
ഈ ബൈക്ക് പെട്രോളിംഗ് വിജയ് സർക്കാരിന്റെ പുതിയ പദ്ധതിയാണോ? ഫാക്ട് ചെക്ക്
തമിഴ്‌നാട്ടിൽ ടി.വി.കെ നേതാവ് വിജയ്‌യുടെ പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ, എഴുന്നൂറിലധികം ടാസ്‌മാക്കുകൾ പൂട്ടുകയും സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേകം പദ്ധതി ആവിഷ്കരിക്കുകയും ചെയ്തത് വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ ടി.വി.കെ വന്നതിനു ശേഷം ആഭ്യന്തര വകുപ്പിൽ കൊണ്ട് വന്ന പുതിയ പദ്ധതി എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. മുഴുവൻ സമയ പട്രോളിംഗ് ലക്ഷ്യമിട്ട് സേലം ജില്ലയിൽ പോലീസ് സേനയ്ക്കായി ബൈക്കുകൾ നൽകിയെന്ന് പറയുന്ന ഒരു വീഡിയോയാണ് പ്രചരിക്കുന്നത്.
നിരന്തരമായ നിരീക്ഷണം ഉറപ്പാക്കാനും, കുറ്റകൃത്യങ്ങൾ തടയാനും, അടിയന്തര സാഹചര്യങ്ങളിൽ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ എത്തിച്ചേരാനും വേണ്ടി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇരുചക്രവാഹന പട്രോളിംഗ് പുതിയ സർക്കാർ നടപ്പിലാക്കിയെന്നാണ് പ്രചാരണം. എക്‌സിലും ഫേസ്ബുക്കിലും ഇത് പ്രചരിക്കുന്നുണ്ട്. എന്നാൽ, എന്താണ് ഇതിന്റെ സത്യാവസ്ഥ? സേലം ജില്ലയിൽ പോലീസുകാർക്കായി ഇത്തരത്തിലൊരു സംവിധാനം വിജയ് അധികാരത്തിൽ വന്നതോടെ നടപ്പിലാക്കിയോ?
ടി.വി.കെയുടെ പേരിലുള്ള അക്കൗണ്ടുകളിലൂടെയാണ് ഈ വീഡിയോ കൂടുതലായി പ്രചരിക്കുന്നത് എന്നാണ് മനസിലാക്കാൻ കഴിയുന്നത്. തമിഴിലെ പ്രമുഖ വാർത്താ ചാനലായ പോളിമർ ന്യൂസിന്റെ വീഡിയോ കണ്ടന്റ് ആണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പ്രചാരണമിങ്ങനെ
‘Tvk Kathiravan’ എന്ന ഒരു വെരിഫൈഡ് ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് വീഡിയോ പ്രചരിക്കുന്നതായി കണ്ടത്.

‘Good initiative taken immediately by CM Vijay’ എന്നാണ് വീഡിയോയ്ക്ക് തലക്കെട്ട്. പുതിയ മുഖ്യമന്ത്രി വിജയ്യുടെ നേതൃത്വത്തിൽ പുതിയ പദ്ധതി എന്ന അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിപ്പിക്കുന്നത്. മെയ് 12 നാണ് അക്കൗണ്ടിൽ ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. മെയ് 12 നു തന്നെയാണ് 712 ടാസ്‌മാക്കുകൾ പൂട്ടുന്നു എന്ന ഉത്തരവ് തമിഴ്നാട് മുഖ്യമന്ത്രി വിജയ് പുറത്തിറക്കുന്നത്.
ടി.വി.കെ പ്രതിനിധികളുടെ അക്കൗണ്ടുകൾ ഈ വീഡിയോ പ്രചരിപ്പിക്കുന്നതിൽ മുന്നിലുണ്ട് എന്ന് റിവേഴ്‌സ് ഇമേജ് സെർച്ചിലൂടെ മനസിലായി.

ടി.വി.കെ പ്രതിനിധി കതിരവന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ വന്ന പോസ്റ്റ്, സ്ക്രീൻഷോട്ട്
ടി.വി.കെയുടെ സേലം ജില്ലയിലെ പ്രതിനിധിയാണ് കതിരവൻ എന്ന് മനസിലാകുന്നു (ഫേസ്ബുക്ക് ബയോ പ്രകാരം).
വീഡിയോ, മറ്റൊരു ടി.വി.കെ പ്രതിനിധിയുടെ എക്സ് പേജിലും പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് റിവേഴ്‌സ് ഇമേജ് സെർച്ചിലൂടെ മനസിലായി. മെയ് 11 നാണ് ഈ അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്യപ്പെടുന്നത്.

‘Yuvaraj S’ എന്ന ഒരു വെരിഫൈഡ് അക്കൗണ്ടിലാണത്. ഈ അക്കൗണ്ടിൽ നിന്ന് മാത്രം ആറു ലക്ഷത്തിലധികം (683.5K) പേർ വീഡിയോ കണ്ടിട്ടുണ്ട് എന്ന് പോസ്റ്റ് മെട്രിക്സ് വിവരങ്ങൾ കാണിക്കുന്നു. 14,000 ൽ അധികം പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്.

എക്സ് അക്കൗണ്ട് ബയോ, സ്ക്രീൻഷോട്ട്
thalaivar_tvk പോലുള്ള ചില പ്രൈവറ്റ് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിലും ഈ വീഡിയോ പ്രചരിക്കുന്നതായി കണ്ടു.
വസ്തുതയെന്ത്?
വസ്തുതാന്വേഷണത്തിനായി പോളിമർ ന്യൂസ് ചാനലിന്റെ ഔദ്യോഗിക പേജ് സന്ദർശിച്ചു. വാർത്താ ചാനലിന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഈ വീഡിയോ പൊസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി 24 ന് ആണത്.

പോളിമർ ന്യൂസിലെ വാർത്ത, സ്ക്രീൻഷോട്ട്
സേലം ജില്ലയിൽ 24 മണിക്കൂറും നിരന്തര നിരീക്ഷണം ഉറപ്പാക്കാനും, കുറ്റകൃത്യങ്ങൾ കുറയ്ക്കാനും, അടിയന്തര സാഹചര്യങ്ങളിലെ പ്രതികരണ സമയം അഞ്ച് മിനിറ്റിനുള്ളിൽ നിലനിർത്താനുമായി സേലം ജില്ലാ പോലീസ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇരുചക്രവാഹന പട്രോളിംഗ് സർവീസ് ആരംഭിച്ചതിന്റെ വാർത്തയാണിത്.
24 മണിക്കൂറും തടസ്സമില്ലാത്ത സുരക്ഷ ഉറപ്പാക്കുന്നതിനായി, ഉദ്യോഗസ്ഥർ മൂന്ന് ഷിഫ്റ്റുകളിലായി തിരിഞ്ഞാണ് പട്രോളിംഗ് നടത്തുന്നത്.
ഓരോ പട്രോളിംഗ് ബൈക്കിലും സെൻട്രൽ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ ഡിവൈസ് ട്രാക്കിംഗ് (MDT) ഗാഡ്‌ജെറ്റ് ഘടിപ്പിച്ചിട്ടുണ്ട്. ‘100’ എന്ന അടിയന്തര നമ്പറിലേക്ക് വരുന്ന കോളുകളോട് അഞ്ച് മിനിറ്റിനകം പ്രതികരിക്കുക എന്നതാണ് ഈ യൂണിറ്റിന്റെ പ്രധാന ലക്ഷ്യമെന്ന് വാർത്തയിൽ പറയുന്നു.
സേലം ജില്ലാ പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഈ വീഡിയോ ജനുവരി 24 ആം തിയതി പോസ്റ്റ് ചെയ്തിട്ടുണ്ട്.

അതായത്, ഇത് ഡി എം കെ സർക്കാരിന്റെ കാലത്തെ പദ്ധതിയാണ്. ജനുവരി മാസത്തെ ഈ വീഡിയോയാണ് ഇപ്പോൾ പുതിയ രാഷ്ട്രീയ കക്ഷിയായ ടി.വി.കെ അധികാരത്തിൽ വന്നതിനു ശേഷം വീണ്ടും പ്രചരിപ്പിക്കുന്നത്. ആയിരക്കണക്കിന് ഫോളോവെർസ് ഉള്ള ടി.വി.കെ പ്രതിനിധികളുടെ അക്കൗണ്ടുകൾ തന്നെ ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ മുന്നിലുണ്ട് എന്ന് മനസിലാക്കാം.
