
ആർ എസ് എസ് മുതൽ കോൺഗ്രസ്സ് വരെ : ആരാണ് രേവന്ത് റെഡ്ഡി?
ആർ എസ് എസിൽ നിന്ന് തുടങ്ങി പല പാർട്ടികളിലൂടെ സഞ്ചരിച്ച് ഒടുവിൽ കോൺഗ്രസ്സിൽ എത്തി നിൽക്കുന്ന രാഷ്ട്രീയ ഭാഗ്യാന്വേഷിയാണ് രേവന്ത് റെഡ്ഡി. സ്ഥാനങ്ങൾക്ക് വേണ്ടി പാർട്ടി മാറുകയും അഴിമതി ആരോപണങ്ങളിലൂടെയും വിവാദങ്ങളിലൂടെയും വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിട്ടുള്ള രേവന്ത് റെഡ്ഡിയുടെ രാഷ്ട്രീയ ചരിത്രം.
‘നീ പോ മോനെ വിജയാ ..’
കേരള മുഖ്യമന്ത്രിക്കെതിരെ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ ഈ പരാമർശം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ വലിയ വിവാദത്തിനാണ് വഴി വെച്ചത്. പിണറായി വിജയന്റെ മറുപടിയും, തുടർന്ന് സോഷ്യൽ മീഡിയയിലൂടെ നടത്തിയ ദീർഘമായ പ്രതികരണവും സംസ്ഥാനത്തൊട്ടാകെ ചർച്ചയാവുകയാണ്.
ഇടത് സർക്കാരിന് കീഴിൽ കേരളത്തിലെ തൊഴിലില്ലായ്മ വർധിച്ചുവെന്നും വ്യവസായിക മേഖലയിലെ വളർച്ച മുരടിച്ചുവെന്നുമൊക്കെയായിരുന്നു രേവന്ത് റെഡ്ഡി ഉന്നയിച്ച ആരോപണങ്ങൾ. ‘തെലങ്കാന മോഡൽ’ വികസനം നേരിട്ട് കാണാൻ പിണറായി വിജയനെ ക്ഷണിക്കുകയും ചെയ്തു. ഈ പ്രചാരണത്തിനെതിരെ കണക്കുകൾ സഹിതം മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയിരുന്നു.
ഔദ്യോഗിക ലെറ്റർ പാഡിൽ, “നീ പോ മോനെ വിജയാ” എന്ന വാചകത്തോടെ അവസാനിക്കുന്ന ആറു പേജുകൾ വരുന്ന നീണ്ട കത്തിലൂടെയാണ് രേവന്ത് റെഡ്ഡി ഇതിനോട് പ്രതികരിച്ചത്. ഏപ്രിൽ ആറിന്, തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ രേവന്ത് റെഡ്ഡി ഈ കത്ത് പങ്കു വെക്കുകയും ചെയ്തു. ഔദ്യോഗിക ലെറ്റർ പാഡിൽ മറ്റൊരു സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രിയെ അപമാനിക്കുന്ന ഉള്ളടക്കം എഴുതിയെന്ന വിമർശനങ്ങൾ വ്യാപകമായി ഉയരുന്ന സാഹചര്യമുണ്ടായി. ‘ഡാഷ് മോനെ..’ എന്ന പിണറായി വിജയൻറെ മറുപടി ഇടത് അനുഭാവികൾ ഏറ്റെടുത്തങ്കിലും, അതും വിമർശനത്തിനിടയാക്കി. പിന്നീട് രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും, എന്നാൽ അത് പ്രകടിപ്പിക്കേണ്ടത് വ്യക്തിപരമായി അപമാനിക്കുന്ന പരാമർശങ്ങളിലൂടെയല്ലെന്നും പിണറായി വിജയൻ എക്സിലൂടെ പ്രതികരിച്ചു.

രേവന്ത് റെഡ്ഡിയുടെ രാഷ്ട്രീയ ഭാഗ്യാന്വേഷണങ്ങൾ
ആരാണ് കോൺഗ്രസ്സിന്റെ രേവന്ത് റെഡ്ഡി? നരേന്ദ്ര മോദിയും പിണറായി വിജയനും ഒരേ തൂവൽ പക്ഷികൾ ആണെന്ന് പലപ്പോഴും അഭിപ്രായപ്പെട്ടിട്ടുള്ള ഈ നേതാവിന് സംഘ്പരിവാറുമായുള്ള ബന്ധമെന്താണ്? ‘കോൺഗ്രസ്സ് മോഡൽ’ കേരളത്തിൽ വരണമെന്ന് ആവർത്തിച്ചു പറയുന്ന രേവന്ത് റെഡ്ഡിയ്ക്ക് കോൺഗ്രസുമായുള്ള ബന്ധം തുടങ്ങുന്നത് എപ്പോഴാണ്?
ആന്ധ്ര രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട എല്ലാ പാർട്ടികളുടെയും ഭാഗമായിരുന്ന രേവന്ത് റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ചരിത്രത്തിൽ എല്ലാ ഉത്തരങ്ങളുമുണ്ട്.
കൂറുമാറ്റത്തിന്റെ ‘കരിയർ ഗ്രാഫ്’
1980കളിൽ തന്റെ വിദ്യാർത്ഥികാലത്ത് ആർ എസ് എസ്സിന്റെ വിദ്യാർത്ഥി സംഘടനയായ എ ബി വി പിയിൽ അംഗമായിരുന്നു രേവന്ത് റെഡ്ഡി. അവിഭക്ത ആന്ധ്ര പ്രദേശിലെ ആന്ധ്ര വിദ്യാലയ കോളേജിലായിരുന്നു ആർട്സിൽ ബിരുദം പൂർത്തിയാക്കിയത്.
നിലവിൽ തെലങ്കാനയുടെ പ്രതിപക്ഷ നേതാവായ കെ. ചന്ദ്രശേഖർ റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയിലൂടെയാണ് (ടി ആർ എസ്, ഇന്നത്തെ ഭാരത് രാഷ്ട്ര സമിതി), 2001-02 കാലത്ത് രേവന്ത് റെഡ്ഡിയുടെ രാഷ്ട്രീയ രംഗ പ്രവേശം. മത്സരിക്കാൻ അവസരം കൊടുക്കാത്തതിനാൽ 2005ൽ രേവന്ത് റെഡ്ഡി ടി ആർ എസ്സിൽ നിന്ന് രാജി വച്ചു. 2006ൽ മഹാബുബ്നഗർ ജില്ലയിലെ ജില്ലാ പരിഷത് ടെറിട്ടോറിയൽ കോൺസ്റ്റിട്യൂൻസി അംഗമായി തെരെഞ്ഞെടുക്കപ്പെട്ടു. 2007ൽ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി. രണ്ട് തവണയും സ്വതന്ത്രനായാണ് റെഡ്ഡി മത്സരിച്ചത്. അന്ന് ആന്ധ്ര പ്രദേശിൽ ശക്തരായിരുന്ന കോൺഗ്രസ്സിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു രേവന്ത് റെഡ്ഡിയുടെ ജയം. ഇതേ തുടർന്ന് വൈ എസ് ആർ എന്നറിയപ്പെടുന്ന, അന്നത്തെ കോൺഗ്രസ്സ് മുഖ്യമന്ത്രി വൈ എസ് രാജശേഖർ റെഡ്ഡി രേവന്ത് റെഡ്ഡിയെ കോൺഗ്രസ്സിലേക്ക് ക്ഷണിച്ചുവെങ്കിലും രേവന്ത് റെഡ്ഡി ആ ക്ഷണം നിരസിച്ചു.

അന്നത്തെ മുഖ്യ പ്രതിപക്ഷമായിരുന്ന ടി ഡി പിയിൽ ചേരാനാണ് 2008ൽ രേവന്ത് റെഡ്ഡി തീരുമാനിച്ചത്. ഈ കാലത്ത്, ടി ഡി പി നേതാവും നിലവിൽ ആന്ധ്ര പ്രദേശ് മുഖ്യ മന്ത്രിയുമായ ചന്ദ്ര ബാബു നായിഡുവിന്റെ വിശ്വസ്തനായി മാറി. 2009ലും, 2014ലും കോദങ്കൽ (Kodangal) മണ്ഡലത്തിൽ നിന്നുള്ള നിയമ സഭ അംഗമായി തെരെഞ്ഞെടുക്കപ്പെട്ടു.
ഏകദേശം ഒരു പതിറ്റാണ്ട് ടി ഡി പിയിൽ പ്രവർത്തിച്ചതിനു ശേഷം, 2017ലാണ് രേവന്ത് റെഡ്ഡി പാർട്ടിയിൽ നിന്ന് രാജി വയ്ക്കുന്നത്. തെലങ്കാനയിലെ ടി ഡി പിയുടെ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ആയിരിക്കുമ്പോഴായിരുന്നു രാജി. തുടർന്ന് എം എൽ എ സ്ഥാനവും രാജി വച്ചു. കോൺഗ്രസ്സിലേക്ക് നീങ്ങാനുള്ള തുറന്ന നീക്കങ്ങൾ രേവന്ത് നടത്തിയിരുന്നത് കൊണ്ട്, ടി ഡി പി യിൽ നിന്ന് രേവന്തിനെ പുറത്താക്കണമെന്ന് മുതിർന്ന നേതാക്കൾ അഭിപ്രായപ്പെടുന്നതിനിടെയായിരുന്നു രാജി. ടി ആർ എസ്സും ടി ഡി പിയും സഖ്യത്തിൽ ഏർപ്പെടുന്നതിനെ ചൊല്ലി ചന്ദ്ര ബാബു നായിഡുവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നായിരുന്നു രാജിയെന്നാണ് റിപ്പോർട്ടുകൾ.
മോദി ഭക്തി, അഴിമതി, അസഹിഷ്ണുത
വിവാദങ്ങളാണ് എല്ലാ ഘട്ടത്തിലും രേവന്ത് റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതത്തെ അടയാളപ്പെടുത്തിയിട്ടുള്ളത്.
2024ൽ ഒരു പൊതു യോഗത്തിൽ വച്ച്, പ്രധാന മന്ത്രി നരേന്ദ്ര മോദിയെ രേവന്ത് റെഡ്ഡി ‘ബഡേ ഭായ്’ എന്ന് വിളിച്ചതും, ഗുജറാത്ത് മോഡലിനെ പ്രശംസിച്ചു സംസാരിച്ചതുമെല്ലാം വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ഇടതു പക്ഷത്തോട് കാണിക്കുന്ന അതിശക്തമായ എതിർപ്പും വിരുദ്ധ നിലപാടുകളും ബി ജെ പിയോട് കാണിക്കുന്നില്ല എന്നതായിരുന്നു വിമർശകരുടെ പക്ഷം.
പതിനൊന്ന് വർഷങ്ങൾക്ക് മുമ്പ്, ‘വോട്ടിന് പണം’ (Cash for vote scam) എന്ന് അറിയപ്പെടുന്ന അഴിമതി കേസിൽ രേവന്ത് റെഡ്ഡി അറസ്റ്റ് ചെയ്യപ്പെടുകയും ജയിൽ വാസം അനുഭവിക്കുകയും ചെയ്തിരുന്നു. അന്ന് രേവന്ത് റെഡ്ഡി തെലുഗു ദേശം പാർട്ടിയിലാണ് (ടി ഡി പി). തെലങ്കാന നിയമസഭാ കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പിൽ ടി ഡി പിക്ക് വോട്ട് ചെയ്യാനായി ഒരു എം എൽ എ യെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു എന്നായിരുന്നു കേസ്.
നാമ നിർദേശം ചെയ്യപ്പെട്ട എം എൽ എ എൽവിസ് സ്റ്റീഫൺസണ്ണിന്റെ വോട്ട് നേടുന്നതിനായി രേവന്ത് റെഡ്ഡി അമ്പത് ലക്ഷം രൂപ കൈക്കൂലി നൽകി എന്നാണ് ആരോപണം.

ചന്ദ്രശേഖർ റാവുവിന്റെ ടി ആർ എസിനോട് ചേർന്ന് നിന്നിരുന്ന സ്റ്റീഫൻസൺ ആംഗ്ലോ ഇന്ത്യൻ എന്ന നിലയിലായിരുന്നു നാമ നിർദേശം ചെയ്യപ്പെട്ടത്. ടി ഡി പിക്കും സഖ്യ കക്ഷിയായ ബി ജെ പിക്കും ചേർന്ന് തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. അത് കൊണ്ട് എതിർ ചേരിയിലെ എം എൽ എമാരെ കൂറ് മാറാൻ പ്രേരിപ്പിക്കുകയായിരുന്നു. രേവന്ത് റെഡ്ഡിയും സഹായിയും ചേർന്ന് ‘ഡീൽ’ നടത്താനായി സ്റ്റീഫൻസണിന്റെ വീട്ടിൽ പോവുകയും പണം കൈമാറുകയും ചെയ്തു. സ്റ്റീഫൻസൺ പക്ഷേ തെലങ്കാന ആന്റി കറപ്പ്ഷൻ ബ്യൂറോയെ വിവരമറിയിച്ചു . അങ്ങനെയാണ് അറസ്റ്റ് സംഭവിക്കുന്നത്. കൈക്കൂലി നൽകുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ നിറഞ്ഞു. എല്ലാത്തിന്റെയും ‘ബോസ്’ നായിഡുവാണെന്നും താൻ ‘ബോസ്സിന്റെ സ്വന്തം ആളാണെ’ന്നുമൊക്കെ ദൃശ്യങ്ങളിൽ രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് രേവന്ത് റെഡ്ഡിയെ ആന്റി കറപ്‌ഷൻ ബ്യൂറോ 2015 മെയ് 31ന് അറസ്റ്റ് ചെയ്തത്.
വനിതാ മാധ്യമപ്രവർത്തകരുടെ അറസ്റ്റ്
2025 മാർച്ച് 12ന്, പൾസ് ന്യൂസ് എന്ന മാധ്യമസ്ഥാപനത്തിലെ രണ്ട് വനിതാ മാധ്യമപ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടു. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിച്ച് സംസാരിക്കുന്ന ഒരു വ്യക്തിയുടെ അഭിമുഖം പുറത്തു വിട്ടതിനെ തുടർന്നായിരുന്നു നടപടി. ക്രിമിനൽ ഗൂഡാലോചന, വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെ പ്രസ്താവന ഇറക്കുക, സമാധാനം തകർക്കാനായി മനപൂർവം അപമാനിക്കുക തുടങ്ങിയ വകുപ്പുകളാണ് ഇവർക്ക് മേൽ ചുമത്തിയത്. അഭിമുഖം അധിക്ഷേപകരമാണെന്നും സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുമെന്നുമാണ് പോലീസ് പറഞ്ഞത്.
ഈ സംഭവത്തെ തുടർന്ന് മാർച്ച് 15ന്, “മാധ്യമപ്രവർത്തകർ എന്ന വ്യാജേന അശ്ലീലവും അധിക്ഷേപകരവുമായ കണ്ടന്റുകൾ പ്രചരിപ്പിക്കുന്നവരെ പൊതുമധ്യത്തിൽ നഗ്നരായി നടത്തും.” എന്ന വിവാദ പരാമർശം രേവന്ത് റെഡ്ഡി നടത്തി. ‘മാധ്യമപ്രവർത്തകർ’ എന്നതിന് കൃത്യമായ നിർവചനം വേണമെന്നും, ഈ നിർവചനത്തിൽ ഉൾപ്പെടാത്തവരെ ക്രിമിനലുകളായി പരിഗണിക്കണമെന്നുമായിരുന്നു രേവന്ത് റെഡ്ഡിയുടെ പക്ഷം.
അഞ്ചു ദിവസങ്ങൾക്കു ശേഷമാണ് ഈ രണ്ട് വനിതാ മാധ്യമപ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്. വിഷയത്തിൽ കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണ്ണലിസ്റ്റ്സ് (സി പി ജെ) പ്രസ്താവനയിലൂടെ പ്രതിഷേധം അറിയിച്ചു.
“കൂറുമാറ്റം ഒരു പരിണാമപ്രക്രിയ മാത്രം”
“എ ബി വി പിയിൽ അംഗമായിരുന്നപ്പോഴും ഞാൻ ബി ജെ പിയുടെ പല നയങ്ങളെയും വിമർശിക്കുമായിരുന്നു. പിന്നീട് എം എൽ എ സ്ഥാനം ഉൾപ്പെടെ ടി ഡി പിയിൽ എനിക്ക് മികച്ച അവസരങ്ങൾ കിട്ടി. സ്കൂളിൽ നിന്ന് കോളേജിലേക്കും അവിടെ നിന്ന് യൂണിവേഴ്സിറ്റിയിലേക്കും പോകുന്നത് പോലെ തന്നെയായിരുന്നു ടി ആർ എസ്സിലും, ടി ഡി പിയിലും, അവിടെ നിന്ന് കോൺഗ്രസ്സിലുമൊക്കെ എത്തിയത്. അത് ഒരു പരിണാമ പ്രക്രിയ മാത്രമാണ്. ഇപ്പോൾ അത് രാഹുൽജിയിൽ (രാഹുൽ ഗാന്ധി) എത്തി നിൽക്കുന്നു.” തന്റെ രാഷ്ട്രീയ കൂട് മാറ്റങ്ങളെ കുറിച്ച് 2025ൽ ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ രേവന്ത് റെഡ്ഡി പറഞ്ഞത് ഇങ്ങനെയായിരുന്നു.
2018ൽ കോൺഗ്രസ്സ് ടിക്കറ്റിൽ കോദങ്കൽ സീറ്റിലേക്ക് വീണ്ടും മത്സരിച്ചെങ്കിലും രേവന്ത് റെഡ്ഡി പരാജയപ്പെട്ടു. എന്നാൽ മാസങ്ങൾക്കുള്ളിൽ, 2019ലെ പൊതു തെരഞ്ഞെടുപ്പിൽ മൽക്കജ്ഗിരി (Malkajgiri) ലോക് സഭ സീറ്റിലേക്ക് വിജയിക്കുകയും ചെയ്തു.
നാല് വർഷത്തിനുള്ളിൽ നേതൃത്വത്തിലേക്ക്
2021ൽ, ഏതാണ്ട് തകർച്ചയിലെത്തിയ തെലങ്കാന കോൺഗ്രസ്സിന്റെ മേധാവിയായി രേവന്ത് റെഡ്ഡി നിയമിക്കപ്പെട്ടു. പാർട്ടിയിൽ അംഗമായി വെറും നാലു വർഷങ്ങൾക്കുള്ളിൽ ഈ പദവി നൽകിയത് സംസ്ഥാനത്തെ പല മുതിർന്ന നേതാക്കൾക്കും അതൃപ്തി ഉണ്ടാക്കിയിരുന്നു.
2023ൽ, മൂന്നാമത്തെ തവണ കോദങ്കൽ മണ്ഡലത്തിൽ നിന്ന് രേവന്ത് റെഡ്ഡി നിയമസഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 2023 ഡിസംബർ ഏഴിന് തെലങ്കാനയുടെ രണ്ടാമത്തെ മുഖ്യ മന്ത്രിയായി ചുമതലയേറ്റു. താൻ മുമ്പ് അംഗമായിരുന്ന ഭാരത് രാഷ്ട്ര സമിതി (ബി ആർ എസ്) പാർട്ടിയെ തോൽപ്പിച്ച് കോൺഗ്രസ്സിനെ അധികാരത്തിൽ എത്തിക്കുന്നതിൽ രേവന്ത് റെഡ്ഡി നിർണ്ണായക പങ്കു വഹിച്ചു.
രാഷ്ട്രീയം നിരന്തര ഭാഗ്യാന്വേഷണമാക്കി മാറ്റിയ രേവന്ത് റെഡ്ഡിയും വിദ്യാർത്ഥികാലം മുതൽ ഇടത് പക്ഷരാഷ്ട്രീയത്തിൽ ഉറച്ച് നിന്ന പിണറായി വിജയനും തമ്മിലാണ് ഇപ്പോൾ നടക്കുന്ന നേർക്ക് നേർ പോര്. തെലങ്കാന മോഡൽ മുന്നോട്ട് വെക്കുന്ന രേവന്ത് റെഡ്ഡിക്ക് പത്ത് വർഷത്തെ കേരളത്തിന്റെ പ്രോഗ്രസ്സ് കാർഡാണ് പിണറായി വിജയൻ മറുപടിയായി വെക്കുന്നത്.
