രവി നായരുടെ മാധ്യമപ്രവർത്തനം ആരെയാണ് ഭയപ്പെടുത്തുന്നത്?

രവി നായരുടെ മാധ്യമപ്രവർത്തനം ആരെയാണ് ഭയപ്പെടുത്തുന്നത്?

അദാനി കോർപ്പറേഷന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിരന്തരം അന്വേഷണാത്മക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന മലയാളിയായ മാധ്യമപ്രവർത്തകനാണ് രവി നായർ. അദാനി ഗ്രൂപ്പ് നൽകിയ ഒരു മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടിട്ട് പോലും അവർക്കെതിരെ വാർത്ത എഴുതുന്നത് നിർത്താൻ തയ്യാറാകാത്ത രവിയെ പോലീസ് വേട്ടയാടുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം ഗുജറാത്ത് പോലീസ് അദ്ദേഹത്തിന്റെ വീട്ടിൽ റെയ്‌ഡ്‌ നടത്തി മകന്റേതടക്കമുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങൾ പിടിച്ചെടുത്തു.

കോർപ്പറേറ്റ് ലോകത്തെ, വൻകിട വ്യവസായ ഗ്രൂപ്പുകളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ എഴുതിയ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകനാണ് രവി നായർ. റഫാൽ, പവൻ ഹാൻസ്, സിഎജി, ഇലക്ടറൽ ബോണ്ടുകൾ തുടങ്ങിയ വിഷയങ്ങളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച രവി നായര്‍, തുടക്കം മുതലേ അധികാര കേന്ദ്രങ്ങളുടെ  നോട്ടപ്പുള്ളിയായിരുന്നു.

അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റ് മുതൽ ഇന്ത്യയിലെ സ്വതന്ത്ര മാധ്യമങ്ങളായ ദി വയർ, ന്യൂസ്‌ലോണ്ട്രി എന്നിവയിലും രവിയുടെ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ദ റഫാൽ ഡീൽ: ഫൈ്‌ളയിങ് ലൈസ്?- ദ റോൾ ഓഫ് ദ പ്രൈം മിനിസ്റ്റർ നരേന്ദ്രമോഡി ഇൻ ഇന്ത്യാസ് ലാർജെസ്റ്റ് ഡിഫെൻസ് സ്‌കാൻഡൽ’ എന്ന, പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് രവി നായർ. സ്വതന്ത്ര മാധ്യമ പ്രവർത്തകനായ പരഞ്ജോയ് ഗുഹ തക്കൂർതയോടൊപ്പം ചേർന്നാണ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. 

അദാനി ഗ്രൂപ്പും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും (LIC) തമ്മിലുള്ള ഡീലിനെക്കുറിച്ചുള്ള അന്വേഷണ റിപ്പോർട്ടിന് പിന്നാലെയാണ് അദ്ദേഹം വീണ്ടും വാർത്തകളിൽ നിറയുന്നത്. ഈ വിഷയത്തില്‍ വാഷിങ്‌ടൺ പോസ്‌റ്റിൽ എഴുതിയ ലേഖനത്തിനെതിരെ അദാനി ഗ്രൂപ്പ് കൊടുത്ത കേസില്‍ ഗുജറാത്ത് പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. ഈ കേസിനെ തുടർന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. എന്താണ് രവി നായരുടെ റിപ്പോർട്ടുയയർത്തിയ വിവാദങ്ങൾ? രവിയുടെ മാധ്യമപ്രവർത്തനം ആരെയാണ് അസ്വസ്ഥരാക്കുന്നത്?

എന്തായിരുന്നു കേസ്? 

രാജ്യത്തെ കോടിക്കണക്കിന് സാധാരണക്കാരുടെ സമ്പാദ്യമായ എൽഐസി പണം എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത്? ഈ ചോദ്യത്തിന് ഉത്തരം തേടിയുള്ള വാഷിംഗ്ടൺ പോസ്റ്റിന്റെ അന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ വലിയൊരു നിയമപോരാട്ടമായി മാറിയിരിക്കുന്നത്. 

രവി നായര്‍/ എക്സ് 

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC), അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് ഏകദേശം 3.9 ബില്യൺ ഡോളർ (ഏകദേശം 32,000 കോടിയോളം രൂപ) നിക്ഷേപിക്കാൻ പദ്ധതിയിട്ടു എന്ന അന്വേഷണാത്മക റിപ്പോര്‍ട്ട്‌ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് വാഷിംഗ്ടൺ പോസ്റ്റിൽ  പ്രസിദ്ധീകരിച്ചത്.

എൽഐസി, ഫിനാൻഷ്യൽ സർവീസസ് വകുപ്പ് എന്നിവയുടെ ആഭ്യന്തര രേഖകളും ബാങ്കർമാരുടെയും ഉദ്യോഗസ്ഥരുടെയും അഭിമുഖങ്ങളും ആധാരമാക്കിയായിരുന്നു റിപ്പോര്‍ട്ട്‌. ഈ ലേഖനവുമായി ബന്ധപ്പെട്ട്  രവി നായർ എക്സിൽ കഴിഞ്ഞ വര്‍ഷം ഒരു പോസ്റ്റ് ഇട്ടിരുന്നു. 

രവി നായരുടെ എക്സ് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട് 

ഈ പോസ്റ്റിനെതിരെ അഹമ്മദാബാദിലെ അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക്ക് സോൺ (APSEZ) ജീവനക്കാരൻ, മാനനഷ്ടത്തിന് പരാതി നൽകി. 

മാസങ്ങൾക്ക് ശേഷം ഇതേ ജീവനക്കാരൻ നൽകിയ രണ്ടാമത്തെ പരാതിയുടെ അടിസ്ഥാനത്തിൽ ഗുജറാത്ത് പോലീസ് രവി നായർക്കെതിരെ വഞ്ചന (Cheating), വ്യാജരേഖ ചമയ്ക്കൽ (Forgery) എന്നീ വകുപ്പുകൾ ചുമത്തി FIR രജിസ്റ്റർ ചെയ്യുകയും ചെയ്തു.

എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രവി നായർ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഓഗസ്റ്റ് പതിനൊന്നാം തിയതി കോടതി ഹർജി തള്ളി. കൃത്യമായ രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് വാഷിംഗ്‌ടൺ പോസ്റ്റിലെ വാർത്താ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതെന്നും വാർത്തയിലുള്ള വിവരങ്ങൾ എൽഐസി നിഷേധിച്ചു എന്നത് കൊണ്ടുമാത്രം രവിനായർക്കെതിരായ കേസ് നിലനിൽക്കില്ലെന്നും രവിയുടെ അഭിഭാഷകൻ വാദിച്ചു. വാർത്തക്ക് ആധാരമായ രേഖകൾ വ്യാജമാണെന്നാണ്  അദാനിയുടെ അഭിഭാഷകരും പബ്ലിക് പ്രോസിക്യൂട്ടറും കോടതിയിൽ വാദിച്ചത്. 

ഹൈക്കോടതി വിധിക്ക് പിന്നാലെ, അഹമ്മദാബാദ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവുമായി  ഗുജറാത്ത് പോലീസ് രവിയുടെ വീട്ടിലെത്തി. ഓഗസ്റ്റ് 17ന് ഉച്ചയ്ക്ക് 2 മണിയോടെ രവി നായരുടെ കേരളത്തിലും ഡൽഹിയിലുമുള്ള വസതികളിൽ ഒരേ സമയം റെയ്ഡ് നടത്തി. നാല് പെന്‍ ഡ്രൈവുകള്‍ പോലീസ് പിടിച്ചെടുത്തു. മകന്‍റെ ലാപ്ടോപ്പും ആ ആ സമയത്ത് ഡല്‍ഹിയില്‍ രവിയുടെ വസതിയിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തക സച്ചി ഹെഡ്ഗെയുടെ ലാപ്ടോപ്പും ഐ പാഡും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളുടെ ഹാഷ് വാല്യൂ നൽകാൻ ഗുജറാത്ത് പോലീസ് തയ്യാറായില്ലെന്ന് ദി ന്യൂസ്‌ മിനിറ്റ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഒരു ഡിജിറ്റൽ ഉപകരണത്തിലെ വിവരങ്ങളിൽ മാറ്റം വരുത്തിയാൽ ഹാഷ്  വാല്യൂ മാറും. പിടിച്ചെടുത്ത ഉപകരണങ്ങളിൽ പൊലീസോ മറ്റാരെങ്കിലുമോ കൃത്രിമം കാട്ടിയാൽ ഹാഷ് വാല്യൂ മാറുന്നതിലൂടെ അത് മനസ്സിലാകും.

ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുമ്പോൾ ഉടമയ്ക്ക് ഹാഷ് വാല്യൂ നൽകണമെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണിത്. 2023 ലാണ് സുപ്രീം കോടതി ഇങ്ങനെയൊരു നിർദേശം പുറപ്പെടുവിച്ചത്. 

അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള റിപ്പോർട്ടുകളുടെ പേരിൽ രവി നായർക്ക് നിയമനടപടികൾ നേരിടേണ്ടി വരുന്നത് ഇതാദ്യമല്ല. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ തുടർച്ചയായി എക്‌സിൽ പങ്ക് വെച്ചതിന്റെ പേരിൽ രവിനായരെ ഗുജറാത്തിലെ മജിസ്‌ട്രേറ്റ് കോടതി ഒരു വർഷം തടവ് ശിക്ഷക്ക് വിധിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് ഈ ശിക്ഷാവിധി ഉണ്ടായത്. ഈ കേസ് മേൽക്കോടതിയുടെ പരിഗണനയിലാണ്. എന്നാൽ വൻകിട കോർപറേറ്റുകളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച അന്വേഷണാത്മക റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് ഇതൊന്നും രവിയെ തടഞ്ഞില്ല. 

2022ൽ, മുൻകൂട്ടി കേസ് വിവരങ്ങളോ സമൻസോ നൽകാതെ ഡൽഹി പോലീസ് അദ്ദേഹത്തിന്റെ വസതിയിലെത്തിയിരുന്നു. അഹമ്മദാബാദ് കോടതി പുറപ്പെടുവിച്ച ജാമ്യം ലഭിക്കാവുന്ന അറസ്റ്റ് വാറന്റ് കൈമാറാനായിരുന്നു ഇത്. എന്നാല്‍, എന്തിന്റെ പേരിലാണ് കേസെന്ന് വ്യക്തമാക്കാതെയായിരുന്നു ആ നടപടി

2017ൽ അദാനി ഗ്രൂപ്പ് ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ, ഗുജറാത്തിലെ കച്ച് കോടതി മാധ്യമ പ്രവര്‍ത്തകനായ പരഞ്ജോയ് ഗുഹ തക്കൂർതയ്‌ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. 

രവി നായര്‍ക്കെതിരായ പോലീസ് നടപടിയില്‍, ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളുടെ കൂട്ടായ്മയായ ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍ പ്രതികരിച്ചിരുന്നു. രവിയുടെ മകന്റേതടക്കം, കേസില്‍ പ്രതികളല്ലാത്തവരുടെ പിടിച്ചെടുത്ത ഉപകരണങ്ങള്‍ തിരികെ നല്‍കണമെന്നും ഡിജിറ്റല്‍ തെളിവുകളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും ഡിജിപബ് ന്യൂസ് ഇന്ത്യ ആവശ്യപ്പെടുന്നു.   


സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top