
ജവഹർലാൽ നെഹ്രുവിനെതിരായ സദാചാര വിചാരണ – സ്വാതന്ത്ര്യ ദിനത്തിലെ പതിവ് തെറ്റാത്ത ‘ആചാരം’
ജവഹർലാൽ നെഹ്‌റു ഏതാനും സ്ത്രീകളോടൊപ്പം സ്നേഹത്തോടെ നിൽക്കുന്ന കുറച്ച് ചിത്രങ്ങൾ. നെഹ്‌റു ഒരു സ്ത്രീലമ്പടൻ ആയിരുന്നു എന്ന് തെളിയിക്കാനായി, എല്ലാ വർഷവും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്, സംഘപരിവാർ നടത്തുന്ന പ്രചാരണമാണിത്. ഈ വർഷവും ‘ആചാരം’ തെറ്റിച്ചില്ല. ഓരോ ചിത്രവും ഞങ്ങൾ പരിശോധിച്ചു. ആരൊക്കെയാണ് ഈ സ്ത്രീകൾ? ഏതൊക്കെ സന്ദർഭങ്ങളിൽ എടുത്ത ഫോട്ടോകളാണിവ?
നെഹ്റുവിന്റെ വ്യക്തിജീവിതത്തെയും സ്വഭാവത്തെയും അധിക്ഷേപിക്കാൻ ലക്ഷ്യമിട്ട് ആറ് ചിത്രങ്ങൾ അടങ്ങിയ ഒരു പോസ്റ്ററാണ് ഇത്തവണ വലതുപക്ഷ സാമൂഹ്യ മാധ്യമ ഹാൻഡിലുകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത്. നെഹ്റുവിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടുന്ന ചിത്രങ്ങളും ഔദ്യോഗിക സന്ദർശന വേളകളിൽ എടുത്ത ഫോട്ടോകളുമാണ്, വ്യാജ സന്ദർഭങ്ങൾ നിർമ്മിച്ച് കാമുകിമാരുടേതെന്ന പേരിൽ പ്രചരിപ്പിക്കുന്നത്.

ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയി ആയിരുന്ന മൗണ്ട് ബാറ്റന്റെ ഭാര്യ എഡ്വിന മൗണ്ട് ബാറ്റനോടൊപ്പം നെഹ്റു നിൽക്കുന്ന ചിത്രവും ഇക്കൂട്ടത്തിലുണ്ട്. ഗാന്ധിയല്ല, നെഹ്റുവാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തന്നതെന്നും, അതിന് വേണ്ടിയാണ് ഇവരുമായൊക്കെ നെഹ്റു പ്രണയബന്ധം സൃഷ്ടിച്ചതെന്നുമൊക്കെയാണ് ട്രോളുകൾ.
കുടുംബാംഗങ്ങളോടൊത്തുള്ള ചിത്രങ്ങൾ ഉപയോഗിച്ച് വ്യക്തിഹത്യ
ഓരോ ചിത്രത്തിന്റെയും യാഥാർത്ഥ്യം പരിശോധിച്ചാൽ നെഹ്റുവിനെതിരായുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണ് ഈ പ്രചാരണങ്ങളെന്ന് വ്യക്തമാവും. ഇടത്ത് നിന്ന് ഒന്നാമത്തെയും മൂന്നാമത്തെയും ചിത്രത്തിൽ, സ്ത്രീകൾ നെഹ്റുവിനെ ചുംബിക്കുന്നതും ആലിംഗനം ചെയ്യുന്നതും കാണാം. റിവേഴ്സ് ഇമേജ് സെർച്ചിലൂടെ പരിശോധിച്ചപ്പോൾ ആദ്യത്തെ ചിത്രത്തിന്റെ പൂർണ്ണരൂപത്തിലുള്ള മറ്റൊരു ചിത്രം ലഭ്യമായി.

