കസ്റ്റഡി മരണങ്ങൾ – ശിക്ഷിക്കപ്പെടാത്ത പോലീസുകാർ : ഇന്ത്യയിലെ കസ്റ്റഡി മരണങ്ങളുടെ കഥ

കസ്റ്റഡി മരണങ്ങൾ – ശിക്ഷിക്കപ്പെടാത്ത പോലീസുകാർ : ഇന്ത്യയിലെ കസ്റ്റഡി മരണങ്ങളുടെ കഥ

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകളനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ (2021 -26) രാജ്യത്ത് നടന്നത് 806 കസ്റ്റഡി മരണങ്ങളാണ്. ഇതിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തത് ഒരേയൊരു കേസിൽ മാത്രമാണ്. 2018 ന് ശേഷം ഒരൊറ്റ പോലീസുകാരൻ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

തമിഴ്നാട്ടിലെ മധുര രാജാജി ഗവൺമെന്റ് ആശുപത്രിയുടെ മോർച്ചറിയിൽ കഴിഞ്ഞ 83 ദിവസങ്ങളായി ഒരു മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ് – കൃഷ്ണരാജപുരം സ്വദേശിയായിരുന്ന ദളിത് യുവാവ് ആകാശ് ഡെലിസന്റേത്. ഇക്കഴിഞ്ഞ മാർച്ച് അഞ്ചിനാണ് രണ്ട് തൊഴിലാളികളെ മാരകായുധങ്ങളുമായി ആക്രമിച്ചുവെന്നാരോപിച്ച് ആകാശ് ഡെലിസണെയും സുഹൃത്ത് ഗോപിയെയും ശിവഗംഗ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം കാലിലെ പൊട്ടലടക്കം ഗുരുതര പരിക്കുകളോടെ പോലീസ് ആകാശിനെ മധുരയിലെ രാജാജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‘ഓടി രക്ഷപ്പെടാൻ’ ശ്രമിക്കുന്നതിനിടെ പരിക്കു പറ്റിയതെന്നായിരുന്നു പോലീസിന്റെ വാദം. രണ്ട് ദിവസങ്ങൾ കഴിഞ്ഞ്, മാർച്ച് എട്ടിന് ആകാശ് ആശുപത്രിയിൽ വെച്ച് മരിച്ചു.

ക്രൂരമായ പോലീസ് മർദ്ദനമാണ് ആകാശിന്റെ മരണത്തിനിടയാക്കിയതെന്ന് കുടുംബം ആരോപിക്കുന്നു. ആകാശ് ഡെലിസന്റെ മരണത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം മോർച്ചറിയിൽ നിന്ന് ഏറ്റുവാങ്ങില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. നിലവിൽ കേസിന്റെ ഭാഗമായി ആറ് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. 

ആകാശ് ഡെലിസൺ

മരണത്തിന് ഒരു ദിവസം മുമ്പ് മജിസ്ട്രേറ്റിന് മുന്നില്‍ ആകാശ് ഡെലിസണ്‍ നല്‍കിയ മരണമൊഴി പൊലീസില്‍ നിന്നും താന്‍ നേരിട്ട ക്രൂരതകള്‍ അക്കമിട്ട് നിരത്തുന്നതാണ്. പൊലീസ് തന്റെ കണ്ണു കെട്ടി, കാലിനടിയില്‍ കല്ലുകള്‍ വെച്ച് നനഞ്ഞ ചാക്ക് കൊണ്ട് മൂടിയ ശേഷം ഇരുമ്പ് വടി കൊണ്ട് അടിച്ചതായി മൊഴിയിലുണ്ട്. അടി കിട്ടിയ ഉടനെ അസ്ഥികള്‍ ഒടിഞ്ഞ് പുറത്തേക്ക് വന്നതായും ഡെലിസന്റെ മൊഴിയില്‍ പറയുന്നു. പാലത്തിൽ നിന്ന് വീണാണ് പരിക്കേറ്റതെന്ന് ഡോക്ടർമാരോട് പറയാൻ ആകാശിനെ പോലീസ് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. വലതുകാലിലെ ഒടിവുകൾ, തലച്ചോറിലെ രക്തസ്രാവം, ഹൃദയത്തിലും ശ്വാസകോശത്തിലുമുണ്ടായ നീർവീക്കം എന്നിവയുൾപ്പെടെ ആകാശിന്റെ ശരീരത്തിൽ ഇരുപതിലധികം ബാഹ്യ-ആന്തരിക പരിക്കുകൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും വ്യക്തമാക്കുന്നു.

