
സെലിബ്രിറ്റി പേജുകളിലൂടെ ‘വിൽക്കുന്ന’ ബിജെപി രാഷ്ട്രീയം
ലൈംഗിക ചുവയുള്ള ദൃശ്യങ്ങളിലൂടെയും വാർത്തകളിലൂടെയും കുറഞ്ഞ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരെ ഉണ്ടാക്കിയെടുക്കുന്ന പേജുകൾ, സ്ത്രീവിരുദ്ധതയും ട്രാൻസ്‌വിരുദ്ധതയും ആഘോഷിക്കുന്ന, വെറുപ്പും വിദ്വേഷവും പ്രസരിപ്പിക്കുന്ന പേജുകൾ തുടങ്ങി എല്ലാ തരത്തിലും സമൂഹത്തെ പിറകോട്ടടിപ്പിക്കുന്ന കണ്ടന്റുകൾ കൊണ്ട് നിറഞ്ഞ ഫേസ് ബുക്ക് പേജുകളിലൂടെയാണ് ബിജെപിയുടെയും സഖ്യ കക്ഷികളുടെയും പ്രചാരണം മുന്നേറുന്നത്. സംഘപരിവാർ മുന്നോട്ട് വെക്കുന്ന സാംസ്‌കാരിക പരിസരം എന്താണെന്ന വ്യക്തമായ സൂചന തരുന്നവയാണ് ഈ ദിവസങ്ങളിൽ വലിയ ദൃശ്യത കൈവരിച്ച ഈ പ്രചാരണ പേജുകൾ.
കേരളം പോളിങ് ബൂത്തുകളിലേക്ക് നീങ്ങാൻ ഇനി പതിനാല് ദിവസങ്ങൾ മാത്രമാണ് ബാക്കി. വലിയ വിഭാഗം ജെൻ-സി വോട്ടർമാർ പോളിങ് ബൂത്തുകളിലേക്ക് പോകുന്ന തിരഞ്ഞെടുപ്പ് എന്ന നിലയ്ക്ക്, സാമൂഹ്യ മാധ്യമങ്ങളെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുക എന്ന വെല്ലുവിളി കൂടി ഈ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് അഭിമുഖീകരിക്കേണ്ടി വരും. പിടിച്ചിരുത്തുന്ന റീലുകളായും, ക്രിയാത്‌മകമായ പരസ്യ വാചകങ്ങളുമായൊക്കെ ഇവർ നമ്മുടെ ഫീഡുകളിൽ നിറയുകയാണ്.
പാർട്ടിയുടെ ഔദ്യോഗിക ഹാൻഡിലുകളിൽ നിന്നോ, പി ആർ ഏജൻസികളിൽ നിന്നോ മാത്രം കണ്ടന്റുകൾ പുറത്തു വിടുന്ന കാലം എന്നേ കടന്നു പോയിരിക്കുന്നു. എല്ലാ രാഷ്ട്രീയ പാർട്ടികളും വൈവിധ്യമാർന്ന പ്രചാരണ രീതികൾ പരീക്ഷിക്കുകയാണ്.

എന്നാൽ പൊതുവെ നിഷ്പക്ഷമെന്ന് നടിക്കുന്ന, എന്റർടൈൻമെന്റ് കണ്ടന്റുകൾ മാത്രം കൈകാര്യം ചെയ്യുന്ന പേജുകൾ, നിഷ്പക്ഷമായി വാർത്തകൾ കൈകാര്യം ചെയ്യുന്നു എന്നവകാശപ്പെടുന്ന മീഡിയ പേജുകൾ, ഇവരെല്ലാം തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയം സംസാരിച്ചാലോ? അതും പ്രകടമായി ഒരു പക്ഷത്ത് മാത്രം നിന്നു കൊണ്ട്. അതിനെ ഒരു ‘തിരഞ്ഞെടുപ്പ് തന്ത്രമായി’ കാണാൻ സാധിക്കുമോ?
കൃത്യമായി പറഞ്ഞാൽ, വലതുപക്ഷ രാഷ്ട്രീയത്തെ മാത്രം പിന്തുണച്ചുള്ള റീലുകളും പോസ്റ്റുകളും ഒരു കൂട്ടം ‘എന്റർടൈൻമെന്റ് പേജുകൾ’ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിപ്പിക്കുകയാണ്. ഓരോ പേജിനും അഞ്ചു ലക്ഷം മുതൽ 30-40 ലക്ഷം വരെ ഫോളോവേഴ്സ് ആണ് ഉള്ളത്.
ജെൻ-സി എന്ന് വിളിക്കപ്പെടുന്ന യുവ വോട്ടർമാർ മുതൽ മുതിർന്ന പൗരന്മാർ വരെ ഇത്തരം പേജുകളുടെ കാഴ്ചക്കാരാണ്. എങ്ങനെയാണ് ഇത്തരം പേജുകൾ ‘എന്റർടൈൻമെന്റിലൂടെ’ വലതുപക്ഷ രാഷ്ട്രീയം ഒളിച്ചു കടത്തുന്നത്? കേരളത്തിലെ അസംബ്ലി മണ്ഡലങ്ങളിൽ പൊതുവെ നേട്ടമുണ്ടാക്കാൻ സാധിക്കാത്ത ബിജെപി എങ്ങനെ സാമൂഹ്യ മാധ്യമങ്ങളിൽ നിറ സാന്നിധ്യമാവുന്നു?
ബിജെപിയും ‘സെലിബ്രിറ്റി സ്ഥാനാർഥികളും’
കഴിഞ്ഞ ജനുവരി 22നാണ് സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള 20-20 എന്ന രാഷ്ട്രീയ പാർട്ടി ബിജെപി നയിക്കുന്ന എൻ ഡി എ സഖ്യത്തിൽ ചേർന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിറകെ എറണാകുളത്തെ പ്രധാനപ്പെട്ട മണ്ഡലങ്ങളിൽ സിനിമാ-സീരിയൽ താരങ്ങളെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും കളത്തിലിറക്കിയിരിക്കുകയാണ് സാബു ജേക്കബ്. ഇതിൽ ലക്ഷ്മി പ്രിയ, വീണ നായർ എന്നിവരുടെ സ്ഥാനാർഥിത്വം വോട്ടർപട്ടികയിൽ പേരില്ലാത്തതിനാൽ തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ റദ്ദായിരുന്നു.
എന്നാൽ തൃക്കാക്കര, തൃപ്പൂണിത്തുറ തുടങ്ങിയ മണ്ഡലങ്ങളിൽ സെലിബ്രിറ്റി സ്ഥാനാർഥികളുടെ പ്രചാരണം സജീവമായി നടക്കുകയാണ്. ബിഗ്ഗ് ബോസിലൂടെ പ്രശസ്തനായ അഖിൽ മാരാർ, നടി അഞ്ജലി നായർ എന്നിവരാണ് ഈ മണ്ഡലങ്ങളിൽ എൻ ഡി എ സ്ഥാനാർഥികൾ. ഇവരുടെ ക്യാമ്പയിൻ വീഡിയോകളാണ് നേരത്തെ സൂചിപ്പിച്ച എന്റർടൈൻമെന്റ് പേജുകളിൽ നിറയുന്നത്. വോട്ട് അഭ്യർത്ഥിക്കാൻ പല സ്ഥലങ്ങളിൽ പോകുന്നത് മുതൽ സ്ഥാനാർഥികളുടെ ഓരോ നീക്കവും പിന്തുടർന്ന് അത് വീഡിയോകളാക്കുകയാണ് ഇവർ ചെയ്യുന്നത്.

