
ജോജു ജോർജിൻ്റെ ‘താത്വിക അവലോകനം’: ഫാക്ട് ചെക്ക്
ഇടത് വലത് മുന്നണികൾ ശരിയല്ലെന്ന് നടൻ ജോജു ജോർജ് പറഞ്ഞുവോ? ബിജെപി ഹാൻഡിലുകളാണ് ഇങ്ങനെയൊരു വീഡിയോ പ്രചരിപ്പിക്കുന്നത്. എന്താണ് സത്യം?
വ്യജവാര്‍ത്തകള്‍ക്ക് ഒപ്പം തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളും നരേറ്റീവുകളും കാട്ട് തീ പോലെ പടരുന്ന സമയമാണ് തെരഞ്ഞെടുപ്പ് കാലം. പഴയ വാര്‍ത്തകളും, വ്യാജമെന്ന് പല തവണ തെളിയിക്കപ്പെട്ട ദൃശ്യങ്ങളുമെല്ലാം ഇത്തവണയും സാമൂഹ്യ മാധ്യമങ്ങളില്‍ തല പൊക്കിയിട്ടുണ്ട്. അത്തരമൊരു വീഡിയോ ഇപ്പോള്‍ ഫേസ്ബുക്കില്‍ പ്രചരിക്കുകയാണ്.
നടന്‍ ജോജു ജോര്‍ജ്ജ് കേരളത്തിലെ ഇടത്, വലത് മുന്നണികള്‍ക്കെതിരെ ‘പ്രതികരിക്കുന്നു’ എന്ന അവകാശവാദത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ജോജു ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കുന്നതായാണ് വീഡിയോയില്‍ കാണുന്നത്. രണ്ടു മുന്നണികളും തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ജനങ്ങള്‍ക്ക് മുന്നില്‍ വന്നു അപേക്ഷിച്ചുനില്‍ക്കുമെന്നും, അതിന് ശേഷം അവരെ കാണണമെങ്കില്‍ ക്യൂ നില്‍ക്കണം എന്നുമൊക്കെയാണ് ജോജു പറയുന്നത്. ഇതിനിടയില്‍ എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികളിലെ പ്രധാന നേതാക്കളുടെ ദൃശ്യങ്ങളും കാണിക്കുന്നുണ്ട്. ബി ജെ പി ഗ്രൂപ്പുകളിലാണ് പ്രധാനമായും വീഡിയോ പ്രചരിപ്പിക്കുന്നത്.
ഏപ്രില്‍ 5ന് Aneesh Aneesh എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഈ വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ‘ഇടതിന്റെയും വലത്തിന്റെയും അണ്ണാക്കില്‍ പൊട്ടിച്ച് ജോജു ജോര്‍ജ്ജ്’ എന്നാണ് വീഡിയോയുടെ തമ്പ്നെയ്ലിലെ തലക്കെട്ട്. ജോജുവിന്റെ യഥാർത്ഥ ഫേസ്ബുക്ക് ലൈവ് ആണ് ഇത് എന്ന രീതിയിലാണ് വീഡിയോ പ്രചരിക്കുന്നത്.

എന്നാൽ പ്രധാനപ്പെട്ട മാധ്യങ്ങളൊന്നും ഇങ്ങനെയൊരു ലൈവ് ജോജു നടത്തിയതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതേ തുടർന്നാണ് വീഡിയോയുടെ സത്യമെന്താണ് എന്ന് ഞങ്ങൾ അന്വേഷിച്ചത്. ശരിക്കും ജോജു ഇങ്ങനെയൊരു ഫേസ്ബുക്ക് ലൈവ് നടത്തിയോ? കേരളത്തിലെ പ്രധാനപ്പെട്ട രണ്ട് മുന്നണികൾക്കും എതിരെ സംസാരിച്ചോ?
ഒരു ‘സിനിമാ ലൈവ്’
“തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ഇവർക്ക് നമ്മളോട് ഭയങ്കര സ്നേഹമാണ്. ഒരു കരണത്തടിച്ചാൽ മറുകരണം കാണിച്ചുതരും. നമ്മൾ ഉള്ളിടത്ത് വന്ന് നമ്മളെ കാണും. വീട്ടിൽ കേറിയിറങ്ങി വോട്ട് ചോദിച്ചുകൊണ്ടേയിരിക്കും. എന്നാൽ ജയിച്ചാലോ, ഇവരുടെ ബംഗ്ലാവിന്റെ മുമ്പിൽ നമ്മൾ ക്യൂ നിൽക്കണം. വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പിടിച്ചു നിർത്തിയ ജനപ്രതിനിധികളെ ജനങ്ങൾ പിടിച്ചു നിർത്തിയാലേ നമ്മുടെ രാജ്യം ജനാധിപത്യ രാജ്യമാകൂ..” ഇങ്ങനെയാണ് വീഡിയോയിൽ ജോജു പറയുന്നത്.
55 ഫേസ്ബുക്ക് പേജുകൾ/ ഗ്രൂപ്പൂകളിലേക്കാണ് ഇതേ അക്കൗണ്ടിൽ നിന്ന് ഈ വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്. എല്ലാം പ്രാദേശിക ബിജെപി-ആർ എസ് എസ് ഗ്രൂപ്പുകൾ. ഒന്നര ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള കാവിപ്പട, 47,000 ഫോളോവേഴ്സ് ഉള്ള സംഘരാഷ്ട്രം തുടങ്ങിയ പേജുകളിലേക്കും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.
“എന്നെങ്കിലും കേരളജനത സത്യത്തിന്റെ പാതയിൽ വന്നു കണ്ടാൽ മതിയായിരുന്നു.. ഇടത് വലത് അഴിമതികൾ അവസാനിപ്പിക്കണം, കേരളം രക്ഷപ്പെടും” എന്നായിരുന്നു പോസ്റ്റിന് താഴെ ഒരാളുടെ കമന്റ്.
ജോജുവിന്റെ സാമൂഹ്യ മാധ്യമ ഹാൻഡിലുകൾ എല്ലാം പരിശോധിച്ചിട്ടും ഇങ്ങനെയൊരു ലൈവ് കണ്ടെത്താനായില്ല. തുടർന്ന് എഡിറ്റഡ് വീഡിയോയിലെ ഒരു കീ ഫ്രെയിം ഉപയോഗിച്ച് റിവേഴ്സ് ഇമേജ് സെർച്ച് ചെയ്തപ്പോൾ എത്തിയത് 2021ൽ റിലീസ് ചെയ്ത ‘ഒരു താത്വിക അവലോകനം’ എന്ന സിനിമയിലേക്കാണ്. ഈ ഫേസ്ബുക്ക് ലൈവ് ആ സിനിമയിലെ ഒരു സീൻ ആണ്.

രാഷ്ട്രീയ പ്രവർത്തകനായി ജോജു വേഷമിട്ട ഈ സിനിമ യൂട്യൂബിൽ ലഭ്യമാണ്. ചിത്രത്തിന്റെ 1:44:08 മിനിറ്റ് മുതലുള്ള ഭാഗത്താണ് ജോജു ജോർജ് ഫേസ്ബുക്ക് ലൈവ് നടത്തുന്ന സീൻ ഉള്ളത്.
നിയമ സഭ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർഥിയായി മത്സരിച്ച ബിഗ്ഗ് ബോസ്സ് താരം അഖിൽ മാരാർ സംവിധാനം ചെയ്ത സിനിമയാണിത്. ജോജു ജോർജ്ജ് നായകനായി അഭിനയിച്ച ഈ സിനിമയിൽ നടി അഭിരാമി, സുരാജ് വെഞ്ഞാറമൂട്, അജു വർഗീസ് തുടങ്ങിയവർ അഭിനയിച്ചിട്ടുണ്ട്.

ജോജുവിന്റെ രാഷ്ട്രീയമെന്ത്?
2021 നവംബറിൽ കൊച്ചിയിൽ വച്ച് കോൺഗ്രസ്സ് നടത്തിയ ഒരു പ്രതിഷേധ പരിപാടി റോഡിൽ ബ്ലോക്ക് ഉണ്ടാക്കിയെന്ന വിഷയത്തിൽ പാർട്ടി പ്രവർത്തകരുമായി ജോജു സംഘർഷത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് ചില കോൺഗ്രസ്സ് പ്രവർത്തകർ ജോജുവിന്റെ കാറിന്റെ ഗ്ലാസ് തകർക്കുന്ന വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചു. ജോജു മദ്യപിച്ചിരുന്നുവെന്നാണ് കോൺഗ്രസ്സ് പ്രവർത്തകർ ആരോപിച്ചത്. അന്നത്തെ കെ പി സി സി അധ്യക്ഷൻ കെ. സുധാകരനും ഈ ആരോപണം ആവർത്തിച്ചു. സംസ്ഥാനത്ത് ഇതൊരു രാഷ്ട്രീയ വിഷയമായി മാറി. ധന മന്ത്രി കെ. എൻ ബാലഗോപാൽ വിഷയം നിയമ സഭയിൽ ഉയർത്തി.
എന്നാൽ ഈ വിഷയത്തിന് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ജോജു പിന്നീട് പ്രതികരിച്ചത്. “എന്റെ പൊളിറ്റിക്‌സും എന്റെ ആഗ്രഹങ്ങളും എന്റെ സ്വപ്നങ്ങളും എല്ലാം സിനിമയാണ്. നമ്മുടെ നാട് നന്നാവണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. ഏത് പാർട്ടിക്കണോ ജനങ്ങൾക്ക് നല്ലൊരു ജീവിതം കൊടുക്കാൻ പറ്റുന്നത് ആ പാർട്ടിക്ക് ആവട്ടെ (ഭരണം). നല്ല ഭരണാധികാരികാരികൾ ഉണ്ടായാൽ മതി. പുതിയ നല്ല കാര്യങ്ങൾ നടക്കണം എന്ന ചിന്തയേ എനിക്കുള്ളൂ.” ന്യൂ ഇന്ത്യൻ എക്സ്പ്രസ്സിന് കൊടുത്ത ഒരു ആഭിമുഖത്തിൽ ജോജു പറഞ്ഞത് ഇങ്ങനെയായിരുന്നു.
ജോജു ജോർജ്ജ് കേരളത്തിലെ എൽ ഡി എഫ്, യു ഡി എഫ് മുന്നണികൾക്ക് എതിരെ പ്രതികരിക്കുന്നു എന്ന പ്രചാരണം തെറ്റാണ് എന്നർത്ഥം. 2021ൽ ഇറങ്ങിയ സിനിമയിലെ ഒരു സീൻ അടർത്തി മാറ്റിയാണ് തെറ്റിദ്ധരിപ്പിക്കുന്ന ഈ പ്രചാരണം ബി ജെ പി ഹാൻഡിലുകളിൽ നടക്കുന്നത്. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്തും ഈ വീഡിയോ ബിജപി അനുകൂല ഹാൻഡിലുകൾ പ്രചരിപ്പിച്ചിരുന്നു.
