
ജനങ്ങൾ ‘മുണ്ട് മുറുക്കിയാൽ’ മതിയോ?
‘സ്വർണം വാങ്ങരുത്, വിദേശ യാത്ര നടത്തരുത്, രാസവളം വാങ്ങരുത്, വീട്ടിലിരുന്നു ജോലി ചെയ്യണം, ഇന്ധന ഉപഭോഗം കുറക്കണം’ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ജനങ്ങളോട് അഭ്യർത്ഥിച്ചതാണ് ഇക്കാര്യങ്ങൾ. രാജ്യം പ്രതിസന്ധിയിലാണോ? നമ്മൾ സ്വർണവും രാസവളവും വാങ്ങുന്നത് നിർത്തിയാൽ രാജ്യം രക്ഷപ്പെടുമോ? സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിട്ടുണ്ടോ? പശ്ചിമേഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാട് തിരിച്ചടിയായോ?
പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിൽ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനായി പൊതുജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ മാർഗ്ഗനിർദ്ദേശങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ നടക്കുകയാണ്. സ്വർണ്ണം വാങ്ങുന്നത് തത്കാലം ഒഴിവാക്കുക, ഇന്ധന ഉപഭോഗം കുറക്കുക എന്ന് തുടങ്ങി, കർഷകർ രാസവളങ്ങളുടെ ഉപയോഗം നിയന്ത്രിക്കണമെന്നത് വരെയുള്ള ഏഴ് നിർദേശങ്ങളാണ് പ്രധാനമന്ത്രി മുന്നോട്ട് വെച്ചത്. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ ഓർമ്മിപ്പിച്ചായിരുന്നു നരേന്ദ്ര മോദി പൗരന്മാരോടായി അഭ്യർത്ഥനകൾ നടത്തിയത്.
എന്നാൽ രാജ്യം പ്രതിസന്ധി ഘട്ടങ്ങളിലെത്തുമ്പോൾ ജനങ്ങൾ ജീവിത ചെലവ് ചുരുക്കിയാണോ പരിഹാരം കാണേണ്ടത്? പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ധന വില വർദ്ധനവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ മുൻകൂട്ടി കണ്ട് കേന്ദ്ര സർക്കാർ പരിഹാര നടപടികൾ സ്വീകരിക്കേണ്ടതായിരുന്നില്ലേ?
മെയ് 10 ന് ഹൈദരാബാദിലെ സെക്കന്ദരാബാദ് പരേഡ് ഗ്രൗണ്ടിൽ നടന്ന പൊതു പരിപാടിയിലാണ് പ്രധാനമന്ത്രി ഈ അഭ്യർത്ഥന നടത്തിയത്. രാജ്യം നേരിടുന്ന സാമ്പത്തിക സമ്മർദ്ദം കുറയ്ക്കാൻ ദൈനംദിന ജീവിതത്തിൽ മാറ്റങ്ങൾ വരുത്തണമെന്നാണ് പ്രധാനമന്ത്രിയുടെ സന്ദേശം.
വിദേശ നാണ്യ ശേഖരം പ്രതിസന്ധിയിലോ?
രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം (Foreign Exchange Reserve) സംരക്ഷിക്കാനാണ് ഈ നടപടികളെന്ന് പ്രധാനമന്ത്രി വ്യക്തമാക്കുന്നുണ്ട്.
രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരങ്ങൾ നടക്കുന്നത് ഇരു രാജ്യങ്ങളും പൊതുവായി അംഗീകരിക്കുന്ന കറൻസിയിലായിരിക്കും. ഉദാഹരണത്തിന്, ഇന്ത്യ സൗദി അറേബ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് യു എസ് ഡോളറിലാണ്. ഇതിനായി ഇന്ത്യയിലെ എണ്ണ കമ്പനികൾ ആദ്യം രൂപയെ ഡോളറിലേക്ക് മാറ്റണം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അംഗീകരിച്ച ഏജൻസികൾക്ക് മാത്രമേ ഇത്തരത്തിൽ വിദേശ നാണ്യ വിനിമയം നടത്താൻ സാധിക്കുകയുള്ളൂ. ഇവിടെ നിന്ന് കയറ്റുമതി ചെയ്യുന്ന സാധനങ്ങൾ ഇന്ത്യ ആവശ്യപ്പെടുന്ന കറൻസിയിലാവും വിൽക്കുക. ആഗോള വിദേശ നാണ്യ വിപണിയിലാണ് (Forex Market) ഇത് നടക്കുന്നത്. ഇങ്ങനെ കറൻസി മറ്റൊന്നാക്കി മാറ്റുന്ന പ്രക്രിയയാണ് വിദേശ നാണ്യ വിനിമയം (Foreign Exchange).
ഡോളറിനെ ഉദാഹരണമായി എടുക്കുക. ഇന്ത്യയിൽ കയറ്റു മതിയേക്കാൾ ഇറക്കുമതി കൂടുമ്പോൾ, ഇങ്ങോട്ട് എത്തുന്നതിനേക്കാൾ കൂടുതൽ ഡോളർ പുറത്തേക്ക് പോകുന്നു. ഇത് വിദേശ നാണ്യ വിപണിയിൽ ഡോളറിന്റെ ആവശ്യകത കൂട്ടുന്നു – ഡോളറിന്റെ മൂല്യം ഇതോടെ വർദ്ധിക്കും. അതായത്, ഒരു ഡോളർ വാങ്ങാൻ നേരത്തെ നൽകിയതിനേക്കാൾ കൂടുതൽ രൂപ നൽകേണ്ടി വരുന്നു. ഈ ഘട്ടത്തിൽ രൂപയുടെ മൂല്യം ഇടിയുന്നത് തടയാനാണ് വിദേശ നാണ്യ ശേഖരം (Forex Reserve) ഉപയോഗിക്കുന്നത്. ശേഖരത്തിൽ നിന്ന് ഡോളറുകൾ വിപണിയിലേക്ക് വിൽക്കുകയും ഇത് ഡോളറിന്റെ ആവശ്യകത (demand) കുറച്ച് നിർത്തുകയും ചെയ്യുന്നു.
ഇന്ത്യയുടെ നിലവിലെ വിദേശ നാണ്യ ശേഖരം 691.11 ബില്യൺ ഡോളറാണ്. ഫെബ്രുവരി അവസാനം ഇത് 728.5 ബില്യൺ ഡോളറായിരുന്നു. മാർച്ചിൽ മാത്രം രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരത്തിനുണ്ടായത് ഏതാണ്ട് 30.5 ബില്യൺ ഡോളറിന്റെ ഇടിവ്.
റിപ്പോർട്ടുകളനുസരിച്ച്, അടുത്ത പതിനൊന്ന് മാസത്തെ ഇറക്കുമതിക്ക് ആവശ്യമായ വിദേശ നാണ്യ ശേഖരം ഇന്ത്യയുടെ പക്കലുണ്ട്. എന്നാൽ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിലാണ്. മെയ് 13 ലെ കണക്കനുസരിച്ച്, ഒരു ഡോളർ കിട്ടണമെങ്കിൽ നൽകേണ്ടത് – 95.75 രൂപ. ഈ സാഹചര്യത്തിലാണ് വിദേശ നാണ്യ ശേഖരം സംരക്ഷിക്കാനായി കേന്ദ്ര സർക്കാർ ജനങ്ങളോട് ചെലവ് ചുരുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ പതിനൊന്ന് മാസത്തെക്കുള്ള വിദേശ നാണ്യ ശേഖരം ഉണ്ടെന്ന് പറയുന്നതിൽ കാര്യമില്ലെന്നാണ് സാമ്പത്തിക വിദഗ്ദരുടെ നിലപാട്.ഈ ശേഖരത്തിന്റെ 65 ശതമാനവും ഹ്രസ്വകാല വായ്പകളോ ഊഹക്കച്ചവട മൂലധനമോ (Speculative Capital) ആണെന്ന് മുൻ സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്ക് പറയുന്നു.വിപണിയിലെ വിലമാറ്റങ്ങളെയോ ഓഹരിയിലെ ഉയർച്ച താഴ്ചകളെയോ അടിസ്ഥാനമാക്കിയുള്ള നിക്ഷേപങ്ങളെയാണ് ‘ഊഹക്കച്ചവട മൂലധന’മെന്ന് പറയുന്നത്. അത് കൊണ്ട് തന്നെ ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം, ഓഹരി വിപണിയിലുണ്ടാകുന്ന ഇടിവിനനുസരിച്ച് തകരാനുള്ള സാധ്യതയുണ്ടെന്നാണ് തോമസ് ഐസക്ക് വിലയിരുത്തുന്നത്.
