CNBC യുടെ ‘എക്സ്ക്ലൂസീവ്’? പ്രധാനമന്ത്രിക്ക് തിരുത്തേണ്ടി വന്ന വ്യാജ നിർമിതി

CNBC യുടെ ‘എക്സ്ക്ലൂസീവ്’? പ്രധാനമന്ത്രിക്ക് തിരുത്തേണ്ടി വന്ന വ്യാജ നിർമിതി

പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുമെന്ന ആശങ്കയാണ് ഇപ്പോൾ നിലനിൽക്കുന്നത്. നിർണ്ണായകമായ ഹോർമുസ് കടലിടുക്കിലെ സംഭവ വികാസങ്ങൾ വിപണി നിരീക്ഷകർ വലിയ ജാഗ്രതയോടെയാണ്‌ വീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം, പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടിയത് ഒരു തുടക്കം മാത്രമാണെന്നും താമസിയാതെ അടിക്കടിയുള്ള വില വർധന ഉണ്ടായേക്കുമെന്നും വിദഗ്ദർ വിലയിരുത്തുന്നുണ്ട്. ഇന്ധന വില വർധനയുമായി ബന്ധപ്പെട്ട് തെറ്റായ  വാർത്തകളും ഈ സാഹചര്യത്തിൽ പ്രചരിക്കുന്നുണ്ട് രാജ്യത്തെ മുൻനിര ബിസിനസ്സ് ചാനലായ CNBC-TV18 പ്രസിദ്ധീകരിച്ച ഒരു ‘എക്സ്ക്ലൂസീവ് വാർത്ത’  പ്രധാനമന്ത്രിക്ക് തന്നെ തിരുത്തേണ്ടി വന്നു. പ്രധാനമന്ത്രിയുടെ നിഷേധത്തിന് പിന്നാലെ CNBC വാർത്ത പിൻവലിച്ചുവെങ്കിലും തെറ്റായ വിവരം വലിയ തോതിൽ പ്രചരിപ്പിക്കപ്പെട്ടു.

എന്തായിരുന്നു CNBC-TV18 യുടെ ‘എക്സ്ക്ലൂസീവ്’?

രാജ്യത്ത് പെട്രോൾ വിലവർധനയുടെ ചർച്ചകൾ വ്യാപകമായി നടക്കുന്നതിനിടെയാണ് മെയ് 15 ന്  CNBC-TV18 ഒരു ‘എക്സ്ക്ലൂസീവ് ‘വാർത്താ കാർഡ് പുറത്തിറക്കുന്നത്. 

‘GOVT CONSIDERING TAX/CESS/SURCHARGE ON FOREIGN TRAVEL’ എന്ന തലക്കെട്ടോടുകൂടിയ ഗ്രാഫിക്സ് കാർഡാണ് CNBC അവരുടെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. 

CNBC യുടെ എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട് (ഇപ്പോൾ നീക്കം ചെയ്തു)

വിദേശയാത്രകൾക്ക് മേൽ പുതിയ നികുതിയോ സെസ്സോ ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നു. ‘NO FINAL DECISION YET’ (അന്തിമ തീരുമാനമല്ല) എന്നും തലക്കെട്ടിലുണ്ട്. സർക്കാരിന്റെ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങളാണിതെന്നും പോസ്റ്റ് അവകാശപ്പെടുന്നു. 

സിഎൻബിസിയുടെ വാർത്തയിൽ പറഞ്ഞ കാര്യങ്ങൾ ഇവയാണ്: 

വിദേശയാത്രകൾക്ക് മേൽ നികുതിയോ സെസ്സോ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ഉന്നത തല ചർച്ചകൾ നടക്കുന്നു.. ഈ നികുതിയിൽ സംസ്ഥാനങ്ങൾക്ക് വിഹിതമുണ്ടാകില്ല  ഈ പുതിയ ‘യാത്രാ സെസ്സ്’ വഴി ലഭിക്കുന്ന പണം മുഴുവൻ കേന്ദ്രത്തിലേക്ക് മാത്രമാണ് പോവുകയെന്നും  സംസ്ഥാനങ്ങൾക്ക് ഇതിൽ യാതൊരു അവകാശവും ഉണ്ടാവില്ലെന്നും സി എൻ ബി സി വാർത്തയിൽ പറയുന്നു. നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങൾ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ  ബാധിക്കാതിരിക്കാൻ ഒരു മുൻകരുതൽ എന്ന നിലയിലാണ് ഈ നികുതി കൊണ്ടുവരുന്നതെന്നും വാർത്തയിൽ പറയുന്നു. 

ഇതൊരു സ്ഥിരം നികുതിയല്ലെന്നും നിലവിലെ പ്രതിസന്ധി മറികടക്കാൻ ഒരു വർഷത്തേക്ക് മാത്രമായി ഏർപ്പെടുത്തുന്ന താൽക്കാലിക നിയന്ത്രണമാണെന്നും  സി എൻ ബി സി റിപ്പോർട്ടിൽ പറയുന്നു. 

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടുന്നത് മൂലം രാജ്യത്തിനുണ്ടാകുന്ന ഭീമമായ ഇറക്കുമതി ചെലവ് നികത്താനാണ് വിദേശയാത്രകൾക്ക് നികുതി ഏർപ്പെടുത്തുന്നതെന്നാണ് വാർത്ത. പെട്രോൾ വില വർധന ചർച്ചയാകുന്ന പശ്ചാത്തലത്തിൽ ഇത് വേഗം വൈറലാവുകയും ചെയ്തു. ഇതിനെക്കുറിച്ച് തങ്ങൾ ധനകാര്യ മന്ത്രാലയത്തോട് പ്രതികരണം  ആവശ്യപ്പെട്ടുവെന്നും എന്നാൽ അവർ പ്രതികരിച്ചില്ലെന്നും ചാനൽ വ്യക്തമാക്കുന്നു. 

 പ്രമുഖ അക്കൗണ്ടുകളിൽ വൈറലായ വ്യാജ കാർഡ് 

ചുരുങ്ങിയ സമയത്തിനുള്ളിൽ, ഈ ഗ്രാഫിക്സ് കാർഡ് വൈറലായി. മുതിർന്ന മാധ്യമ പ്രവർത്തകരടക്കം ഈ വാർത്ത ഷെയർ ചെയ്തു . ‘I am a Troll’ എന്ന പുസ്തകമെഴുതിയ സ്വാതി ചതുർവേദിയാണ് തെറ്റിദ്ധരിപ്പിക്കപ്പെട്ടവരിൽ ഒരാൾ.

 507.6K (5,07645) ഫോളോവെർസ് ഉള്ള  എക്സിലാണ് (ട്വിറ്റർ ) സ്വാതി ചതുർവേദി ഇത് പങ്കുവച്ചത്. 

“Utter looney tunes from the Modi govt. We pay enough taxes for virtually zero services & this is ridiculous” (‘മോദി സർക്കാരിന്റെ ഭ്രാന്തൻ നടപടികൾ. യാതൊരു സേവനവും ലഭിക്കാതെ തന്നെ നമ്മൾ ആവശ്യത്തിന് നികുതി അടക്കുന്നുണ്ട്, ഇത് തികച്ചും പരിഹാസ്യമാണ്) എന്നായിരുന്നു അതിന്റെ ക്യാപ്‌ഷൻ.

 സ്വാതി ചതുർവേദിയുടേ എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

15,000 പേരാണ് ഇതുവരെ ഈ പോസ്റ്റ് കണ്ടിട്ടുള്ളത്. വാട്സ്ആപ് യൂണിവേഴ്സിറ്റി മെസേജ് ആണിത് എന്നും ഫേക്ക് ന്യൂസ് ആണെന്നും ആളുകൾ കമൻ്റ് സെക്ഷനിൽ രേഖപ്പെടുത്തിയിരിക്കുന്നത് കാണാം.

മാധ്യമപ്രവർത്തകർക്ക് പുറമെ, സാമ്പത്തിക രംഗത്തെ നിരീക്ഷകരും വിപണി വിദഗ്ധരും സി എൻ ബി സി യുടെ വാർത്ത വിശ്വസിച്ചു ഷെയർ ചെയ്തു .. 64,000ത്തിലധികം ഫോളോവേഴ്സുള്ള, പൈൻട്രീ (Pinetree) സ്ഥാപകനും മാക്രോ ട്രെൻഡ് വാച്ചറുമായ റിതേഷ് ജെയിൻ  ഈ പോസ്റ്റ് ഷെയർ ചെയ്‌തു.