എന്നാൽ ആകാശിന്റെ മരണം ഒരു ഒറ്റപ്പെട്ട സംഭവമല്ല.

റിപ്പോർട്ടുകളനുസരിച്ച്, ഈ വർഷം ഇതുവരെ തമിഴ്നാട്ടിൽ മാത്രം മൂന്ന് കസ്റ്റഡി മരണങ്ങളാണ് രേഖപ്പെടുത്തിയത്. ലോക്സഭാ രേഖകൾ പ്രകാരം ഡിഎംകെ സർക്കാർ അധികാരത്തിലുണ്ടായിരുന്ന (2021 – 2026) കഴിഞ്ഞ അഞ്ച് വർഷത്തിൽ തമിഴ്നാട് കണ്ടത് 27 കസ്റ്റഡി മരണങ്ങളാണ്. ഇതിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ (NHRC) ബന്ധപ്പെട്ട പോലീസുകാർക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തത് ഒരേയൊരു കേസിൽ മാത്രം. ആകാശ് ഡെലിസന്റെ മരണത്തിൽ രാമാനാഥപുരം റേഞ്ച് ഡിഐജി (DIG) യുടെ ഉത്തരവിലാണ് ആറ് പോലീസുകാരെ സസ്പെൻഡ് ചെയ്തത്.

അഞ്ച് വർഷം; 806 കസ്റ്റഡി മരണങ്ങൾ 

തമിഴ്നാട്ടിൽ മാത്രമല്ല, രാജ്യത്താകെയും കസ്റ്റഡി മരണങ്ങളുടെ കണക്ക് ആശങ്കപ്പെടുത്തുന്നതാണ്. കേന്ദ്ര സർക്കാർ ലോക്സഭയിൽ അറിയിച്ചത് പ്രകാരം 2025 – 26 കാലയളവിൽ ഇന്ത്യയിലാകെ റിപ്പോർട്ട് ചെയ്തത് 170 കസ്റ്റഡി മരണങ്ങളാണ്. 2026 മാർച്ച് 15 വരെയുള്ള കണക്കാണിത്. 2021 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ, ഓരോ വർഷവും 140 നും 176 നുമിടയിൽ കസ്റ്റഡി മരണങ്ങൾ രാജ്യത്ത് നടന്നതായി കാണാം.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകളനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ (2021 -26) ആകെ നടന്നത് – 806 കസ്റ്റഡി മരണങ്ങൾ. ഇതിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തത് ഒരു കേസിൽ മാത്രമാണ്. രാജ്യത്തെ കസ്റ്റഡി മരണങ്ങളെ പറ്റിയുള്ള ചോദ്യത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ വർഷം മാർച്ച് 24 ന് ലോക്സഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തമിഴ്നാട്ടിലെ കസ്റ്റഡി മരണത്തിലാണ് അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്തിട്ടുള്ളതെന്ന് ലോക്സഭാ രേഖയിൽ പറയുന്നുണ്ടെങ്കിലും കേസ് ഏതാണെന്ന് വ്യക്തമാക്കുന്നില്ല.

എന്നാൽ മനുഷ്യാവകാശ കമ്മീഷന്റെ തന്നെ 2023-24 ലെ വാർഷിക റിപ്പോർട്ടിൽ കസ്റ്റഡി മരണങ്ങളിലുണ്ടായ പോലീസ് വീഴ്ചകൾ പരാമർശിക്കുന്നുണ്ട്. 2021 ൽ ഛത്തിസ്ഗഡിലും ബിഹാറിലും വിചാരണ തടവുകാർ തൂങ്ങി മരിച്ച കേസുകളിൽ ജയിൽ ജീവനക്കാരുടെ വീഴ്ച മനുഷ്യാവകാശ കമ്മീഷൻ തന്നെ വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൃത്യമായ നിരീക്ഷണ സംവിധാനങ്ങളുടെ അഭാവം മൂലമാണ് ആത്മഹത്യ തടയാൻ പോലീസിന് സാധിക്കാതിരുന്നതെന്നാണ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. ഈ കേസുകളിലെല്ലാം മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടികൾക്കൊന്നും മനുഷ്യാവകാശ കമ്മീഷൻ ശുപാർശ ചെയ്തിട്ടില്ല. 

പോലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ എല്ലാ തരത്തിലുള്ള മരണങ്ങളും ദേശീയ മനുഷ്യാവകാശ കമ്മീഷൻ കസ്റ്റഡി മരണങ്ങളായാണ് കണക്കാക്കുന്നത്. അതായത്, ഒരു പ്രതി പോലീസ് കസ്റ്റഡിയിലിരിക്കെ സ്വാഭാവിക കാരണങ്ങളാൽ മരിച്ചാലും, ദേശീയ മനുഷ്യാവകാശ കമ്മീഷൻ ‘പോലീസ് കസ്റ്റഡി മരണമായി കണക്കാക്കും. എൻഎച്ച്ആർസിയുടെ തന്നെ നയമനുസരിച്ച്, പോലീസ് കസ്റ്റഡിയിലുള്ള ഒരു പ്രതിയുടെ സുരക്ഷ പോലീസിന്റെയും സംസ്ഥാന സർക്കാരിന്റെയും ഉത്തരവാദിത്വമാണ്.

ഒറ്റ വർഷം; 2300 ലേറെ ജുഡീഷ്യൽ കസ്റ്റഡി മരണങ്ങൾ 

മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ടിൽ, കസ്റ്റഡി മരണങ്ങളെ രണ്ടായി തരംതിരിക്കുന്നുണ്ട്. പോലീസ് കസ്റ്റഡി മരണങ്ങളും ജുഡീഷ്യൽ കസ്റ്റഡി മരണങ്ങളും. ശിക്ഷിക്കപ്പെട്ടോ റിമാൻഡിലോ ജയിലിൽ കഴിയുമ്പോഴും കോടതിയുടെ മേൽനോട്ടത്തിൽ ആശുപത്രിയിൽ കഴിയുമ്പോഴും പ്രതികൾ മരിക്കുന്നത്, ‘ജുഡീഷ്യൽ കസ്റ്റഡി മരണ’ങ്ങളായി കണക്കാക്കും. പ്രതി പോലീസ് നിയന്ത്രണത്തിലായിരിക്കുമ്പോൾ ഉണ്ടാകുന്ന മരണങ്ങളാണ് പോലീസ് കസ്റ്റഡി മരണങ്ങൾ. ലോക്സഭാ രേഖയിൽ പരാമർശിച്ച 806 മരണങ്ങൾ, പോലീസ് കസ്റ്റഡി മരണങ്ങളാണ്. എൻഎച്ച്ആർസി രേഖകളനുസരിച്ച്, ജുഡീഷ്യൽ കസ്റ്റഡി മരണങ്ങൾ ഇതിനേക്കാൾ വളരെ കൂടുതലാണ്. 2023 – 24 കാലയളവിൽ മാത്രം രാജ്യത്തെ വിവിധ ജയിലുകളിൽ നിന്നായി മനുഷ്യാവകാശ കമ്മീഷന് ലഭിച്ചത് 2,346 ജുഡീഷ്യൽ കസ്റ്റഡി മരണങ്ങളുടെ വിവരങ്ങളാണ്. തൊട്ട് മുൻപത്തെ വർഷം ഇത് 2,356 ആയിരുന്നു. 

2021 – 22 മുതൽ 2024 – 25 വരെയുള്ള എൻഎച്ച്ആർസി കണക്കുകളിൽ ആകെ 536 പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്തെ കസ്റ്റഡി മരണങ്ങളെ പറ്റിയുള്ള കണക്കുകൾ പ്രസിദ്ധീകരിക്കുന്ന മറ്റൊരു സ്ഥാപനം ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയാണ്. അവരുടെ ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിൽ പോലീസ് കസ്റ്റഡി മരണങ്ങളെ തന്നെ രണ്ടായി തരംതിരിക്കുന്നുണ്ട്. പോലീസ് കസ്റ്റഡിയിൽ റിമാൻഡിലിരിക്കെ മരിച്ചവരുടേതാണ് (Persons in Remand) ആദ്യത്തെ വിഭാഗം. രണ്ടാമത്തേത്, മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുന്നതിന് മുൻപേ പോലീസ് കസ്റ്റഡിയിൽ മരിച്ചവരുടേതാണ് (Persons Not on Remand). പ്രതിയെ അറസ്റ്റ് ചെയ്തു 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്നാണ് നിയമം. അതായത് രണ്ടാമത്തേത്, പോലീസ് കസ്റ്റഡിയിലെടുത്ത് 24 മണിക്കൂറുകൾക്കകം മരിച്ചവരുടെ കണക്കുകളാണ്. ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ നിന്ന് വ്യത്യസ്തമായി ക്രൈം റെക്കോർഡ്സ് ബ്യൂറോ ജുഡീഷ്യൽ മരണങ്ങളുടെ കണക്കുകൾ ഉൾപ്പെടുത്തുന്നില്ല. അത് അവരുടെ തന്നെ പ്രിസൺ സ്റ്റാറ്റിസ്റ്റിക്സ് ഇന്ത്യ (Prison Statistics India, PSI) എന്ന റിപ്പോർട്ടിൽ ഇത് പ്രത്യേകമായി പ്രസിദ്ധീകരിക്കുന്നുണ്ട്.

ക്രൈം റെക്കോർഡ്സ് ബ്യൂറോയും മനുഷ്യാവകാശ കമ്മീഷനും – രണ്ട് തരം കണക്കെടുപ്പുകൾ 

ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്ക് പ്രകാരം 2024 ൽ രാജ്യത്താകെ നടന്ന പോലീസ് കസ്റ്റഡി മരണങ്ങൾ 105 ആണ്. രണ്ട് വിഭാഗങ്ങളെയും ഉൾപ്പെടുത്തിയുള്ള കണക്കുകളാണിത്. ഇതേ കാലയളവിൽ (2024 – 25) ദേശീയ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് പ്രകാരം, 140 പോലീസ് കസ്റ്റഡി മരണങ്ങൾ ഉണ്ടായിട്ടുണ്ട്.

മനുഷ്യാവകാശ കമ്മീഷനും ക്രൈം റെക്കോർഡ് ബ്യൂറോയും കസ്റ്റഡി മരണത്തിന്റെ വിവര ശേഖരണം നടത്തുന്നത് തീർത്തും വ്യത്യസ്ത രീതികളിലാണ്. മനുഷ്യാവകാശ കമ്മീഷന്റെ ചട്ടമനുസരിച്ച്, പോലീസ് കസ്റ്റഡിയിലോ ജുഡീഷ്യൽ കസ്റ്റഡിയിലോ ഒരു മരണമുണ്ടായാൽ 24 മണിക്കൂറുകൾക്കകം വിവരം സംസ്ഥാന സർക്കാർ കമ്മീഷനെ അറിയിച്ചിരിക്കണം. സംസ്ഥാന സർക്കാരിൽ നിന്നും മരണം നടക്കുന്ന അതാത് ജയിലുകളിൽ നിന്നും നേരിട്ട് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് തയ്യാറാക്കുന്നത്.

എന്നാൽ പോലീസ് സ്റ്റേഷനുകളിൽ നിന്ന് നേരിട്ട് ലഭിക്കുന്ന വിവരങ്ങളാണ് ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിന്റെ ആധാരം. ഈ റിപ്പോർട്ടിൽ, പോലീസ് കസ്റ്റഡിയിലെ മരണകാരണങ്ങളുടെ സ്ഥിതി വിവരങ്ങൾ പ്രത്യേകം നൽകിയിട്ടുണ്ട്. 

പോലീസ് കസ്റ്റഡി മരണങ്ങളിലെ നടപടികളെ കുറിച്ചോ പ്രതി ചേർക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെക്കുറിച്ചോ യാതൊരു വിവരവും ദേശീയ മനുഷ്യാവകാശ കമ്മീഷൻ പങ്ക് വയ്ക്കുന്നില്ല. ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിൽ ഈ വിവരങ്ങളുണ്ട്.

ശിക്ഷിക്കപ്പെടാത്ത പോലീസുകാർ 

അവസാന നാല് ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടുകളിലായി (2021 – 2024) ആകെ 290 പോലീസ് കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇക്കാലയളവിൽ പോലീസ് കസ്റ്റഡി മരണങ്ങളെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ടത് ആകെ 33 പോലീസ് ഉദ്യോഗസ്ഥരാണ്. ഇതിൽ തന്നെ 21 പേർക്കെതിരേ മാത്രമേ കുറ്റപത്രം സമർപ്പിച്ചിട്ടുള്ളൂ. 107 കേസുകളാണ് പോലീസ് കസ്റ്റഡി മരണങ്ങൾക്കെതിരെ 2021 മുതൽ 2024 വരെ ആകെ രെജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇത്രയധികം കേസുകളുണ്ടായിരുന്നിട്ടും ഒരു പോലീസുകാരൻ പോലും ഇക്കാലയളവിൽ ശിക്ഷിക്കപ്പെട്ടിട്ടില്ല.

അതായത്, എൻസിആർബി യുടെ കണക്കുകൾ പരിശോധിച്ചാൽ തന്നെ, ആകെ നടന്ന പോലീസ് കസ്റ്റഡി മരണങ്ങളുടെ 37 ശതമാനത്തോളം മാത്രമേ കേസുകളുള്ളൂ. 290 പോലീസ് കസ്റ്റഡി മരണങ്ങളിൽ, ആകെ കുറ്റപത്രം നൽകിയത് 21 പോലീസുകാർക്കെതിരെയും.

കസ്റ്റഡി മരണങ്ങൾക്ക് ഉത്തരവാദികളായ പോലീസുകാർ ശിക്ഷിക്കപ്പെടുന്നത് വളരെ കുറവാണെന്ന് സ്ഥിതിവിവരക്കണക്കുകൾ തെളിയിക്കുന്നു. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ തന്നെ കഴിഞ്ഞ 25 വർഷത്തെ ഡാറ്റ പരിശോധിച്ചാൽ ഇത് വ്യക്തമാവും. ഇതനുസരിച്ച്, 2001 മുതൽ 2024 വരെ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടത് 2,178 പോലീസ് കസ്റ്റഡി മരണങ്ങളാണ്. ഇതിൽ ആകെ രജിസ്റ്റർ ചെയ്ത കേസുകൾ – 1,000. മൊത്തം കസ്റ്റഡി മരണങ്ങളുടെ 46 ശതമാനം. 379 പോലീസുകാർക്കെതിരെ കുറ്റപത്രവും സമർപ്പിച്ചിട്ടുണ്ട്. എന്നാൽ ആകെ ശിക്ഷിക്കപ്പെട്ടത് 26 പോലീസുകാരാണ്. എൻസിആർബി പറയുന്നതനുസരിച്ച്, 2018 ന് ശേഷം ഒരു പോലീസുകാരൻ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

2020 മുതൽ 2024 വരെ ആകെ 11 പേർ മരിച്ചത് പോലീസ് മർദ്ദനങ്ങളെ തുടർന്നാണെന്ന് ക്രൈം ഇൻ ഇന്ത്യ റപ്പോർട്ട് തന്നെ വ്യക്തമാക്കുന്നുണ്ട്. ആകെ മരണപ്പെട്ടതിന്റെ 3 ശതമാനം. കേന്ദ്ര സർക്കാർ രേഖകൾ പ്രകാരം തന്നെ ഈ കാലയളവിൽ ആരും ശിക്ഷിക്കപ്പെട്ടിട്ടില്ല.

മരണകാരണങ്ങളിലെ അവ്യക്തത 

ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിലെ മരണകാരണങ്ങളുടെ കണക്കുകളിലും അവ്യക്തതയുണ്ട്. അവസാന അഞ്ച് വർഷങ്ങളിലെ (2020 – 2024) റിപ്പോർട്ടുകൾ പരിശോധിച്ചാൽ, ആകെ നടന്ന 366 പോലീസ് കസ്റ്റഡി മരണങ്ങളിൽ  43 ശതമാനവും രോഗം ബാധിച്ചോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയോ മരണപ്പെട്ടതാണ്. ആത്മഹത്യകളാണ് രണ്ടാം സ്ഥാനത്ത് – 40 ശതമാനം.

പോലീസ് കസ്റ്റഡിയിലെ മരണകാരണങ്ങൾ (2020-2024) വ്യക്തമാക്കുന്ന ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഇൻഫോഗ്രാഫിക് ഗ്രാഫ്

രോഗം ബാധിച്ചോ ആശുപത്രിയിലോ മരണപ്പെട്ടവരുടെ കണക്കുകളിൽ വ്യക്തതക്കുറവുണ്ട്. ഇതിൽ, ‘രോഗം’ നേരത്തെ ഉണ്ടായിരുന്നതാണോ അതോ കസ്റ്റഡിയിലിരിക്കെ പെട്ടെന്നുണ്ടായതാണോ എന്നതിൽ വ്യക്തതയില്ല. പ്രതിയെ ഏത് സാഹചര്യത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നതിനെക്കുറിച്ചും റിപ്പോർട്ടിൽ ഒന്നും പറയുന്നില്ല. തടവറയിലെ മോശം അന്തരീക്ഷമാണോ ആരോഗ്യനില വഷളാക്കിയത്, അതോ കസ്റ്റഡിയിലിരിക്കെ പോലീസിൽ നിന്നോ സഹതടവുകാരിൽ നിന്നോ  മർദ്ദനമേറ്റതിനെ തുടർന്നാണോ ആശുപത്രിയിലാക്കേണ്ടി വന്നത് എന്ന വിഷയങ്ങളിലേക്കൊന്നും റിപ്പോർട്ട് കടക്കുന്നില്ല. തമിഴ്നാട്ടിലെ സാത്തൻകുളം പോലീസ് സ്റ്റേഷനിലെ ക്രൂരമായ പോലീസ് മർദനത്തിൽ ജയരാജും മകൻ ബെന്നിക്സും കൊല്ലപ്പെട്ടത് 2020 ലാണ്. ഈ കേസിൽ പോലീസ് മർദനമേറ്റ് അവശരായ ഇരുവർക്കും ഡോക്ടറിൽ നിന്നും റിമാൻഡ് ചെയ്യാനുള്ള ‘ആരോഗ്യ യോഗ്യതാ സർട്ടിഫിക്കറ്റ്’ (Fit for Remand) കിട്ടിയത് ഏറെ ചർച്ചയായതാണ്.

കസ്റ്റഡിയിലെ ആത്മഹത്യകൾ 

ആകെ 366 പേരിൽ 139 പേരുടെ മരണമാണ് ആത്മഹത്യയായി രേഖപ്പെടുത്തിയിട്ടുള്ളത്. പോലീസ് മർദ്ദനത്തെ തുടർന്നുണ്ടായ കൊലപാതകങ്ങളെ ‘ആത്മഹത്യകളാ’യി ചിത്രീകരിക്കുന്നെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്. നിരവധി കേസുകളിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾ തന്നെ ഈ ആരോപണം ഉന്നയിച്ചിട്ടുണ്ട്. 2019 ഏപ്രിലിൽ പഞ്ചാബിലെ ലുധിയാനയിൽ കരൺ എന്ന യുവാവിന്റെ മരണം, 2019 മേയിൽ ഡൽഹിയിലെ ബൽരാജ് സിംഗിന്റെയും, പഞ്ചാബിലെ ഫരീദ്കോട്ടിൽ ജസ്പാൽ സിംഗിന്റെയും മരണങ്ങൾ, 2019 ജൂലൈയിൽ ഉത്തരാഖണ്ഡിൽ ധീരജ് സിംഗ് റാണ എന്നയാളുടെ മരണം തുടങ്ങിയവയൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.

ഈ വർഷം മാർച്ച് പത്തിന് രാജസ്ഥാനിലെ ‘കോട്ട’യിലെ പോലീസ് സ്റ്റേഷനിൽ ഇരുപത്തി മൂന്നുകാരൻ തൂങ്ങി മരിച്ചത് പോലീസ് പീഡനം കാരണമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.

കഴിഞ്ഞ മൂന്ന് വർഷങ്ങളായി ആത്മഹത്യകളുടെ എണ്ണം കുറഞ്ഞു വരുന്നതായി കാണാം. 2022 ൽ 32 പേരാണ് പോലീസ് കസ്റ്റഡിയിൽ ആത്മഹത്യ ചെയ്തത്. 2024 ആയപ്പോൾ ഇത് 22 ആയി കുറഞ്ഞു. 

ഇന്ത്യയിലെ പോലീസ് കസ്റ്റഡിയിലെ ആത്മഹത്യ മരണങ്ങൾ (2020-2024) വ്യക്തമാക്കുന്ന NCRB ഇൻഫോഗ്രാഫിക് ബാർ ഗ്രാഫ്

‘മറ്റ് കാരണങ്ങൾ’ എന്ന വിഭാഗത്തിലും അഞ്ച് വർഷങ്ങളായി ഇരുപത്തഞ്ച് പേർ പോലീസ് കസ്റ്റഡിയിൽ മരിച്ചെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പറയുന്നു. എന്നാൽ ഈ മരണങ്ങളെ പറ്റി കൂടുതൽ വിവരങ്ങളൊന്നും റിപ്പോർട്ടിലില്ല.

കസ്റ്റഡിയിലാവുന്നതിന് മുൻപ് തന്നെ ഉണ്ടായ പരിക്കുകൾ കാരണം മരണപ്പെട്ടവരുടെ കണക്കുകൾ ക്രൈം റെക്കോർഡ്സ് ബ്യൂറോ നൽകുന്നുണ്ട് . അഞ്ച് വർഷങ്ങളിലായി ആകെ 12 പേരാണ് ഇത്തരത്തിൽ മരണപ്പെട്ടത്. 

2021 ലാണ് ഏറ്റവുമധികം പേർ കസ്റ്റഡി മർദ്ദനങ്ങളിൽ കൊല്ലപ്പെട്ടത് – 6 പേർ. ‘രോഗബാധയെ തുടർന്നോ ആശുപത്രി വാസത്തിനിടയിലോ മരിച്ചവർ’, ‘ആത്മഹത്യകൾ’, ‘മറ്റു കാരണങ്ങൾ’ എന്നീ വിഭാഗങ്ങളിലെ കണക്കുകളിൽ കൂടുതൽ വ്യക്തത വരുത്തിയാൽ കസ്റ്റഡി കൊലപാതകങ്ങളുടെ എണ്ണം ഇതിലും ഉയരാനാണ് സാധ്യത.

സ്വതന്ത്ര മനുഷ്യാവകാശ സംഘടനകളുടെ കണക്കുകൾ ഔദ്യോഗിക കണക്കുകളിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. 2020 ൽ ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ട് രേഖപ്പെടുത്തിയത് പ്രകാരം ഒരേയൊരാളാണ് പോലീസ് മർദനം മൂലം കസ്റ്റഡിയിൽ മരിച്ചത്. ആകെയുണ്ടായ കസ്റ്റഡി മരണങ്ങൾ 76 എണ്ണം.

എന്നാൽ നാഷണൽ ക്യാംപെയ്ൻ എഗൈൻസ്റ് ടോർച്ചർ (National Campaign Against Torture) എന്ന സംഘടനയുടെ റിപ്പോർട്ട്  പ്രകാരം, 2020 ൽ രാജ്യത്ത് ആകെ നടന്നത് 111 കസ്റ്റഡി മരണങ്ങളാണ്. ഇതിൽ 51 പേരും മരിച്ചത് പോലീസിന്റെ പീഡനങ്ങൾ മൂലമാണെന്ന് ഇവരുടെ റിപ്പോർട്ടിൽ പറയുന്നു. ആകെ മരണങ്ങളുടെ  46 ശതമാനം.

 കസ്റ്റഡി മരണങ്ങളിൽ ഒന്നാം സ്ഥാനത്ത് മഹാരാഷ്ട്ര 

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോർട്ടനുസരിച്ച്, കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ (2021 – 26) ഏറ്റവുമധികം പോലീസ് കസ്റ്റഡി മരണങ്ങളുണ്ടായിട്ടുള്ളത് മഹാരാഷ്ട്രയിലാണ്. 101 മരണങ്ങൾ. രണ്ടാം സ്ഥാനത്ത് ഗുജറാത്തും (85) മൂന്നാം സ്ഥാനത്ത് ബിഹാറുമുണ്ട്. ഓരോ വർഷങ്ങളിലെയും പ്രത്യേകം കണക്കുകൾ പരിശോധിച്ചാലും ഇതേ സംസ്ഥാനങ്ങൾ തന്നെയാണ് ആദ്യ സ്ഥാനങ്ങളിലെന്ന് കാണാം. 2025 – 26 കാലയളവൊഴികെ മറ്റെല്ലാ വർഷങ്ങളിലും രാജ്യത്ത് ഏറ്റവുമധികം പോലീസ് കസ്റ്റഡി മരണങ്ങൾ നടക്കുന്നത് മഹാരാഷ്ട്രയിലാണ്. രണ്ടാം സ്ഥാനത്ത് ഗുജറാത്തും. എന്നാൽ മഹാരാഷ്ട്രയിൽ കസ്റ്റഡി മരണങ്ങൾ കുറഞ്ഞു വരുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. 2021-22 ൽ 30 കസ്റ്റഡി മരണങ്ങൾ രേഖപ്പെടുത്തിയ മഹാരാഷ്ട്രയിൽ 2025 – 26 ൽ 14 കസ്റ്റഡി മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കസ്റ്റഡി മരണങ്ങളുടെ നിരക്കിൽ ഏകദേശം 53 ശതമാനത്തിന്റെ (16 കേസുകൾ) കുറവാണ് മഹാരാഷ്ട്രയിലുണ്ടായത്.

പോലീസ് കസ്റ്റഡി മരണങ്ങളിൽ ഏറ്റവും ഉയർന്ന വർദ്ധനവ് രേഖപ്പെടുത്തിയത് ഒഡീഷയിലാണ്. 2021-22 കാലയളവിൽ 2 മരണങ്ങൾ മാത്രം റിപ്പോർട്ട് ചെയ്ത സംസ്ഥാനത്ത്, 2025-26 (മാർച്ച് 15 വരെയുള്ള കണക്ക്) ആയപ്പോഴേക്കും അത് 9 ആയി ഉയർന്നു.

എന്നാൽ 2021 മുതൽ 2024 വരെയുള്ള കണക്കുകളിൽ, രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിലെയും സ്ഥിതി വ്യത്യസ്തമാണ്. ബിഹാർ, ഛത്തീസ്ഗഢ്, ഹരിയാന, നാഗാലാൻഡ്, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഡൽഹി, പുതുച്ചേരി എന്നിവിടങ്ങളിൽ കസ്റ്റഡി മരണങ്ങളുടെ എണ്ണം മുൻവർഷങ്ങളെക്കാൾ അപേക്ഷിച്ച് കുത്തനെ ഉയർന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കർണാടകയിലും (2 ൽ നിന്ന് 3 ആയി) തമിഴ്‌നാട്ടിലും (5 ൽ നിന്ന് 7 ആയി) പോലീസ് കസ്റ്റഡി മരണങ്ങളിൽ വർദ്ധനവുണ്ടായിട്ടുണ്ട്.

കുറ്റപത്രം നൽകിയ കേസുകളിലെ തുടർ നടപടികളെ കുറിച്ചുള്ള വിവരങ്ങളൊന്നും ഔദ്യോഗിക റിപ്പോർട്ടുകളിലില്ല. കസ്റ്റഡി മരണങ്ങളിൽ താത്കാലികമായി സസ്പെൻഡ് ചെയ്യപ്പെടുന്ന പോലീസുകാരെ കുറച്ച് കാലത്തിന് ശേഷം തിരിച്ചെടുത്ത നിരവധി സംഭവങ്ങളുണ്ട്. കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട, വരാപ്പുഴ എസ് ആർ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ സസ്പെൻഡ് ചെയ്ത പത്ത് പോലീസു ഉദ്യോഗസ്ഥരെയും 2018 ൽ തിരിച്ചെടുത്തിരുന്നു.

‘ഹൈ റിസ്ക് ‘ വിഭാഗത്തിൽ ഇന്ത്യ 

ആഗോള തലത്തിലെ കണക്കുകളുമായി താരതമ്യം ചെയ്താലും, ഇന്ത്യയിലെ കസ്റ്റഡി പീഡനങ്ങളുടെ കണക്കുകൾ ഗൗരവമുള്ളതാണ്. മനുഷ്യാവകാശ ലംഘനങ്ങളെ പറ്റി പ്രതിപാദിക്കുന്ന ‘ഗ്ലോബൽ ടോർച്ചർ ഇൻഡെക്സ്’ (Global Torture Index) എന്ന പഠനം ഇത് വ്യക്തമാക്കുന്നു. പോലീസിന്റെയും സുരക്ഷാ സേനകളുടെയും പീഡനങ്ങൾ ഏറ്റവുമധികം നടക്കാൻ സാധ്യതയുള്ള ‘ഹൈ റിസ്ക്’ കാറ്റഗറിയിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്.

“ഇന്ത്യയിൽ കസ്റ്റഡി മരണങ്ങളും കടുത്ത മർദ്ദനമുറകളും ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കലുമൊക്കെ പതിവുസംഭവങ്ങളാണ്. പ്രത്യേകിച്ച് ദളിതർ, ആദിവാസികൾ, മുസ്ലീങ്ങൾ, എൽ.ജി.ബി.റ്റി.ക്യു.ഐ.എ പ്ലസ് (LGBTQIA+) വിഭാഗങ്ങളിൽപെട്ടവർ, ഇതരസംസ്ഥാന തൊഴിലാളികൾ തുടങ്ങിയ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളാണ് ഇത്തരം പോലീസ് ക്രൂരതകൾക്ക് ഇരയാകുന്നത്,” റിപ്പോർട്ട് പറയുന്നു. 

ആകാശ് ഡെലിസന്റെ മരണം ഇന്ത്യയിലെ കസ്റ്റഡി ക്രൂരതകളുടെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. ആകാശ് നൽകിയ മരണമൊഴിയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പോലീസിന്റെ ക്രൂരത തുറന്നുകാട്ടുമ്പോഴും, ഔദ്യോഗിക കണക്കുകളിൽ പ്രതി ചേർക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ‘പൂജ്യമാണ്’. താൽക്കാലിക സസ്‌പെൻഷനുകൾക്കപ്പുറം കുറ്റവാളികൾക്ക് കൃത്യമായ ശിക്ഷ ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top