
മക്ക കരാർ ഇന്ത്യക്ക് ഭീഷണിയെന്ന് ശശി തരൂർ; എക്സ് അക്കൗണ്ടുകളിൽ പ്രചരിക്കുന്ന വ്യാജ വാർത്ത
മക്ക കരാർ ഇന്ത്യക്ക് ഭീഷണിയാണെന്ന് (Makka Pact poses a threat to India) കോൺഗ്രസ് നേതാവും ലോക്സഭാ എം പിയുമായ ശശി തരൂർ പറയുന്നതായി അവകാശപ്പെടുന്ന ഒരു വീഡിയോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എക്സ് അക്കൗണ്ടുകളിൽ പ്രചരിക്കുന്നുണ്ട്. ഇംഗ്ലീഷിലാണ് പോസ്റ്റുകൾ കാണുന്നത്. സൗദി അറേബ്യ, പാകിസ്ഥാൻ, തുർക്കി എന്നീ മൂന്ന് രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച സംയുക്ത സുരക്ഷാ സഖ്യമാണ് മക്ക സംയുക്ത പ്രതിരോധ കരാർ എന്ന പേരിൽ അറിയപ്പെടുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 7 നാണ് ഈ കരാർ പ്രാബല്യത്തിൽ വന്നത്. ഈ കരാറിനെ ഇന്ത്യ എങ്ങനെ നോക്കിക്കാണുന്നു എന്ന മാധ്യമ പ്രവർത്തകയുടെ ചോദ്യത്തിന് ശശി തരൂർ മറുപടി പറയുന്നതായുള്ള വീഡിയോ ആണ് പങ്കുവെച്ചിട്ടുള്ളത്.
വീഡിയോ ഇങ്ങനെ
Clearsignal 44 എന്ന എക്സ് അക്കൗണ്ടിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 26ന് ആണിത്. “മക്ക കരാർ ഇന്ത്യയിൽ ഗുരുതരമായ സുരക്ഷാ ആശങ്കകൾ ഉയർത്തിയിട്ടുണ്ടെന്ന് ശശി തരൂർ സമ്മതിക്കുന്നു: അൽ അറേബ്യ ഇംഗ്ലീഷിന് നൽകിയ അഭിമുഖത്തിൽ മക്ക കരാർ ഇന്ത്യക്ക് ഭീഷണിയാണെന്ന് അദ്ദേഹം തുറന്നു പറയുന്നു” എന്ന് ഇംഗ്ലീഷിൽ എഴുതിയ ക്യാപ്ഷനിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്.

News IQ എന്ന ഒരു ഇംഗ്ലീഷ് എക്സ് അക്കൗണ്ടിൽ നിന്നും ഈ വീഡിയോ ഇതുവരെ (1/10/26) ആയിരം പേർ കണ്ടിട്ടുണ്ട്.

5,788 ഫോളോവേഴ്സ് ഉള്ള രാജ ആത്തിഫ് സുൽഫിക്കർ എന്ന ഒരു അക്കൗണ്ടും (എക്സ് ബയോയിൽ മാധ്യമപ്രവർത്തകൻ എന്ന്, അവകാശപ്പെടുന്നു) ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. “മക്ക കരാർ ഇന്ത്യയ്ക്ക് ഭീഷണി എന്ന് ശശി തരൂർ” എന്നാണ് ക്യാപ്ഷൻ.
ഞങ്ങൾ കണ്ടെത്തിയത്
വീഡിയോ സൂക്ഷ്മമായി നോക്കിയാൽ സംഭാഷണത്തിൽ ചെറിയ പൊരുത്തക്കേടുകൾ കാണാം. വീഡിയോ പരിശോധിക്കുമ്പോൾ ശശി തരൂരിൻ്റെ ചുണ്ടുകളുടെ ചലനത്തിനും ചില അപാകതകൾ കാണാം. റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, ഈ വീഡിയോയുടെ യഥാർത്ഥ പതിപ്പ് യൂട്യൂബിൽ നിന്നും കണ്ടെത്താനായി.
943K സബ്സ്ക്രബേഴ്സ് ഉള്ള അൽ അറേബ്യ ഇംഗ്ലീഷിൻ്റെ വീഡിയോ ആണിത്. യഥാർത്ഥ വീഡിയോ 21 മിനിറ്റ് ദൈർഘ്യം ഉള്ളതാണ്.

സെപ്റ്റംബർ 23 നാണ് ഈ വീഡിയോ, ചാനൽ യൂട്യൂബിൽ അപ്ലോഡ് ചെയ്തിട്ടുള്ളത്. മക്ക കരാർ കൊണ്ട് ഇന്ത്യക്ക് ഭീഷണിയോ കാര്യമായ പ്രത്യാഘാതങ്ങളോ ഉണ്ടാകാൻ ഇടയില്ല എന്നാണ് യഥാര്ത്ഥത്തില് ശശി തരൂർ പറയുന്നത് സൗദി അറേബ്യ ആക്രമിക്കപ്പെട്ടപ്പോൾ ഈ കരാറിലെ മറ്റ് അംഗങ്ങളായ പാകിസ്ഥാനോ തുർക്കിയോ സഹായിക്കാൻ എത്തിയിരുന്നില്ല എന്ന ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇതിന് മറുപടി നൽകിയത്. പാകിസ്ഥാൻ ഇന്ത്യക്കെതിരെ എന്തെങ്കിലും നീക്കം നടത്തിയാൽ മറ്റ് രാജ്യങ്ങൾ അവരെ സഹായിക്കാൻ വരുമെന്ന് കരുതാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇപ്പോള് പ്രചരിക്കുന്ന ക്ലിപ്പ്, എ ഐ നിർമിതമാണോ എന്ന് ഒബിസി പരിശോധിച്ചു. വീഡിയോ എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്മിച്ചതാണ് എന്നാണ് ഞങ്ങൾ കണ്ടെത്തിയത്.
അതായത്, ശശി തരൂരിന്റെ അഭിമുഖം കട്ട് ചെയ്ത് അതില് എ ഐ ഉപയോഗിച്ച് മാറ്റങ്ങൾ വരുത്തിയാണ് ഇപ്പോള് സാമൂഹ്യ മാധ്യമങ്ങളില് പ്രചരിപ്പിക്കുന്നതെന്നാണ് ഒബിസിയുടെ വസ്തുതാന്വേഷണത്തില് മനസിലായത്.
