
‘എം എൽ എയുടെ ഓഫീസ് വാടക’: ആസൂത്രിതമായ വ്യാജ വാർത്താപ്രചാരണത്തിന് പിന്നിൽ
വി കെ പ്രശാന്ത് എം എൽ എ മാസം 25000 രൂപ വാടക ഇനത്തിൽ എഴുതി എടുക്കുന്നു എന്ന വ്യാജവാർത്ത കഴിഞ്ഞ 48 മണിക്കൂറിനിടെ കാട്ട് തീ പോലെയാണ് പടർന്നത്. സംഘടിതവും ആസൂത്രിതവുമായ ഈ വ്യാജവാർത്താനിർമ്മിതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ആരാണ്? ഒബിസി അന്വേഷിക്കുന്നു.
“മാസം തോറും 25,000 രൂപ എം എൽ എ ഓഫീസ് അലവൻസായി പൊതു ഖജനാവിൽ നിന്ന് മാസാ മാസം എഴുതിയെടുക്കുന്നതല്ലേ.. ഇത് പൊതു സമ്പത്തിന്റെ അന്യായ ഉപയോഗമല്ലേ എം എൽ എ? ഒന്നുകിൽ മാന്യമായ വാടക തുക നൽകുക, അല്ലെങ്കിൽ ആ സ്ഥലം ഒഴിയുക. അതല്ലേ യഥാർത്ഥ മാന്യത?”
ഫേസ്ബുക്കിലും മറ്റ് സമൂഹ മാധ്യമങ്ങളിലും കഴിഞ്ഞ രണ്ടു ദിവസങ്ങളായി, നൂറു കണക്കിന് അക്കൗണ്ടുകളിൽ നിന്നും പേജുകളിലും നിന്നുമായി പ്രചരിക്കുന്ന അവകാശവാദങ്ങളുടെയും “ഔദ്യോഗിക”മെന്ന് തോന്നിക്കുന്ന കണക്കുകളുടെയും പൊതുവായ അടിക്കുറിപ്പ് ഇങ്ങനെയാണ്. തിരുവനന്തപുരം കോർപറേഷൻ ശാസ്‌തമംഗലം വാർഡിലെ കൗൺസിലറായി അധികാരമേറ്റത്തിന്റെ രണ്ടാം ദിവസം ബി ജെ പിയുടെ ആർ ശ്രീലേഖ തുടക്കം കുറിച്ച വിവാദം, ഇപ്പോൾ വട്ടിയൂർക്കാവ് എം എൽ എ വി. കെ പ്രശാന്തിനു നേരെ വലിയ തോതിലുള്ള സൈബർ ആ ക്രമണങ്ങളിലേക്ക് നീങ്ങിയിരിക്കുകയാണ്. ശാസ്തമംഗലത്തെ കോർപറേഷൻ കെട്ടിടത്തിൽ വാടക നൽകി പ്രവർത്തിക്കുന്ന ഓഫീസ് ഒഴിയാൻ വി. കെ പ്രശാന്തിനോട് ശ്രീലേഖ ആവശ്യപ്പെട്ടതിനെ തുടർന്നാണ് വിവാദങ്ങൾക്ക് തുടക്കമായത്. 2026 മാർച്ച് 31 വരെയുള്ള വാടകക്കരാർ നൽകിയതിനാൽ ഒഴിയാൻ സാധിക്കില്ലെന്ന് നിലപാടിലാണ് എം എൽ എ.

ഓഫീസിലെ സ്ഥല പരിമിതി മൂലം ഒഴിഞ്ഞു തരണമെന്ന് ഒരു “സഹോദരന്നോടെന്ന പോലെ അഭ്യർത്ഥിക്കുകയാണ്” ചെയ്തത് എന്നായിരുന്നു ശ്രീലേഖമാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഇതിനോടകം നിരവധി വലതുപക്ഷ സൈബർ ഹാൻഡിലുകൾ വിഷയം ഏറ്റെടുക്കുകയും, എം എൽ എ എന്ന രീതിയിൽ ലഭിക്കുന്ന അലവൻസ് വി. കെ പ്രശാന്ത് നിയമവിരുദ്ധമായി കൈകാര്യം ചെയ്യുന്നുവെന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കാൻ തുടങ്ങുകയും ചെയ്തു.

പ്രചാരണങ്ങൾ എന്ത്?
