കെട്ടിട നിർമ്മാണ ഫീസ് കൂട്ടിയോ എൽ ഡി എഫ് സർക്കാർ ? ഫാക്ട് ചെക്ക് 

കെട്ടിട നിർമ്മാണ ഫീസ് കൂട്ടിയോ എൽ ഡി എഫ് സർക്കാർ ? ഫാക്ട് ചെക്ക് 

നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി പതിനാല് നാളുകൾ. തിരഞ്ഞെടുപ്പ് ചർച്ചകൾ സജീവമാകുമ്പോൾ തന്നെ അതിന് ചുവട് പിടിച്ച് വ്യാജ വാർത്തകളും സാമൂഹ്യ മാധ്യമങ്ങളിൽ കളം പിടിക്കുന്നുണ്ട്. കേരളത്തിലെ കെട്ടിട നിർമ്മാണ ഫീസിനെ പറ്റിയാണ് ഏറ്റവും പുതിയ വ്യാജ പ്രചാരണങ്ങൾ. യുഡിഎഫ് – എൽഡിഎഫ് കാലത്തെ കെട്ടിട നിർമ്മാണ ഫീസുകളെ താരതമ്യം ചെയ്തുള്ള ഒരു ഗ്രാഫിക്സ് കാർഡ് ഫേസ്ബുക്കിൽ നിരവധി പേർ ഷെയർ ചെയ്യുന്നുണ്ട്.

“ജനങ്ങളെ കൊള്ളയടിക്കുന്നു” എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന പോസ്റ്ററുകളിൽ ചിലതിൽ  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ ചിത്രവുമുണ്ട്. “ഇനിയും എൽഡിഎഫ് ന് വോട്ട് കൊടുക്കണോ” എന്നും പോസ്റ്ററിൽ എഴുതിയിരിക്കുന്നു. പോസ്റ്ററിലെകണക്കുകളനുസരിച്ച് ഈ സർക്കാരിന്റെ കാലത്ത് കെട്ടിട നിർമ്മാണ ഫീസ് 15 മുതൽ 20 ഇരട്ടി വരെ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ 2024 ആഗസ്റ്റിൽ കെട്ടിട നിർമ്മാണ ഫീസ്  സർക്കാർ പകുതിയിലധികം കുറച്ചിരുന്നു. ആ സാഹചര്യത്തിൽ ഇത്തരമൊരു ആരോപണത്തിന്റെ സത്യാവസ്ഥയെന്തെന്ന് ഒബിസി അന്വേഷിച്ചു.

A political infographic in Malayalam featuring a photo of Minister M. B. Rajesh. The poster compares house permit and application fees between the UDF and LDF tenures, showing a significant increase in costs for Panchayats, Municipalities, and Corporations under the LDF. The header reads "Looting the People" (ജനങ്ങളെ കൊള്ളയടിക്കുന്നു), and the bottom asks, "Should we vote for LDF again?" (ഇനിയും എൽഡിഎഫിന് വോട്ട് കൊടുക്കണോ..?)

മന്ത്രിയുടെ ചിത്രമുൾപ്പെടെ പ്രചരിക്കുന്ന പോസ്റ്റർ

‘Jacob Micheal’ എന്ന ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്ററാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. 2026 മാർച്ച് 20 ന് പോസ്റ്റ് ചെയ്ത ഈ ചിത്രത്തിന് മാർച്ച് 25 വരെ 15 ലൈക്കുകളും 4 കമന്റുകളും ഉണ്ട്. എന്നാൽ ഈ പോസ്റ്ററുപയോഗിച്ച് നടത്തിയ റിവേഴ്സ് ഇമേജ് സെർച്ചിലൂടെ സമാനമായ നിരവധി പോസ്റ്റുകൾ ഫേസ്ബുക്കിൽ കണ്ടെത്താനായി. മാർച്ച് 22 ന് ‘Johmon John’ എന്ന അക്കൗണ്ടും ഇതേ ചിത്രം ഫേസ്ബുക്കിൽ പങ്ക് വെച്ചിട്ടുണ്ട്.

Political infographic in Malayalam featuring Minister MB Rajesh, comparing house permit and application fees under UDF vs LDF tenures. The text "ജനങ്ങളെ കൊള്ളയടിക്കുന്നു" (Looting the people) is at the top. The table shows fee increases in Panchayats (422 to 6600), Municipalities (422 to 8840), and Corporations (610 to 12200).

