വെള്ളപ്പൊക്കം; ശേഷം എ ഐ നിർമിത ദൃശ്യങ്ങളുടെ കുത്തൊഴുക്ക് 

വെള്ളപ്പൊക്കം; ശേഷം എ ഐ നിർമിത ദൃശ്യങ്ങളുടെ കുത്തൊഴുക്ക് 

വെള്ളമിറങ്ങി. നേപ്പാളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. പക്ഷേ വ്യാജദൃശ്യങ്ങളുടെ കുത്തൊഴുക്ക് നിലയ്ക്കുന്നില്ല. ഒരു ദുരന്തത്തെ പോലും സ്വന്തം റീച്ച് കൂട്ടാൻ ഉപയോഗിക്കുന്നവർ സൃഷ്ടിക്കുന്ന ദുരന്തത്തെയും നേരിടേണ്ട അവസ്ഥയിലാണ് നേപ്പാളിലെ ജനങ്ങൾ. ദുരന്തത്തെ കുറിച്ച് തെറ്റിദ്ധാരണ ജനിപ്പിക്കുന്ന ഇത്തരം കൃത്രിമ  ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ മലയാളികളും ഒട്ടും പിറകിലല്ല.

സമാനതകളില്ലാത്ത ദുരന്തമാണ് നേപ്പാളില്‍ സംഭവിച്ചത്. നാഷണല്‍  ഡിസാസ്റ്റര്‍ റിസ്ക്‌ റിഡക്ഷന്‍ ആന്‍ഡ്‌ മാനേജ്‌മന്റ്‌ അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം, ഇതുവരെ (10/9/2026) നേപ്പാളിലും സമീപ പ്രദേശങ്ങളില്‍ നിന്നുമായി 1,377 പേര്‍ മരണപ്പെട്ടതായാണ് വിവരം. 5,000 പേരെ കാണാതായിട്ടുണ്ട്. ആഗസ്ത് 26 നു ശേഷം, നേപ്പാളിലെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. 

#nepal, #nepal floods, #pray for nepal, #flash flood എന്നീ ഹാഷ്ടാഗുകള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിംഗ് ആയിരുന്നു. ഇതേ ഹാഷ് ടാഗുകളെ ദുരുപയോഗം ചെയ്തുകൊണ്ട് നിരവധി വ്യാജ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്‌. നേപ്പാളില്‍ നിന്നുള്ള ഭയാനകമായ ദൃശ്യങ്ങള്‍, ഭീകര ദുരന്തത്തിന്റെ ബാക്കി പത്രം, ഒറ്റയ്ക്കായ കുട്ടികള്‍ എന്നിങ്ങനെയുള്ള ക്ലിക്ക് ബെയ്റ്റ് തലക്കെട്ടുകളോടെ നിരവധി വീഡിയോകളാണ് പങ്കുവയ്ക്കപ്പെട്ടത്. മലയാളത്തിലും വലിയ ദൃശ്യതയാണ് ഇത്തരം പോസ്റ്റുകള്‍ക്ക് ലഭിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ മലയാളി ഫേസ്ബുക്ക് ഹാന്റിലുകളിലൂടെ   വൈറലായ ഏഴു വ്യാജ വീഡിയോകള്‍ ഒബിസി പരിശോധിക്കുന്നു.

നേപ്പാളില്‍ നിന്നുള്ള ഭയാനകമായ എ.ഐ ദൃശ്യങ്ങള്‍ 

ദുരന്തം ഉണ്ടായി കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം മാധ്യമങ്ങളില്‍ വന്ന വീഡിയോ ദൃശ്യങ്ങള്‍ക്ക് സമാനമായി നിരവധി എ.ഐ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്‌. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഇത്തരം വീഡിയോകള്‍ സത്യമാണെന്ന് വിശ്വസിച്ചു കമന്റ് ചെയ്യുന്ന ആളുകളെയും ചില പോസ്റ്റുകള്‍ക്ക് താഴെ കാണാം. വ്യക്തിഗത പ്രൊഫൈലുകളിലൂടെ യാണ് കൂടുതല്‍ വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കപ്പെടുന്നത്. ദുരന്തത്തിന്റെ ഉറവിടം ഇതാണ് എന്ന് കാണിക്കുന്ന നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

 #neppal, #everyonefollowers, #everyonehighlights എന്നീ ഹാഷ്ടാഗുകള്‍ ഉപയോഗിച്ചുകൊണ്ട് Samad Malappuram എന്ന ഒരു ഫേസ്ബുക്ക് ഹാന്റിലില്‍ ഒരു പോസ്റ്റ് വന്നിരുന്നു. ‘ഭയപ്പെടുത്തുന്ന കാഴ്ച’ എന്നാണ് ഇതിന്റെ തലക്കെട്ട്.

ഫേസ്ബുക്ക് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

99,000 ല്‍ അധികം പേരാണ് ഇതുവരെ (10/9/26) ഈ വീഡിയോ കണ്ടിട്ടുള്ളത്. 286 പേര്‍ ഇതിനു ലൈക്ക് ചെയ്തതായി കാണുന്നു.  ഇത് യഥാര്‍ത്ഥത്തില്‍ നേപ്പാളില്‍ നിന്ന് തന്നെയുള്ള ദൃശ്യങ്ങള്‍ ആണെന്ന് നിരവധി പേർ കമന്റിട്ടിട്ടുണ്ട്.

ഈ വീഡിയോ 99.9 ശതമാനം എ ഐ നിര്‍മിതമാണെന്ന് ഒബിസിയുടെ അന്വേഷണത്തില്‍ കണ്ടെത്തി.

ഹൈവ് മോഡറേഷന്‍ ഫലം, സ്ക്രീന്‍ഷോട്ട് 

ഒന്‍പതിനായിരത്തില്‍ അധികം ഫോളോവേഴ്സ് ഉള്ള ഈ അക്കൗണ്ടില്‍ എല്ലാതരം കണ്ടന്റുകളും പോസ്റ്റ്‌ ചെയ്യുന്നുണ്ട്. മിക്ക വീഡിയോയ്ക്കും ആയിരക്കണക്കിന് വ്യൂസ് ആണുള്ളത്.

ഹിമാലയൻ മലനിരകളിലെ ഗ്ലേസിയർ തകർച്ചയും അതിനെത്തുടർന്നുണ്ടായ ഉരുൾപൊട്ടലുമാണ് നേപ്പാളിലെ മിന്നൽ പ്രളയത്തിന് കാരണമായത്. എന്നാല്‍, ദുരന്തത്തിന്റെ പ്രഭവകേന്ദ്രമെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ  ദിവസങ്ങള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. രണ്ടു വീഡിയോകള്‍ ചേര്‍ത്ത ഒരു ദൃശ്യമാണിത്. ഒരു ഡാം തകരുന്നതായാണ് ആദ്യത്തെ ക്ലിപ്പില്‍ കാണിക്കുന്നത്. രണ്ടാമത്തെ വീഡിയോയില്‍, കെട്ടിടങ്ങള്‍ നിറഞ്ഞ ഒരു പ്രദേശത്തുകൂടി വെള്ളം ഒഴുകുന്നതായും കാണാം 

‘Binu John Kaanavil’ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ  വീഡിയോ കണ്ടത്. ‘നേപ്പാള്‍ ദുരന്തം starting point’ എന്നാണ് ആ പോസ്റ്റിന്  ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. 

ഫേസ്ബുക്ക് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

പ്രചരിക്കുന്ന ഈ വീഡിയോ റിവേഴ്സ് ഇമേജ് സേര്‍ച്ചിനു വിധേയമാക്കിയപ്പോള്‍, ഇതേ ദൃശ്യങ്ങൾ  ഹിന്ദിയിലും തമിഴിലും  പ്രചരിച്ചിരുന്നതായി കണ്ടെത്തി. ഫേസ്ബുക്കില്‍ 5.7K ഫോളോവേഴ്സ് ഉള്ള ആളാണ്‌ ‘Binu John Kaanavil’. 

ഈ രണ്ടു വീഡിയോകള്‍ക്കും പ്രകടമായി തന്നെ ചില പിഴവുകള്‍ കാണുന്നുണ്ട്. അണ പൊട്ടിയൊഴുകുന്ന വെള്ളത്തിന്‌ കീഴില്‍ ആളുകള്‍ നില്‍ക്കുന്നത് കാണാം, കാറുകളും നിര്‍ത്തിയിട്ടിരിക്കുന്നു. ഈ വീഡിയോ എണ്‍പത് ശതമാനത്തോളം എ.ഐ നിര്‍മിതമാണ്‌ എന്നാണ് എ ഐ ഡിറ്റക്ഷന്‍ ടൂള്‍ ഫലം പറയുന്നത്.

ഹൈവ് മോഡറേഷന്‍ ഫലം, സ്ക്രീന്‍ഷോട്ട്

ഈ വീഡിയോയില്‍ തന്നെയുള്ള രണ്ടാമത്തെ ക്ലിപ്പിങ്ങും ഒബിസി പരിശോധിച്ചു. വീഡിയോ അന്‍പത് ശതമാനം എ ഐ നിര്‍മിതമാണ്‌ എന്ന് കണ്ടെത്തി. എന്തായാലും ഈ വീഡിയോ, ദുരന്തമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷം വ്യാപകമായി പ്രചരിച്ചിരുന്നു.  

30,000 ല്‍ അധികം അംഗങ്ങള്‍ ഉള്ള ‘UK MALAYALI’ എന്ന  ഫേസ്ബുക്ക് ഗ്രൂപ്പിലും ഇതിനു സമാനമായ ഒരു വീഡിയോ പ്രചരിച്ചിരുന്നു. #Nepal എന്ന ഹാഷ് ടാഗ് ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. നേപ്പാള്‍ ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ എന്നാണ് വീഡിയോക്ക് ഒപ്പം ചേര്‍ത്തിട്ടുള്ള ക്യാപ്ഷന്‍ പറയുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

അഞ്ചോളം എ ഐ നിര്‍മിത വീഡിയോകള്‍ ചേര്‍ത്ത് വച്ച നാല് മിനിറ്റ് ദൈര്‍ഘ്യം ഉള്ള ഒരു വീഡിയോ ആണ് ഈ ഗ്രൂപ്പില്‍ പങ്കുവച്ചിട്ടുള്ളത്. ഈ വീഡിയോയില്‍ നേപ്പാളില്‍ നിന്നുള്ള ഒരു യഥാര്‍ത്ഥ ദൃശ്യവും ചേര്‍ത്തിട്ടുണ്ട്. 

വെള്ളത്തില്‍ ഒഴുകി പോകുന്ന ആളുകള്‍

മലയാളം ഫേസ്ബുക്ക് ഹാന്റിലുകള്‍ നേപ്പാളുമായി ബന്ധപ്പെട്ട എ ഐ നിർമിത ദൃശ്യങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് മുന്നില്‍ തന്നെയുണ്ട്‌. ഫേസ്ബുക്കില്‍ 7.9K ഫോളോവേഴ്സ് ഉള്ള Mylakkad Sharafudeen Sharafudeen എന്ന  അക്കൗണ്ടില്‍ അത്തരമൊരു വീഡിയോ പോസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

നേപ്പാളില്‍ നിന്നുള്ള ഒരു യഥാര്‍ത്ഥ ദൃശ്യവും ചേര്‍ത്തുകൊണ്ടാണ് വീഡിയോ നിര്‍മിച്ചിട്ടുള്ളത്. വീഡിയോയില്‍ ആളുകള്‍  പ്രളയ ജലത്തിലൂടെ ഒഴുകി പോകുന്നു എന്ന് കാണിക്കുന്നു. ഇതുവരെ (10/9/26) 23,000 ല്‍ അധികം പേരാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. എന്നാല്‍ ഒബിസിയുടെ പരിശോധനയില്‍,  ഈ വീഡിയോ 66.8 ശതമാനം എ ഐ നിര്‍മിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 

ഹൈവ് മോഡറേഷന്‍ ഫലം, സ്ക്രീന്‍ഷോട്ട്

 #NepalFlood, #Nepal, #Flood, #NaturalDisaster, #PrayForNepal, #FlashFlood, #FloodVictims, #Humanity, #StaySafe, #Nature, #Disaster എന്നീ ഹാഷ് ടാഗുകള്‍ ആണ് ഇവര്‍ പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്.

പ്രളയക്കെടുതിയുടെ വാര്‍ത്തകള്‍ക്കിടെ, രക്ഷാ പ്രവര്‍ത്തനവുമായി വന്യ ജീവികളും രംഗത്ത് എന്ന് അവകാശപ്പെടുന്ന മറ്റൊരു വീഡിയോ വൈറലായിരുന്നു. പ്രളയത്തില്‍ അകപ്പെട്ട ഒരു ബാലനെ വനത്തില്‍ നിന്നും ഇറങ്ങി വന്ന് ഒരു കാട്ടാന രക്ഷപ്പെടുത്തി എന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് പ്രചരിച്ചത്.

‘ലോകം മുഴുവന്‍ കണ്ട രക്ഷാപ്രവര്‍ത്തനം’ എന്നാണ് ആ പോസ്റ്റിനു ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. നിരവധി ഫേസ്ബുക്ക്, എക്സ് അക്കൌണ്ടുകളില്‍ ആ വീഡിയോ വൈറലായിരുന്നു. 

ഫേസ്ബുക്ക് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

പക്ഷെ ആ വീഡിയോക്ക് നേപ്പാളിലെ സാഹചര്യവുമായി ഒരു ബന്ധവുമില്ല. ഞങ്ങൾ ആ വീഡിയോയുടെ ഉറവിടം കണ്ടെത്തി. ബംഗാളി ഭാഷയിലുള്ള ഒരു മാധ്യമ സ്ഥാപനത്തിന്റെ യു ട്യൂബ് വീഡിയോ ആണതെന്ന് മനസിലായി.

 ഒരു ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ‘Aaj Bangla’ യുടെ യു ട്യൂബ് ചാനലിലാണ് ഈ വീഡിയോ വന്നിട്ടുള്ളത്.

അസം പ്രളയത്തില്‍ അകപ്പെട്ട ആളെ രക്ഷിക്കുന്ന ആന എന്നാണ് ആ വീഡിയോയുടെ ക്യാപ്ഷന്‍ പറയുന്നത്. വീഡിയോ അപ്പ്‌ലോഡ് ചെയ്തിരിക്കുന്നത് കഴിഞ്ഞ ആഗസ്ത് എഴാം തിയതിയും. അതായത് നേപ്പാളിലെ സാഹചര്യവുമായി ഈ വീഡിയോക്ക് ഒരു ബന്ധവുമില്ല. പക്ഷെ  യഥാര്‍ത്ഥത്തില്‍ ഈ വീഡിയോ എന്താണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. 

ആരോരുമില്ലാത്ത കുട്ടി, ദുരന്തത്തിന്റെ അവശേഷിപ്പ് 

ദുരന്തത്തിന് ശേഷം, നേപ്പാളില്‍ നിന്നുള്ള സങ്കടകരമായ ദൃശ്യങ്ങള്‍ എന്ന പേരില്‍ ചില ദൃശ്യങ്ങൾ  പ്രചരിപ്പിച്ചിരുന്നു ചിലര്‍. ഒറ്റയ്ക്ക് കരഞ്ഞു കൊണ്ട് നടക്കുന്ന കുഞ്ഞിന്റെയും  സഹോദരിയെ ചുമലിലേറ്റി കൊണ്ട് നടക്കുന്ന ഒരു ബാലന്റെയും വീഡിയോ ഇങ്ങനെ വൈറലായിരുന്നു. 

26K ഫോളോവേഴ്സ് ഉള്ള Sabu Issac എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ  നിന്നാണ് കരഞ്ഞുകൊണ്ട്‌ നടക്കുന്ന കുഞ്ഞിന്റെ  വീഡിയോ പ്രചരിച്ചത്. ‘നേപ്പാള്‍ ദുരന്തത്തിന്റെ ബാക്കി പത്രം, തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ ആരോരുമില്ലാതെ നില്‍ക്കുന്ന കുഞ്ഞ്’ എന്നൊക്കെയാണ് ഈ വീഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിട്ടുള്ളത്. വീഡിയോക്ക് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതുവരെ (10/9/26) ആയിരത്തിലധികം പേര്‍ ഈ വീഡിയോ കണ്ടിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

എന്നാൽ ഈ വീഡിയോ കൃത്രിമമായി നിർമിച്ചതാണ്. 98.6 ശതമാനം എ ഐ നിര്‍മിതമാണെന്നാണ് ഒബിസിയുടെ പരിശോധനയിൽ വ്യക്തമായത്.

ഹൈവ് മോഡറേഷന്‍ ഫലം, സ്ക്രീന്‍ഷോട്ട് 

‘നേപ്പാളില്‍ നിന്നുള്ള ഹൃദയ ഭേദകമായ ഒരു ദൃശ്യം വൈറല്‍ ആകുന്നു’ എന്ന അടിക്കുറിപ്പോടെ 3.9K ഫോളോവേഴ്സ് ഉള്ള ‘എന്റെ വീട്’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലാണ്, അനുജത്തിയെ തോളിലേറ്റി നടക്കുന്ന ഒരാണ്‍കുട്ടിയുടെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത് ഈ അക്കൌണ്ടിലൂടെ മാത്രം ഒന്‍പതിനായിരത്തിലധികം പേരാണ് വീഡിയോ ഇതുവരെ (10/9/26) കണ്ടത്.  

ഫേസ്ബുക്ക് പോസ്റ്റ്‌, സ്ക്രീന്‍ഷോട്ട്

റിവേഴ്സ് ഇമേജ് സെര്‍ച്ചിലൂടെ പരിശോധിച്ചപ്പോൾ, ഈ വീഡിയോ നേപ്പാളില്‍ നിന്നുള്ളതല്ല എന്ന് മനസിലായി. വിയറ്റ്നാമില്‍ നിന്നുള്ള ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ ഈ ദൃശ്യങ്ങൾ അഗസ്ത് 29 നും ഈ മാസം രണ്ടിനും ഇന്‍സ്റ്റഗ്രാമിൽ  പങ്കുവച്ചിരുന്നു. തന്റെ അനുജത്തിയെ തോളിലേറ്റിക്കൊണ്ട് നടക്കുന്ന കുട്ടി എന്ന് തന്നെയാണ് ഈ വീഡിയോക്ക് ഇംഗ്ലീഷില്‍ ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. വിയറ്റ്നാമീസ് ഭാഷയിലാണ് ഇന്‍ഫ്ലുവന്‍സര്‍ കുട്ടികളോട് ആശയവിനിമയം നടത്തുന്നത് എന്ന് ഒബിസി അന്വേഷണത്തില്‍ കണ്ടെത്തി. 

thienduyennet എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നു, സ്ക്രീന്‍ഷോട്ട്

ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള thienduyennet എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നും ഈ വീഡിയോ ലക്ഷക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു. ഇതേ ദൃശ്യങ്ങളാണ് ഇപ്പോള്‍ നേപ്പാളിലെതെന്ന രീതിയിൽ വീണ്ടും ആളുകള്‍ പ്രചരിപ്പിക്കുന്നത്.

നേപ്പാളിലെ പ്രകൃതിദുരന്തത്തിന്റെ വ്യാപ്തിയും ജനങ്ങളുടെ ഭീതിയും മുതലെടുത്ത് ഇത്തരത്തില്‍ വലിയ തോതിലുള്ള വ്യാജപ്രചാരണങ്ങളാണ് സോഷ്യൽ മീഡിയയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്നത്. നേപ്പാള്‍ ദുരന്തവുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകള്‍ വലിയ രീതിയിലാണ്‌ ദുരുപയോഗം ചെയ്യപ്പെട്ടത്. എ ഐ നിര്‍മിത വീഡിയോകള്‍ തന്നെയാണ് കൂടുതലായി പ്രചരിപ്പിക്കപ്പെട്ടത്. 

ലൈക്കുകൾക്കും ഷെയറുകൾക്കും വേണ്ടി നിർമ്മിക്കപ്പെടുന്ന ഇത്തരം വീഡിയോകളും എഡിറ്റ് ചെയ്ത ദൃശ്യങ്ങളും ദുരന്തത്തിന്റെ യഥാർത്ഥ അവസ്ഥയെ തെറ്റായി കാണിക്കുക മാത്രമല്ല, രക്ഷാപ്രവർത്തനങ്ങളെയും ദുരിതാശ്വാസ പ്രവർത്തനങ്ങളെയും വഴിതിരിച്ചുവിടാനും സാധ്യതയുണ്ട്.

 

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top