“പ്രശ്നം വഷളാക്കിയവൻ തന്നെ അവസാനം വെട്ടിലായി. നന്മ മരത്തിന്റെ കള്ളി വെളിച്ചത്ത്. എം എൽ എ വാടകയിനത്തിൽ ഗവണ്മെന്റിൽ നിന്നും മാസം കൈപ്പറ്റുന്നത് 25000 രൂപ വച്ച്.. വാടക കൊടുക്കുന്നത് 827 രൂപയും. അതായത് മാസം 24128 രൂപ വച്ച് എം എൽ എയുടെ പോക്കറ്റിലേക്ക് പോകുന്നു. കഴിഞ്ഞ നാലേമുക്കാൽ വർഷം കൊണ്ട് പുള്ളി ഈയിനത്തിൽ മാത്രം അടിച്ചു മാറ്റിയത് 14 ലക്ഷം രൂപയോളം!!”
ഒമ്പത്തിനായിരത്തിലധികം ഫോളോവഴ്സുള്ള എം എസ് രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് ഇത്തരമൊരു പോസ്റ്റ് പങ്കു വച്ചിട്ടുള്ളത്. പ്രസ്തുത പോസ്റ്റിന് ആയിരത്തിലധികം ലൈക്കുകളും നാനൂറിലധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്. “തിരുവനന്തപുരം കോർപറേഷനിലെ ആദ്യത്തെ അഴിമതി തുറന്ന് കാട്ടിയ കൗൺസിലർ ശ്രീലേഖ ഐ പി എസ്സിന് അഭിവാദ്യങ്ങൾ”, “കഴിഞ്ഞ വർഷങ്ങളിൽ നടന്ന അഴിമതികളെല്ലാം പുറത്ത് കൊണ്ട് വരണം”, എന്ന് തുടങ്ങി നൂറിലധികം കമന്റുകളും പോസ്റ്റിനുണ്ട്. സ്ഥിരമായി സംഘപരിവാർ രാഷ്ട്രീയത്തെ പിന്തുണച്ച് പോസ്റ്റിടുന്ന ഈ ഈ അക്കൗണ്ടിൽ നിന്ന്, ഈ വിഷയത്തെ സംബന്ധിച്ച് മാത്രം 18 പോസ്റ്റുകളാണ് 24 മണിക്കൂറിനുള്ളിൽ (ഡിസംബർ 28 മുതൽ 29 ഉച്ചയ്ക്ക് 2 മണി വരെ) വന്നിട്ടുള്ളത്.

എം എൽ എയ്ക്ക് അനുവദിക്കുന്ന അലവൻസുകൾ വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി ഭീമമായ തട്ടിപ്പിലൂടെ സ്വന്തമാക്കിയെന്നതാണ് പ്രശാന്തിനു നേരെയുള്ള പ്രചാരണങ്ങളുടെയെല്ലാം പൊതുവായ ഉള്ളടക്കം. ജനപ്രതിനിധികൾ ഈ രീതിയിൽ പണം കൈക്കലാക്കുന്നത് കൊണ്ടാണ് കേരളം സാമ്പത്തികമായി തകരുന്നത് എന്നു വരെയുള്ള അവകാശ വാദങ്ങളാണ് സംഘടിതമെന്ന് തോന്നിക്കുന്ന രീതിയിൽ വലതുപക്ഷ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നത്.
“എം എൽ എ കൈപ്പറ്റുന്ന വാടകയെത്ര? എം എൽ എ കൊടുക്കുന്ന വാടകയെത്ര? ബാക്കി പലിശ സഹിതം തിരിച്ചു പിടിക്കണം”. തീവ്ര ഹിന്ദുത്വ സ്വഭാവമുള്ള പോസ്റ്റുകളും വ്യാജ വാർത്തകളും നിരന്തരമായി പങ്കു വയ്ക്കാറുള്ള ശശികല ടീച്ചർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നു പങ്കു വച്ച പോസ്റ്റിന് 3700ൽ അധികം ലൈക്കുകളും അഞ്ഞൂറോളം ഷെയറുകളുമാണ് ലഭിച്ചിട്ടുള്ളത് (ഡിസംബർ 30 വരെ).

25000 രൂപ അലവൻസും 872 രൂപ വാടകയും : എം എൽ എ അലവൻസിൽ തട്ടിപ്പ് നടക്കുന്നുണ്ടോ? എന്താണ് വസ്തുത ?
