ലൈംഗിക പീഡകരെ ‘മുസ്ലിമാക്കുന്ന’ വ്യാജവാർത്താ നിർമിതി 

ലൈംഗിക പീഡകരെ ‘മുസ്ലിമാക്കുന്ന’ വ്യാജവാർത്താ നിർമിതി 

ക്രിമിനൽ കുറ്റങ്ങളിൽ അറസ്റ്റ് ചെയ്യപ്പെടുന്നവരെ ‘മുസ്ലിമായും’ ‘ജിഹാദിയായും’ ചിത്രീകരിച്ച് വിദ്വേഷം പ്രചരിപ്പിക്കുന്നത് സാമൂഹ്യമാധ്യമങ്ങളിലെ വലത് പക്ഷ ഹാൻഡിലുകളുടെ സ്ഥിരം രീതിയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്, രാജസ്ഥാനിലെ ഒരു ലൈംഗിക അതിക്രമക്കേസുമായി ബന്ധപ്പെട്ട് മലയാളി ഫേസ്ബുക്ക് അക്കൗണ്ടുകൾ ഇപ്പോൾ പ്രചരിപ്പിക്കുന്ന ഒരു വീഡിയോ. 

രാജസ്ഥാനിൽ ഗർഭിണിയായ യുവതിക്ക് നേരെ നടക്കുന്ന ലൈംഗികാതിക്രമത്തിന്റെ സിസിടിവി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വീഡിയോ വൈറലായതോടെ പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേരെ ജയ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. 

പൊലീസ് അറസ്റ്റ് ചെയ്ത പ്രതികൾ മുസ്ലിങ്ങളാണെന്ന രീതിയിൽ വർഗ്ഗീയ പ്രചരണം നടത്തുകയാണ് ഒരു വിഭാഗം ഫേസ്ബുക്ക് അക്കൗണ്ടുകൾ. എന്നാൽ ഈ പ്രചാരണങ്ങൾ വ്യാജമാണെന്ന് ഒബിസിയുടെ അന്വേഷണത്തിൽ വ്യക്തമായി.

ഫേസ്ബുക്കിൽ ‘Byjus Kara Kara’’ എന്ന അക്കൗണ്ടിൽ നിന്നുള്ള വീഡിയോയാണ് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. ഏപ്രിൽ 18 ന് പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോയിൽ കൈകാലുകൾക്ക് പരിക്കേറ്റ ഒരാൾ പൊലീസുകാർക്കൊപ്പം നടന്ന് പോകുന്നതായാണ് കാണുന്നത്. യൂണിഫോർമിലെ ചിഹ്നത്തിൽ നിന്ന്, വീഡിയോയിലുള്ളത് രാജസ്ഥാൻ പൊലീസാണെന്ന് വ്യക്തമാണ്. വീഡിയോയുടെ താഴെ മുൻപേ പ്രചരിച്ചിരുന്ന, സ്ത്രീയെ ആക്രമിക്കുന്ന ദൃശ്യങ്ങളും കാണാം.

Comparison of the Rajasthan Police emblem on a suspect's uniform versus the official Rajasthan Police logo for fact-checking.
വീഡിയോയിലെ പോലീസ് യൂണിഫോർമിലെ ചിഹ്നവും (ഇടത് വശം) രാജസ്ഥാൻ പോലീസിന്റെ ഔദ്യോഗിക യൂണിഫോം ചിഹ്നവും (വലത് വശം)

#റോഡിലൂടെ നടന്ന് പോയ പെൺകുട്ടിയെ. കയറി പിടിച്ച ജിഹാദിക്ക് പൊലീസ് കൊടുത്ത. സമ്മാനം പൊളിച്ചു 💪👌” എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. 240 പേർ ലൈക്ക് ചെയ്ത വീഡിയോ ഇതിനകം 110 പേർ ഷെയർ ചെയ്തിട്ടുണ്ട്. നിരവധി ബിജെപി അനുകൂല വീഡിയോകൾ ഈ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നതായി കാണാം.

Screenshot of a viral Facebook post by Byjus Kara Kara claiming a 'Jihadi' was arrested by Rajasthan Police, used for fact-checking.
‘Byjus Kara Kara’ എന്ന അക്കൗണ്ടിലെ പോസ്റ്റ്

ഇതേ വീഡിയോ ‘Ajish Kottayam’ എന്ന അക്കൗണ്ടും ഏപ്രിൽ 18 ന് പോസ്റ്റ് ചെയ്തിട്ടുണ്ട്. ആദ്യത്തെ പോസ്റ്റിന് സമാനമായി പ്രതിയെ മുസ്ലീമായി തന്നെ ഈ പോസ്റ്റും ചിത്രീകരിച്ചിട്ടുണ്ട്. 

 “#റോഡിലൂടെ നടന്ന് പോയ പെൺകുട്ടിയെ. ഉപദ്രവിച്ച ജിഹാദിക്ക് പൊലീസ് മേക്കപ്പിട്ടു😁😁

എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന വീഡിയോ ഇതിനകം 26 പേരാണ് ഷെയർ ചെയ്തത്. 210 പേർ ലൈക്ക് ചെയ്തിട്ടുമുണ്ട്. മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ചിത്രം പ്രൊഫൈൽ ഫോട്ടോയായുള്ള ഈ അക്കൗണ്ട്, സ്ഥിരമായി ബിജെപി അനുകൂല പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതായി കാണാം. ബിജെപി യുടെ ചിഹ്നം കവർ ഫോട്ടോ ആയും അക്കൗണ്ടിൽ നൽകിയിട്ടുണ്ട്. 

Screenshot of a viral Facebook post by Ajish Kottayam claiming Rajasthan Police punished a 'Jihadi' suspect, used as evidence in a fact-check.
‘Ajish Kottayam’ എന്ന അക്കൗണ്ടിലെ പോസ്റ്റ്

കണ്ടെത്തിയ പോസ്റ്റുകളുടെ അടിക്കുറിപ്പുകൾ സ്ത്രീയെ ആക്രമിച്ച പ്രതിയാണ് വീഡിയോയിലെന്നും പോലീസ് മർദനത്തിൽ അയാൾക്ക് പരിക്കേറ്റുവെന്നും ആരോപിക്കുന്നുണ്ട്. പ്രതി മുസ്ലിം ആണെന്നാണ് ഇത്തരത്തിൽ പ്രചരിക്കുന്ന പോസ്റ്റുകളിലെ ആരോപണം. എന്നാൽ ഇത് രണ്ടും വ്യാജമാണെന്ന് ഒബിസി കണ്ടെത്തി.

വീഡിയോ യുടെ കീഫ്രെയിമുകൾ ഉപയോഗിച്ച് നടത്തിയ ഗൂഗിൾ റിവേഴ്സ് ഇമേജ് സേർച്ച് (Google Reverse Image Search) ചെന്നത്തിയത് ‘ദൈനിക് ഭാസ്കർ’ എന്ന ഓൺലൈൻ മാധ്യമ സ്ഥാപനത്തിന്റെ റിപ്പോർട്ടിലാണ്. ഈ റിപ്പോർട്ടനുസരിച്ച്, പോസ്റ്റിലെ ‘കയ്യൊടിഞ്ഞ ആൾ’ മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശി രാഹുൽ ഗുർജാറാണ് (33). ഈ വർഷം മാർച്ച് 25 ന് രാജസ്ഥാനിലെ മാളവ്യ നഗറിൽ റോഡിലൂടെ നടന്ന് പോകുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് ജയ്പൂർ പോലീസ് അറസ്റ്റ് ചെയ്തതാണ് ഇയാളെ. അക്രമത്തിന് ശേഷം ഇയാൾ ഒളിവിലായിരുന്നു. ഏപ്രിൽ 17 നാണ് ജയ്പൂർ പൊലീസ് മധ്യപ്രദേശിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. രാഹുൽ ഗുർജാറിനെ ഒളിച്ചു താമസിക്കാന്‍ സഹായിച്ച ശുഭം അഗർവാൾ എന്ന സിദ്ധാർത്ഥ് (29),  ബാബുലാൽ ബരാല (28) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പ്രചരിക്കുന്ന വീഡിയോയുടെ താഴ്ഭാഗത്ത് പ്രദർശിപ്പിച്ചിരിക്കുന്നത്.

യുവതിയെ ആക്രമിച്ച പ്രതിയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്തതായി ജയ്പൂർ പൊലീസ് ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ അറിയിച്ചിട്ടുമുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങളും പ്രതികളെ പോലീസ് അറസ്റ്റ് ചെയ്ത ദൃശ്യവും പോസ്റ്റിൽ കാണാം.

Official X post from Jaipur Police confirming the arrest of Rahul Gurjar and accomplices for the harassment of a woman, used to debunk communal misinformation.
ജയ്പൂർ പൊലീസ് എക്സ് അക്കൗണ്ടിൽ പങ്കുവെച്ചത്

എന്നാൽ  രാഹുൽ ഗുർജാറിന് പരിക്കേറ്റത് പോലീസ് ഉപദ്രവിച്ചത് കൊണ്ടാണെന്ന് കരുതാൻ തെളിവുകളില്ല. പ്രതികളെ അറസ്റ്റ് ചെയ്തതിന് തൊട്ടടുത്ത ദിവസം, ഏപ്രിൽ 18 ന് പ്രസിദ്ധീകരിച്ച മനോരമ വാർത്ത ഇത് വ്യക്തമാക്കുന്നു. മധ്യപ്രദേശിലെ മൊറീന കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഈ ശ്രമത്തിനിടയിലാണ് പരിക്കേറ്റതെന്ന് മനോരമയുടെ വാർത്തയിൽ പറയുന്നു. എബിപി ന്യൂസ് എന്ന ഓൺലൈൻ മാധ്യമവും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ പ്രതികളെ പൊലീസ് മർദ്ദിച്ചതാണെന്ന വാദം വ്യാജമാണെന്ന് വ്യക്തമായി.

പ്രതി മുസ്ലീമാണെന്നാണ് പ്രചരിക്കുന്ന പോസ്റ്റുകളിലെ മറ്റൊരു വാദം. എന്നാൽ രാഹുൽ ഗുർജാർ ഒരു ഹിന്ദുവാണെന്ന് ന്യൂസ്മീറ്റർ റിപ്പോർട്ട് വ്യക്തമാക്കുന്നു. അറസ്റ്റ് ചെയ്ത മറ്റ് രണ്ട് പ്രതികളും ഹിന്ദു നാമധാരികളാണ്.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top