‘More additional measures in offing’ (കൂടുതൽ നടപടികൾ വരാനിരിക്കുന്നു) എന്ന അടിക്കുറിപ്പോടെയാണ് റിതേഷ് ജെയിൻ സി എൻ ബി സിയുടെ വാർത്ത പങ്ക് വെച്ചത്.

റിതേഷ് ജെയിൻ എന്ന അക്കൗണ്ടിൽ വന്ന പോസ്റ്റ്, സ്ക്രീൻഷോട്ട്

മണിക്കൂറുകൾക്കുള്ളിൽ മുപ്പതിനായിരത്തിലധികം ആളുകളാണ് ഈ പോസ്റ്റ് കണ്ടത്. 

പ്രധാനമന്ത്രിയുടെ പ്രതികരണം 

സി എൻ ബി സിയുടെ വാർത്ത സാമൂഹ്യ മാധ്യമങ്ങളിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കിയ സാഹചര്യത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ  പ്രതികരണവുമായി രംഗത്തെത്തി. സാധാരണയായി ഇത്തരം വാർത്തകൾ പി.ഐ.ബി (PIB) ഫാക്ട് ചെക്ക് വിഭാഗം വഴിയോ മന്ത്രാലയ വക്താക്കൾ വഴിയോ ആണ് തിരുത്താറുള്ളത്. ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്വന്തം എക്സ് ഹാൻഡിലിലൂടെ നേരിട്ട് ഒരു മാധ്യമ വാർത്തയെ നിഷേധിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

സിഎൻബിസിയുടെ വൈറൽ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി  നടത്തിയ പ്രതികരണം ഇങ്ങനെയായിരുന്നു: 

‘This is totally false. Not an iota of truth in this’ എന്നായിരുന്നു പോസ്റ്റ്. മെയ് 15 രാത്രി 9:51നാണ് പോസ്റ്റ് പങ്കുവയ്ക്കുന്നത്.

മോദിയുടെ എക്സ് പോസ്റ്റ്, സ്‌ക്രീൻഷോട്ട്

സിഎൻബിസി വാർത്ത സത്യമല്ലെന്നും വിദേശയാത്രകൾക്ക് മേൽ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതേയില്ല എന്നുമാണ് പ്രധാനമന്ത്രി വിശദീകരിച്ചത്. വിദേശയാത്രകൾക്ക് നികുതി ഏർപ്പെടുത്തുക എന്നത് സർക്കാരിന്റെ ‘ഈസ് ഓഫ് ലിവിംഗ്’ (Ease of Living) നയത്തിന് വിരുദ്ധമാണെന്നും മോദി വ്യക്തമാക്കി.

സിഎൻബിസിയുടെ ക്ഷമാപണ പോസ്റ്റ് 

പ്രധാനമന്ത്രിയുടെ പ്രതികരണം വന്ന് മിനിറ്റുകൾക്കകം തന്നെ CNBC വാർത്ത പിൻവലിച്ചു ഖേദം പ്രകടിപ്പിച്ചു . തെറ്റ് പറ്റിയെന്നു വിശദീകരണവുമായി എക്‌സിൽ പോസ്റ്റിട്ടു . വിദേശയാത്രകൾക്ക്   സെസ്സ് ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നു എന്ന തങ്ങളുടെ വാർത്ത സത്യമല്ലെന്നും അത് പിൻവലിക്കുന്നുവെന്നും അവർ അറിയിച്ചു.

 

സിഎൻബിസിയുടെ പോസ്റ്റ്, സ്ക്രീൻഷോട്ട് 

സിഎൻബിസി മാധ്യമ പ്രവർത്തകയ്ക്ക് നേരെയുള്ള സൈബറാക്രമണം

സിഎൻബിസി പോസ്റ്റ് പിൻവലിക്കുകയും മാപ്പ് പറയുകയും ചെയ്തതിന് പിന്നാലെ, സിഎൻബിസിയിലെ മാധ്യമപ്രവർത്തകയ്ക്ക് നേരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ്  ഉണ്ടായത്. സി എൻ ബി സിയിൽ ജേർണലിസ്റ്റ് ആയ ടിംസി ജയ്പൂരിയെ ലക്ഷ്യം വെച്ചായിരുന്നു പ്രധാനമായും സൈബറാക്രമണം നടന്നത്.

14,000ത്തിലധികം ഫോളോവേഴ്സുള്ള, സീരിയൽ സംരഭകൻ എന്ന് സ്വയം പരിചയപ്പെടുത്തുന്ന (എക്സ് ബയോ പ്രകാരം) സന്ദീപ് ഗാന്ധോത്രയുടെ പോസ്റ്റ് ഇതിൽ ഒന്നാണ്.

 ‘Timsy Jaipuria, a fan girl of the Aam Aadmi Party, is no stranger to fake news’ (‘ആം ആദ്മി പാർട്ടിയുടെ ഫാൻ ഗേളായ ടിംസി ജയ്പൂരിക്ക് വ്യാജവാർത്തകൾ പുത്തരിയല്ല’) എന്നായിരുന്നു ക്യാപ്ഷൻ. 

എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

ഇതുവരെ (17/5/ 26) 20,500ലധികം പേർ ഈ പോസ്റ്റ് കണ്ടു. ആയിരത്തിലധികം പേർ ലൈക്ക് ചെയ്യുകയും ചെയ്തു.

45.8K ഫോളോവേഴ്സ് ഉള്ള മറ്റൊരു അക്കൗണ്ടും മാധ്യമപ്രവർത്തകക്കെതിരെ  പോസ്റ്റിട്ടിട്ടുണ്ട്. ‘Saffron chargers’ എന്ന അക്കൗണ്ടാണിത്. ജേർണലിസത്തിന്റെ പേരിൽ ഇവർ ‘പ്രൊപ്പഗണ്ട’ നടത്തുകയാണെന്നും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കുകയാണെന്നും പോസ്റ്റ് കുറ്റപ്പെടുത്തുന്നു. 

മറ്റൊരു പോസ്റ്റ്, Sameer എന്ന വെരിഫൈഡ് അക്കൗണ്ടിൽ നിന്ന് ഉള്ളതാണ്. വാർത്ത പിൻവലിക്കുന്നു എന്ന മാധ്യമപ്രവർത്തകയുടെ പോസ്റ്റ് മെൻഷൻ ചെയ്തുകൊണ്ടായിരുന്നു ഇത്. 118.8K ഫോളോവെർസ് ഉള്ള ഒരു അക്കൗണ്ട് ആണിത്.

എക്സ് പോസ്റ്റ്, സ്ക്രീൻഷോട്ട്

വാർത്ത ശരിയാണെന്ന് വന്നപ്പോൾ അതിന്റെ ക്രെഡിറ്റ് മുഴുവൻ സ്വന്തം പേരിലാക്കിയ എഡിറ്റർ, അത് തെറ്റാണെന്ന് വന്നപ്പോൾ ഉത്തരവാദിത്തം ചാനലിന്റെ തലയിൽ കെട്ടിവെച്ചു എന്നായിരുന്നു ഈ പോസ്റ്റിലെ  ആരോപണം. ‘ടിംസിയിൽ നിന്നും ഫ്ലിംസിയിലേക്കുള്ള (Flimsy) വീഴ്ച വളരെ വേഗത്തിലായിരുന്നു’ എന്നും ഈ പോസ്റ്റ് പരിഹസിക്കുന്നു.

സിഎൻബിസി പോസ്റ്റ് പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തതോടെ വിവാദം അവസാനിച്ചുവെങ്കിലും ഈ തെറ്റായ വാർത്ത ഉയർത്തി വിട്ട  ചർച്ചകൾ ഇപ്പോഴും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. മാധ്യമ പ്രവർത്തകയെ അവഹേളിച്ചുകൊണ്ടു പോസ്റ്റിട്ട അക്കൗണ്ടുകൾ അത് തുടർന്നുകൊണ്ടേയിരിക്കുന്നു എന്നാണ് ആ അക്കൗണ്ടുകൾ തുടർച്ചയായി നിരീക്ഷിക്കുമ്പോൾ മനസിലാകുന്നത്. 

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top