
ആ പോലീസുകാരെ സസ്പെൻഡ് ചെയ്തോ? ഫാക്ട് ചെക്ക്
കോയമ്പത്തൂരിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നാഗപട്ടണം സ്വദേശികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തത് വാര്‍ത്തയായിരുന്നു. ഇക്കഴിഞ്ഞ 21 ആം തീയതിയാണ് വീടിന് മുന്നിൽ കളിക്കുകയായിരുന്ന പെൺകുട്ടിയെ കാണാതാകുന്നത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ അയൽവാസിയടക്കമുള്ള പ്രതികൾ അറസ്റ്റിലാകുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങളെ അറിയിക്കുന്നതിനായി മെയ് 25 ന് പോലീസ് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഏറെ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. വാർത്താസമ്മേളനത്തിനെത്തിയ വെസ്റ്റ് സോൺ ഐ ജി ആർ.വി രമ്യ ഭാരതി, കോയമ്പത്തൂർ റേഞ്ച് ഡി ഐ ജി പി സ്വാമിനാഥൻ, കോയമ്പത്തൂർ എസ് പി അല്ലാട്ടിപള്ളി പവൻ കുമാർ റെഡ്ഡി എന്നിവർ പരസ്പരം തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന വീഡിയോ ക്ലിപ്പുകൾ ആണ് വിമർശനത്തിനിടയാക്കിയത്.

ഈ വീഡിയോ വലിയ വിവാദങ്ങൾക്കിടയാക്കി. പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണം എന്ന വാദം സാമൂഹ്യമാധ്യങ്ങളിലുയർന്നു. അതിനായി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യോട് അഭ്യർത്ഥിക്കുന്ന വിധത്തിലുള്ള പോസ്റ്റുകൾ ഫീഡുകളിൽ നിറഞ്ഞു.
പോലീസുകാരെ മുഖ്യമന്ത്രി വിജയ് സസ്പെൻഡ് ചെയ്തു എന്നുള്ള പ്രചാരണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ നടക്കുന്നത്. ‘ഇനി വീട്ടിലിരുന്നു ചിരിച്ചോളൂ ‘എന്ന തലക്കെട്ടോടെ പോലീസുകാരുടെ പ്രസ് മീറ്റ് വീഡിയോയുടെ സ്ക്രീൻഷോട്ടുകൾ ഉപയോഗിച്ചുകൊണ്ടുള്ള പോസ്റ്റുകളാണ് വൈറൽ. എന്നാൽ, എന്താണ് സത്യാവസ്ഥ? പോലീസുകാരെ മുഖ്യമന്ത്രി സസ്പെൻഡ് ചെയ്തു എന്നത് സത്യമാണോ?
പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു?
മെയ് 26 ആം തീയതി മുതലാണ് പോലീസുകാരെ സസ്പെൻഡ് ചെയ്തുവെന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. മലയാളത്തിലും തമിഴിലും ഇംഗ്ലീഷിലുമെല്ലാം നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

‘ഇനി വീട്ടിലിരുന്ന് ചിരിക്കാം’ എന്നാണ് ‘thadikkaranbro’ എന്ന അക്കൗണ്ടില്‍ വന്ന പോസ്റ്റിന്റെ ക്യാപ്ഷൻ. 65.3K ഫോളോവേഴ്സ് ഉള്ള അക്കൗണ്ട് ആണിത്. 42,000 ൽ പേർ ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്. 1,800 ൽ അധികം കമൻ്റുകളും പോസ്റ്റിനുണ്ട്. പോലീസുകാരെ സസ്പെൻഡ് ചെയ്ത മുഖ്യമന്ത്രിയുടെ ‘നടപടിയെ’ പിന്തുണച്ചുകൊണ്ടുള്ള കമൻ്റുകളാണ് മിക്കതും.
മുഖ്യമന്ത്രി ജോസഫ് വിജയ്‌യെ അഭിനന്ദിച്ചുകൊണ്ട് നിരവധി റിയാക്ഷൻ റീലുകളും ഇൻസ്റ്റഗ്രാമിൽ വൈറലാണ്. മിക്കതിനും നിരവധി കാഴ്ച്ചക്കാരാണുള്ളത്.

മലയാളത്തിലെ ചില ട്രോൾ പേജുകളിലും എൻ്റർടെയ്ൻമെൻ്റ് പേജുകളിലും വിജയെ അഭിനന്ദിച്ചുകൊണ്ടുള്ള കാർഡുകൾ വൈറലാണ്.

തമിഴ്നാട് മുഖ്യമന്ത്രിയുടെ ‘നടപടിയെ’ പ്രശംസിച്ചുകൊണ്ട് നിരവധി പോസ്റ്റുകളും റീലുകളും ഇൻസ്റ്റഗ്രാം അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ പ്രചാരണങ്ങൾ നടത്തുന്ന അക്കൗണ്ടുകൾ പരിശോധിക്കുമ്പോൾ അവയ്‌ക്കൊന്നും തന്നെ ഒരു പൊതുസ്വഭാവമില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഒരു വശത്ത് തമിഴ്‌നാട്ടിലെ രാഷ്ട്രീയ ചലനങ്ങളെ നിരീക്ഷിക്കുന്ന പ്രൊഫൈലുകൾ ഇത് പങ്കുവെക്കുമ്പോൾ, മറുവശത്ത് സിനിമയുമായി ബന്ധപ്പെട്ട പേജുകളും സാധാരണ ട്രോൾ പേജുകളും കൃത്യമായ വസ്തുതാപരിശോധന നടത്താതെയാണ് ഈ വാർത്ത ഏറ്റെടുത്തിരിക്കുന്നത്.

പോലീസുകാരെ സസ്പെൻഡ് ചെയ്തുവെന്ന് അവകാശപ്പെടുന്ന പോസ്റ്റുകൾ എക്സിലും ധാരാളം കാണാം. വ്യക്തിഗത പ്രൊഫൈലുകളിലും പൊളിറ്റിക്കല്‍ കണ്ടന്റുകള്‍ ചെയ്യുന്ന പേജുകളിലും സമാന വാദത്തോടെയുള്ള പോസ്റ്റുകള്‍ കാണാം.

ആയിരക്കണക്കിന് ഫോളോവേഴ്സ് ഉള്ള അക്കൗണ്ടുകളിൽ നിന്നാണ് ഈ പോസ്റ്റുകൾ പ്രചരിക്കുന്നത്. ‘ Priya Purohith’ എന്ന എക്സ് അക്കൗണ്ടിന് നാല്പതിനായിരത്തിലധികം ഫോളോവേഴ്സ് ഉണ്ട്. ഈ പേജില്‍ നിന്ന് നാല് ലക്ഷത്തിലധികം പേരാണ് ഈ പോസ്റ്റ് കണ്ടിട്ടുള്ളത്.
തെലങ്കാന ടുഡെ എഡിറ്റർ, കെ ശ്രീനിവാസ് റെഡിയുടെ എക്സ് പോസ്റ്റിലും പോലീസുകാരെ സസ്പെൻഡ് ചെയ്തു എന്ന പരാമർശം കാണാം. പോലീസുകാരെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഈ നടപടി പിൻവലിക്കണം എന്നാണ് എക്സ് പോസ്റ്റിൽ പറയുന്നത്.

‘Kalimpong news,’ ‘Saptashwatv’ പോലുള്ള ചില ന്യൂസ് പോർട്ടലുകളും പോലീസുകാരെ സസ്പെൻഡ് ചെയ്തതായി വാർത്ത കൊടുത്തിട്ടുണ്ട്.
എന്താണ് സത്യാവസ്ഥ?
എന്നാൽ, തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് പോലീസുകാരെ സസ്പെൻഡ് ചെയ്തതായി ഔദ്യോഗിക സ്ഥിരീകരണമില്ല. മുഖ്യധാരാ മാധ്യമങ്ങളൊന്നും തന്നെ ഇത്തരമൊരു കാര്യം റിപ്പോർട്ട് ചെയ്തിട്ടില്ല.
പോലീസുകാർക്കെതിരെ വിമർശനം ഉണ്ടായതിനെക്കുറിച്ചുള്ള വാർത്തകൾ നിരവധി ഉണ്ടെങ്കിലും സസ്പെൻഷനെ കുറിച്ചുള്ള വാർത്തകൾ ഒന്നും ലഭ്യമല്ല. തമിഴ്നാട് മുഖ്യമന്ത്രിയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ ഹാന്റിലുകളില്‍ ഒന്നിലും പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു എന്നുപറയുന്ന പോസ്റ്റുകള്‍ ഇല്ല.
സോഷ്യൽ മീഡിയയിലെ ഈ അവകാശവാദം സ്ഥിരീകരിക്കാനായി തമിഴ് നാട് സർക്കാരിൻ്റെ അഡീഷൽ ചീഫ് സെക്രട്ടറിയുടെ ഓഫീസുമായി ഒബിസി ഫോണിൽ ബന്ധപ്പെട്ടു. മുഖ്യമന്ത്രിയുടെ ഈ നടപടിയെ കുറിച്ചുള്ള സോഷ്യൽ മീഡിയ ചർച്ചകൾ വസ്തുതാ വിരുദ്ധമാണെന്ന് അവർ ഒബിസിയോട് സ്ഥിരീകരിച്ചു.
വിജയുടെ ‘നടപടിയെ’ കുറിച്ചുള്ള സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ മലയാളത്തിലെ മാധ്യമങ്ങൾ ചർച്ചയാക്കുന്നുണ്ടെങ്കിലും സോഷ്യൽ മീഡിയ പോസ്റ്റുകളിലെ വസ്തുതാ വിരുദ്ധതയെ ആരും ചോദ്യം ചെയ്തതായി കാണുന്നില്ല.
