കേരളമെന്താ ഇന്ത്യയിലല്ലേ?                        നീതി നിഷേധത്തിന്റെ പതിനാറാം അധ്യായം

കേരളമെന്താ ഇന്ത്യയിലല്ലേ? നീതി നിഷേധത്തിന്റെ പതിനാറാം അധ്യായം

പതിനാറാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങളോട് ചെയ്തത് എന്താണ്? സംസ്ഥാനങ്ങളുടെ നികുതി വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ കാലത്ത് എന്നതുപോലെ 41 ശതമാനമായി തുടരുന്നതും, കേരളത്തിന്റെയും തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെയും നികുതി വിഹിതം ഉയർത്തിയ പശ്ചാത്തലത്തിൽ ധനകാര്യ കമ്മീഷൻ എന്തോ വലിയ സഹായം സംസ്ഥാനങ്ങൾക്ക് ചെയ്തു എന്നൊരു ആഖ്യാനമാണ് പൊതുവിൽ മാധ്യമങ്ങൾ സ്വീകരിക്കുന്നത്. ധനകാര്യ കമ്മീഷൻ തീർപ്പ് പ്രകാരം എന്തൊക്കെ വിധത്തിലുള്ള യൂണിയൻ ട്രാൻസ്ഫർ ആണ് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നത് എന്നത് കണക്കിലെടുക്കാതെയുള്ള നിഗമനമാണ് ഇങ്ങനെ പ്രചരിപ്പിക്കപ്പെടുന്നത്.

എന്താണ് പങ്കുവയ്ക്കപ്പെടേണ്ടത്?

സെസ്സുകളും സർചാർജ്ജുകളും ഒഴികെയുള്ള യൂണിയൻ നികുതി വരുമാനത്തിൽ പിരിവ് ചെലവ് കിഴിച്ചുള്ള തുകയാണ് യൂണിയനും സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കേണ്ടത്. ഇതിനെയാണ് ‘Net Proceeds’ എന്നും ‘Divisible Pool’ എന്നുമെല്ലാം പറയുന്നത്. പങ്കുവെയ്ക്കേണ്ട നികുതിക്കൂടയുടെ വലിപ്പം ഈ ധനവിന്യാസത്തിൽ അതിപ്രധാനമാണ്.

ഈ പങ്കുവെയ്ക്കേണ്ട നികുതിക്കൂടയിൽ വരാത്ത വിധം യൂണിയൻ സർക്കാർ നികുതി ചുമത്തിയാൽ, അത് സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കാതെ സ്വന്തം കീശയിൽ തന്നെ ഇടാമല്ലോ? പതിനാലാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങളുടെ വിഹിതം 32 ശതമാനത്തിൽ നിന്നും 42 ശതമാനമായി ഉയർത്തിയപ്പോൾ, പ്രധാനമന്ത്രി മോദി പിൻവാതിൽ വഴി ധനകാര്യ കമ്മീഷനെ സ്വാധീനിച്ച് ഇത് കുറയ്ക്കാൻ നടത്തിയ നീക്കം പുറത്തുവന്നിരുന്നല്ലോ? ഈ നീക്കം ഫലം കാണാതെ വന്നതോടെയാണ് യൂണിയൻ സർക്കാർ സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കേണ്ടതില്ലാത്ത വിധം നികുതി ചുമത്തുന്ന വഴികൾ വ്യാപകമാക്കാൻ തുടങ്ങിയത്. അങ്ങനെയാണ് യൂണിയൻ സർക്കാരിന്റെ ആകെ നികുതി വരുമാനത്തിൽ (Gross Tax Revenue) സെസ്സുകളും സർചാർജ്ജുകളും പെരുകുന്നത്. എണ്ണവിലയിൽ വരുന്ന കുറവ് ജനങ്ങൾക്ക് കൈമാറാതെ അധിക നികുതിയായി ഈടാക്കി കൈവശം വെയ്ക്കാൻ മോദി സർക്കാരുകൾ സ്വീകരിച്ച വഴി ഇങ്ങനെയുള്ള സെസ്സുകളും സർചാർജ്ജുകളുമാണ്.

Credits/PTI

പതിനാറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് തന്നെ ഇവയുടെ പെരുക്കം സംബന്ധിച്ച് പറയുന്നത് നോക്കാം. 2014-2015 കാലത്ത് യൂണിയൻ സർക്കാരിന്റെ ആകെ നികുതി വരുമാനത്തിന്റെ 89.1 ശതമാനവും സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കേണ്ട നികുതിയായിരുന്നു. അഥവാ 89.1 ശതമാനം ഡിവിസിബിൾ പൂളിൽ വരുമായിരുന്നു. എന്നാൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ കാലത്ത് ഇത് 74 ശതമാനം വരെയായി ഗണ്യമായി ചുരുങ്ങി എന്നാണ് ധനകാര്യ കമ്മീഷൻ പറയുന്നത്. (“With cesses and surcharges having cut the size of the divisible pool from 89.1per cent of GTR in 2014-15 to a 74-80 per cent range during the first four years of the FC-15 award period for which actuals are available, there is no room for cutting the State’s share in it” -Sixteenth FC report)

ഇതിന്റെ ഫലം എന്താണ്? പതിനാലാം ധനകാര്യ കമ്മീഷൻ കാലയളവിൽ യൂണിയൻ സർക്കാരിന്റെ ആകെ നികുതി വരുമാനത്തിന്റെ 39.4 ശതമാനം സംസ്ഥാനങ്ങൾക്ക് നികുതി വിഹിതമായും ധനകാര്യ കമ്മീഷൻ ഗ്രാന്റുകളായും കൈമാറിയിരുന്നത് പതിനഞ്ചാം ധനകാര്യ കമ്മീഷൻ കാലത്ത് 37.6 ശതമാനമായി ഗണ്യമായി കുറഞ്ഞു. പതിനാറാം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് തന്നെയാണ് ഈ കണക്ക് വ്യക്തമാക്കുന്നത്. സംസ്ഥാനങ്ങളുടെ നികുതി വിഹിതം കുറയ്ക്കണമെന്ന ആവശ്യം പ്രകടമായി യൂണിയൻ സർക്കാർ ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടില്ല എന്ന് കമ്മീഷൻ പറയുന്നുണ്ട്. എങ്കിലും മോദി സർക്കാരിന്റെ ഇംഗിതം മനസ്സിലാക്കി കമ്മീഷൻ ഇതിന്റെ സാധ്യത പരിശോധിച്ചപ്പോൾ എത്തിയ നിഗമനമാണ് മുകളിൽ ഉദ്ധരിച്ചത്. കുറയ്ക്കാൻ ഒരു നിവൃത്തിയുമില്ല എന്നതാണ് കണ്ടെത്തിയത്.

എന്നാൽ കേരളം അടക്കമുള്ള സംസ്ഥാനങ്ങളും പ്രാമാണികന്മാരായ പബ്ലിക് ഫിനാൻസ് വിദഗ്ധരും ഉന്നയിച്ച ഒരു ആവശ്യമുണ്ട്: സെസ്സുകൾക്കും സർചാർജ്ജുകൾക്കും ഉയർന്ന പരിധി ബാധകമാക്കുക. അതായത് ആകെ നികുതി വരുമാനത്തിന്റെ നിശ്ചിത ശതമാനം മാത്രം ഡിവിസിബിൾ പൂളിൽ പെടാത്ത വരുമാനമായി നിയന്ത്രിക്കുക. അപ്പോൾ ഡിവിസിബിൾ പൂൾ കൂടും, സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന പണവും കൂടും. എന്നാൽ ഇത് തങ്ങൾ തീരുമാനിക്കുന്നില്ല എന്നാണ് കമ്മീഷൻ പറഞ്ഞത്. ഡിവിസിബിൾ പൂൾ ഉയർത്തിയാൽ സംസ്ഥാന നികുതി വിഹിതം കുറയ്ക്കേണ്ടി വരും എന്നാണ്. ആ ഒരു Grand Bargain ന്റെ ഭാഗമാണ് സംസ്ഥാന വിഹിതം 41 ശതമാനമായി നിലനിർത്തുന്നത് എന്നർത്ഥം. ഇതിന്റെ മറുപുറം എന്താണ്? യഥേഷ്ടം സെസ്സുകളും സർചാർജ്ജുകളും ചുമത്തി കീശയിലിടാൻ കമ്മീഷൻ യൂണിയൻ സർക്കാരിന് ഫ്രീ ഹാൻഡ് കൊടുത്തിരിക്കുന്നു എന്നതാണ്. സംസ്ഥാനങ്ങൾക്ക് ഉയർന്ന നികുതി വിഹിതത്തിനും യൂണിയൻ ട്രാൻസ്ഫറിനും അർഹതയുണ്ട് എന്ന് കമ്മീഷൻ കരുതുന്നതേയില്ല.

നികുതിയേതര വരുമാനവും സംസ്ഥാനങ്ങളും

കേരളം അടക്കമുള്ള ചില സംസ്ഥാനങ്ങൾ മറ്റൊരു സുപ്രധാന ആവശ്യം ധനകാര്യ കമ്മീഷന് മുന്നിൽ ഉന്നയിച്ചിരുന്നു – യൂണിയൻ നികുതിയേതര വരുമാനം സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കണമെന്ന ആവശ്യം. ഇതിന്റെ പ്രാധാന്യം മനസിലാക്കാൻ യൂണിയൻ സർക്കാരിന്റെ നികുതിയേതര വരുമാന വളർച്ചയുടെ വലിപ്പം മനസിലാക്കണം. ഡിവിഡന്റ്, ലാഭം, ഓഹരി വിൽപ്പന, യൂസർ ഫീസ് തുടങ്ങിയ ഇനങ്ങളിൽ 2023-ൽ യൂണിയൻ സർക്കാരിന്റെ 2.55 ലക്ഷം കോടി രൂപയായിരുന്നത് 2026-ലെ ബജറ്റ് അനുമാന കണക്കുകൾ പ്രകാരം 5.34 ലക്ഷം കോടി രൂപയാണ്. ഈ വരുമാനം ഉണ്ടാക്കുന്ന നിർമിതികളും സൗകര്യങ്ങളും സംസ്ഥാനങ്ങളുടെ കൂടി ചെലവിലുള്ളതും അവിടെ നിന്നും പിരിച്ച നികുതിയുടെ ഫലവുമാണ്. ഉദാഹരണത്തിന്, കൊച്ചിയിലെ HMT ഭൂമി വിൽപ്പനയിലൂടെ പണം സമാഹരിക്കുന്നു എന്നിരിക്കട്ടെ, ഈ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്തു കൈമാറിയതല്ലേ? ഇപ്പോൾ പണി പൂർത്തിയാകുന്ന ദേശീയ പാതയിൽ നിന്നും ലഭിക്കുന്ന ടോൾ വരുമാനത്തിലെ യൂണിയൻ സർക്കാർ വിഹിതം നോക്കൂ. സംസ്ഥാനം ഭൂമി ഏറ്റെടുക്കാൻ 6000 കോടി രൂപയാണ് ചെലവഴിച്ചത്. ഇങ്ങനെ നികുതിയേതര വരുമാനത്തിനുള്ള സംസ്ഥാനങ്ങളുടെ അർഹത തർക്കമറ്റ കാര്യമാണ്. എന്നാൽ സംസ്ഥാനങ്ങളുമായി പങ്കുവെയ്ക്കേണ്ട ഡിവിസിബിൾ പൂൾ സമ്പുഷ്ടമാക്കുക എന്ന അടിസ്ഥാന അജണ്ട എന്തൊക്കെയോ Grand bargain ന്റെ ഭാഗമായി കൈയൊഴിയുകയാണ് പതിനാറാം ധനകാര്യ കമ്മീഷൻ ചെയ്യുന്നത്. അതേസമയം വിഭവ സമാഹരണ അധികാരങ്ങൾ 67 – 68 ശതമാനവും യൂണിയൻ സർക്കാരിനാണെന്നും ചെലവ് ബാധ്യതകൾ ഏറെയും സംസ്ഥാനങ്ങളുടെ ചുമലിലാണെന്നും കമ്മീഷൻ റിപ്പോർട്ടിൽ ആവർത്തിക്കുന്നുമുണ്ട്. എന്തൊക്കെയോ ഒത്തുതീർപ്പുകൾ നടത്തുന്നവർ ഈ അടിസ്ഥാന അസന്തുലിതാവസ്ഥ (Vertical imbalanace) പരിഹരിക്കുന്നതെങ്ങനെ?

കേരളത്തെ തുണച്ചോ?

ഡിവിസിബിൾ പൂളിൽ നിന്നും സംസ്ഥാനങ്ങൾക്ക് നീക്കിവെച്ച 41 ശതമാനത്തിന്റെ കഥയാണ് ചർച്ച ചെയ്തത്. ഈ സംസ്ഥാന വിഹിതത്തിൽ നിന്നും കേരളത്തിന് ലഭിക്കുന്ന പങ്ക് (Inter se share) പതിനഞ്ചാം ധനകാര്യ കമ്മീഷൻ കാലത്തെ 1.925 ശതമാനത്തിൽ നിന്നും 2.382 ശതമാനമായി ഉയർന്നിട്ടുണ്ട്. ഇത് സ്വാഗതാർഹം തന്നെയാണ്. എന്നാൽ, പത്താം ധനകാര്യ കമ്മീഷൻ കാലത്തെ കേരളത്തിന്റെ വിഹിതം 3.875 ശതമാനമായിരുന്നു. അതാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ കാലത്ത് 1.925 ആയി കുറഞ്ഞത്. പത്താം ധനകാര്യ കമ്മീഷൻ കാലത്തെ അപേക്ഷിച്ച് പതിനഞ്ചാം ധനകാര്യ കമ്മീഷൻ കാലത്ത് കേരളത്തിന് 50 ശതമാനം കുറവ് വിഹിതമായിരുന്നു കിട്ടിയത്. ഈ വ്യത്യാസം ഇപ്പോൾ 38.5 ശതമാനമായി കുറഞ്ഞു എന്നതാണ് വസ്തുത. പൂർണമായും പരിഹരിക്കപ്പെടുകയല്ല ചെയ്തത്. സംസ്ഥാനങ്ങൾക്കിടയിൽ നികുതി വിഹിതം പങ്കുവയ്ക്കുന്നതിലുള്ള (Horizontal devolution) മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റമാണ് ഇങ്ങനെ പ്രതിഫലിച്ചത്.

Credit/PTI

പതിനാറാം ധനകാര്യ കമ്മീഷൻ പുതിയൊരു മാനദണ്ഡം കൊണ്ടുവന്നു. ദേശീയ വരുമാനത്തിൽ സംസ്ഥാനങ്ങളുടെ സംഭാവനയ്ക്ക് 10 ശതമാനം വെയിറ്റേജ് ഏർപ്പെടുത്തി. സംസ്ഥാനങ്ങളുടെ കൂട്ടായ ആഭ്യന്തര വരുമാനത്തിൽ ഓരോ സംസ്ഥാനത്തിന്റെയും പങ്ക് കണക്കാക്കിയാണ് ഈ വെയിറ്റ് നിർണയിച്ചത്. ഇത് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ പൊതുവിൽ തുണച്ചിട്ടുണ്ട്. അതേസമയം, ജനസംഖ്യാ നിയന്ത്രണത്തിനുള്ള വെയിറ്റേജ് 12.5 ശതമാനത്തിൽ നിന്നും 10 ശതമാനമായി കുറച്ചു. വളരെ ദൂര വ്യാപകമായ പ്രതിഫലനങ്ങൾ ഉണ്ടാക്കാൻ പോന്ന പരാമർശം ഇവിടെ ധനകാര്യ കമ്മീഷൻ നടത്തുന്നുണ്ട്. പ്രത്യുല്പാദന നിരക്കിലെ (TFR) പ്രോത്സാഹിപ്പിക്കപ്പെടുന്നതിൽ കമ്മീഷൻ സംശയം ഉന്നയിക്കുന്നുണ്ട്. ഇത് വൃദ്ധജന ചേരുവ ഉയരുന്നതിനു കാരണമാകുന്നു എന്ന് കമ്മീഷൻ പറയുന്നുണ്ട്. എന്നാൽ വൃദ്ധജന ചേരുവയും ആശ്രിതത്വ നിരക്കും വർധിക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേക ധനസഹായ സംവിധാനം എന്ന ആവശ്യവും പതിനാറാം ധനകാര്യ കമ്മീഷൻ അംഗീകരിക്കുന്നില്ല. പകരം ‘Demographic Performance’-നുള്ള വെയിറ്റേജ് കുറയ്ക്കുകയും ചെയ്തു. രാജ്യം രൂപീകരിക്കുന്ന നയങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്ന (Efficient regulatory compliance) സംസ്ഥാനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടണം എന്ന സമീപനം നിരാകരിക്കുന്നു. ധന വിന്യാസ തത്വങ്ങൾ പ്രധാനമായും need, equity, efficiency എന്നിവയാണ്. ഇവിടെ efficiency തിരസ്കരിക്കപ്പെടുകയാണ് ചെയ്യുന്നത്. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്ന ഫലങ്ങൾ പ്രത്യേകമായി പരിശോധിക്കേണ്ടതാണ്.

നികുതി വിഹിതം മാത്രമല്ല ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരം സംസ്ഥാനങ്ങൾക്ക് കൈമാറുന്നത്. ഭരണഘടനയുടെ ആർട്ടിക്കിൾ 275 പ്രകാരമുള്ള ഗ്രാന്റുകൾ വിതരണം ചെയ്യുന്നതും ധനകാര്യ കമ്മീഷന്റെ ഉത്തരവാദിത്തമാണ്. ധനകാര്യ കമ്മീഷൻ ഗ്രാന്റുകളുടെ പ്രത്യേകത അവ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചാണ് വിന്യസിക്കപ്പെടുന്നത് എന്നതാണ്. നികുതി വിഹിതവും ഈ ഗ്രാന്റുകളും ചേരുന്നതിനെയാണ് ധനകാര്യ കമ്മീഷൻ കൈമാറ്റം അഥവാ Finance Commission Transfer എന്ന് പറയുന്നത്. പതിനഞ്ചാം ധനകാര്യ കമ്മീഷൻ നിശ്ചയിച്ച വിവിധ ഇനങ്ങളിലെ ഗ്രാന്റുകൾ ഇവയാണ്. 2021-2026 കാലത്തെ കണക്കാണ് ഇവിടെ സൂചിപ്പിക്കുന്നത്. 2020-2021 വർഷത്തെ ധനവിന്യാസം അസാധാരണമായ ഒരു മഹാമാരിക്കാലത്തെ പ്രത്യേക റിപ്പോർട്ട് പ്രകാരമായിരുന്നതിനാൽ അത് ഇവിടെ പരിശോധിക്കുന്നില്ല.

റവന്യൂ കമ്മി ഗ്രാന്റ്: 2,94,514 കോടി രൂപ
സെക്ടർ സ്പെസിഫിക് ഗ്രാന്റ്: 1,22,037 കോടി രൂപ
സ്റ്റേറ്റ് സ്പെസിഫിക് ഗ്രാന്റ്: 49,599 കോടി രൂപ

ഈ മൂന്നിനം ഗ്രാന്റുകളും പതിനാറാം ധനകാര്യ കമ്മീഷൻ ഒറ്റയടിക്ക് റദ്ദാക്കി. കഴിഞ്ഞ ധനകാര്യ കമ്മീഷൻ കാലത്തെ കണക്കുകൾ വെച്ചുനോക്കിയാൽ, സംസ്ഥാനങ്ങൾക്ക് മാനദണ്ഡപ്രകാരം കിട്ടിയിരുന്ന 4,66,150 കോടി രൂപ നഷ്ടമായി എന്ന് ചുരുക്കം. ഇതിൽ കേരളത്തിന് കിട്ടിയിരുന്നത് 41,236 കോടി രൂപയായിരുന്നു. വാർഷിക ശരാശരി 8,447 കോടി രൂപ. ഇതാണ് ഒറ്റയടിക്ക് പതിനാറാം ധനകാര്യ കമ്മീഷൻ ഇല്ലാതാക്കിയത്. നികുതി വിഹിത വർദ്ധനവ് വരുത്തുന്ന മെച്ചം ഇതോടെ പൂർണ്ണമായും ഇല്ലാതാകുന്നതാണ് കേരളത്തിന്റെ സ്ഥിതി.

ദുരന്ത പ്രതികരണ ധനസഹായത്തിലെ കേരളത്തിന്റെ വിഹിതം പതിനഞ്ചാം ധനകാര്യ കമ്മീഷൻ കാലത്ത് ആകെ സംസ്ഥാനങ്ങളുടെ വിഹിതത്തിന്റെ 1.4 ശതമാനം വരുമായിരുന്നു. അതിപ്പോൾ 1.2 ശതമാനമായി കുറഞ്ഞു. ഗ്രാമീണ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കേരളത്തിന് കിട്ടുന്ന വിഹിതം സംസ്ഥാനങ്ങൾക്കാകെ കൊടുക്കുന്നതിന്റെ 0.76 ശതമാനം മാത്രമാണ്. കേരളത്തിലെ നഗര ജനസംഖ്യ എന്നത് അപ്പാടെ നഗര തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ താമസിക്കുന്നവരാണ് എന്ന തെറ്റായ അനുമാനത്തിൽ നഗര തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് ഉയർന്ന വിഹിതം കൊടുത്തിരിക്കുകയാണ്. യാന്ത്രികമായി ജനസംഖ്യാ കണക്കുകൾ എടുക്കുകയും വികേന്ദ്രീകരണത്തിൽ കേരളം കൈവരിച്ച അതുല്യമായ നേട്ടത്തെ അവഗണിക്കുകയും ചെയ്യുന്ന അലോക്കേഷനാണ് പതിനാറാം ധനകാര്യ കമ്മീഷൻ നടത്തിയിട്ടുള്ളത്.

ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഇല്ലാതാക്കി തന്നിഷ്ട ഗ്രാന്റ് പെരുപ്പിക്കുന്നു

തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കുള്ള ധനകാര്യ കമ്മീഷൻ ഗ്രാന്റും ദുരന്ത പ്രതികരണ ഗ്രാന്റും (Disaster Financing Grant) ഒഴികെ മറ്റെല്ലാ ഇനം ധനകാര്യ കമ്മീഷൻ ഗ്രാന്റുകളും നിർത്തലാക്കിയത് വഴി യൂണിയൻ സർക്കാർ കീശയിലാക്കിയത് കുറഞ്ഞത് അഞ്ച് ലക്ഷം കോടി രൂപയാണ്. സംസ്ഥാന വിഹിതം വളരെ ഉദാരമായി 41 ശതമാനമായി നിലനിർത്തി എന്ന വാദത്തിന്റെ പൊള്ളത്തരം ഇവിടെയാണ് കിടക്കുന്നത്. ഇങ്ങനെ ധനകാര്യ കമ്മീഷൻ അറിഞ്ഞുകൊണ്ട് യൂണിയൻ സർക്കാരിന് വിട്ടുകൊടുത്ത ഈ അഞ്ച് ലക്ഷം കോടി രൂപ അവർ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉപയോഗിക്കുകയാകും ഫലം. യൂണിയൻ സർക്കാർ നൽകുന്ന ഗ്രാന്റുകൾ ആർട്ടിക്കിൾ 275 പ്രകാരം മാത്രമുള്ളതല്ല.
ആർട്ടിക്കിൾ 282 പ്രകാരം തന്നിഷ്ടപ്രകാരം ഗ്രാന്റ് അനുവദിക്കുന്നതിനുള്ള അധികാരം യൂണിയൻ സർക്കാരിനുണ്ട്. അതിനുള്ള പണം (Fiscal Space) വേണമെന്ന് മാത്രം. മാനദണ്ഡപ്രകാരം അനുവദിക്കുന്ന ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ പലതും ഇല്ലാതാക്കി 5 ലക്ഷം കോടി രൂപയുടെ Fiscal Space മോദി സർക്കാരിന് ഉണ്ടാക്കി കൊടുക്കുന്ന നിക്ഷിപ്ത രാഷ്ട്രീയ നടപടിയാണ് അരവിന്ദ് പനഗരിയയും ടീമും ചെയ്തത്.

സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ‘ഇരട്ട എഞ്ചിൻ സർക്കാർ’ ഉണ്ടാക്കാൻ ഈ ഫിസ്കൽ സ്പേസ് നൽകുന്ന സ്വാതന്ത്ര്യത്തിൽ തന്നിഷ്ടപ്രകാരം പൊതുപ്പണം ദുരുപയോഗിക്കപ്പെടുന്നതാണ് ഉടനുണ്ടാകുന്ന ഫലം. ദീർഘകാലാടിസ്ഥാനത്തിലാകട്ടെ, സംസ്ഥാനങ്ങളുടെ യൂണിയൻ എന്നത് യൂണിയനും അതിന്റെ ശാഖകളും എന്നായി മാറുക എന്നതാകും ഇതിന്റെ ആത്യന്തിക ഫലം.

ഗോപകുമാർ മുകുന്ദൻ

ഗോപകുമാർ മുകുന്ദൻ

സ്വതന്ത്ര ഗവേഷകനാണ് ഗോപകുമാർ മുകുന്ദൻ

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top