മരിച്ചാലും മാറാത്ത വിദ്വേഷം; സലിം കുമാറിന് നേരെ അധിക്ഷേപം ചൊരിയുന്ന ഇടത് സൈബർ ഇടങ്ങൾ

മരിച്ചാലും മാറാത്ത വിദ്വേഷം; സലിം കുമാറിന് നേരെ അധിക്ഷേപം ചൊരിയുന്ന ഇടത് സൈബർ ഇടങ്ങൾ

മലയാളികളുടെ ദൈനംദിന സംഭാഷണങ്ങളുടെ ഭാഗമായിരുന്ന നടനായിരുന്നു സലിം കുമാര്‍. ഹാസ്യ നടനില്‍ നിന്ന തുടങ്ങി മികച്ച നടനുള്ള ദേശീയ അവാര്‍ഡ്‌ വരെ നേടിയ സലിം കുമാര്‍ ജൂണ്‍ ആറിനാണ് അന്തരിച്ചത്. സ്വന്തം രാഷ്ട്രീയത്തെ കുറിച്ച് പല വേദികളിലും അദ്ദേഹം തുറന്നു സംസാരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും, കോണ്‍ഗ്രസ്സിന്റെ ക്യാമ്പയിനിന്റെ ഭാഗമായി പല പരിപാടികളിലും സലിം കുമാര്‍ പങ്കെടുത്തിരുന്നു.

എന്നാല്‍ മരണശേഷം ഇതേ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ വലിയ രീതിയിലുള്ള അധിക്ഷേപ പരാമര്‍ശങ്ങളാണ് അദ്ദേഹത്തിനു നേരെ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്നത്.
സി പി ഐ എമ്മിന് നേരെ സലിം കുമാര്‍ പലപ്പോഴായി നടത്തിയ വിമര്‍ശനങ്ങളാണ് ഈ പ്രചാരണങ്ങള്‍ക്ക് കാരണം. നടന്റെ മരണത്തെ കുറിച്ചുള്ള വാര്‍ത്താ കാര്‍ഡുകള്‍ക്കും വീഡിയോകള്‍ക്കും പ്രമുഖരുടെ അനുശോചന പോസ്റ്റുകള്‍ക്കും  താഴെ സലിം കുമാറിനെ അധിക്ഷേപിച്ചു കൊണ്ടുള്ള നിരവധി കമന്റുകള്‍ കാണാം. “ഇയാളുടെ രാഷ്ട്രീയം പുറത്തു വന്നതോടെ ഇയാൾ വെറുക്കപെട്ടവനായി”, “അവസാന നാളിൽ കുറെ വെറുപ്പ് സമ്പാദിച്ചു.” എന്നൊക്കെയാണ് കമെന്റുകള്‍.

ഇടത് സ്പേസുകളില്‍ നിറയുന്ന വ്യക്തി അധിക്ഷേപങ്ങള്‍

ജൂണ്‍ 6ന് രാത്രി പത്തരക്ക്, മരിക്കുന്നതിനു ഏകദേശം ഒരു മണിക്കൂര്‍ മുന്‍പ്, ‘സലിം കുമാര്‍ ആശുപത്രിയില്‍’ എന്നൊരു വാര്‍ത്താ കാര്‍ഡ്‌ കൈരളി ന്യൂസിന്റെ സാമൂഹ്യ മാധ്യമ ഹാന്റിലുകളില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. ഫേസ്ബുക്കില്‍ ഈ പോസ്റ്റിന്റെ കമന്റ്‌ സെക്ഷനില്‍ മുഴുവന്‍ നടന്റെ രാഷ്ട്രീയ നിലപാടുകളോടുള്ള വിരോധമാണ്. “ഒരു സ്നേഹവും ഇഷ്ടവും ഉണ്ടായിരുന്നു. അന്ധമായ ഇടതുവിരോധം അയാളെ മോശക്കാരനാക്കി.” എന്നായിരുന്നു 850ഓളം ലൈക്കുകള്‍ (ജൂണ്‍ 9 വരെ) കിട്ടിയ ഒരു കമന്‍റ്. “പാവം പെൻഷൻകാര്യടെ ശാപം. കള്ളനെ വെളുപ്പിച്ചെടുത്തു. പാവങ്ങളെ പട്ടിണിയാക്കി. ഇത് പ്രകൃതിനിയമം പ്രാർത്ഥിക്കാം.” എന്നതായിരുന്നു മറ്റൊരു കമന്റ്‌. ഇതിനും 117ലൈക്ക് കിട്ടിയിട്ടുണ്ട്. 

നടമാർക്ക്  രാഷ്ട്രീയം ഉണ്ട്. അതവരുടെ ഇഷ്ട്ടം. ജാതി രാഷ്ട്രീയം മറന്ന് ഒരുപോല സ്നേഹിക്കുന്നവരാണ് മലയാളികൾ. എന്നാൽ ഇവൻ ഇത്തിരി ഓവർ ആണ്. ഒരു ഭരണ കർത്താവിനെ കുറിച്ച്  എങ്ങനെ സംസാരിക്കണം എന്ന് ഈ നാറിക്ക് അറിയില്ല.” എന്നാണ് മറ്റൊരു കമന്‍റ് പറയുന്നത്. 

കോണ്‍ഗ്രസ്സിന്റെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്. കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ സ്ഥിര സാന്നിധ്യമായിരുന്നത് കൊണ്ട്, ആശുപത്രിയിലാണെന്ന വാര്‍ത്തയ്ക്ക് താഴെയും ഇതേ  കുറിച്ചുള്ള പരിഹാസങ്ങള്‍ നിരവധിയുണ്ട്. 25 ലക്ഷത്തിന്റെ ആരോഗ്യ ഇന്‍ഷുറൻസ് കിട്ടുമല്ലോ, “നീ സർക്കാർ ആശുപത്രിയിൽ ആണോ? കുറച്ചുമുൻപായിരുന്നെങ്കിൽ ജീവനു ഗ്യാരന്റി ഉണ്ടായിരുന്നു.” എന്നുമൊക്കെയാണ് കമന്റുകളിലെ പരിഹാസങ്ങള്‍.

