30 മിനിറ്റിനുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തുമോ? ഒബിസി ഫാക്ട് ചെക്ക് 

30 മിനിറ്റിനുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തുമോ? ഒബിസി ഫാക്ട് ചെക്ക് 

പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ രാജ്യം കടുത്ത പാചക വാതക പ്രതിസന്ധി പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സ്ഥിരമായി പാചകത്തിന് എൽപിജി ഉപയോഗിക്കുന്ന ഹോട്ടലുകളും മറ്റും അടച്ചു പൂട്ടേണ്ട സാഹചര്യമാണ്. മറ്റൊരു വശത്ത് ഗ്യാസ് സിലിണ്ടറുകൾക്ക് രണ്ടായിരം രൂപ വരെ ഈടാക്കി അനധികൃത വിൽപനയും നടക്കുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്

പാചകവാതക സിലിണ്ടർ ബുക്ക് ചെയ്യുന്ന സമയ പരിധി കേന്ദ്ര സര്‍ക്കാര്‍ ഉയർത്തിയതോടെ ആളുകൾക്ക് പരിഭ്രാന്തി കൂടി. ഇത് മുതലെടുത്തുകൊണ്ടുള്ള ചില വ്യാജ വാർത്തകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്നത്. ബുക്ക് ചെയ്ത് വെറും 30 മിനിറ്റിനുള്ളിൽ സിലിണ്ടർ വീട്ടിലെത്തും എന്നവകാശപ്പെട്ടുകൊണ്ട്  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം വെച്ചുകൊണ്ടുള്ള  ഒരു പരസ്യം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വാട്സാപ്പ് വഴി മുപ്പത് മിനിറ്റിനുള്ളിൽ ഗ്യാസ് സിലിണ്ടർ നിങ്ങളുടെ വീട്ടിലെത്തിക്കും എന്നാണ് ഈ പരസ്യം അവകാശപ്പെടുന്നത്. ഈ പ്രചാരണത്തിന്റെ സത്യാവസ്ഥ ഒബിസി പരിശോധിച്ചു.

‘Global Spot’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നാല് ദിവസം മുൻപ് ഒരു പോസ്റ്റ് പ്രചരിച്ചിരുന്നു. 

Big Update! Now get Your Gas Cylinder in 30 Minutes via WhatsApp എന്നാണ് പ്രചരിക്കുന്ന പോസ്റ്റ് കാർഡിലെ വിവരണം. എച്ച് പി ഗ്യാസ്, ഇന്ത്യൻ, ഭാരത് ഗ്യാസ് എന്നിവ ഇനി വാട്ട്സ്ആപ്പിലൂടെ ബുക്ക് ചെയ്യാം. അതിനുള്ള നമ്പറുകളും ഉൾപ്പെടുത്തിയ പോസ്റ്റാണ് ഇങ്ങനെ പ്രചരിക്കുന്നത്. 

ഇൻസ്റ്റാഗ്രാം പോസ്റ്റ്, സ്ക്രീൻഷോട്ട്

ഫെബ്രുവരി പതിനാറിനും ഇതിന് സമാനമായ പോസ്റ്റ് ഇൻസ്റ്റഗ്രാമിലൂടെ തന്നെ പ്രചരിച്ചതായും കണ്ടു.

ഡൽഹി, മുംബൈ, ബാംഗ്ലൂർ തുടങ്ങിയ നഗരങ്ങളിൽ 30 മിനിറ്റിനുള്ളിൽ ഗ്യാസ് വീട്ടിലെത്തുമെന്നും ഈ പോസ്റ്റിന്റെ  ഡിസ്‌ക്രിപ്‌ഷനിൽ പറയുന്നു.

 ചില സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ  ഇതേ അവകാശവാദം ഉന്നയിച്ച് വീഡിയോകളും ചെയ്യുന്നുണ്ട്. 

അന്വേഷണത്തിൽ, എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യാൻ പെട്രോളിയം മന്ത്രാലയത്തിന്റെ ചില നിർദേശങ്ങളെക്കുറിച്ചുള്ള മാർച്ച് 14 ലെ ഇന്ത്യ ടുഡേ റിപ്പോർട്ട് ലഭിച്ചു. വാട്സാപ്പ്, മിസ്ഡ് കോൾ,മൊബൈൽ ആപ്പുകൾ, വെബ്സൈറ്റുകൾ എന്നിവ വഴി സിലിണ്ടറുകൾ ബുക്ക് ചെയ്യാം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

ഉപഭോക്താക്കൾക്ക് കൂടുതൽ വേഗത്തിലും എളുപ്പത്തിലും ഗ്യാസ് ബുക്ക് ചെയ്യാൻ സൗകര്യമൊരുക്കുന്നതിന് വാട്സാപ്പ് ബുക്കിംഗിനുള്ള എണ്ണക്കമ്പനികളുടെ കോൺടാക്ട് നമ്പറുകളും കൊടുത്തിരിക്കുന്നു. 

ഇന്ത്യ ടുഡേ റിപ്പോർട്ട്, സ്ക്രീൻഷോട്ട്

പക്ഷെ റിപ്പോർട്ടിൽ എവിടെയും 30 മിനിറ്റിനകം ഡെലിവറി ചെയ്യും എന്ന് പറഞ്ഞിട്ടില്ല. ബുക്കിംഗ് നടപടികൾ  വേഗത്തിലാകും എന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളത്.

ഇത് ഉറപ്പുവരുത്തുന്നതിനായി പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയത്തിന്റെ (Ministry of Petroleum and Natural Gas) ഔദോഗിക എക്സ് അക്കൗണ്ട് സന്ദർശിച്ചു. സിലിണ്ടർ ബുക്ക് ചെയ്യാൻ വാട്സാപ്പ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കാം എന്ന് പോസ്റ്റിൽ പറയുന്നുണ്ട്. മന്ത്രാലയത്തിന്റെ പോസ്റ്റിലും 30 മിനിറ്റിനുള്ളിൽ സിലിണ്ടർ വീട്ടിലെത്തും എന്ന് പറയുന്നില്ല. അതായത് ബുക്കിംഗ് എളുപ്പമായി എന്ന് മാത്രമാണ് പോസ്റ്റ് പറഞ്ഞുവയ്ക്കുന്നത്. രാജ്യത്തെ പ്രധാന എണ്ണ കമ്പനികളെ ടാഗ് ചെയ്തുകൊണ്ടായിരുന്നു മന്ത്രാലയത്തിന്റെ പോസ്റ്റ്. 

എക്സ് പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

ഡൽഹി, മുംബൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ 30 മിനിറ്റ് എക്സ്പ്രസ് ഡെലിവറി നടക്കുന്നുണ്ടെന്ന വാദത്തിനും അടിസ്ഥാനമില്ല. ഈ നഗരങ്ങളിൽ കടുത്ത ഗ്യാസ് ക്ഷാമം നിലനിൽക്കുന്നുണ്ടെന്ന് LiveMint റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഈ മെട്രോ നഗരങ്ങളിലും സിലിണ്ടറുകൾ ഉയർന്ന വിലയ്ക്ക് ബ്ലാക്കിൽ വിൽക്കുന്നുണ്ട് എന്നാണ് ഈ റിപ്പോർട്ട് പറയുന്നത്.

ഇന്ത്യയിൽ എൽപിജി വിതരണം പ്രതിസന്ധിയിൽ തന്നെയാണുള്ളത് എന്നത് യാഥാർഥ്യമാണ്. ഈ സമയത്ത് സാധാരണ ബുക്കിംഗുകൾ പോലും വൈകുമ്പോൾ, എക്സ്പ്രസ് സേവനങ്ങൾ നടക്കുന്നില്ല എന്നാണ് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) കൊച്ചിയിലെ ബില്ലിംഗ് ഓഫീസർ കെ അരുൺ ഒബിസിയോട് പറഞ്ഞത്.

ആളുകൾ പരിഭ്രാന്തരായതു കാരണം ഒരുപാട് ബുക്കിങ്ങുകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉണ്ടാകുന്നുണ്ടെന്നും എന്നാൽ അര മണിക്കൂറിൽ ഡെലിവറി ചെയ്തുകൊടുക്കുന്നു എന്നുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ സത്യം അല്ലെന്നും അരുൺ പറഞ്ഞു. സിലിണ്ടറുകൾ കിട്ടാൻ ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുമ്പോൾ, 30 മിനിറ്റിൽ ഗ്യാസ് ഡെലിവറി ചെയ്യുന്നു എന്ന് പറയുന്നത് തീർത്തും തെറ്റായ വിവരമാണ്.


 

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top