പാരിസിന് തീയിട്ടതാര്? ഫുട്ബോളിനെ വര്‍ഗീയവല്‍ക്കരിക്കുമ്പോള്‍

പാരിസിന് തീയിട്ടതാര്? ഫുട്ബോളിനെ വര്‍ഗീയവല്‍ക്കരിക്കുമ്പോള്‍

ഫുട്ബോൾ ആരാധകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നത് ഇതാദ്യമല്ല. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പാരീസിൽ ഫുട്ബോൾ ആരാധകരുടെ ആഹ്ലാദ പ്രകടനം സംഘർഷത്തിൽ കലാശിച്ചത്, വർഗീയ/വംശീയ വിദ്വേഷം പ്രചരിപ്പിക്കാൻ ഉപയോഗിക്കുകയാണ് സോഷ്യൽ മീഡിയയിലെ വലത് പക്ഷ അക്കൗണ്ടുകൾ.

യുവേഫ ചാംപ്യൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ ഇംഗ്ലീഷ് ക്ലബ്ബ് ആഴ്സണലിനെ പരാജയപ്പെടുത്തി പാരിസ് സെന്റ് ജെർമെയ്ൻ (PSG) കിരീടം നേടിയത് മേയ് 31 ലെ വാര്‍ത്തയായിരുന്നു. വിജയത്തിന് ശേഷം, ആയിരക്കണക്കിന് ആരാധകരാണ് ആഹ്ളാദ പ്രകടനവുമായി തെരുവുകളിലിറങ്ങിയത്.

എന്നാല്‍,  രാത്രിവൈകിയതോടെ ഈ പ്രകടനങ്ങള്‍ പ്രത്യക്ഷമായ കലാപത്തിലേക്ക് നീങ്ങുകയായിരുന്നു. ഒരു വിഭാഗം ആളുകൾ തെരുവിൽ പടക്കം പൊട്ടിക്കുകയും  ഇലക്ട്രിക് ബൈക്കുകൾക്ക് തീയിടുകയും ചെയ്തത് പരിഭ്രാന്തിയുണ്ടാക്കി. അക്രമാസക്തരായ ജനങ്ങൾ കടകൾ അടിച്ചുതകർക്കുകയും  പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു. അക്രമങ്ങളിൽ നിരവധി വാഹനങ്ങളും വ്യാപാര സ്ഥാപനങ്ങളും ബസ് ഷെൽട്ടറുകളും പൂർണ്ണമായി തകർന്നതായാണ് ഔദ്യോഗിക വാർത്ത ഏജൻസികളുടെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 

ഫ്രാൻസിലുടനീളം നടന്ന അക്രമ സംഭവങ്ങളില്‍ ഇതുവരെ 780 ഓളം പേരെ അറസ്റ്റ് ചെയ്തതായാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്‌ ചെയ്തത്. എന്നാല്‍, നേരം പുലരുമ്പോഴേക്കും സാമൂഹ്യ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. പാരീസിന്‍റെ ഐക്കണായ ഐഫല്‍ ടവറിനു തീ പിടിച്ചതായാണ് ചിലര്‍ പ്രചരിപ്പിച്ചത്. മുസ്ലിങ്ങളായ  അനധികൃത കുടിയേറ്റക്കാരാണ് പാരീസില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടത് എന്നാണ് വലതുപക്ഷ പേജുകളില്‍  പ്രചരിക്കുന്ന പോസ്റ്റുകള്‍ പറയുന്നത്.

പ്രചാരണമിങ്ങനെ

ചാമ്പ്യൻസ് ലീഗ് വിജയത്തിന് പിന്നാലെ പാരീസിൽ നോർത്ത് ആഫ്രിക്കൻ കുടിയേറ്റക്കാർ ശരീഅത്ത് നിയമം ആവശ്യപ്പെട്ട് കലാപം നടത്തുന്നു. ‘അല്ലാഹു അക്ബർ’, ‘ഫ്രാൻസിന് മരണം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് അവർ നഗരത്തിന് തീയിടുന്നു. ഇത് ഫ്രാൻസിലെ കൂട്ടക്കുടിയേറ്റത്തിന്റെ ഫലമാണ് എന്നാണ് ‘Vijeesh Ctk’ എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ പറയുന്നത്. #IllegalMigration, #Islamists, #ParisIsBurning ഹാഷ് ടാഗുകളും പോസ്റ്റില്‍ ഉപയോഗിച്ചിട്ടുണ്ട്. 

ഫേസ്ബുക്ക് പോസ്റ്റ്‌. സ്ക്രീന്‍ഷോട്ട്

ഇന്നലെ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് മലയാളത്തിലും ഇംഗ്ലീഷിലും  പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. ഇതേ അക്കൗണ്ടില്‍ തന്നെ സമാന ആരോപണത്തോടെയുള്ള മറ്റൊരു പോസ്റ്റ് കൂടി കാണാം. 

“നിയമവിരുദ്ധ കുടിയേറ്റക്കാരെ നിങ്ങൾ പിന്തുണയ്ക്കുന്നുവെങ്കിൽ, ഇന്ന് ഫ്രാൻസിലെ പാരീസിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണണം.

ഫ്രാൻസ് അവർക്ക് അഭയവും മെച്ചപ്പെട്ടൊരു ജീവിതവും നൽകിയിരുന്നു. ഇന്ന് അവർ ഫ്രാൻസ് കത്തിച്ചുകൊണ്ടിരിക്കുകയാണ്. ഉദാരചിന്തകളും നിയമങ്ങളും കാരണം യൂറോപ്പ് തകർന്നുകൊണ്ടിരിക്കുന്നു. ഭാരതത്തിൽ വന്നുചേർന്ന ഓരോ അനധികൃത കുടിയേറ്റ കാരനെയും ഓടിക്കണം.” എന്നതാണ് പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്ന കുറിപ്പ്.

ഫേസ്ബുക്ക് പോസ്റ്റ്‌. സ്ക്രീന്‍ഷോട്ട്

വലതുപക്ഷ പോസ്റ്റുകള്‍ പങ്കുവയ്ക്കുന്ന ഈ അക്കൗണ്ടില്‍ വന്ന പോസ്റ്റുകള്‍ക്ക് താഴെ, പുതിയ ഓൺലൈൻ പ്രസ്ഥാനമായ കോക്രോച്ച് ജനതാ പാർട്ടിയെ അധിക്ഷേപിക്കുന്ന കമന്റുകളും കാണാം.

ഇംഗ്ലീഷിലും സമാന അവകാശ വാദത്തോടെയുള്ള പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. മുസ്ലിം അധിനിവേശക്കാര്‍ നടത്തിയ ആക്രമണത്തില്‍ ഇപ്പോള്‍ പാരീസിലെ ഐഫലിന് തീ പിടിച്ചിരിക്കുന്നു എന്ന് പറയുന്ന പോസ്റ്റുകളും എക്സില്‍ ഇപ്പോള്‍ വൈറലാണ്. സിറിയ, പാകിസ്ഥാൻ, യമൻ, സുഡാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരാണ് ഈ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ എന്നാണ് ഈ പോസ്റ്റുകൾ പറയുന്നത്. 

എക്സ് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

ഇന്നലെ ഷെയര്‍ ചെയ്ത ഈ പോസ്റ്റ് ഇതുവരെ (1/6/2026) രണ്ടു ലക്ഷത്തിലധികം പേരാണ് കണ്ടിട്ടുള്ളത്. ആറായിരത്തിലധികം പേര്‍ ഇതിനു ലൈക്കും ചെയ്തതതായി മെട്രിക്സ് വിവരങ്ങള്‍ കാണിക്കുന്നു. 

എക്സില്‍ ഇതുപോലെയുള്ള മറ്റു ചില പോസ്റ്റുകളും വൈറലാണ്. വലതുപക്ഷ പേജുകള്‍ തന്നെയാണ് ഇത് ഷെയര്‍ ചെയ്യുന്നതില്‍ മുന്നിലുള്ളത്.  

എക്സ് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

എക്സില്‍ ഒരു ലക്ഷത്തിലധികം പേര്‍ പിന്തുടരുന്ന ‘Sheethal Chopra’ എന്ന ഈ അക്കൌണ്ട് ആര്‍.എസ്.എസ് അനുകൂലിയാണ് എന്ന് ബയോ വിവരങ്ങളിലൂടെ മനസിലാകുന്നു.  

അക്കൌണ്ട് ബയോ, സ്ക്രീന്‍ഷോട്ട്

സത്യാവസ്ഥയിങ്ങനെ 

ആരാധകരുടെ ആഹ്ലാദ പ്രകടനം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്ന് വ്യക്തമാക്കുന്ന നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളും ലഭ്യമാണ്.

ചരിത്രപരമായ വിജയത്തിന് ശേഷം പിഎസ്ജിയുടെ ആഘോഷ പ്രകടനങ്ങള്‍ എന്ന കുറിപ്പോടെ യു ട്യൂബില്‍ ഒരു വീഡിയോ മേയ് 31 ന് പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 

യു ട്യൂബ് വീഡിയോ, സ്ക്രീന്‍ഷോട്ട്

ഇന്നലെ ഫ്രാന്‍സില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ അധിനിവേശക്കാര്‍ ആണെന്നോ മുസ്ലിങ്ങള്‍ ആണെന്നോ വാർത്താ റിപ്പോർട്ടുകളിലൊന്നും പരാമര്‍ശമില്ല. ഫുട്ബോള്‍ ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷം മാത്രമാണ് ഇതെന്നാണ് എന്നാണു ഫ്രഞ്ച് ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള France 24 എന്ന ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. ഇന്നലെ ഫ്രാന്‍സില്‍ നടന്ന അക്രമ സംഭവങ്ങളെ കുറിച്ചുള്ള ചിത്രങ്ങള്‍ സഹിതമുള്ള ന്യൂസ്‌ റിപ്പോര്‍ട്ട്‌ ബിബിസിയുടെ സൈറ്റില്‍ ലഭ്യമാണ്.    

അതേസമയം ഐഫല്‍ ടവറിനു തീ പിടിച്ചതായ വാര്‍ത്തകള്‍ ശരിവയ്ക്കുന്ന ഔദ്യോഗിക റിപ്പോര്‍ട്ടുകളും ലഭ്യമല്ല. ഐഫല്‍ ടവറിന്റെ ഒഫീഷ്യല്‍ എക്സ് അക്കൗണ്ടില്‍ ഇതേ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും തന്നെയില്ല. 

ഫുട്ബോള്‍ ഫൈനലിന് ശേഷം എന്താണ് ഫ്രാന്‍സില്‍ സംഭവിച്ചത് എന്നുള്ളതിന്റെ മുഴുവന്‍ വിവരങ്ങളും ഔദ്യോഗിക വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട് എങ്കിലും ഐഫല്‍ ടവറിനു തീപിടിച്ചതായി പറയുന്ന വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭ്യമല്ല. 




സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top