ട്രംപ് ആരാധകരായ തീവ്ര വലത്പക്ഷം : വെനിസ്വേലയുടെ വീഴ്ചയിൽ ആഹ്ളാദിക്കുന്ന മലയാളികൾ ആരാണ്? 

ട്രംപ് ആരാധകരായ തീവ്ര വലത്പക്ഷം : വെനിസ്വേലയുടെ വീഴ്ചയിൽ ആഹ്ളാദിക്കുന്ന മലയാളികൾ ആരാണ്? 

വെനിസ്വേല അമേരിക്കൻ അധിനിവേശത്തിൽ ആഹ്ളാദിക്കുന്ന വലിയ വിഭാഗം മലയാളികളെ സോഷ്യൽ മീഡിയയിൽ കാണാം. തീവ്ര വലത് പക്ഷ നിലപാട് വെച്ച് പുലർത്തുന്ന ഇവരിൽ ഹിന്ദുത്വ വാദികൾ മാത്രമല്ല, തീവ്ര ക്രൈസ്തവ വലത് പക്ഷവും ഉൾപ്പെടുന്നു. പല പോസ്റ്റുകളും ഒരേ കണ്ടന്റ് പങ്ക് വെക്കുന്നവയും ആസൂത്രിത സ്വഭാവം ഉള്ളവയുമാണ്. മതകീയ സ്വഭാവമുള്ളയാണ്  ഈ പേജുകൾ മിക്കവയും.

ഒറ്റ രാത്രി കൊണ്ട് ഒരു രാജ്യത്തിന്റെ പരമാധികാരം അട്ടി മറിക്കുകയും മനുഷ്യരെ ബോംബിട്ട് കൊല്ലുകയും ചെയ്യുന്ന അമേരിക്കയുടെ സൈനിക നടപടിയെ പിന്തുണക്കുന്ന ഈ തീവ്ര വലത്പക്ഷം ആരാണ്?

ഒബിസിയുടെ സാമൂഹ്യ മാധ്യമ വിശകലന റിപ്പോർട്ട് .

2026 പിറന്നതിന്റെ മൂന്നാം ദിവസം.

വെനിസ്വേലൻ സമയം പുലർച്ചേ 1:50ഓടെ താഴ്ന്നു പറന്ന യുദ്ധ വിമാനങ്ങൾ വെനിസ്വേലയിലെ കാരക്കാസ്, മിറാൻഡ, അറാഹുവാ, ലാഗുവൈറെ എന്നീ സ്റ്റേറ്റുകളിൽ ആക്രമണം നടത്തി. തൊട്ടു പിന്നാലെ വെനിസ്വേലയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.

മണിക്കൂറുകൾക്കുള്ളിൽ, അമേരിക്ക വെനിസ്വേലയിൽ വലിയ ആക്രമണം നടത്തിയെന്നും വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദികളാക്കിയെന്നും പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ലോകത്തോട് പറഞ്ഞു. 1989ലെ പനാമ അധിനിവേശത്തിന് ശേഷം ലാറ്റിനമേരിക്കയിൽ അമേരിക്ക നടത്തുന്ന ആദ്യത്തെ നേരിട്ടുള്ള സൈനിക ഇടപെടലിനെ അപലപിച്ചു കൊണ്ട് വിവിധ രാഷ്ട്രത്തലവന്മാരും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും രംഗത്ത് വന്നപ്പോൾ, വലിയൊരു വിഭാഗം വലതുപക്ഷ ശക്തികൾ ട്രംപിന്റെ നയത്തോട് ഐക്യപ്പെടുകയും, വെനിസ്വേലയിൽ സോഷ്യലിസ്റ്റ് നേതാക്കൾക്ക് കീഴിലുണ്ടായ ‘ദുർഭരണ’ത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങുകയും ചെയ്തു. 

ട്രംപിന്റെ എക്സ് പോസ്റ്റ്‌ – സ്ക്രീൻഷോട്ട്

ട്രംപനൂകൂല പോസ്റ്റുകളും അമേരിക്കയുടെ സൈനിക ഓപ്പറേഷനെ പ്രകീർത്തിക്കുന്ന വാർത്തകളും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു.

ഇന്ത്യയിലെ തീവ്ര വലതുപക്ഷത്തിന്റെ അഭിപ്രായവും മറ്റൊന്നായിരുന്നില്ല. കേരളത്തിലെ പ്രധാനപ്പെട്ട സംഘപരിവാർ ഹാൻഡിലുകളും ‘നിഷ്പക്ഷ’ വലതുപക്ഷവും ഇത്തരത്തിൽ നിരവധി പോസ്റ്റുകൾ കഴിഞ്ഞ രണ്ടു ദിവസങ്ങളായി വലിയ തോതിൽ പ്രചരിപ്പിക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങളടക്കം ഈ അധിനിവേശത്തെ ‘ട്രംപിന്റെ ലക്ഷ്യം നിറവേറ്റ’ലായി ആഘോഷിക്കുന്നതായും കാണാം. 

“അവിടെ ആഘോഷം, ഇവിടെ നിലവിളി” – വർഗീയ സ്വഭാവമുള്ള ക്രിസ്ത്യൻ അക്കൗണ്ടുകളും അമേരിക്കൻ വാഴ്ത്തുപാട്ടുകളും

എണ്ണ ഉൽപ്പാദനത്തിൽ ലോകത്തിലെ ആദ്യ പത്ത് രാജ്യങ്ങളിൽ ഒന്നായിട്ടും, വെനിസ്വേല ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്താൻ കാരണം അവിടെ കമ്മ്യൂണിസ്റ്റുകാർ ഭരിക്കുന്നത് കൊണ്ടാണ് എന്നാണ് 27,000ത്തിലധികം അംഗങ്ങളുള്ള കേരള കാത്തലിക് ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റ് അവകാശപ്പെടുന്നത്. “പട്ടിണി, പകർച്ച വ്യാധി, തൊഴിലില്ലായ്മ, മോഷണം, പിടിച്ചു പറി, വേശ്യാവൃത്തി, എയ്ഡ്‌സ് രോഗികൾ, ഒരു കമ്മ്യൂണിസ്റ്റ്‌ രാജ്യത്തിന്റെ സംഭാവനയാണ്” എന്നും പോസ്റ്റിൽ പറയുന്നു. 

കേരള കാത്തലിക്ക് ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ വന്ന പോസ്റ്റ്‌

‘കേരളത്തിലെ കത്തോലിക്കാ വിശ്വാസികളെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യാനുള്ള ഗ്രൂപ്പ്’ എന്ന ഡിസ്ക്രിപ്ഷനുള്ള ഈ ഗ്രൂപ്പിൽ പല അംഗങ്ങളും സമാനമായ രീതിയിൽ അമേരിക്കൻ കടന്നു കയറ്റത്തെ പൂർണ്ണമായും പിന്തുണക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പങ്കു വച്ചിട്ടുണ്ട്. ഡി വൈ എഫ് ഐയുടെ സാമ്രാജ്യത്വ വിരുദ്ധ മാർച്ചിന്റെ ചിത്രങ്ങൾക്കൊപ്പം ‘വെനിസ്വേലയിൽ ദാരിദ്ര്യം ഇല്ലാതായാൽ കമ്മ്യൂണിസം ഇല്ലാതെയാകും എന്ന വിഷമത്തിൽ കേരളത്തിലെ കമ്മികൾ ഏകാധിപതിയായ മഡൂറോയ്ക്ക് വേണ്ടി നിലവിളി പ്രകടനം നടത്തുന്നു’ എന്നതാണ് മറ്റൊരു പോസ്റ്റിലെ അടിക്കുറിപ്പ്. ആറായിരത്തോളം ഫോളോവേഴ്സുള്ള ക്രിസ്ത്യൻ ഐക്യവേദി എന്ന പേജിൽ നിന്നാണ് ഈ പോസ്റ്റ്‌ പങ്കു വച്ചിട്ടുള്ളത്. ‘അയൽ രാജ്യമായ ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങലെ കൂട്ടക്കൊല ചെയ്തപ്പോൾ ഇല്ലാത്ത പ്രതിഷേധമാണ് അങ്ങകലെ ഒരു രാജ്യത്തെ മയക്കു മരുന്ന് തലവനായ ഏകാധിപതി അറസ്റ്റിലായപ്പോൾ സഖാക്കൾക്ക്’ എന്നും പോസ്റ്റിൽ സൂചിപ്പിക്കുന്നു.

നസ്രാണി ശബ്ദം, ക്രിസ്ത്യൻ ബ്രദേർസ് എന്നിങ്ങനെ പേരുള്ള, വർഗീയ സ്വഭാവമുള്ള പല അക്കൗണ്ടുകളും മേൽപ്പറഞ്ഞ പോസ്റ്റുകൾ പങ്കു വച്ചതായി കാണാം. ക്രൈസ്തവ മതത്തെ സംബന്ധിക്കുന്ന ലേഖനങ്ങളും വിവരങ്ങളും മാത്രം പങ്കു വയ്ക്കാനുള്ള പേജ് എന്ന് അവകാശപ്പെടുന്ന, 38,000 ഫോളോവേഴ്സുള്ള ‘ക്രോസ്സ്’ എന്ന പേജും മഡൂറോയെ ‘കിരാത കമ്മ്യൂണിസ്റ്റ്‌ ഏകാധിപതി’യെന്നും ജിഹാദി വിധേയനായ കമ്മ്യൂണിസ്റ്റെന്നുമൊക്കെ വിശേഷിപ്പിക്കുന്ന പോസ്റ്റ്‌ പങ്കു വച്ചിട്ടുണ്ട്. 

യു എസ് – ഇസ്രായേൽ അനുകൂല പോസ്റ്റുകൾ പങ്കു വയ്ക്കുന്ന ‘ക്രോസ്സ്’ എന്ന ഫേസ്ബുക്ക് പേജ് – സ്ക്രീൻഷോട്ട്

പ്രസ്തുത പേജിലെ മറ്റ് പോസ്റ്റുകൾ പരിശോധിക്കുമ്പോൾ, നിരന്തരമായി ഇസ്രായേലിനെയും പ്രധാനമന്ത്രി നെതൻയാഹുവിനെയും പിന്തുണച്ചു കൊണ്ട്, തീവ്രമായ മുസ്ലിം വിരുദ്ധത പരത്തുന്ന കണ്ടന്റുകളും കാണാം. മൂന്നര ലക്ഷത്തിൽപ്പരം ഫോളോവേഴ്സുള്ള ‘Shekinah television’ എന്ന പേജാണ് ഈ വിഭാഗത്തിൽ പെടുന്ന മറ്റൊരു സമൂഹ മാധ്യമ അക്കൗണ്ട്. 

ഷെക്കിനാ ടെലിവിഷൻ എന്ന ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റ്‌ – സ്ക്രീൻഷോട്ട്

ഇടതു വിരുദ്ധതയും കോപ്പി-പേസ്റ്റ് ‘നിഷ്പക്ഷ’ പ്രൊപ്പഗണ്ടയും

ലഹരിക്കടത്തും തീവ്രവാദ ഗൂഢാലോചനാക്കുറ്റവുമാണ് മഡൂറോയ്ക്ക് മേൽ അമേരിക്ക ചുമത്തിയിരിക്കുന്നത്. അമേരിക്കക്കെതിരെ ആക്രമണത്തിനായി മഡൂറോ ആയുധങ്ങൾ ശേഖരിച്ചുവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. എന്നാൽ സാമൂഹ്യ സാമ്പത്തിക വിദഗ്ധരുടെ വിശകലനങ്ങൾ, അമേരിക്ക നൂറ്റാണ്ടുകളായി നടത്തുന്ന സാമ്രാജ്യത്വ അധിനിവേശത്തിന്റെ കൂടുതൽ ഭയാനകമായ മറ്റൊരു മുഖത്തേക്കാണ് വിരൽ ചൂണ്ടുന്നത്. വെനിസ്വേലയിലെ സമൃദ്ധമായ എണ്ണ-ധാതു ഖനികൾ പിടിച്ചെടുക്കനായി അമേരിക്കയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ ഉറപ്പു വരുത്തുന്ന ഒരു സർക്കാരിനെ വെനിസ്വേലയിൽ ഉണ്ടാക്കുക എന്നതാണ് ട്രംപ് ആത്യന്തികമായി ലക്ഷ്യം വയ്ക്കുന്നത് എന്നാണ് ഇവർ അഭിപ്രായപ്പെടുന്നത്.

എന്നാൽ തീർത്തും ഏകപക്ഷീയമായി, ആദ്യം സൂചിപ്പിച്ച ‘ട്രംപ് അനുകൂലവാദ’ങ്ങളെ അർദ്ധ സത്യങ്ങളും വ്യാജ വാർത്തകളുമായി ചേർത്ത് പ്രചരിപ്പിക്കുക എന്ന തന്ത്രമാണ് മറ്റൊരു വിഭാഗം സമൂഹ മാധ്യമങ്ങളിൽ പയറ്റുന്നത്. ഇതിനായി പല സ്വഭാവത്തിലുള്ള കോപ്പി-പേസ്റ്റ് പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിലൊക്കെയും കാണാം.

‘ബി ജെ പി ഓംതറ യൂണിറ്റ്’ എന്ന ഫേസ്ബുക്ക് പേജ്- സ്ക്രീൻഷോട്ട്

വെനിസ്വേലയുടെ മുൻ പ്രസിഡന്റായ ഹ്യൂഗോ ഷാവേസിനും അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഭരണാധികാരിയായ മഡൂറോയക്കും സംഭവിച്ച ഭരണത്തിലെ പിഴവുകളാണ് ഇന്ന് ഈ അവസ്ഥക്ക് കാരണം എന്നാണ് അത്തരം പോസ്റ്റുകളുടെ ഉള്ളടക്കം. “പോപ്പുലർ കമ്മ്യൂണിസം”, അഥവാ വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം തുടങ്ങിയ ജനക്ഷേമ പദ്ധതികൾക്ക് വാരിക്കോരി പണം ചെലവഴിക്കുന്ന സാമ്പത്തിക നയമാണ് പിന്നീട് രാജ്യം നേരിട്ട സാമ്പത്തിക പ്രതിസന്ധിയ്ക്കും കലാപങ്ങൾക്കും കാരണമെന്ന് പോസ്റ്റിൽ പറയുന്നു. വെനിസ്വേലയിലെ എണ്ണഖനികൾ ഇന്നലെയും അവിടെയുണ്ടായിരുന്നുവെന്നും, എന്നിട്ടും ആരും ഒന്നും ചെയ്യാതെ ഇരുന്ന ആ നാടിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചത് മേൽപ്പറഞ്ഞ കാരണങ്ങളാണെന്നും പോസ്റ്റിൽ വാദിക്കുന്നു. 

ഇതേ സാമ്പത്തിക വിഡ്ഢിത്തരവും പൊതു മുതൽ മോഷണവും തീവ്രവാദ ശക്തികൾക്ക് പാലൂട്ടലും തന്നെയാണ് കേരളത്തിലും നടക്കുന്നതെന്നും പോസ്റ്റിന്റെ അവസാനം സൂചിപ്പിക്കുന്നു. ‘തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വിജയൻ ക്ഷേമ പെൻഷൻ കൊടുക്കുന്നതും ഇതു കൊണ്ടാണ്’ തുടങ്ങിയ പരാമർശങ്ങളും പോസ്റ്റിലുണ്ട്. 56,000ത്തിൽ കൂടുതൽ ഫോളോവേഴ്സുള്ള ‘ബി ജെ പി ഓംതറ യൂണിറ്റ്’ എന്ന പേജ് അടക്കം നിരവധി ഹിന്ദുത്വ ഗ്രൂപ്പുകളും പേജകളും വ്യക്തിഗത അക്കൗണ്ടുകളും ഈ പോസ്റ്റ്‌ പങ്കു വച്ചിട്ടുണ്ട്. 

വെനിസ്വേലയുടെ ചരിത്രം അറിയാത്തവർക്ക്  വലിയ തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ സാധ്യതയുള്ളവയാണ് ഇത്തരത്തിൽ, ആധികാരികമെന്ന് തോന്നിപ്പിക്കുന്ന രീതിയിൽ എഴുതപ്പെട്ട പോസ്റ്റുകൾ.

പല ‘നിഷ്പക്ഷ’ പേജുകളും യുക്തിവാദി പേജുകളും മഡൂറോയുടെ ഭരണകാലത്തെ നിശിതമായി വിമർശിക്കുക വഴി, അമേരിക്കൻ കടന്നു കയറ്റത്തെ ന്യായീകരിക്കുകയും വെനിസ്വേലയെ മയക്കു മരുന്ന് കാർട്ടലുകളിൽ നിന്നും മഡൂറോ എന്ന സ്വേച്ഛാധിപതിയിൽ നിന്നും ‘രക്ഷിക്കാൻ’ വേണ്ടിയുള്ള ട്രംപിന്റെ നീക്കങ്ങളായി പുകഴ്ത്തുകയും ചെയ്യുന്നു. അതേ സമയം മയക്കുമരുന്നുമായി ബന്ധപ്പെട്ട് വലത്പക്ഷ ഹാൻഡിലുകൾ പ്രചരിപ്പിക്കുന്ന പല അവകാശവാദങ്ങളും തെറ്റാണെന്ന് പഠനങ്ങൾ തെളിയിക്കുന്നുമുണ്ട്. അമേരിക്കയിൽ എത്തുന്ന മയക്കുമരുന്നിന്റെ എട്ട് ശതമാനത്തിൽ താഴെയാണ് വെനിസ്വേലയിൽ ഇറക്കുമതി ചെയ്യപ്പെടുന്നത് എന്ന അമേരിക്കയിലെ സ്വതന്ത്ര വിശകലന സംഘടനയായ www.wola.org റിപ്പോർട്ട് ചെയ്യുന്നു. 

മുഖ്യധാരാ മാധ്യമങ്ങളുടെ ‘ട്രംപ് ആരാധന‘

യുദ്ധ സാഹചര്യങ്ങളിൽ സമൂഹ മാധ്യമങ്ങൾ വലതുപക്ഷത്തിന്റെ പ്രധാന സന്ദേശവാഹകരാകുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ യു എസ്- വെനിസ്വേല വിഷയത്തിൽ മലയാളത്തിലെ മുഖ്യധാര മാധ്യമങ്ങളും ഇതേ പാത പിന്തുടരുന്നതായാണ് പല വാർത്തകളും, അവയുടെ തലക്കെട്ടുകളുടെ സ്വഭാവവും പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്.

മനോരമ ഓൺലൈനിൽ വന്ന വാർത്ത-സ്ക്രീൻഷോട്ട്

“ഇതയാളുടെ അവസാനത്തെ കളിയാണ്! വാക്ക് പാലിച്ചു ട്രമ്പ്, തീക്കളിക്ക് നിൽക്കാതെ മഡൂറോ വീണു” എന്നായിരുന്നു മനോരമ ഓൺലൈൻ ബിസിനസ്‌ ഡെസ്കിൽ നിന്ന് പബ്ലിഷ് ചെയ്ത ഒരു വാർത്തയുടെ തലക്കെട്ട്. അധികാരമൊഴിഞ്ഞില്ലെങ്കിൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന മഡൂറയോടുള്ള ട്രംപിന്റെ ഭീഷണിയെയാണ് വൈകാരികമായ ഇത്തരമൊരു തലക്കെട്ടായി മനോരമ മാറ്റിയത്. ‘ലക്ഷ്യം നിറവേറ്റി ട്രമ്പ്, കസേര പോയി മഡൂറോ’ എന്നാണ് മാതൃഭൂമി ഒരു എക്സ്പ്ലൈനറിന് നൽകിയ തലക്കെട്ട്. 

മാതൃഭൂമിയിൽ വന്ന വാർത്ത-സ്ക്രീൻഷോട്ട്

യു എസ് ഇടപെടലിനെ കുറിച്ച് എവിടെയും പരാമർശിക്കാതെയാണ് ഇന്ത്യയുടെ വിദേശ കാര്യമന്ത്രാലയം വിഷയത്തിൽ പ്രസ്താവന ഇറക്കിയത്. നിലവിൽ ഇന്ത്യയിലെ ഇടതു പക്ഷ പാർട്ടികൾ മാത്രമാണ് യു എസ്സിന്റെ കടന്നാക്രമണത്തിനെതിരെ തുറന്ന നിലപാട് സ്വീകരിച്ചിട്ടുള്ളത്. 

അന്ധമായ ഇടതു വിരുദ്ധത മാത്രം ആയുധമാക്കുന്ന വലതുപക്ഷ സൈബർ ലോകത്തിന് വെറുപ്പ് പടർത്തുന്ന വ്യാഖ്യാനങ്ങളും വർഗീയതയും വ്യാജ വാർത്തകളും പ്രചരിപ്പിക്കാനുള്ള മറ്റൊരു അവസരം കൂടിയാവുകയാണ് വെനിസ്വേലയ്ക്ക് മേൽ അമേരിക്ക അഴിച്ചു വിട്ട ഈ ഭീകരാക്രമണവും.

കാർത്തിക എസ്

കാർത്തിക എസ്

കാര്‍ത്തിക എസ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top