സി പി എം വേദിയിൽ രാമഭജന; പ്രചരിക്കുന്നത് എഡിറ്റഡ് വീഡിയോ 

സി പി എം വേദിയിൽ രാമഭജന; പ്രചരിക്കുന്നത് എഡിറ്റഡ് വീഡിയോ 

കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം, പരാജയപ്പെട്ട കക്ഷികളെ കളിയാക്കുന്ന വ്യാജ വിവരങ്ങളുടെ കുത്തൊഴുക്കാണ്.  അത്തരത്തിൽ സവിശേഷമായ ഒരു വ്യാജ വാർത്ത തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ദിവസം തന്നെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി വിജയിച്ചതോടെ, സിപിഐഎം അവരുടെ ഒരു പൊതു പരിപാടിക്കിടെ, രാമഭജന ആലപിക്കുന്നതായി കാണിക്കുന്ന ഒരു വീഡിയോ വിവിധ സോഷ്യൽ മീഡിയ പേജുകൾ വഴി വൈറൽ ആയിരുന്നു. എന്നാൽ, പ്രചരിക്കുന്ന വീഡിയോ കേരളത്തിൽ നിന്നല്ല, അത് ബംഗാളിലാണ്. പാടുന്നത് രാമ ഭജനയല്ല, ഒരു സിനിമാ ഗാനമാണ്.

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത് ഡിസംബർ 13നാണ്. അതേ ദിവസം തന്നെയാണ് ഈ പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിപ്പിക്കുന്ന തലക്കെട്ടുകളോടെ പ്രചരിച്ചു തുടങ്ങിയത്. സിപിഎം പതാകകൾ കൊണ്ട് അലങ്കരിച്ച ഒരു വേദിയിൽ ഒരു പരിപാടിക്കിടെ, രാമഭജന നടത്തുന്നതായാണ് 35 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയിൽ കാണുന്നത്. 

ഡിസംബർ 13ന് എക്സിൽ പ്രചരിച്ച ഒരു പോസ്റ്റ് ഇങ്ങനെയാണ്. തിരുവനന്തപുരം എന്ന തലക്കെട്ടോടെയാണ് ഒരു പോസ്റ്റ് പ്രചരിക്കുന്നത്. #KeralaLocalBodyElection2025 എന്ന ഹാഷ്ടാഗ് പോസ്റ്റിൽ ഉപയോഗിച്ചിട്ടുള്ളതായി കാണാം. 21,600 പേരാണ് ആ വീഡിയോ ഇതുവരെ ലിങ്കിൽ കണ്ടത്.

ഡിസംബർ 13 ന് പ്രചരിച്ച ഒരു പോസ്റ്റ്, സ്ക്രീൻഷോട്ട് 

ഇങ്ങനെയൊരു ദിവസം കേരളത്തിൽ എന്തായാലും വന്നുചേരും എന്ന കുറിപ്പോടെ ഇതേ വീഡിയോയുടെ മറ്റൊരു പോസ്റ്റും അതേദിവസം തന്നെ പ്രചരിച്ചിരുന്നു. #KeralaLocalBodyElection2025#KeralaLocalBodyElection# Kerala ElectionResults എന്നീ ഹാഷ് ടാഗുകൾ പോസ്റ്റിൽ ഉപയോഗിച്ചിട്ടുണ്ട്.

“തിരുവനന്തപുരത്തെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ഇടതിന്റെ അവസ്ഥ” എന്ന തലക്കെട്ടോടെ  ഡിസംബർ 14ന് ഒരു പോസ്റ്റ് എക്സിലും പ്രചരിച്ചിരുന്നു. 

ഡിസംബർ 14 ന് പ്രചരിച്ച ഒരു പോസ്റ്റ്, സ്ക്രീൻഷോട്ട് 

” ഇനി സി പി എം കേരളത്തിൽ അടിമുടി മാറും! ഇങ്ങനെ” എന്ന തലക്കെട്ടോടെ മറ്റൊരു എക്സ് അക്കൗണ്ട് വഴിയും ഇതേ പോസ്റ്റ് പ്രചരിച്ചിട്ടുണ്ട്.

ഡിസംബർ 13 ന് പ്രചരിച്ച പോസ്റ്റ്, സ്ക്രീൻഷോട്ട് 

മറ്റ് ചില എക്സ് ഹാൻഡിലുകൾ വഴിയും സമാന പോസ്റ്റ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിക്കുന്നതായി കണ്ടു. എന്നാൽ ആദ്യ കാഴ്ചയിൽ തന്നെ വീഡിയോ വസ്തുതാപരമല്ലെന്ന് മനസ്സിലാക്കാനാകും. വീഡിയോയിൽ കേൾക്കുന്ന പാട്ടും അതിൽ  കാണുന്ന വ്യക്തിയുടെ ആംഗ്യങ്ങളും തമ്മിൽ ചില പൊരുത്തക്കേടുകളും കാണാൻ കഴിയും. ദൃശ്യത്തിലേക്ക് മറ്റൊരു ശബ്ദം എഡിറ്റ് ചെയ്തു ചേർത്തതാണ് എന്ന് തോന്നിക്കും വിധമാണ് വിഡിയോയുടെ ഘടന. ഫ്രെയിമിൻ്റെ താഴെ ഇടതു ഭാഗത്ത് എഡിറ്റിംഗ് ആപ്പ് ആയ inshorts ൻ്റെ മുദ്രയും കാണാൻ കഴിയും. ഇത് വീഡിയോ എഡിറ്റഡ് ആണെന്ന സംശയത്തിന് ആക്കം കൂട്ടുന്നതാണ്.

വസ്തുതയെന്ത്?

വീഡിയോയുടെ കീ ഫ്രെയിമുകൾ ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, അതിൻ്റെ നിരവധി പതിപ്പുകൾ കാണാൻ കഴിഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുതന്നെ, ഈ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട് എന്ന് റിവേഴ്സ് ഇമേജ് സെർച്ചിൽ നിന്ന് മനസ്സിലാക്കാം. അതിനെല്ലാം വലിയ കാഴ്ചക്കാരുമുണ്ട്. 2024 ലും വീഡിയോ പ്രചരിച്ചിരുന്നതായി കണ്ടു. ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴിയായിരുന്നു ഇതധികവും.

കഴിഞ്ഞ മെയ് മാസത്തിൽ പ്രചരിച്ച പോസ്റ്റിൻ്റെ, സ്ക്രീൻഷോട്ട് 

2024 ൽ പ്രചരിച്ച ഇൻസ്റ്റാഗ്രാം  പോസ്റ്റ് – സ്ക്രീൻഷോട്ട് 

ഈ വീഡിയോയുടെ പ്രാഥമിക സ്രോതസ്സും ഇങ്ങനെ കണ്ടെത്താനായി. പശ്ചിമ ബംഗാളിൽ നടന്ന  ഒരു സിപിഎം പരിപാടിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ ആണ് ലഭിച്ചത്.പരിതോഷ് പട്ടനായക് (Paritosh Pattanayak) എന്ന ഒരു പ്രാദേശിക സിപിഎം നേതാവിൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് വിഡിയോ ആദ്യം വന്നിട്ടുള്ളത്.

 വിവിധ സമകാലിക രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിച്ച് സിപിഐ എമ്മിൻ്റെ ആഭിമുഖ്യത്തിൽ നന്ദിഗ്രാം-1 ബ്ലോക്കിലെ തെഖാലി ബസാറിൽ നടന്ന ഒരു റോഡ് ആണിതെന്ന ബാംഗ്ല ഭാഷയിലുള്ള കുറിപ്പോടെയാണ് വിധിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. #CPIM #Nandigram എന്നീ ഹാഷ്ടാഗുകളും പോസ്റ്റിൽ കാണാം.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ സ്ക്രീൻ ഷോട്ട്

പരിപാടിയുടെ മറ്റു ഫോട്ടോകൾ ഉൾപ്പെടെ 2 മിനിറ്റും 28 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോ ആണിത്. എന്നാൽ, പാടുന്ന പാട്ട് രാമഭജന ആയിരുന്നില്ല. 

വീഡിയോയിൽ പാടുന്ന പാട്ട് ഏതാണ് എന്ന മനസിലാക്കുന്നതിനായി ഗൂഗിൾ ആപ്പിലെ മൈക്രോഫോണിനെ ആശ്രയിച്ചു. മുഹമ്മദ് റാഫി, ആശാ ഭോസ്ലെ എന്നിവർ ചേർന്ന് പാടിയ ‘നീല്‍ ഗഗന്‍ പര്‍ ഉഡ്‌ത്തെ ബാദല്‍’ എന്ന ഗാനമാണ് വീഡിയോയില്‍ കാണുന്ന വ്യക്തി പാടുന്നത്. 1965ല്‍ പുറത്തിറങ്ങിയ കാന്ധാന്‍ എന്ന സിനിമയിലെ ഗാനം ആണിത്.

സി.പി.എം വേദിയിൽ രാമഭജന പാടി എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത് കൃത്രിമമായി നിർമ്മിച്ചതാണ്. തെരഞ്ഞെടുപ്പ് ഫലങ്ക്കിനുശേഷം മനഃപൂർവം ആശയക്കുഴപ്പം സൃഷ്ടിക്കാൻ ഉദ്ദേശിച്ചാണ്  ഇത്തരം പ്രചരണങ്ങൾ എന്ന് വ്യക്തം.

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേണലിസ്റ്റ് ട്രെയ്നിയാണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top