‘Jacob Micheal’ എന്ന അക്കൗണ്ടിൽ നിന്ന് പങ്ക് വെച്ച പോസ്റ്റ്

കണ്ടെത്തിയ പോസ്റ്റുകളിൽ ഒന്ന് ‘INC Kuttiadi’ എന്ന പേജിൽ 2025 നവംബർ 18 നാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പോസ്റ്റിലെ അടിക്കുറിപ്പുകളും കീവേർഡുകളും ഉപയോഗിച്ച് നടത്തിയ കൂടുതൽ പരിശോധനയിലാണ് ഇതേ പോസ്റ്റർ ആദ്യമായല്ല ഫേസ്ബുക്കിൽ പ്രചരിക്കുന്നതെന്ന് കണ്ടെത്തിയത്. 2025 തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകൾക്ക് ഒരു മാസം മുൻപായി നവംബർ 11 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ നിരവധി ഫേസ്ബുക്ക് അക്കൗണ്ടുകൾ ഇതേ പോസ്റ്റർ പങ്ക് വച്ചിട്ടുള്ളതായി കാണാം.

ഫാക്ട്

പോസ്റ്ററിൽ പറയുന്നത് യുഡിഎഫ് ഭരണ കാലത്ത് പഞ്ചായത്തുകളിലെ അപേക്ഷ ഫീസും പെർമിറ്റ് ഫീസും കൂടി 422 രൂപയാണെന്നാണ്. എൽഡിഎഫ് കാലത്ത് ഈ തുക 6,600 രൂപയും. സാധാരണയായി കെട്ടിടങ്ങളുടെ വിസ്തീർണ്ണമനുസരിച്ചാണ് സർക്കാർ ഫീസ് ഈടാക്കുക. എന്നാൽ ഈ കണക്കുകളിൽ പറയുന്ന വീടിന്റെ വിസ്തീർണ്ണം എത്രയാണെന്ന് പോസ്റ്ററിൽ പരാമർശിച്ചിട്ടില്ല.

രണ്ട് കാലത്തെയും യഥാർത്ഥ കണക്കുകളറിയാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ റിപ്പോർട്ടുകളും കെട്ടിട നിർമ്മാണ നിയമങ്ങളിലെ ഭേദഗതികളുമാണ് ആദ്യ പരിശോധിച്ചത്. യുഡിഎഫ് സർക്കാരിന്റെ കാലത്തെ കെട്ടിട നിർമ്മാണ ഫീസുകൾ നിശ്ചയിച്ചിരുന്നത് 2011 ലെ കേരള പഞ്ചായത്ത് ബിൽഡിംഗ് നിയമം അനുസരിച്ചാണ്. ഈ നിയമത്തിന് കീഴിൽ വീടുകൾക്ക് ഒരു ചതുരശ്ര മീറ്ററിന് ഏഴ് രൂപ എന്ന നിരക്കിലാണ് പെർമിറ്റ് ഫീസ്. അപേക്ഷ ഫീസ് 30 രൂപയും. ഇതിന് പുറമെ 150 ചതുരശ്ര മീറ്ററിന് താഴെയുള്ള വീടുകൾക്ക് 50 ശതമാനം സബ്സിഡിയും ഉണ്ടായിരുന്നു. ഈ കണക്കനുസരിച്ചാണെങ്കിൽ പോസ്റ്ററിൽ പറയുന്ന വീടുകളുടെ ശരാശരി വലുപ്പം 112 ചതുരശ്ര മീറ്ററാണ്. ഏകദേശം 1,200 ചതുരശ്രയടി. 

എന്നാൽ പോസ്റ്ററിൽ എൽഡിഎഫ് ഭരണകാലത്തേതെന്ന് സൂചിപ്പിക്കുന്ന തുകകൾ  പുതിയതല്ല. ഈ നിരക്കുകൾ സർക്കാർ പരിഷ്കരിച്ചിട്ട് ഒരു വർഷത്തിലധികമായി. 2023 ഏപ്രിലിൽ കേരള സർക്കാർ കെട്ടിട നിർമ്മാണത്തിനായുള്ള അപേക്ഷ, പെർമിറ്റ് ഫീസുകളിൽ വലിയ വർദ്ധന വരുത്തിയിരുന്നു. നിരവധി വിമർശനങ്ങൾക്കും പരാതികൾക്കും ശേഷം 2024 ആഗസ്റ്റിൽ കൂട്ടിയ നിരക്കുകൾ അറുപത് ശതമാനത്തോളം തദ്ദേശ സ്വയംഭരണ വകുപ്പ് വെട്ടിക്കുറച്ചു.

2023 ഏപ്രിലിൽ പുതുക്കിയ നിരക്കനുസരിച്ച്, പഞ്ചായത്തുകളിൽ മാത്രം താമസത്തിനായുള്ള വീടുകളുടെ ഫീസ് ചതുരശ്ര മീറ്ററിന് ഏഴ് രൂപയെന്നത് 50 രൂപയായാണ് വർദ്ധിപ്പിച്ചത്. അപേക്ഷ ഫീസ് 1000 രൂപയായും ഉയർത്തിയിരുന്നു. ഈ കണക്കു പ്രകാരം മുൻപ് പറഞ്ഞത് പോലെ 112 ചതുരശ്ര വീടിന്റെ അപേക്ഷയ്ക്കും പെർമിറ്റിനുമായി 6,600 രൂപ ചെലവാകും. എൽഡിഎഫ് സർക്കാരിന്റെ കാലത്തേതെന്ന്  പോസ്റ്ററിൽ പറയുന്ന അതേ തുക. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി മേഖലകളിലെ തുകയെന്ന പേരിൽ പോസ്റ്ററിലുള്ളതും പഴയ നിരക്കുകൾ തന്നെ. നിലവിൽ പ്രചരിക്കുന്നത് ഒരു വർഷം മുൻപത്തെ  കണക്കുകളാണെന്ന് വ്യക്തം.

പോസ്റ്ററിൽ പറയുന്ന 112 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വീടിന് നിലവിലെ നിരക്കുകളനുസരിച്ച് അപേക്ഷയ്ക്കും, പെർമിറ്റിനുമായി ഒരു പഞ്ചായത്തിൽ ആകെ ചെലവാകുക 3,300 രൂപയാണ്. മുനിസിപ്പാലിറ്റിയിൽ 4,420 രൂപയും, കോർപ്പറേഷനിൽ 4,980 രൂപയും ചെലവാകും. പോസ്റ്ററിൽ പറയുന്നതിനേക്കാളും അൻപത് ശതമാനത്തിലധികം കുറവ്.

A collage of multiple Facebook screenshots showing viral misinformation posts in Malayalam regarding Kerala house permit fees. The collection features various layouts of the same fake "UDF vs LDF" price comparison, used in a fact-check story to demonstrate how political misinformation spreads on social media

ഒരേ കണക്കുകൾ പങ്ക് വെച്ചിരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ

2024 ആഗസ്റ്റിൽ നിരക്കുകൾ പുതുക്കിയതിന് ശേഷം മാത്രം ഈ പോസ്റ്റ് പത്തിൽ കൂടുതൽ അക്കൗണ്ടുകൾ പോസ്റ്റ് ചെയ്തിട്ടുള്ളതായി ഒബിസി കണ്ടെത്തി. സ്ഥിരമായി കോൺഗ്രസ് അനുകൂല പോസ്റ്റുകൾ പങ്ക് വയ്ക്കുന്ന അക്കൗണ്ടുകളാണ് ഇവ. കൂടുതൽ പരിശോധനയിൽ തീയതി വ്യക്തമല്ലാത്ത ഒരു പത്രക്കുറിപ്പാണ് പ്രചരിക്കുന്ന കണക്കുകളുടെ ആധാരം എന്ന് മനസ്സിലായി. പത്രക്കുറിപ്പിലെ അതേ കണക്കുകളാണ് പോസ്റ്ററുകളിൽ പ്രചരിച്ചിട്ടുള്ളത്.

Screenshot of a Facebook post by Abdulsalam Ep showing a detailed Malayalam table of Kerala house permit and application fee hikes. The table compares previous and new rates for a 1200 sq. ft. house across Panchayats, Municipalities, and Corporations, used as evidence in a fact-check story.

 പോസ്റ്ററിലെ അതേ കണക്കുകളുള്ള പത്രക്കുറിപ്പ്

A compilation of three Facebook post screenshots, each containing a profile picture and name of the user who made the post. Below each user information is an identical image: a political comparison poster in Malayalam with a picture of Minister MB Rajesh, contrasting house permit application fee rates under UDF and LDF governments. The poster prominently features the Malayalam text 'ജനങ്ങളെ കൊള്ളയടിക്കുന്നു' (Looting the people) and details varying fee structures for Panchayats, Municipalities, and Corporations. Under the poster, basic reaction and interaction buttons 'Like' and 'Reply' are visible, consistent across all three screenshots within the collage.

പോസ്റ്റർ പങ്ക് വെച്ചിരിക്കുന്ന കമന്റുകൾ

 പോസ്റ്റുകളായി മാത്രമല്ല, രാഷ്ട്രീയ ചായ്വുകളൊന്നും പ്രകടമാക്കാത്ത പോസ്റ്റുകളിൽ കമന്റുകളായും നിരവധിപേർ ഈയടുത്ത ദിവസങ്ങളിൽ തെറ്റായ കണക്കുകൾ അടങ്ങിയ പോസ്റ്റർ പ്രചരിപ്പിക്കുന്നുണ്ട്.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top