മാർച്ച് 20 വെള്ളിയാഴ്ച മാത്രം, 20-20യുടെ 15 ഇലക്ഷൻ ക്യാമ്പയിൻ വീഡിയോകളാണ് യൂണിവേഴ്സൽ എന്റർടൈൻമെന്റസ് എന്ന ഫേസ്ബുക്ക് പേജിൽ വന്നത്. ഇതിൽ ഏഴെണ്ണം അഖിൽ മാരാരിന്റെ തൃക്കാക്കരയിലെ പ്രചാരണത്തിന്റെ ദൃശ്യങ്ങളും ബാക്കി എട്ട് വീഡിയോകൾ തൃപ്പൂണിത്തുറയിലെ സ്ഥാനാർഥി അഞ്ജലി നായരുടേതുമാണ്.

മാർച്ച് 19ന്, ഇതേ പേജിൽ അഞ്ജലി നായർ വോട്ട് അഭ്യർത്ഥിക്കുന്ന എട്ട് വീഡിയോകളാണ് വന്നിരിക്കുന്നത്. അഖിൽ മാരാരിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നത് ഈ ദിവസമാണ്.
മാർച്ച് 20ന് പോസ്റ്റ് ചെയ്ത അത്തരമൊരു വീഡിയോയോകളിൽ ഒന്നിന് അഞ്ചു ലക്ഷത്തിനടുത്ത് കാഴ്ചക്കാരും, 5600 ലൈക്കും കിട്ടിയിട്ടുണ്ട് (മാര്‍ച്ച് 21 വരെ). ഇത്തരം പോസ്റ്റുകളിലെ കമന്റുകൾ പൊതുവെ ഇവരെ അനുകൂലിക്കുന്നവയല്ല. വോട്ട് അഭ്യർത്ഥിക്കുന്നതിനിടെ നടി അഞ്ജലിയോട് ഒരാൾ ഏത് പാർട്ടിയാണെന്ന് ചോദിക്കുമ്പോൾ ‘എൻ ഡി എ’ പാർട്ടിയാണെന്ന് പറയുന്നതിനെ പരിഹസിച്ചു കൊണ്ടുള്ള കമന്റുകളാണ് ഏറെയും.

പല എന്റർടൈൻമെന്റ് പേജുകളിലായി വന്ന 20-20 പ്രചാരണ വീഡിയോകൾ
മാർച്ച് 23ന്, ഇതേ പേജിൽ നിറഞ്ഞത് മറ്റൊരു ബിഗ്ഗ് ബോസ്സ് താരമായ റോബിൻ രാധാകൃഷ്ണന്റെ വീഡിയോകളാണ്. കൊല്ലം ജില്ലയിലെ കുണ്ടറ നിയോജകമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയാണ് റോബിന്‍. ഈ ദിവസം പോസ്റ്റ് ചെയ്ത 6 വീഡിയോകളിൽ “ജയിച്ചാൽ 90 ദിവസത്തിനുള്ളിൽ മോദിജിയെ കുണ്ടറയിൽ കൊണ്ടുവരും” എന്ന അടിക്കുറിപ്പോടെയുള്ള വീഡിയോയ്ക്ക് 24 മണിക്കൂറിനുള്ളിൽ 3,78,000 കാഴ്ചക്കാരുണ്ടായി. മറ്റ് പേജുകളിൽ നിന്നും ഇതേ പോസ്റ്റ് പോയതായും കാണാം. ആറായിരത്തിനടുത്ത് (മാര്‍ച്ച് 24 വരെ) ലൈക്കുകൾ കിട്ടിയ ഈ പോസ്റ്റിന് ഭൂരിഭാഗവും പരിഹസിക്കുന്ന രീതിയിലുള്ള കമന്റുകളാണ് ഏറെയും.

എങ്കിലും ഈ സ്ഥാനാർഥികൾക്കൊക്കെയും വലിയ ‘വിസിബിലിറ്റി’യാണ് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉള്ള ഇത്തരം പേജുകളിലൂടെ ലഭിക്കുന്നത്.
സിനിമാ താരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നു എന്ന ആരോപണങ്ങൾക്ക് എപ്പോഴും വിധേയമാകാറുള്ള എന്റർടൈൻമെന്റ് പേജ് ആണ് ‘നീലക്കുയിൽ എന്റർടൈൻമെന്റസ്’. ഈ പേജും പ്രകടമായി ബിജെപി സ്ഥാനാർഥികളുടെ പ്രചാരണ ദൃശ്യങ്ങൾ റീലുകളായും, പ്രസ്താവനകൾ കാർഡുകളാക്കിയുമൊക്കെ പോസ്റ്റ് ചെയ്യുന്നുണ്ട്. “മോദിയെ കുണ്ടറയിൽ കൊണ്ട് വരും” എന്ന അടിക്കുറിപ്പോടെയുള്ള റീൽ ഈ പേജിൽ നിന്നും മാർച്ച് 23ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് ലഭിച്ചത് മൂന്ന് ലക്ഷത്തിനടുത്ത് കാഴ്ചക്കാരെയാണ്.
ഇതേ ദിവസം, 20-20 സ്ഥാനാർഥികളുടെ 11 വീഡിയോകൾ ഈ പേജിൽ വന്നിട്ടുണ്ട്. കൂട്ടത്തിൽ, കോൺഗ്രസ്സിന്റെ തൃക്കാക്കരയിലെ സ്ഥാനാർഥി ഉമാ തോമസ് നാമനിർദേശ പത്രിക നൽകുന്നതിന്റെയും, രമേശ് ചെന്നിത്തല ഇന്ദിര കാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിന്റെയും ഓരോ വീഡിയോ വീതവും പോസ്റ്റ് ചെയ്തിട്ടുണ്ട്.
രാജീവ് ചന്ദ്രശേഖർ എന്ന ‘ഭാവി മുഖ്യമന്ത്രി’
എന്റർടൈൻമെന്റ് പേജുകൾ ആയത് കൊണ്ട് സെലിബ്രിറ്റി സ്ഥാനാർഥികളുടെ വീഡിയോകൾ പോസ്റ്റ് ചെയ്യുന്നതായിരിക്കില്ലേ എന്ന സംശയം ബാക്കി നിൽക്കുന്നുണ്ടാവും. എന്നാൽ അങ്ങനെയല്ല എന്നാണ് ഇത്തരം പേജുകൾ ആഴത്തിൽ പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്.
മാർച്ച് 21ന്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രിക സമർപ്പിക്കാൻ പോകുന്നതിന്റെ 9 വീഡിയോകളാണ് നീലക്കുയിൽ എന്റർടൈൻമെന്റ്സ് പോസ്റ്റ് ചെയ്തത്.

തിരുവനന്തപുരത്തെ നേമം മണ്ഡലത്തിലാണ് രാജീവ് ചന്ദ്രശേഖർ മത്സരിക്കുന്നത്. 2016ൽ 47.46 ശതമാനം വോട്ടുമായി കേരളത്തിലെ ആദ്യത്തെ ബിജെപി നിയമ സഭ അംഗത്തെ തെരഞ്ഞെടുത്ത മണ്ഡലമാണ് നേമം. 2021ൽ, സിപിഐഎം മണ്ഡലം തിരിച്ചു പിടിച്ചു. എന്നാൽ 2025ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ വരുന്ന 23 വാർഡുകളിൽ 15 വാർഡുകളിലും ബിജെപിയാണ് വിജയിച്ചത്.

രാജീവ് ചന്ദ്രശേഖറിന്റെ അഭിമുഖങ്ങൾ, പ്രസംഗങ്ങൾ എന്നിവയ്‌ക്കെല്ലാം ഇത്തരം പേജുകളിൽ വലിയ പ്രചാരണം ലഭിക്കുന്നുണ്ട്. “ഭാവി മുഖ്യമന്ത്രി” തുടങ്ങിയ വിശേഷണങ്ങളുടെയും, ‘മാസ്സ് ബി ജി എമ്മു’കളുടെ അകമ്പടിയോടെയുമൊക്കെയാണ് ഇത്തരം റീലുകൾ പോസ്റ്റ് ചെയ്യുന്നത്.
നിലവിൽ തിരുവനന്തപുരം കോർപറേഷൻ ബിജെപി കൗൺസിലറായ ആർ ശ്രീലേഖ, വട്ടിയൂർക്കാവ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയാണ്. ‘ലൈവ് അപ്പ് ഓൺലൈൻ’ എന്ന ഫേസ്ബുക്ക് പേജ് മാർച്ച് 23ന് ശ്രീലേഖയുടെ പ്രചാരണത്തിന്റെ ദൃശ്യങ്ങളും, പ്രസംഗത്തിന്റെ ശകലങ്ങളും റീലുകളായി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ ഏഴു റീലുകളാണ് ഈ പേജിൽ ഈ ദിവസം വന്നത്. ‘ന്യൂസ് & മീഡിയ വെബ്സൈറ്റ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഈ പേജിൽ മറ്റ് രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥികളെ കുറിച്ചുള്ള പോസ്റ്റുകളുമുണ്ട്. പക്ഷെ എണ്ണത്തിലും, അവതരിപ്പിക്കുന്ന രീതിയിലും ബിജെപിയ്ക്ക് നൽകുന്ന പിന്തുണ പ്രകടമാണ്.

“നിങ്ങളാരെ തിരഞ്ഞെടുക്കും?”
നിഷ്പക്ഷത നടിക്കുന്ന മറ്റ് ചില പേജുകളിൽ സ്ഥാനാർഥികളിൽ ആര് ജയിക്കുമെന്ന തരത്തിലുള്ള അഭിപ്രായ വോട്ടെടുപ്പുകളാണ്. ബിജെപി സ്ഥാനാർഥികളുടെ ചിത്രങ്ങൾക്കൊപ്പം ‘ഈ വ്യക്തിക്ക് നിങ്ങൾ എത്ര മാർക്ക് കൊടുക്കും?’, ‘ഇത്തവണ ബിജെപിക്ക് അവസരം കൊടുത്താൽ?’ തുടങ്ങിയ ചോദ്യങ്ങളും കാണാം.

ഈ പേജുകളിലൊക്കെയും പൊതുവായി കാണുന്ന മറ്റൊരു കാര്യം, ഇടതു പക്ഷത്തെ മോശമായി ചിത്രീകരിക്കുന്ന പ്രവണതയാണ്. നടൻ മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ അഭിമുഖത്തിന് ചെലവായത് 11 ലക്ഷം രൂപയാണെന്ന വാർത്തയ്ക്ക് മോളിവുഡ് കണക്ട് എന്ന പേജ് നൽകിയ അടിക്കുറിപ്പ് ‘കണ്ടതിനും മിണ്ടിയതിനും ചിലവായത് ലക്ഷങ്ങൾ’ എന്നായിരുന്നു. ആ പോസ്റ്റിന് വന്ന കമന്റുകളിൽ ഒന്ന് “ഇത്ര പൈസ എന്തിനാണ് ചിലവായത് ഹോളിവുഡ് സിനിമയുടെ ക്യാമറമാനാണോ അഭിമുഖം ഷൂട്ട് ചെയ്‌തത്” എന്നായിരുന്നു.

എന്താണ് ഈ പേജുകളുടെ സ്വഭാവം?
പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന ആരോപണങ്ങൾ വന്നപ്പോൾ, ‘നിരുപാധികം അവനൊപ്പം’ എന്ന അടിക്കുറിപ്പോടെ, നിരന്തരമായി പിന്തുണച്ചു കൊണ്ടുള്ള പോസ്റ്റുകൾ ചെയ്ത പേജ് ആണ് മോളിവുഡ് കണക്ട്. ഈ പോസ്റ്റിന് താഴെ വന്ന കമന്റുകളിൽ ഭൂരിഭാഗവും അതിജീവിതരെ ആക്ഷേപിക്കുന്നതും ലൈംഗിക ചുവയോടെ അപമാനിക്കുന്നതുമായിരുന്നു.

നടിമാരുടെ സ്വകാര്യതയിൽ കടന്ന് കയറുക, വാർത്തകളെ സെൻസേഷണലൈസ് ചെയ്യാനായി വളച്ചൊടിക്കുക തുടങ്ങി, പ്രതിലോമകരമായ ആശയങ്ങൾ മാത്രം പ്രചരിപ്പിക്കുന്ന തരം പേജുകളെയാണ് ബിജെപിയുടെ ‘ഇൻഫോർമൽ പ്രചാരണങ്ങൾ’ക്കായി ഇപ്പോൾ ഉപയോഗിക്കുന്നത്. ‘ക്ലിക്ക്ബൈറ്റ്’ കണ്ടന്റുകൾ മാത്രം പുറത്തു വിട്ടു കൊണ്ടേയിരിക്കുന്ന ഇത്തരം പേജുകൾക്കെതിരെ പലരും ഇതിന് മുൻപും രംഗത്ത് വന്നിട്ടുണ്ട്. ആറ്റുകാൽ പൊങ്കാലയ്ക്ക് നടി അന്ന രാജനെ മോശമായി ചിത്രീകരിക്കുന്ന രീതിയിലുള്ള വീഡിയോകൾ എടുത്ത് പോസ്റ്റ് ചെയ്തതും മേൽപ്പറഞ്ഞ പേജുകൾ തന്നെയാണ്. ഈ വിഷയത്തിൽ, അവസാനം അന്ന രാജന് മാപ്പ് പറയേണ്ടി വരികയാണ് ഉണ്ടായത്.
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന, ട്രാൻസ്ജെൻഡർ ബില്ലിനെതിരെയുള്ള സമരങ്ങളുടെ വീഡിയോകൾ പല പേജുകളും ഇട്ടിരുന്നു. ഹീനമായ തരത്തിലുള്ള ട്രാൻസ് വിരുദ്ധതയാണ് അതിന്റെ കമന്റുകളിൽ മുഴുവൻ കാണാനാവുക. ഓരോ പോസ്റ്റുകൾക്കും പതിനായിരത്തിൽ കുറയാത്ത കാഴ്ചക്കാർ ഉണ്ടാവുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.
പ്രകടമായി മോദിയെയും ബിജെപിയെയും പിന്തുണക്കുന്ന പോസ്റ്റുകളും ഈ പേജിൽ കാണാം.

ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ വോട്ടർമാരുടെ തെരെഞ്ഞെടുപ്പുകളിൽ സാമൂഹ്യ മാധ്യമങ്ങൾക്ക് ചെറുതല്ലാത്ത സ്വാധീനമുണ്ട്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ പതിനൊന്ന് ശതമാനം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. എൻ ഡി എ മുന്നണിക്ക് 12.41 ശതമാനവും. എന്നിരുന്നാലും കേരളത്തിലെ എല്ലാ പ്രായക്കാരും കാഴ്ച്ചക്കാരാകുന്ന പ്രധാനപ്പെട്ട സാമൂഹ്യ മാധ്യമ വേദികളിൽ ഇവർക്ക് വൻതോതിലുള്ള ദൃശ്യത കിട്ടുന്നുണ്ട്. ഇതിന് ചുക്കാൻ പിടിക്കുന്ന പേജുകളാകട്ടേ എല്ലാ തരത്തിലും പിന്തിരിപ്പനായ ആശയങ്ങൾ മാത്രം പ്രചരിപ്പിക്കുന്ന സ്വഭാവമുള്ളതാണെന്ന വസ്തുതയും ഒട്ടും യാദൃശ്ചികമല്ല എന്നാണ് സാമൂഹ്യ മാധ്യമങ്ങൾ പരിശോധിക്കുമ്പോൾ വ്യക്തമാവുന്നത്.