ഇതിൽ നെഹ്രുവിന്റെ സഹോദരി വിജയലക്ഷ്മി പണ്ഡിറ്റും സമീപത്തായി നിൽക്കുന്നത് കാണാം. നെഹ്റുവിന് ചുംബനം നൽകുന്നത് വിജയലക്ഷ്മി പണ്ഡിറ്റിന്റെ മകൾ നയൻതാര സെഹ്ഗാളാണ്. 1955-ൽ ലണ്ടൻ എയർപോർട്ടിലെത്തിയ നെഹ്റുവിനെ അനന്തരവൾ നയൻതാര സെഹ്ഗാൾ സ്വീകരിക്കുന്നതാണിത്. അന്ന് യുകെയിലെ ഇന്ത്യൻ ഹൈക്കമിഷണറായിരുന്നു വിജയലക്ഷ്മി പണ്ഡിറ്റ്. ഈ ചിത്രം ക്രോപ്പ് ചെയ്താണ് പ്രചരിപ്പിക്കുന്നത്.
മൂന്നാമത്തെ ചിത്രത്തിലുള്ളത്, നെഹ്റുവിന്റെ സഹോദരിയായ വിജയലക്ഷ്മി പണ്ഡിറ്റാണെന്നത് വ്യക്തമാണ്. റഷ്യയിലെ അംബാസഡർ ചുമതല കഴിഞ്ഞ് തിരിച്ചെത്തിയ സഹോദരിയെ ദില്ലി വിമാനത്താവളത്തിൽ നെഹ്റു സ്വീകരിക്കുന്നതാണ് സന്ദർഭം. ഇന്ത്യയുടെ ആദ്യ വനിതാ ഫോട്ടോജർണലിസ്റ്റായ ഹോമൈ വ്യാരവല്ല പകർത്തിയ ചിത്രമാണിത്. അതായത്, വലതു പക്ഷ അക്കൗണ്ടുകൾ നെഹ്രുവിന്റെ കാമുകിമാരായി ചിത്രീകരിക്കുന്നത് കുടുംബാംഗങ്ങളെ തന്നെയാണ്. പ്രമുഖവ്യക്തി ആയിരുന്നിട്ട് പോലും സാമൂഹ്യ മാധ്യമങ്ങളിൽ പലർക്കും നെഹ്രുവിന്റെ സഹോദരിയെ തിരിച്ചറിയാൻ സാധിക്കുന്നില്ല. ഈ പോസ്റ്റുകളുടെ കമന്റുകളിൽ ഇത് വ്യക്തമാണ്.
ഔദ്യോഗിക പരിപാടികളിൽ നിന്നുള്ള ചിത്രങ്ങൾ ഉപയോഗിച്ചും വ്യാജ പ്രചാരണം
ഇടത്ത് നിന്ന് രണ്ടാമത്തെ ചിത്രം, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ ഭാര്യയായ മിസിസ് സൈമണിന് നെഹ്റു സിഗരറ്റ് കത്തിച്ചു നൽകുന്നതാണ്. ബ്രിട്ടീഷ് ഓവർസീസ് എയർവേയ്‌സ് കോർപ്പറേഷന്റെ ഇന്ത്യയിലേക്കുള്ള ആദ്യത്തെ വിമാനത്തിലിരുന്നുള്ള ചിത്രമാണിത്. ഈ ചിത്രവും പകർത്തിയത് ഹോമൈ വ്യാരവല്ല തന്നെയാണ്.
