നിഖാബ് ധരിച്ച സ്ഥാനാർഥിയുടെ പോസ്റ്റർ; പ്രചരിക്കുന്ന ചിത്രം വ്യാജം 

നിഖാബ് ധരിച്ച സ്ഥാനാർഥിയുടെ പോസ്റ്റർ; പ്രചരിക്കുന്ന ചിത്രം വ്യാജം 

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ പൊതുസ്ഥലങ്ങളിലും സ്വകാര്യയിടങ്ങളിലുമെല്ലാം സ്ഥാനാർഥികളുടെ പോസ്റ്ററുകൾ ധാരാളമായി ഇടം പിടിച്ചിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളും വലിയ പ്രചാരണ വേദിയാണ്. അതിൽ സ്ഥാനാർഥികളുടെ യഥാർത്ഥ പ്രചാരണകാർഡുകൾക്കൊപ്പം ഒട്ടേറെ വ്യാജ പോസ്റ്ററുകളും പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അത്തരത്തിൽ സവിശേഷമായ ഒരു വ്യാജ പോസ്റ്റർ എക്സ് വഴി പ്രചരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. 

‘മലപ്പുറം വേങ്ങര ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ, യു ഡി എഫ് സ്ഥാനാർഥി, എസ് പി ഫാത്തിമ നസീറിനെ വിജയിപ്പിക്കുക’ എന്നെഴുതിയ ഒരു പോസ്റ്റർ MahaRathii എന്ന എക്സ് അക്കൗണ്ട് വഴി പ്രചരിച്ചിരുന്നു. മുഖവും കയ്യും മറയ്ക്കും വിധമുള്ള നിഖാബ് അണിഞ്ഞ ഒരു സ്ത്രീ രൂപമാണ് പോസ്റ്ററിൽ. തീവ്രവലതുപക്ഷ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഒരു സോഷ്യൽ മീഡിയ അക്കൗണ്ടാണിത്. 12,000ൽ അധികം ഫോളോവെഴ്‌സാണ് ഈ അക്കൗണ്ടിനുള്ളത്.  

“കേരള സാർ, വോട്ട് ഫോർ ഫാത്തിമ നസീർ…പക്ഷേ പോസ്റ്ററിൽ ഫാത്തിമ എവിടെ? സ്ഥാനാർഥി ചിഹ്നവും വെറുമൊരു കറുത്ത തുണിയും” എന്നാണ് പോസ്റ്ററിലെ കുറിപ്പ്. ഡിസംബർ രണ്ടാം തിയതി പ്രചരിച്ചു തുടങ്ങിയ ചിത്രം ഇതുവരെ 25000 കാഴ്ചക്കാരിലേക്കെത്തി. 1100 പേർ ലൈക്ക് ചെയ്ത പോസ്റ്റിന് 100 കമൻ്റുകളും ലഭിച്ചു. 336 പേരാണ് ചിത്രം റീപോസ്റ്റ് ചെയ്തത്.

പ്രചരിക്കുന്ന പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ, കൂടുതൽ സാമൂഹ്യ മാധ്യമ പേജുകൾ വഴിയും പോസ്റ്റ് പ്രചരിച്ചിട്ടുണ്ടെന്ന് മനസിലായി. ഫേസ്ബുക്കിൽ, ‘കാവിപ്പട’ എന്ന പേരിലുള്ള ഒരു വെരിഫൈഡ് അക്കൗണ്ട് വഴിയും ഇതേ ചിത്രം പ്രചരിക്കുന്നതായി ഒബിസി കണ്ടെത്തി. 1,30,000ൽ അധികം അംഗങ്ങളുള്ള ഒരു വലതുപക്ഷ ഗ്രൂപ്പ് ആണിത്.

 “UDF ൻ്റെ ഒരു സ്ഥാനാർഥിയാണ്… ഇത് അവർ തന്നെയാണ് എന്ന് വ്യക്തമാക്കുന്നവർക്ക് 10 കോടി ഇനാം…UDF കാരെ നിങ്ങൾ ഇതൊക്കെ ചുമന്നോളൂ” എന്നാണ് പ്രചരിക്കുന്ന പോസ്റ്റിന്റെ അടിക്കുറിപ്പ്.

പ്രചരിക്കുന്ന പോസ്റ്റിന്റെ സ്ക്രീൻഷോട്ട്

ഡിസംബർ രണ്ടിന് പോസ്റ്റ് ചെയ്ത ചിത്രത്തിന് 695 ലൈക്ക് ആണ് ഇതുവരെ ലഭിച്ചത്. 158 കമൻ്റുകൾ ലഭിച്ച പോസ്റ്റ് 169 പേരാണ് ഷെയർ ചെയ്തത്. ഫേസ്ബുക്കിലും ചിത്രം റിപ്പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സമാന പോസ്റ്റ്, ചില ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ കമൻ്റ് സെക്ഷനിൽ, സ്റ്റിക്കറുകളായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വസ്തുതയെന്ത്?

ചിത്രം റിവേഴ്‌സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ ലഭിച്ച, വേങ്ങരയിൽ നിന്നുള്ള ഒരു ഫേസ്ബുക്ക് അക്കൗണ്ടിൽ പ്രചരിക്കുന്ന പോസ്റ്റിനെ കുറിച്ചുള്ള ഒരു വിവരണം കണ്ടെത്തി. അതിൽ, വേങ്ങര മണ്ഡലം പന്ത്രണ്ടാം വാർഡ് സ്ഥാനാർഥി എൻ ടി മൈമൂനയാണെന്നും വൈറൽ പോസ്റ്റിൽ പറയുന്നതുപോലെ ഫാത്തിമ നസീറല്ലെന്നുമാണ് പറയുന്നത്.  

ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് 

ഇതിന്റെ വസ്തുത പരിശോധിക്കുന്നതിനായി, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിനെ ആശ്രയിച്ചു. മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലം, പന്ത്രണ്ടാം വാർഡായ സൗദി നഗറിലെ യു ഡി എഫ് സ്ഥാനാർഥി, എൻ ടി മൈമൂന ആണെന്നും പ്രചരിക്കുന്ന പോസ്റ്ററിലുള്ള ഫാത്തിമ നസീർ അല്ലെന്നും മനസിലായി. വലതു പക്ഷ സ്വഭാവമുള്ള അക്കൗണ്ടുകൾ പ്രചരിപ്പിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് തെളിഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നുള്ള വിവരം, സ്ക്രീൻഷോട്ട്

നിഖാബ് ധരിച്ച മലപ്പുറത്തെ വനിതാ സ്ഥാനാർഥി എന്ന ആരോപണത്തോടെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം വ്യാജമാണ്. ഈ തിരഞ്ഞെടുപ്പ് കാലത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന നിരവധി വ്യാജ വാർത്തകളിൽ ഒന്നാണിത്. ഡിസംബർ രണ്ടിന് ശേഷം ചിത്രം കൂടുതലായി ഷെയർ ചെയ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റിന്റെ ഉറവിടം പക്ഷെ കണ്ടെത്താനായിട്ടില്ല.


 

സ്നേഹ എം

സ്നേഹ എം

സ്നേഹ എം ഒബിസിയില്‍ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top