
രാഘവ് ഛദ്ദയുടെ ക്ഷേത്ര ദർശനവും ബിജെപി പ്രവേശനവും: ഫാക്ട് ചെക്ക്
ഏപ്രിൽ 24 നാണ് ആം ആദ്മി പാർട്ടിയിൽ നിന്നുള്ള ഏഴ് എംപി മാർ ബിജെപിയിൽ ചേരുന്നതായി പ്രഖ്യാപിച്ചത്. പാർട്ടിയുടെ മുൻ നിര അംഗങ്ങളായ ഹർഭജൻ സിങ്, സ്വാതി മലിവാൾ, രജീന്ദർ ഗുപ്ത, വിക്രം സാഹ്നി എന്നിവരും എഎപി വിട്ട് ബിജെപിയിൽ ചേരുമെന്നാണ് എ എ പി രാജ്യസഭാംഗമായിരുന്ന രാഘവ് ഛദ്ദ, വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
പാർട്ടിയുടെ സ്ഥാപക നേതാവായ അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചുകൊണ്ടാണ് രാഘവ് ഛദ്ദ പിന്മാറ്റം അറിയിച്ചത്. ബിജെപിക്കെതിരെ നേരത്തെ വലിയ വിമർശനം ഉന്നയിച്ചിട്ടുള്ള രാഘവ് ഛദ്ദ, ബിജെപിയിൽ ചേർന്നത് വലിയ ചർച്ചക്കിടയാക്കിയിരുന്നു. പ്രഖ്യാപനത്തിന് ശേഷം, രാഘവ് ഛദ്ദയ്ക്ക് ലക്ഷക്കണക്കിന് ഫോളോവെർസിനെയാണ് സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിൽ നിന്നും നഷ്ടമായത്.
ഇപ്പോൾ, രാഘവ് ഛദ്ദയ്ക്കെതിരെ സൈബർ ഇടങ്ങളിൽ വ്യാജ പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്. ബിജെപിയിൽ ചേർന്നതോടെ, രാഘവ് ഛദ്ദ ക്ഷേത്രദർശനം നടത്തിയെന്നതാണ് ഒരു പ്രചാരണം. എന്നാൽ ഇത് ശരിയാണോ? ബിജെപിയിൽ ചേർന്നതും പ്രചരിക്കുന്ന വീഡിയോയിലെ ക്ഷേത്രദർശനവും തമ്മിൽ ബന്ധമുണ്ടോ? ഞങ്ങൾ അന്വേഷിച്ചു.
പ്രചാരണം ഇങ്ങനെ
രാഘവ് ഛദ്ദ, തന്റെ പങ്കാളിയും ബോളിവുഡ് താരവുമായ പരിനീതി ചോപ്രയോടൊപ്പം ഒരു ക്ഷേത്രത്തിൽ ദർശനം നടത്തുന്ന വീഡിയോയും ഫോട്ടോകളുമാണ് പ്രചരിക്കുന്നത്. ബിജെപിയിൽ ചേർന്നതിനു ശേഷമുള്ള ഛദ്ദയുടെ ആദ്യത്തെ പ്രവർത്തനം എന്ന നിലക്കാണ് പ്രചാരണം.
മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള ‘Bollywood 24×7’ എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉൾപ്പെടെ നിരവധി ഫേസ്ബുക്ക് – എക്സ് – ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളിൽ രാഘവ് ഛദ്ദയുടെ ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
‘BJPFICATION Processing Initialized’ എന്ന തലക്കെട്ടിൽ ഒരു കാർഡ് ആണ് ‘Bollywood 24×7’ എന്ന ഫേസ്ബുക്ക് അക്കൗണ്ട് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഏപ്രിൽ 27 നാണ് പോസ്റ്റ് പങ്കുവച്ചിട്ടുള്ളത്.

ഇതുവരെ (30/4/26) ഈ പോസ്റ്റിന്, 1800 ൽ അധികം ലൈക്കും 112 കമന്റും 40 ഷെയറും വന്നിട്ടുണ്ട്.
മറ്റ് പല എൻ്റർടെയ്ൻമെൻ്റ് പേജുകളിലും ഈ പോസ്റ്റ് പ്രചരിച്ചിട്ടുണ്ട്. ഇപ്പോൾ ചില യൂട്യൂബ് ചാനലുകളിലും ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.
ചില പ്രൈവറ്റ് എക്സ് അക്കൌണ്ടിലും ഈ വീഡിയോ പ്രചരിച്ചതായി കണ്ടു.
Faith, optics, or future politics? എന്ന തലക്കെട്ടോടെ ‘pooja sharma’ എന്ന വെരിഫൈഡ് എക്സ് പേജിലും ഈ പോസ്റ്റ് ഏപ്രില്‍ 26 ന് വന്നിട്ടുണ്ട്.

19.9K ഫോളോവേഴ്സ് ഉള്ള അക്കൗണ്ട് ആണിത്. ഇതുവരെ (30/4/26) ഈ പോസ്റ്റ് 1490 പേര്‍ കണ്ടിട്ടുണ്ട്.
വസ്തുതയിതാണ്
വീഡിയോയിൽ നിന്നുള്ള കീ ഫ്രെയിംസ് റിവേഴ്സ് ഇമേജ് സെര്‍ച്ച് ചെയ്തപ്പോള്‍, ഇതേ വീഡിയോ മൂന്നു വര്ഷം മുന്‍പേ വാര്‍ത്താ മാധ്യമങ്ങളില്‍ വന്നിട്ടുള്ളതായി കണ്ടെത്തി. അന്ന്, വിവിധ എന്റർടൈന്മെന്റ് ചാനലുകളിലും ഈ വീഡിയോ വന്നിരുന്നു.
വിവാഹിതരാകുന്നതിനു മുന്‍പ്, രാഘവ് ഛദ്ദയും പരിനീതി ചോപ്രയും മധ്യപ്രദേശിലെ ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രം സന്ദർശിച്ച വീഡിയോ ആണിത്. എ എൻ ഐയും ഇത് റിപ്പോർട്ട് ചെയ്തിരുന്നു. 2023 ആഗസ്ത് 26 നാണത്.

2026 ഫെബ്രുവരിയില്‍ രാഘവ് ഛദ്ദ തന്റെ ഇന്സ്ടഗ്രാം അക്കൗണ്ടിൽ ഈ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തിട്ടുണ്ട്. മഹാശിവരാത്രിയോട് അനുബന്ധിച്ചാണിത്. ഇത് ‘Moneycontrol’ എന്ന ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതായത്, ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന രാഘവ് ഛദ്ദയുടെ വീഡിയോ, മൂന്നു വര്‍ഷം മുന്‍പ് ഉള്ളതാണ്. രാഘവ് ഛദ്ദ ബിജെപിയില്‍ ചേര്‍ന്ന ശേഷം അത് വീണ്ടും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയാണ്.
