‘വാൻ നിറയെ പോലീസ് യൂണിഫോമുകൾ’, രാഹുൽ ഗാന്ധിയുടെ വീടിന് നേരെ വെടിവെപ്പ് – വൈറലായ വ്യാജ വാർത്തകൾ

‘വാൻ നിറയെ പോലീസ് യൂണിഫോമുകൾ’, രാഹുൽ ഗാന്ധിയുടെ വീടിന് നേരെ വെടിവെപ്പ് – വൈറലായ വ്യാജ വാർത്തകൾ

ഇപ്പോൾ ഡൽഹിയിൽ നടക്കുന്നത് ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. പക്ഷെ പോലീസിനെതിരെയും സർക്കാരിനെതിരെയും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് സമരത്തിന്റെ വിശ്വാസ്യത തകർക്കാനേ സഹായിക്കൂ. അത്തരത്തിൽ വൈറലായ രണ്ട് വ്യാജ വാർത്തകളുടെ നിജസ്ഥിതി ഞങ്ങൾ പരിശോധിച്ചു.

ഡൽഹിയിലെ സമരം തീക്ഷ്ണമാകുന്നതിനൊപ്പം വ്യാജവാർത്തകളും അതേ തീക്ഷ്ണതയിൽ തന്നെ പ്രചരിക്കുന്നുണ്ട്. സിജെപി സമരത്തിനെതിരായി മാത്രമല്ല, പോലീസിനെതിരെയും വ്യാജ വാർത്തകൾ നിറയുകയാണ്.

ഡൽഹി പോലീസ് രാഹുൽ ഗാന്ധിയുടെ വീടിന് നേരെ വെടിയുതിർത്തെന്നും വ്യാജ പോലീസിനെ വിന്യസിക്കാനായി യൂണിഫോം വാനിൽ കൊണ്ട് പോയെന്നൊക്കെയാണ് പ്രചാരണം. എന്നാൽ ഈ വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് ഒബിസിയുടെ അന്വേഷണത്തിൽ വ്യക്തമായി.

ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, ഒരു വാൻ നിറയെ പോലീസ് യൂണിഫോമുകൾ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഡൽഹി പോലീസിന്റെ വേഷത്തിൽ ആർ.എസ്.എസ് പ്രവർത്തകരെയും ബി.ജെ.പി പിന്തുണയ്ക്കുന്ന ഗുണ്ടകളെയും ഇറക്കാൻ വേണ്ടിയാണ് ഈ യൂണിഫോമുകൾ എത്തിച്ചതെന്നാണ് പോസ്റ്റുകളിലെ അവകാശവാദം.

ഒക്ടോബർ 11-ന് ഡൽഹി കാനോട്ട് പ്ലേസിൽ കാവി ഷാളും ലാത്തികളുമേന്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജയ് വിളിച്ച് എത്തിയ ഹിന്ദു രക്ഷാ ദൾ പ്രവർത്തകർ പ്രതിഷേധക്കാരായ വിദ്യാർത്ഥികളെ ആക്രമിച്ചെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് ഈ 20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ വൈറലായത്.

മഹരാഷ്ട്രയിൽ നിന്നുള്ള ശിവസേന (യുബിടി) രാജ്യസഭാ എം.പി സഞ്ജയ് റൗട്ട് ഒക്ടോബർ 12-ന് തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയാണ് ആദ്യം കണ്ടെത്തിയത്, ഡൽഹി പോലീസ് വ്യാജ പോലീസുകാരായി ഗുണ്ടകളെ ഇറക്കാൻ നെയിം പ്ലേറ്റുകൾ ഇല്ലാത്ത യൂണിഫോമുകൾ വാനിൽ എത്തിക്കുകയാണെന്നാണ് പോസ്റ്റിലെ ആരോപണം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരമാണ് ഡൽഹി പോലീസ് ഇത് ചെയ്യുന്നതെന്നും പോസ്റ്റിൽ പറയുന്നു.

"Screenshot of Sanjay Raut's X post falsely claiming police uniforms are being transported in vans during the Delhi protests."
സഞ്ജയ് റാവത്തിന്റെ എക്സ് പോസ്റ്റ്

ഒക്ടോബർ 12 ന് സഞ്ജയ് റാവത്ത് എക്സിൽ പങ്കുവെച്ച പോസ്റ്റ് ഇതുവരെ (ഒക്ടോബർ 14) രണ്ടരലക്ഷത്തോളം തവണയാണ് കണ്ടിട്ടുള്ളത്. പോസ്റ്റിന് എണ്ണായിരത്തിലധികം ലൈക്കുകളും 334 കമന്റുകളും ലഭിച്ചിട്ടുണ്ട്. 

ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ചിലൂടെ ഇതേ വീഡിയോ സമാനമായ അടിക്കുറിപ്പുകളിലൂടെ നിരവധി പേർ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. സിപിഐഎം ദിനപത്രമായ ദേശാഭിമാനിയും ഫേസ്ബുക്കിൽ ഈ വാർത്ത പങ്കുവെച്ചിട്ടുണ്ട്. പ്രചരിക്കുന്ന വീഡിയോയിലെ സ്ക്രീൻ ഷോട്ടുകളുൾപ്പെടുത്തിയ ഒരു പോസ്റ്ററാണ് ദേശാഭിമാനി പങ്കുവെച്ചിരിക്കുന്നത്. “വണ്ടി നിറയെ യൂണിഫോമുകൾ ഡൽഹിയിൽ പ്രക്ഷോഭകരെ ആക്രമിക്കുന്നത് യഥാർത്ഥത്തിൽ ആര്?” എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ഒക്ടോബർ 12 ന് തന്നെയാണ് ദേശാഭിമാനിയും വാർത്ത പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുവരെ (ഒക്ടോബർ 14) ഈ പോസ്റ്റ് 5,500 പേർ ലൈക്ക് ചെയ്തിട്ടുണ്ട്. 4,600 പേർ ഷെയർ ചെയ്തിട്ടുമുണ്ട്.

"Screenshot of Deshabhimani's Facebook post featuring a poster questioning the police uniform controversy during the Delhi protests."
ദേശാഭിമാനിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ദർശന ടിവി എന്ന ഓൺലൈൻ ന്യൂസ് ചാനലും സഞ്ജയ് റാവത്തിന്റെ ആരോപണം വാർത്തയാക്കി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒക്ടോബർ 12 ന് പോസ്റ്റ് ചെയ്ത ഈ പോസ്റ്ററിനും രണ്ട് ദിവസം കൊണ്ട് 3,500 ലധികം ലൈക്കുകൾ ലഭിച്ചിട്ടുണ്ട്.

"Screenshot of Darshana TV's Facebook post reporting on the viral claim regarding police uniforms during the Delhi protests."
ദർശന ടിവി യുടെ ഫേസ്ബുക്ക് പോസ്റ്റ് 

എന്നാൽ പ്രചരിക്കുന്ന വീഡിയോയുടെ പശ്ചാത്തലത്തിൽ ഒരാൾ ബംഗാളി ഭാഷയിൽ സംസാരിക്കുന്നത് കേൾക്കാൻ സാധിക്കും. തുടർന്ന് വീഡിയോയിലെ കീഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, 2026 ഒക്ടോബർ 9-ന് ഫേസ്ബുക്കിൽ ‘Rakesh Sarkar’ എന്ന ഹാൻഡിലിൽ നിന്ന് ഇതേ വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. പശ്ചിമ ബംഗാൾ പോലീസിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺസ്റ്റബിൾമാർക്ക് വേണ്ടിയുള്ള യൂണിഫോമുകളാണ് ഇതെന്നാണ് വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നത്.

"Original video footage showing uniforms being transported for the West Bengal Police constable recruitment."
‘Rakesh Sarkar’ എന്ന അക്കൗണ്ടിൽ നിന്നുള്ള പോസ്റ്റ്

വൈറൽ വീഡിയോയുടെ കമന്റ് ബോക്സിൽ രാകേഷ് സർക്കാർ കാര്യങ്ങൾ വ്യക്തമാക്കിക്കൊണ്ട് കൂടുതൽ കുറിപ്പും പങ്കുവെച്ചിരുന്നു. ഈ കമന്റിൽ, വീഡിയോയിൽ എല്ലാവരും തെറ്റിദ്ധരിച്ച് കമ്മന്റ് ചെയ്യുകയാണെന്നും, ഇത് വെസ്റ്റ് ബംഗാൾ പോലീസിന്റെ പുതിയ യൂണിഫോമാണെന്നും പറയുന്നുണ്ട്. ഇത് ആർഎസ്എസ് ന്റെ യൂണിഫോമല്ലെന്നും കമന്റിൽ രാകേഷ് വ്യക്തമാക്കുന്നുണ്ട്.

"Screenshot of Rakesh Sarkar's Facebook comment clarifying that the video shows West Bengal Police recruitment uniforms, not RSS uniforms."
‘Rakesh Sarkar’ ന്റെ പോസ്റ്റിലെ കമ്മന്റ്

ഈ അക്കൗണ്ട് വിശദമായി പരിശോധിച്ചപ്പോൾ 2026 ഒക്ടോബർ 1-ന് പോസ്റ്റ് ചെയ്ത മറ്റൊരു വീഡിയോയും ലഭ്യമായി. പശ്ചിമ ബംഗാളിലെ ബംഗാവ് പോലീസ് ഡിപ്പാർട്ട്‌മെന്റിൽ (Bangaon Police Department) തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ യൂണിഫോം അളവുകൾ എടുക്കുന്നതിനായി വരിനിൽക്കുന്ന ദൃശ്യങ്ങളാണിത്. ഇതിൽ നിന്ന് പശ്ചിമ ബംഗാൾ പോലീസ് കോൺസ്റ്റബിൾ റിക്രൂട്ട്‌മെന്റിനായി കൊണ്ടുപോയ യൂണിഫോമുകളുടെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് ഡൽഹി പോലീസിനെതിരെ വ്യാജ പ്രചാരണം നടത്തിയതെന്ന് വ്യക്തമായി.

ചുരുക്കത്തിൽ, ഡൽഹി പോലീസിന്റെ യൂണിഫോം വാനിൽ കൊണ്ടുപോകുന്നുവെന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ വ്യാജമാണ്.

ഡൽഹി സമരത്തെ പിൻപറ്റി വേറെയും വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജി വെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ത്യാ സഖ്യ നേതാക്കളും പ്രവർത്തകരും ഒക്ടോബർ രണ്ടിന് സുപ്രീം കോടതിയിലേക്ക് റാലി നടത്തിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദ്ദേശപ്രകാരം ഡൽഹി പോലീസ് രാഹുൽ ഗാന്ധിയുടെ വസതി ആക്രമിച്ചെന്നും സ്ഥലത്ത് വെടിവെപ്പുണ്ടായെന്നും സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം ആരംഭിച്ചത്. 

‘indiantiwari01‘ എന്ന എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ആദ്യം കണ്ടെത്തിയത്. വീഡിയോയിൽ, ഒരു റോഡിൽ നിരവധിയാളുകൾ കൂടി നിൽക്കുന്നതും പോലീസ് വെടിയുതിർക്കുന്നതുമായി കാണാം. ഒറ്റനോട്ടത്തിൽ, ഒരു പ്രക്ഷോഭത്തിനിടയിലെ സന്ദർഭമാണെന്ന് വ്യക്തം. ഇത് ഡൽഹിയിൽ നിന്നുള്ള ഇപ്പോഴത്തെ ദൃശ്യങ്ങളാണെന്നും, വീഡിയോയിൽ പോലീസ് വെടിയുതിർക്കുന്നത് രാഹുൽ ഗാന്ധിയുടെ വീടിന് നേരെയുമാണെന്നാണ് പോസ്റ്റിലെ വാദം. ‘അമിത് ഷായുടെ ആജ്ഞയനുസരിച്ച് ഡൽഹി പോലീസ് രാഹുൽ ഗാന്ധിയുടെ വീടിന് നേരെ വെടിയുതിർക്കുന്നു’ എന്നാണ് പോസ്റ്റിലെ അടിക്കുറിപ്പ്. ഒക്ടോബർ 13 നാണ് സംഭവം നടന്നതെന്ന് വീഡിയോയിൽ തന്നെ എഴുതിയിട്ടുമുണ്ട്.

