ട്രാൻസ് സമൂഹത്തെ ക്രിമിനൽവത്കരിക്കുമ്പോൾ

ട്രാൻസ് സമൂഹത്തെ ക്രിമിനൽവത്കരിക്കുമ്പോൾ

കേന്ദ്ര സാമൂഹ്യ നീതിവകുപ്പ് മുന്നോട്ട് വെച്ച ട്രാൻസ്‌ജെൻഡർ നിയമ ഭേദഗതി ബിൽ രാജ്യമൊട്ടാകെ വമ്പിച്ച പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ലിംഗസ്വത്വം സ്വയം നിർണയിക്കാനുള്ള അവകാശം റദ്ദാക്കിയതോടൊപ്പം ട്രാൻസ്‌ജെൻഡർ സ്വത്വത്തിനുള്ള അവകാശം ഏതാനും വിഭാഗങ്ങളിലേക്ക് മാത്രമായി ചുരുക്കുകയും ചെയ്തിരിക്കുന്നു. ഒരു വലിയ വിഭാഗം ക്വീർ മനുഷ്യരെ പുറന്തള്ളുന്ന ഈ ബില്ല് ലിംഗസ്വത്വമാറ്റത്തിന് സഹായിക്കുകയോ പിന്തുണക്കുകയോ ചെയ്യുന്നത് കഠിന ശിക്ഷ അർഹിക്കുന്ന ക്രിമിനൽ കുറ്റമായി കണക്കാക്കാനുള്ള സാധ്യത തുറന്നിടുകയും ചെയ്യുന്നു .

“സ്വന്തം ഐഡന്റിറ്റി തെളിയിക്കാൻ ഒരു ബോർഡിന് മുന്നിൽ ചെന്ന് നഗ്നരായി നിൽക്കണമെന്നാണ് സർക്കാർ പറയുന്നത്. എന്തൊരവസ്ഥയാണ്!” തമിഴ് നാട്ടിൽ നിന്നുള്ള ദളിത് – ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ ഗ്രേയ്സ് ബാനു പറയുന്നു.

മാർച്ച്‌ 13ന് കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. വീരേന്ദ്ര കുമാർ ട്രാൻസ്ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി ബില്ല് (The Transgenders Persons (Protection of Rights) Amendment Bill, 2026) ലോക് സഭയിൽ അവതരിപ്പിച്ചു. മണിക്കൂറുകൾക്കകം ആക്ടിവിസ്റ്റുകളും ട്രാൻസ്ജെൻഡർ വ്യക്തികളും എൻ ജി ഓകളുമെല്ലാം ബില്ല് പിൻവലിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നു.

നാഷണൽ കൗൺസിൽ ഫോർ ട്രാൻസ്‌ജെണ്ടർ പേഴ്സൺസ് മാർച്ച്‌ 17ന് നടത്തിയ പ്രതിഷേധം. PTI

2019ലെ ട്രാൻസ്ജെൻഡർ അവകാശ സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തുന്നതാണ് പുതിയ ബില്ല്. എന്നാൽ നിയമത്തിൽ സാരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ലിംഗസ്വത്വം സ്വയം നിർണ്ണായിക്കാനുള്ള അവകാശം റദ്ദാക്കുന്നതാണ് പുതിയ ബില്ല്. ബില്ലിലെ വ്യവസ്ഥകൾ സ്വകാര്യത്യക്ക് മേലുള്ള കടന്നു കയറ്റമാണെന്നും ട്രാൻസ് വ്യക്തികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. 

ട്രാൻസ് സമൂഹത്തെ കുറ്റവാളികളായി കാണുന്ന കൊളോണിയൽ ബോധത്തെ തിരിച്ചു കൊണ്ട് വരുന്നത് കൂടിയാണ് പുതിയ ബില്ലിലെ വ്യവസ്ഥകൾ. “ശാസ്ത്രം, മനുഷ്യാവകാശം, ഭരണാഘടന എന്നിവയ്‌ക്കെല്ലാം വിരുദ്ധമാണ് ഈ ബില്ല്” എന്ന് ക്വീർ മനുഷ്യരുടെ അവകാശങ്ങങ്ങൾക്കായുള്ള മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക നിരീക്ഷകൻ ഗോപി ശങ്കർ മധുരൈ പറയുന്നു.

എന്താണ് പുതിയ ബില്ല് കൊണ്ട് വരുന്ന മാറ്റങ്ങൾ? സർക്കാർ മുന്നോട്ട് വയ്ക്കുന്ന ‘പഴഞ്ചൻ’ നിർവചനങ്ങൾ ഒരു സമൂഹത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയാകുമോ?

 ഒ ബി സി പരിശോധിക്കുന്നു.

സർക്കാർ തീരുമാനിക്കുന്ന ‘സ്വത്വം’!

‘ജനനസമയത്ത് നിർണ്ണയിക്കപ്പെട്ട ലിംഗത്തിൽ നിന്നും വ്യത്യസ്തമായി തങ്ങളുടെ ലിംഗത്തെ സ്വയം തിരിച്ചറിയുന്ന വ്യക്തികളാണ് ട്രാൻസ്ജെൻഡർ’ എന്നതാണ് ഐക്യ രാഷ്ട്ര സഭയുടെ നിർവചനം. LGBTQIA+ സമൂഹത്തിന് നേരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളെ സംബന്ധിച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങൾ നിർദ്ദേശിക്കുന്ന യോഗക്കാർട്ട തത്വങ്ങളും, ലിംഗസ്വത്വം സ്വയം നിർണ്ണയിക്കേണ്ടതാണെന്ന് പറയുന്നു. ഈ നിർവചനത്തിന്റെ ചുവട് പിടിച്ചാണ് 2019ലെ ട്രാൻസ്‌ജെൻഡർ നിയമം ട്രാൻസ്‍വ്യക്തികളെ നിർവചിച്ചത്. എന്നാൽ ഭേദഗതിയിലൂടെ ഇത് അട്ടിമറിച്ചിരിക്കുകയാണ് സർക്കാർ .

“ഒരു മനുഷ്യന്റെ വ്യക്തിത്വത്തിന്റെ ഏറ്റവും കാതലായ ഘടകമാണ് അയാളുടെ ലിംഗസ്വത്വം. അത് കേവലം ശസ്ത്രക്രിയയിലോ വൈദ്യപരിശോധനയിലോ തീരുമാനിക്കപ്പെടേണ്ട ഒന്നല്ല. അത് ഓരോ വ്യക്തിയ്ക്കും സ്വയമുള്ള തിരിച്ചറിവിനെ അടിസ്ഥാനമാക്കുന്നതാണ്” പ്രശസ്തമായ നൽസ കേസിന്റെ വിധിയിൽ ജസ്റ്റിസ്‌ കെ. എസ് രാധാകൃഷ്ണൻ നടത്തിയ നിരീക്ഷണം ഇങ്ങനെയായിരുന്നു.

ആൺ, പെൺ ദ്വന്ദത്തിനപ്പുറം എല്ലാ ലിംഗങ്ങളിൽ പെട്ട മനുഷ്യർക്കും അന്തസ്സോടെ ജീവിക്കാൻ കഴിയണം എന്നും നൽസ വിധിയിൽ  സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു .

പുതിയ നിർവചനത്തിൽ പുറത്താക്കപ്പെടുന്നവർ 

2019ലെ ട്രാൻസ്ജെൻഡർ അവകാശ സംരക്ഷണ നിയമവും ‘ട്രാൻസ്ജെൻഡർ വ്യക്തി’യെ നിർവചിക്കുന്നത് വിശാലമായാണ്. ട്രാൻസ് പുരുഷന്മാർ, ട്രാൻസ് സ്ത്രീകൾ, ഇന്റർസെക്സ് വ്യക്തികൾ, ക്വീർ വ്യക്തികൾ, കിന്നാർ (Kinnar), ഹിജ്‌റ (Hijra), അറവാണി (Aravani), ജോഗ്ത (Jogta) തുടങ്ങിയ പ്രത്യേകമായ സാമൂഹിക – സാംസ്‌കാരിക സ്വത്വങ്ങൾ  സ്വാംശീകരിച്ചിട്ടുള്ളവരെല്ലാം  ഈ നിർവചനത്തിന്റെ പരിധിയിൽ വരുന്നു. 

പുതിയ നിർവചനത്തിൽ മേൽപ്പറഞ്ഞ പ്രത്യേക സാമൂഹിക – സാംസ്‌കാരിക സ്വത്വങ്ങളായ കിന്നർ (Kinnar), ഹിജ്‌റ (Hijra), അറവാണി (Aravani), ജോഗ്ത (Jogta) എന്നിവരെ മാത്രമാണ് ട്രാൻസ്ജെൻഡർ വ്യക്തികളായി കാണുന്നത്. അല്ലെങ്കിൽ, പ്രത്യേക ജൈവീക വ്യതിയാനങ്ങളുള്ള ഇന്റർസെക്സ് വ്യക്തികളെ. ട്രാൻസ് പുരുഷന്മാരും സ്ത്രീകളും ക്വീർ വ്യക്തികളുമൊക്കെ പൂർണ്ണമായും ഈ നിർവചനത്തിന് പുറത്താകുന്നു. വ്യത്യസ്ത ലൈംഗിക അഭിരുചികൾ ഉള്ളവരെയോ (sexual orientation) സ്വയം നിർണ്ണയിക്കുന്ന സ്വത്വമുള്ളവരെയോ (self perceived gender identity) ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് ഈ വകുപ്പിൽ പ്രത്യേകം സൂചിപ്പിക്കുന്നുമുണ്ട്.

2016ലെ ട്രാൻസ്ജെൻഡർ പ്രതിഷേധങ്ങളിൽ നിന്ന്. Reuters

2019ലെ നിയമത്തിൽ ഇന്റർസെക്സ് വ്യക്തികളെ ‘ട്രാൻസ്ജെൻഡർ’ എന്ന നിർവചനത്തിന് കീഴിൽ കൊണ്ട് വന്നത് വലിയ വിമര്ശനത്തിനിടയാക്കിയതാണ്. ഈ ബില്ലിലും ഇത് ആവർത്തിച്ചിട്ടുണ്ട്. ഇന്റർസെക്സ് വ്യക്തികളെ പ്രത്യേകമായ ഒരു വിഭാഗമായി പരിഗണിച്ച്, അവർക്ക് മേൽ നടക്കുന്ന നിർബന്ധിത ലിംഗമാറ്റ ശസ്ത്രക്രിയകൾ തടയാൻ നിയമനിർമാണം നടത്തണമെന്ന ആവശ്യം കാലങ്ങളായി ക്വീർ മനുഷ്യരുടെ കൂട്ടായ്മകൾ മുന്നോട്ട് വയ്ക്കുന്നതാണ്.

പഴയ നിയമത്തിലെ സെക്ഷൻ 4(2) റദ്ദാക്കിയിട്ടുമുണ്ട്. വ്യക്തികൾക്ക് ലിംഗസ്വത്വം സ്വയം നിർണ്ണയിക്കാനുള്ള അവകാശം ഉറപ്പ് വരുത്തുന്ന വകുപ്പായിരുന്നു അത്.

2019ന് മുമ്പ് പല നിർവചനങ്ങളാണ് ട്രാൻസ്ജെൻഡർ എന്ന വാക്കിന് സർക്കാർ നൽകിയിരുന്നത്. ഭാഗികമായി പുരുഷൻ, ഭാഗികമായി സ്ത്രീ, (partially male, partially female), വിശുദ്ധ സ്ത്രീ ,വിശുദ്ധ പുരുഷൻ,(Holy male, holy female) എന്നൊക്കെയായിരുന്നു അത്. 2019ന് ശേഷമാണ് ലിംഗ സ്വത്വം സ്വയം നിർണ്ണായിക്കാമെന്നത് നിയമപരമായത്. 

സമൂഹത്തിൽ തീവ്രമായ വിവേചനവും അടിച്ചമർത്തലും നേരിടുന്ന ‘ട്രാൻസ്‌ജെൻഡർ വ്യക്തികളെ’ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ബില്ലിൽ പറയുന്നു. എന്നാൽ സാമൂഹികവും സാംസ്കാരികവുമായ ഒരു പ്രത്യേക വിഭാഗത്തെ മാത്രമാണ് ട്രാൻസ്‌ജെൻഡർ ആയി ബില്ലിൽ അംഗീകരിക്കുന്നത്. വൈവിധ്യമാർന്ന ലിംഗസ്വത്വങ്ങളുള്ളവരെയോ (Gender identities), സ്വയം തെരഞ്ഞെടുത്ത ലിംഗസ്വത്വമുള്ളവരെയോ (Self-perceived gender), മാറിക്കൊണ്ടിരിക്കുന്ന ലിംഗാവസ്ഥകളുള്ളവരെയോ (Gender fluidities)  ഒരുപോലെ സംരക്ഷിക്കുക എന്നതല്ല ഈ നിയമത്തിന്റെ ലക്ഷ്യമെന്നും  ഈ ഭാഗത്ത്‌ പ്രത്യേകം സൂചിപ്പിക്കുന്നു. 

അതായത് ഒരാളുടെ ലിംഗസ്വത്വം നിർണ്ണായിക്കാനുള്ള അവകാശം പൂർണ്ണമായും സർക്കാരിന് ലഭിക്കുന്നു. 

ശിക്ഷിക്കപ്പെടുന്നതാര്?

ബില്ലിലെ വകുപ്പ് 7(d) പ്രകാരം, ട്രാൻസ് വ്യക്തികളെ ശാരീരികമായോ മാനസികമായോ ലൈംഗീകമായോ പീഡിപ്പിക്കുന്നവർക്ക് കിട്ടുന്ന തടവുശിക്ഷ ആറു മാസം മുതൽ രണ്ടു വർഷം വരെ മാത്രമാണ്. ട്രാൻസ് വ്യക്തികൾക്ക് പൊതുവിടങ്ങളിൽ പ്രവേശനം നിഷേധിക്കുന്നതും, വീട്ടിൽ നിന്നോ നാട്ടിൽ നിന്നോ പുറത്താക്കുന്നതും പരമാവധി രണ്ട് വർഷം മാത്രം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.

എന്നാൽ ഒരാളുടെ ലിംഗ സ്വത്വത്തെ ട്രാൻസ്ജെൻഡറാക്കി മാറ്റാൻ “സ്വാധീനിക്കുന്നത്” ജീവപര്യന്തം തടവ് വരെ കിട്ടാവുന്ന കുറ്റമാണ്. അതായത്, ഒരു കുട്ടിയെയോ പ്രായപൂർത്തിയായ വ്യക്തിയേയോ ‘ട്രാൻസ്ജെൻഡർ’ വ്യക്തിയാക്കി മാറ്റുക എന്ന ‘ലക്ഷ്യത്തോടെ’ തട്ടിക്കൊണ്ടു പോവുകയോ തടഞ്ഞു വയ്ക്കുകയോ ചെയ്താലോ, പരിക്കേൽപ്പിക്കുകയോ ശസ്ത്രക്രിയ നടത്തുകയോ ചെയ്താലോ, ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാം.

നാഷണൽ കൗൺസിൽ ഫോർ ട്രാൻസ്‌ജെണ്ടർ പേഴ്സൺസ് മാർച്ച്‌ 17ന് നടത്തിയ പ്രതിഷേധം. PTI

ഇത് അശാസ്ത്രീയവും യുക്തിരഹിതവുമാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ ദിനു വെയിൽ പറയുന്നു

കൊളോണിയൽ ഭരണകാലത്തെ ക്രിമിനൽ ട്രൈബ്സ് ആക്ട് (1871)നെ ഓർമപ്പെടുത്തുന്നതാണെന്ന് ഈ ഭേദഗതിയെന്ന് വിവിധ ട്രാൻസ് കൂട്ടായ്മകൾ ചൂണ്ടിക്കാട്ടുന്നു. ചില ആദിവാസി വിഭാഗങ്ങളെയടക്കം, പാർശ്വവത്ക്കരിക്കപ്പെട്ട സമൂഹങ്ങളെ ക്രിമിനൽവത്കരിക്കുന്ന നിയമമായിരുന്നു ഇത്.

ട്രാൻസ് വ്യക്തികളെ സഹായിക്കുകയും സേവനങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യുന്ന വ്യക്തികൾ, സംഘടനകൾ, കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പുകൾ, എന്നിവരെയെല്ലാം കുറ്റവാളികളാക്കാൻ ഈ വകുപ്പ് ഉപയോഗിച്ചേക്കാമെന്നും ആശങ്കയുണ്ട്.

സ്വത്വം തീരുമാനിക്കാൻ എത്ര കടമ്പകൾ?

2019ലെ നിയമമനുസരിച്ച്, ആധാർ കാർഡും സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും ഉണ്ടെങ്കിൽ ഒരു ട്രാൻസ് വ്യക്തിക്ക് തിരിച്ചറിയൽ സർട്ടിഫിക്കറ്റ് ലഭിക്കും. എന്നാൽ പുതിയ ബില്ലിൽ ഇത് നിരവധി കടമ്പകളുള്ള ഒരു പ്രക്രിയയായി മാറിയിരിക്കുകയാണ്. 

പുതിയ ബില്ല് അനുസരിച്ച്  ‘ട്രാൻസ്’ വ്യക്തികൾക്ക്, തിരിച്ചറിയൽ കാർഡ് കിട്ടണമെങ്കിൽ ആദ്യം ഒരു മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരായി സർട്ടിഫിക്കറ്റ് വാങ്ങണം. ആ സർട്ടിഫിക്കറ്റുമായി ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നൽകണം. ഇത് കൃത്യമാണോ എന്ന് ജില്ലാ മജിസ്‌ട്രേറ്റിന് ബോധ്യപ്പെടണം. ശേഷം ആവശ്യമെങ്കിൽ വീണ്ടും അവർക്ക് വിദഗ്ദ അഭിപ്രായത്തിനായി വിടാം. ഇത്രയും നടപടിക്രമങ്ങൾക്ക് ശേഷം  മാത്രമേ സർട്ടിഫിക്കറ്റ് അനുവദിക്കുകയുള്ളൂ.

“ഈ നിയമം വന്നാൽ എന്റെയുൾപ്പടെയുള്ളവരുടെ കാർഡ് റദ്ദാവും. ഞാൻ സെൽഫ് ഐഡന്റിഫൈഡ് ട്രാൻസ്ജെൻഡർ വ്യക്തിയാണ്, ഇന്റർസെക്സ് അല്ല. അതു കൊണ്ട് മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരായിട്ട് എന്ത് കാര്യം? എന്റെ ഐഡന്റിറ്റി ഇതാണെന്ന് എനിക്ക് പറയാൻ കഴിയില്ലെങ്കിൽ പിന്നെയിത് എന്ത് ഇന്ത്യയാണ്?”  കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ അഭിഭാഷകയായ അഡ്വക്കേറ്റ് പദ്മ ലക്ഷ്മി ചോദിക്കുന്നു. 

ട്രാൻസ്ജെൻഡർ പ്രതിഷേധങ്ങളിൽ നിന്ന്. Reuters

2019 ലെ നിയമത്തിൽ ട്രാൻസ്‌ജെൻഡർ വ്യക്തികളെ നിർവചിച്ചിരിക്കുന്നത് അവ്യക്തമായത് കൊണ്ട് ‘ യഥാർത്ഥത്തിൽ അർഹതപ്പെട്ടവർക്ക് നിയമത്തിന്റെ ആനുകൂല്യങ്ങൾ ലഭിക്കാതെ പോകുന്നു എന്നതാണ് ഭേദഗതി കൊണ്ട് വന്നതിൽ സർക്കാർ മുന്നോട്ട് വെക്കുന്ന ന്യായം . കൂടാതെ പല ശിക്ഷാനിയമങ്ങളുടെയും സിവിൽ നിയമങ്ങളുടേയുമൊക്കെ നടത്തിപ്പിൽ ഈ അവ്യക്തത തടസ്സമായിട്ടുണ്ടെന്നും പറയുന്നു. എന്നാൽ ഇത് തീർത്തും അടിസ്ഥാന രഹിതമാണെന്നാണ് അഭിഭാഷകയായ പദ്മ ലക്ഷ്മി പറയുന്നത്. “കൃത്യമായ ചട്ടങ്ങൾ (Rules ) രൂപീകരിക്കാത്തതിന്റെ  പ്രശ്നം മാത്രമാണിത്, അല്ലാതെ നിർവചനത്തിന്റെയല്ല. പഴയ നിർവചനത്തിൽ കൃത്യമായി എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്.” പദ്മ ലക്ഷ്മി ഒബിസിയോട് പറഞ്ഞു.

സ്വകാര്യതയിലേക്ക് കടന്നു കയറുന്ന ‘ഹിന്ദുത്വ ബില്ല്’ ?

2017ലെ ജസ്റ്റിസ്‌ പുട്ടസ്വാമി കേസിലാണ് സ്വകാര്യതയെ മൗലികവകാശമായി കോടതി അംഗീകരിക്കുന്നത്. ട്രാൻസ്ജെൻഡർ ബില്ലിൽ ഉൾപ്പെടുത്തിയ പുതിയ ഉപവകുപ്പ് 7(1A) പ്രകാരം, ആശുപത്രികളും മെഡിക്കൽ സ്ഥാപനങ്ങളും, ലിംഗമാറ്റ ശസ്ത്രക്രിയകൾ നടത്തിയ വ്യക്തികളുടെ വിവരങ്ങൾ ജില്ലാ മജിസ്‌ട്രേറ്റിന് നിർബന്ധമായും കൈമാറണം. 2019ലെ നിയമത്തിൽ ഇത് നിർബന്ധമല്ലായിരുന്നു.

ഈ വ്യവസ്ഥ പുട്ടസ്വാമി വിധിയുടെ ലംഘനമാണ്.

“ഹിജ്‌റ, അറവാണി തുടങ്ങി പുതിയ ബില്ല് അംഗീകരിക്കുന്ന ട്രാൻസ് ഐഡന്റിറ്റികൾ ഹിന്ദു പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നവയാണ്. അതിന് പുറത്തുള്ള സ്വത്വങ്ങളെയാകെ നിരാകരിക്കുകയാണ് ഈ ബില്ല് ഫലത്തിൽ ചെയ്യുന്നത്. ഇത് ഹിന്ദുത്വ അജണ്ടയാണെന്ന് ഗ്രേയ്സ് ബാനു ആരോപിക്കുന്നു.

വ്യക്തികൾക്ക് തങ്ങളെത്തന്നെ നിർവചിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്ന, പിന്തിരിപ്പൻ മനുവാദി വീക്ഷണത്തെയാണ് ഈ ബില്ല് പ്രതിഫലിപ്പിക്കുന്നത് എന്ന് സിപിഐഎം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഡോണാൾഡ് ട്രംപ് അധികാരമേറ്റത് മുതൽ, അമേരിക്കയിലെ ട്രാൻസ് സമൂഹത്തിന്റെ അവകാശങ്ങൾക്ക് മേൽ പല വിധത്തിലുള്ള കടന്നു കയറ്റങ്ങൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകളിൽ ലിംഗ വൈവിധ്യത്തെ (gender diversity) കുറിച്ച് പഠിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു. ട്രാൻസ് അത്ലറ്റുകൾക്ക് അമേരിക്കൻ വിസ നൽകുന്നതും 2025 ഫെബ്രുവരി മുതൽ നിർത്തലാക്കി. വലതുപക്ഷ പ്രസ്ഥാനങ്ങൾ യൂറോപ്പിലും അമേരിക്കയിലുമുടനീളം പുരോഗമനപരമായ ലിംഗനയങ്ങളെ (Progressive gender policies) ആക്രമിച്ചുകൊണ്ടിരിക്കുകയാണ് എന്ന് മനുഷ്യാവകാശ സംഘടനകളും സൂചിപ്പിക്കുന്നുണ്ട്

സാമൂഹ്യ നീതിയെവിടെ?

ബില്ലിൽ ട്രാൻസ് വ്യക്തികൾക്ക് കിട്ടേണ്ട സാമൂഹ്യ സുരക്ഷയെ കുറിച്ചോ അവസരങ്ങളെ കുറിച്ചോ പരാമർശങ്ങളൊന്നുമില്ല. കാലങ്ങളായി ട്രാൻസ് സമൂഹങ്ങൾ മുന്നോട്ട് വയ്ക്കുന്ന സംവരണം എന്ന ആവശ്യത്തെ കുറിച്ചും ബില്ല് സംസാരിക്കുന്നില്ല. 

ബില്ലിന്റെ കരട് തയ്യാറാക്കുന്നതിന് മുമ്പ്, ട്രാൻസ് വ്യക്തികളുടെയോ അവരുമായി ചേർന്ന് പ്രവർത്തിക്കുന്ന സംഘടനകളുടെയോ അഭിപ്രായങ്ങൾ തേടിയിട്ടില്ലെന്ന് രാജ്യമെമ്പാടുമുള്ള ട്രാൻസ് കൂട്ടായ്മകൾ ചൂണ്ടി കാട്ടുന്നു. 

“എഴുപത് വർഷത്തിലധികമായി ഇന്ത്യയിൽ ലൈംഗിക തൊഴിലെടുത്തും ഭിക്ഷ യാചിച്ചുമാണ് ഞങ്ങളുടെ കൂട്ടത്തിലുള്ളവർ ജീവിച്ചു പോന്നത്. അവസ്ഥ മെച്ചപ്പെട്ടു വരുമ്പോൾ ഒറ്റയടിക്ക് തിരിച്ചടി കിട്ടുന്നത് പോലെയാണിത്. ഈ ബില്ല് പിൻവലിക്കുന്നത് വരെ ഞങ്ങൾ തെരുവുകളിൽ തന്നെയുണ്ടാകും.” ഗ്രേയ്‌സ് ബാനു പറഞ്ഞു .

ഈ നിമിഷവും, രാജ്യത്ത് അങ്ങോളമിങ്ങോളം ബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ സമൂഹങ്ങൾ പ്രതിഷേധങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. ഒരു വിഭാഗത്തിന്റെയാകെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന നിയമത്തിൽ നിന്ന് പിന്നോട്ട് പോകാൻ സർക്കാർ തയ്യാറാകുമോ എന്നതറിയാൻ കാത്തിരിക്കേണ്ടി തന്നെ വരും.

കാർത്തിക എസ്

കാർത്തിക എസ്

കാര്‍ത്തിക എസ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top