ഇന്ധന ഉപയോഗത്തിലെ നിയന്ത്രണം
അമേരിക്കയും ഇസ്രായേലും ചേർന്ന് പശ്ചിമേഷ്യയിൽ നടത്തിയ യുദ്ധം ആഗോള ഇന്ധന വിതരണ ശൃംഖലയെ പാടെ താറുമാറാക്കിയിരുന്നു. ഇറാനു കീഴിലുള്ള ഹോർമൂസ് കടലിടുക്കിലെ ചരക്ക് നീക്കം സ്തംഭിച്ചത് ക്രൂഡ് ഓയിലിനായി പശ്ചിമേഷ്യയെ ആശ്രയിക്കുന്ന, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെയൊന്നാകെ ബാധിച്ചു. കണക്കുകളനുസരിച്ച്, ആവശ്യമുള്ളതിന്റെ 85 ശതമാനം ഇന്ധനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ അൻപത് ശതമാനവും വരുന്നത് ഹോർമൂസ് കടലിടുക്ക് വഴിയും. മൊത്തം ഇറക്കുമതി ചെയ്യുന്ന ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസിന്റെ 60 ശതമാനവും ഹോർമൂസ് കടലിടുക്കു വഴി തന്നെയാണ് വരുന്നത് ഏകദേശം മുഴുവൻ എൽപിജി (LPG) യും ഇറക്കുമതിയും നടക്കുന്നത് ഹോർമൂസ് വഴി തന്നെ. ഹോർമൂസ് കടലിടുക്കാണ് ഇന്ത്യയുടെ ഇന്ധന കോറിഡോർ.
ഇറക്കുമതി ഉത്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങളുടെ പ്രഥമ ഉദ്ദേശ്യം. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ ഭാഗമായി ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നിട്ടുണ്ട്. ക്രൂഡ് ഓയിലിന്റെ ഉപയോഗം കൂടിയാൽ അത് ഇറക്കുമതി കൂടുന്നതിന് കാരണമാകും. വില ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ ഇത് രാജ്യത്തിന് വലിയ സാമ്പത്തിക ഭാരമുണ്ടാക്കും. ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വിപണനം പ്രധാനമായും നടക്കുന്നത് ഡോളറിലാണ്. ‘നിലവിൽ ക്രൂഡ് ഓയിലിന്റെ വില പത്ത് ഡോളർ കൂടിയാൽ പോലും, അത് ഇന്ത്യയുടെ വാർഷിക ഇറക്കുമതി ബില്ലിൽ 1500 കോടി ഡോളറിന്റെ വർധനവുണ്ടാക്കുമെന്ന്’ തോമസ് ഐസക് പറയുന്നു. അത്രയും ഡോളർ ഇന്ത്യയ്ക്ക് പുറത്തേക്ക് ഒഴുകും.
എന്നാൽ ഇത് മുന്നിൽ കണ്ട് ഇന്ധനത്തിന്റെ കരുതൽ ശേഖരം ആദ്യം മുതൽക്കേ വർധിപ്പിച്ചിരുന്നെങ്കിൽ നിലവിലെ പ്രതിസന്ധിയിൽ നിന്ന് രക്ഷ നേടാമായിരുന്നു. കരുതൽ ശേഖരം ആവശ്യത്തിനുണ്ടായിരുന്നുവെങ്കിൽ, പ്രതിസന്ധി ഘട്ടത്തിൽ ആ ഇന്ധനം ഉപയോഗിക്കാമായിരുന്നു. ഇതുവഴി ഡോളർ ചെലവാക്കുന്നത് തടയാമായിരുന്നുവെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നത്.
പാളിപ്പോയ നയതന്ത്രം
പശ്ചിമേഷ്യൻ യുദ്ധത്തിലെ ഇന്ത്യയുടെ നിലപാടും നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഹോമൂസ് കടലിടുക്കിലെയുള്ള ചരക്ക് നീക്കം ഇറാൻ തടഞ്ഞതോടെയാണ് ഇന്ത്യയ്ക്ക് ദൂരം കൂടുതലുള്ള മറ്റ് കപ്പൽ മാർഗ്ഗങ്ങളെ ഇന്ധനത്തിനായി ആശ്രയിക്കേണ്ടി വന്നത്. എണ്ണ വില പിന്നെയും വർദ്ധിക്കാൻ ഇത് കാരണമായി.
“ഇങ്ങനെയൊരു സ്ഥിതിയുണ്ടാവാൻ സാധ്യതയുണ്ടെന്ന് മുൻപ് തന്നെ വിദഗ്ദ്ധർ സൂചിപ്പിച്ചിട്ടുള്ളതായിരുന്നു. കുറഞ്ഞത് ഇറാൻ യുദ്ധത്തിൽ നിഷ്പക്ഷ നിലപാടെങ്കിലും സ്വീകരിക്കാൻ ഇന്ത്യ തയ്യാറാവണമായിരുന്നു. ഇറാനെതിരായുളള നിലപാടാണ് സ്ഥിതി ഇത്രയും വഷളാക്കിയത്.” ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ (TISS) അധ്യാപകനും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ.ആർ രാമകുമാർ ഒബിസിയോട് പറഞ്ഞു. ചൈനയും റഷ്യയും ഇറാന് അനുകൂലമായ നിലപാടെടുത്തതു കൊണ്ടാണ് അവിടങ്ങളിൽ സ്ഥിതി ഇത്രയും രൂക്ഷമാകാത്തതെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യൻ യുദ്ധം മൂർച്ഛിച്ച സാഹചര്യത്തിലും ചൈനയിലേക്കും റഷ്യയിലേക്കുമുള്ള കപ്പലുകൾ ഇറാൻ ഹോർമൂസിലൂടെ കടത്തിവിട്ടിരുന്നു.
ചർച്ചകൾക്കൊടുവിൽ ഇറാൻ ഇന്ത്യൻ കപ്പലുകളെ ഭാഗികമായി കടത്തിവിട്ടുവെങ്കിലും സ്ഥിതി ഇതുവരെയും മെച്ചപ്പെട്ടിട്ടില്ല ആയിട്ടില്ല. മെയ് 8 ലെ റിപ്പോർട്ടനുസരിച്ച്, ഇന്ത്യയിലേക്കുള്ള നാല്പത് കപ്പലുകളാണ് ഹോമൂസ് കടലിടുക്ക് കടക്കാനാവാതെ പേർഷ്യൻ ഉൾക്കടലിൽ കുടുങ്ങി കിടക്കുന്നത്. ഇതിൽ 18 എണ്ണത്തിൽ ഊർജ്ജ ഉത്പനങ്ങളും 16 എണ്ണത്തിൽ രാസവളങ്ങളുമാണ്. ഇവ രണ്ടിന്റെയും ഉപഭോഗം കുറയ്ക്കണമെന്ന് പ്രധാനമന്ത്രിയുടെ നിർദേശത്തിലുണ്ട്.
