
ബുർജ് ഖലീഫയും ദുബായ് വിമാനത്താവളവും ‘കത്തിക്കുന്ന’ സോഷ്യൽ മീഡിയ: യുദ്ധകാലത്തെ വ്യാജ നിർമിതികൾ
പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതോടൊപ്പം വ്യാജ വാർത്തകളും ദൃശ്യങ്ങളും വൈറലാവുകയാണ്. ഇറാൻ്റെ ആക്രമണത്തിൽ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ തെറിച്ചു ദുബായിലെ പ്രശസ്ത ആഡംബര ഹോസ്റ്റലായ ബുർജ് അൽ അറബിൽ തീപിടുത്തം ഉണ്ടായതായി വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോള്‍, ബുർജ് ഖലീഫയിൽ തീ കത്തിയമരുന്നതായും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനത്തിന് ഉൾപ്പെടെ തീ പടർന്നതായും കാണിക്കുന്ന ഭയാനകമായ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
സംഘർഷഭരിതമായ യുദ്ധസാഹചര്യത്തിൽ, പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ പ്രവാസികൾക്കിടയിലും വിനോദസഞ്ചാരികൾക്കിടയിലും പരിഭ്രാന്തി സൃഷ്ടിക്കാൻ പര്യാപ്‌തമാണ്. ബുർജ് ഖലീഫയോ ദുബായ് വിമാനത്താവളമോ ആക്രമിക്കപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത എന്നിരിക്കെ എവിടെ നിന്നാണ് ഈ വ്യാജ ദൃശ്യങ്ങൾ വരുന്നത്? ഞങ്ങൾ പരിശോധിച്ചു.
പ്രധാനമായും എക്സ് അക്കൗണ്ടുകൾ വഴിയാണ് ഇത്തരം പോസ്റ്റുകൾ പ്രചരിക്കുന്നത് എന്ന് കാണാം. പ്രചരിക്കുന്ന എല്ലാ പോസ്റ്റുകൾക്കും 10 ലക്ഷത്തിലധികം കാഴ്ചക്കാർ ഉണ്ടെന്നതും ശ്രദ്ധിക്കണം. ‘Ayatollah Arafi Commentary ‘ എന്ന എക്സിലെ ഒരു കമൻറ്ററി അക്കൗണ്ടിൽ പ്രചരിച്ച പോസ്റ്റിലെ ക്യാപ്ഷൻ ഇങ്ങനെയായിരുന്നു.
“1800 മിസൈലുകൾ ഞങ്ങൾ ഖലീഫയിലേക്ക് വർഷിച്ചു. ഓരോ മിസൈലും ലക്ഷ്യസ്ഥാനത്തേക്ക് തന്നെ പതിച്ചു”. 58.2 K ഫോളോവേഴ്സ് ഉള്ള ‘Iran Army’ എന്ന അക്കൗണ്ടിലെ ഷെയർ പോസ്റ്റ് ആണിത്. മാർച്ച് രണ്ടാം തിയതി ആണ് പോസ്റ്റ് എക്സിൽ ഷെയർ ചെയ്തിരിക്കുന്നത്.

10 സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ വേറെയും പല എക്സ് അക്കൗണ്ടുകളിലൂടെ വ്യാപകമായി പ്രചരിച്ചിട്ടുണ്ട് എന്നു കാണാം. കെട്ടിടത്തിൻ്റെ ഒരു ഭാഗത്തായി തീ കത്തുന്നതും കടുത്ത പുക വമിക്കുന്നതും കാണാം. അതിന് പരിസരത്തായി ആളുകള്‍ ഓടിക്കൂടുന്നു. ഈ ദൃശ്യം മൊബൈലില്‍ പകർത്തുന്നവരെയും കാണാം.
‘Ayatollah Arafi Commentary ‘എന്ന അക്കൗണ്ടിൽ നിന്നുമാത്രം നാല് ലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. ആർ ജെ ഡി നേതാവ് തേജസ്വി യാദവിൻ്റെ എക്‌സിലെ ഒരു പാരഡി അക്കൗണ്ടിലും ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. വീഡിയോക്ക് താഴെയുള്ള കമന്റ് ബോക്സിൽ വീഡിയോ എ ഐ നിർമ്മിതമാണോ എന്ന സംശയം ഒരുപാട് അക്കൗണ്ടുകൾ ഉന്നയിക്കുന്നുണ്ട്.
എക്സ് അക്കൗണ്ടുകളിലൂടെ തന്നെയാണ് ദുബായ് വിമാനത്താവളത്തിന് തീ പിടിച്ചു എന്ന് കാണിക്കുന്ന വീഡിയോ ദൃശ്യവും പ്രചരിക്കുന്നത്.
ദുബായ് എയർപോർട്ട് പ്രവർത്തന രഹിതമായി എന്ന് അവകാശപ്പെട്ടുകൊണ്ടാണ് പത്ത് സെക്കൻ്റ് ദൈഘ്യമുള്ള വീഡിയോ പ്രചരിക്കുന്നത്. ചില ഫേസ്ബുക്ക്, യൂട്യൂബ് പേജുകളിലുംഇത് പ്രചരിപ്പിക്കുന്നതായി കണ്ടു.
59,000 ഫോളോവേഴ്സ് ഉള്ള ‘The Kremlin ‘ എന്ന എക്സ് അക്കൗണ്ടിലൂടെ മാത്രം അൻപത് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. മാർച്ച് മൂന്നു മുതലാണ് ഈ പോസ്റ്റ് പ്രചരിച്ചു തുടങ്ങിയത്.

എന്നാല്‍, ഈ പോസ്റ്റില്‍ അപകട സ്ഥലത്ത് ചില ആളുകളെ കാണാം. വിമാനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന കമ്പനിയുടെ പേരും യഥാർത്ഥമായി തോന്നിയില്ല. മാത്രവുമല്ല, തീ കാരണം ഉയരുന്ന പുക പടരുന്ന ദൃശ്യത്തിലും ഒരു അസ്വാഭാവികത കാണാം. ഇതെല്ലാം പോസ്റ്റ് വ്യാജം ആണോ എന്ന സംശയം ഉണ്ടാക്കുന്നതാണ്.
ദുബായ് എയർപ്പോർട്ട് തകർന്നു എന്ന് അവകാശപ്പെടുന്ന വേറെയും ചില എക്സ് പോസ്റ്റുകൾ പ്രചരിക്കുന്നുണ്ട്.
പ്രചരിക്കുന്ന പോസ്റ്റുകള്‍ എ ഐ നിർമ്മിതമാണോ എന്ന് കണ്ടെത്തുന്നതാണ് വസ്തുതാന്വേഷണത്തിന്റെ ആദ്യ ഘട്ടം. അതിനായി ഹൈവ് മോഡറേഷൻ എന്ന എ ഐ ഡിറ്റക്ഷൻ ടൂളിനെയാണ് ആശ്രയിച്ചത്.

മാത്രമല്ല, ബുർജ് ഖലീഫയുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ ഹാൻഡിലുകൾ ഒന്നിലും ഈ ഒരു വാർത്ത സ്ഥിരീകരിക്കുന്നതായി കാണുന്നില്ല.
ദുബായ് വിമാനത്താവളം ആക്രമിക്കപ്പെട്ടു എന്ന രീതിക്ക് പ്രചരിക്കുന്ന വീഡിയോയും എ ഐ നിര്‍മിതം ആണെന്നാണ് ഡിറ്റക്ഷൻ ടൂള്‍ ഫലം പറയുന്നത്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായി വാർത്തകൾ ഉണ്ടായിരുന്നു. വിമാനത്താവളത്തില്‍ പുക പടര്‍ന്നപ്പോള്‍ യാത്രക്കാര്‍ പരിഭ്രാന്തരാകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. എന്നാൽ ദുബായ് എയർപോർട്ട് അധികൃതർ ഇക്കാര്യങ്ങൾ നിഷേധിച്ചു .ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് (DXB) മാർച്ച് മൂന്നിന് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ ഈ വ്യാജ പ്രചാരണങ്ങൾ തള്ളിക്കളഞ്ഞിരുന്നു.
സോഷ്യൽ മീഡിയയിൽ ദുബായ് വിമാനത്താവളത്തിലെ ദൃശ്യങ്ങൾ എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോകൾ പൂർണ്ണമായും വ്യാജവും ഡിജിറ്റലായി രൂപമാറ്റം വരുത്തിയതുമാണെന്ന് (fabricated and digitally altered) അധികൃതർ അറിയിച്ചു. ഇത്തരം ഉള്ളടക്കങ്ങൾ യാഥാർത്ഥമല്ലെന്നും വിമാനത്താവളത്തിലെ നിലവിലെ സാഹചര്യങ്ങളുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും DXB വ്യക്തമാക്കിയിട്ടുണ്ട്. യഥാർത്ഥ വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും സ്ഥിരീകരിക്കാത്ത ദൃശ്യങ്ങളോ സന്ദേശങ്ങളോ പങ്കുവെക്കരുതെന്നും എയർപോർട്ട് അധികൃതർ നിർദ്ദേശിക്കുന്നു.

പശ്ചിമേഷ്യയിലെ സംഘർഷഭരിതമായ സാഹചര്യത്തെ മുതലെടുത്ത് പരിഭ്രാന്തി സൃഷ്ടിക്കാനുള്ള ശ്രമങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത് എന്ന് വസ്തുതാന്വേഷണത്തിലൂടെ വ്യക്തമാകുന്നു. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടുവെന്നത് യാഥാർത്ഥ്യമാണെങ്കിലും, ബുർജ് ഖലീഫയും വിമാനത്താവളവും കത്തിയമരുന്നതായി പ്രചരിക്കുന്ന ദൃശ്യങ്ങൾ പൂർണ്ണമായും വ്യാജമാണ്.
നിങ്ങളുടെ ശ്രദ്ധയിൽ പെടുന്ന വ്യാജദൃശ്യങ്ങളും വാർത്തകളും ഞങ്ങളുമായി പങ്ക് വെക്കുക.
