
‘ഹിന്ദു സ്ത്രീയെ ബസ്സിൽ കയറ്റാത്ത മുസ്ലിം സ്ത്രീകൾ’: നിരന്തരം വൈറലാവുന്ന വിദ്വേഷ പ്രചാരണം
സാമൂഹ്യ മാധ്യമങ്ങളില്‍ കേരളത്തിന് നേരെയുള്ള സംഘടിതമായ ആക്രമണങ്ങള്‍ പതിവ് കാഴ്ചയാണ്. എക്സിലെ തീവ്ര വലതുപക്ഷ അക്കൗണ്ടുകളില്‍ നിന്നാണ് ഇത്തരം പ്രചാരണങ്ങള്‍ വലിയ രീതിയില്‍ നടക്കാറുള്ളത്. കേരളത്തില്‍ നിന്നുള്ള ദൃശ്യങ്ങൾ തെറ്റായ രീതിയിൽ ഉപയോഗിച്ച് വര്‍ഗീയതയും വെറുപ്പും പടർത്തുകയാണ് ഇവർ ചെയ്യുന്നത് .
പല തവണ ഫാക്റ്റ് ചെക്ക് ചെയ്യപ്പെട്ട, വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ തന്നെയും പലപ്പോഴായി ഇത്തരം അക്കൗണ്ടുകള്‍ വീണ്ടും വൈറല്‍ ആക്കാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോള്‍ എക്സില്‍ പ്രചരിക്കുകയാണ്. ഒരു കൂട്ടം മുസ്ലിം സ്ത്രീകള്‍ ഒരു ഹിന്ദു സ്ത്രീയോട് ബസ്സില്‍ നിന്ന് ഇറങ്ങി പോകാന്‍ പറഞ്ഞുവെന്ന അവകാശവാദത്തോടെയാണ് ഈ വീഡിയോ പ്രചരിക്കുന്നത്.
2025ലും 2023ലും ഇതേ വീഡിയോ സമാനമായ അടിക്കുറിപ്പുകളോടെ പ്രചരിച്ചിരുന്നു. ദേശീയ മാധ്യമങ്ങളും ഒബിസി അടക്കമുള്ള ഫാക്റ്റ് ചെക്കിംഗ് പ്ലാറ്റ്ഫോമുകളും ഈ വീഡിയോയുടെ സത്യാവസ്ഥ വ്യക്തമാക്കിയതാണ്. എന്നാല്‍ ഇപ്പോള്‍ വീണ്ടും വര്‍ഗീയ പോസ്റ്റുകള്‍ സ്ഥിരമായി പങ്കു വെക്കാറുള്ള അക്കൗണ്ടുകള്‍ ഈ വീഡിയോ വ്യാപകമായി ഷെയര്‍ ചെയ്യുകയാണ്.
ആരാണ് ഈ വീഡിയോ വീണ്ടും പ്രചരിപ്പിക്കുന്നത്?
ജൂണ്‍ 23ന്, @AmitLeliSlayer എന്ന എക്സ് അക്കൗണ്ട് ഈ വീഡിയോ പങ്കു വെച്ചിട്ടുണ്ട്. ജൂണ്‍ 24 വരെ, ഈ പോസ്റ്റിന് ഒരു ലക്ഷത്തിനടുത്ത് കാഴ്ചക്കാരുണ്ടായി. 5200 ലൈക്കും മൂവായിരത്തിനടുത്ത് റീപോസ്റ്റുകളുമുണ്ട്. “ബസ്സില്‍ കയറണമെങ്കില്‍ ബുര്‍ക്ക ധരിക്കണമെന്ന് ഹിന്ദു വനിതയോട് പറയുന്ന മുസ്ലിം സ്ത്രീകള്‍. കേരളത്തിലാണ് സംഭവം.” എന്ന അടിക്കുറിപ്പോടെയാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. “കേരളം സാര്‍, സെക്കുലറിസം സാര്‍..” തുടങ്ങിയ പരിഹാസ വാചകങ്ങളും അടിക്കുറിപ്പിലുണ്ട്.

46,000ത്തിലധികം ഫോളോവേര്‍സ് ഉള്ള അക്കൗണ്ട് ആണിത്. ബയോയില്‍ ‘ഇന്ത്യന്‍, ഹിന്ദു, സംഘി, ദേശ വിരുദ്ധരെ ഒരു ദയവുമില്ലാതെ തീര്‍ക്കുക” എന്ന് എഴുതിയിട്ടുണ്ട്.
“നന്നായി, അവരുടെ കര്‍മ ഫലം അവര്‍ തന്നെ അനുഭവിക്കട്ടെ. 100 % സാക്ഷരത സാര്‍..” എന്നാണ് പോസ്റ്റിനു വന്ന കമന്റുകളില്‍ ഒന്ന്. “ഇതാണോ കേരളത്തിലെ ഹിന്ദുക്കളുടെ വിധി? എവിടെപ്പോയി നിങ്ങളുടെ മതേതരത്വം? ഒരു മുസ്ലിം സ്ത്രീക്ക് അങ്ങനെ സംസാരിക്കാൻ എങ്ങനെ ധൈര്യം വന്നു? ആ ജിഹാദിയെ നിങ്ങൾ ജയിലിൽ അടയ്ക്കണം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ കാര്യങ്ങൾ എത്രത്തോളം മോശമാകുമെന്നതിന്റെ തെളിവാണ് ഇത്.”, മറ്റൊരു കമന്റ് പറയുന്നു. മുഖ്യ മന്ത്രി വി ഡി സതീശനെ കമന്റില്‍ ടാഗ് ചെയ്തിട്ടുമുണ്ട്. കേരളം റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളുടെ കേന്ദ്രമായെന്നും, കേരളം അടുത്ത പാകിസ്ഥാന്‍ ആകുന്നു എന്നുമൊക്കെയുള്ള കമന്റുകളും പോസ്റ്റിനു താഴെ കാണാം.
വലത്പക്ഷ സ്വഭാവമുള്ള മറ്റ് പല അക്കൗണ്ടുകളും ഈ വീഡിയോ പങ്കു വെച്ചിട്ടുണ്ട്.
2025 ഒക്ടോബറിലും ഈ വീഡിയോ പ്രചരിച്ചിരുന്നു. @Aayudhika1310 എന്ന അക്കൗണ്ടില്‍നിന്ന് പങ്കു വെച്ച ഈ വീഡിയോക്ക് പതിനായിരത്തിലധികം കാഴ്ചക്കാരുണ്ടായിരുന്നു. ഫേസ്ബുക്കിലും ഇന്‍സ്ടഗ്രാമിലും സമാനമായ ക്യാപ്ഷനോടെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

എന്താണ് സത്യം?
വീഡിയോയിലെ സംഭാഷണം സൂക്ഷമമായി പരിശോധിക്കുമ്പോൾ ഒരു കാര്യം മനസ്സിലാക്കാം , ബുര്‍ക്ക ധരിച്ച വിദ്യാർത്ഥികളും സാരി ധരിച്ച സഹയാത്രികയായ സ്ത്രീയും തമ്മിൽ മലയാളത്തിൽ തര്‍ക്കിക്കുകയാണ്. എന്നാൽ, വീഡിയോയിൽ ഒരിടത്ത് പോലും വിദ്യാർത്ഥികൾ ബുർഖയെ കുറിച്ചോ, മതത്തെ കുറിച്ചോ സംസാരിക്കുന്നതായി കേൾക്കാൻ സാധിച്ചില്ല.
റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ 2023 ഒക്ടോബർ 28ന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത ഒരു വീഡിയോ റിപ്പോർട്ടിലേക്കെത്തി. ഈ റിപ്പോര്‍ട്ട് പ്രകാരം, സംഭവം നടന്നത് 2023 ഒക്ടോബർ 27ന് കാസർകോട് കുമ്പളയിലെ ഭാസ്കർ നഗറിലാണ്. കുമ്പള ഖൻസ വുമൺസ് കോളേജിലെ വിദ്യാർത്ഥിനികൾ കോളേജിന് മുന്നിൽ ബസ് നിർത്താത്തതിൽ പ്രതിഷേധിക്കുന്ന ദൃശ്യങ്ങളാണിത് . പലതവണ ആവശ്യപ്പെട്ടിട്ടും ബസ് നിർത്താതിരുന്നതിനെ തുടർന്നാണ് വിദ്യാർത്ഥിനികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. കേരളത്തിലെ കോളേജുകളുടെ മുന്നിലെ പതിവ് കാഴ്ച്ച തന്നെ.

റിപ്പോര്‍ട്ടര്‍, ഓണ്‍മനോരമ തുടങ്ങിയ മാധ്യമങ്ങളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വീഡിയോയില്‍ കാണുന്ന സാരി ധരിച്ച സ്ത്രീയും ഈ ആരോപണങ്ങളെ തള്ളി കളഞ്ഞിരുന്നു. “കോളേജിന് മുന്നിലെ സ്റ്റോപ്പിൽ ബസ് നിർത്താതിരുന്നത് കൊണ്ട് ആ വിദ്യാർത്ഥിനികൾ നേരത്തെ തന്നെ ദേഷ്യത്തിലായിരുന്നു. ബസ്സിലേക്ക് കയറുന്നതിനിടയിൽ അവരിലൊരാൾ അബദ്ധത്തിൽ എന്റെ കാലിൽ ചവിട്ടി, അപ്പോള്‍ എനിക്കും ദേഷ്യം വന്നു. അങ്ങനെയാണ് ഞാനും ആ കുട്ടികളും തമ്മില്‍ തര്‍ക്കമായത്. ബസ് തടഞ്ഞതിനും ഞാൻ അവരെ വഴക്കുപറഞ്ഞു. ഞാൻ എല്ലാദിവസവും ഈ റൂട്ടിൽ യാത്ര ചെയ്യുന്നതാണ്, ഖൻസ കോളേജിന് അടുത്ത് ബസ് സ്റ്റോപ്പ് വേണമെന്ന തർക്കം കുറച്ച് കാലമായി ഉള്ളതാണ് .” ആശാ ഭാസ്കർ എന്ന ഈ സ്ത്രീ ഇന്ത്യ ടുഡേയോട് പറഞ്ഞു.
വൈറൽ പോസ്റ്റുകളിൽ പറയുന്നതുപോലെ ഈ സംഭവത്തിന് വർഗീയമായ മാനങ്ങളൊന്നുമില്ല. പതിവ് പോലെ, ഒരു പ്രാദേശിക പ്രശ്നത്തെ തെറ്റായി ചിത്രീകരിച്ച് വർഗീയ വിദ്വേഷം വളര്‍ത്താനുള്ള മറ്റൊരു ശ്രമം മാത്രമായിരുന്നു ഇത്.
