FCRA ഭേദഗതി : ന്യൂനപക്ഷസ്ഥാപനങ്ങളുടെ സ്വത്ത് പിടിച്ചടക്കാനുള്ള സംഘപരിവാർ പദ്ധതിയോ? 

FCRA ഭേദഗതി : ന്യൂനപക്ഷസ്ഥാപനങ്ങളുടെ സ്വത്ത് പിടിച്ചടക്കാനുള്ള സംഘപരിവാർ പദ്ധതിയോ? 

സന്നദ്ധ സംഘടനകളുടെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ കേന്ദ്ര സർക്കാരിന് വമ്പിച്ച അധികാരങ്ങൾ നൽകുന്നതാണ് FCRA ഭേദഗതി ബിൽ. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ, വിശേഷിച്ചും ക്രൈസ്തവരെ ഈ ഭേദഗതി പ്രതികൂലമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

മാർച്ച് 25 ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ബിൽ (FCRA) വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. നിയമഭേദഗതിയെ എതിർത്ത് നിരവധി ക്രൈസ്തവ സഭകൾ ഇതിനകം തന്നെ മുന്നോട്ട് വന്നിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളെ നിയമം ബാധിക്കില്ലെന്ന് ബിജെപി നേതാക്കൾ പറയുമ്പോഴും, കേരളത്തിൽ FCRA രജിസ്ട്രേഷനുളളതിൽ 53.8 ശതമാനവും ക്രൈസ്തവ  സംഘടനകളാണ്. സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, ഇടത് – വലത് മുന്നണികൾ നിയമത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. 

ഇതിനിടയിൽ ഏപ്രിൽ 1 ന് ചേർന്ന ലോക്സഭ, കാര്യപരിപാടിയിൽ ബിൽ പരിഗണനയ്ക്കായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ FCRA ചർച്ച ചെയ്യേണ്ടെന്ന് അവസാന നിമിഷം കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിയിരുന്നു. രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ല, മറിച്ച് ‘നിയമനിർമ്മാണ മുൻഗണന’കൾ കണക്കിലെടുത്താണ് ചർച്ച മാറ്റി വെച്ചതെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Opposition leaders protest in front of Parliament against FCRA Bill 2026 and targeting of minority institutions
പ്രതിപക്ഷ എംപിമാർ FCRA ബില്ലിനെതിരെ പാർലമെന്റ് സമുച്ചയത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം. ഏപ്രിൽ ഒന്നിന് പകർത്തിയ ചിത്രം. /പിടിഐ

എന്താണ് എഫ് സി ആർഎ?

വിദേശ സംഭാവന നിയന്ത്രണത്തിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച നിയമമാണ് ഫോറിൻ കോണ്ട്രിബ്യൂഷൻ റെഗുലേഷൻ ആക്ട്. വ്യക്തികൾക്കോ സംഘടനകൾക്കോ ലഭിക്കുന്ന വിദേശ ധനസഹായങ്ങളുടെ മേൽനോട്ടത്തിനും അതിന്റെ വിനിയോഗം നിയന്ത്രിക്കുന്നതിനുമായാണ് നിയമം ഏർപ്പെടുത്തിയിരിക്കുന്നത്.

നിയുക്ത അതോറിറ്റി

2010 ലെ നിയമത്തിലെ സെക്ഷൻ 15 പുതുക്കിയതാണ് നിലവിൽ അവതരിപ്പിച്ച ഭേദഗതിയിലെ കാതലായ മാറ്റം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് FCRA രജിസ്ട്രേഷൻ അനുവദിക്കുന്നത്. പുതിയ ഭേദഗതിയനുസരിച്ച് FCRA രജിസ്ട്രേഷൻ റദ്ദായതോ താൽക്കാലികമായി തടഞ്ഞ് വച്ചിരിക്കുന്നതോ ആയ സംഘടനകളുടെ സ്വത്ത് കൈകാര്യം ചെയ്യാനായി ഒരു ‘നിയുക്ത അതോറിറ്റി’യെ കേന്ദ്ര സർക്കാരിന് നിയമിക്കാനാകും. രജിസ്ട്രേഷൻ മുടങ്ങുന്ന സംഘടനകളുടെ വിദേശ സംഭാവനകളും സ്വത്തും കൈവശം വയ്ക്കാനും ആവശ്യമെങ്കിൽ സംഘടനയുടെ നടത്തിപ്പിനായി സ്വത്ത് വിൽക്കാനും സർക്കാരിന് അധികാരം നൽകുന്നുണ്ട് 2010 ലെ നിയമം. എന്നാൽ സർക്കാരിന് എത്ര കാലം സ്വത്ത് കൈവശം വയ്ക്കാം എന്നതിനെപ്പറ്റി ഈ നിയമം വ്യക്തത നൽകുന്നില്ല. ഈ അവ്യക്തത പരിഹരിക്കലാണ് പുതിയ ഭേദഗതിയുടെ അടിസ്ഥാന ഉദ്ദേശ്യമെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം.

പുതിയ ഭേദഗതി FCRA നിയമത്തിലെ സെക്ഷൻ 15 പൂർണമായും മാറ്റിയെഴുതുകയാണ്. പുതിയ ബിൽ അനുസരിച്ച്, ഒരു സംഘടനയുടെ FCRA രജിസ്ട്രേഷൻ റദ്ദാവുകയോ, അവർ സ്വയം നിർത്തലാക്കുകയോ മറ്റേതെങ്കിലും കാരണത്താൽ മരവിക്കുകയോ ചെയ്താൽ, സംഘടനയ്ക്ക് ലഭിച്ച വിദേശ സംഭാവനകളുടെയും സ്വത്തുക്കളുടെയും നിയന്ത്രണം നിയുക്ത അതോറിറ്റിക്ക് ഏറ്റെടുക്കാനാവും. ആവശ്യമെങ്കിൽ, സംഘടനകളുടെ ദൈനംദിന നടത്തിപ്പിനായി അതോറിറ്റിക്ക് ഈ സ്വത്തുക്കൾ ഉപയോഗിക്കുകയും ചെയ്യാം.അതോറിറ്റി സ്വത്ത് നിയന്ത്രണമേറ്റെടുത്ത സംഘടനകൾക്ക് FCRA രജിസ്ട്രേഷൻ തിരികെ ലഭിക്കുന്ന പക്ഷം, ‘ഉപയോഗിക്കാത്ത’ സംഭാവനകളും മറ്റ് സ്വത്തുക്കളും തിരിച്ച് നൽകണമെന്നും പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നുണ്ട്.

Official document of The Foreign Contribution (Regulation) Amendment Bill, 2026, also known as Bill No. 97 of 2026, aimed at amending the FCRA Act, 2010
FCRA 2026 ബിൽ

എന്നാൽ ‘നിശ്ചിത സമയത്തി’നുള്ളിൽ വ്യക്തിക്കോ സംഘടനയ്ക്കോ FCRA രജിസ്ട്രേഷൻ പുതുക്കാനോ പുതുതായി രജിസ്റ്റർ ചെയ്യാനോ സാധിക്കാത്ത പക്ഷം സംഘടനയുടെ/വ്യക്തിയുടെ വിദേശ സംഭാവനകളും സ്വത്തും സ്ഥിരമായി കൈവശം വയ്ക്കാനും പുതിയ ഭേദഗതി സർക്കാരിന് അധികാരം നൽകുന്നു. ഇത്തരം സന്ദർഭങ്ങളിൽ നിയുക്ത അതോറിറ്റിക്ക് സ്വത്തുക്കൾ സംസ്ഥാന – കേന്ദ്ര സർക്കാരുകൾക്ക് കീഴിലെ ഏതെങ്കിലും മന്ത്രാലയത്തിനോ ഡിപ്പാർട്ട്മെൻറുകൾക്കോ മറ്റ് ഏജൻസികൾക്കോ കൈമാറാവുന്നതാണ്.

സന്നദ്ധ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികൾ

സെക്ഷൻ 15 ഭേദഗതിയാണ് പ്രധാനമായും വിമർശകർ ചൂണ്ടിക്കാട്ടുന്നത്. ഈ ഭേദഗതിയനുസരിച്ച് സംഘടനകൾക്ക് പ്രത്യേക പ്രോജക്ടുകൾക്കായോ സന്നദ്ധ പ്രവർത്തനങ്ങൾക്കായോ മാത്രം FCRA രജിസ്ട്രേഷൻ എടുക്കാൻ സാധിക്കില്ല. ഇത്തരത്തിൽ പ്രത്യേക ആവശ്യങ്ങൾക്ക് ശേഷം രജിസ്ട്രേഷൻ ഉപേക്ഷിച്ചാൽ ‘നിയുക്ത അതോറിറ്റി’ക്ക് സംഘടനയുടെ വിദേശ സ്വത്തുക്കൾ മുഴുവൻ ഏറ്റെടുക്കാൻ സാധിക്കും. ഇത് ധർമ്മ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് വിമർശകർ വിലയിരുത്തുന്നു.

“വിദേശ ധനസഹായമുപയോഗിച്ച് നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക് മാത്രമേ നിയമം അപകടമുണ്ടാക്കൂ” എന്നാണ് ബിൽ അവതരിപ്പിച്ചു കൊണ്ട് ആഭ്യന്തരകാര്യ സഹ മന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ പറഞ്ഞത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യമൊട്ടാകെ ക്രിസ്ത്യൻ പുരോഹിതർക്കും മതവിശ്വാസികൾക്കും നേരെ ഒട്ടനവധി അതിക്രമങ്ങൾ നടന്നിട്ടുണ്ട്. നിർബന്ധിത മതപരിവർത്തനമാരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകൾ ഛത്തിസ്ഗഡിൽ അറസ്റ്റിലായത് കഴിഞ്ഞ വർഷം ജൂലൈയിലാണ്. പിന്നീട് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ആഗസ്റ്റിൽ ഇവർക്ക് എൻഐഎ (NIA) കോടതി ജാമ്യം അനുവദിച്ചിരുന്നു. 

Catholic nuns Sister Preethi Mary and Sister Vandana Francis; impact of FCRA Bill 2026 on minority institutions in India.
ഛത്തിസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും

എന്നാൽ പുതിയ നിയമഭേദഗതി അപകടത്തിലാക്കുന്നത് രാജ്യത്ത് സന്നദ്ധ സംഘടനകളുടെ സഹായത്താൽ ജീവിക്കുന്ന വലിയ വിഭാഗം മനുഷ്യരെയാണെന്ന് വിമർശകർ പറയുന്നു.

“രാജ്യത്തെ ഒട്ടനവധി ഡയാലിസിസ് സെന്ററുകളും കുഷ്ഠരോഗ പരിചരണ കേന്ദ്രങ്ങളും നടത്തുന്നത് വിവിധ സന്നദ്ധ സംഘടനകളാണ്. ഇതിൽ ക്രിസ്ത്യൻ ആരാധനാലയങ്ങളുടെ നേതൃത്വത്തിലുള്ളതും അല്ലാത്തതുമായ സംഘടനകളുണ്ട്. ഇവയിൽ വലിയ വിഭാഗവും പ്രവർത്തിക്കുന്നത് വിദേശത്തുള്ള മനുഷ്യരുടെ സഹത്താലാണ്. FCRA നിയമ ഭേദഗതി നേരിട്ട് ബാധിക്കുന്നത് ഈ പാവം മനുഷ്യരെയാണ്” ഫാദർ ജോസ് വൈലിക്കോടത്ത് ഒബിസിയോട് (OBC) പറഞ്ഞു. അതിരൂപത സംരക്ഷണ സമിതിയുടെ പബ്ലിക് റിലേഷൻ ഓഫീസർ (P.R.O) ആണ് ഫാദർ ജോസ്.

2020 ലെ പരിഷ്കരണത്തിന് ശേഷം തന്നെ FCRA നിയമം കർശനമാണെന്നും അതിന് മുകളിൽ ഇപ്പോൾ കൊണ്ട് വരുന്ന ഭേദഗതി ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യം വച്ച് മാത്രമാണെന്നും അദ്ദേഹം കൂട്ടിചേർത്തു.

FCRA: അടിയന്തിരാവസ്ഥ മുതൽ ഇത് വരെ

1976 ൽ അടിയന്തിരാവസ്ഥ കാലത്താണ് ആദ്യമായി FCRA നിയമം പാസ്സാക്കിയത്. വിദേശ ശക്തികൾ സ്വതന്ത്ര സംഘടനകൾ വഴി പണമൊഴുക്കി രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ  ഇടപെടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യം ഈ നിയമം പാർലമെന്റിൽ അവതരിപ്പിച്ചത്

2010 ൽ മൻമോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് നിയമം പുനരാവിഷ്കരിച്ചു. 2010 ലെ നിയമമനുസരിച്ച് രാജ്യത്തെ എൻജിഒകൾക്കോ (NGO) സമാന സ്വഭാവമുള്ള മറ്റ് സംഘടനകൾക്കോ വിദേശ ധനസഹായം കൈപ്പറ്റുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രത്യേകം രജിസ്റ്റർ ചെയ്തിരിക്കണം. ആവശ്യം മുൻനിർത്തി ഈ സംഭാവനകളെ, സാംസ്കാരികം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം, മതപരം എന്നിങ്ങനെ അഞ്ചായി തിരിച്ചിട്ടുണ്ട്. മോദി സർക്കാരിന്റെ കാലത്ത് 2016, 2018, 2020 വർഷങ്ങളിൽ ഈ നിയമം ഭേദഗതി ചെയ്തിട്ടുണ്ട്.

രജിസ്ട്രേഷനിലെ കർശന നിബന്ധനകൾ

FCRA നിയമത്തിലെ പതിനാലാം വകുപ്പും പുതിയ ഭേദഗതിയിൽ ഉൾപ്പെടുന്നു. ‘നിയുക്ത അതോറിറ്റി’ക്ക് സംഘടനകളുടെ ചുമതലയേറ്റെടുക്കാൻ കൂടുതൽ അധികാരം നൽകുകയാണ് ഈ ഭേദഗതി ചെയ്യുന്നത്. സെക്ഷൻ 14 ഭേദഗതി രജിസ്ട്രേഷൻ പ്രക്രിയകളെ കൂടുതൽ കർശനമാക്കുന്നു. പുതിയ നിർദ്ദേശമനുസരിച്ച് മൂന്ന് കാരണങ്ങളാൽ ഒരു സംഘടനയുടെ FCRA രജിസ്ട്രേഷൻ റദ്ദായതായി കണക്കാക്കാം. 

  • പുതുക്കാനുള്ള അപേക്ഷ നൽകിയിട്ടില്ലെങ്കിൽ 
  • പുതുക്കാനുള്ള അപേക്ഷ നിരസിക്കപ്പെട്ടാൽ 
  • നിലവിലെ കാലാവധിക്ക് മുൻപ് രജിസ്ട്രേഷൻ പുതുക്കി കിട്ടിയില്ലെങ്കിൽ

പുതിയ ഭേദഗതി ലോക്സഭയിൽ അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ നിരവധി സംഘടനകളുടെ FCRA രജിസ്ട്രേഷൻ പുതുക്കി നൽകാതിരിക്കുന്നുണ്ടെന്നും ഫാദർ ജോസ് വൈലിക്കോടത്ത് ഒബിസിയോട് പറഞ്ഞു.  FCRA വെബ്സൈറ്റ് വിവരങ്ങൾ പ്രകാരം, ഈ വർഷം ഇതുവരെ ആകെ 36 സംഘടനകൾക്കേ FCRA രജിസ്ട്രേഷൻ അനുവദിച്ചിട്ടുള്ളൂവെന്ന് ഞങ്ങൾ കണ്ടെത്തി. ഏപ്രിൽ മൂന്ന് വരെയുള്ള കണക്കുകളാണിത്. ഇതിൽ ഹിന്ദു മതസംഘടനകൾ അഞ്ചെണ്ണമാണ്. ക്രിസ്ത്യൻ മതസംഘടനയായി രജിസ്റ്റർ ചെയ്ത ഒന്നുപോലും ഈ ലിസ്റ്റിലില്ല. സാധാരണയായി ഏതെങ്കിലും മതവുമായി ബന്ധപ്പെട്ട സംഘടനകൾ ആ മതത്തെപ്പറ്റി രജിസ്ട്രേഷനിൽ പരാമർശിക്കാറുണ്ട്. 

ഈ വർഷം ലഭിച്ച മൊത്തം അപേക്ഷകളുടെ എണ്ണമോ മറ്റ് വിവരങ്ങളോ വെബ്സൈറ്റിൽ ലഭ്യമല്ല. 2025 ൽ മൊത്തം 444 സംഘടനകൾക്ക് രജിസ്ട്രേഷൻ അനുവദിച്ചിട്ടുണ്ട്. അഞ്ച് വർഷത്തേക്കാണ് സംഘടനകൾക്ക് ആഭ്യന്തര മന്ത്രാലയം FCRA രജിസ്ട്രേഷൻ നൽകുക.

നിയമ ഭേദഗതിയിലെ ആശങ്കകളറിയിച്ച് ബിഷപ്പുമാരുടെ സംഘടനയായ സിബിസിഐ (Catholic Bishops’ Conference in India, CBCI) കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മെമ്മോറാണ്ടം അയച്ചിട്ടുണ്ട്. കോടതി വിധി പോലും കാത്ത് നിൽക്കാതെ നിയുക്ത അതോറിറ്റി സ്വത്ത് പിടിച്ചെടുക്കുന്നത് നീതിയുക്തമായ നടപടിക്രമങ്ങളുടെ ലംഘനമാണെന്ന് സിബിസിഐ ചൂണ്ടിക്കാട്ടുന്നു. നിയമപരമായി, സാമൂഹ്യ സേവനത്തിലൂടെ ആർജിച്ച  സ്വത്തുക്കൾ മുഴുവൻ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇതുണ്ടാക്കുന്നതെന്നും ഇവർ പറയുന്നു. 

ക്രൈസ്തവ സഭകളുടെ എതിർപ്പ്

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിൽ FCRA നിയമഭേദഗതിക്ക് വലിയ രാഷ്ട്രീയമാനം കൈവരുന്നുണ്ട്. സംസ്ഥാനത്തെ മൊത്തം വോട്ടർമാരുടെ 18 ശതമാനത്തോളം വരുന്ന ക്രിസ്ത്യൻ സമൂഹത്തെ വിഷയം സ്വാധീനിക്കുന്നത് ബിജെപി ക്ക് പ്രതികൂലമായി വന്നേക്കാം. കേരളത്തിൽ ക്രിസ്ത്യൻ വോട്ടുകൾ സമാഹരിക്കാൻ ബിജെപി കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടത്തുന്ന ഇടപെടലുകൾക്ക് ഒരു തിരിച്ചടിയാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം.

“രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന എന്തെങ്കിലും ക്രിസ്ത്യൻ സമൂഹത്തിലുണ്ടെങ്കിൽ അത് വ്യക്തമാക്കണം” എന്നാണ് ബില്ലിനോട് പ്രതികരിച്ച് കൊണ്ട് സിറിയൻ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച്ബിഷപ്പ് ബസേലിയസ് കർദിനാൾ ക്ലീമിസ് ദ ഹിന്ദു വിനോട് പറഞ്ഞത്. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ നേതാക്കൾ ഇതിനകം തന്നെ ബില്ലിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബിജെപി സംസ്ഥാന നേതൃത്വം ബില്ലിനെ  പിന്തുണക്കുന്ന നിലപാട് തന്നെയാണ് എടുത്തിട്ടുള്ളത്.

‘ഒരു വർഷം പതിനായിരം FCRA അപേക്ഷകൾ വരുന്നതിൽ 3000 എണ്ണം മാത്രമാണ് ന്യൂനപക്ഷ സമുദായങ്ങളുടേത്. അപ്പോ ഈ നിയമം എങ്ങനെയാണ് ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്ക്കുന്നതെന്ന്’ ചോദ്യമുയർത്തിക്കൊണ്ട് കേന്ദ്ര ഫിഷറീസ് – മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജോർജ് കുര്യൻ ബില്ലിനെ ന്യായീകരിക്കുന്നു. എന്നാൽFCRA വെബ്സൈറ്റിലെ തന്നെ കണക്കുകളെടുത്താൽ വിദേശസംഭാവനയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളുടെ എണ്ണം ഒട്ടും കുറവല്ല എന്ന് കാണാം.

കണക്കുകളനുസരിച്ച് 2026 ഏപ്രിൽ മൂന്ന് വരെ കേരളത്തിൽ FCRA രജിസ്ട്രേഷൻ ഉള്ള ആകെ സംഘടനകളുടെ എണ്ണം 1015 ആണ്. ഇതിൽ ഏതാണ്ട് 547 സംഘടനകളും ക്രൈസ്തവ സംഘടനകളാണ്. അതായത്, കേരളത്തിൽ  FCRA രജിസ്‌ട്രേഷനുള്ള സംഘടനകളിൽ 53.8 ശതമാനം. ഇതിൽ ഏറിയ പങ്കും എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലായാണ് സ്ഥിതി ചെയ്യുന്നത്. ക്രൈസ്തവ സഭകളുടെ പരോക്ഷ സഹായത്താൽ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങൾ വേറെയുമുണ്ട്. ഇത് കൂടി കണക്കാക്കിയാൽ FCRA രജിസ്ട്രേഷൻ ഉള്ള സംഘടനകളുടെ ബഹുഭൂരിപക്ഷവും ക്രൈസ്തവ  സംഘടനകളാണെന്ന് പറയേണ്ടി വരും.

“പ്രതിപക്ഷ പാർട്ടികളുടെ കള്ള പ്രചരണം കാരണം FCRA ബില്ലിനെ പറ്റി ചില തെറ്റായ വിവരങ്ങൾ നിലനിൽക്കുന്നുണ്ട്. ആരെയാണ് നിയമം ബാധിക്കുന്നത് എന്ന് ആദ്യം ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് സർക്കാർ അംഗീകരിച്ചു.” എന്നാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പുറത്തിറക്കുന്ന ചടങ്ങിൽ സംസ്ഥാനാധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞത്. 

ബിൽ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. നിലവിലെ നിയമത്തിൽ ആവശ്യമായ വ്യവസ്ഥകളെല്ലാമുണ്ടെന്ന് കത്തിൽ പറയുന്നു. പുതിയ ഭേദഗതിയനുസരിച്ച്, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് രജിസ്ട്രേഷൻ പുതുക്കൽ തടഞ്ഞ് വയ്ക്കാമെന്നും ഇതുവഴി സംഘടനകൾക്ക് അവരുടേതല്ലാത്ത കാരണത്താൽ രജിസ്ട്രേഷൻ നഷ്ടപ്പെടാമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. 

പുതിയ ബിൽ സന്നദ്ധ സംഘടനകളെയും മറ്റ് ക്ഷേമ സംഘടനകളെയും കേന്ദ്ര സർക്കാരിന്റെ കാരുണ്യത്തിന് വിട്ട് കൊടുക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

എന്ത്കൊണ്ട് ഭേദഗതി?

നിലവിൽ ലോക്സഭയിലവതരിപ്പിച്ച നിയമഭേദഗതിയിൽ ബില്ലിന്റെ കാരണങ്ങളും ലക്ഷ്യങ്ങളും (Statement of Objects and Reasons) വിശദീകരിച്ചിട്ടുണ്ട്. നിലവിലെ നിയമത്തിൽ രജിസ്ട്രേഷൻ റദ്ദാവുന്ന/ഉപേക്ഷിക്കുന്ന സംഘടനകളുടെ സ്വത്തിനെ സംബന്ധിച്ച് ‘സമഗ്രമായ ഒരു ചട്ടക്കൂടി’ന്റെ അഭാവമുണ്ടെന്ന് ബില്ല് വിലയിരുത്തുന്നു. ഇതാണ് പുതിയ ഭേദഗതി അവതരിപ്പിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. ചുമത്തുന്ന പിഴകളിലെ പൊരുത്തക്കേട്, സംഭാവനകൾ വിനിയോഗം ചെയ്യുന്നതിനുള്ള സമയപരിധിയുടെ അഭാവം എന്നിവയും ഭേദഗതിയിലെ ഈ വിഭാഗത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 

മാർച്ച് 25 ന് അവതരിപ്പിച്ച ഭേദഗതിയിൽ പറയുന്നതനുസരിച്ച് നിലവിൽ 16,000 സംഘടനകളാണ് FCRA ക്ക് കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്രയും സംഘടനകളിലായി 22,000 കോടി രൂപയും രാജ്യത്തെത്തിയിട്ടുണ്ട്. എന്നാൽ വെബ്സൈറ്റ് വിവരങ്ങളനുസരിച്ച് ഏപ്രിൽ മൂന്ന് വരെ 14,965 സംഘടനകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

നേരത്തെ 2020 ൽ കൊണ്ട് വന്ന ഭേദഗതിയും സംഘടനകളെ കാര്യമായി ബാധിച്ചിരുന്നു. ഈ ഭേദഗതിക്ക് മുൻപ്, വിദേശ ഫണ്ടിന്റെ പരമാവധി അൻപത് ശതമാനം വരെ ഭരണ നിർവഹണ കാര്യങ്ങൾക്കായി സംഘടനകൾക്ക് ഉപയോഗിക്കാമായിരുന്നു. ജീവനക്കാരുടെ വേതനം, യാത്ര ചെലവുകളുൾപ്പെടെയുള്ളതാണ് ഭരണനിർവഹണ ചെലവുകൾ. എന്നാൽ 2020 ലെ ഭേദഗതി ഇത് 20 ശതമാനമായി പരിമിതപ്പെടുത്തി. ജീവനക്കാരുടെ എണ്ണവും വേതനവും കുറക്കാൻ സന്നദ്ധ സംഘടനകൾ നിർബന്ധിതമാകുന്ന ഒരു സാഹചര്യമാണ് ഇത് മൂലം ഉണ്ടായത്.

എതിർ ശബ്ദങ്ങളെ അടിച്ചമർത്താനായി കേന്ദ്ര സർക്കാർ FCRA നിയമം ഉപയോഗിക്കുന്നുവെന്ന് നേരത്തെയും ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ലഡാക്കിലെ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ‘സെംകോൾ’ (SEMCOL) എന്ന സംഘടനയുടെ FCRA രജിസ്ട്രേഷൻ കേന്ദ്ര സർക്കാർ റദ്ദാക്കി. ലഡാക്കിന് ഭരണഘടനയിൽ പ്രതിപാദിച്ചിട്ടുള്ള ആറാം ഷെഡ്യൂൾ പദവി തിരിച്ച് നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ ദേശീയ സുരക്ഷാ നിയമം (NSA) ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനയുടെ FCRA റദ്ദാക്കിയത്.

Sonam Wangchuk, Ladakhi environmental activist whose NGO SEMCOL faced FCRA registration cancellation.
സോനം വാങ്ചുക്ക്

2022 ൽ രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ രജിസ്ട്രേഷനും ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു. കേന്ദ്ര സർക്കാർ കണക്കുകൾ പ്രകാരം 2017 മുതൽ 2022 വരെ ആകെ 6677 സംഘടനകളുടെ FCRA രജിസ്ട്രേഷനാണ് റദ്ദാക്കിയിട്ടുള്ളത്.

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (FCRA) ഭേദഗതികൾ സന്നദ്ധ സംഘടനകളുടെ പ്രവർത്തന സ്വാതന്ത്ര്യം വെട്ടിച്ചുരുക്കുന്നു. ക്രിസ്ത്യൻ പള്ളികളുമായും സഭകളുമായും നിരന്തരം ബന്ധം പുലർത്തി ക്രിസ്ത്യൻ വോട്ടുബാങ്ക് ലക്ഷ്യം വയ്ക്കുന്ന ബിജെപിയുടെ ഉള്ളിലിരുപ്പ് വ്യക്തമാക്കുന്നതാണ് ലോക്സഭയിൽ അവതരിപ്പിച്ച FCRA ബിൽ. 

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top