
ദുരന്തങ്ങളുടെ സൗന്ദര്യവൽക്കരണം
ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അതുമായി ബന്ധപ്പെട്ട യഥാർത്ഥ ചിത്രങ്ങളല്ല പലപ്പോഴും പ്രചരിക്കുന്നത്. ഫിൽറ്ററുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് ‘ഭംഗിയാക്കിയ’തും എ ഐ നിർമിതവുമായ ചിത്രങ്ങളാണ് ദുഃഖം പ്രകടിപ്പിക്കാനായി ആളുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്ക് വെക്കുന്നത്. ഇത് മനുഷ്യരുടെ വൈകാരിക ക്ഷമതയെ സ്വാധീനിക്കുകയും ഒരു സമൂഹത്തിന്റെ ഓർമകളെ തന്നെ വികലമാക്കുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു.
മധ്യപ്രദേശിലെ ജബൽപൂരിലുള്ള ബർഗി ഡാം മേഖലയിൽ ഏപ്രിൽ 30-നാണ് തീവ്രമായ ചുഴലിക്കാറ്റില്‍ അകപ്പെട്ട് ഒരു ക്രൂസ് ബോട്ട് മറിഞ്ഞത്. നർമദ നദിയിലുണ്ടായ ഈ അപകടത്തിൽ ആറ് പേർ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു. ഈ സംഭവത്തിന് പിറകെ, മരിച്ച നിലയില്‍ വെള്ളത്തില്‍ കിടക്കുന്ന ഒരു അമ്മയുടെയും കുഞ്ഞിന്റെയും ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി.
എന്നാല്‍ ജബൽപൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഈ ചിത്രം എഐ നിർമ്മിതമാണ്. ഇപ്പോള്‍ നടന്ന ദുരന്തവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. കഴിഞ്ഞ വര്‍ഷത്തെ പഹൽഗാം ആക്രമണത്തിന് ശേഷവും സമാനമായ രീതിയിൽ എഐ നിർമ്മിത ചിത്രങ്ങൾ യഥാർത്ഥമെന്ന മട്ടിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു.
എങ്ങനെയാണ് എഐ നിർമ്മിത ദൃശ്യങ്ങൾ യഥാര്‍ത്ഥ ദുരന്തങ്ങളുടെ തീവ്രതയെ ലഘൂകരിച്ച് കാണിക്കുന്നത്? നാടകീയമായ ഇഫ്ഫക്ടുകളിലൂടെയും വൈകാരികമായ വിവരണങ്ങളിലൂടെയുമൊക്കെ എ ഐ ചിത്രങ്ങള്‍ മനുഷ്യന്റെ ചിന്തയെയും യാഥാര്‍ത്ഥ്യത്തെയും മാറ്റിയെഴുതുന്നത് എങ്ങനെയാണ്?
മെയ് 1ന്, ബിജെപി നേതാവും ഉത്തർപ്രദേശ് ഊർജ്ജ സഹമന്ത്രിയുമായ സോമേന്ദ്ര തോമർ ഫേസ്ബുക്കിൽ ഒരു ചിത്രം പങ്കുവെച്ചു. ഒരു സ്ത്രീയും കുഞ്ഞും വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഈ ചിത്രം “അമ്മയ്ക്കും അമ്മയുടെ സ്നേഹത്തിനും പ്രണാമം” എന്ന അടിക്കുറിപ്പോടെയാണ് പങ്ക് വെച്ചത്. ജബൽപൂരിലെ ബോട്ടപകടത്തിൽ മരിച്ച അമ്മയും കുഞ്ഞുമാണ് ഇവരെന്ന സൂചനയാണ് പോസ്റ്റ് നൽകുന്നത്.

6,200ല്‍ അധികം റിയാക്ഷനുകളും 1,600 കമന്റുകളും 324ല്‍ അധികം ഷെയറുകളുമാണ് പോസ്റ്റിന് ലഭിച്ചത് (മെയ് 2 വരെ). ‘ഹൃദയഭേദകമായ കാഴ്ച. ആപത്തിൽപ്പെട്ടിട്ടും കുഞ്ഞിനെ ഉപേക്ഷിക്കാത്ത ആ അമ്മയെ ഞാൻ സല്യൂട്ട് ചെയ്യുന്നു. അവരുടെ ആത്മാവിന് മുക്തി ലഭിക്കാൻ പ്രാർത്ഥിക്കുന്നു. ഈ നഷ്ടം നികത്താനാവാത്തതാണ്. ആദരാഞ്ജലികൾ.’, പോസ്റ്റിനു താഴെയുള്ള കമന്റുകളില്‍ ഒന്ന് ഇങ്ങനെയായിരുന്നു.

എം.എസ് രാധാകൃഷ്ണൻ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നും ഇതേ ചിത്രം മെയ് 1ന് പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റിന് 98 റിയാക്ഷനുകളും 27 കമന്റുകളും ലഭിച്ചിരുന്നു (മെയ് 2 വരെ). ബർഗി ഡാം അപകടത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ദൈനിക് ജാഗ്രൻ എന്ന പത്രവും ഇതേ ചിത്രം ഉപയോഗിച്ചിട്ടുണ്ട്.
കണ്ടെത്തലുകള്‍ എന്ത് ?
വൈറൽ ചിത്രം ഉപയോഗിച്ച് ‘റിവേഴ്സ് ഇമേജ് സെർച്ച്’ നടത്തി നോക്കിയപ്പോള്‍ ജബൽപൂർ ജില്ലാ കളക്ടറുടെ ഔദ്യോഗിക എക്സ് പോസ്റ്റിലാണ് ഞങ്ങള്‍ എത്തിയത്. പ്രചരിക്കുന്ന ചിത്രം എഐ നിർമ്മിതമാണെന്നും ബോട്ടപകടവുമായി ഇതിന് ബന്ധമില്ലെന്നും ജില്ലാ ഭരണകൂടം മെയ് 1ന് തന്നെ വ്യക്തമാക്കിയതാണ്.

കൂടാതെ, ചിത്രം 76 ശതമാനം എഐ നിര്‍മിതമാണെന്നാണ് എഐ ഡിറ്റക്ഷൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലും കണ്ടെത്തിയത്.

വർദ്ധിച്ചുവരുന്ന സുരക്ഷാ ആശങ്കകള്‍
നാൽപ്പതിലധികം യാത്രക്കാരുണ്ടായിരുന്ന ക്രൂസ് ബോട്ട് പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റത്തെത്തുടർന്ന് കാറ്റിലും കോളിലും പെട്ടാണ് മറിഞ്ഞത്. എന്നാൽ, മോശം കാലാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് ബോട്ട് കൂടുതൽ ആഴത്തിലേക്ക് കൊണ്ടുപോയതാണ് അപകടത്തിന് കാരണമായതെന്ന് അപകടത്തെ അതിജീവിച്ചവർ പറയുന്നു. ലൈഫ് ജാക്കറ്റുകൾ ലഭ്യമായിരുന്നില്ലെന്നും ബോട്ട് മുങ്ങാൻ തുടങ്ങിയപ്പോഴാണ് അവ വിതരണം ചെയ്തതെന്നും യാത്രക്കാർ മൊഴി നൽകിയിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ‘ സൗന്ദര്യവൽക്കരിക്കപ്പെട്ട അപകട ചിത്രങ്ങളുടെ വ്യാപനം, സുരക്ഷാ വീഴ്ചകളെ കുറിച്ചുള്ള ചർച്ചകളെ വഴി തിരിച്ചു വിടുന്നു. ‘ മരണത്തിലും കുഞ്ഞിനെ കൈ വിടാത്ത അമ്മ’യെ ചൊല്ലിയുള്ള വൈകാരികത സാമൂഹ്യമാധ്യമങ്ങളെ കീഴടക്കിയിരിക്കുന്നു. സുരക്ഷാ വീഴ്ച്ച അപ്രസക്തമാവുകയും ചെയ്തിരിക്കുന്നു.
ദുരന്തങ്ങളെ ‘സൗന്ദര്യവത്ക്കരിക്കുമ്പോള്‍’
സമൂഹ്യമാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് ഫോളോവേര്‍സ് ഉള്ള ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ നേതാക്കൾ പോലും ഈ ചിത്രം പങ്കുവെച്ചിട്ടുണ്ട്. കേരളത്തിലെ കോൺഗ്രസ് നേതാവും കൽപ്പറ്റ എംഎൽഎയുമായ ടി. സിദ്ദിഖ് “അമ്മ💔, ലൈഫ് ജാക്കറ്റിൽ പൊതിഞ്ഞ സ്നേഹം” എന്ന ക്യാപ്ഷനോടെ ചിത്രം പങ്കുവെച്ചിരുന്നു.ഒരു നിയമസഭാ സാമാജികൻ പോലും സുരക്ഷാ വീഴ്ചയെ കുറിച്ച് സംസാരിക്കുന്നില്ല.

ഇതൊരു പുതിയ പ്രതിഭാസമൊന്നുമല്ല. ഒരു വർഷം മുമ്പ്, കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണം നടന്നപ്പോഴും ഇത്തരത്തിലുള്ള എഐ ചിത്രങ്ങൾ ഇന്റർനെറ്റിൽ നിറഞ്ഞിരുന്നു. കൊല്ലപ്പെട്ട നാവിക ഉദ്യോഗസ്ഥൻ വിനയ് നർവാളിന്റെയും ഭാര്യ ഹിമാൻഷിയുടെയും ചിത്രങ്ങൾ ‘ഗിബ്ലി’ (Ghibli) ശൈലിയിലുള്ള ഫിൽട്ടറുകൾ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത് ഓര്‍ക്കുന്നുണ്ടാകുമല്ലോ. ഇതേ സംഭവവുമായി ബന്ധപ്പെട്ട് വ്യാപകമായി പങ്കുവെക്കപ്പെട്ട മറ്റൊരു എഐ നിർമ്മിത ചിത്രത്തിൽ, യഥാർത്ഥ ഫോട്ടോയിലുള്ള സ്ത്രീയുടേതിൽ നിന്നും വ്യത്യസ്തമായി കൂടുതൽ വെളുത്ത നിറവും മിനുസമാർന്ന മുടിയുമുള്ള ഒരു സ്ത്രീയെ ചിത്രീകരിച്ചതായും കാണാം.

മറ്റൊരു ഉദാഹരണം റഫാ ആക്രമണ സമയത്ത് വൈറലായ ‘All Eyes on Rafah’ എന്ന് എഴുതിയ എഐ ചിത്രമാണ്. ദക്ഷിണ ഗാസ മുനമ്പിലെ (Southern Gaza Strip) അതിർത്തി നഗരമായ റഫ, നിലവിൽ കനത്ത നാശനഷ്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ചിത്രങ്ങൾ യഥാർത്ഥ ക്രൂരതകളെ ‘സാനിറ്റൈസ്’ (Sanitize) ചെയ്യുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അഥവാ അതിന്റെ ഭീകരത കുറച്ചു കാണിക്കുന്നു.
ജനറേറ്റീവ് എഐ (Generative AI) യാഥാർത്ഥ്യമായതും അല്ലാത്തതും തമ്മിലുള്ള അതിർവരമ്പുകൾ മായ്ച്ചുകളയുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എഐ എഡിറ്റ് ചെയ്ത ചിത്രങ്ങൾ ആളുകളുടെ യഥാർത്ഥ ഓർമ്മകളെ വികലമാക്കാനും തെറ്റായ ഓർമ്മകൾ (Synthetic memories) സൃഷ്ടിക്കാനും ഇടയാക്കുമെന്നും പഠനങ്ങൾ പറയുന്നു. ഇത്തരം ഓര്‍മ്മകള്‍ ശരിയാണെന്ന് ഇവര്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്യും. ഇത് കോടതികളിലെ സാക്ഷിമൊഴികളെ മുതൽ പൊതുസമൂഹത്തിന്റെ ഓർമ്മകളെ (public memory) വരെ ബാധിച്ചേക്കാം. എഐ ചിത്രങ്ങൾക്ക് എ ഐ ആണെന്ന ലേബലുകൾ നല്‍കിയത് കൊണ്ട് വലിയ പ്രയോജനമില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. തെറ്റായ ഓർമ്മകൾ മസ്തിഷ്ക്കത്തില്‍ രൂപപ്പെടുന്നത് ലേബലുകൾ കൊണ്ട് തടയാനാകില്ല.
വൈകാരികമായ ആവശ്യങ്ങള്‍ക്കായി അമിതമായി യന്ത്രങ്ങളെ ആശ്രയിക്കുന്നത് മനുഷ്യന്റെ സഹാനുഭൂതിയെ ഇല്ലാതാക്കുമെന്ന് ‘നേച്ചർ‘ മാസികയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു . ഇതിനെ ‘Tragedy of apathy’ എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്.
തെറ്റായ വിവരങ്ങളുടെ പ്രചാരണം, സുരക്ഷാ വീഴ്ചകള്‍, ദുരന്തങ്ങളുടെ സൗന്ദര്യവത്കരണം, എന്നിവയെല്ലാം സവിശേഷമായ പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നത്. വൈകാരിക തലങ്ങളിലേക്ക് മാത്രം ശ്രദ്ധ തിരിയുമ്പോള്‍, മനുഷ്യജീവനെടുക്കുന്ന ഘടനാപരമായ പരാജയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുന്നു. തെറ്റായ വിവരങ്ങൾ തിരിച്ചറിയുന്നതോടൊപ്പം തന്നെ വ്യവസ്ഥാപരമായ വിടവുകള്‍ നികത്താനുള്ള ശ്രമങ്ങളും ഇത്തരം വിഷയങ്ങളില്‍ ആവശ്യമാണ്.