
വ്യാജയുദ്ധം ഡൽഹിയിലും! മീൻചന്തയിലെ തീപ്പിടുത്തം പോലും വ്യോമാക്രമണമായി പ്രചരിപ്പിക്കുമ്പോൾ
ഇറാൻ – ഇസ്രായേൽ, യു എസ് സംഘർഷം പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ആഗോള എണ്ണ വ്യാപാരത്തിൻ്റെ പ്രധാന ഇടനാഴിയായ ഹോർമുസ് കടലിടുക്കിൽ നടക്കുന്ന ആക്രമണങ്ങൾ ഇന്ത്യയെയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ്, ഡല്‍ഹിയിലേക്ക് കൂടി യുദ്ധം വ്യാപിക്കുന്നതായി പറയുന്ന ചില സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രത്യക്ഷപെട്ടു തുടങ്ങിയത്.
ഡൽഹിയിലെ ഇന്ത്യ – ഇസ്രായേൽ സംയുക്ത പ്രതിരോധ കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായെന്നും അത് വലിയ തീപിടുത്തത്തിന് കാരണമായി എന്നുമാണ് ചില എക്സ് പോസ്റ്റുകൾ പറയുന്നത്. കെട്ടിടങ്ങളിൽ നിന്ന് തീയും പുകയും ഉയരുന്ന വീഡിയോയാണ് ഇതുമായി ബന്ധപ്പെട്ട് ഷെയർ ചെയ്യപ്പെടുന്നത്.
രണ്ട് മിനിറ്റിൽ താഴെയുള്ള ഈ വിഡിയോ, വാര്‍ത്താ ഏജന്‍സിയായ PTI (പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ) പുറത്തുവിട്ടതാണെന്നതാണ് രസകരം. ലക്ഷക്കണക്കിന് ഫോളോവെർസ് ഉള്ള ഒരു എക്സ് അക്കൗണ്ടാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നതിൽ മുന്നിലുള്ളത്.
പശ്ചിമേഷ്യൻ സംഘർഷത്തിൽ ഡൽഹിയിലും ആക്രമണം നടന്നോ? ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയുടെ വസ്തുതയെന്താണ്? എന്താണ് ശരിക്കും അവിടെ സംഭവിച്ചത്? ഒബിസി അതന്വേഷിച്ചു.
ലെബനീസ് – ഓസ്‌ട്രേലിയൻ സംരംഭകനും ബിസിനസ് ഇൻഫ്ലുവൻസറും പോഡ്‌കാസ്റ്റ് ഹോസ്റ്റും രാഷ്ട്രീയ നിരീക്ഷകനുമായ മറിയോ നൗഫലിന്റെ മുപ്പത്ത് ലക്ഷത്തോളം ഫോളോവെർസ് ഉള്ള എക്സ് അക്കൗണ്ടിൽ, മാർച്ച് 12 നാണ് ഡൽഹിയിൽ ആക്രമണം നടന്നതായി പറയുന്ന പിടിഐയുടെ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടത്.
“ബ്രേക്കിംഗ്: ഡൽഹിയിലെ ഇന്ത്യ – ഇസ്രായേൽ സംയുക്ത പ്രതിരോധ കേന്ദ്രത്തിൽ തീപിടുത്തമുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ഇന്ത്യൻ മാധ്യമങ്ങൾ ഇത് ഇറാൻ അനുകൂലികളാണ് ചെയ്തതെന്ന് ആരോപിക്കുന്നു”എന്നാണ് പോസ്റ്റിനു ക്യാപ്‌ഷൻ നൽകിയിരിക്കുന്നത്.

പോസ്റ്റ് വ്യാജമാണ് എന്ന് നിരവധി പേരാണ് കമന്റായി രേഖപ്പെടുത്തിയിട്ടുള്ളത്. ഡൽഹിയിൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടേയില്ല എന്ന് പറയുന്ന ഡൽഹിയിലെ ചില താമസക്കാരെയും കമന്റ് സെക്ഷനിൽ കാണാം.
മറ്റു ചില എക്സ് അക്കൗണ്ടുകളിലും ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്.
Ysf എന്ന ഒരു എക്സ് അക്കൗണ്ടിൽ ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടത് ഇങ്ങനെയാണ്:
ഇസ്രായേലിന് ഡ്രോണുകൾ നിർമിച്ച് നൽകുന്ന കമ്പനിയിൽ തീപിടുത്തം ഉണ്ടായി എന്നാണ് ഈ പോസ്റ്റ് പറയുന്നത്. 77,000 ൽ അധികം ഫോളോവേഴ്സ് ഉള്ള ഒരു അക്കൗണ്ട് ആണിത്.

63.3K ഫോളോവേഴ്സ് ഉള്ള Mohit chauhan എന്ന ഒരു എക്സ് അക്കൗണ്ട് ഈ വീഡിയോ തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടോടെ ഷെയര്‍ ചെയ്തിരിക്കുന്നു.

“ഇത് ടെഹ്‌റാൻ അല്ല, ഇത് ടെൽ അവീവ് അല്ല, ഉത്തം നഗറിൽ നടന്ന ഒരു വലിയ തീപിടുത്തം ആണ്, യുദ്ധം ഇല്ലാതെ തന്നെ നമ്മള്‍ യുദ്ധ സമാനമായ ഒരു അന്തരീക്ഷത്തിൽ ആണ് ” എന്നാണ് ഈ പോസ്റ്റിന്റെ ക്യാപ്ഷൻ.
എങ്ങനെയാണ് ഇത് സംഭവിച്ചത്? മിസൈൽ ആക്രമണം ആണോ? എന്നെല്ലാം കമൻ്റിൽ ആളുകൾ ചോദിക്കുന്നത് കാണാം. യുദ്ധ സമാനമായ അന്തരീക്ഷം എന്ന് പറയുന്നതിലൂടെ അനാവശ്യ ഭീതി സൃഷ്ടിക്കാനാണ് ഈ പോസ്റ്റ് ശ്രമിക്കുന്നതെന്ന് വ്യക്തമാണ്.
പ്രചരിക്കുന്ന വീഡിയോ PTI യുടെതാണ് എന്നതില്‍ സംശയമില്ല. PTI യുടെ ലോഗോ വീഡിയോയുടെ വലതു വശത്ത് കാണാം.
വസ്തുതാന്വേഷണത്തിനായി, ‘Delhi fire broke out’ എന്ന് സേർച്ച് ചെയ്തപ്പോൾ ഡൽഹിയിൽ നടന്ന തീപിടുത്തത്തെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകളാണ് ലഭിച്ചത്.
പടിഞ്ഞാറൻ ഡൽഹിയിലെ, ഉത്തം നഗറിനടുത്തുള്ള മത്യാലയിലെ ഒരു മത്സ്യ മാർക്കറ്റിൽ നടന്ന തീപിടുത്തം ഉണ്ടായതിന്റെ വാർത്തയാണിത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് അധികൃതർ അറിയിച്ചത്. ഇന്ത്യൻ എക്സ്പ്രസ്സ് അവരുടെ വാര്‍ത്തയില്‍ പിടിഐയുടെ എക്സ് വീഡിയോ ലിങ്ക് ചെയ്തിട്ടുണ്ട്.


ഈ വീഡിയോയാണ് പിന്നീട് ഡൽഹിയിൽ വ്യോമാക്രമണം നടന്നു എന്ന വ്യാജ പ്രചാരണങ്ങൾക്കായി ചില എക്സ് ഹാൻഡിലുകൾ ഉപയോഗിച്ചത്.
മറിയോ നൗഫൽ എന്ന അക്കൗണ്ടിലൂടെ ഈ പോസ്റ്റ് നിരവധി പേരാണ് കണ്ടത്. എന്നാൽ, ഇതാദ്യമായല്ല ഇത്തരം തെറ്റായ വിവരങ്ങൾ ഈ അക്കൗണ്ട് പങ്കുവെക്കുന്നത്. ഇക്കഴിഞ്ഞ ജനുവരി 3ന്, ഹ്യൂഗോ ഷാവേസിൻ്റെ ശവകുടീരത്തിന് നേരെ യുഎസ് വ്യോമാക്രമണം നടത്തിയെന്ന് ഈ അക്കൗണ്ട് നടത്തിയ വ്യാജ പ്രചരണത്തെ ഒബിസി ഫാക്റ്റ് ചെക്ക് ചെയ്തിരുന്നു. അടിസ്ഥാനരഹിതമായ വിഷയങ്ങള്‍ ബ്രേക്കിംഗ് ന്യൂസ് ആയി പ്രചരിപ്പിക്കുന്ന പതിവ് തന്നെയാണ് ഡല്‍ഹി വിഷയത്തിലും ഉണ്ടായിട്ടുള്ളത്.
