ഔദ്യോഗിക രേഖകൾ നിർമിതബുദ്ധിക്ക് കൈമാറുമ്പോൾ

ഔദ്യോഗിക രേഖകൾ നിർമിതബുദ്ധിക്ക് കൈമാറുമ്പോൾ

രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക വിവരങ്ങൾ നിർമിത ബുദ്ധി പ്ലാറ്റുഫോമുകളിൽ ഉപയോഗിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയും കേരളാ ഹൈക്കോടതിയും കേന്ദ്ര ധനമന്ത്രാലയവും വ്യക്തമായ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ധവള പത്രം തയ്യാറാക്കിയപ്പോൾ ഈ നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ? 

യു ഡി എഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിന്റെ വലിയൊരു ഭാഗം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയതാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണം വലിയ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുന്നു. മുൻ ധന കാര്യമന്ത്രിയും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവുമായ ഡോ. ടി എം തോമസ് ഐസക്കാണ് ഈ ആരോപണം ഉയർത്തിയത്.

195 പേജുള്ള ഈ ധവളപത്രത്തിന്റെ 40 മുതൽ 79 വരെയുള്ള പേജുകൾ  ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ചാണ്  തയ്യാറാക്കിയിട്ടുള്ളതെന്ന ആരോപണമാണ് ഡോ. തോമസ് ഐസക് ഉന്നയിച്ചത്. റിപ്പോർട്ട് തയ്യാറാക്കുന്നതിനായി, ധനവകുപ്പിന്റെ അതീവ രഹസ്യ സ്വഭാവമുള്ള ഫയലുകളും ഔദ്യോഗിക കണക്കുകളും സ്വകാര്യ എ ഐ പ്ലാറ്റ്‌ഫോമുകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടാകാമെന്ന ആശങ്ക തോമസ് ഐസക് പങ്കു വെച്ചു.

നിയമസഭയില്‍ മുഖ്യമന്ത്രി വി.ഡി.സതീശന്‍

ഐസക്കിന്റെ ഈ ആരോപണങ്ങളോട് പല തരത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഇടത് പക്ഷം എതിരാണോയെന്ന് പരിഹാസത്തോടെ ചോദിക്കുന്നവരും കുറവല്ല. എന്നാൽ ഔദ്യോഗിക വിവരങ്ങൾ നിർമിത ബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള നിയമങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന ചോദ്യം പരിഹസിച്ചു തള്ളാവുന്ന ഒന്നല്ല. സർക്കാരിന്റെ ‘ക്ലാസ്സിഫയ്ഡ് രേഖകൾ’ എ ഐ ഉപയോഗിച്ച് വിശകലനം  ചെയ്യുന്നതിലെ നിയമപ്രശ്നങ്ങൾ എന്തൊക്കെയാണ്?  ഇത് സംബന്ധിച്ച് സുപ്രീം കോടതിയും കേരളാ ഹൈക്കോടതിയും പുറപ്പെടുവിച്ചിട്ടുള്ള മാർഗ നിർദേശങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ? ഔദ്യോഗിക രേഖകൾ നിർമിത ബുദ്ധി പ്ലാറ്റുഫോമുകളിൽ ഉപയോഗിക്കുന്നത് നിയന്ത്രിച്ചു കൊണ്ടുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ വ്യവസ്ഥകൾ പാലിക്കപ്പെട്ടിട്ടുണ്ടോ? സോഷ്യൽ മീഡിയയിലെ പരിഹാസങ്ങൾക്കപ്പുറം സർക്കാർ മറുപടി പറയേണ്ട ചോദ്യങ്ങളാണിവ.

ഹൈക്കോടതിയുടെ ‘എ ഐ നയം’

2025 ജൂലൈ 19ന്, രഹസ്യ വിവരങ്ങൾ പൊതുവായ LLM (Large Language Models)കളിൽ നൽകുന്നത് നിരോധിക്കണം എന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. (ചാറ്റ് ജി പി ടി,ജെമിനൈ പോലുള്ളവ) 

 ‘ജില്ലാ നീതിന്യായ വ്യവസ്ഥയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ ഉപയോഗം സംബന്ധിച്ച നയം’ എന്ന രേഖ കേരള ഹൈ കോടതി പുറത്തിറക്കിയിട്ടുണ്ട്. ജില്ലാ കോടതികളുടെ നീതിന്യായ നിർവഹണത്തിൽ എ ഐയുടെ ഉപയോഗം നിയന്ത്രിതമായും ഉത്തരവാദിത്തത്തോടെയുമാണെന്ന് ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹൈക്കോടതി ഇത്തരമൊരു നയം പ്രഖ്യാപിച്ചത്. കീഴ്ക്കോടതികളിൽ എ ഐ ഉപയോഗം നിയന്ത്രിക്കാൻ കൃത്യമായ നയം പുറത്തിറക്കുന്ന രാജ്യത്തെ ആദ്യത്തെ ഹൈക്കോടതിയാണ് കേരള ഹൈക്കോടതി.

എ ഐ ഉപയോഗിക്കുന്നത് ഫലപ്രദമാണെങ്കിലും , അത് ആളുകളുടെ സ്വകാര്യതയെ ബാധിക്കുമെന്നും കേസ് വിവരങ്ങൾ ചോരാൻ ഇടയാക്കുമെന്നും കോടതി ഈ നയത്തിലൂടെ വ്യക്തമാക്കി. കോടതികളുടെ തീരുമാനങ്ങളിലുള്ള വിശ്വാസ്യത തകരാനും ഇത് കാരണമായേക്കാമെന്നും ഹൈക്കോടതി ഈ നയരേഖയിൽ മുന്നറിയിപ്പ് നൽകുന്നു. 

സുപ്രീം കോടതിയുടെ ചട്ടങ്ങൾ 

ഇന്ത്യയിലെ കോടതികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നതിനായുള്ള കരട് നിയമങ്ങൾ 2026 ജൂൺ 3ന് സുപ്രീം കോടതിയും പുറത്തിറക്കിയിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ എപ്പോഴും മനുഷ്യബുദ്ധിക്കും വിവേചനശക്തിക്കും താഴെയായിരിക്കണം എന്ന നിബന്ധനയാണ് ഈ കരട് നിയമങ്ങൾ മുന്നോട്ട് വെക്കുന്നത്.

സുപ്രീം കോടതി. Wikimedia Commons

നീതിന്യായ നിർവ്വഹണത്തിൽ സഹായിക്കുക എന്ന ചുമതല മാത്രമാണ് എ ഐ ടൂളുകൾക്കുള്ളതെന്നും, നിയമപരമായ പ്രശ്നങ്ങളിലോ പ്രതിസന്ധികളിലോ തീരുമാനമെടുക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജുഡീഷ്യൽ ഓഫീസർമാർക്ക് പകരമാവാൻ പാടില്ലെന്നും ഈ രേഖ പറയുന്നു. സുരക്ഷിതവും അംഗീകൃതവുമായ സംവിധാനങ്ങൾക്ക് മുൻഗണന നൽകണം എന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിലക്ക്

സർക്കാർ രേഖകളുടെയും വിവരങ്ങളുടെയും രഹസ്യസ്വഭാവം ചോരുമെന്ന ആശങ്കയെത്തുടർന്ന്, ചാറ്റ് ജി.പി.ടി, ഡീപ്സീക്ക് തുടങ്ങിയ എ.ഐ ടൂളുകൾ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. 2025 ജനുവരി 29ന് പുറത്തിറക്കിയ സർക്കുലറിലാണ് ഈ നിയന്ത്രണമുള്ളത്. ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ആറ് വകുപ്പുകൾക്കും ഈ ഉത്തരവ് ബാധകമാണ്. 

ഓഫീസ് കമ്പ്യൂട്ടറുകളിലും മറ്റ് ഉപകരണങ്ങളിലും ഇത്തരം എ ഐ ആപ്പുകൾ ഉപയോഗിക്കുന്നത് ഔദ്യോഗിക വിവരങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുമെന്ന് ധനമന്ത്രാലയം വിലയിരുത്തുന്നു.  

കേരളത്തിലെ സ്ഥിതി വിശേഷം പരിശോധിക്കുമ്പോൾ, ഈ ഉത്തരവാണ് നേരിട്ട് ബാധകമാവുക. ധനമന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സ്വകാര്യ രേഖകൾക്ക് ഉണ്ടായേക്കാവുന്ന സുരക്ഷാഭീഷണിയാണ് കേരളത്തിലും ചർച്ചയായിരിക്കുന്നത്.

ഡിജിറ്റൽ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമം, 2023 & ഒഫീഷ്യൽ സീക്രട്സ് നിയമം, 1923

 ഡാറ്റ കൈകാര്യം ചെയ്യുന്ന അതോറിറ്റി അല്ലെങ്കിൽ സർക്കാർ വകുപ്പ്  ഏത് ആവശ്യത്തിനാണോ വ്യക്തികളിൽ നിന്ന് അനുമതിയോടെ വിവരങ്ങൾ ശേഖരിച്ചത്, ആ നിർദ്ദിഷ്ട കാര്യത്തിന് മാത്രമേ വിവരങ്ങൾ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് 2023ലെ നിയമം വ്യക്തമാക്കുന്നു. സർക്കാർ വകുപ്പുകൾ ശേഖരിക്കുന്ന വ്യക്തിഗത വിവരങ്ങൾ ചോർന്നുപോകാതിരിക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ (Encryption ഉൾപ്പെടെ) ഒരുക്കണമെന്നും നിയമത്തിലെ വകുപ്പുകൾ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ സുരക്ഷയെയും താല്പര്യങ്ങളെയും ബാധിക്കുന്ന ഔദ്യോഗിക വിവരങ്ങൾ അനധികൃതമായി കൈമാറുന്നത് തടയുന്ന നിയമമാണ്  ചാരപ്രവർത്തന വിരുദ്ധ നിയമമായ  ഒഫീഷ്യൽ സീക്രട്ട് ആക്ട്. ഈ നിയമത്തിലെ അഞ്ചാം വകുപ്പ് (Section 5 – Wrongful Communication of Information) പ്രകാരം, സർക്കാരിന്റെ പക്കലുള്ള ഒരു രഹസ്യ കോഡോ, പാസ്‌വേഡോ, ഏതെങ്കിലും ഔദ്യോഗിക രേഖയോ, വിവരമോ അനധികൃതമായി മറ്റൊരാൾക്ക് കൈമാറുന്നത് കുറ്റകരമാണ്. 

 കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സർക്കുലറുകൾ വ്യക്തമാക്കുന്നത് ഓഫീസ് കമ്പ്യൂട്ടറുകളിലും ഉപകരണങ്ങളിലും ജനറേറ്റീവ് എ ഐ ആപ്പുകൾ ഉപയോഗിക്കുന്നത് ഡാറ്റയുടെ രഹസ്യസ്വഭാവം (Confidentiality) നഷ്ടപ്പെടുത്തുമെന്നാണ്. വിവരങ്ങൾ ഒരു ബാഹ്യ സെർവറിലേക്ക് അപ്‌ലോഡ് ചെയ്യപ്പെടുമ്പോൾ അത് ഒരേസമയം 2023ലെ ഡിപിഡിപി നിയമപ്രകാരമുള്ള സുരക്ഷാ വീഴ്ചയായും, ഒപ്പം വിവരങ്ങളുടെ സ്വഭാവം അനുസരിച്ച് ഒഫീഷ്യൽ സീക്രട്സ് നിയമത്തിന്റെ ലംഘനമായും കണക്കാക്കാം. 

ആഗോള തലത്തിലെ എഐ നിയന്ത്രണങ്ങൾ 

ഓസ്‌ട്രേലിയ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും സുരക്ഷാപ്രശ്നങ്ങൾ മുൻനിർത്തി എ ഐ ടൂളുകളുടെ ഉപയോഗത്തിന് നേരത്തെ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. 

 ജീവനക്കാരുടെ ഔദ്യോഗിക ഡിജിറ്റൽ ഉപകരണങ്ങളിലെ ഇൻ-ബിൽറ്റ് എ ഐ ഫീച്ചറുകൾ, യൂറോപ്യൻ പാർലമെന്റ്  2026 ഫെബ്രുവരിയിൽ നിരോധിച്ചു. ഔദ്യോഗിക വിവരങ്ങൾ തേർഡ് പാർട്ടി ക്ലൗഡ് സെർവറുകളിലേക്ക് തനിയെ അപ്‌ലോഡ് ചെയ്യപ്പെടുന്നതിനാൽ ഡാറ്റാ സുരക്ഷ ഉറപ്പാക്കാൻ കഴിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഈ നടപടി.

ഓസ്‌ട്രേലിയ 

ഓസ്‌ട്രേലിയയിലെ സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക കമ്പ്യൂട്ടർ സംവിധാനങ്ങളിൽ വിദേശ എ ഐ ആപ്ലിക്കേഷനുകളോ വെബ് സർവീസുകളോ ഡൗൺലോഡ് ചെയ്യുന്നതും പ്രവർത്തിപ്പിക്കുന്നതും അവിടുത്തെ ആഭ്യന്തര മന്ത്രാലയം വിലക്കിയിട്ടുണ്ട്. വിദേശ സെർവറുകളിലേക്ക് വിവരങ്ങൾ ചോരുന്നതും ഡാറ്റാ ഹാർവെസ്റ്റിംഗ് (Data Harvesting) വഴിയുള്ള സുരക്ഷാ ഭീഷണികളും തടയാനാണ് ഈ നിയന്ത്രണം. 

ഇറ്റലി 

യൂറോപ്പിൽ എഐ സാങ്കേതികവിദ്യകൾക്ക് മേൽ ഏറ്റവും കർശനമായ നിയന്ത്രണം ഏർപ്പെടുത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇറ്റലി. സ്വകാര്യതാ ലംഘനം മുൻനിർത്തി 2023ൽ ചാറ്റ് ജി.പി.ടി താൽക്കാലികമായി ഇറ്റലിയിൽ നിരോധിച്ചിരുന്നു

തായ്‌വാൻ 

ദേശീയ വിവര സുരക്ഷയ്ക്ക് (National Information Security) വലിയ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി തായ്‌വാൻ തങ്ങളുടെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലും വിദേശ എഐ ഉൽപ്പന്നങ്ങൾക്ക് സമ്പൂർണ്ണമായ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഭരണനിർവഹണ സംവിധാനങ്ങളിൽ മാത്രമല്ല, ഡാറ്റാ ചോർച്ച പൂർണ്ണമായും തടയുന്നതിനായി പൊതുവിദ്യാലയങ്ങളിലേക്കും പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും അവർ വിലക്ക് വ്യാപിപ്പിച്ചിരുന്നു.

രഹസ്യ സ്വഭാവമുള്ള സാമ്പത്തിക വിവരങ്ങൾ 

ധവള പത്രം തയ്യാറാക്കാൻ എ ഐ ഉപയോഗിക്കാമോ എന്ന ചോദ്യം ഈ സാഹചര്യത്തിലാണ് ചർച്ച ചെയ്യപ്പെടേണ്ടത്. ധനവകുപ്പിന്റെ രഹസ്യ സ്വഭാവമുള്ള ഔദ്യോഗിക രേഖകൾ എല്ലാവർക്കും സ്വതന്ത്രമായി ലഭ്യമാകും വിധം രേഖകളുടെ ദുരുപയോഗത്തിന് ഇത് ഇടയാക്കുമെന്ന് തോമസ് ഐസക് പറയുന്നു. ദൈനംദിന ക്യാഷ് ബാലൻസ് അടക്കമുള്ളവ ആർക്കും ലഭ്യമാകുന്ന അവസ്ഥയിലേക്കും ഇത് നയിച്ചേക്കാം. രഹസ്യ രേഖകൾ പരസ്യമാക്കുന്നത് സത്യപ്രതിജ്ഞാ ലംഘനം കൂടിയാണെന്നും ഐസക് കൂട്ടി ചേർക്കുന്നു.

ആഗോള തലത്തിൽ തന്നെ, എ ഐ ഉപയോഗത്തിൽ വലിയ സുരക്ഷാ ഭീഷണികളും ഡാറ്റാ ചോർച്ചയെ കുറിച്ചുള്ള ആശങ്കകളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേരള സംസ്ഥാന സർക്കാരിന് നേരെ ഇത്തരത്തിൽ ഗുരുതരമായൊരു ആരോപണം പ്രതിപക്ഷം മുന്നോട്ട് വെച്ചിരിക്കുന്നത്. സർക്കാർ ഇതിന് തൃപ്തികരമായ മറുപടി നൽകണമെന്ന ആവശ്യമാണ് ഡോ. തോമസ് ഐസക് മുന്നോട്ട് വെക്കുന്നത്. പൊതു മണ്ഡലത്തിൽ ഇല്ലാത്ത സർക്കാർ വിവരങ്ങൾ എ ഐ പ്ലാറ്റ്ഫോമുകളിൽ നൽകുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും, സുപ്രീം കോടതിയുടെയും ഹൈ കോടതിയുടെയും കേന്ദ്ര ധനമന്ത്രാലയത്തിന്റെയും അടക്കമുള്ള ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും സർക്കാർ തന്നെയാണ് മറുപടി നൽകേണ്ടത്.

കാർത്തിക എസ്

കാർത്തിക എസ്

കാര്‍ത്തിക എസ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top