
ഫെഡറൽ തത്വങ്ങളെ അട്ടിമറിക്കുന്ന മണ്ഡലപുനർനിർണയം : ആർക്കാണിത്ര ധൃതി?
2014ൽ എൻ ഡി എ അധികാരത്തിൽ വന്നതിനു ശേഷം ആദ്യമായി സർക്കാർ അവതരിപ്പിച്ച ഒരു ബില്ല് ലോക് സഭയിൽ പാസ്സാകാതെ പോയിരിക്കുകയാണ്. മണ്ഡല പുനർ നിർണ്ണയ ബില്ലിനാണ് ലോക് സഭയിൽ രണ്ടിൽ മൂന്ന് ഭൂരിപക്ഷം കടക്കാൻ സാധിക്കാതിരുന്നത്. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷം പറയുന്നു. എന്നാൽ, വനിതാ സംവരണ ബില്ലിന്റെ പേരിൽ നിലവിലുള്ള ഭരണഘടനാപരമായ വ്യവസ്ഥകളെ മറികടക്കാൻ സർക്കാർ കാണിച്ച ധൃതി ഗൗരവകരമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
ബില്ലിന് സഭയുടെ അംഗീകാരം നേടാനായില്ലെങ്കിലും, ഈ നീക്കത്തിലൂടെ ഉയർന്നുവന്ന ചോദ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ബിൽ ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചു ഒബിസിയോട് വിശദമായി സംസാരിക്കുകയാണ് ഭരണഘടനാ വിദഗ്ധനായ പി ഡി ടി ആചാരി.
സംഭാഷണത്തിന്റെ പൂർണ്ണരൂപം.
ആശങ്കകൾ എന്തൊക്കെ?
ഭരണഘടനയുടെ ആർട്ടിക്കിൾ 81 പ്രകാരം ലോക്‌സഭയിൽ ഓരോ സംസ്ഥാനത്തിനും അനുവദിച്ചിട്ടുള്ള സീറ്റുകളുടെ എണ്ണവും, ആ സംസ്ഥാനത്തെ ജനസംഖ്യയും തമ്മിലുള്ള അനുപാതം എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെയായിരിക്കണം.
1971ലെ സെൻസസിന്റെ അടിസ്ഥാനത്തിൽ, 1974ലാണ് അവസാനമായി മണ്ഡല പുനർ നിർണയം നടന്നത്. അന്ന്, എല്ലാ മണ്ഡലങ്ങളിലും ഏകദേശം പത്തു ലക്ഷത്തിനടുത്തു ജനസംഖ്യയാണ് ഉണ്ടായിരുന്നത്. ഒരു മണ്ഡലം നിർണ്ണയിക്കാനായി ജനസംഖ്യ അല്ലാതെ മറ്റ് മാർഗങ്ങൾ ഒന്നുമില്ല. ഭൂമിയുടെ വിസ്തൃതി (area)യെയൊന്നും ഒരു മാനദണ്ഡമാക്കിയെടുക്കാൻ നമുക്ക് കഴിയില്ല. ഭരണഘടന പറയുന്നതും ഇതു തന്നെയാണ്.
‘One person, One Vote, One Value’ എന്നതാണ് ഇതിൽ അടങ്ങിയ തത്വം. എന്നാൽ 50 വർഷങ്ങൾക്കിപ്പുറം, ജനസംഖ്യയിൽ വലിയ തോതിലുള്ള മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലായില്ല . അതേ സമയം രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും പ്രത്യുൽപ്പാദന നിരക്ക് കുറഞ്ഞു.
ഉദാഹരണത്തിന്, 1971ൽ ഉത്തർ പ്രദേശിലെ ജനസംഖ്യ എട്ടു കോടിയോളമായിരുന്നു. ഇന്ന് അത് 25 കോടിയിലേക്ക് കുതിച്ചുയർന്നിരിക്കുകയാണ്. ഇതേ സമയം 1971ൽ കേരളത്തിലെ ജനസംഖ്യ രണ്ട് കോടിയായിരുന്നു. ഇപ്പോൾ അത് മൂന്നര കോടി മാത്രമാണ്. കേരളത്തിൽ 75 ശതമാനം വളർച്ചയുണ്ടായപ്പോൾ, ഉത്തർ പ്രദേശിൽ 200 ശതമാനത്തോളമാണ് ജനസംഖ്യാ വളർച്ചയുണ്ടായത്.
ഇത്തരമൊരു വൈരുധ്യം നിലനിൽക്കുമ്പോൾ എങ്ങനെയാണ് കൃത്യമായി മണ്ഡലങ്ങൾ നിർണ്ണയിക്കുക എന്ന ചോദ്യമാണ് അവിടെ ബാക്കിയാവുക. ഈ ചോദ്യത്തിനുത്തരം കണ്ടെത്തുക എന്നതാണ് മണ്ഡല പുനർ നിർണ്ണയ കമ്മീഷന്റെ ചുമതല. അവർ ഒരു സമവാക്യം കണ്ടെത്തണം. അതിന്റെ അടിസ്ഥാനത്തിൽ സീറ്റുകൾ അനുവദിക്കണം. ഏത് തലത്തിലാണ് ഈ ജനസംഖ്യ നിജപ്പെടുത്തേണ്ടത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം.
പത്തു ലക്ഷം എന്ന ജനസംഖ്യയാണ് നിശ്ചയിക്കുന്നതെങ്കിൽ കേരളത്തിന് ഏകദേശം മുപ്പതിനടുത്ത് സീറ്റുകൾ ലഭിക്കും. പക്ഷെ ഇതേ സമയം ഉത്തർ പ്രദേശിന് ലഭിക്കാൻ പോവുന്നത് ഇരുന്നൂറിലധികം സീറ്റുകളാണ്. അതാണ് നേരിടേണ്ടി വരുന്ന പ്രതിസന്ധി.
മറ്റൊരു സാധ്യത, 15 ലക്ഷം എന്നതിനെ പ്രയോഗികമായ ഒരു ജനസംഖ്യാ നിരക്കായി എടുക്കുക എന്നതാണ്. ഇന്ത്യയിൽ 145 കോടിയിലധികം ജനങ്ങളുണ്ടല്ലോ. ഈ വ്യാപ്തി കണക്കിലെടുത്തു കൊണ്ടാണ് കൂടുതൽ ഉയർന്ന ജനസംഖ്യ ഓരോ മണ്ഡലത്തിനും നിശ്ചയിക്കാം എന്ന് പറയുന്നത്. പക്ഷെ ഈ സാഹചര്യത്തിൽ, കേരളം പോലെയുള്ള ചെറിയ സംസ്ഥാനങ്ങൾക്ക് ഒന്നോ രണ്ടോ സീറ്റുകളുടെ നേരിയ വർദ്ധനവ് മാത്രമേ ഉണ്ടാവുള്ളൂ. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പക്ഷെ, വലിയ വർദ്ധനവ് ഉണ്ടാവുകയും ചെയ്യും. ഈ ആസന്തുലിതാവസ്ഥയാണ് പരിഹരിക്കപ്പെടേണ്ടത്.
ദക്ഷിണേന്ത്യ എന്ന ചോദ്യ ചിഹ്നം
ജനസംഖ്യാ വളർച്ച നിരക്ക് കുറഞ്ഞ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തന്നെയാണ് ഇങ്ങനെയൊരു ബില്ല് പാസ്സായിരുന്നെങ്കിൽ ഇതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരിക.
സാധാരണ നിലയിൽ തന്നെ തെക്കേ ഇന്ത്യയും വടക്കേ ഇന്ത്യയും തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. സീറ്റുകളുടെ വിതരണത്തിൽ പോലും അവർ നമ്മളെക്കാൾ ഏറെ മുന്നിലാണ്. നമുക്ക് ആകെ 130 സീറ്റുകൾ മാത്രമുള്ളപ്പോൾ അവർക്ക് 360-ൽ അധികം സീറ്റുകളുണ്ട്. പക്ഷേ അതൊരു ഭൂമിശാസ്ത്രപരമായ പ്രശ്നമാണ്, അതിൽ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. പ്രശ്നം അതല്ല.

ജനസംഖ്യ നിയന്ത്രിക്കാൻ യാതൊരു ശ്രമവും നടത്താത്ത സർക്കാരുകൾക്ക് കൂടുതൽ സീറ്റുകളും രാഷ്ട്രീയ അധികാരവും ലഭിക്കുന്നു; എന്നാൽ ജനസംഖ്യ നിയന്ത്രിച്ചവർക്ക് തങ്ങളുടെ രാഷ്ട്രീയ സ്വാധീനം മുഴുവൻ നഷ്ട്ടപ്പെടുകയാണ്.
അമ്പത് ശതമാനം വർദ്ധനവ് എന്ന പൊള്ളത്തരം
എല്ലാ സംസ്ഥാനങ്ങൾക്കും 50% സീറ്റുകൾ വർധിപ്പിക്കുക എന്ന വാഗ്ദാനമാണ് സർക്കാർ നൽകിയത്. തത്വത്തിൽ ഈ വാഗ്ദാനത്തിൽ പ്രശ്നമില്ല, സ്വീകാര്യമായി തോന്നുകയും ചെയ്യാം.
എന്നാൽ യഥാർത്ഥ കണക്കുകൾ പരിശോധിക്കുമ്പോൾ ഇതിൽ ആസ്വഭാവികമായ വർദ്ധനവ് ഉണ്ടാകുമെന്ന് കാണാം. കേരളം – ഉത്തർ പ്രദേശ് താരതമ്യം ഒരിക്കൽ കൂടെ പരിശോധിക്കാം. നിലവിൽ കേരളത്തിന് 20 സീറ്റുകൾ, യു പിക്ക് 80. 60 സീറ്റുകളുടെ വ്യത്യാസമാണുള്ളത്. 50% സീറ്റുകൾ കൂട്ടുമ്പോൾ കേരളത്തിന് 30 സീറ്റുകളും, യു പിക്ക് 120 സീറ്റുകളുമാണ് ലഭിക്കുക. വ്യത്യാസം 90 എന്ന വലിയ സംഖ്യയിലേക്ക് ഉയരും. അതായത്, വലിയ സംസ്ഥാനങ്ങൾക്ക് വലിയ വർധനയും ചെറിയ സംസ്ഥാനങ്ങൾക്ക് ചെറിയ വർധനയുമാണ് ഉണ്ടാവുക.
നമ്മൾ അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട പ്രശ്നം പരിഹരിക്കപ്പെടാതെ അവശേഷിക്കുമെന്ന് അർത്ഥം.
ഇത്തരം ചോദ്യങ്ങൾക്കൊന്നും ചെവി കൊടുക്കാതെ കണ്ണടച്ച് ഇരുട്ടാക്കി കൊണ്ടാണ് സർക്കാർ ഈ ബില്ല് പാസ്സാക്കാൻ ശ്രമിച്ചത്.
850 എന്നതിന്റെ അടിസ്ഥാനമെന്ത്?
മണ്ഡലപുനർനിർണ്ണയത്തിൽ ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 550ൽ നിന്നും പരമാവധി 850 ആയി ഉയർത്താനാണ് സർക്കാർ നിശ്ചയിച്ചിരുന്നത്. എന്തടിസ്ഥാനത്തിലാണ് ഈ 850 എന്ന സംഖ്യയിൽ എത്തിയത്? എന്തുകൊണ്ട് ഇത് തൊള്ളായിരമോ എഴുന്നൂറോ ആയില്ല? ഈ പ്രത്യേക സീറ്റ് പരിധിയുടെ അടിസ്ഥാനം ആർക്കെങ്കിലും അറിയാമോ? യാതൊരു വ്യക്തതയുമില്ലാത്ത ഒരു മാനദണ്ഡം മുന്നോട്ട് വച്ചുകൊണ്ട്, അത് അന്ധമായി അംഗീകരിക്കണമെന്നാണ് സർക്കാർ പാർലമെന്റിനോട് ആവശ്യപ്പെട്ടത്. കൃത്യമായ കണക്കുകളോടെ, മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ വിശദീകരിച്ചു കൊണ്ട് സർക്കാർ ഒരു പ്രസ്താവനയെങ്കിലും നൽകേണ്ടതായിരുന്നു. അത് പോലും ചെയ്തിരുന്നില്ല. പ്രതിപക്ഷം ഇത്തരം വിമർശനങ്ങൾ ഗൗരവമായി ഉയർത്തിയിരുന്നുമില്ല.
വനിതാ സംവരണ നിയമം എന്ന ‘പുകമറ’
ജനങ്ങളെ കബളിപ്പിക്കാൻ വേണ്ടി വനിതാ സംവരണത്തെ ഇതിനിടയിലേക്ക് വലിച്ചിഴക്കുകയും ചെയ്തിരിക്കുകയാണ് സർക്കാർ. 2023ൽ പാസ്സാക്കിയതാണ് വനിതാ സംവരണ ബില്ല്. ഒരു ഭരണഘടനാ ഭേദഗതിയായി (128ആം ഭേദഗതി) അത് അവിടെ തന്നെ നിൽക്കുന്നുണ്ട്, എവിടെയും പോകുന്നില്ല. വനിതാ സംവരണം നടപ്പിലാക്കുന്നതിന് മുന്നോടിയായി എന്ന പേരിൽ ഇത്രയും തിരക്ക് പിടിച്ചു ലോക് സഭയിലെ അംഗ സംഖ്യ കൂട്ടുന്നത് എന്തിനാണ് എന്ന ചോദ്യം നിലനിൽക്കുകയാണ്.
മറ്റൊരു പ്രധാനപ്പെട്ട ഘടകം, രണ്ട് ആഴ്ചക്കുള്ളിൽ രാജ്യത്തെ രണ്ട് പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നു എന്നതാണ്. ബംഗാളും തമിഴ് നാടും. ഈ സമയത്ത് തന്നെ ഈ ബില്ല് പാസ്സാക്കിയെടുക്കാൻ ശ്രമിച്ചതും ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്.
യഥാർത്ഥത്തിൽ, ഈ ബില്ല് ഇപ്പോൾ പാസ്സാക്കേണ്ട അടിയന്തര സാഹചര്യം നിലനിൽക്കുന്നില്ല. കാരണം ഇപ്പോൾ പാസാക്കിയാലും വനിതാ സംവരണം 2029ന് ശേഷം മാത്രമേ നടപ്പിലാക്കാൻ സാധിക്കൂ. പിന്നെ എന്തിനാണ് ഈ ധൃതി? ഈ ചോദ്യത്തിനൊന്നും അവർക്ക് വ്യക്തമായ മറുപടിയില്ല.
മാത്രമല്ല, വനിതാ സംവരണം നടപ്പിലാക്കുന്നതിൽ ‘ഗണ്യമായ താമസം’ (considerable delay) ഉണ്ടാകുമെന്നാണ് അവർ തന്നെ പറഞ്ഞത്. സെൻസസും അനുബന്ധ പ്രക്രിയകളും പൂർത്തിയാക്കുന്നതിനായി എത്ര വർഷമെടുക്കുമെന്ന് യാതൊരു വ്യക്തതയും നൽകാതെ ഇങ്ങനെ പറയുന്നത് എന്ത് കൊണ്ടാണ്? പാർലമെന്റിന് ഇതറിയാനുള്ള അവകാശമില്ലെന്നാണോ?
ഏത് സെൻസസിന്റെ അടിസ്ഥാനത്തിൽ? നിയമങ്ങളും ഭേദഗതികളും കാറ്റിൽ പറത്തുമ്പോൾ
ഭരണഘടനയിലെ ആർട്ടിക്കിൾ 81 അനുസരിച്ച്, 2026ലെ സെൻസസിന് ശേഷം മാത്രമേ ഒരു മണ്ഡലപുനർ നിർണ്ണയ കമ്മീഷനെ നിയമിക്കാൻ സർക്കാരിന് സാധിക്കുകയുള്ളൂ. എന്നാൽ സർക്കാർ ഈ വ്യവസ്ഥയെ നീക്കം ചെയ്യുകയാണുണ്ടായത്.
പക്ഷെ സാങ്കേതിക പുരോഗതിയുടെ ഇന്നത്തെ ലോകത്ത്, ഒരു സെൻസസ് നടത്തുക എന്നത് ഇത്ര ബുദ്ധിമുട്ടുള്ള കാര്യമാണോ? ഒരു വർഷത്തിനുള്ളിൽ തന്നെ വേണമെങ്കിൽ നടപടികളൊക്കെ പൂർത്തിയാക്കാൻ സാധിക്കും.
ആത്യന്തികമായി, 28 സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സ്വീകാര്യമാകുന്ന, നീതിയുക്തമായ ഒരു സമവാക്യത്തിലെത്തുക എന്നത് മാത്രമാണ് അവർ ചെയ്യേണ്ടത്. ഇതിന് പത്തു വർഷമൊന്നും എടുക്കേണ്ട കാര്യമില്ല. എല്ലാം വളരെ പെട്ടെന്ന് ചെയ്യാൻ കഴിയുന്ന സാഹചര്യമാണ് ഇന്നുള്ളത്.
ഇതൊരു ‘ഉത്തരേന്ത്യൻ സർക്കാർ’ ആണ്
ഇതൊരു ഉത്തരേന്ത്യൻ സർക്കാരാണ് എന്നതാണ് അടിസ്ഥാനപരമായ പ്രശ്നം . ഉത്തരേന്ത്യൻ ജനതയുടെ ദുരിതങ്ങളും ആഗ്രഹങ്ങളും മാത്രം പ്രതിഫലിപ്പിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരു പാർട്ടിയാണ് ഈ സർക്കാരിനെ നയിക്കുന്നത്. കാബിനറ്റിലും ദക്ഷിണേന്ത്യൻ പ്രാതിനിധ്യം വേണ്ട വിധത്തിൽ ഇല്ല.
ജനസംഖ്യ അല്ലാതെ മറ്റൊരു മാനദണ്ഡം സാധ്യമല്ല
മണ്ഡല നിർണ്ണയത്തിന് ജനസംഖ്യയല്ലാതെ മറ്റൊരു മാനദണ്ഡം നിലവിലെ സാഹചര്യങ്ങളിൽ സാധ്യമല്ല. എല്ലാ സംസ്ഥാനങ്ങൾക്കും തുല്യ പ്രാതിനിധ്യം ലഭിക്കുന്ന സെനറ്റിന്റെ (യു എസ് സെനറ്റ്) മാതൃകയിൽ രാജ്യസഭയെ പരിഷ്ക്കരിക്കണം എന്ന് തുടങ്ങിയ നിർദ്ദേശങ്ങൾ പലരും മുന്നോട്ട് വയ്ക്കുന്നുണ്ട്. എന്നാൽ ഇതൊന്നും പ്രയോഗികമായി സാധ്യമല്ല. രാജ്യസഭയ്ക്ക് ഫലത്തിൽ അധികാരങ്ങളൊന്നും ഇല്ല.
മണ്ഡല പുനർ നിർണ്ണയ കമ്മീഷന്റെ അധികാരങ്ങൾ
കമ്മീഷനിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ, സുപ്രീം കോടതി ജഡ്ജ്, അഞ്ചു പാർലമെന്റ് അംഗങ്ങൾ, അഞ്ചു നിയമസഭ അംഗങ്ങൾ എന്നിവരാണ് ഉണ്ടാവുക . എന്നാൽ അംഗങ്ങൾക്ക് വോട്ടിങ് അവകാശങ്ങളോ, കമ്മീഷൻ കൈക്കൊണ്ട തീരുമാനങ്ങൾ മാറ്റാനുള്ള അധികാരമോ ഇല്ല. തെരഞ്ഞെടുപ്പ് കമ്മീഷണറുടെയും ജഡ്ജിയുടെയുമായിരിക്കും ഫലത്തിൽ തീരുമാനങ്ങൾ. ഈ സ്ഥാനങ്ങളിൽ ഇരിക്കുന്നവരെ പോലും ഭരണപക്ഷം സ്വാധീനിക്കുന്ന അവസ്ഥയും ഇപ്പോൾ നിലനിൽക്കുന്നുണ്ട്.
ഇങ്ങനെയാണ് ‘ഗെറിമാൻഡറിംഗ്’ (Gerrymandering) എന്ന പ്രക്രിയ നടക്കുന്നത്. തെരഞ്ഞെടുപ്പിൽ അന്യായമായ മേൽക്കൈ ലഭിക്കുന്നതിനായി, ഭരണത്തിലിരിക്കുന്ന പാർട്ടി തങ്ങൾക്ക് അനുകൂലമായി മണ്ഡലങ്ങളുടെ അതിരുകൾ പുനർനിർവചിക്കുന്നതിനെയാണ് ഗെറിമാൻഡറിംഗ് എന്ന് പറയുന്നത്.
എല്ലാ സംസ്ഥാനങ്ങൾക്കും നീതിയുക്തമായ രീതിയിൽ മണ്ഡല പുനർ നിർണയം നടത്തുക എന്നത് തന്നെയാണ് മണ്ഡല പുനർ നിർണയം നടപ്പിൽ വരുത്തുമ്പോൾ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