കേരള നിയമസഭയുടെ ഔദ്യോഗിക വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം, നിയമസഭാ സാമാജികർക്ക് ലഭിക്കുന്ന ആകെ വേതനം 70,000 രൂപയാണ്. ഇതിൽ 25,000 രൂപ ‘മണ്ഡല ബത്ത’യാണ്. മണ്ഡലത്തിലെ ഓഫീസ് നടത്തിപ്പ് ചെലവുകൾ, ജനങ്ങളുമായുള്ള ആശയവിനിമയം, മറ്റ് അനുബന്ധ ആവശ്യങ്ങൾ എന്നിവയ്ക്കെല്ലാം വേണ്ടി നൽകുന്ന ആകെ തുകയാണിത്. സംഘ് പരിവാർ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്നത് പോലെ ഓഫീസ് വാടക ഇനത്തിൽ മാത്രം നൽകുന്ന തുകയല്ല 25,000 രൂപ .ഇത് കൂടാതെ യാത്രാ ബ ത്ത, ടെലിഫോൺ അലവൻസ്, മെഡിക്കൽ റി ഇമ്പേഴ്സ്മെന്റ് എന്നിവയും ഉൾപ്പെടുന്നതാണ് എം എൽ എയുടെ ശമ്പളം .

സൈബർ പ്രചരണങ്ങളിൽ ആവർത്തിച്ചു പരാമർശിക്കപ്പെടുന്ന ‘ഓഫീസ് വാടക’ എന്ന പ്രത്യേകയിനത്തിൽ ഒരു രൂപ പോലും അംഗങ്ങൾക്ക് ലഭിക്കുന്നില്ല എന്ന് സാരം.
വി. കെ. പ്രശാന്തിന് നിയോജകമണ്ഡലത്തിൽ തന്റെ ഓഫീസ് പ്രവർത്തിപ്പിക്കാൻ വാടക ഇനത്തിൽ തുകയൊന്നും നൽകുന്നില്ലെന്നും, The Payment of Salaries and Allowances Act പ്രകാരം എല്ലാ സാമാജികർക്കും പ്രതിമാസം 25,000/-രൂപ മണ്ഡല ബത്തയായി നൽകി വരുന്നുണ്ട് എന്നും ഡിസംബർ 29ന്, നിയമ സഭ സെക്രട്ടറിയേറ്റിൽ നിന്ന് ലഭ്യമായ വിവരാവകാശ രേഖകളും വ്യക്തമാക്കുന്നു.
‘സംഘധ്വനി’ എന്ന മറ്റൊരു വലതുപക്ഷ പേജിൽ നിന്ന് ഡിസംബർ 28ന് വന്ന പോസ്റ്റിൽ, കേരളത്തിലെ നിയമസഭ അംഗങ്ങൾക്ക് ഉയർന്ന അലവൻസുകളും മറ്റനേകം ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നും, കോർപ്പറേഷന്റെ നിരവധി കെട്ടിടങ്ങൾ ഇത്തരത്തിൽ ‘ദുരുപയോഗം ചെയ്യപ്പെടു’ന്നുവെന്നും അവകാശപ്പെടുന്നുണ്ട്. എന്നാൽ രാജ്യത്ത് തന്നെ എം എൽ എമാർ ഏറ്റവും കുറഞ്ഞ ശമ്പളം വാങ്ങുന്ന സംസ്ഥാനമാണ് കേരളം. കേരളത്തിലെ ഒരു നിയമസഭ അംഗത്തിന് മാസം തോറും ലഭിക്കുന്ന അടിസ്ഥാന വേതനം 2000 രൂപയാണ്. മഹാരാഷ്ട്രയിൽ ഇത് 1.82 ലക്ഷം രൂപയാണ്.
കഴിഞ്ഞ ഡിസംബർ 10ന്, ഒഡിഷയിലെ നിയമസഭ അംഗങ്ങളുടെ വേതനവും അലവൻസുകളും 211% ഉയർത്തുന്ന നാല് ബില്ലുകൾ പാസ്സായി. ഇതോടെ ഒഡിഷയിലെ എം എൽ എമാരുടെ ശമ്പളം 1.11 ലക്ഷം രൂപയിൽ നിന്ന് 3.45 ലക്ഷം രൂപയായി ഉയരും.
സംഘപരിവാർ അനുകൂലികളുടെ സംഘടിതമായ സൈബർ ആക്രമണം
ഒ ബി സി നടത്തിയ അന്വേഷണത്തിൽ, എല്ലാ പോസ്റ്റുകളിലും, അവയുടെ കമന്റ് സെക്ഷനുകളിലെ ‘കോപ്പി-പേസ്റ്റ്’ വരികളിലും, ഒരേ സ്വഭാവത്തിലുള്ള അവകാശവാദങ്ങളാണ് അടങ്ങിയിട്ടുള്ളത് എന്ന് കണ്ടെത്തി. ഹിന്ദുത്വ ഗ്രൂപ്പുകൾ, വലത്പക്ഷ രാഷ്ട്രീയം പറയുകയും അത്തരം പോസ്റ്റുകൾ മാത്രം പങ്കു വയ്ക്കുകയും ചെയ്യുന്ന വ്യക്തികൾ, ‘എന്റർടൈൻമെന്റ്- ന്യൂസ്’ കണ്ടന്റുകൾ കൈകാര്യം ചെയ്യുന്ന പേജുകൾ, ഇവയെല്ലാം ഈ സംഘടിത സ്വഭാവത്തിലുള്ള സൈബർ ആക്രമണമത്തിന്റെ ഭാഗമാണ്.
മുപ്പതിനായിരം ഫോളോവേഴ്സുള്ള ‘ദ ആന്റിവൈറസ്’ എന്ന ഫേസ്ബുക്ക് പേജ് ഡിസംബർ 28ന് പങ്കു വച്ച ഒരു വീഡിയോയിൽ ഇങ്ങനെ പറയുന്നു “സാധാരണക്കാരാണ് 827 രൂപ വാടക കൊടുത്ത് നിൽക്കുന്നതെങ്കിൽ പോട്ടെ എന്ന് വയ്ക്കാം. ലക്ഷങ്ങൾ ആനൂകൂല്യങ്ങൾ കിട്ടുന്ന ആൾക്കാർക്ക് തന്നെ പിന്നെയും പിന്നെയും ഈ ആനുകൂല്യങ്ങളും ഇളവുകളും എങ്ങനെയാണ് വേടിച്ചെടുക്കാൻ തോന്നുന്നത്?” കൗൺസിലറെ ഒരു “മൂലയ്ക്ക് ഒതുക്കിയെന്നും അവരുടെ ഫയലുകൾ ഏതോ കക്കൂസിൽ വച്ചു”വെന്നും ഈ വീഡിയോയിൽ പറയുന്നു. 26 ലക്ഷത്തിലധികം ലൈക്കുകളും ഏഴു ലക്ഷത്തിനടുത്ത് ഷെയറുകളുമാണ് ഡിസംബർ 30 രാവിലെ 11 മണി വരെ പോസ്റ്റിന് ലഭിച്ചിട്ടുള്ളത്.

ബി ജെ പി കേരള സംഘം, ബി ജെ പി വെണ്ണല, സിദ്ധനർ സംരക്ഷണ സമിതി എന്നിവയുൾപ്പടെ ഒന്നിൽകൂടുതൽ വലതു പക്ഷ ഗ്രൂപ്പുകളിലേക്കും ഈ വീഡിയോ ‘ദ ആന്റിവൈറസ്’ തന്നെ പങ്കു വച്ചിട്ടുണ്ട്. മൂവായിരത്തോളം അംഗങ്ങളുള്ള ഗ്രൂപ്പുകളാണ് ഇവയെല്ലാം. 24 മണിക്കൂറിനിടെ (ഡിസംബർ 29 മുതൽ 30 vare) അക്കൗണ്ടിൽ പോസ്റ്റു ചെയ്തിട്ടുള്ള വീഡിയോക്ക് മാത്രം ഏഴു ലക്ഷത്തോളം ലൈക്കുകളാണ് വർധിച്ചത്. അക്കൗണ്ടിന്റെ ഫോളോവേഴ്സിന്റെ എണ്ണത്തിലും ഇതേ സമയപരിധിയിൽ ആയിരത്തോളം പേരുടെ വർധനയുണ്ടായി.
ഒരേ അടിക്കുറിപ്പുകളോടെ വ്യത്യസ്ത അക്കൗണ്ടുകളിൽ നിന്ന്, പല ചിത്രങ്ങളും വീഡിയോകളും ഏകദേശം ഒരേ സമയത്തായി പങ്കു വച്ചിട്ടുള്ളതായും കാണാം.
“ചട്ടവും വകുപ്പും അറിയാഞ്ഞിട്ടായിരിക്കില്ല ശ്രീലേഖ മേഡം MLA യോട് മുറി ഒഴിയാൻ ആവശ്യപ്പെട്ടത്. കാലാകാലങ്ങളായി ഭരിക്കുന്നിടത്തും ഭരിച്ചിടത്തും ഇവരൊക്കെ എന്തല്ലാം സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ട് എന്ന് നാലാളറിയട്ടെ എന്ന് കരുതി തന്നെ ആയിരിക്കണം.” ‘കാവി പുതക്കുന്ന ഭാരതം’ എന്ന പേജിൽ നിന്ന് ഡിസംബർ 28 പുലർച്ചേ 12:27ന് പങ്കു വെച്ച പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ് . ഡിസംബർ 30 വരെ ആയിരത്തിലധികം ലൈക്കുകളാണ് ഈ പോസ്റ്റിന് ലഭിച്ചത്.

ഇതേ ദിവസം തന്നെ ഈ പോസ്റ്റിന്റെ അതേ വാചകങ്ങൾ ‘ശ്രീധര ഉണ്ണി’, (52,000 ഫോളോവേഴ്സ്-മോദി പരിവാറിലെ ഒരു അംഗം എന്ന് ബയോ), ബാലചന്ദ്രൻ പിള്ള ആലഞ്ചേരി (4800 ഫോളോവേഴ്സ്), രഞ്ജിനി ദേവി രാജീവ് (35,000 ഫോളോവേഴ്സ്) എന്നീ അക്കൗണ്ടുകളിൽ നിന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്. വ്യത്യസ്ത ചിത്രങ്ങളും വീഡിയോകളും ഇവർ ഉപയോഗിച്ചിട്ടുണ്ടെന്ന് മാത്രം. മേൽ പറഞ്ഞ എല്ലാ അക്കൗണ്ടുകളും തീവ്ര ഹിന്ദുത്വ- ബി ജെ പി അനുകൂല കണ്ടന്റുകൾ മാത്രം നിരന്തരമായി പങ്കു വയ്ക്കുന്നവയാണ്.

അഞ്ചര ലക്ഷം ഫോളോവേഴ്സുള്ള ‘സുദർശനം’, വലതു പക്ഷ ചാനലായ ‘കർമ ന്യൂസ്’, 28,000 ഫോളോവേഴ്സുള്ള വലതു പക്ഷ അക്കൗണ്ടായ ‘ദേവാനന്ദ ഭാരതി’, മൂന്നു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള ‘ഞാൻ ഭാരതീയൻ’ എന്നീ അക്കൗണ്ടുകളെല്ലാം സമാനമായ ഉള്ളടക്കത്തിൽ എം എൽ എയെ കടന്നാക്രമിക്കുന്ന പോസ്റ്റുകൾ പങ്കു വച്ചിട്ടുണ്ട്. ഒരേ കണ്ടന്റ് തന്നെ അക്ഷരം പ്രതി പകർത്തി വെക്കുന്ന , അല്ലെങ്കിൽ ചെറിയ വ്യത്യാസങ്ങളോടെ ഒരേ ഉള്ളടക്കം പങ്ക് വെക്കുന്ന ഈ അക്കൗണ്ടുകളെല്ലാം പരിശോധിച്ചതിൽ നിന്ന് മനസ്സിലാക്കേണ്ടത് സംഘടിതവും ആസൂത്രിതവുമായ വ്യാജാ വാർത്താ പ്രചാരണമാണ് നടക്കുന്നത് എന്നാണ്.
കോൺഗ്രസ്സിന്റെ നിലപാടെന്ത്?
മുൻ അരുവിക്കര എം എൽ യും കെ പി സി സി ജനറൽ സെക്രട്ടറിയും, നിലവിൽ തിരുവനന്തപുരം കവടിയാർ വാർഡിന്റെ കൗൺസിലറുമായ കെ എസ് ശബരിനാഥൻ ഈ വിഷയം സംബന്ധിച്ച് ഡിസംബർ 29ന് ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടു. കേരളത്തിലെ ഭൂരിഭാഗം എം എൽ എമാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണെന്നും, താനും ജനപ്രതിനിധിയായിരുന്നപ്പോൾ അങ്ങനെയാണ് പ്രവർത്തിച്ചതെന്നും ശബരിനാഥൻ പോസ്റ്റിൽ പറയുന്നു. എന്നാൽ വി കെ പ്രശാന്തിനെ സംബന്ധിച്ച്, നിയമ സഭാ സാമാജികരുടെ ഹോസ്റ്റൽ അദ്ദേഹം പ്രതിനിധീകരിക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിലാണെന്നതിനാൽ, അവിടെ ലഭിക്കുന്ന സൗകര്യങ്ങൾ ഉപേക്ഷിച്ച് എന്തിനാണ് ശാസ്തമംഗലത്തെ മുറിയിൽ ഇരിക്കുന്നത് എന്ന ചോദ്യമാണ് പോസ്റ്റിൽ ശബരി ഉന്നയിക്കുന്നത്. നിയമസഭയിലെ കാലാവധി ബാക്കി നിൽക്കുന്ന സമയം എം എൽ എ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നും ശബരി പോസ്റ്റിൽ അഭിപ്രായപ്പെടുന്നു.

താൻ വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്നപ്പോൾ ഓഫീസായി ഉപയോഗിച്ചത് എംഎൽഎ ക്വാർട്ടേഴ്സിലെ മുറിയായിരുന്നെന്നും ആർക്കും അത് ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടില്ല എന്നുമാണ് കോൺഗ്രസ്സ് നേതാവ് കെ. മുരളീധരൻ പ്രതികരിച്ചത്. തത്കാലം ഈ വിവാദത്തിൽ താൻ തലയിടുന്നില്ലെന്നും താൻ ഉള്ളപ്പോൾ ഒരു പ്രശ്നവുമില്ലായിരുന്നുവെന്നും മുരളീധരൻ കൂട്ടി ചേർത്തു.
“വ്യാജപ്രചരണങ്ങൾക്കെതിരെ പരാതി നൽകും”
എന്നാൽ ആരോപണങ്ങളെയെല്ലാം തള്ളിയ വി. കെ പ്രശാന്ത് വ്യാജ പ്രചരണങ്ങൾ നടത്തുന്ന അക്കൗണ്ടുകളെ കണ്ടെത്തി സൈബർ പോലീസിൽ പരാതി നൽകുമെന്ന് വ്യക്തമാക്കി.
വാടക നിശ്ചയിച്ചിട്ടുള്ളത് കോർപറേഷൻ ആണെന്നും, അത് കൂട്ടിയാൽ നൽകാൻ തയ്യാറാണെന്നും വി കെ പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
എം എൽ എ എന്ന രീതിയിൽ സർക്കാരിൽ നിന്ന് ലഭിക്കുന്ന വേതനത്തിന്റെയും അലവൻസിന്റെയും കണക്കുകളും പ്രശാന്ത് മാധ്യമങ്ങൾക്ക് മുന്നിൽ ഹാജരാക്കി. സംസ്ഥാനത്തെ പല എംഎൽഎമാർക്കും ഇത്തരത്തിലുള്ള ഓഫീസ് സംവിധാനം തന്നെയാണുള്ളതെന്നും, തനിക്ക് മാത്രമായി യാതൊരു സൗകര്യവും അനുവദിച്ചിട്ടില്ലെന്നും പ്രശാന്ത് കൂട്ടി ചേർത്തു.
ബിജെപിയുടെ അജണ്ടകൾ കോൺഗ്രസ് ഏറ്റെടുക്കുന്നതായാണ് ശബരിനാഥൻ അടക്കമുള്ളവരുടെ പ്രതികരണങ്ങൾ വെളിവാക്കുന്നത് എന്നും വി. കെ പ്രശാന്ത് ആരോപിച്ചു. സാധാരണ നിയമസഭ നടക്കുന്ന വേളകളിലാണ് എംഎൽഎ ഹോസ്റ്റൽ പ്രയോജനപ്പെടുത്താറ്. കാണാനെത്തുന്ന ജനങ്ങളുടെ സൗകര്യം കൂടി കണക്കിലെടുത്താണ്, കോർപറേഷനിലെ ഓഫീസ് തെരഞ്ഞെടുത്തതെന്നും പ്രശാന്ത് പറഞ്ഞു.
നഗരസഭയുടെ കെട്ടിടമൊഴിയണമെന്ന് എം എൽ എയോട് ആവശ്യപ്പെടാൻ ഒരു വാർഡ് കൗൺസിലർക്ക് അധികാരമില്ലെന്നിരിക്കെ ആർ ശ്രീലേഖ തുടക്കമിട്ട വിവാദം, സംഘടിത സൈബർ അക്രമണങ്ങൾ അഴിച്ചു വിടാനും വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും സംഘപരിവാറിന് ലഭിച്ച മറ്റൊരു സുവർണ്ണാവസരം മാത്രമായി മാറുകയാണ്.