പശ്ചിമേഷ്യൻ യുദ്ധത്തിൽ ഇന്ത്യ കൈകൊണ്ട നിലപാടാണ് നിലവിലെ പ്രതിസന്ധികളുടെ അടിസ്ഥാനമെന്ന് സാമ്പത്തിക വിദഗ്ദ്ധനായ ഡോ. വെങ്കടേഷ് ബാലസുന്ദരം ആത്രേയയും പറയുന്നു. രാജ്യത്തിന്റെ വിദേശ കാര്യ നയത്തിലും സാമ്പത്തിക നയത്തിലുമുള്ള വീഴ്ചകളാണ് നിലവിലെ അവസ്ഥയിലേക്ക് നയിച്ചതെന്ന് വെങ്കടേഷ് ആത്രേയ ഒബിസിയോട് പറഞ്ഞു. രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളും വ്യവസായങ്ങളും ശക്തിപ്പെടുത്തി, അന്താരാഷ്ട്ര വ്യാപാരങ്ങളിലുളള ആശ്രിതത്വം കുറയ്ക്കുകയാണ് സ്ഥായിയായ പരിഹാരമെന്ന് അദ്ദേഹം വിലയിരുത്തുന്നു.
കരുതൽ ശേഖരത്തിലെ വീഴ്ച
ഇന്ത്യക്ക് മതിയായ അളവിൽ ക്രൂഡ് ഓയിൽ കരുതൽ ശേഖരം ഇല്ലായിരുന്നുവെന്ന് കണക്കുകൾ തെളിയിക്കുന്നു. ജനസംഖ്യയിൽ ഇന്ത്യയ്ക്ക് തൊട്ട് മുകളിലുള്ള ചൈനയുടെ കരുതൽ ശേഖരവുമായിട്ടുള്ള താരതമ്യത്തിൽ ഇത് വ്യക്തമാണ്. 2025 ഡിസംബറിലെ കണക്കുകളനുസരിച്ച്, ചൈനയുടെ ആകെ ക്രൂഡ് ഓയിൽ കരുതൽ ശേഖരം 139.7 കോടി ബാരലാണ്. ഇന്ത്യയുടേതോ, ആകെ 2.1 കോടി ബാരൽ. ചൈനയുടെ കരുതൽ ശേഖരത്തിന്റെ പതിനൊന്ന് ശതമാനം. അമേരിക്കൻ ഊർജ്ജ വകുപ്പ് പുറത്തുവിട്ട കണക്കുകളാണിവ. കരുതൽ ശേഖരത്തിലുണ്ടായ ഈ വിടവാണ് പ്രതിസന്ധിയിലേക്ക് നയിച്ച മറ്റൊരു കാരണം
പ്രധാനമന്ത്രി ജനങ്ങളോട് ഇന്ധന ഉപയോഗം കുറയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി മാധ്യമങ്ങളോട് പറഞ്ഞത്. പ്രതിരോധ മന്ത്രാലയം പറയുന്നതനുസരിച്ച് രാജ്യത്ത് 60 ദിവസത്തേക്കാവശ്യമായ ക്രൂഡ് ഓയിലും നാച്ചുറൽ ഗ്യാസുമുണ്ട്. 45 ദിവസത്തേക്കുള്ള പാചക വാതകവുമുണ്ട്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടിയിരുന്നെങ്കിലും ഇന്ത്യയിൽ വില വർധനവുണ്ടായിട്ടില്ല. വില വർദ്ധനവ് തടയാനായി ഇന്ധന കമ്പനികൾ ദിവസം 1000 കോടി രൂപയുടെ നഷ്ടം സഹിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ പറയുന്നു.
രാസവളം വാങ്ങാതിരുന്നാൽ?
“വിതരണ ശൃംഖലയിലെ പ്രശ്നങ്ങളാണ് രാസവളങ്ങളുടെ ദൗർലഭ്യത്തിന് കാരണമെന്ന് പറയാം. പക്ഷേ ഇത് മുൻകൂട്ടി കണ്ട്, രാസവള വ്യവസായത്തിൽ സ്വയം പര്യാപ്തത നേടുകയാണ് നമ്മൾ ചെയ്യേണ്ടത്. അന്താരാഷ്ട്ര വ്യാപാര കരാറുകളിൽ മാത്രം അഭയം പ്രാപിക്കുന്നതിൽ അപകടമുണ്ട്. ഭൗമരാഷ്ട്രീയത്തിലെ (Gepolitics ) സ്ഥിതിഗതികൾ മാറുന്നതനുസരിച്ച്, നമ്മുടെ വിതരണ ശൃംഖല ഏത് തരത്തിൽ വേണമെങ്കിലും മാറാം” ഡോ.വെങ്കടേഷ് ആത്രേയ പറഞ്ഞു.
കൃഷിക്കാലം തുടങ്ങുന്നതിന് തൊട്ട് മുൻപേയായി വളങ്ങൾ ആവശ്യത്തിന് ലഭ്യമായില്ലെങ്കിൽ രാജ്യത്തെ മൊത്തം ഭക്ഷ്യോത്പാദനത്തെയും അത് സാരമായി ബാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.
വിദേശ യാത്ര നടത്തിയാൽ കുഴപ്പമാകുമോ?
വിദേശ യാത്രകളിൽ, വിദേശ നാണ്യ വിനിമയം നടക്കുന്നു. ഇന്ത്യയിൽ നിന്ന് പോകുന്നവർ, പോകുന്ന രാജ്യത്തെ ചെലവുകൾക്കായി രൂപ നൽകി അതാത് രാജ്യത്തെ കറൻസി വാങ്ങുന്നു. ഇത് രൂപയുടെ ആവശ്യകത കുറക്കുകയും രൂപയുടെ മൂല്യം ഇടിയുന്നതിനിടയാക്കുകയും ചെയ്യും
എന്നാൽ, ഒരു വർഷം ശരാശരി 16 മുതൽ 18 ബില്യൺ ഡോളർ വരെയാണ് വിദേശ യാത്രകൾക്കായി ഇന്ത്യക്കാർ ചെലവാക്കുന്നത്. ഡോളറിന്റെ മൊത്തം ഒഴുക്ക് കണക്കിലെടുക്കുമ്പോൾ ചെറിയ വിഹിതം മാത്രമാണിത്. ഇതൊഴിവാക്കാൻ ആവശ്യപ്പെടുന്നതിലൂടെ രാജ്യത്തിന്റെ സ്ഥിതി അത്രയും മോശമാണെന്ന സന്ദേശമാണ് നൽകുന്നതെന്ന് വിമർശനവും നിലനിൽക്കുന്നു.
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് മുൻപ് തന്നെ, 2025 – 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്കാരുടെ വിദേശ യാത്രച്ചെലവുകളിൽ 3.1 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.
എന്തിന് സ്വർണ്ണം ഒഴിവാക്കണം?
ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഇറക്കുമതി രേഖപ്പെടുത്തിയത് 2025 – 26 കാലയളവിലാണ്. ഏതാണ്ട് 71.98 ബില്യൺ ഡോളർ മൂല്യമുള്ള സ്വർണ്ണം ഇക്കാലയളവിൽ ഇന്ത്യ ഇറക്കുമതി ചെയ്തിട്ടുണ്ട്.
ക്രൂഡ് ഓയിലിനെ പോലെ തന്നെ സ്വർണ്ണ വ്യാപാരവും ഏറ്റവുമധികം നടക്കുന്നത് ഡോളറിലാണ്. കൂടുതൽ സ്വർണ്ണം ഇറക്കുമതി ചെയ്യുകയെന്നാൽ, കൂടുതൽ ഡോളർ രാജ്യത്തിന് പുറത്തേക്കൊഴുകുക എന്നാണർത്ഥം. അതായത്, വിദേശ നാണ്യ ശേഖരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വ്യക്തം.
എന്നാൽ സ്വർണ്ണം വാങ്ങരുതെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തോടും വിമർശനമുണ്ട്. രൂപയുടെ മൂല്യം കുറയുന്നതനുസരിച്ച്, ഇറക്കുമതി ഉത്പന്നങ്ങളുടെ വില ഉയരും. ഡീസൽ/പെട്രോൾ തുടങ്ങിയവ ഇറക്കുമതി ഉത്പന്നങ്ങളായത് കൊണ്ട് തന്നെ, യാത്ര ചെലവുകളും കൂടും. ആനുപാതികമായി, എല്ലാ സാധനങ്ങളുടെയും വിലയും ഉയരും. ഇത് രൂപയുടെ വാങ്ങൽ ശേഷി കുറയ്ക്കും. അതായത്, 100 രൂപയ്ക്ക് മുൻപ് വാങ്ങി കൊണ്ടിരുന്ന സാധനങ്ങൾ ഇപ്പോൾ വാങ്ങാൻ കഴിയില്ലെന്ന അവസ്ഥ അഥവാ പണപ്പെരുപ്പം (Inflation).
“സ്വർണം വാങ്ങുന്നത് ആളുകൾ സുരക്ഷിതമായ ഒരു നിക്ഷേപമായാണ് കണക്കാക്കുന്നത്. പണപ്പെരുപ്പം തടയാനായില്ലെങ്കിൽ, ആളുകൾ തങ്ങളുടെ സമ്പത്ത് സംരക്ഷിക്കാനായി സ്വർണം കൂടുതലായി വാങ്ങും. സ്വർണ്ണത്തിന്റെ മൂല്യം കുറയാത്തത് കൊണ്ടാണിത്. അത് കൊണ്ട് തന്നെ സ്വർണ്ണം വാങ്ങരുതെന്ന് പറയുന്നതിൽ കാര്യമില്ല” ഡോ.വെങ്കടേഷ് ആത്രേയ പറയുന്നു. “വില വർദ്ധനവ് പ്രതീക്ഷിച്ചിരിക്കുമ്പോൾ, ആളുകൾ സർക്കാർ ബോണ്ടുകളെയോ ബാങ്ക് നിക്ഷേപങ്ങളെയോ ആശ്രയിക്കില്ല, സ്വർണമാണ് കൂടുതൽ സുരക്ഷിതമായ നിക്ഷേപമായി കണക്കാക്കുക
പ്രഖ്യാപനത്തിന്റെ പ്രത്യാഘാതം
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ ആഘാതം വിപണിയിൽ പ്രതിഫലിച്ചു രാജ്യത്തെ പ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസം, മെയ് 11 ന് രാവിലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഉണ്ടായത് 1004 പോയിന്റുകളുടെ ഇടിവാണ്. ഏതാണ്ട് 1.3 ശതമാനം.
സിഎൻബിസി റിപ്പോർട്ട് അനുസരിച്ച്, മെയ് 11 ന് ഇന്ത്യൻ ആഭരണ നിർമ്മാണ കമ്പനികളുടെ ഷെയറുകൾ 10 ശതമാനത്തോളം ഇടിഞ്ഞു. ടാറ്റാ ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള ടൈറ്റാൻ കമ്പനിയുടെ മാത്രം ഷെയർ 6 ശതമാനം ഇടിഞ്ഞിട്ടുണ്ട്.
വിദേശ യാത്രകളൊഴിവാക്കണം എന്ന നിർദേശത്തിന് പിന്നാലെ വിമാന കമ്പനികളുടെ ഷെയറും താഴ്ന്നിട്ടുണ്ട്. ഇൻഡിഗോ കമ്പനിക്കുണ്ടായത് 2.6 ശതമാനം ഇടിവാണ്.
പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം വിപണിയെയാകെ അപകടത്തിലാക്കുമെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലൊരു പ്രഖ്യാപനം ജനങ്ങൾക്കിടയിൽ ആശങ്ക പരത്തുമെന്നും, അത് പണം വിപണിയിൽ ചെലവഴിക്കുന്നതിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുമെന്നും തോമസ് ഐസക്ക് പറയുന്നു.
“ഇങ്ങനെ പരിഭ്രാന്തിയുണ്ടായാൽ വിപണിയിലെ സ്വകാര്യ ഉപഭോഗ ചെലവ് (consumption demand) കുറയും. ഇത് ഈ പറയുന്ന മേഖലകളെ മാത്രമല്ല, വിപണിയെ മുഴുവനായാണ് ബാധിക്കുക. ഇത് പ്രശ്നം കൂടുതൽ ഗുരുതരമാക്കുകയേഉള്ളൂ.” തോമസ് ഐസക്ക് ഒബിസിയോട് പറഞ്ഞു.
പരിഹാരം കാണേണ്ടത് ജനങ്ങളോ?
ഇത്തരം സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇന്ധനങ്ങൾക്ക് ചുമത്തുന്ന എക്സൈസ് തീരുവ എടുത്തു മാറ്റുകയാണ് വേണ്ടതെന്നും തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു. “അത് കമ്മി ബഡ്ജറ്റിലേക്ക് നയിച്ചേക്കാം പക്ഷേ ഇപ്പോഴുണ്ടാവുന്ന പോലെ ഉപഭോഗം കുറയില്ല” അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരും വർഷത്തെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
സ്വദേശിവൽക്കരണം സാധ്യമോ?
2026 ഫെബ്രുവരിയിലാണ് ഏറെ ചർച്ചയായ ഇന്ത്യ-അമേരിക്ക സ്വതന്ത്ര വ്യാപാര കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടത്. ഈ കരാറിന്റെ ഭാഗമായി 500 ബില്യൺ ഡോളറിന്റെ അമേരിക്കൻ ഉത്പന്നങ്ങളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുക. അമിതമായി സ്വതന്ത്ര വിദേശ വ്യാപാര കരാറുകളെ ആശ്രയിക്കുന്നതിൽ കേന്ദ്ര സർക്കാരിനെതിരെ നേരത്തെ തന്നെ വിമർശനമുണ്ട്. ഈ സഹചര്യത്തിലാണ് വിദേശ ഉത്പന്നങ്ങൾ ഒഴിവാക്കി സ്വദേശി ഉത്പന്നങ്ങൾ കൂടുതലായി ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.
ഇറക്കുമതി കരാറുകളിൽ ഏർപ്പെട്ട്, വിപണിയിലാകെ വിദേശ ഉത്പന്നങ്ങൾ പെരുകിയതിന് ശേഷം ഇങ്ങനെ ജനങ്ങളോട് ആവശ്യപ്പെടുന്നതിൽ അർത്ഥമില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. “വിദേശത്ത് നിന്ന് യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ ഇറക്കുമതിക്ക് അനുമതി നൽകിയിട്ട്, സ്വദേശവൽക്കരണം ആവശ്യപ്പെട്ടാൽ നടപ്പാകുമോ?” തോമസ് ഐസക് ചോദിക്കുന്നു.
പശ്ചിമേഷ്യൻ യുദ്ധം മൂർച്ഛിക്കുന്നതിന് മുൻപ് തന്നെ പ്രധാനമന്ത്രി ഇസ്രായേൽ സന്ദർശിച്ചിരുന്നു. എന്നിട്ടും യുദ്ധസാഹചര്യം മുൻകൂട്ടി കണ്ട്, അന്നത്തെ കുറഞ്ഞ വിലയിൽ ആഗോള വിപണിയിൽ നിന്ന് കരുതൽ ശേഖരത്തിലേക്കായി ക്രൂഡ് ഓയിൽ വാങ്ങാത്തതിലും വിമർശനങ്ങൾ ഉയരുന്നുണ്ട്.
വിദേശ നാണ്യ ശേഖരത്തിലുണ്ടാകുന്ന ഇടിവ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും. നിലവിൽ പതിനൊന്ന് മാസത്തേക്ക് കൂടിയുള്ള ശേഖരം ഉണ്ടെങ്കിലും യുദ്ധം അവസാനിക്കാനുള്ള സൂചനകളൊന്നും കാണാത്തത് ആശങ്ക ഉളവാക്കുന്ന കാര്യമാണ്.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക