
കേരളത്തിന്റെ പൊതു കടം: തരൂർ പറഞ്ഞത് നുണ അല്ലേ?
കേരളത്തിന്റെ ‘കടമെടുപ്പ് മോഡലാ’ണ് തെരഞ്ഞെടുപ്പ് ചർച്ചകളിലെ ഒരു പ്രധാന വിഷയം. തിരുവനന്തപുരം എംപിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ ശശി തരൂരാണ് കേരളത്തിന്റെ കടമെടുപ്പിനെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമാക്കിയത്. പറവൂരിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനത്തിനിടെയാണ് ശശി തരൂർ കേരളത്തിന്റേത് ‘കടമെടുപ്പ് മോഡലാ’ണെന്ന് ആക്ഷേപിച്ച് പ്രസംഗിച്ചത്.
“എല്ലാവർക്കും ഈ സർക്കാർ മാറണമെന്നാണ്. പണ്ട് ഞാൻ കേരള മോഡൽ വികസനത്തിനെപ്പറ്റി ഒരുപാട് സംസാരിക്കുമായിരുന്നു. എന്നാൽ ഇന്നത് ‘കടമെടുപ്പ് മോഡലായി’ മാറിയിരിക്കുന്നു. രാജ്യത്ത് തന്നെ കടമെടുപ്പിൽ രണ്ടാം സ്ഥാനത്താണ് കേരളം” എന്നാണ് ശശി തരൂർ പറഞ്ഞത്. ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ബിസിനസ് ലൈൻ തുടങ്ങിയ ദേശീയ മാധ്യമങ്ങളെല്ലാം ഈ വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ന്യൂസ് ഏജൻസിയായ എഎൻഐ (ANI) ക്ക് കൊടുത്ത ഇന്റർവ്യൂവിൽ കേരളം കടത്തിൽ ‘മുങ്ങി’ കിടക്കുകയാണെന്നാണ് തരൂർ പറഞ്ഞത്.
എന്നാൽ ശശി തരൂർ പറഞ്ഞതിൽ വസ്തുതാപരമായി ശരിയാണോ?
തരൂരിന്റെ പ്രസ്താവനകളെ രണ്ടായി തിരിക്കാം. മൊത്തം കടമെടുപ്പിൽ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്താണെന്നാണ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനത്തിനിടെ നടത്തിയ ആദ്യത്തെ അവകാശ വാദം. എന്നാൽ വസ്തുതാപരമായി ഇത് തെറ്റാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) കണക്കുകൾ തെളിയിക്കുന്നു. സംസ്ഥാനങ്ങളുടെ 2025 – 26 ബജറ്റിനെ സംബന്ധിച്ച് ആർബിഐ നടത്തിയ ‘സ്റ്റേറ്റ് ഫിനാൻസസ്’ എന്ന രേഖയനുസരിച്ച് രാജ്യത്ത് ഏറ്റവുമധികം കടമെടുക്കുന്ന സംസ്ഥാനം തമിഴ്നാടാണ്. തമിഴ്നാടിന്റെ പൊതു കടം 10.42 ലക്ഷം കോടി രൂപയാണ്. രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്രയും (9.37 ലക്ഷം കോടി). പട്ടികയിൽ കേരളത്തിന്റെ സ്ഥാനം പത്താമതാണ്. 5,06,687 കോടി രൂപയാണ് കേരളത്തിന്റെ മൊത്തം പൊതു കടം. കേരളം കടമെടുപ്പിൽ രണ്ടാം സ്ഥാനത്താണെന്ന ശശി തരൂരിന്റെ അവകാശവാദം തെറ്റാണെന്ന് ആർ ബി ഐ യുടെ കണക്കുകൾ തെളിയിക്കുന്നു.
എന്നാൽ സാധാരണഗതിയിൽ സംസ്ഥാനങ്ങളുടെയോ രാജ്യത്തിന്റെയോ കടമെടുപ്പ് തോത് കണക്കാക്കുന്നത് ഇങ്ങനെ മൊത്തം തുകയുടെ അടിസ്ഥാനത്തിലല്ല. എല്ലാ സംസ്ഥാനങ്ങളുടെയും പൊതു കടം വർഷാവർഷം നടത്തുന്ന വികസന പ്രവർത്തനങ്ങൾക്കനുസരിച്ച് കൂടിക്കൊണ്ടിരിക്കും. അത് കൊണ്ട് കടത്തുക കൂടുതലുള്ള സംസ്ഥാനം കടക്കെണിയിലാണെന്ന് പറയാനാവില്ല. അത് കൊണ്ടാണ് കടം – ജിഡിപി അനുപാതം കണക്കാക്കുന്നത്. സംസ്ഥാനത്തിന്റെ ഒരു വർഷത്തെ മൊത്തം പൊതു കടം ജിഡിപി യുടെ എത്ര ശതമാനമാണെന്ന് കണക്കാക്കുന്ന രീതി. ഈ അളവ് കൂടുന്തോറും കടം തിരിച്ചടയ്ക്കാൻ പറ്റാത്തതായി മാറും. ജിഡിപി അനുപാതത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ കടം കണക്കാക്കിയാലും ശശി തരൂരിന്റെ ‘രണ്ടാം സ്ഥാന’ വാദം നിലനിൽക്കില്ല. ആർബിഐ കണക്കുകൾ പ്രകാരം തന്നെ, കേരളം സംസ്ഥാന ജിഡിപിയുടെ 35.5 ശതമാനമാണ് കടമായി എടുത്തിട്ടുള്ളത്. രാജ്യത്ത് തന്നെ പതിനൊന്നാം സ്ഥാനത്ത്. ജിഡിപി അനുപാതത്തിൽ ഏറ്റവുമധികം കടമെടുത്തിട്ടുള്ളത് ബിജെപി ഭരിക്കുന്ന അരുണാചൽ പ്രദേശാണ് (59.8%). രണ്ടാമത് നാഗാലാൻഡും (47%).

ഇപ്പോൾ പ്രചരിക്കുന്നത് പോലെ, കടമെടുപ്പിൽ മുന്നിലല്ല കേരളം. അതേ സമയം രാജ്യത്തെ മൊത്തം സ്ഥിതിവിശേഷം പരിശോധിച്ചാൽ നിയമം അനുശാസിക്കുന്നതിനും വളരെ മുകളിലാണ് ഇന്ത്യയുടെ പൊതുകടമെന്ന് കാണാം. കേന്ദ്ര സർക്കാർ രേഖകൾ പ്രകാരം 2025 – 26 കാലയളവിലെ ഇന്ത്യയുടെ കടം – ജിഡിപി അനുപാതം 56.1 ആണ്. ഫിസ്കൽ റെസ്പോൺസിബിലിറ്റി ആൻഡ് ബജറ്റ് മാനേജ്മെന്റ് (FRBM) നിയമമനുസരിച്ചാണ് രാജ്യത്തിന്റെ കടമെടുപ്പ് പരിധി നിശ്ചയിക്കുന്നത്. ഈ നിയമം അനുസരിച്ച് കേന്ദ്ര സർക്കാരിന്റെയും എല്ലാ സംസ്ഥാനങ്ങളുടെയും കൂടി ആകെ കടം രാജ്യത്തിന്റെ ജിഡിപിയുടെ 60 ശതമാനത്തിന് മുകളിലാകാൻ പാടില്ല. ഇതിൽ 40 ശതമാനം കടമെടുക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനും ബാക്കി 20 ശതമാനം എല്ലാ സംസ്ഥാനങ്ങൾക്കുമായാണ് വിഭജിച്ച് നൽകിയിട്ടുള്ളത്. എന്നാൽ ഈ പരിധിയുടെ ഭൂരിഭാഗവും കേന്ദ്ര സർക്കാർ തന്നെ കടമായി എടുത്തിട്ടുണ്ട്. സംസ്ഥാനങ്ങളുടെ ആകെ കടവും ഈ പരിധി കടന്നിട്ടുണ്ട്. 2025 ലെ കണക്കുകളനുസരിച്ച് സംസ്ഥാനങ്ങൾ ആകെ കടമെടുത്തത് രാജ്യത്തിന്റെ ജിഡിപിയുടെ 27.5 ശതമാനം തുകയാണ്.

ചുരുക്കത്തിൽ, കേരളത്തിന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ചുള്ള ശശി തരൂരിന്റെ പ്രസ്താവനകൾ റിസർവ് ബാങ്കിന്റെ കണക്കുകളുമായി ഒത്തുപോകുന്നില്ല. മൊത്തം കടമെടുപ്പിലോ കടം-ജിഡിപി അനുപാതത്തിലോ കേരളം രാജ്യത്ത് രണ്ടാം സ്ഥാനത്തല്ല എന്നതാണ് വസ്തുത. രാഷ്ട്രീയ ആരോപണങ്ങൾക്കപ്പുറം, സ്ഥിതിവിവരക്കണക്കുകൾ പരിശോധിക്കുമ്പോൾ കേരളത്തിന്റെ കടബാധ്യത മറ്റ് പല മുൻനിര സംസ്ഥാനങ്ങളെക്കാളും കുറവാണെന്ന് വ്യക്തമാകുന്നു.
അത് കൊണ്ട് തരൂർ പറഞ്ഞത് നുണയാണ്.

ഗോകുൽ എസ് വിജയ്
ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്
കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക