
വധശിക്ഷ കൊണ്ട് കുറ്റകൃത്യങ്ങൾ തടയാനാവുമോ ? സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്
‘ഗൾഫ് രാജ്യങ്ങളിലെ നിയമം ഇവിടെയും വരണം’. കൊലപാതകം പോലുള്ള കഠിന കുറ്റകൃത്യങ്ങളുടെ വാർത്തകൾ പുറത്ത് വരുമ്പോഴെല്ലാം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ഉയർന്നു വരുന്ന അഭിപ്രായമാണിത്. ക്രൂരമായ കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകിയാൽ കുറ്റകൃത്യങ്ങൾ കുറയും എന്നാണ് ശക്തമായ പൊതുബോധം. എന്നാൽ ഈ ധാരണ എത്രത്തോളം ശരിയാണ് ? ശിക്ഷ കഠിനമാക്കിയാൽ കുറ്റകൃത്യങ്ങൾ കുറയുമെന്നതിന് എന്തെങ്കിലും ശാസ്ത്രീയ തെളിവുകളുടെ പിൻബലമുണ്ടോ ? ഇല്ലെന്നതാണ് വാസ്തവം. ശിക്ഷയുടെ കാഠിന്യവും കുറ്റകൃത്യങ്ങളുടെ നിരക്കും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നാണ് സ്ഥിതിവിവരക്കണക്കുകൾ പറയുന്നത്.
2026 ഒക്ടോബർ 14-ന് സൗദി അറേബ്യയിൽ രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയരാക്കിയ സംഭവം ലോകമെമ്പാടും വീണ്ടും വധശിക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. മക്കയിലെ ഒരു പള്ളിക്കുള്ളിൽ ‘അധാർമിക പ്രവൃത്തി’ നടത്തിയെന്ന കുറ്റത്തിന് ഇരുവരെയും വധിച്ചതായാണ് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. എന്നാൽ, വധശിക്ഷ നടപ്പാക്കിയ ശേഷമാണ് ഇക്കാര്യം അറിഞ്ഞതെന്നും നടപടികളുടെ വിശദാംശങ്ങൾ തേടിയിട്ടുണ്ടെന്നും ബംഗ്ലാദേശ് അധികൃതർ വ്യക്തമാക്കി.
ഒരു ഗുരുതരമായ കുറ്റകൃത്യം നടക്കുമ്പോഴൊക്കെ പ്രതിക്ക് വധശിക്ഷ നൽകണമെന്ന മുറവിളി ഉയരാറുണ്ട്. ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കുമെന്ന ഭയം മറ്റുള്ളവരെ സമാനമായ കുറ്റകൃത്യങ്ങളിൽനിന്ന് പിന്തിരിപ്പിക്കുമെന്നാണ് ഈ വാദത്തിന്റെ അടിസ്ഥാനം. എന്നാൽ ഈ വിശ്വാസത്തിന് തെളിവുകളുടെ പിൻബലമൊന്നുമില്ല.ശിക്ഷയുടെ കാഠിന്യം കുറ്റകൃത്യങ്ങൾ കുറയ്ക്കുമെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ല. കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യങ്ങളിൽ അത് കുറവായ രാജ്യങ്ങളെക്കാൾ കുറ്റകൃത്യങ്ങളുടെ നിരക്കിൽ കുറവില്ല. വധശിക്ഷ ഇല്ലാത്ത രാജ്യങ്ങളിൽ അതുള്ള രാജ്യങ്ങളെക്കാൾ കുറ്റകൃത്യങ്ങൾ വർധിക്കുന്നതായും കാണുന്നില്ല.ശിക്ഷയുടെ കാഠിന്യവും കുറ്റകൃത്യങ്ങളുടെ തോതും തമ്മിൽ നേരിട്ട് ബന്ധമില്ലെന്നർത്ഥം. കുറ്റകൃത്യങ്ങളുടെ തോത് നിയന്ത്രിക്കുന്നത് മറ്റ് പല സാമൂഹ്യ ഘടകങ്ങളുമാണ്.
ലോകത്ത് വധശിക്ഷകൾ വർധിക്കുന്നു; ഏറ്റവും കൂടുതൽ ഇറാനിൽ
ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ട് പ്രകാരം, 2025-ൽ ലോകത്ത് 17 രാജ്യങ്ങളിലായി 2,707 വധശിക്ഷകൾ നടപ്പാക്കിയിട്ടുണ്ട്. 2024-ൽ രേഖപ്പെടുത്തിയ 1,518 വധശിക്ഷകളെ അപേക്ഷിച്ച് 78 ശതമാനത്തിന്റെ വർധനയാണിത്. 1981-നുശേഷം ആംനെസ്റ്റി രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന കണക്കാണിത്. എന്നാൽ ഇത് കൃത്യമായ കണക്കല്ല. ചൈന ഉൾപ്പെടെയുള്ള ചില രാജ്യങ്ങൾ വധശിക്ഷകളുടെ ഔദ്യോഗിക കണക്കുകൾ പുറത്തുവിടുന്നില്ല. അതിനാൽ 2,707 എന്നത് സ്ഥിരീകരിക്കാനായ ഏറ്റവും കുറഞ്ഞ കണക്കാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ സൂചിപ്പിക്കുന്നു.
2025 ലെ രാജ്യങ്ങൾ തിരിച്ചുള്ള കണക്കിൽ ഇറാനിലാണ് ഏറ്റവും കൂടുതൽ വധശിക്ഷകൾ രേഖപ്പെടുത്തിയിട്ടുള്ളത്, ഏകദേശം 2,159. അതായത് ആംനെസ്റ്റി രേഖപ്പെടുത്തിയ മൊത്തം വധശിക്ഷകളുടെ 80 ശതമാനം. സൗദി അറേബ്യയിൽ കുറഞ്ഞത് 356 വധശിക്ഷകളും അമേരിക്കയിൽ 47 വധശിക്ഷകളും നടന്നതായി ആംനസ്റ്റി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ 2020 ന് ശേഷം വധശിക്ഷകൾ ഒന്നും തന്നെ നടപ്പിലാക്കിയിട്ടില്ല.
1977-ൽ പതിനാറ് രാജ്യങ്ങളിൽ മാത്രമാണ് വധശിക്ഷ നിരോധിച്ചിരുന്നത്. 2025 ൽ ഇത് 113 ആയി ഉയർന്നു. നിയമപരമായി വധശിക്ഷ നിരോധിച്ചിട്ടില്ലെങ്കിലും പ്രയോഗത്തിൽ അത് നടപ്പാക്കാത്ത രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തിയാൽ 145 രാജ്യങ്ങൾ വധശിക്ഷ ഒഴിവാക്കി എന്ന് പറയാം. വധശിക്ഷ ഒരു ആധുനിക പുരോഗമന സമൂഹത്തിന് ചേർന്നതല്ല എന്ന ധാരണ ലോകമൊട്ടാകെ ശക്തിപ്പെടുന്നുവെന്നതിന്റെ സൂചനയായി ഇത് കണക്കാക്കാമെങ്കിലും വധശിക്ഷകളുടെ എണ്ണം വർധിക്കുന്നതാണ് കാണുന്നത്.ആംനസ്റ്റിയുടെ റിപ്പോർട്ട് പ്രകാരം 1981 ന് ശേഷം ഏറ്റവും ഉയർന്ന നിരക്കിൽ വധശിക്ഷ നടപ്പായത് 2025 ലാണ്.
വധശിക്ഷ; വിധിയും നടപ്പിലാക്കലും
വധശിക്ഷയെക്കുറിച്ചുള്ള ആഗോള കണക്കുകൾ പരിശോധിക്കുമ്പോൾ, കോടതി വിധിക്കുന്ന ശിക്ഷയും നടപ്പാക്കുന്ന ശിക്ഷയും തമ്മിലുള്ള വ്യത്യാസം പ്രധാനമാണ്. 2025 ൽ 17 രാജ്യങ്ങളിൽ മാത്രമാണ് വധശിക്ഷ നടപ്പാക്കിയതെങ്കിലും 48 രാജ്യങ്ങളിൽ വധശിക്ഷാ വിധികൾ ഉണ്ടായിട്ടുണ്ട്. 2,334 പുതിയ വധശിക്ഷാവിധികളാണ് 2025 ൽ രേഖപ്പെടുത്തിയത്. 2024-ൽ 46 രാജ്യങ്ങളിലായി ഏകദേശം 2,087 വിധികളായിരുന്നു റിപ്പോർട്ട് ചെയ്തത്. 2025 പിന്നിടുമ്പോൾ ലോകത്ത് കുറഞ്ഞത് 25,508 പേർ വധശിക്ഷ കാത്ത് ജയിലിലുണ്ടായിരുന്നുവെന്നും ആംനസ്റ്റി കണക്കാക്കുന്നു.
വധശിക്ഷയുടെ ഇന്ത്യൻ സാഹചര്യം
ഇന്ത്യയിൽ വധശിക്ഷയുടെ പരിധിയിൽ വരുന്ന എല്ലാ കേസുകളിലും വധശിക്ഷ നൽകണമെന്നില്ല. Bachan Singh v. State of Punjab (1980) കേസിൽ സുപ്രീംകോടതി സ്ഥാപിച്ച ‘അപൂർവങ്ങളിൽ അപൂർവമായ കേസുകൾ’ (rarest of rare) എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകക്കേസുകളിൽ വധശിക്ഷ പരിഗണിക്കുന്നത്. വിചാരണക്കോടതി വിധിക്കുന്ന വധശിക്ഷ ഹൈക്കോടതിയുടെ സ്ഥിരീകരണത്തിനും വിധേയമാണ്. ‘അപൂർവങ്ങളിൽ അപൂർവം’ എന്നതിന്റെ വ്യാഖ്യാനത്തെ സംബന്ധിച്ച് അക്കാലം മുതൽ തന്നെ സംവാദങ്ങൾ നടക്കുന്നുണ്ട്.
ഇന്ത്യയിൽ 2016 മുതൽ 2025 വരെയുള്ള കാലയളവിൽ വിചാരണക്കോടതികൾ 822 കേസുകളിലായി 1,310 വധശിക്ഷാ വിധികൾ പുറപ്പെടുവിച്ചു. എന്നാൽ ഇവയിൽ 70 ശിക്ഷകൾ മാത്രമാണ് ഹൈക്കോടതികൾ സ്ഥിരീകരിച്ചത്. 2025 അവസാനിക്കുമ്പോൾ രാജ്യത്ത് 574 പേർ വധശിക്ഷ കാത്ത് ജയിലിലുണ്ടായിരുന്നു. എന്നാൽ ആ വർഷം ഇന്ത്യയിൽ വധശിക്ഷകൾ നടപ്പാക്കിയിട്ടില്ല. രാജ്യത്ത് അവസാനമായി വധശിക്ഷ നടപ്പാക്കിയത് 2020-ലാണ്; ഏറെ ചർച്ച ചെയ്യപ്പെട്ട നിർഭയ കേസിലെ നാല് പ്രതികളെയാണ് 2020 ൽ തൂക്കിലേറ്റിയത്.
മതനിന്ദ മുതൽ തീവ്രവാദം വരെ : വധശിക്ഷക്ക് വിധിക്കപ്പെടുന്ന കുറ്റങ്ങൾ
വധശിക്ഷ നൽകാവുന്ന കുറ്റകൃത്യങ്ങൾ എന്തൊക്കെയെന്ന കാര്യത്തിൽ വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമായ നിയമങ്ങളാണുള്ളത്. കൊലപാതകം പോലുള്ള കുറ്റങ്ങൾക്കു പുറമേ, മയക്കുമരുന്ന് കടത്ത്, മതനിന്ദ, ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ, രാജ്യസുരക്ഷയ്ക്കെതിരായ കുറ്റങ്ങൾ എന്നിവ വധശിക്ഷ അർഹിക്കുന്ന കുറ്റങ്ങളായി കണക്കാക്കപ്പെടുന്നുണ്ട്.ചില രാജ്യങ്ങളിൽ സാമ്പത്തിക കുറ്റങ്ങൾക്കും വധശിക്ഷ വിധിക്കുന്നുണ്ട്.
ഏറ്റവും കൂടുതൽ വധശിക്ഷ മയക്കുമരുന്ന് കടത്തിന്
2025ൽ ലോകത്ത് നടപ്പിലാക്കിയ 2,707 വധശിക്ഷകളിൽ 1,257 എണ്ണവും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കായിരുന്നു. അതായത്, രേഖപ്പെടുത്തപ്പെട്ട ആഗോള വധശിക്ഷകളുടെ ഏകദേശം 46 ശതമാനം. ഇറാൻ, സൗദി അറേബ്യ, സിംഗപ്പൂർ, കുവൈത്ത്, ചൈന എന്നിവിടങ്ങളിൽ ഇത്തരം കുറ്റങ്ങൾക്ക് വധശിക്ഷ നടപ്പാക്കിയതായി ആംനസ്റ്റി ഇന്റർനാഷണൽ റിപ്പോർട്ട് രേഖപ്പെടുത്തുന്നു. എന്നാൽ ഐക്യരാഷ്ട്ര സഭയുടെ 2026ലെ ആഗോള മയക്കുമരുന്ന് റിപ്പോർട്ട് പ്രകാരം, അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് മാർക്കറ്റ് വലിയ കുതിപ്പാണ് നടത്തുന്നത്. ഈ റിപ്പോർട്ട് പ്രകാരം 2024-ൽ ലോകമെമ്പാടുമുള്ള 15-നും 64-നും ഇടയിൽ പ്രായമുള്ള ജനസംഖ്യയുടെ 6.2 ശതമാനം, അതായത് ഏകദേശം 33.1 കോടി (331 മില്യൺ) ആളുകൾ മയക്കുമരുന്ന് ഉപയോഗിച്ചതായി കണക്കാക്കപ്പെടുന്നു; 2014-ൽ ഇത് 5.2 ശതമാനമായിരുന്നു.
വധശിക്ഷകൾ നടപ്പാക്കുന്നത് കൊണ്ട് കുറ്റകൃത്യങ്ങൾ തടയാനാവില്ല എന്നതിന്റെ സൂചന കൂടിയാണ് ഈ സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് ലഭിക്കുന്നത്.
മയക്കുമരുന്ന് കടത്ത് മാത്രമല്ല, വിവിധ രാജ്യങ്ങളിൽ കൊലപാതകം, ബലാത്സംഗം, ഭീകരവാദം, ചാരവൃത്തി, രാജ്യസുരക്ഷയ്ക്കെതിരായ കുറ്റങ്ങൾ എന്നിവയ്ക്കും വധശിക്ഷ നൽകാവുന്ന നിയമങ്ങളുണ്ട്. ചൈനയിൽ അഴിമതി പോലുള്ള സാമ്പത്തിക കുറ്റങ്ങളും വധശിക്ഷയുടെ പരിധിയിൽ വരുന്നു. ഏകദേശം 13ഓളം രാജ്യങ്ങളിൽ മതം ഉപേക്ഷിക്കുന്നതും മതനിന്ദയും വധശിക്ഷ നൽകുന്ന കുറ്റകൃത്യങ്ങളാണ്. ഇറാൻ, സൗദി അറേബ്യ, അഫ്ഗാനിസ്ഥാൻ, നൈജീരിയ, പാക്കിസ്ഥാൻ, യെമൻ തുടങ്ങിയ രാജ്യങ്ങളിൽ വിവാഹേതര ലൈംഗികബന്ധവും വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു.
മയക്കുമരുന്ന് കടത്ത് പോലുള്ള കുറ്റങ്ങൾക്കു വധശിക്ഷ നൽകുന്നതിനെ അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾ ചോദ്യം ചെയ്യുന്നുണ്ട്. വധശിക്ഷ നിലനിൽക്കുന്ന രാജ്യങ്ങളിൽ അത് കൊലപാതകം പോലുള്ള ഏറ്റവും ഗുരുതരമായ കുറ്റങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തണമെന്ന്, ജീവിക്കാനുള്ള അവകാശം സംബന്ധിച്ച ഐക്യ രാഷ്ട്ര സഭയുടെ അന്താരാഷ്ട്ര ഉടമ്പടി(ICCPR) നിഷ്കർഷിക്കുന്നു.
വധശിക്ഷ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കുന്നില്ലെന്ന് പഠനങ്ങൾ
അമേരിക്കൻ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ(FBI) കുറ്റകൃത്യങ്ങളുടെ കണക്കുകൾ അടിസ്ഥാനമാക്കി വധശിക്ഷാ വിവര വകുപ്പ് (DPIC) പ്രസിദ്ധീകരിച്ച വിവരങ്ങൾ പ്രകാരം, 2020-ൽ വധശിക്ഷ നിലനിന്നിരുന്ന സംസ്ഥാനങ്ങളിലെ ശരാശരി കൊലപാതകനിരക്ക് ഒരു ലക്ഷം ജനങ്ങളിൽ 7.3 ആയിരുന്നു. എന്നാൽ വധശിക്ഷ ഇല്ലാത്ത സംസ്ഥാനങ്ങളിൽ ഇത് 4.7 ആയിരുന്നു. 2019-ലും സമാനമായ വ്യത്യാസം രേഖപ്പെടുത്തിയിരുന്നു. അമേരിക്കയിലെ വധശിക്ഷയുള്ള സംസ്ഥാനങ്ങളിലെ കൊലപാതക നിരക്ക് ഒരു ലക്ഷം ജനങ്ങളിൽ 5.3ഉം വധശിക്ഷ ഇല്ലാത്ത സംസ്ഥാനങ്ങളിൽ ഇത് 3.8ഉം ആയിരുന്നു. മാത്രമല്ല, 1990 മുതൽ 2020 വരെയുള്ള ഓരോ വർഷവും വധശിക്ഷ ഇല്ലാത്ത സംസ്ഥാനങ്ങളിലെ കൊലപാതകനിരക്ക് വധശിക്ഷ നിലനിന്നിരുന്ന സംസ്ഥാനങ്ങളിലേതിനേക്കാൾ താഴെയായിരുന്നു.
1976 ലാണ് കാനഡയിൽ വധശിക്ഷ നിരോധിച്ചത്. നിരോധനത്തിന് ശേഷം കൊലപാതക നിരക്ക് കുറയുകയാണ് ചെയ്തിട്ടുള്ളത്. ആംനെസ്റ്റി ഇന്റർനാഷനലിന്റെ 2005-ലെ റിപ്പോർട്ട് പ്രകാരം, 1975-ൽ ഒരു ലക്ഷം ജനങ്ങളിൽ 3.09 ആയിരുന്ന കൊലപാതകനിരക്ക് 1980-ൽ 2.41 ആയി കുറഞ്ഞു. 2003 ആയപ്പോഴേക്കും ഇത് 1.73 ആയി. അതായത്, 1975-നെ അപേക്ഷിച്ച് 2003-ൽ കൊലപാതകനിരക്കിൽ ഏകദേശം 44 ശതമാനമാണ് കുറവുണ്ടായത്. ഏറ്റവും കഠിനമായ ശിക്ഷ നൽകിയില്ലെങ്കിൽ കുറ്റകൃത്യങ്ങൾ കൂടും, അഥവാ വധശിക്ഷ നൽകിയാൽ കുറ്റകൃത്യങ്ങൾ കുറയും എന്ന പൊതുബോധത്തെ തള്ളിക്കളയുന്നതാണ് ഈ സ്ഥിതിവിവരക്കണക്കുകൾ.
ശിക്ഷയുടെ കാഠിന്യമല്ല, മറ്റ് പല സാമൂഹ്യ സാഹചര്യങ്ങളുമാണ് കുറ്റകൃത്യങ്ങളുടെ നിരക്കിനെ സ്വാധീനിക്കുന്നത് എന്നാണ് ഈ സ്ഥിതിവിവരക്കണക്കുകളിൽ നിന്ന് മനസ്സിലാക്കേണ്ടത്. രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തിക സാഹചര്യങ്ങളുടെ വ്യത്യാസം, ജനസംഖ്യയിലെ വ്യത്യാസം, നഗരവൽക്കരണം, പോലീസിന്റെ കാര്യക്ഷമത, മറ്റ് സാമൂഹിക ഘടകങ്ങൾ എന്നിവയെല്ലാം കുറ്റകൃത്യങ്ങളുടെ നിരക്കിനെ സ്വാധീനിക്കാം.

അനന്തു ഗോപിദാസ്
അനന്തു ഗോപിദാസ് ഒബിസി യിലെ ജേർണലിസ്റ്റ് ആണ്.
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക