ഡല്‍ഹിയോളമില്ലെങ്കിലും കൊച്ചിയും ശ്വാസം മുട്ടിക്കും; വായുഗുണനിലവാരം ഒട്ടും തൃപ്തികരമല്ല

ഡല്‍ഹിയോളമില്ലെങ്കിലും കൊച്ചിയും ശ്വാസം മുട്ടിക്കും; വായുഗുണനിലവാരം ഒട്ടും തൃപ്തികരമല്ല

ഡൽഹിയിലെ വായു മലിനീകരണം രാജ്യമൊട്ടാകെ ചർച്ചയാകുമ്പോൾ മലയാളികളെ സംബന്ധിച്ചിടത്തോളം കൊച്ചിയിലെ സാഹചര്യവും ആശങ്കപ്പെടുത്തുന്നതാണ്. ദീപാവലിക്ക് ശേഷം കൊച്ചിയിലെ വായു ഗുണനിലവാരം അനാരോഗ്യകരമായ നിലയിലേക്ക് താഴ്ന്നിരിക്കുന്നു.

ഡൽഹിയിലെ ജനങ്ങൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ശുദ്ധ വായുവിനായുള്ള പ്രതിഷേധ സമരങ്ങളിലാണ്. ഡൽഹിയിലെ വായു ഗുണനിലവാര സൂചിക അപകടകരമായ വിധത്തിൽ തുടരുന്നതുതന്നെയാണ് വലിയതോതിലുള്ള പ്രതിഷേധങ്ങളിലേക്ക് നയിച്ചത്. ആഴ്ചകളായി ഡൽഹിയിലെ വായു ഗുണ നിലവാര സൂചിക – Air Quality Index (AQI) 300ന് മുകളിൽ, അതായത് ‘വളരെ ദോഷകരം’ എന്ന വിഭാഗത്തിലാണ്. ഇത് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്യുന്ന സുരക്ഷിത പരിധിയേക്കാൾ 20 മടങ്ങ് കൂടുതലാണ്. ഡൽഹിയിലെ അത്ര ഗുരുതരമല്ല സാഹചര്യമെങ്കിലും കേരളത്തിലും ആശങ്കക്ക് വകയുണ്ടെന്നാണ് കൊച്ചിയിലെ വായു ഗുണനിലവാര സൂചിക വ്യക്തമാക്കുന്നത്. ദീപാവലിക്ക് ശേഷമുള്ള ദിവസങ്ങളിൽ കൊച്ചിയിലെ വായുഗുണ നിലവാരം നിരീക്ഷണപ്പട്ടികയിൽ ‘അനാരോഗ്യകരം’ (Unhealthy) എന്ന സൂചികയിലാണ് രേഖപ്പെടുത്തപ്പെട്ടത്. വായുവിന്റെ നിലവാരം മോശമായി തുടരുന്നത് അതിന്റെ ദൂരവ്യാപക പ്രത്യാഘാതങ്ങളെക്കുറിച്ച് ചില ചോദ്യങ്ങൾ ഉയർത്തുന്നു. 

 AQI.in ലെ വിവരങ്ങൾ പ്രകാരം, കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിലെ വായു ഗുണനിലവാരം അനാരോഗ്യകരം എന്ന വിഭാഗത്തിലാണുള്ളത്. ഇന്ത്യയിലെ വായു ഗുണനിലവാര സൂചികയുമായി ബന്ധപ്പെട്ട് തത്സമയ വിവരങ്ങൾ നൽകുന്ന സ്വതന്ത്ര ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് AQI.in. കഴിഞ്ഞ ഒരു മാസത്തെ AQI.in വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കൊച്ചിയിലെ വായുവിന്റെ ഗുണനിലവാരം നൂറിന് മുകളിലാണ്. ഏറ്റവും കുറഞ്ഞ അളവ് 92 ആണെങ്കിൽ കൂടുതൽ 178 ആണ്, നവംബർ നാല് മുതലുള്ള കണക്കാണിത്.

AQI.in ൽ കൊച്ചിയുടെ വായുഗുണനിലവാരം, സ്ക്രീൻഷോട്ട്

കൊച്ചി നഗരത്തിൽ അതിരാവിലെയും വൈകുന്നേരങ്ങളിലും ഉണ്ടാകുന്ന പുകമഞ്ഞ് (Smog) പോലുള്ള പ്രതിഭാസങ്ങളാണ് ഇപ്പോൾ ആശങ്കയുണ്ടാക്കുന്നത്.തണുപ്പ് കാലം തുടങ്ങിയതോടെ പുലർകാലങ്ങളിലെ മൂടൽ മഞ്ഞിനോടൊപ്പം വാഹനങ്ങളിൽ നിന്നുള്ള പുകയും, അന്തരീക്ഷത്തിലെ പൊടി പടലങ്ങളും ചേർന്നാണ് പുകമഞ്ഞ് രൂപപ്പെടുന്നത്

ദീപാവലി ആഘോഷങ്ങളുടെ തുടർച്ചയായി വായുവിന്റെ ഗുണ നിലവാരം മോശമാകുന്നത് ദില്ലിയിലെ പോലെ കേരളത്തിലും സംഭവിക്കുന്നുണ്ട് . ദീപാവലി ദിനമായ ഒക്ടോബർ 20 ന് ശേഷം ഉച്ച നേരങ്ങളിൽ കൊച്ചിയിലെ വായു ഗുണനിലവാര സൂചിക 176 ആയാണ് രേഖപ്പെടുത്തിയതെന്ന് ‘ദി ഹിന്ദു പത്രം റിപ്പോർട്ട് ചെയ്തിരുന്നു . മോഡറേറ്റ് എന്ന വിഭാഗത്തിലാണ് സാങ്കേതികമായി ഇതുൾപ്പെടുക . കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ (Central pollution control board) നിന്നുള്ള മുന്നറിയിപ്പനുസരിച്ച്, മോഡറേറ്റ് ലെവലിലുള്ള വായു മലിനീകരണം തന്നെയും ആസ്ത്മ പോലുള്ള ശ്വാസകോശ രോഗങ്ങൾ ഉള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഹൃദ്രോഗമുള്ളവർക്കും കുട്ടികൾക്കും പ്രായമായവർക്കും ഇത് അസ്വസ്ഥതയുണ്ടാക്കാം.

എന്താണ് എയർ ക്വാളിറ്റി ഇൻഡക്സ്?  

ദൈനംദിന വായു ഗുണനിലവാരം നിരീക്ഷിക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനുമുള്ള ഒരു സൂചികയാണിത്. ചുരുങ്ങിയ സമയത്തിനുള്ളിൽ വായു മലിനീകരണം ഒരാളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ അളവുകോലാണിത്. സൂചിക പ്രകാരം, വായു ഗുണനിലവാരത്തെ വിവിധ നിറങ്ങളിലാണ് ക്രോഡീകരിക്കുന്നത്. ആറ് വ്യത്യസ്ത നിറങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വായു ഗുണനിലവാര പട്ടികയിൽ ഓരോ വിഭാഗവും പ്രത്യേക ഇൻഡക്സ് മൂല്യങ്ങളെ സൂചിപ്പിക്കുന്നു. AQI മൂല്യം കൂടുന്നതിനനുസരിച്ച്, വായു മലിനീകരണത്തിന്റെ അളവും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുന്നു. ഉദാഹരണത്തിന്, 50ഓ അതിൽ താഴെയോ ഉള്ള AQI മൂല്യമുള്ളത് ശുദ്ധമായ വായുവായാണ് കണക്കാക്കുന്നത്. അതേസമയം 300ൽ കൂടുതലുള്ള AQI മൂല്യം അപകടകരമായ (hazardous) വായുവാണ്. 

സാധാരണയായി 0 മുതൽ 500 വരെയുള്ള സ്കെയിലിലാണ് ഇത് കണക്കാക്കുന്നത്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിലെ വിവരങ്ങൾ അനുസരിച്ച് ഇന്ത്യയിലെ വായു ഗുണ നിലവാരത്തിന്റെ സ്കെയിൽ ഇങ്ങനെയാണ്;

മൂല്യം അൻപതിൽ താഴെ    – Good (നല്ലത്)

                           50 – 10     –  Moderate (മിതമായത്) 

                      100 – 200      –  Unhealthy (അനാരോഗ്യകരം)

                      200 – 300      –  Harmful (ദോഷകരം)

                      300 – 400      –  Very harmful (വളരെ ദോഷകരം)

                      400 – 500      –  Hazardous (അപകടകരം)

പൂജ്യം മുതൽ അൻപത് വരെയുള്ള മൂല്യത്തിൽ, വായു ഗുണനിലവാരം തൃപ്തികരമാണ് എന്നതുകൊണ്ടുതന്നെ ആരോഗ്യപ്രശ്നങ്ങളുണ്ടാകാൻ സാധ്യതയില്ല. അൻപത് മുതൽ നൂറു വരെ, ശ്വാസ കോശ സംബന്ധമായ രോഗങ്ങളുള്ളവർക്ക് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനിടയുണ്ട്. 200 വരെയുള്ള ലെവൽ അനാരോഗ്യകരമായ വായുവാണ് കാണിക്കുന്നത്. ഇതിൽ ശ്വാസകോശ രോഗങ്ങളുള്ളവർ, വയോജനങ്ങൾ, കുട്ടികൾ എന്നിവർക്ക് അസ്വസ്ഥതകൾ ഉണ്ടായേക്കാം. 201 മുതൽ 300വരെ, അനാരോഗ്യകരമായ വായുവിന്റെ സാഹചര്യത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ശ്വാസകോശ രോഗങ്ങളുള്ളവരോടൊപ്പം മറ്റുള്ളവരും പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുകയും ദീർഘനേരത്തെ കായികാധ്വാനം കുറയ്ക്കുകയും വേണം. 301 മുതൽ 400 വരെ, വായുവിലെ മലിനീകരണത്തിൻ്റെ അളവ് കൂടുതലാകുന്നു. പൂർണ്ണ ആരോഗ്യമുള്ള ആളുകൾക്ക് പോലും ഗുരുതരമായ ശ്വാസകോശ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. 401 മുതൽ 500 വരെയുള്ള സൂചിക കാണിക്കുന്നത്, ഏറ്റവും അപകടകരമായ വായുവിനെയാണ്. ജീവന് തന്നെ ഭീഷണിയാകാൻ സാധ്യതയുള്ള അവസ്ഥയാണിത്. 

 AQI.in ലെ വിവരങ്ങൾ പ്രകാരം, പാർട്ടിക്കുലേറ്റ് മാറ്റർ അഥവാ കണികാ പദാർത്ഥം (PM10, PM2.5), വാഹനങ്ങളിലെ പുക സൃഷ്ടിക്കുന്ന നൈട്രജൻ ഡയോക്സൈഡ്, സൾഫർ ഡയോക്സൈഡ്, കാർബൺ മോണോക്സൈഡ് എന്നീ സംയുക്തങ്ങളാണ് വായു ഗുണനിലവാര സൂചികയെ ബാധിക്കുന്ന പ്രധാന ഘടകങ്ങൾ. സൾഫർ ഡൈ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ തുടങ്ങിയ രാസവസ്തുക്കളുടെ സങ്കീർണ്ണമായ പ്രതിപ്രവർത്തനങ്ങളുടെ ഫലമായാണ് കണികാ പദാർഥങ്ങൾ അന്തരീക്ഷത്തിൽ രൂപം കൊള്ളുന്നത്. ഇവയാണ് ശ്വാസ കോശരോഗങ്ങൾക്ക് കൂടുതൽ കാരണമാകുന്നതും.

കൊച്ചിയിലെ വായു മലിനീകരണത്തിൻ്റെ പ്രധാന കാരണങ്ങളിലൊന്ന് അമിതമായ ഗതാഗതക്കുരുക്കും മെട്രോ പോലുള്ള നിർമ്മാണ പ്രവർത്തനങ്ങളുമാണ് എന്ന് ചില പരിസ്ഥിതി സംരക്ഷണ സംഘടനകൾ ആരോപിക്കുന്നു. 

“കൊച്ചി മെട്രോയുടെ ആദ്യഘട്ടം തുടങ്ങിയപ്പോൾ, സാമൂഹിക വനവൽക്കരണത്തിൻ്റെ ഭാഗമായി നട്ടുപിടിപ്പിച്ച നിരവധി മരങ്ങൾ വെട്ടിമാറ്റിയിരുന്നു. വെട്ടിയ ഒരു മരത്തിനു പകരം പത്ത് മരങ്ങൾ വയ്ക്കണമെന്നായിരുന്നു കരാർ. എന്നാൽ, ഈ കരാർ വേണ്ടവിധത്തിൽ പിന്നീട് നടപ്പാക്കിയിട്ടുണ്ടോയെന്നത് സംശയമാണ്. ഇത് ഇപ്പോഴത്തെ മലിനീകരണ തോത് വർധിപ്പിക്കാനിടയാക്കിയിട്ടുണ്ട്.” കേരള നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ പ്രസിഡൻ്റ് ഡോ. സി. എം. ജോയി ഒബിസിയോട് പറഞ്ഞു.

ഡോ. സി എം ജോയിയുടെ ഈ നിരീക്ഷണത്തോട് വിയോജിക്കുകയാണ്, കേരള ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. എൽ ശേഖർ കുര്യാക്കോസ്. മെട്രോ പോലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതിൽ വലിയൊരു കാരണമാണെന്ന്  പറയാനാവില്ലെന്ന് അദ്ദേഹം ഒബിസിയോട് പറഞ്ഞു.

നിരീക്ഷണ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെട്ടെന്ന സൂചന

 വാഹനങ്ങളിൽ നിന്നുള്ള പുകയും വ്യവസായ ശാലകളിൽ നിന്നുള്ള ബഹിർഗമനവും അന്തരീക്ഷം മലിനമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. എങ്കിലും, വായു ഗുണനിലവാരത്തിലുള്ള ചെറിയ മാറ്റങ്ങൾ പോലും മനസ്സിലാക്കാൻ പറ്റുന്ന വിധം നമ്മുടെ നിരീക്ഷണ സംവിധാനങ്ങൾ ഇപ്പോൾ കൂടുതൽ മെച്ചപ്പെട്ടിരിക്കുന്നു എന്നതിൻ്റെ സൂചനയാണിത് എന്ന് കേരള ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ എൽ കുര്യാക്കോസ് പറയുന്നു. “ദീപാവലിക്ക് ശേഷം കൊച്ചിയിലെ വായുനിലവാരം കുറച്ചു മോശമായി തന്നെയാണുള്ളതെന്ന് ശരിയാണ്. പക്ഷെ ഈ സീസണിൽ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകും. നല്ല ഒരു മഴ ലഭിച്ചാൽ അന്തരീക്ഷത്തിൽ ഇപ്പോൾ നിലനിൽക്കുന്ന കണികൾ ഇല്ലാതാകും. എന്നാൽ, മെട്രോ പോലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതിൽ വലിയൊരു കാരണമാണ് എന്ന് പറയാനാവില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു. വ്യവസായ മേഖലയിലെയും വാഹനങ്ങളിലെയും പുക ഹാനികരമല്ല എന്ന് ഉറപ്പാക്കുകയാണ് വേണ്ടതെന്നാണ് ശേഖർ എൽ കുര്യാക്കോസ് മുന്നോട്ടുവച്ച നിർദേശം.

കൊച്ചിയിലെ താപനില വർദ്ധനവ് 

കടലിനോടടുത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമായതുകൊണ്ട് തന്നെ കൊച്ചിയിൽ പൊതുവെ വായു മലിനീകരണം കുറവാണ്. എങ്കിലും വിവിധ ഇൻഡസ്ട്രിയൽ മേഖലയുടെ സാന്നിധ്യം മലിനീകരണത്തിന് ഒരു കാരണമാകാമെന്ന് എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലറും സ്കൂൾ ഓഫ് എൻവയോൺമെൻ്റൽ സയൻസസ് സീനിയർ പ്രൊഫസറുമായ ഡോ. സി. ടി. അരവിന്ദകുമാർ പറയുന്നു.

”കേരളത്തിൽ പൊതുവെ വായു ഗുണനിലവാരം ആരോഗ്യകരമായിത്തന്നെയാണ് നിലനിൽക്കുന്നത്. എങ്കിലും കൊച്ചി പോലുള്ള നഗരങ്ങളിൽ ചില സമയങ്ങളിലെങ്കിലും സൂചിക നൂറിന് മുകളിൽ പോകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. വർഷത്തിലുടനീളം ഈ സ്ഥിതി തുടരാറില്ലെങ്കിലും, ഒരു പ്രത്യേക കാലയളവിൽ ഇങ്ങനെ സംഭവിക്കാറുണ്ട്. വ്യവസായശാലകളിൽ നിന്നുള്ള ബഹിർഗമനം മാത്രമല്ല , അർബൻ ഹീറ്റ് ഐലൻഡ് (നഗരപ്രദേശങ്ങളിൽ ക്രമാതീതമായി ചൂട് കൂടുന്ന അവസ്ഥ) പോലുള്ള പ്രതിഭാസവും കൊച്ചിയിൽ നിലനിൽക്കുന്നുണ്ട്.” ഡോ. അരവിന്ദകുമാർ പറയുന്നു.

നിലവിലെ കാലാവസ്ഥയനുസരിച്ച്, ഇപ്പോഴുള്ള നില തുടരാൻ തന്നെയാണ് സാധ്യതയെന്നാണ് ഡോ. അരവിന്ദകുമാർ ചൂണ്ടിക്കാണിക്കുന്നത്. വായു ഗുണനിലവാരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ചെറിയ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ കൂടുതലായി ബാധിക്കാൻ സാധ്യതയുണ്ട്. കുട്ടികളും വയോജനങ്ങളും തന്നെയാണ് കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരിക. വായുവിന്റെ ഗുണ നിലവാരം നിരന്തരമായി പരിശോധിച്ച് മലിനീകരണ സ്രോതസ്സുകൾ കണ്ടെത്തി മൂലകാരണം പരിഹരിച്ചില്ലെങ്കിൽ കൊച്ചിയിലെ സാഹചര്യം ഗുരുതരമായേക്കും.

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top