‘Love you to the moon and back’ ആ കപ്പ് എ ഐ അല്ല, മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യം ‘ഒറിജിനലാണ്’

‘Love you to the moon and back’ ആ കപ്പ് എ ഐ അല്ല, മുഖ്യമന്ത്രിയുടെ ഐക്യദാർഢ്യം ‘ഒറിജിനലാണ്’

പൊതുവേദിയിൽ ചായ കപ്പ് പിടിച്ചിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു ചിത്രം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സാധാരണ ഒരു ചിത്രമെന്നതിലുപരി, ആ കപ്പിൽ ആലേഖനം ചെയ്തിരിക്കുന്ന ‘Love you to the moon and back’ എന്ന വാചകം ഈ ചിത്രത്തെ പിന്നീട് വലിയ രാഷ്ട്രീയ ചർച്ചകളിലേക്ക് നയിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റിന് പിന്നാലെ, അതിജീവിത പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലെ അതേ വരികൾ മുഖ്യമന്ത്രിയുടെ കൈവശമുള്ള കപ്പിലും പ്രത്യക്ഷപ്പെട്ടതോടെ ഇത് വലിയൊരു ഐക്യദാർഢ്യ പ്രഖ്യാപനമായി വിലയിരുത്തപ്പെട്ടു. എന്നാൽ, തൊട്ടുപിന്നാലെ ഈ ചിത്രം എ ഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന ആരോപണവും സോഷ്യൽ മീഡിയിൽ ഉയർന്നു. വലം കയ്യനായ മുഖ്യമന്ത്രി, ഇടതു കയ്യിൽ കപ്പു പിടിച്ചിരിക്കുന്ന ചിത്രം എ ഐയോ ഫോട്ടോ ഷോപ്പോ ആകാനാണ് സാധ്യതയെന്നാണ് ചർച്ചകൾ. എന്നാൽ, എന്താണ് വസ്തുത? ഒബിസി പരിശോധിക്കുന്നു.

 പതിനൊന്നായിരത്തിലധികം ഫോളോവേഴ്‌സുള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ചിത്രം വ്യാജമാണെന്ന തരത്തിലുള്ള വാദങ്ങൾ ശക്തമായത്. മുഖ്യമന്ത്രി ഒരു വലതുകൈ പ്രയോഗക്കാരൻ (Dextral) ആണെന്നും, എന്നാൽ വൈറലായ ചിത്രത്തിൽ അദ്ദേഹം ഇടതുകൈ കൊണ്ടാണ് കപ്പ് പിടിച്ചിരിക്കുന്നതെന്നും, അതിനാൽ ചിത്രം എഐ നിർമ്മിതമോ ഫോട്ടോഷോപ്പോ ആണെന്നായിരുന്നു പോസ്റ്റിലെ പ്രധാന വാദം.

ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീൻഷോട്ട്

ചിത്രം എ ഐ അല്ലെന്ന് ധാരാളം പേർ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. 

ഈ ചിത്രം എ ഐ അല്ല, മറിച്ച് ദേശാഭിമാനി ഫോട്ടോഗ്രാഫർ എ ആർ  അരുൺരാജ് പകർത്തിയ ചിത്രമാണ്. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ നടന്ന സത്യഗ്രഹ സമരത്തിനിടെയാണ്, അരുൺരാജ് മുഖ്യമന്ത്രിയുടെ ഈ ചിത്രം പകർത്തിയത്. 

ദേശാഭിമാനി വാർത്തയിൽ ഫോട്ടോഗ്രാഫറുടെ പേര്, സ്ക്രീൻഷോട്ട്

ചിത്രം എഐ നിർമ്മിതമാണെന്ന പ്രചാരണം ശക്തമായതോടെ, എഐ ഡിറ്റക്ഷൻ ടൂളുകളായ ഹൈവ് മോഡറേഷൻ (Hive Moderation), ട്രൂത് സ്കാൻ (TruthScan) എന്നിവ ഉപയോഗിച്ച് ഞങ്ങൾ ചിത്രം പരിശോധിച്ചു. ഈ രണ്ട് ടൂളുകളുടെയും പരിശോധനാ ഫലങ്ങൾ പ്രകാരം ഈ ചിത്രം എഐ ഉപയോഗിച്ച് നിർമ്മിച്ചതല്ല എന്ന് വ്യക്തമായി. ചിത്രത്തിൽ എഐ സാങ്കേതികവിദ്യയുടെ യാതൊരു ലക്ഷണങ്ങളും കണ്ടെത്താനായില്ല.

ഹൈവ് മോഡറേഷൻ ഫലം, സ്ക്രീൻഷോട്ട്

ട്രുത്ത് സ്കാൻ ഫലം, സ്ക്രീൻഷോട്ട്

“പിണറായി വിജയന്റെ പ്രൊഫൈലിലോ, പ്രധാന ഹാൻഡിലുകളോ ഈ ഫോട്ടോ ഇട്ടു കണ്ടില്ല” എന്നും പ്രചരിക്കുന്ന പോസ്റ്റിൽ പറയുന്നുണ്ട്. എന്നാൽ, സമരവേദിയിലിരിക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം, സിപിഐഎം കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവയ്ക്കപ്പെട്ടിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്, സ്ക്രീൻഷോട്ട് 

മുഖ്യമന്ത്രി പിണറായി വിജയൻ ‘Love you to moon and back’ എന്നെഴുതിയ കപ്പ് പിടിച്ചിരിക്കുന്ന ചിത്രം പൂർണ്ണമായും യഥാർത്ഥമാണ്. ഇത് ദേശാഭിമാനി ഫോട്ടോഗ്രാഫർ പകർത്തിയ ചിത്രമാണെന്നും വിവിധ എഐ ഡിറ്റക്ഷൻ ടൂളുകൾ വഴി ഇത് കൃത്രിമമല്ലെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇടതുകൈ ഉപയോഗിച്ചു എന്ന വാദം ഉയർത്തി ചിത്രം കൃത്രിമമാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ അടിസ്ഥാനരഹിതമാണ്.

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേണലിസ്റ്റ് ട്രെയ്നിയാണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top