൊയ്യുകയുമാണ് പരിവാർ സംഘടനകൾ ചെയ്യുന്നത്. പൗരന്റെ പ്ലേറ്റിലെ മാംസം പരിശോധിക്കാൻ ആയുധങ്ങളുമായി വരുന്ന ആൾക്കൂട്ടം യഥാർത്ഥത്തിൽ സംരക്ഷിക്കുന്നത് പശുവിനെയല്ല, മറിച്ച് ജനാധിപത്യത്തെ വിഴുങ്ങുന്ന വിദ്വേഷത്തിന്റെ വിപണിയെയാണ്.