നാലാമത്തെയും ആറാമത്തെയും ചിത്രത്തിലുള്ളത്, ബ്രിട്ടീഷ് ഇന്ത്യയുടെ അവസാന വൈസ്രോയിയായ മൗണ്ട് ബാറ്റന്റെ ഭാര്യ എഡ്വിന മൗണ്ട് ബാറ്റനാണ്. ആറാമത്തെ ചിത്രം, 1955 ഫെബ്രുവരി 11-ന് ലണ്ടനിലെ കെൻസിംഗ്ടൺ പാലസ് ഗാർഡൻസിൽ ഇന്ത്യൻ ഹൈകമ്മീഷണർ സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു പങ്കെടുക്കുന്നതിനിടെയുള്ളതാണ്. എഡ്വിന മൗണ്ട് ബാറ്റനുമായി നെഹ്റു പ്രണയത്തിലായിരുന്നുവെന്ന് നിരവധി വാർത്തകളുണ്ടായിരുന്നു. എന്നാൽ എഡ്വിന മൗണ്ട് ബാറ്റന്റെ മകൾ പമേല ഹിക്സ് പിന്നീട് ഈ വാർത്തയെ പൂർണമായും തള്ളിക്കളഞ്ഞിരുന്നു. അവർ പരസ്പരം വളരെ ബഹുമാനിക്കുകയും അത്തരത്തിൽ തന്നെ സ്നേഹിക്കുകയും ചെയ്തിരുന്നുവെന്നും മറ്റൊരു തരത്തിലുള്ള ബന്ധവും അവർ തമ്മിൽ ഉണ്ടായിരുന്നില്ലെന്നുമാണ് പമേല പറഞ്ഞത്. അതെന്ത് തന്നെ ആയാലും രണ്ട് മുതിർന്ന വ്യക്തികൾ തമ്മിലുള്ള ബന്ധം തികച്ചും അവരുടെ സ്വകാര്യതയുടെ ഭാഗമാണ്.

അഞ്ചാമത്തെ ചിത്രം, 1962-ൽ ഇന്ത്യ സന്ദർശിച്ച അമേരിക്കൻ പ്രഥമ വനിത ജാക്വലിൻ കെന്നഡിയുടെ നെറ്റിയിൽ നെഹ്റു തിലകം ചാർത്തുന്നതാണ്.
ചുരുക്കത്തിൽ കൊളാഷിലെ ചിത്രങ്ങളെല്ലാം, നെഹ്രുവിന്റെ കുടുംബാംഗങ്ങളോടോപ്പമുള്ളതോ ഔദ്യോഗിക സന്ദർശന വേളകളിൽ എടുത്തതോ ആണ്. ജവഹർലാൽ നെഹ്രുവിനെ വ്യക്തിഹത്യ ചെയ്യുന്ന വിധത്തിലുള്ള ഈ പോസ്റ്റുകൾ ഒറ്റനോട്ടത്തിൽ തന്നെ ആസൂത്രിതമെന്ന് തോന്നിക്കുന്നവയാണ്. എല്ലാ പോസ്റ്റുകളിലും ഒരേ ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് മാത്രമല്ല, ഏകദേശം ഒരേ സമയത്തുമാണ് ഇവയെല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നതും. ആഗസ്റ്റ് 8 മുതൽ ആഗസ്റ്റ് 16 വരെയുള്ള തീയതികളിലാണ് ഒട്ടുമിക്ക പോസ്റ്റുകളും പങ്കുവെച്ചിരിക്കുന്നത്. അതായത്, ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തോടടത്തുളള ദിവസങ്ങളിൽ. സാധാരണയായി സ്വാതന്ത്ര്യ ദിനത്തോടുത്ത ദിനങ്ങളിൽ നെഹ്റുവിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഇത് തടയുകയെന്ന ലക്ഷ്യത്തോട് കൂടിയാവാം, വ്യാജ പ്രചാരണങ്ങൾ നടത്താൻ ഈ ദിവസങ്ങൾ തന്നെ തെരഞ്ഞെടുക്കുന്നത്. പോസ്റ്റിലെ കമന്റ് ബോക്സുകളിലും അശ്ലീല പരാമർശങ്ങളും ധാർമ്മിക രോഷവും നിറഞ്ഞു നിൽക്കുകയാണ്.

വ്യാജപ്രചാരണത്തിന് ചുക്കാൻ പിടിക്കുന്ന ഐ ടി സെൽ
ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്നത് ബിജെപി അനുകൂല അക്കൗണ്ടുകൾ തന്നെയാണ്. ഇതാദ്യമായല്ല, ബിജെപി അക്കൗണ്ടുകളിൽ നിന്ന് നെഹ്റുവിനെതിരെ ഇത്തരമൊരു വ്യാജ പ്രചാരണമുണ്ടാവുന്നത്. 2017 നവംബർ 15 ന് അന്നത്തെ ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യ സമാനമായൊരു കൊളാഷ് ചിത്രം എക്സിൽ പങ്കുവെച്ചിരുന്നു. ഇതിലുൾപ്പെട്ടിരുന്ന ചിത്രങ്ങൾ തന്നെയാണ് നിലവിൽ പ്രചരിക്കുന്നത്. 2017 ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത്, ‘ഹർദിക് പട്ടേലെന്ന’ രാഷ്ട്രീയ നേതാവിന്റെ ചില ലൈംഗിക വീഡിയോകൾ പ്രചരിച്ചിരുന്നു. ആ തെരഞ്ഞെടുപ്പിൽ ഹാർദിക് പട്ടേൽ കോൺഗ്രസിനെയാണ് പിന്തുണച്ചിരുന്നത്. ഇതുമായി ബന്ധപ്പെടുത്തിയാണ് അമിത് മാളവ്യ തന്റെ എക്സ് അക്കൗണ്ടിൽ അന്ന് നെഹ്രുവിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. “ഹർദിക്കിൽ നെഹ്രുവിന്റെ ഡിഎൻഎ യുണ്ട്”എന്നായിരുന്നു പരിഹാസം. എന്നാൽ അമിത് മാളവ്യ പങ്കുവെച്ച ചിത്രങ്ങൾ കുടുംബാംഗങ്ങളോടൊത്തുള്ളതോ ഔദ്യോഗിക സന്ദർശന വേളകളിൽ എടുത്തതോ ആണെന്ന് അന്ന് തന്നെ ഫാക്ട് ചെക്കിംഗ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്.
അമിത് മാളവ്യയുടെ അന്നത്തെ പോസ്റ്റിന് പിന്നാലെ എല്ലാ വർഷവും ഇക്കാലയളവിൽ നെഹ്റുവിന്റെതിരെയായി ഇതേ വ്യാജ വാർത്തകൾ പരക്കുന്നുണ്ട്. എക്സിൽ ‘mj’ എന്ന പേരിലുള്ള അക്കൗണ്ട് 2023 ലും 2024 ലും സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇതേ ചിത്രങ്ങൾ പങ്കുവെച്ചിട്ടുള്ളതായി കാണാം.
ഇത്തരം വ്യാജപ്രചാരണങ്ങളുടെ സംഘടിത സ്വഭാവത്തെക്കുറിച്ച് മാധ്യമപ്രവർത്തക സ്വാതി ചതുർവേദി തന്റെ “ഐ ആം എ ട്രോൾ: ഇൻസൈഡ് ദ സീക്രട്ട് വേൾഡ് ഓഫ് ബി.ജെ.പിസ് ഡിജിറ്റൽ ആർമി” എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. പുസ്തകത്തിലെ ഏഴ് അധ്യായങ്ങളിൽ ഒന്നിൽ ബിജെപി മുൻ വളണ്ടിയറായ സാധ്വി ഖോസ്‌ലയുടെ വെളിപ്പെടുത്തലുകളാണ്. ഓരോ ദിവസവും വൈറലാവേണ്ട ഹാഷ്ടാഗുകൾ എന്തൊക്കെയാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ബിജെപി ഐ ടി സെൽ വോളണ്ടിയർമാർക്ക് നൽകുമെന്ന് ഈ പുസ്തകത്തിലൂടെ സാധ്വി ഖോസ്‌ലെ വെളിപ്പെടുത്തുന്നു. കൂടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ ആക്രമിക്കേണ്ടവരുടെ പേര് വിവരങ്ങളും ചിത്രങ്ങളുമുണ്ടാകും. വാട്ട്സാപ്പിലൂടെ പ്രചരിപ്പിക്കേണ്ട സന്ദേശങ്ങളും മുകളിൽ നിന്ന് ഐടി സെൽ മുഖേന നൽകുകയാണ് ചെയ്യുന്നത്. ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ മുൻ നേതാക്കളെയോ ലക്ഷ്യമിട്ടുള്ള പോസ്റ്റുകൾക്ക് താഴെ, നിമിഷങ്ങൾക്കകം ആയിരക്കണക്കിന് അധിക്ഷേപ കമന്റുകളുമായി വോളണ്ടിയർമാരെത്തും. അത്രയും സജ്ജമാണ് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിജെപി യുടെ ഐടി കേന്ദ്രമെന്ന് പുസ്തകത്തിൽ പറയുന്നു.
ഇന്ത്യയിൽ ബി.ജെ.പി ഉപയോഗിച്ചതിന് സമാനമായ ഓൺലൈൻ വ്യാജ പ്രചാരണ തന്ത്രങ്ങൾ മറ്റ് രാജ്യങ്ങളിലും ഉപയോഗിക്കുന്നുണ്ട്. 2016-ലെ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണത്തെ സഹായിക്കാൻ റഷ്യ സമാനമായ തന്ത്രങ്ങളാണ് പയറ്റിയത്. നവംബറിലെ അമേരിക്കൻ തെരഞ്ഞെടുപ്പിന് ശേഷം പുറത്തുവന്ന യു.എസ് ഇന്റലിജൻസ് റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്.
ഇന്നത്തെ ഇന്ത്യൻ ഡിജിറ്റൽ അന്തരീക്ഷത്തിൽ, ചരിത്രപരമായ വസ്തുതകളെ വ്യാജ പ്രചാരണങ്ങൾ കൊണ്ട് തിരുത്തിയെഴുതുന്ന രീതി നിലനിൽക്കുന്നുണ്ടെന്ന് സ്വതന്ത്ര റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. ചരിത്രരേഖകളിൽ കൃത്രിമം കാണിച്ചും, യഥാർത്ഥ ആർക്കൈവൽ ചിത്രങ്ങളെ സന്ദർഭത്തിൽ നിന്ന് വേർപെടുത്തിയും, മതേതര നേതാക്കളുടെ ജനകീയ പ്രതിച്ഛായ തകർക്കാൻ ലിംഗവിവേചനപരമായ വ്യാജപ്രചാരണങ്ങൾ അഴിച്ചുവിട്ടുമാണ് ഈ തന്ത്രം നടപ്പിലാക്കുന്നത്.
ലക്ഷ്യം ഇന്ത്യയുടെ മതനിരപേക്ഷ അടിത്തറ തകർക്കൽ
സൈബർ ഇടങ്ങളിൽ നെഹ്റുവിനും ഗാന്ധിക്കുമെതിരെ നടക്കുന്ന അക്രമങ്ങൾ ഇന്ത്യയുടെ മതനിരപേക്ഷ അടിത്തറയെ ലക്ഷ്യമിട്ട് കൊണ്ടുള്ളതാണെന്ന് സാമൂഹ്യ നിരീക്ഷകർ പറയുന്നു, “നെഹ്റുവിനും ഗാന്ധിക്കുമെതിരെ കാലങ്ങളായി നടക്കുന്ന സൈബർ വ്യാജ പ്രചാരണങ്ങൾ കേവലം പരദൂഷണങ്ങളായി മാത്രം കാണാവുന്നവയല്ല. ഇന്ത്യയുടെ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തി പിടിച്ചിരുന്ന നേതാക്കളാണ് ഇരുവരും. ഇവരെ അപകീർത്തിപ്പെടുത്തുന്നതിലൂടെ, ആ മതനിരപേക്ഷ മൂല്യങ്ങളെ കൂടി ചോദ്യം ചെയ്യാനാണ് ഇത്തരം ശക്തികൾ ശ്രമിക്കുന്നത്.” ഹിന്ദുത്വ വിമർശകനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടം ഒബിസിയോടു പറഞ്ഞു. ഇവ ആസ്രൂത്രിതമായി തന്നെ നടക്കുന്ന ആക്രമണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
നെഹ്‌റു മുതൽ സോണിയാ ഗാന്ധി വരെ
ബിജെപി ഹാൻഡിലുകളുടെ ലക്ഷ്യം നെഹ്രുവിൽ മാത്രം ഒതുങ്ങുന്നതല്ല. മഹാത്മാഗാന്ധി, ഇന്ദിരാഗാന്ധി, സോണിയാ ഗാന്ധി തുടങ്ങിയ നേതാക്കളുടെയും വ്യക്തിജീവിതത്തെയും സ്വഭാവത്തെയും ലക്ഷ്യമിട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരന്തരമായ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ട്. മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കെതിരെ വർഷങ്ങളായി നടക്കുന്ന വ്യാജ പ്രചാരണങ്ങൾ ഇതിന് ഉദാഹരണമാണ്. ഒരു ബാറിൽ നൃത്തം ചെയ്യുന്ന മൂന്ന് വിദേശ സ്ത്രീകളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം സോണിയാ ഗാന്ധിയുടെ യൗവനകാലത്തേതാണെന്ന തരത്തിൽ കാലങ്ങളായി പ്രചരിക്കുന്നുണ്ട്. അവർ ഇറ്റലിയിൽ “ബാർ ഡാൻസർ” ആയിരുന്നുവെന്നാണ് വലതു പക്ഷ അക്കൗണ്ടുകളുടെ പ്രചരണം. നെഹ്റുവിനെതിരായി ഇപ്പോൾ പ്രചരിക്കുന്ന പോസ്റ്റുകളുടെ താഴെയും സോണിയ ഗാന്ധിയെ ബാർ ഡാൻസറെന്ന് വിശേഷിപ്പിച്ചു കൊണ്ടുള്ള കമന്റുകൾ കാണാം.

എന്നാൽ ഡിജിറ്റൽ ഫോറൻസിക് പരിശോധനകളിലൂടെ ഫാക്ട്-ചെക്കിംഗ് പോർട്ടലുകളും മാധ്യമങ്ങളും ഈ പ്രചാരണം വ്യാജമാണെന്ന് തെളിയിച്ചിട്ടുണ്ട്. ‘ഫെയർഫാക്സ് മീഡിയ’എന്ന ആസ്ട്രേലിയൻ പത്രത്തിന്റെ ആർക്കൈവിൽ നിന്നുള്ള ഈ ചിത്രം 1967 നവംബർ 21-ന് ഫോട്ടോഗ്രാഫർ വിക് സംനർ പകർത്തിയതാണ്. സിഡ്നിയിലെ ‘റോസൺ ഹോട്ടലിൽ’ പണിമുടക്ക് അവസാനിപ്പിച്ചെത്തിയ ഓസ്ട്രേലിയൻ നർത്തകർ നടത്തിയ ആഘോഷത്തിന്റെ ചിത്രമായിരുന്നു അത്. ഫോറൻസിക് ടൂളുകൾ ഉപയോഗിച്ച് നടത്തിയ മുഖചിത്ര വിശകലനത്തിൽ (Biometric facial recognition) ഈ ചിത്രത്തിലെ സ്ത്രീയും സോണിയാ ഗാന്ധിയും തമ്മിൽ വെറും 28 മുതൽ 43 ശതമാനം വരെ മാത്രമാണ് സാമ്യമുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. സ്വിസ്-അമേരിക്കൻ നടി ഉർസുല ആൻഡ്രസ് ബിസിനസ് വസ്ത്രത്തിൽ നിൽക്കുന്ന ചിത്രങ്ങൾ വരെ സോണിയാ ഗാന്ധിയുടേതെന്ന പേരിൽ പ്രചരിപ്പിച്ചിട്ടുണ്ട്.

ധാർമ്മികത, ലിംഗപദവി, ദേശീയത എന്നിവയെപ്പറ്റിയുള്ള പിന്തിരിപ്പൻ കാഴ്ചപ്പാടുകളെ അടിസ്ഥാനമാക്കിയാണ് ഈ ദുഷ്പ്രചാരണങ്ങൾ നടത്തുന്നത്. ചരിത്രവസ്തുതകൾക്ക് പകരം വൈകാരികതക്ക് പ്രാധാന്യം നൽകുന്ന ഒരു സമൂഹമാണ് ഇന്ത്യയിലേതെന്ന് വിദേശ മാധ്യമങ്ങൾ വിലയിരുത്തുന്നു. ഇന്ത്യൻ സമൂഹത്തിൽ വ്യാജ പ്രചാരണങ്ങൾക്ക് ഇത്രയേറെ സ്വീകാര്യത ലഭിക്കാൻ കാരണമാകുന്നത്.
ഗാന്ധിയെ ലക്ഷ്യം വെക്കുന്ന ഐ ടി സെൽ
വലതുപക്ഷ ഹാൻഡിലുകളുടെ വ്യാജവാർത്താ പദ്ധതിയുടെ മറ്റൊരു പ്രധാന ടാർഗറ്റ് ഗാന്ധിയാണ്. 1948 ജനുവരി 13 മുതൽ 18 വരെയുള്ള ഗാന്ധിയുടെ ഉപവാസ വ്രതത്തിന്റെ ലക്ഷ്യത്തെ കുറിച്ച് വലതുപക്ഷ ആക്കൗണ്ടുകൾ അപകീർത്തികരമായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. പാകിസ്ഥാന് 55 കോടി രൂപ നൽകാൻ ഇന്ത്യാ ഗവൺമെന്റിനെ നിർബന്ധിക്കാനായിരുന്നു ആ സത്യഗ്രഹം എന്ന ആഖ്യാനമാണ് സംഘപരിവാർ നിരന്തരം നടത്തുന്ന ഒരു വ്യാജ നിർമിതി. എന്നാൽ സ്വാതന്ത്ര്യാനന്തരം ഡൽഹിയിലുണ്ടായ വർഗ്ഗീയ കലാപങ്ങൾക്കെതിരെയായിരുന്നു ഗാന്ധി അന്ന് നിരാഹാരം അനുഷ്ഠിച്ചത്. സത്യഗ്രഹത്തിനിടെ മാധ്യമ പ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ പോലും പാകിസ്ഥാന് പണം നൽകുന്നതിനെ പറ്റി യാതൊന്നും ഗാന്ധി പറഞ്ഞിട്ടില്ല.
വിദ്വേഷരാഷ്ട്രീയത്തിന്റെ വളർച്ചയെ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ അൽഗോരിതം വലിയ തോതിൽ സഹായിക്കുന്നുണ്ടെന്ന് നിരവധി പഠനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. മ്യാന്മറിൽ റൊഹിങ്ക്യൻ മുസ്ലിങ്ങൾക്കെതിരെ ബുദ്ധമത വിഭാഗം നടത്തിയ വംശഹത്യയിൽ ഫേസ്ബുക്ക് നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഐക്യ രാഷ്ട്ര സഭ തന്നെ കണ്ടെത്തിയിട്ടുണ്ട്. 2019 ലെ ഇന്ത്യയിലെ പാർലിമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷം പ്രചരിപ്പിക്കാൻ വലിയ തോതിൽ വാട്സപ് ഉപയോഗിച്ചതായി ടൈം മാഗസിൻ പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക