മാധ്യമ പ്രവർത്തകന്റെ മകൾക്കെതിരെ കേരളത്തിൽ യു.എ.പി.എ കേസ്; പ്രചരിക്കുന്ന പോസ്റ്റിലെ വസ്തുതയെന്താണ്?

മാധ്യമ പ്രവർത്തകന്റെ മകൾക്കെതിരെ കേരളത്തിൽ യു.എ.പി.എ കേസ്; പ്രചരിക്കുന്ന പോസ്റ്റിലെ വസ്തുതയെന്താണ്?

കേരളത്തിൽ മുൻപ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള യു.എ.പി.എ കേസുകളെക്കുറിച്ചുള്ള വിവാദങ്ങളും ചർച്ചകളും ഇപ്പോഴും സജീവമാണ്. എന്നാൽ, ഇതിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ മുൻ സർക്കാരിനെ ലക്ഷ്യമിട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയൊരു ആരോപണം വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

‘Vinod Chand’ എന്ന പ്രൊഫൈലിൽ നിന്നും പങ്കുവെക്കപ്പെട്ട ഈ കുറിപ്പ് വലിയ തോതിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.

കേന്ദ്ര സർക്കാരിന്റെ വിമർശകനായ ഒരു മാധ്യമപ്രവർത്തകന്റെ മകൾക്കെതിരെ കേരളത്തിൽ വ്യാജ യു.എ.പി.എ കേസ് ചുമത്തിയെന്നും, പിന്നീട് മുഖ്യമന്ത്രി ഇടപെട്ടിട്ടും കേസ് പിൻവലിക്കാൻ ലക്ഷങ്ങൾ കൈക്കൂലി നൽകേണ്ടി വന്നെന്നുമാണ് ഈ പോസ്റ്റിന്റെ ഉള്ളടക്കം. എന്താണ്  ഈ ആരോപണത്തിന്റെ സത്യാവസ്ഥ?

പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നത്

ഈ വിഷയവുമായി ബന്ധപ്പെട്ട ഇംഗ്ലീഷിലുള്ള പോസ്റ്റാണ് വിവിധ അക്കൗണ്ടുകളിൽ പ്രചരിക്കുന്നത്. കോപ്പി പേസ്റ്റ് ചെയ്ത ടെക്സ്റ്റ് ആണ് വിവിധ അക്കൗണ്ടുകൾ പങ്കുവയ്ക്കുന്നത്. 

55,000 ൽ അധികം അംഗങ്ങൾ ഉള്ള The Indian Liberals എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഈ പോസ്റ്റ് പ്രചരിക്കുന്നതായി കണ്ടത്. Vinod chand എന്ന വ്യക്തിയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം, സ്ക്രീന്‍ഷോട്ട്

കുറിപ്പിൻ്റെ മലയാള പരിഭാഷ ഇങ്ങനെയാണ്:

മോദി സർക്കാരിനെ വിമർശിക്കുന്ന ഒരു മാധ്യമ പ്രവർത്തകൻ്റെ മകൾക്കെതിരെ യു.എ.പി.എ നിയമ പ്രകാരം ഒരു വ്യാജ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു. എന്നാൽ, കേസ് ഉണ്ടായ സമയത്ത് ആ പെൺകുട്ടി കേരളത്തിൽ  വന്നിട്ട് പോലുമില്ലായിരുന്നു. 

“ബിജെപി വിരുദ്ധ ചേരിയിൽ ഉള്ള പിണറായി വിജയൻ സർക്കാരിൻറെ കാലത്താണ് ഈ കേസ് വരുന്നത്. കേസ് പിൻവലിപ്പിക്കാൻ ഈ മാധ്യമപ്രവർത്തകൻ ഒരു ഇടനിലക്കാരൻ വഴി മുഖ്യമന്ത്രിയെ കണ്ടു സംസാരിച്ചു. മുഖ്യമന്ത്രി പബ്ലിക് പ്രോസിക്യൂട്ടറെ വിളിച്ചു കേസ് തീർപ്പാക്കാൻ പറഞ്ഞുവെങ്കിലും ആ പ്രോസിക്യൂട്ടർ കേസ് മാറ്റാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. ഒടുവിൽ മകൾ ജയിലിൽ ആകുമെന്ന് പേടിച്ച് 2 ലക്ഷം രൂപ കൈക്കൂലി കൊടുത്ത് കേസ് ഒതുക്കേണ്ടി വന്നു.

ഈ വ്യാജ കേസിൽ പേര് വന്നതുകൊണ്ട് ആ പെൺകുട്ടിക്ക് മറ്റൊരു സംസ്ഥാനത്ത് കിട്ടിയിരുന്ന സർക്കാർ ജോലി നഷ്ടമായി. 

അധികാരം കയ്യിലുണ്ടെങ്കിൽ ഏത് സർക്കാരിനും കരു നിയമങ്ങൾ ഉപയോഗിച്ച് സാധാരണക്കാരെ ദ്രോഹിക്കാം. ഇവിടെ കേസ് എടുത്തത് ഇടതുപക്ഷ സർക്കാർ ആയതുകൊണ്ട് മാധ്യമ പ്രവർത്തകന് ഒരു സർക്കാരിനെ കുറ്റപ്പെടുത്താനും കഴിയില്ല”

Vinod chand എന്ന അക്കൗണ്ടിൽ നിന്നും പല ഗ്രൂപ്പുകളിലേക്ക് ഈ സന്ദേശം പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. Vinod chand ൻ്റെ ഫേസ്ബുക്ക് പേജിലും ഈ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

ഈ അക്കൗണ്ടിൽ നിന്ന് മാത്രം ആയിരത്തിലധികം പേരാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്. കഴിഞ്ഞ സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ആണ് കമൻ്റ് സെക്ഷനിലുള്ളത്.

Vinod Chand എന്ന പേജിൽ പോസ്റ്റിന് താഴെയുള്ള കമൻ്റ് സെക്ഷൻ, സ്ക്രീൻഷോട്ട്

ഇത് വ്യാജ വാർത്തയാണ് എന്ന് ചൂണ്ടിക്കാണിക്കുന്നവരും കമൻ്റ് സെക്ഷനിൽ ഉണ്ട്.

21,000 ൽ അധികം (21.5K) അംഗങ്ങൾ ഉള്ള  We, The People എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും ഈ പോസ്റ്റ് വന്നിട്ടുണ്ട്. Vinod Chand തന്നെയാണ് ഷെയർ ചെയ്തിട്ടുള്ളത് എന്ന് കാണാം.

8,158 ഫോളോവേഴ്സ് ഉള്ള Government of India Shadow എന്ന എക്സിലെ ഒരു പാരഡി അക്കൗണ്ടും ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

ഈ അക്കൗണ്ടിൽ നിന്നും 4,933 പേരാണ് ഇതുവരെ (30/5/26) ഈ പോസ്റ്റ്  കണ്ടിട്ടുള്ളത്.

ഒബിസിയുടെ കണ്ടെത്തല്‍

കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യു എ പി എ കേസുകളുടെ ലഭ്യമായ രേഖകൾ, എഫ്.ഐ.ആറുകൾ, മാധ്യമ റിപ്പോർട്ടുകൾ എന്നിവ ഒബിസി പരിശോധിച്ചു. പക്ഷെ, പ്രസ്തുത പോസ്റ്റിൽ പറയുന്ന വിവരങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു കേസും ഞങ്ങൾക്ക് കണ്ടെത്താൻ സാധിച്ചില്ല.

ഔദ്യോഗികവും അനൗദ്യോഗികവുമായ സ്രോതസ്സുകളിൽ നിന്ന്, ഇത്തരമൊരു കേസ് കേരളത്തിൽ എപ്പോഴെങ്കിലും രജിസ്റ്റർ ചെയ്തതായോ, അല്ലെങ്കിൽ ഒരു കേസ് പിൻവലിപ്പിക്കാൻ ഒരു മാധ്യമപ്രവർത്തകൻ കൈക്കൂലി നൽകാൻ നിർബന്ധിതനായതായോ സൂചിപ്പിക്കുന്ന യാതൊരു തെളിവുകളും ഒബിസിക്ക് ലഭിച്ചിട്ടില്ല. 

വൈറലായ പോസ്റ്റിൽ പറയുന്ന വിവരങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു കേസും കണ്ടെത്താൻ സാധിക്കാത്തതിനെ തുടർന്ന്, ഒബിസി, കേരള പോലീസ് വകുപ്പിലെയും മുൻ മുഖ്യമന്ത്രിയുടെ ഓഫീസിലെയും (CMO) ഔദ്യോഗിക സ്രോതസ്സുകളുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഇങ്ങനെയൊരു കേസിനെക്കുറിച്ച് യാതൊരുവിധ വിവരങ്ങളും ലഭ്യമായിട്ടില്ല. കൂടാതെ, സംസ്ഥാനത്തെ സർക്കാർ-നിയമ കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന മാധ്യമ വൃത്തങ്ങളിൽ അന്വേഷിച്ചപ്പോഴും ഫേസ്ബുക്ക് പോസ്റ്റിൽ വിവരിച്ചിരിക്കുന്നതുപോലെയുള്ള ഒരു കേസിനെക്കുറിച്ച് തങ്ങൾക്ക് ആർക്കും ഒരറിവുമില്ലെന്നാണ് അവർ വ്യക്തമാക്കിയത്.

മുൻ മുഖ്യമന്ത്രിയേയും സർക്കാരിനെയും താറടിച്ചു കാണിക്കാനായി മനഃപൂർവം പ്രചരിപ്പിക്കുന്ന വ്യാജ വാർത്തയാണിതെന്ന ആരോപണവും പലരും സാമൂഹ്യ മാധ്യമങ്ങളിൽ ഉന്നയിക്കുന്നുണ്ട്.

ഇങ്ങനെയൊരു കേസുണ്ടെന്നതിന് എന്തെങ്കിലും തെളിവുകൾ പുറത്ത് വരുന്ന പക്ഷം ഈ റിപ്പോർട്ട് ഞങ്ങൾ തിരുത്തുന്നതായിരിക്കും.

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top