
പ്രധാനമന്ത്രിക്ക് ഫേസ് മസാജ്? ഫാക്ട് ചെക്ക്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടേത് എന്ന പേരിൽ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി തുടരുകയാണ്. വെളുത്ത താടിയോട് കൂടിയ ഒരു മുതിർന്ന പുരുഷന്, ഒരു സ്ത്രീ ഫേസ് മസാജ് ചെയ്യുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ആ വീഡിയോയിൽ ഉള്ളത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് എന്നാണ് പ്രചാരണം. ഫേസ്ബുക്കിലും എക്സിലും ഈ പോസ്റ്റ് വൈറലാണ്. എന്താണ് ഇപ്പോൾ നടക്കുന്ന വൈറൽ പ്രചാരണത്തിന് പിന്നിലുള്ളത്? വീഡിയോയിൽ ഉള്ളത് നരേന്ദ്രമോദി തന്നെയാണോ? പരിശോധിക്കാം.
പ്രചാരണം
‘Ali Mekalady’ എന്ന ഒരു ഫേസ്ബുക്ക് അക്കൗണ്ടിൽ ഏപ്രിൽ 19 ന് ഒരു വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടു.
“മോദിയെ ഫെയ്സ് മസാജ് ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്” എന്ന കുറിപ്പോടെയാണ് 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ പ്രചരിക്കുന്നത്.15,000 ഫോളോവേഴ്സ് ഉള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ട് ആണ് ‘Ali Mekalady’.
ഇതിനോടകം (21/04/26) ഒരു ലക്ഷത്തിലധികം പേർ ഈ അക്കൗണ്ടിൽ നിന്ന് മാത്രം ഈ വീഡിയോ കണ്ടിട്ടുണ്ട്. 553 ലൈക്ക്സും 76 കമന്റുകളും ഇതിന് ലഭിച്ചിരിക്കുന്നു. 400 പേരോളം ഈ വീഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.

“ഇത് എപ്പ്സ്റ്റീൻ ഫയൽസിലെ വീഡിയോ ആണോ? “, “മസാജിന് 18 ലക്ഷം ചിലവ്” എന്നൊക്കെയാണ് കമൻറുകൾ.
എക്‌സിലും ഫേസ്ബുക്കിലും ഈ വീഡിയോ വൈറൽ ആണെന്ന് റിവേഴ്സ് ഇമേജ് സെർച്ചിലൂടെ മനസ്സിലായി. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും വീഡിയോ ഒരുപോലെ വൈറലാണ്.
എക്സിൽ വളരെ കുറച്ചു ഫോളോവേഴ്സ് മാത്രമുള്ള ‘Sonu Singh ‘ എന്ന അക്കൗണ്ടിൽ ഈ വീഡിയോ രണ്ടുദിവസം മുൻപ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ മെൻഷൻ ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. ‘’നരേന്ദ്രമോദിയുടെ വീഡിയോ ലീക്കായി’’ എന്നാണ് പോസ്റ്റിൽ പറയുന്നത്. എല്ലാ അക്കൗണ്ടുകളിലും പ്രചരിക്കുന്നത് ഇതേ 15 സെക്കൻഡ് വീഡിയോ തന്നെയാണ്.
ധാരാളം ഫോളോവേഴ്സ് ഉള്ള മറ്റു ചില ഫേസ്ബുക്ക് – ഇൻസ്റ്റഗ്രാം അക്കൗണ്ടുകളിലും ഈ വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്താണ് സത്യാവസ്ഥ?
യഥാർത്ഥത്തിൽ ഈ വീഡിയോ, ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്നതാണ്. Pardeep.kaur.dhillon എന്ന അക്കൗണ്ടിൽ ആണത്. ഏപ്രിൽ 12 നാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.
#Massage time എന്ന ഹാഷ്ടാഗിൽ വന്ന വീഡിയോ ആണിത്.

വീഡിയോയിലുള്ളത് മോദി തന്നെയാണ് എന്നാണ് ഈ പോസ്റ്റിനു താഴെയുള്ള കമന്റുകൾ മിക്കവയും പറയുന്നത്.
ഈ അക്കൗണ്ട് പരിശോധിച്ചപ്പോൾ, വൈറൽ വീഡിയോയിൽ കണ്ട സ്ത്രീയുടെയും പുരുഷന്റെയും നിരവധി ഫോട്ടോകളും വീഡിയോകളും കണ്ടു. പർദീപ് കൗർ എന്ന് പേരുള്ള സ്ത്രീയാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉടമ. ഇരുവരും പങ്കാളികൾ ആണ് എന്നാണ് പോസ്റ്റുകളിലൂടെ മനസിലാകുന്നത്. മോദിയുടെ രൂപ സാദൃശ്യം ഉള്ള ആളാണ് ഇവരുടെ പങ്കാളി. ഇതിനു മുന്നേയും ഇവർ മസാജ് വീഡിയോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌തിട്ടുള്ളതായി കാണാം.

‘news hour india’ എന്ന ഓൺലൈൻ വാർത്താ പോർട്ടർ ഇത് റിപ്പോർട്ട് ചെയ്തിരുന്നു. വൈറൽ വീഡിയോയിലെ വ്യക്തി മോദിയല്ല എന്ന് തെളിയിക്കുന്ന വീഡിയോ ആണ് ഇത്. ഈ വീഡിയോ പർദീപ് കൗർ തൻറെ അക്കൗണ്ടിലും പങ്ക് വച്ചിട്ടുണ്ട്.
അതായത്, ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതല്ല. മോദിയുമായി രൂപസാദൃശ്യമുള്ള മറ്റൊരാളുടെ ഇൻസ്റ്റാഗ്രാം വീഡിയോ ആണ് തെറ്റായ അവകാശവാദങ്ങളോടെ പ്രചരിപ്പിക്കുന്നത്. ഈ പ്രചാരണം പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ്.
ഫെമിനിസ്റ്റ് പ്രസിദ്ധീകരണമായിരുന്ന മാനുഷിയുടെ മുൻ എഡിറ്ററും ഇപ്പോൾ ബിജെപി അനുഭാവിയുമായ മധു പൂർണിമ കിഷ്വാർ ഈ വീഡിയോ തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചിരുന്നു. വിവാദമായതോടെ പിന്നീട് അത് പിൻവലിക്കുകയായിരുന്നു. പക്ഷേ പരാതിയെ തുടർന്ന് മധു കിഷ്വാറിനെതിരെ കേസെടുത്തതായി ദി ഇന്ത്യൻ എക്സ്പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു. നരേന്ദ്രമോദിക്കെതിരെ വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ അടികുറിപ്പുകളോടെ വീഡിയോ പങ്കുവച്ചു എന്ന് ചൂണ്ടിക്കാട്ടി ചണ്ഡീഗഡിലെ, മുൻ ബിജെപി കൗൺസിലറും അഭിഭാഷകനുമായ സതീന്ദർ സിംഗ് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്.
1980 /90 കളിൽ ഇന്ത്യയിലെ മുൻനിര ഫെമിനിസ്റ്റ് ആക്ടിവിസ്റ്റായിരുന്നു മധു കിഷ്വാർ. വലത് പക്ഷ രാഷ്ട്രീയത്തിലേക്കുള്ള അവരുടെ ചുവട് മാറ്റം ഇന്ത്യയിലെ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരെ ഏറെ അമ്പരിപ്പിച്ചിരുന്നു. കടുത്ത മോദി അനുഭാവി ആയിരുന്ന അവർ പക്ഷേ ഈയിടെ മോദിക്കെതിരെ പരസ്യ വിമർശനങ്ങൾ ഉയർത്തിയിരുന്നു.

വ്യാജ വീഡിയോ പങ്ക് വെച്ച മധു കിഷ്വാറിനെതിരെ ഏപ്രിൽ 19 നാണ് ചണ്ഡിഗർ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