കമന്റുകളില്‍ ഭൂരിഭാഗവും യഥാര്‍ത്ഥ അക്കൗണ്ടുകളില്‍ നിന്ന് തന്നെയാണ് വന്നിരിക്കുന്നത്. ഇതില്‍ പല അക്കൗണ്ടുകളും പരിശോധിക്കുമ്പോള്‍, നിരന്തരമായി ഇടതനുകൂല പോസ്റ്റുകള്‍ പങ്കു വെക്കാറുള്ളവയാണെന്ന് കാണാം . കൂടാതെ, കൈരളി ന്യൂസിന്റെ കമെന്‍റ് ബോക്സില്‍ അധിക്ഷേപകരമായ വാക്കുകളും തെറി വിളികളുമൊക്കെ ധാരാളമായി കാണാം.

രാഷ്ട്രീയ വിമര്‍ശനങ്ങള്‍ അതിര് കടക്കുമ്പോള്‍

പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ അനുശോചന പോസ്റ്റിനു താഴെയും ഇത്തരം വിമര്‍ശനങ്ങള്‍ കാണാം. “രാഷ്ട്രീയപരമായി മര്യാദ കാണിക്കാത്ത വ്യക്തിയാണെങ്കിലും കലാകാരന് ആദരാന്ജലികള്‍” എന്ന രീതിയിലുള്ള കമെന്റുകളാണ് ഏറെയും. എന്നാല്‍ ഇവിടെയും വ്യക്തി അധിക്ഷേപങ്ങള്‍ കുറവല്ല.  

“കുറച്ച് കാലം കൂടി ജീവിക്കണമായിരുന്നു. എങ്കിൽ  അവന് സതീശൻ്റെയും പിണറായിയുടെയും ഭരണം തമ്മിൽ എന്ത് വ്യത്യാസമുണ്ട് എന്ന് മനസ്സിലാക്കാമായിരുന്നു.” എന്നാണ് ഒരു കമെന്‍റ് . “നല്ല ഒരു വിഭാഗം ജനങ്ങളെ വെറുപ്പിച്ചു തന്നെ ആണ് ഒടുക്കം ഇയാൾ ചത്തത്..

മരണം ആരെയും വിശുദ്ധൻ ആക്കുന്നില്ല. അവസാന നാളുകളിൽ ശുദ്ധ തന്തഇല്ലായ്മ ആണ് വായിലൂടെ വന്നത്.” എന്ന് മറ്റൊരാളും കമെന്‍റ് ചെയ്തിട്ടുണ്ട്. 42 പേരാണ് ഈ കമെന്‍റ് ലൈക്ക് ചെയ്തിരിക്കുന്നത്.

സി പി എം നേതാവായ പി ജയരാജന്റെ പോസ്റിന്‍ താഴെയും സമാനമായ ആക്രമണം നടക്കുന്നുണ്ട്. “ഇവൻ ചത്തേല് കമ്മ്യൂണിസ്റ്റുകാർ എന്തിനാ വിഷമിക്കുന്നത്.” എന്നതായിരുന്നു ഒരു കമെന്‍റ്. “രാഷ്ട്രീപരമായി വിരുദ്ധ ചേരികളിൽ ആയിരുന്നെങ്കിലും വ്യക്തിപരമായി നല്ല സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.” എന്നാണ് പി.ജയരാജന്‍ പോസ്റ്റില്‍ പറയുന്നത്. “ഇയാൾ സഖാവിന്റെ സുഹൃത്ത് ആയിരുന്നോ? അത് വിശ്വസിക്കാൻ ആവുന്നതല്ല.” എന്നായിരുന്നു ഒരാള്‍ എഴുതിയത്.

ജൂണ്‍ 6ന് തന്നെ, നിഖില്‍ വര്‍മ എന്ന അക്കൗണ്ടില്‍ നിന്ന് വന്ന ഒരു പോസ്റ്റ്‌ ഇങ്ങനെയായിരുന്നു. “ചത്തു….അത്ര തന്നെ… മരണം ആരെയും വിശുദ്ധനാക്കുന്നില്ല.” ആയിരത്തിലധികം ലൈക്കും 35 ഷെയറുമാണ് ഈ പോസ്ടിനു ലഭിച്ചത്. എന്നാല്‍ പലരും വിമര്‍ശനാത്മാകമായാണ് കമന്റുകളില്‍ പ്രതികരിച്ചിട്ടുള്ളത്. 

സലിം കുമാര്‍ എന്ന നടന് നേരെ മരണത്തിനു ശേഷവും നടക്കുന്ന അധിക്ഷേപങ്ങള്‍ സാമൂഹ്യമാധ്യമങ്ങൾ സൃഷ്ടിക്കുന്ന വെറുപ്പിന്റെയും വിഭജനത്തിന്റെയും മറ്റൊരു ഉദാഹരണമാണ് . ഇടത് പക്ഷമെന്ന് അവകാശപ്പെടുന്നവരും ഈ വിദ്വേഷ സംസ്കാരത്തിൽ നിന്ന് മുക്തരല്ല എന്ന യാഥാർഥ്യം പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു ഈ സന്ദർഭം.

 

കാർത്തിക എസ്

കാർത്തിക എസ്

കാര്‍ത്തിക എസ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top