പാകിസ്താനിലേക്കുള്ള നീരൊഴുക്ക് ഇന്ത്യ തടസ്സപ്പെടുത്തുന്നുവെന്ന പ്രചാരണവുമായി വൈറലാവുന്ന വീഡിയോ – ഫാക്ട് ചെക്ക് 

പാകിസ്താനിലേക്കുള്ള നീരൊഴുക്ക് ഇന്ത്യ തടസ്സപ്പെടുത്തുന്നുവെന്ന പ്രചാരണവുമായി വൈറലാവുന്ന വീഡിയോ – ഫാക്ട് ചെക്ക് 

ഇന്ത്യയിൽ നിന്നും പാകിസ്ഥാനിലേക്ക് ഒഴുകുന്ന ചെനാബ് നദി ഇന്ത്യ വഴി തിരിച്ചുവിടുന്നു എന്ന പേരിൽ ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്താണ് ഈ വീഡിയോയുടെ യാഥാർഥ്യം? ഒ ബി സി അന്വേഷിച്ചു.

ഫേസ്ബുക്കിൽ 36k ഫോളോവേർസ് ഉള്ള, നിരന്തരം ബിജെപി അനുകൂല പോസ്റ്റുകൾ പങ്കുവയ്ക്കുന്ന Shibi shibi എന്ന അക്കൗണ്ടിൽ 2026 നവംബർ 8ന് ഒരു വീഡിയോ പങ്കുവച്ചു. ഒരു നദിയിൽ നിന്നും കനാൽ വഴി, വെള്ളം പുറത്തേക്ക് ഒഴുകി പോകുന്ന ദൃശ്യങ്ങളാണ് പോസ്റ്റിലുള്ളത്. ‘പാക്കിസ്ഥാനിലേക്ക് ഒഴുകിയിരുന്ന, കാശ്മീരിലെ ചെനാബ് നദിയുടെ ഗതി, കിരു അണക്കെട്ടിലേക്ക് തിരിച്ചുവിട്ടു തുടങ്ങിയതായി റിപ്പോർട്ട്… “പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിച്ചാൽ ചെനാബ് നദിയിലൂടെ ചോര ഒഴുകും..” എന്ന് പറഞ്ഞ ഒരു പപ്പു ഉണ്ടായിരുന്നു പാക്കിസ്ഥാനിൽ…ആളിപ്പോ എവിടെയാണോ ആവോ?’ ഇങ്ങനെ ഒരു അടിക്കുറിപ്പോടെയാണ് ഈ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഫേസ്ബുക് സ്ക്രീൻഷോട്ട്

നവംബർ 17 വരെ മാത്രം 26k വ്യൂസ് ആണ് ഈ പോസ്റ്റിനു ലഭിച്ചിട്ടുള്ളത്. ‘ഇളം പച്ച നിറത്തിലുള്ള രക്തം’, ‘പപ്പു നാട് വിട്ടുപോയി’ തുടങ്ങിയ നിരവധി വിദ്വേഷ കമന്റുകളും ഈ പോസ്റ്റിന്റെ കമന്റ്‌ ബോക്സിൽ കാണാം.

നവംബർ 9ന് ഇൻസ്റ്റാഗ്രാമിലും ഇതേ വീഡിയോ പങ്കുവച്ചിരിക്കുന്നതായി കാണാം. deshsutra എന്ന ഇൻസ്റ്റാഗ്രാം പേജ് പങ്കുവച്ച പോസ്റ്റിന് നവംബർ 16 വരെ മാത്രം 1.4 മില്യൺ വ്യൂസും 52k ഷെയറുകളുമാണ് ലഭിച്ചിട്ടുള്ളത്.

ഇൻസ്റ്റാഗ്രാം സ്ക്രീൻഷോട്ട് 

‘ബ്രേക്കിംഗ് ന്യൂസ്, സിന്ധു നദീജല കരാർ മരവിപ്പിച്ചതിന് കീഴിൽ കിരു അണക്കെട്ടിന്റെ നിർമ്മാണത്തിലൂടെ ഇന്ത്യ ചെനാബ് നദിയുടെ ഒഴുക്ക് തിരിച്ചുവിടാൻ തുടങ്ങിയതായി റിപ്പോർട്ട്’’ എന്ന അടിക്കുറിപ്പോടെ ഇതേ വീഡിയോ നവംബർ 8ന് X-ൽ പങ്കുവച്ചിട്ടുണ്ട്. നവംബർ 17 വരെ മാത്രം 314k വ്യൂസും നാലായിരത്തിൽ അധികം ലൈക്കുകളും ഈ പോസ്റ്റിനു ലഭിച്ചിട്ടുണ്ട്.

X സ്ക്രീൻഷോട്ട് 

എന്താണ് സത്യാവസ്ഥ

ചെനാബ് നദീതീരത്ത് നടന്ന ചില നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ ആധാരമാക്കിയാണ് ഈ അവകാശവാദങ്ങൾ ഉയർന്നുവന്നത്. ജമ്മു കശ്മീരിൽ പകൽ ദുൽ, കിരു എന്നിങ്ങനെ രണ്ട് വ്യത്യസ്ഥ ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.. അണക്കെട്ടുകളുടെ നിർമ്മാണത്തിന്റെ ഭാഗമായി താൽക്കാലികമായി വെള്ളത്തിന്‍റെ ഒരു ഭാഗം ഡൈവേർഷൻ ടണലുകളിലേക്ക് തിരിച്ചുവിടുന്നുണ്ട്. ഇത് നദിയുടെ അടിത്തട്ട് വറ്റിക്കാൻ സഹായിക്കുന്നു, അതിനുശേഷം വെള്ളം വീണ്ടും പ്രധാന നദീതടത്തിൽ തന്നെ തിരികെ ചേരുന്നു. ഇത് താൽകാലികമായ സാങ്കേതിക നടപടിക്രമം മാത്രമാണ് അല്ലാതെ ഒരു നദിയും സ്ഥിരമായി വഴിതിരിച്ചുവിടുന്നതല്ല.

ചെനാബ് നദീതടത്തിൽ ഇന്ത്യ എന്താണ് ചെയ്യുന്നത്?

സിന്ധു ജലകരാർ മരവിപ്പിച്ച സാഹചര്യത്തിൽ, പാകിസ്ഥാനിലേക്ക് ഒഴുകുന്ന പടിഞ്ഞാറൻ നദികളിലെ ജലവിഭവങ്ങൾ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസനമാണ് ഇന്ത്യ ഇപ്പോൾ വേഗത്തിലാക്കുന്നത്. ഇതിന്റെ ഭാഗമായി ജമ്മു കശ്മീരിലെ ചെനാബ് നദീതടത്തിൽ നിർമാണം പുരോഗമിക്കുന്ന ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കി പ്രവർത്തനക്ഷമമാക്കാനുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ മുൻഗണന നൽകുന്നു.

ഇതിൽ പ്രധാനപ്പെട്ട രണ്ട് പദ്ധതികളാണ് 1,000 മെഗാവാട്ട് ശേഷിയുള്ള പാകൽ ദുൽ, 624 മെഗാവാട്ട് ശേഷിയുള്ള കിരു ജലവൈദ്യുത പദ്ധതികൾ. രണ്ടും കിഷ്ത്വാർ ജില്ലയിലാണ്. പാകൽ ദുൽ ചെനാബിന്റെ പോഷകനദിയായ മാരുസുദാറിലാണ് നിർമിച്ചിരിക്കുന്നത്. 167 മീറ്റർ ഉയരമുള്ള അണക്കെട്ടും ഭൂഗർഭ വൈദ്യുതിനിലയവും ഉൾപ്പെടുന്നതാണ് പദ്ധതി. കിരു പദ്ധതി ചെനാബ് നദിയിലാണ്. 135 മീറ്റർ ഉയരമുള്ള അണക്കെട്ടും നാല് ജനറേറ്റിങ് യൂണിറ്റുകളുള്ള ഭൂഗർഭ വൈദ്യുതിനിലയവുമാണ് ഇതിന്റെ സവിശേഷത. പദ്ധതികളുടെ നിർമാണം പൂർത്തിയാക്കി കമ്മീഷൻ ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും 2026 ഡിസംബർ അവസാനത്തോടെ പ്രവർത്തനക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

അപ്പോൾ പാകിസ്ഥാനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് കുറയുമോ?

ചെനാബ് നദിയിൽ ഇന്ത്യ പുതിയ ജലവൈദ്യുത പദ്ധതികൾ കമ്മീഷൻ ചെയ്യുന്നതോടെ, പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം ഉടനടി ഗണ്യമായി കുറയുമെന്ന് പറയാനാവില്ല. 1,000 മെഗാവാട്ട് ശേഷിയുള്ള പാകൽ ദുൽ, 624 മെഗാവാട്ട് ശേഷിയുള്ള കിരു എന്നീ പദ്ധതികളിൽ പാകൽ ദുലിന് മാത്രമാണ് സംഭരണശേഷിയുള്ളത്. എന്നാൽ, സംഭരണശേഷിയുള്ള അണക്കെട്ടുകൾക്ക് നദിയിലെ വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനും ആവശ്യാനുസരണം ജലം സംഭരിക്കാനും കഴിയും. അതിനാൽ പദ്ധതികളുടെ സ്വഭാവവും അവയുടെ സംഭരണശേഷിയും പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹത്തെ ബാധിക്കാം.

പക്ഷെ, കിരു റൺ-ഓഫ്-ദി-റിവർ പദ്ധതിയാണ്. ഇത്തരം പദ്ധതികളിൽ നദിയിലെ വെള്ളം ടർബൈനുകളിലൂടെ കടത്തിവിട്ട് വൈദ്യുതി ഉൽപാദിപ്പിച്ചശേഷം വീണ്ടും നദിയിലേക്ക് ഒഴുക്കുകയാണ് ചെയ്യുന്നത്. അതിനാൽ വൈദ്യുതി ഉൽപാദനം കൊണ്ട് മാത്രം പാകിസ്ഥാനിലേക്കുള്ള ജലത്തിന്റെ ആകെ അളവ് കുറയ്ക്കുന്നില്ല. എന്നാൽ പാകൽ ദുൽ പോലുള്ള സംഭരണപദ്ധതികൾ അണക്കെട്ട് നിറയ്ക്കുന്ന ഘട്ടത്തിൽ താൽക്കാലികമായി താഴേക്കുള്ള ജലപ്രവാഹത്തിന്റെ അളവിലും സമയക്രമത്തിലും മാറ്റമുണ്ടാക്കാം. ചെനാബിൽനിന്ന് രവി നദിയിലേക്ക് വെള്ളം തിരിച്ചുവിടാനുള്ള 10–12 കിലോമീറ്റർ തുരങ്കനിർമാണ നിർദേശവും ഇന്ത്യ പരിഗണിക്കുന്നുണ്ട്. എന്നാൽ ഇത് നിലവിൽ പഠനഘട്ടത്തിലുള്ള നിർദേശമാണ്; നടപ്പായ പദ്ധതിയല്ല. അതിനാൽ ഇന്ത്യയുടെ നീക്കം പാകിസ്ഥാനിലേക്കുള്ള വെള്ളം ഉടൻ തടയുമെന്ന വാദം അടിസ്ഥാന രഹിതമാണ്..

ചുരുക്കത്തിൽ 

ചെനാബ് നദിയുടെ ഒഴുക്ക് കിരു അണക്കെട്ടിലൂടെ പാകിസ്ഥാനിൽനിന്ന് ഇന്ത്യ തിരിച്ചുവിടുകയാണെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ജലവൈദ്യുത പദ്ധതികളുടെ നിർമാണവുമായി ബന്ധപ്പെട്ട താൽക്കാലിക നിർമ്മാണപ്രവർത്തനങ്ങളെ നദിയുടെ സ്ഥിരമായ ഗതിമാറ്റമായി അവതരിപ്പിച്ചാണ് ഈ പ്രചാരണം. ഇന്ത്യ ചെനാബ് നദീതടത്തിൽ ജലവൈദ്യുത പദ്ധതികൾ വികസിപ്പിക്കുകയും ജലവിഭവങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താനുള്ള നീക്കങ്ങൾ നടത്തുകയും ചെയ്യുന്നുണ്ടെങ്കിലും, ഈ വീഡിയോ പാകിസ്ഥാനിലേക്കുള്ള ജലപ്രവാഹം തടഞ്ഞതിന്റെയോ തിരിച്ചുവിട്ടതിന്റെയോ തെളിവല്ല. അതിനാൽ, പ്രചരിക്കുന്ന വീഡിയോയുടെ അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്.

അനന്തു ഗോപിദാസ്

അനന്തു ഗോപിദാസ്

അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top