"Screenshot of the post by 'indiantiwari01' on X falsely claiming that Delhi Police attacked Rahul Gandhi's residence."
‘Indiantiwari01’ എന്ന അക്കൗണ്ടിലെ പോസ്റ്റ്

പതിനാറ് സെക്കൻഡ് ദൈർഘ്യമുള്ള ഈ വീഡിയോ ഒക്ടോബർ 13 നാണ് എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ ഇതുവരെ (ഒക്ടോബർ 14) 58,000 ത്തിലധികം ആളുകൾ കണ്ടിട്ടുണ്ട്. 43 റീപോസ്റ്റുകളും 74 ലൈക്കുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. 

രാഹുൽ ഗാന്ധിയുടെ വീടിന് നേരെ ഇത്തരത്തിലൊരു പോലീസ് ആക്രമണമുണ്ടായിട്ടുണ്ടെങ്കിൽ അത് പ്രധാന വാർത്തയാകേണ്ടതാണ്. എന്നാൽ ഒക്ടോബർ 13-ന് രാഹുൽ ഗാന്ധിയുടെ ഡൽഹിയിലെ , സുനേരി ബാഗ് റോഡിലുള്ള വസതിയിൽ യാതൊരുവിധ അക്രമങ്ങളോ വെടിവെപ്പോ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മല്ലികാർജുൻ ഖാർഗെ, സുപ്രിയ സുലെ, തേജസ്വി യാദവ്, സഞ്ജയ് റാവത്ത് എന്നിവരടങ്ങുന്ന ഇന്ത്യാ സഖ്യത്തിലെ പ്രമുഖ നേതാക്കൾ പങ്കെടുത്ത ചായ സൽക്കാരവും തുടർന്ന് വാർത്താസമ്മേളനവും രാഹുൽ ഗാന്ധിയുടെ വസതിയിൽ തികച്ചും സമാധാനപരമായ അന്തരീക്ഷത്തിലാണ് നടന്നത്. പ്രമുഖ നേതാക്കൾ വസതിയിലേക്ക് ശാന്തമായി എത്തുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുമുണ്ട്.

വീഡിയോയുടെ സ്ക്രീൻഷോട്ടുകളുപയോഗിച്ച് നടത്തിയ ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ചെന്നെത്തിയത് 2019 ലെ പൗരത്വ ഭേദഗതി (CAA) സമരത്തെ പറ്റിയുള്ള ഒരു വാർത്തയിലാണ്. 2019 ഡിസംബർ 15 ലെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടാണിത്. ഈ റിപ്പോർട്ടിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ പൂർണ്ണ രൂപമുണ്ട്. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, ഇതേ ദിവസം സൗത്ത് ഡൽഹിയിലെ ന്യൂ ഫ്രണ്ട്സ് കോളനിയിൽ നടന്ന പൗരത്വ ഭേദഗതി നിയമ (സിഎഎ) വിരുദ്ധ പ്രതിഷേധത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിവ. 56 സെക്കന്റ് നീണ്ടു നിൽക്കുന്ന ഈ വീഡിയോയിൽ പോലീസുകാരും പ്രതിഷേധക്കാരും തെരുവിൽ ഏറ്റുമുട്ടുന്നതായി കാണാം.

"Screenshot of The Times of India report showing visuals from the anti-CAA protests in 2019."
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്

ചുരുക്കത്തിൽ, രാഹുൽഗാന്ധിയുടെ വീടിന് നേരെ പോലീസ് വെടിയുതിർത്തുവെന്ന പേരിൽ പ്രചരിക്കുന്ന വാർത്ത പൂർണമായും വ്യാജമാണ്. 2019 ലെ സിഎഎ പ്രക്ഷോഭ സമയത്തെ ദൃശ്യങ്ങളാണിവ.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top