
‘ദി ഹിന്ദു’ വിന്റെ ഒന്നാം പേജ്: മോദി അനുകൂലികളുടെ ഏറ്റവും പുതിയ വ്യാജപ്രചാരണം
‘എല്ലാവരും സ്വർണം വാങ്ങുന്നത് ഒഴിവാക്കണം, ദേശീയ താല്പര്യം മുൻനിർത്തി’ – 1967 ജൂൺ ആറിന് ഇറങ്ങിയ ദി ഹിന്ദു പത്രത്തിന്റെ ലീഡ് വാർത്ത. സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ ന്യായീകരിക്കാൻ സംഘപരിവാർ ഹാൻഡിലുകൾ ഇന്നലെ മുതൽ ഓടിക്കുന്നതാണിത്. ദി ഹിന്ദു ഇങ്ങനെ ഒരു പത്രം ഇറക്കിയിട്ടുണ്ടോ? 1967 ജൂണിൽ ഇന്ദിരാഗാന്ധി ഇങ്ങനെ പറഞ്ഞിട്ടുണ്ടോ? ഫാക്ട് ചെക്ക്
പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്ന സാഹചര്യത്തിൽ, രാജ്യത്ത് കർശന നിയന്ത്രണങ്ങൾ അഭ്യർത്ഥിച്ചിരിക്കുകയാണ് പ്രധാന മന്ത്രി നരേന്ദ്രമോദി. ഇന്ധന ഉപയോഗം കുറയ്ക്കണമെന്നും വിദേശ യാത്രകൾ പരമാവധി ചുരുക്കണമെന്നും സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്നും മോദി ഹൈദരാബാദിലെ റാലിയിൽ പറഞ്ഞിരുന്നു.
ആഗോള പ്രതിസന്ധിയുടെ ഭാരം സാധാരണക്കാരുടെ മേൽ അടിച്ചേൽപ്പിക്കുകയാണ് എന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടായത്. നിർദ്ദേശങ്ങളെ അനുകൂലിച്ചവരും പ്രതികൂലിച്ചവരും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. എന്നാൽ മോദി അനുകൂലികൾ ദി ഹിന്ദു പത്രത്തിന്റെ വിശ്വാസ്യത മുതലെടുത്ത് വ്യാജവാർത്ത പ്രചരിപ്പിക്കുകയാണ്. 1967 ൽ ഇന്ദിരാഗാന്ധിയും ഇതേ കാര്യം ചെയ്തിരുന്നു എന്ന് വരുത്തി തീർക്കാനാണ് വ്യാജ നിർമിതിയിലൂടെ ഇവർ ശ്രമിച്ചത്. 1967 ജൂൺ ആറിന് ഇറങ്ങിയ ദി ഹിന്ദു പത്രത്തിൻ്റെ ഒന്നാം പേജ് എന്ന നിലയിൽ ഒരു ചിത്രം ഫേസ്ബുക്കിലും എക്സിലും വൈറലായി കൊണ്ടിരിക്കുന്നുണ്ട്.
വിദേശനാണ്യ പ്രതിസന്ധി മൂലം സ്വർണം വാങ്ങുന്നത് ഒഴിവാക്കാൻ ഇന്ദിരാഗാന്ധി അഭ്യര്ഥിക്കുന്ന വാർത്ത അടങ്ങുന്ന ഒന്നാം പേജ് ആണ് പ്രചരിപ്പിക്കുന്നത്. “അന്ന് ഇന്ദിരാഗാന്ധി പറഞ്ഞപ്പോൾ എല്ലാവരും സമ്മതിച്ചു, ഇന്ന് അതേ കാര്യം നരേന്ദ്രമോദി പറയുമ്പോൾ എല്ലാവരും ഒരേപോലെ എതിർക്കുന്നു” എന്ന വാദത്തോടെയാണ് വലതുപക്ഷ അക്കൗണ്ടുകൾ ഈ ഫോട്ടോ പ്രചരിപ്പിക്കുന്നത്. എന്നാൽ, 1967 ലെ ആ വൈറൽ ഹിന്ദു പത്രം ഒറിജിനലാണോ? ഇന്ദിരാഗാന്ധി അന്നങ്ങനെ പറഞ്ഞിട്ടുണ്ടോ?
വലതുപക്ഷ/സംഘപരിവാർ അക്കൗണ്ടുകളാണ് ഈ പോസ്റ്റർ പ്രചരിപ്പിക്കുന്നതിൽ മുന്നിലുള്ളത്. ഇംഗ്ലീഷിലും മലയാളത്തിലും ഹിന്ദിയിലും ഒരുപോലെ ഈ ഫോട്ടോ പ്രചരിക്കുന്നുണ്ട്.
വ്യാജവാർത്ത പ്രചരിപ്പിക്കുന്ന നേതാക്കളും മുഖ്യധാരാ മാധ്യമങ്ങളും
സാധാരണ നടക്കാറുള്ള വ്യാജവാർത്താ പ്രചാരണങ്ങളിൽ നിന്നും ഈ സംഭവത്തെ വ്യത്യസ്തമാക്കുന്നത് അതിന്റെ പ്രചാരകർ ആരൊക്കെയാണ് എന്നതാണ്. മുഖമോ പേരോ ഇല്ലാത്ത വ്യാജ ഐഡികൾ മാത്രമല്ല, ബിജെപി നേതാക്കളും മുഖ്യധാരാ മാധ്യമങ്ങളും ഒരിക്കലും ഇറങ്ങിയിട്ടില്ലാത്ത ഈ ഹിന്ദു പത്രം ഏറ്റെടുത്തു പ്രചരിപ്പിക്കുന്നു.
കർണ്ണാടക പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ആർ. അശോകയാണ് ഇതിലൊരാൾ. അദ്ദേഹത്തിന്റെ വെരിഫൈഡ് എക്സ് ഹാൻഡിലിൽ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

കോൺഗ്രസ്സ് പാർട്ടിയുടെ ഓർമ ദുരൂഹമാണ് എന്നാണ് ആർ അശോകയുടെ പോസ്റ്റ്. സ്വർണം വാങ്ങുന്നത് നിയന്ത്രിക്കണമെന്ന് ഇന്ദിരാഗാന്ധി ആവശ്യപ്പെട്ടപ്പോഴോ ഇതേ കാര്യം 2013 ൽ പി ചിദംബരം ആവശ്യപ്പെട്ടപ്പോഴോ ഇല്ലാത്ത പ്രശ്നമാണ് മോദിയുടെ പ്രസ്താവനയെ ചൊല്ലി ഉണ്ടാകുന്നത് എന്നാണ് അശോകയുടെ ആരോപണം. ‘നയമല്ല പ്രശ്നം, മറിച്ച് മോദിയുടെ ഭരണത്തിൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുന്നത് അവർക്ക് ദഹിക്കുന്നില്ല എന്നതാണ് പ്രശ്നമെന്നും ആർ അശോക പോസ്റ്റിൽ ആരോപിക്കുന്നു. ഇതുവരെ (12/5/26) 657 പേർ ആ പോസ്റ്റ്, ഈ അക്കൗണ്ടിൽ നിന്ന് കണ്ടിട്ടുമുണ്ട്.
ടൈംസ് നൗ എന്ന മാധ്യമവും ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നു. ഇന്ദിരാഗാന്ധിയുടെ സമയത്ത്, പ്രതിസന്ധി രൂക്ഷമായപ്പോൾ, സ്വർണം വാങ്ങുന്നത് കുറയ്ക്കാൻ നിർദേശിച്ചിരുന്നു എന്ന് ദി ഹിന്ദു പത്രത്തിന്റെ ഒന്നാം പേജ് എന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രത്തിലെ വിവരത്തെ അധികരിച്ച് അവർ വാർത്ത കൊടുത്തിരിക്കുന്നു.

ഫേസ്ബുക്കിൽ 55,000 ഫോളോവേഴ്സ് ഉള്ള ‘Jithin Jacob’ എന്ന വെരിഫൈഡ് അക്കൗണ്ടിൽ ഇന്ന് (12/05/2026) ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തെയും 60 വർഷം മുൻപുള്ള ഇന്ദിരാഗാന്ധി കാലത്തെ സാഹചര്യത്തെയും താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു പോസ്റ്റ് ആണിത്.

ഇന്ദിരാഗാന്ധി പറഞ്ഞപ്പോൾ എല്ലാവരും അത് സ്വീകരിച്ചു, എന്നാൽ മോദി പറഞ്ഞപ്പോൾ അത് മോദിയുടെ പിടിപ്പുകേടായി എന്ന് ഈ പോസ്റ്റ് ആരോപിക്കുന്നു. ഇന്ദിരാഗാന്ധിക്ക് ശേഷം വന്ന മന്ത്രിമാരും സമ്മാനമായ നിർദേശങ്ങൾ മുന്നോട്ട് വച്ചിരുന്നു. അതെല്ലാം ഒരുപോലെ സ്വീകരിക്കപ്പെട്ടു. എന്നാൽ മോദിയെ മാത്രം വിമർശിക്കുന്നു എന്നാണ് ഈ പോസ്റ്റിൻ്റെ ഉള്ളടക്കം.
ഇതുവരെ (12/5/26) ആയിരത്തിലധികം പേരാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുള്ളത്. 123 കമൻ്റുകളും 437 ഷെയറുകളും ഈ പോസ്റ്റിനുണ്ട് എന്നുകാണാം. ‘ശശികല ടീച്ചർ ‘ പോലുള്ള ഫേസ്ബുക്കിലെ തീവ്ര വലതുപക്ഷ അക്കൗണ്ടുകളിലും ഈ പോസ്റ്റ് പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിലും എക്സ് അക്കൗണ്ടുകളിലും ഇംഗ്ലീഷ്, ഹിന്ദി പേജുകളിൽ ഈ പോസ്റ്റ് പ്രചരിച്ചിട്ടുണ്ട്.
എക്സിൽ മൂന്ന് ലക്ഷത്തിലധികം (366.5K) ഫോളോവേഴ്സ് ഉള്ള ‘Prof. Gourav Vallabh’ എന്ന അക്കൗണ്ടും ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ പരിഹസിക്കുന്ന ക്യാപ്ഷനാണ് ഹിന്ദിയിലുള്ള ഈ പോസ്റ്റ് ചേർത്തിട്ടുള്ളത്.

ഇതുവരെ (12/5/26) ഈ പോസ്റ്റ്, 2593 പേർ കണ്ടിട്ടുണ്ട്. 118 പേർ ഇതിന് കമൻ്റ് ചെയ്തിട്ടുണ്ട്.
സ്ഥിരമായി വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്ന വലതുപക്ഷ അനുകൂല പേജുകൾ ഈ പോസ്റ്റ് പ്രചരിപ്പിക്കുന്നതിൽ മുന്നിൽ നിൽക്കുന്നുണ്ട്. വാട്സാപ്പിലൂടെയും ഈ ഫോട്ടോ പ്രചരിക്കുന്നുണ്ട് എന്ന് ഒബിസി കണ്ടെത്തിയിട്ടുണ്ട്.

എന്താണ് യാഥാർത്ഥ്യം?
വലതുപക്ഷ അക്കൗണ്ടുകള്‍ പ്രച്ചരിപ്പിക്കുന്ന ഈ പോസ്റ്റര്‍, എ ഐ നിര്‍മിതമാണ് എന്ന് ഒബിസിയുടെ വസ്താന്വേഷണത്തിലൂടെ മനസിലായി. Mydetector.ai എന്ന ടൂള്‍ ആണ് വേരിഫിക്കെഷനായി ഒബിസി ഉപയോഗിച്ചത്.

പ്രചരിക്കുന്ന ഈ പോസ്റ്റര്‍, 79.47 ശതമാനവും എ ഐ നിര്‍മിതമാണ് എന്നാണ് Mydetector.ai ഫലം.
ദി ഹിന്ദു ദിനപത്രത്തിൻ്റെ എഡിറ്റർ ഇൻ ചീഫ് സുരേഷ് നമ്പത്തുമായി ഒബിസിയുടെ ഫാക്ട് ചെക്ക് ടീം സംസാരിച്ചു.
1967 ലേത് എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ഈ പോസ്റ്റർ വ്യാജമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. 1967 ജൂൺ മാസത്തിൽ അങ്ങനെയൊരു വാർത്ത പ്രസിദ്ധീകരിച്ചിട്ടില്ല സുരേഷ് നമ്പത്ത് ഒബിസിയോട് വ്യക്തമാക്കി.
ദി ഹിന്ദു ഗ്രൂപ്പ് സാമൂഹ്യ മാധ്യമങ്ങളിലെ ഈ പ്രചാരണം തെറ്റാണെന്ന് എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

1967 ജൂൺ ആറിന് അച്ചടിച്ച പത്രത്തിൻ്റെ കോപ്പി, ദി ഹിന്ദു ഗ്രൂപ്പിന്റെ രാഷ്ട്രീയകാര്യ ലേഖകൻ ബി. കോലപ്പൻ തൻ്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ചിട്ടുണ്ട്.

നിലവിലെ സാഹചര്യത്തില്‍, മോദി സര്‍ക്കാര്‍ നേരിടുന്ന സാമൂഹ്യ മാധ്യമ വിമര്‍ശനങ്ങളെ വലതുപക്ഷ അനുകൂല പേജുകള്‍ അഭിമുഖീകരിക്കുന്നത് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചു കൊണ്ടാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടേത് എന്ന വാദത്തോടെ പ്രചരിപ്പിക്കുന്ന ഈ പോസ്റ്റര്‍. ദി ഹിന്ദു പോലുള്ള മുഖ്യധാരാ മാധ്യമങ്ങൾ വർഷങ്ങൾ കൊണ്ട് നേടിയെടുത്ത വിശ്വാസ്യത ദുരുപയോഗം ചെയ്ത് മോദിക്ക് അനുകൂലമായ ആഖ്യാനം നിർമിച്ചെടുക്കാനുള്ള ശ്രമമാണ് സംഘപരിവാർ ഹാൻഡിലുകൾ നടത്തുന്നത്.
