
ആസ്ട്രോടോക്ക് എന്ന ‘ഹൈ ടെക്ക് കൈനോട്ടം’: കോടികൾ ലാഭം കൊയ്യുന്ന നവ ജ്യോതിഷം
ആസ്ട്രോടോക്കിന്റെ പരസ്യം കാണാത്തവർ ആരുമുണ്ടാകില്ല. അപർണ ബാലമുരളിയും മമ്ത മോഹൻദാസും രൺബീർ കപൂറുമൊക്കെ ആസ്ട്രോടോക്കിന്റെ ഗുണങ്ങളുമായി നമ്മുടെ മുന്നിലെത്തുന്നു. കുറഞ്ഞ കാലങ്ങൾക്കുള്ളിൽ കോടികൾ ലാഭമുണ്ടാക്കിയ ഈ ഹൈടെക്ക് ജ്യോതിഷ ബിസിനസിന് പിറകിൽ ആരാണ്? അൽഗോരിതം ഭേദിക്കുന്ന പരസ്യ തന്ത്രങ്ങളിലൂടെ കരിയർ ഗൈഡൻസ് മുതൽ മാനസികാരോഗ്യ പ്രശ്നങ്ങൾ വരെ കൈകാര്യം ചെയ്യുന്ന ഇത്തരം പ്ലാറ്റുഫോമുകൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ എന്തൊക്കെ?
ബുക്ക് ചെയ്യേണ്ട, കാത്തിരിക്കേണ്ട, ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് വെറും ജനന തിയതി മാത്രം പറഞ്ഞു കൊടുത്താൽ മതി, നിങ്ങളുടെ പ്രശ്‌നങ്ങൾക്കെല്ലാം ഉടന്‍ പരിഹാരമാകും, അതും ഇരുന്നയിടത്തിരുന്ന്. ആദ്യത്തെ ചാറ്റ് തികച്ചും സൗജന്യം. ഒന്നില്‍ കൂടുതല്‍ പ്രശ്നങ്ങളുള്ളവര്‍ക്ക് പണം കൊടുക്കേണ്ടി വരും. പ്രശ്ന പരിഹാരത്തിനായി ചാറ്റിംഗ് തുടരണമെങ്കില്‍ പണം കൊടുത്തുകൊണ്ടേയിരിക്കണം.
ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍, സാമ്പത്തിക ഞെരുക്കത്തിനുള്ള പരിഹാര മാർഗങ്ങൾ, വിവാഹ ബന്ധത്തിലെ തകരാറുകൾ തുടങ്ങി ജോലി എപ്പോൾ ലഭിക്കും, ഉള്ള ജോലി എപ്പോൾ പോകും, കോടിക്കണക്കിന് പൈസ നമ്മുടെ കയ്യിൽ എപ്പോൾ വരുമെന്നൊക്കെ പ്രവചിക്കുന്ന ഒരു ന്യൂജൻ ആസ്ട്രോളജി ആപ്പ്. 12 കോടിയില്‍ കൂടുതലാളുകളാണ് ആപ്പിന്റെ കസ്റ്റമേഴ്‌സ് എന്നാണ് ആപ്പ് തന്നെ അവകാശപ്പെടുന്നത്. പ്രശസ്ത സിനിമാതാരങ്ങളാണ് ഇതിന്റെ പരസ്യ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യയുടെ ഏറ്റവും പ്രിയങ്കരമായ ആസ്‌ട്രോളജി ആപ്പ് എന്ന ബ്രാൻഡിങ്ങിലൂടെ സോഷ്യൽ മീഡിയ ഫീഡുകളിൽ നിറഞ്ഞു നിൽക്കുന്ന ആസ്ട്രോടോക്ക് ആപ്പാണ് ഇപ്പോൾ ചർച്ചാവിഷയം.
ചെറുപ്പക്കാരെ ലക്ഷ്യമിട്ട് ഹൈടെക്ക് ജ്യോതിഷം
ആപ്ലിക്കേഷന്റെ മൊത്തം ഉപഭോക്താക്കളില്‍ എഴുപത് ശതമാനത്തിലധികവും 18 മുതല്‍ 35 വയസ് വരെയുള്ളവര്‍. അവര്‍ സോഷ്യല്‍ മീഡിയയില്‍ സ്ക്രോള്‍ ചെയ്യുന്നതുപോലെ തന്നെ ജാതകം നോക്കുകയും കണ്‍സള്‍ട്ടേഷന്‍ ബുക്ക് ചെയ്യുകയും ചെയ്യുന്നു. മാനസികാരോഗ്യത്തെക്കുറിച്ചുള്ള മനുഷ്യരുടെ ആശങ്കകൾ പോലും അവിടെ മാർക്കറ്റ് ചെയ്യപ്പെടുന്നു.
മനുഷ്യന്റെ ഭയത്തെയും ആകാംക്ഷയെയും ആഗ്രഹങ്ങളേയും വിൽപ്പനയ്ക്ക് വയ്ക്കുന്ന ആസ്ട്രോടോക്ക് എന്ന ജ്യോതിഷ ആപ്പ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്? കോടിക്കണക്കിന് കസ്റ്റമേഴ്‌സിനെ ആകർഷിക്കുന്ന എന്തെല്ലാം ‘പ്രവചനങ്ങളാണ്’ ആപ്പ് നടത്തുന്നത്? എന്താണ് ഈ ആപ്പിന്റെ ബിസിനസ്സ് മോഡൽ?
ബിരുദം എൻജിനീയറിങ്ങിൽ; ബിസിനസ്സ് ജ്യോതിഷം
2017 ഒക്ടോബർ 18 നാണ് ആസ്ട്രോടോക്ക് ആരംഭിക്കുന്നത്. ചണ്ഡീഗഢിലെ പി.ഇ.സി യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ (PEC) നിന്നുമുള്ള എൻജിനീയറിങ് ബിരുദധാരിയായ പുനീത് ഗുപ്ത എന്ന ചെറുപ്പക്കാരനാണ് ഇതിന് പിന്നിൽ.
എങ്ങനെയാണ് ജ്യോതിഷത്തിലേക്ക് എത്തിയതെന്ന എല്ലാവരുടെയും ചോദ്യങ്ങൾക്കുള്ള ഉത്തരം പുനീത് ഗുപ്‌ത, തന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ പങ്ക് വെച്ചിട്ടുണ്ട്. You don’t choose Astrology, Astrology chooses you. നിങ്ങൾ ജ്യോതിഷത്തെ തിരഞ്ഞെടുക്കുകയല്ല, ജ്യോതിഷം നിങ്ങളെ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്’ പുനീത് പ്രൊഫൈലിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു.
നാടകീയമായ രണ്ട് ജീവിതകഥകൾ
എങ്ങനെ ജ്യോതിഷ ബിസിനസ്സിലേക്കെത്തി എന്നത് സംബന്ധിച്ച് നാടകീയമായ ഒരു കഥ തന്നെ പറയുന്നു പുനീത്. അന്താരാഷ്ട്ര ബാങ്കിംഗ് – ഫിനാൻഷ്യൽ സർവീസ് ഗ്രൂപ്പുകളിൽ ഒന്നായ ബിഎൻപി പാരിബസില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് പുനീത്, സുഹൃത്തുമായുള്ള പാർട്ണർഷിപ്പിൽ ഒരു ഐടി സർവീസ് കമ്പനി തുടങ്ങാൻ തീരുമാനിക്കുന്നത്. ഏറെ പണിപ്പെട്ടുകിട്ടിയ ബിഎൻപി പാരിബസിലെ ജോലി രാജിവയ്ക്കുന്നതിനു മുൻപായി, തുടങ്ങാനിരിക്കുന്ന ബിസിനസിന്റെ ഭാവിയെക്കുറിച്ച് പലകുറി ആലോചിച്ചുവെന്ന് പുനീത് പറയുന്നു. രാജിക്കത്തും കയ്യിൽ പിടിച്ച് ആശങ്കയിലിരിക്കുമ്പോഴാണ് ഒരു സഹപ്രവർത്തക പുനീതിനെ സഹായിക്കാൻ എത്തുന്നത്. അത്യാവശ്യം ജ്യോതിഷവും വശമുണ്ടായിരുന്ന സുഹൃത്ത്, പുനീതിന്റെ തുടങ്ങാനിരിക്കുന്ന ബിസിനസിനെ കുറിച്ച് ഒരു പ്രവചനം നടത്തിയത്രേ. അടുത്ത രണ്ടു വർഷം ഐ ടി ബിസിനസിന് വളരെ അനുകൂലമായ സമയമാണെന്നാണ് ആ സുഹൃത്ത് പറഞ്ഞത്.
പുനിതിന്റെ ബിസിനസ്സ് പങ്കാളി രണ്ട് വർഷത്തിന് ശേഷം വിട്ടുപോകുമെന്നും, അതിനുശേഷം ബിസിനസ്സ് മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമായിരിക്കുമെന്നും അവർ പ്രവചിച്ചു. എന്നാൽ, പുനീത് സഹപ്രവർത്തകയുടെ ‘പ്രവചനത്തെ’ പരിഹസിച്ചുകൊണ്ട് കമ്പനിയിൽ നിന്നും രാജിവച്ച് ഐഐടിയിൽ കൂടെ പഠിച്ച ഒരു സുഹൃത്തുമായി ചേർന്ന് 2015 ൽ ഒരു സംരഭം തുടങ്ങുകയും ചെയ്തു.

ആദ്യ വർഷം മികച്ച ലാഭത്തോടെ കമ്പനി മുന്നോട്ടുപോയിരുന്നുവെങ്കിലും 2017 മാർച്ചോടെ സുഹൃത്ത് കമ്പനിയുടെ പാർട്ണർഷിപ്പിൽ നിന്നും പിന്മാറിയെന്ന് പുനീത് പറയുന്നു. ഈ സാഹചര്യത്തിൽ പഴയ സഹപ്രവർത്തക നടത്തിയ ആ പ്രവചനത്തെക്കുറിച്ച് പുനീതിന് ഓർമ്മ വന്നു. സഹപ്രവർത്തക രണ്ടു വർഷം മുൻപ് പറഞ്ഞ കാര്യങ്ങൾ അതേപടി ജീവിതത്തിൽ നടന്നപ്പോൾ പുനീതിന് ജ്യോതിഷത്തിൽ വിശ്വാസം വന്നതായാണ് പുനീതിന്റെ അവകാശവാദം.
ഉടനെ ജ്യോതിഷ മേഖലയിൽ ഒരു പ്രൊഡക്റ്റ് തുടങ്ങുന്നതിനെ കുറിച്ച് പുനീത് ആലോചിച്ചു. ഒരു മാസത്തിനുള്ളിൽ ആസ്ട്രോടോക്കിന്റെ ഒരു പ്രാരംഭ പതിപ്പ് ലോഞ്ച് ചെയ്തു. അതിനായി ഒരു പ്രത്യേക ടെക്നോളജി – ഓപ്പറേഷൻസ് ടീമിനെയും നിയോഗിച്ചു. ആസ്ട്രോടോക്കിന്റെ സ്ഥാപകനും സി.ഇ.ഒയുമായ പുനീത് ഗുപ്ത ഒരു ലക്ഷത്തിലധികം ഫോളോവെർസ് ഉള്ള തന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിൽ ഇങ്ങനെയൊരു കഥ വിശദമായി തന്നെ എഴുതിയിരിക്കുന്നു.

എന്നാൽ പുനീത് ഗുപ്‌ത മറ്റൊരു പ്ലാറ്റ്ഫോമില്‍ ഇതിൽ നിന്ന് വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്. ധനികയായിരുന്ന ഒരു പെൺകുട്ടിയുമായി പുനീത് പ്രണയത്തിലായിരുന്നു എന്നും തനിക്ക് പണമില്ലാത്തതിന്റെ പേരിൽ ആ ബന്ധം പിന്നീട് തകർന്നു പോയെന്നും ആ പ്രതികാരത്തിലാണ് ആസ്ട്രോടോക്ക് തുടങ്ങിയത് എന്നുമാണ് മറ്റൊരു കഥ. പുനീത് ഗുപ്ത തന്നെ Quora.com ൽ പങ്കുവെച്ച സ്വന്തം ‘ജീവിതകഥ’യിലാണ് ഇക്കാര്യം വിവരിക്കുന്നത്.

ആസ്ട്രോ ടോക്കിന്റെ ബിസിനസ്സ് മോഡൽ
ജ്യോതിഷോപദേശങ്ങൾ ആളുകൾക്ക് എത്തിച്ചു നൽകുന്ന ഒരു പ്ലാറ്റ്ഫോമായാണ് ആസ്ട്രോടോക്ക് ആദ്യം അവതരിപ്പിക്കപ്പെടുന്നത്. പിന്നീട്, ജ്യോതിഷികളുമായുള്ള തത്സമയ ചാറ്റുകൾ, ജാതകം കൈമാറിയുള്ള പ്രവചനങ്ങൾ എന്നിവ ചെയ്യുന്ന ആപ്പ് തുടങ്ങി. പ്രണയം, കരിയര്‍ തീരുമാനങ്ങൾ, വ്യക്തിഗത പ്രശ്നങ്ങൾ എന്നിവയ്ക്കും ഉപദേശങ്ങൾ നൽകാൻ തുടങ്ങി. ലോകമെമ്പാടുമുള്ള ഏറ്റവും വിശ്വസനീയമായ ജ്യോതിഷ ആപ്പുകളിൽ ഒന്നാണ് ആസ്ട്രോടോക്ക് എന്നാണ് അവകാശവാദം.
13,000 ൽ അധികം ജ്യോതിഷികൾ, ടാരറ്റ് റീഡർമാർ, ന്യൂമറോളജിസ്റ്റുകൾ, വാസ്തു വിദഗ്ദ്ധർ എന്നിവർ ഇതിലുൾപ്പെടുന്നു. വിവാഹത്തിലും കരിയറിലും ആരോഗ്യം സംബന്ധിച്ച വിഷയങ്ങളിലും തങ്ങൾ കൃത്യമായ പ്രവചനം നടത്തുമെന്നും ഇവർ പറയുന്നു.

ജീവിത വിജയത്തിനായി ജ്യോതിഷമാർഗം തേടുന്നവർക്കായി ഒരു കൂട്ടായ്മ സൃഷ്ടിക്കുക എന്നതാണത്രേ ആസ്ട്രോടോക്ക് മിഷൻ. ഇതില്‍ പ്രശ്ന പരിഹാരം നടത്തുന്നവര്‍ അംഗീകൃത ജ്യോതിഷികളാണെന്നും ഇവർ അവകാശപ്പെടുന്നു. ആസ്ട്രോടോക്ക് ഡോട്ട് കോമിലെ വിവരങ്ങൾ ഇങ്ങനെ.

24 മണിക്കൂർ സേവനം 13 ഭാഷകളിൽ
ഒരു ലക്ഷത്തില്‍ കൂടുതല്‍ മിനിട്ടുകളാണ് ആസ്ട്രോടോക്കിൽ നടക്കുന്ന പ്രതിദിന കൺസൾട്ടേഷന്‍. ലൈവ് സെഷനുകളിലൂടെയാണ് ജാതക പരിശോധനകളും രാശിഫലങ്ങളും ഇവര്‍ അറിയിക്കുന്നത്. ഇപ്പോള്‍ 13 പ്രാദേശിക ഭാഷകളില്‍ സേവനം നടത്തുന്നു. അനുയോജ്യമായ ഭാഷ തെരഞ്ഞെടുത്ത് ഏത് ജ്യോതിഷിയോടും ലൈവ് ചാറ്റ് ചെയ്യാം, 24 മണിക്കൂറും ആപ്പിന്റെ ‘സേവനം’ നടക്കുന്നു.
പ്ലേ സ്റ്റോറില്‍ അഞ്ചു കോടിയിലധികം പേരാണ് അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്തതായി കാണുന്നത്. 15 ലക്ഷത്തിലധികം പേര്‍ റിവ്യൂ രേഖപ്പെടുത്തിയിട്ടുണ്ട്.
‘ആത്മീയ ഉൽപ്പന്നങ്ങൾ’ക്ക് ഓൺലൈൻ സ്റ്റോർ
ജ്യോതിഷ ഉപദേശം കൂടാതെ, വിവിധ ആത്മീയ ഉൽപ്പന്നങ്ങൾ വലിയ വിലയ്ക്ക് വിൽക്കുന്ന ആസ്ട്രോടോക്കിന്റെ ഓൺലൈൻ സ്റ്റോറും സജീവമാണ്. ബ്രേസ്‌ലെറ്റുകൾ, രുദ്രാക്ഷങ്ങൾ, നവരത്നങ്ങൾ, ലക്ഷ്മി യന്ത്രം, ധന ആകർഷണ യന്ത്രം, കരുങ്ങാലി ഉൽപ്പന്നങ്ങൾ, തുളസി മാല, വെള്ളിയിൽ പൊതിഞ്ഞ ചെറു വിഗ്രഹങ്ങൾ, വീട്ടിലെ വാസ്തു ദോഷങ്ങൾ മാറാനുള്ള അൾട്ടിമേറ്റ് കോംബോ തുടങ്ങിയവ സൈറ്റിൽ കാണാം. മിക്ക ഉല്പന്നങ്ങൾക്കും 500 രൂപയ്ക്ക് മുകളിലാണ് വില. അൾട്ടിമേറ്റ് വാസ്തു കോംബോയ്ക്ക് മാത്രം 4,500 രൂപ വില വരുന്നുണ്ട്.

നിരവധി പേരാണ് ആസ്ട്രോടോക്കിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ ഫോളോ ചെയ്യുന്നത്. ആസ്ട്രോടോക്കിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ മാത്രം ഇരുപത് ലക്ഷത്തിലധികം (2.4 മില്യണ്‍) ഫോളോവേഴ്സ് ആണുള്ളത്.
അല്‍ഗോരിതം ഭേദിക്കുന്ന ആസ്ട്രോടോക്ക് പരസ്യങ്ങള്‍
ആസ്ട്രോടോക്കിന്റെ വേഗത്തിലുള്ള വളര്‍ച്ചയില്‍ പരസ്യങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നുവെന്നു കാണാം. സോഷ്യൽ മീഡിയ ഫീഡുകൾ, സെർച്ച് റിസൾട്ടുകൾ, വീഡിയോ പ്ലാറ്റ്‌ഫോമുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവയിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരുന്നതിനായി മെറ്റാ, ഗൂഗിൾ കമ്പനികളുടെ പരസ്യ ശൃംഖലകളിൽ കമ്പനി തങ്ങളുടെ ശക്തമായ സാന്നിധ്യം നിലനിർത്തുന്നു. ആസ്ട്രോടോക്ക് നടത്തുന്ന കോഡ്യതി സോഫ്റ്റ്‌വെയര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനികഴിഞ്ഞ 30 ദിവസത്തിനിടെ (8/6/26 വരെയുള്ള കണക്കില്‍) 530 പരസ്യങ്ങളാണ് ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലെത്തിച്ചത്.
ഗൂഗിളിന്റെ അംഗീകൃത പരസ്യദാതാവ് കൂടിയായ ആസ്ട്രോടോക്ക് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, ഗൂഗിൾ മാപ്‌സ്, ഗൂഗിൾ പ്ലേ, ഗൂഗിൾ ഷോപ്പിംഗ്, ഗൂഗിൾ സെർച്ച്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലാണ് പരസ്യം ചെയ്യുന്നത്. ഗൂഗിൾ ആഡ്‌സ് ട്രാൻസ്പാരൻസി പ്രകാരം, കഴിഞ്ഞ മുപ്പത് ദിവസത്തിനുള്ളിൽ ചിത്രങ്ങൾ, വീഡിയോകൾ, ടെക്സ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ രൂപങ്ങളിലുള്ള ഏകദേശം 300 പരസ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വെറും ജനന തിയതി മാത്രം കൊടുത്താല്‍ മതി, നമ്മളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ആപ്പ് പറഞ്ഞു തരും. അറിയാന്‍ ആഗ്രഹമുള്ള കാര്യങ്ങള്‍, ജീവിതത്തില്‍ സന്തോഷം എപ്പോള്‍ വരും? ജോലിയില്‍ നിന്ന് എപ്പോള്‍ കയറ്റം ലഭിക്കും, റിലേഷന്‍ഷിപ്പ് എപ്പോള്‍ വിവാഹത്തിലേക്ക് കടക്കും എന്നിങ്ങനെ എല്ലാ കാര്യങ്ങളും ആപ്പിലെ ജ്യോതിഷികള്‍ പ്രവചിക്കും എന്നാണ് പരസ്യങ്ങളിലെ അവകാശവാദം.
ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്ക് പുറമെ മലയാളം, തമിഴ്, ബംഗാളി തുടങ്ങിയ പ്രാദേശിക ഭാഷകൾ സംസാരിക്കുന്നവരെയും ഈ പരസ്യങ്ങൾ ലക്ഷ്യമിടുന്നുണ്ട്.
സിനിമാക്കാർ അണിനിരക്കുന്ന പരസ്യങ്ങൾ
മലയാളത്തില്‍, യുവ നടിമാരായ മംത മോഹന്‍ദാസ്, അപര്‍ണ ബാലമുരളി, അനുശ്രീ, അമല പോള്‍ എന്നിവരാണ് ആസ്ട്രോ ടോക്കിന്റെ പരസ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴില്‍ മുതിര്‍ന്ന അഭിനേതാവും സംവിധായകനുമായ കെ ഭാഗ്യരാജ്, അദേഹത്തിന്റെ മരുമകള്‍ കീര്‍ത്തി വിജയ്, നടിമാരായ രാധിക ശരത് കുമാര്‍, ഗായത്രി ശങ്കര്‍ എന്നിവരാണ് അഭിനയിച്ചിട്ടുള്ളത്. ഹിന്ദിയില്‍ രണ്‍ബീര്‍ കപൂര്‍, സംവിധായകന്‍ കരണ്‍ ജോഹര്‍, നടി ശ്രദ്ധാ കപൂര്‍ തുടങ്ങിയവരും ആപ്പിനെ പ്രൊമോട്ട് ചെയ്യുന്നു.

കൂടാതെ ഇന്ത്യയില്‍ ആപ്പിന്റെ ഇന്‍ഫ്ലുവന്‍സര്‍ മാര്‍ക്കറ്റിംഗും സജീവമാണ്. മലയാളത്തില്‍ ബിഗ്ബോസ് താരങ്ങളായ വേദ ലക്ഷ്മി, നൂറ മുസ്കാന്‍ തുടങ്ങിയവരും ഇത് പ്രൊമോട്ട് ചെയ്യുന്നു. പ്രോമോട്ടര്‍മാരായ മിക്ക ഇന്‍ഫ്ലുവന്‍സര്‍മാര്‍ക്കും ലക്ഷകണക്കിനാണ് ഫോളോവേഴ്സ്. പ്രണയബന്ധങ്ങൾ, സാമ്പത്തികപ്രശ്നങ്ങൾ, മാനസികാരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട ഉപദേശങ്ങൾ തേടുന്നതിന് ഏറ്റവും ഫലപ്രദമായ ഒരു മാര്‍ഗമായി ഈ ഇൻഫ്ലുവൻസർമാർ ആസ്ട്രോടോക്കിനെ പരസ്യങ്ങളിൽ അവതരിപ്പിക്കുന്നു.

ആസ്ട്രോടോക്കിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലെ സെലിബ്രിറ്റി ട്രസ്റ്റ് വിഭാഗത്തിൽ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ്, നടൻ അർജുൻ കപൂർ, നടിമാരായ നേഹ ധൂപിയ, മൗനി റോയ്, നടിയും ഫാഷൻ ഡിസൈനറുമായ മന്ദിര ബേദി, ഗായകൻ മികാ സിംഗ് തുടങ്ങിയ പ്രമുഖർ പ്രത്യക്ഷപ്പെടുന്നു. വ്യക്തിജീവിതത്തിൽ ജ്യോതിഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അതിന് സഹായകരമാകുന്ന ആപ്പിന്റെ ആവശ്യകതയെക്കുറിച്ചും ഇവർ പരസ്യത്തിൽ സംസാരിക്കുന്നു.
ദാമ്പത്യ പ്രശ്നങ്ങൾ, പ്രണയം, സംശയം
പങ്കാളിയെ സംശയിക്കുന്ന വ്യക്തി, കരിയറിലും സാമ്പത്തിക മേഖലയിലും തടസ്സങ്ങൾ നേരിടുന്നവർ, അല്ലെങ്കിൽ ദമ്പതികൾക്കിടയിലെ അഭിപ്രായവ്യത്യാസങ്ങൾ എന്നിവയാണ് ഈ പരസ്യങ്ങളുടെ പ്രധാന പ്രമേയം. ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു നല്ലൊരു ജ്യോതിഷിയുമായി ചാറ്റ് ചെയ്‌താല്‍ മതി എന്നാണ് മിക്ക പരസ്യങ്ങളുടെയും കണ്ടന്‍റ്.
തങ്ങള്‍ക്കും ഇതിലൊന്നും ആദ്യം വിശ്വാസം ഇല്ലായിരുന്നുവെന്നും പക്ഷെ പിന്നീട് ആപ്പ് പറഞ്ഞ കാര്യങ്ങള്‍ ജീവിതത്തിൽ സംഭവിച്ചപ്പോഴാണ് പൂര്‍ണ വിശ്വാസം ആയത് എന്നും ഈ സെലിബ്രിറ്റികള്‍ പരസ്യത്തില്‍ വിശ്വസിപ്പിക്കുന്നു.
ഫ്രീ ചാറ്റ് രണ്ട് മിനിറ്റ്; ശേഷം പണം
ആദ്യത്തെ ചാറ്റ് ഫ്രീയാണ്. അതിനു ശേഷം യഥാര്‍ത്ഥ കണ്‍സള്‍ട്ടേഷന്‍ തുടങ്ങാം. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍, അതില്‍ നിരവധി ജ്യോതിഷികളുടെ പേരു വിവരങ്ങള്‍ കാണാം. അവരുടെ പ്രവൃത്തിപരിചയവും ഒരു മിനിറ്റ് കണ്‍സള്‍ട്ടേഷന് അവര്‍ ഈടാക്കുന്ന ഫീസും കാണാം. എ ഐ ജ്യോതിഷികളും ഉണ്ട് ഈ ലിസ്റ്റിൽ. ഏതെങ്കിലും ഒരു ജ്യോതിഷിയെ നമ്മള്‍ക്ക് തെരഞ്ഞെടുക്കാം. അവര്‍ക്ക്
ജനന തിയതിയും ജനന സ്ഥലവും ടൈപ്പ് ചെയ്തു കൊടുക്കുന്നതോടെ ചാറ്റ് ആരംഭിക്കും.
ആദ്യത്തെ ചാറ്റ് സൗജന്യം എന്നാണ് പരസ്യവാചകം എങ്കിലും വെറും രണ്ടു മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചാറ്റാണ് ആദ്യം അവര്‍ ഓഫര്‍ ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ പണം കൊടുക്കണം. മിനിട്ടിന് അഞ്ച് രൂപ മുതല്‍ 100 രൂപ വരെ ഈടാക്കുന്ന ജ്യോതിഷികളെ ഈ പ്ലാറ്റ് ഫോമിൽ കാണാം.
ഈ പരസ്യങ്ങൾ, തെരഞ്ഞെടുപ്പ്, രാഷ്ട്രീയം, സാമൂഹ്യ പ്രശ്നങ്ങൾ എന്നീ വിഭാഗങ്ങളിൽ ഉള്‍പ്പെടാത്തതിനാല്‍ ഇവയ്ക്ക് ഡിസ്‌ക്ലൈമറുകൾ ആവശ്യമില്ല. അതിനാൽ തന്നെ പരസ്യങ്ങൾക്കായി ചിലവഴിച്ച തുക, പരസ്യ ക്യാമ്പയിനിന്റെ കാലാവധി, ലക്ഷ്യമിട്ട ഉപഭോക്താക്കൾ തുടങ്ങിയ വിവരങ്ങൾ സാധാരണയായി പുറത്തുവിടാറില്ല.
കോടികളുടെ ലാഭം കൊയ്യുന്ന ബിസിനസ്
ഓരോ വർഷം കഴിയും തോറും അവിശ്വസനീയമായ സാമ്പത്തിക വളർച്ചയാണ് ആസ്ട്രോടോക്കിനുണ്ടാകുന്നത്. 2024 – 2025 സാമ്പത്തിക വർഷത്തില്‍ മാത്രം ആസ്ട്രോടോക്കിന്റെ മൊത്തം വരുമാനം 1,214 കോടി രൂപയാണ്. മുൻ വര്‍ഷം ഇത് 656 കോടി രൂപയായിരുന്നു. അതായത്, ഒറ്റ വര്‍ഷം കൊണ്ട് കമ്പനിയുടെ ലാഭത്തില്‍ എണ്‍പത് ശതമാനത്തിലധികം വര്‍ധനവുണ്ടായി.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആസ്ട്രോടോക്ക് സ്റ്റോർ മാത്രം നേടിയത് 140 കോടിയിലധികം രൂപയാണ്. തുടർച്ചയായി തുക മുടക്കി ആപ്പ് ആവർത്തിച്ചുപ്രയോഗിക്കുന്ന ഉപഭോക്താക്കളാണ് ഈ വളർച്ചയ്ക്ക് കാരണമെന്നാണ് കമ്പനി പറയുന്നത്. നഗരവാസികളാണ് കൂടുതലും ആപ്പിനെ ആശ്രയിക്കുന്നതെന്നും കമ്പനി പറയുന്നു.
മാനസികാരോഗ്യ മേഖലയിൽ കൈ വെക്കുന്ന ജ്യോതിഷം
പരമ്പരാഗത ജ്യോതിഷത്തിന്റെ മേഖലയിൽ മാത്രമല്ല ഇവർ കൈ വെച്ചിട്ടുള്ളത്. മാനസികബുദ്ധിമുട്ട്, സമ്മർദ്ദം, വിഷാദം തുടങ്ങിയ പ്രശ്നങ്ങൾക്ക് ജ്യോതിഷത്തിലൂടെ പരിഹാരം കണ്ടെത്താം എന്നും ആപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്.
മാനസികമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി യുവാക്കള്‍ ധാരാളമായി ഇത്തരം ആപ്പുകളെ ആശ്രയിക്കുന്ന പ്രവണത ശക്തമാണ്. നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കേണ്ട വിഷയങ്ങളിലും വ്യക്തി ബന്ധങ്ങളിലെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരത്തിനായും ഇവര്‍ ആപ്പിനെ ഉപയോഗിക്കുന്നതായി ആപ്പ് റിവ്യൂസ് പരിശോധിച്ചാൽ മനസ്സിലാക്കാം.
“ജ്യോതിഷികൾക്ക് ഇന്ന് മനുഷ്യ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടേണ്ടി വരുന്നു. “ജാതകം നോക്കുന്നത് മാത്രമല്ല ഇപ്പോൾ ഞങ്ങളുടെ തൊഴിൽ; മറിച്ച് പ്രണയത്തകർച്ച, മാനസിക സമ്മർദ്ദം, കരിയറിലെ പ്രതിസന്ധികൾ എന്നിവയിലൂടെ കടന്നുപോകുന്നവർക്ക് കൗൺസിലിംഗ് നൽകുന്ന കേന്ദ്രങ്ങളായികൂടി ഞങ്ങൾ മാറിക്കഴിഞ്ഞു”. ജ്യോതിഷിയും വാസ്തു കൺസൾട്ടന്റുമായ റിധി ബാൽ, ബ്ലൂം ബെർഗിന് നൽകിയ അഭിമുഖത്തിൽ ഇങ്ങനെ പറയുന്നു. തൊഴില്‍ പ്രശ്നങ്ങളാണ് യുവാക്കളെ ഏറ്റവും കൂടുതൽ അലട്ടുന്നതെന്ന് ആസ്ട്രോടോക് സി.ഇ.ഒ പുനീത് പറയുന്നു.
ആപ്പുകൾ സൃഷ്ടിക്കുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ
ആസ്ട്രോടോക്ക് പോലുള്ള പ്രവചന ആപ്പുകൾക്ക് അടിമപ്പെട്ട് മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന നിരവധി പേർ തന്റെ ക്ലിനിക്കിൽ വരാറുണ്ടെന്ന് സൈക്യാട്രിസ്റ്റായ ഡോ. അരുൺ ബി നായർ പറയുന്നു.
“ആപ്പുകളുടെ പ്രവചനവും നേരിട്ടുള്ള ജ്യോതിഷ കൺസൾട്ടേഷനുകളും ബുദ്ധിമുട്ടിലാക്കിയ നിരവധി പേർ ക്ലിനിക്കിൽ എത്താറുണ്ട്. ഇന്ന വയസിൽ നിങ്ങൾക്ക് അസുഖം വരാം, ഇപ്പോൾ നിങ്ങളുടെ ജോലി നഷ്ടപ്പെട്ടേയ്ക്കാം, പ്രണയബന്ധം ഇന്നയിന്ന കാരണങ്ങളാൽ തകരാൻ സാധ്യതയുണ്ട് എന്നൊക്കെയാണല്ലോ ഈ ആപ്പുകൾ നൽകുന്ന പ്രവചനങ്ങൾ. ഇത് തന്നെ ആളുകളെ വലിയ സമ്മർദ്ദത്തിലേക്ക് നയിക്കുന്നു”ഡോക്ടർ അരുൺ പറയുന്നു. എല്ലാ പ്രായക്കാരിലും ഈ പ്രശ്നങ്ങള്‍ കാണാറുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.
“മുന്‍ കാലങ്ങളില്‍ കൈ നോട്ടം തൊഴിലാക്കിയിരുന്ന ആളുകൾ ചെയ്തിരുന്ന അതേ കാര്യം തന്നെയാണ് ഇപ്പോള്‍ ന്യൂജന്‍ ജ്യോതിഷ ആപ്പുകളും ചെയ്യുന്നത്. ഒരു പരിധി വരെ നമ്മളെ കുറിച്ചുള്ള കാര്യങ്ങള്‍ പറയുകയും കൂടുതല്‍ അറിയുന്നതിനായി ദക്ഷിണ ചോദിക്കുകയും ചെയ്യുന്നതാണല്ലോ അവരുടെ രീതി. അതുതന്നെയാണ് ഈ ഡിജിറ്റല്‍ കാലത്തും നടക്കുന്നത്.” ഡോക്ടര്‍ അരുൺ ഒബിസിയോട് പറഞ്ഞു.
ഇത് ആളുകളിൽ വലിയൊരു ഡിജിറ്റല്‍ ആശ്രിതത്വം സൃഷ്ടിക്കാനിടയുണ്ടെന്നും ഡോക്ടർ ചൂണ്ടിക്കാട്ടുന്നു. ഓണ്‍ലൈനില്‍ ഒരു ചാറ്റ് ബോട്ടിനോട് വ്യക്തിപരമായ എന്ത് കാര്യങ്ങളും പറയാമെന്ന സൗകര്യവും കംഫര്‍ട്ടും ആണ് യുവ ജനങ്ങളെ ഇത്തരം ആപ്പുകളിലേക്ക് ആകര്‍ഷിക്കുന്ന ഘടകം. എ ഐ ചാറ്റ് ബോട്ടുകള്‍ തരുന്ന വിവരങ്ങള്‍ പലപ്പോഴും തെറ്റിപ്പോകാം. കണ്ണടച്ചുകൊണ്ട് അത് പിന്തുടരുമ്പോള്‍ പല പ്രശ്നങ്ങളും ഉണ്ടായേക്കാം. തീരുമാനങ്ങളെടുക്കുന്നതിന് ഇത്തരം ആപ്പുകളെ ആശ്രയിക്കുന്നത് മനുഷ്യന്റെ സ്വാഭാവികമായ ബുദ്ധിശക്തിയെയും ചിന്താശേഷിയേയും ബാധിക്കും. പ്രൊഫെഷണൽ തെറാപ്പി തന്നെയാണ് അവിടെ സ്വീകരിക്കേണ്ട ഒരേയൊരു മാർഗം, ഡോക്ടര്‍ ഒബിസിയോട് പറഞ്ഞു.
സാമ്പത്തിക പ്രശ്നങ്ങള്‍ക്കും പരിഹാരം ജ്യോതിഷം!
സാമ്പത്തിക ഉപദേശങ്ങൾക്കും ആപ്പിനെ ആശ്രയിക്കുന്നവർ കൂടുതലാണ്. കയ്യിൽ എത്ര പണം വരും, എപ്പോൾ വരും എന്നൊക്കെ ആപ്പിലെ ജ്യോതിഷികൾ പറയുന്നതുപോലെ നടക്കും എന്നാണ് നടി അമല പോൾ പ്രത്യക്ഷപ്പെടുന്ന ആസ്ട്രോടോക്കിന്റെ ഒരു പരസ്യം.
SIP തുടങ്ങുന്നതിനോ, ഓഹരി വാങ്ങുന്നതിനോ, ബിസിനസ് ആരംഭിക്കുന്നതിനോ ഒരു പ്രത്യേക ദിവസം തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് ആളുകൾ ചോദിക്കാറുണ്ടെന്ന് സാമ്പത്തിക ഉപദേശക ധന്യ വി ആർ പറയുന്നു. ചിലർ ലോൺ എടുക്കുന്നതും ഭൂമി വാങ്ങുന്നതും വരെ ജ്യോതിഷ ഉപദേശവുമായി ബന്ധപ്പെടുത്തി തീരുമാനിക്കാറുണ്ട്. പക്ഷെ കൃത്യമായി സാമ്പത്തിക ആസൂത്രണം ഇല്ലാതെ ജ്യോതിഷികളുമായുള്ള സംഭാഷണം വഴി ഉപദേശങ്ങൾ സ്വീകരിക്കുന്നത് സമ്പാദ്യത്തെ മൊത്തമായി ബാധിച്ചേയ്ക്കാം, ധന്യ പറഞ്ഞു.
ആദ്യത്തെ കുറച്ചു മിനിട്ടുകള്‍ ഫ്രീയാക്കി തന്നുകൊണ്ടുള്ള ബിസിനസ് സ്ട്രാറ്റജി ആളുകളെ ആപ്പിലേക്ക് കൂടുതല്‍ ആകര്‍ഷിക്കുകയാണ് ചെയ്യുന്നതെന്നും ഇവര്‍ പറയുന്നു. സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിക്കുന്ന അവകാശ വാദങ്ങള്‍ക്ക് വ്യക്തമായ ഡിസ്ക്ലെയിമറുകള്‍ വേണമെന്നും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കും വിധമുള്ള പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി ഉണ്ടാകണമെന്നും ധന്യ ഒബിസിയോട് പറഞ്ഞു.
മാർക്കറ്റ് റിസ്കുകളെ കുറിച്ചും നിക്ഷേപ സാധ്യതകളെ കുറിച്ചും സാമാന്യ ധാരണയോ അറിവോ ഇല്ലാതെ ജ്യോതിഷ ആപ്പുകളെ മാത്രം ആശ്രയിച്ച് നിക്ഷേപങ്ങൾ നടത്തുന്നത് വലിയ അപകടം വരുത്തിവെക്കാനാണ് സാധ്യത.
ട്രെൻഡിങ്ങാവുന്ന ജ്യോതിഷ ബിസിനസ്സ്
ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് ഒറ്റ ചാറ്റിലൂടെ പരിഹാരം ലഭിക്കും എന്ന അവകാശവാദത്തോട് കൂടി നിരവധി ഓണ്‍ലൈന്‍ ജ്യോതിഷ കമ്പനികളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. വിവാഹം എപ്പോൾ നടക്കും, ജീവിത പങ്കാളിയുടെ പേര് ഏത് അക്ഷരത്തിൽ തുടങ്ങും എന്നൊക്കെ അറിയാൻ വെറും ഡേറ്റ് ഓഫ് ബർത്ത് മാത്രം പറഞ്ഞാൽ മതി എന്ന് വാഗ്ദാനം ചെയ്തുകൊണ്ട് മലയാളത്തിൽ നിരവധി ആസ്‌ട്രോളജി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്.

ജാതകത്തെ അടിസ്ഥാനമാക്കി മാർഗ നിർദേശങ്ങൾ നൽകുന്ന ഓൺലൈൻ പേജുകളും അക്കൂട്ടത്തിലുണ്ട്. ഇൻസ്റ്റഗ്രാമിലുള്ള ഓൺലൈൻ ജ്യോതിഷ പേജുകളായ Asyrolokal.Malayalm, compass astrology services, astrosagedotcom എന്നിവ പരസ്യങ്ങൾ ചെയ്യുന്നതില്‍ മുന്നിലാണ്.
ജ്യോതിഷ ആപ്പുകളെയും പേജുകളെയും അന്ധമായി വിശ്വസിച്ച് വ്യക്തിഗത സ്വകാര്യ വിവരങ്ങള്‍ വരെ കൈമാറുന്ന പ്രവണതയാണ് കാണുന്നത്. അന്ധവിശ്വാസങ്ങൾ പഴയ തലമുറയുടേതാണെന്നും പുതിയ തലമുറ കുറേക്കൂടി ശാസ്ത്ര ബോധമുള്ളവരാണെന്നുമൊക്കെയുള്ള ധാരണ തെറ്റാണ് എന്ന് കൂടി സൂചിപ്പിക്കുന്നതാണ് കോടികളുടെ ലാഭം കൊയ്യുന്ന നവ ജ്യോതിഷ ബിസിനസ്സ് മോഡലുകൾ. ഡിജിറ്റൽ സാങ്കേതികവിദ്യ കൂടുതൽ അറിയാവുന്നത് യുവാക്കൾക്കാണ് എന്നത് ഒരു ഘടകമായിരിക്കാമെങ്കിലും, വ്യക്തിഗത വിവരങ്ങൾ വരെ ആപ്പുകൾക്ക് കൈ മാറുകയും തെറാപ്പിക്കും ആധുനിക ചികിത്സയ്ക്കും പകരമായി ജ്യോതിഷ ആപ്പുകളെ ആശ്രയിക്കുകയും ചെയ്യുന്ന ഒരു തലമുറ ഉണ്ടായി വരുന്നു എന്നത് ആശങ്കപ്പെടേണ്ട ഒന്നാണ്.
(മെറ്റ പരസ്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിച്ചത് സുജിത്ത് എ)
