
ഏണസ്റ്റോ ചെ ഗുവാര കഞ്ചാവ് വലിക്കുമായിരുന്നോ? പൊതുബോധനിർമ്മിതിയുടെ രാഷ്ട്രീയം
ഇന്‍റര്‍നെറ്റിന്‍റേയും സാമൂഹ്യമാധ്യമങ്ങളുടേയും വരവോടെ ചെ ഗുവാര എന്ന സാര്‍വദേശീയ വിപ്ലവ ബിംബം ലോകമെങ്ങും ഇടതുപക്ഷ യുവത്വത്തിന്‍റെ കൊടിയടയാളമായി. കേരളത്തില്‍ പോലും പലയിടത്തും അരിവാള്‍ ചുറ്റികയുള്ള ചെങ്കൊടി ചെഗുവാരക്കൊടികള്‍ക്ക് വഴിമാറുന്ന കാഴ്ചയും കാണാന്‍ തുടങ്ങി. സാമൂഹ്യമാധ്യമങ്ങളിലെ പോരാട്ടങ്ങളില്‍ ശ്രീരാമനും, സമീപകാല പ്രതിഭാസമായ രുദ്രഹനുമാനുമെല്ലാം ബദലായി ചെഗുവേര ഉയര്‍ന്നു വന്നു. ഈ തര്‍ക്കങ്ങളിലെവിടെയോ ആവണം, ‘കഞ്ചന്‍ ചെഗു’ എന്ന വലതുപക്ഷ പ്രത്യാഖ്യാനം രൂപം കൊള്ളുന്നത്. മലയാള സാമൂഹ്യമാധ്യമങ്ങളില്‍ സംഘപരിവാറും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സി പി ഐ എം വിരുദ്ധമുന്നണിയും ഒരു പോലെ ഇടതുപക്ഷത്തെ ആക്രമിക്കാന്‍ ഈ ആയുധം ഉപയോഗിച്ചുപോന്നു. ഈ ആവസവ്യവസ്ഥക്കുള്ളില്‍ നിന്നാണ് മീഡിയാവണ്‍ എഡിറ്റോറിയല്‍ നേതൃത്വം ഇടതുപക്ഷവിമര്‍ശത്തിനുള്ള ഉള്ളടക്കം കണ്ടെത്തിയതെന്നത് പരിതാപകരമാണ്.
ഏണസ്റ്റോ ചെ ഗുവാര കഞ്ചാവ് വലിക്കുമായിരുന്നോ?
കേള്‍ക്കുമ്പോള്‍ അസംബന്ധമെന്ന് തോന്നിയേക്കാവുന്ന ഈ ചോദ്യം പക്ഷെ മലയാളം സാമൂഹ്യമാധ്യമങ്ങളില്‍ രണ്ടു ദിവസമായി ഗൗരവമേറിയ ചര്‍ച്ചാവിഷയമാണ്. മീഡിയാവണ്ണിന്‍റെ എഡിറ്റോറിയല്‍ പരിപാടിയായ ഔട്ട് ഓഫ് ഫോക്കസില്‍ അവരുടെ ചീഫ് എഡിറ്റര്‍ നടത്തിയ ഒരു പരാമര്‍ശമാണ് വിവാദത്തിന് കാരണമായത്. തെക്കനമേരിക്കന്‍ വിപ്ലവകാരി ഏണസ്റ്റോ ചെ ഗുവാര മയക്കുമരുന്ന് ഉപയോഗിക്കുമായിരുന്നു എന്ന ആ വിവാദപരാമര്‍ശം സാമൂഹ്യമാധ്യമസ്വാധീനത്താല്‍ നടത്തിയതാണെന്ന് പ്രമോദ് രാമന്‍ പിന്നീട് ഏറ്റുപറഞ്ഞു. സാമൂഹ്യമാധ്യമങ്ങള്‍ നടത്തുന്ന പൊതുബോധനിര്‍മ്മിതിയില്‍ നിന്ന് താനും മുക്തനല്ലെന്നും മീഡിയാവണ്‍ ചീഫ് എഡിറ്റര്‍ വിശദീകരിച്ചുവെങ്കിലും വിവാദം കെട്ടടങ്ങിയിട്ടില്ല.
ഇടതുപക്ഷ പാരമ്പര്യമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സാഹിത്യകാരനുമായ പ്രമോദ് രാമനെ വരെ തെറ്റിദ്ധരിപ്പിക്കും വിധം ഈ പൊതുബോധം നിര്‍മ്മിക്കപ്പെട്ടത് എങ്ങനെയാണ്?
കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ആഗോള ലൈഫ്സ്റ്റൈല്‍ മാര്‍ക്കറ്റിലെ മിന്നും താരമാണ് ഏണസ്റ്റോ ചെ ഗുവാര. ഇടതുപക്ഷ വിപ്ലകാരിയായി ചരിത്രത്താളുകളില്‍ ഉണ്ടായിരുന്നുവെങ്കിലും, എണ്‍പതുകളുടെ അവസാനം ഇറ്റലിയിലെ നാപ്പോളിയില്‍ വച്ച് ദ്യേഗോ മറഡോണ തന്‍റെ കൈയില്‍ പച്ചകുത്തുന്നതോടെയാണ് ചെ ഗുവാരക്ക് ലിബറല്‍ ചിന്താപരിസരങ്ങളിലും ഇപ്പോഴത്തെ സ്വീകാര്യത ലഭിക്കുന്നതെന്ന് കാണാം. തൊണ്ണൂറുകളില്‍ പിറവികൊണ്ട ഉദാരവത്കൃത വാണിജ്യലോകത്ത് വിപ്ലവകാരിയായ ചെ, അതിവേഗം ഒരു ഫാഷന്‍ ബിംബം കൂടിയായി മാറുകയായിരുന്നു. ടീ-ഷര്‍ട്ടുകളും സിഗരറ്റ് കേസുകളും മുതല്‍ അടിവസ്ത്രങ്ങളില്‍ വരെ ചെ ഗുവാരച്ചിത്രങ്ങള്‍ തരംഗം സൃഷ്ടിച്ചു.
ചെയുടെ രണ്ട് ചിത്രങ്ങളാണ് പൊതുവെ ലോമെങ്ങും വ്യാപകമായ പ്രചാരം നേടിയത്.
ഒന്ന്,
1960 മാര്‍ച്ച് 5 ന് ക്യൂബന്‍ ഫോട്ടോഗ്രാഫറായ ആല്‍ബെര്‍തോ കോര്‍ദ എടുത്ത ഫോട്ടോ. ഏകതാരകം തുന്നിയ പട്ടാളത്തൊപ്പിയണിഞ്ഞ് നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന നോട്ടത്തോടെയുള്ള ഈ ചെ ചിത്രം, പില്‍ക്കാലത്ത് ഗറിയ്യേറോ ഹിറോയ്കോ (Guerrillero Heroico) എന്ന പേരില്‍ വിഖ്യാതമായി.
ചുണ്ടില്‍ സിഗാര്‍ വച്ചിരിക്കുന്ന ചെയുടെ ചിത്രമാണ് രണ്ടാമത്തേത്.
1963 ല്‍, ചെ ക്യൂബന്‍ വ്യവസായ മന്ത്രിയായിരിക്കെ സ്വിസ് ഫോട്ടോഗ്രാഫര്‍ റെനെ ബ്യൂരി എടുത്ത ഫോട്ടോയാണിത്. അമേരിക്കന്‍ പത്രപ്രവര്‍ത്തക ലോറ ബെര്‍ക്വിസ്റ്റ്, ലുക്ക് മാസികക്ക് വേണ്ടി തയ്യാറാക്കിയ അഭിമുഖത്തിനായി എടുത്തതാണ് ഈ ചിത്രം. നിരവധി ഗംഭീര പടങ്ങളടങ്ങുന്ന ഒരു ഫോട്ടോ പരമ്പരയായിരുന്നു അത്. ഇതിനുശേഷം നിരവധി പടങ്ങളില്‍ സിഗാറുമായി ചെ ഗുവാര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരര്‍ത്ഥത്തില്‍ ക്യൂബയില്‍ നിന്നുള്ള ചിത്രങ്ങളില്‍ പിന്നീട് സിഗാറില്ലാത്ത ചെ അപൂര്‍വമായി എന്ന് തന്നെ പറയാം.

1956 നവംബറില്‍ മെക്സിക്കോയില്‍ നിന്ന് ക്യൂബയിലേക്കുള്ള ചരിത്രപ്രസിദ്ധമായ ഗ്രാന്‍മ യാത്രയിലാണ് ചെ പുകവലി തുടങ്ങുന്നതെന്ന് അന്നത്തെ പല സഖാക്കളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 12 പേര്‍ക്ക് സഞ്ചരിക്കാവുന്ന പായ്ക്കപ്പലില്‍ തിങ്ങിനിറഞ്ഞ എണ്‍പത് പോരാളികള്‍ക്കിടയില്‍ ആസ്ത്മയാല്‍ പരീക്ഷീണിതനായിരുന്നു ചെ. അനാരോഗ്യത്തോടായിരുന്നു അയാളുടെ ആദ്യപോരാട്ടമെന്ന് ചെയുടെ സമരസഖാവായിരുന്ന ഡോ. ഓസ്കാര്‍ ഫെര്‍ണാന്‍ഡസ് മെല്‍ പറയുന്നുണ്ട്. ഹവാനയിലേക്കുള്ള മുന്നേറ്റത്തിനിടെ പരിചയപ്പെട്ട ഒരു കര്‍ഷകത്തൊഴിലാളിയുടെ നാട്ടറിവില്‍ നിന്നാണ് അയാള്‍ കംപാന പൂക്കള്‍ (ഉമ്മത്തിന്‍ പൂ പോലുള്ള ഒരിനം) ഉപയോഗിച്ചുണ്ടാക്കുന്ന ചുരുട്ട് വലിക്കാന്‍ തുടങ്ങിയതത്രെ! ശ്വാസംമുട്ടുള്ളവര്‍ക്ക് കംപാനപ്പുക ഉത്തമമാണെന്നായിരുന്നു അവിടുത്തെ നാട്ടുവിശ്വാസം. പുകവലി കൊണ്ട് ആസ്ത്മ മാറില്ലെന്ന് മറ്റാരേക്കാളും നന്നായി അറിയാമായിരുന്നു മെഡിക്കല്‍ ബിരുദധാരിയായ ചെ ഗുവാരക്ക്, പക്ഷെ വളരെ പെട്ടെന്നുതന്നെ ഉപേക്ഷിക്കാനാവാത്തവിധം അദ്ദേഹം പുകവലിയിലേക്ക് ആകൃഷ്ടനായിരുന്നു. ഒരു പക്ഷെ അക്കാലത്ത് അദ്ദേഹത്തിന്‍റെ ഏക വിനോദവും പുകവലിയായിരുന്നിരിക്കണം, ഡോ. മെല്ലിനെ ഉദ്ധരിച്ച് ക്യൂബന്‍ മാധ്യമപ്രവര്‍ത്തകരായ യെസൂസ് അബ്രോലയയും റോബെര്‍തോ കാംപോസും എഴുതുന്നു.(Che’s Habanos,1997)
ഈ പുകവലിയും അതുമായി ബന്ധപ്പെട്ട വീരകഥകളും തന്നെയാവണം ചെ ഗുവാര കഞ്ചാവാണ് വലിച്ചിരുന്നതെന്ന വലതുപക്ഷ പൊതുബോധ നിര്‍മ്മിതിക്ക് വഴിമരുന്നിട്ടതും. ഏണസ്റ്റോയുമായി ബന്ധപ്പെട്ട ചരിത്രത്തിലെവിടേയും അദ്ദേഹത്തെ കഞ്ചാവുമായി ബന്ധപ്പെടുത്തുന്ന വിവരണങ്ങളില്ല, ഒരിടത്തൊഴിച്ച്.
അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞനായ ഡോ. റിച്ചാഡ് മില്ലറുടെ ഒരു അനുഭവമെന്നവണ്ണമാണ് ഈ സംഭവം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. 1959 ല്‍ ഹവാനയിലെ ഹോട്ടല്‍ നാസ്യോണലില്‍ വച്ച് അന്നത്തെ ക്യൂബന്‍ നേതാക്കളായ ഫിദല്‍ കാസ്ത്രോ, റൌള്‍ കാസ്ത്രോ, ചെ ഗുവാര തുടങ്ങിയവരെ കണ്ട സന്ദര്‍ഭത്തില്‍ ഒരു വിദ്യാര്‍ത്ഥി സഖാവ് കൊണ്ടു വന്ന ഒരു ചുരുട്ട് തങ്ങളെല്ലാം ഒന്നോ രണ്ടോ പഫ് മാറിമാറി വലിച്ചിരുന്നതായി ഓര്‍ക്കുന്നു എന്നാണ് ഡോ. മില്ലര്‍ പറയുന്നത്. എന്നാല്‍ ആ ‘ജോയിന്‍റി’ല്‍ എന്താണ് ഉണ്ടായിരുന്നതെന്ന് ഡോ. മില്ലര്‍ വ്യക്തമാക്കുന്നുമില്ല. ഡോ. മില്ലറുമായുള്ള സംഭഷണത്തിനു ശേഷം അമേരിക്കന്‍ ഗവേഷകനായ ഡോ. ഡെയ്ല്‍ ഗെയ്റിഞ്ജര്‍ പറയുന്നത് ഇപ്രകാരമാണ്.
“ഡോ. മില്ലര്‍ പറയുന്നത് മുഴുവന്‍ ശരിയാണെങ്കില്‍ പോലും ചെ ഗുവാര കഞ്ചാവിനെ നിയമവിധേയമാക്കാനുള്ള ഒരു നീക്കവും നടത്തിയിരുന്നതായി കരുതാനാവില്ല. മറിച്ച് അധികാരത്തിലെത്തിയ ഉടന്‍ തന്നെ മയക്കുമരുന്നിനെതിരായ ശക്തമായ നടപടികളുമായി മുന്നോട്ടു പോവുകയാണ് ചെ കൂടി ഉള്‍പ്പെട്ട കാസ്ത്രോ ഭരണകൂടം ചെയ്തത്. നിരവധി ലഹരി വിരുദ്ധ നിയമങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. ചിരാസക്തരായിരുന്ന പലരേയും പുനര്‍വിദ്യാഭ്യാസത്തിനയക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്തു. ക്യൂബയിലെ ലഹരി വിരുദ്ധ നിയമങ്ങള്‍ ഇപ്പോഴും മറ്റെവിടത്തെക്കാളും കടുത്തതാണ്. കഞ്ചാവടക്കമുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് നിരോധനവുമുണ്ട്. അതേ സമയം പുകയില അവരുടെ പ്രധാന വരുമാനസ്രോതസ്സുമാണ്”. കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് കഞ്ചാവിന്‍റെ ഉപയോഗത്തെക്കുറിച്ച് പഠിക്കുന്ന മുതിര്‍ന്ന ഗവേഷകനാണ് ഡോ. ഗെയ്റിഞ്ജര്‍.
അതേസമയം പുകയിലയുമായുള്ള പ്രണയം ചെഗുവാര തുടരുക തന്നെയായിരുന്നു. ഒളിപ്പോരാളികള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ചെ പലപ്പോഴും പുകയില കൈയില്‍ കരുതാന്‍ ആവശ്യപ്പെട്ടിരുന്നു, കാരണം ഏകാകിയായ പടയാളിയുടെ ശാശ്വത പങ്കാളിയാണ് പുകവലിയെന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു. പുകവലിക്കാന്‍, അല്ലെങ്കില്‍ പൈപ്പ് വെറുതെ കടിച്ചുപിടിച്ച് അതിനറ്റത്തെ സ്വാദ് നുണയാനെങ്കിലുമുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട് എന്ന് ചെ, പങ്കാളിയായ അലൈഡ മാര്‍ച്ചിനെഴുതിയ ഒരു കത്തില്‍ പറയുന്നുമുണ്ട്.
ഈ പുകയിലപ്രേമം വില്‍പനക്കുവയ്ക്കാന്‍ തന്നെയാണ് അമേരിക്കന്‍ വിപണി ചെ ഗുവാര എന്ന ബിംബത്തെ സിഗാര്‍ പരസ്യങ്ങളിലേക്ക് വലിച്ചിട്ടതെന്നും ഡോ. ഗെയ്റിഞ്ജര്‍. നിരീക്ഷിക്കുന്നുണ്ട്. കഞ്ചാവിന്‍റെ വിപ്ലവപ്രതീകം എന്ന നിലയില്‍ ചെ യെ അവതരിപ്പിക്കാന്‍ എളുപ്പവുമായിരുന്നു. അതിലേറ്റവും നിര്‍ണായകമായിത്തീര്‍ന്നത് “Viva la Cannabis.” എന്നെഴുതിയ ഒരു ടി ഷര്‍ട്ട് ഡിസൈനാണ്. ദശലക്ഷക്കണക്കിനാണ് ആ കുപ്പായം വിറ്റുപോയത്. ചെ ഗുവാരയെ കഞ്ചാവുമായി ബന്ധപ്പെടുത്തി അവതരിപ്പിക്കുന്നതിലെ വിപണിസാധ്യതക്കപ്പുറം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ രാഷ്ട്രീയതാത്പര്യവും ഇവിടെ പ്രസക്തമാണ്. ശത്രുവായി മുദ്രകുത്തുന്ന എല്ലാ തെക്കനമേരിക്കന്‍ രാജ്യങ്ങള്‍ക്കും മേല്‍ അമേരിക്കന്‍ ഭരണകൂടം മയക്കുമരുന്ന് ചാപ്പ കുത്താറുണ്ടെന്നത് വസ്തുതയാണ്. വെനിസ്വേലയും ക്യൂബയും കൊളംബിയയും മുതല്‍ അയല്‍ രാജ്യമായ മെക്സിക്കോ വരെ സമീപകാല ഉദാഹരണങ്ങളാണ്.
ഇന്ത്യയിലും കേരളത്തിലും തീവ്ര ഇടതുപക്ഷ വൃത്തങ്ങളില്‍ മാത്രം മിന്നിമായ്ഞ്ഞുപോയിരുന്ന ചെ, പൊതു ഇടതുപക്ഷ മണ്ഡലത്തിലേക്ക് പ്രവേശിക്കുന്നത് അടിയന്തിരാവസ്ഥക്ക് ശേഷമാണ്. ഡി വൈ എഫ് ഐ രൂപീകരണത്തോടെ ഇടതുപക്ഷ യുവജനസംഘാടനത്തിലുണ്ടായ ഉണര്‍വും അര്‍ജന്‍റീനയുടെ ലോകകപ്പ് വിജയവും മറഡോണക്ക് കിട്ടിയ സ്വീര്യതയുമെല്ലാം ഇതിന് സഹായകരമായ ഘടകങ്ങളായിട്ടുണ്ട്.

ഇന്‍റര്‍നെറ്റിന്‍റേയും സാമൂഹ്യമാധ്യമങ്ങളുടേയും വരവോടെ ചെ ഗുവാര എന്ന സാര്‍വദേശീയ വിപ്ലവ ബിംബം ലോകമെങ്ങും ഇടതുപക്ഷ യുവത്വത്തിന്‍റെ കൊടിയടയാളമായി. കേരളത്തില്‍ പോലും പലയിടത്തും അരിവാള്‍ ചുറ്റികയുള്ള ചെങ്കൊടി ചെഗുവാരക്കൊടികള്‍ക്ക് വഴിമാറുന്ന കാഴ്ചയും കാണാന്‍ തുടങ്ങി. സാമൂഹ്യമാധ്യമങ്ങളിലെ പോരാട്ടങ്ങളില്‍ ശ്രീരാമനും, സമീപകാല പ്രതിഭാസമായ രുദ്രഹനുമാനുമെല്ലാം ബദലായി ചെഗുവേര ഉയര്‍ന്നു വന്നു. ഈ തര്‍ക്കങ്ങളിലെവിടെയോ ആവണം, ‘കഞ്ചന്‍ ചെഗു’ എന്ന വലതുപക്ഷ പ്രത്യാഖ്യാനം രൂപം കൊള്ളുന്നത്. മലയാള സാമൂഹ്യമാധ്യമങ്ങളില്‍ സംഘപരിവാറും മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള സി പി ഐ എം വിരുദ്ധമുന്നണിയും ഒരു പോലെ ഇടതുപക്ഷത്തെ ആക്രമിക്കാന്‍ ഈ ആയുധം ഉപയോഗിച്ചുപോന്നു. ഈ ആവസവ്യവസ്ഥക്കുള്ളില്‍ നിന്നാണ് മീഡിയാവണ്‍ എഡിറ്റോറിയല്‍ നേതൃത്വം ഇടതുപക്ഷവിമര്‍ശത്തിനുള്ള ഉള്ളടക്കം കണ്ടെത്തിയതെന്നത് പരിതാപകരമാണ്.
ഇത് പക്ഷെ കേരളത്തില്‍ മാത്രമുണ്ടായ ഒരു പ്രതിഭാസമായി കാണേണ്ടതില്ലതാനും. ലോകമെങ്ങും വലതുപക്ഷം ഈ ആഖ്യാനത്തെ പൊലിപ്പിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്ന് കാണാം. ജന്മനാടായ അര്‍ജന്‍റീനയിലും മറഡോണ ആ വിപ്ലവകാരിയെ ഒരര്‍ത്ഥത്തില്‍ വീണ്ടെടുക്കും വരെ ചെ ഗുവാര തീവ്രവാദിയോ അരാജകവാദിയോ തന്നെയായിരുന്നു. എന്തായാലും കേരളത്തിലെ ബൗദ്ധികമേഖലയിലുള്ളവരെ പോലും സ്വാധീനിക്കുന്ന ഈ പൊതുബോധ നിര്‍മ്മിതിക്കുപിന്നിലുള്ള രാഷ്ട്രീയം സാര്‍വദേശീയമായ ഒന്നാണ്, നിശ്ചയമായും സാമ്രാജ്യത്വതാല്‍പര്യമാണ് അതിനുള്ളത്.