വ്യാജമല്ല, പക്ഷേ ശിക്ഷയില്ല; 63 ശതമാനം പോക്സോ കേസുകളും തെളിയിക്കപ്പെടാതെ പോകുന്നതെന്ത് കൊണ്ട്?

വ്യാജമല്ല, പക്ഷേ ശിക്ഷയില്ല; 63 ശതമാനം പോക്സോ കേസുകളും തെളിയിക്കപ്പെടാതെ പോകുന്നതെന്ത് കൊണ്ട്?

പത്തനംതിട്ടയിൽ 13 വയസ്സുള്ള പെൺകുട്ടി വ്യാജ പോക്സോ പരാതി ഉന്നയിച്ചത് സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രോഷപ്രകടനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഭൂരിപക്ഷം പോക്സോ പരാതികളും വ്യാജമാണ് എന്ന വാദം സോഷ്യൽ മീഡിയയിൽ ശക്തിപ്പെടുകയാണ്. എന്നാൽ ഈ വാദത്തിന് വസ്തുതകളുടെ പിൻബലമുണ്ടോ? ഇല്ലെന്നാണ് കണക്കുകൾ തെളിയിക്കുന്നത്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം വ്യാജ പരാതികൾ രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ്. എന്നിട്ടും ഭൂരിപക്ഷം കേസുകളിലും പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നു. കഴിഞ്ഞ എട്ട് വർഷത്തെ കണക്കെടുത്താൽ ഇന്ത്യയിൽ പോക്സോ കേസുകളുടെ ശിക്ഷാ നിരക്ക്‌ വെറും 33 ശതമാനമാണ്.

പത്തനംതിട്ടയിലെ കൂടൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വ്യാജ പോക്സോ കേസാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചാ വിഷയം. ജൂലൈ 3 ന് കോന്നി താലൂക്കിലെ 13 കാരിയുടെ പരാതിയിന്മേലാണ് കേസ് രജിസ്റ്റർ ചെയ്തത്. ജൂലൈ 5 ലെ വൈദ്യ പരിശോധനയിൽ മതിയായ തെളിവുകൾ ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് തെളിഞ്ഞത്. പരാതിക്കാരിയായ പെൺകുട്ടിയും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. 

ഇതിന് പിന്നാലെ, ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്ന പോക്സോ കേസുകളാകെ വ്യാജമാണെന്ന മട്ടിലാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ചകൾ. പോക്സോ കേസുകളിൽ പരാതിക്കാരായ കുട്ടികളുടെ പേരുവിവരങ്ങളുൾപ്പെടെ പുറത്ത് വിടണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. പത്തനംതിട്ടയിലെ 13 കാരിക്കെതിരെ ലൈംഗിക ചുവയുള്ള കമന്റുകളും തെറിയഭിഷേകങ്ങളും കാണാം സാമൂഹ്യ മാധ്യമങ്ങളിൽ. 

രാജസ്ഥാനിൽ പതിമൂന്ന് വയസ്സുള്ള ഒരു പെൺകുട്ടിയെ മുപ്പതോളം പേർ ലൈംഗികമായി ആക്രമിച്ചു കൊന്ന സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചപ്പോഴാണ് കേരളത്തിൽ വ്യാജ പോക്സോ പരാതികളെ കുറിച്ചുള്ള മുറവിളി ഉയരുന്നത്. കുഞ്ഞുങ്ങളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന സംഭവങ്ങൾ കൺമുന്നിൽ നടക്കുമ്പോഴും വ്യാജ പരാതികളെ കുറിച്ചുള്ള ചർച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ മുൻകൈ നേടുന്നത്.

ഭൂരിപക്ഷം പോക്സോ പരാതികളും വ്യാജമാണോ?

ഒരു വ്യാജ പോക്സോ പരാതിയുടെ പേരിൽ പോക്സോ നിയമത്തെയാകെ തെറ്റായി ചിത്രീകരിക്കുകയാണ് ഒരു വിഭാഗമാളുകൾ. ഭൂരിപക്ഷം പരാതികളും വ്യാജമാണെന്നാണ് ഒരു പ്രബല വാദം. എന്നാൽ സ്ഥിതിവിവരക്കണക്കുകൾ ഈ വാദത്തെ ഖണ്ഡിക്കുന്നു. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 2024 ൽ ഇന്ത്യയിൽ ആകെ രജിസ്റ്റർ ചെയ്തത് 69,191 പോക്സോ കേസുകളാണ്. ഇതിൽ വ്യാജ കേസുകളും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന അത്രയും ഉയർന്ന തോതിലല്ല. 2024 ലെ റിപ്പോർട്ട് പ്രകാരം ആരോപണം വ്യാജമാണെന്ന് കണ്ടെത്തി വിവിധ സംസ്ഥാനങ്ങളിലെ പോലീസുകൾ തള്ളിക്കളഞ്ഞത് 1,392 പോക്സോ കേസുകളാണ്. അതായത്, ആകെ രജിസ്റ്റർ ചെയ്ത കേസുകളുടെ രണ്ട് ശതമാനം. 100 പോക്സോ കേസുകളെടുത്താൽ, അതിൽ പരമാവധി രണ്ട് കേസുകളാണ് വ്യാജമാകാൻ സാധ്യത. 2017 മുതൽ 2024 വരെയുള്ള, ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കനുസരിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 8,905 വ്യാജ കേസുകളാണ്. മൊത്തം കേസുകളുടെ വെറും 2.13 ശതമാനം മാത്രമാണിത്.

വ്യാജ കേസുകളുടെ എണ്ണം തുച്ഛമാണെന്ന് തന്നെയാണ് പോക്‌സോ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന മുതിർന്ന അഭിഭാഷകരുടെ നിരീക്ഷണം. “2020 മുതൽ ഇതുവരെ ഞാൻ അഭിമുഖീകരിച്ച പോക്സോ കേസുകളിൽ വിരലിലെണ്ണാവുന്നവ മാത്രമാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. അതിൽ തന്നെ ചിലത്, പ്രതിയുടെ ഉദ്ദേശ്യം ലൈംഗികാതിക്രമം ആയിരുന്നില്ലെന്നത് കൊണ്ട് മാത്രം പോക്സോ നിയമത്തിൽ പെടാതെ പോയ കേസുകളുമുണ്ട്.” പെരിന്തൽമണ്ണ പോക്സോ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പരമേശ്വരത്ത് ഒബിസിയോട് പറഞ്ഞു.

ഉയർന്ന കുറ്റവിമുക്തി നിരക്ക് ; പരിമിതമായ ശിക്ഷാ നിരക്ക് 

എന്നാൽ പോക്സോ കേസുകളാകെ വ്യാജമാണെന്ന തെറ്റായ പ്രതീതി സൃഷ്ടിക്കപ്പെടുന്നത് എന്ത് കൊണ്ടാണ്? പോക്സോ കേസുകളിലെ ഉയർന്ന കുറ്റവിമുക്തി നിരക്കാണ് (Acquittal rate) ഒരു കാരണം.

ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ റിപ്പോർട്ട് പ്രകാരം 2024 ൽ രാജ്യത്താകെ 39,249 പോക്സോ കേസുകളുടെ വിചാരണ പൂർത്തിയായിട്ടുണ്ട്. ഇതിൽ 25,476 കേസുകളിലും പ്രതികളെ കുറ്റവിമുക്തരാക്കി. അതായത്, വിചാരണ പൂർത്തിയായ ആകെ കേസുകളിൽ 64.9 ശതമാനം കേസുകളിലും പ്രതികളെ വെറുതെ വിടുന്നു. 2017 മുതലുള്ള എട്ട് വർഷങ്ങളിൽ 2020 ൽ മാത്രമാണ് കുറ്റവിമുക്തി നിരക്ക് 60 ശതമാനത്തിൽ താഴെ എത്തിയിട്ടുള്ളത്. ഇത്രയും വർഷങ്ങളിലെ കണക്കുകളിൽ ശരാശരി 62.6 ശതമാനം കേസുകളിലും പ്രതികൾ കുറ്റവിമുക്തമാക്കപ്പെടുന്നു. അഥവാ ഓരോ മൂന്ന് പോക്സോ കേസുകളിൽ രണ്ടെണ്ണത്തിലും പ്രതികളെ വെറുതെ വിടുന്നു.

ഈ വർഷങ്ങളിലെ ശിക്ഷാ നിരക്ക് കൂടി പരിശോധിച്ചാൽ കണക്കുകളിൽ കൂടുതൽ വ്യക്തത വരും. 2024 ൽ പോക്സോ കേസുകളിൽ കുറ്റാരോപിതർ ശിക്ഷിക്കപ്പെട്ടത് 32.3 ശതമാനം കേസുകളിൽ മാത്രമാണ്. 2017 മുതലുള്ള എട്ട് വർഷങ്ങളിലെ ശരാശരി ശിക്ഷാ നിരക്ക് 33.3 ശതമാനമാണ്. അതായത്, രാജ്യത്തെ പോക്സോ കേസുകളിൽ ശിക്ഷ കിട്ടുന്നത് മൂന്നിലൊന്ന് കേസുകളിൽ മാത്രം.

ശിക്ഷിക്കപ്പെടാതെ പോകുന്ന പോക്സോ കേസുകളുടെ എണ്ണം ഇത്രയും ഉയർന്ന തോതിൽ ആയത്, പരാതികൾ വ്യാജമായത് കൊണ്ടാണ് എന്ന തെറ്റായ പൊതുബോധം സൃഷ്ടിക്കപ്പെടുന്നുണ്ട് . ഒരു പുരുഷാധികാര സമൂഹത്തിൽ ഇത്തരം ആഖ്യാനങ്ങൾക്ക് എളുപ്പത്തിൽ സ്വീകാര്യത കിട്ടുകയും ചെയ്യും.

മൊഴിമാറ്റാൻ നിർബന്ധിക്കപ്പെടുന്ന കുട്ടികൾ 

പോക്സോ കേസുകൾ കോടതിയിൽ എത്തുമ്പോൾ ദുർബലമായി പോകുന്നത് പരാതികൾ വ്യാജമായത് കൊണ്ടല്ല, മറിച്ച് അതിജീവിതരായ കുട്ടികൾ മൊഴി മാറ്റുന്നത് കൊണ്ടാണെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

രാജ്യത്തെ വിവിധ പോക്സോ കോടതികളുടെ 667 വിധികളെ വിശകലനം ചെയ്തു കൊണ്ട് ബാംഗ്ലൂരിലെ ‘നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ’ യൂണിവേഴ്സിറ്റി ഒരു പഠനം നടത്തിയിരുന്നു. ഈ പഠനമനുസരിച്ച് 67.5 ശതമാനം കേസുകളിലും അതിജീവിതരായ കുട്ടികൾ മൊഴി മാറ്റിയത് കൊണ്ടാണ് പ്രതികളെ വെറുതെ വിടേണ്ടി വന്നത്.

അതിജീവിതരായ കുട്ടികളുടെ മൊഴികളിലെ വ്യക്തതയാണ് സാധാരണയായി പോക്സോ കേസുകളുടെയാധാരം. പോക്സോ കേസുകളിൽ അതിജീവിതരായ കുട്ടികൾ പോലീസിന് നൽകുന്ന ആദ്യ മൊഴി പ്രധാനപ്പെട്ടതാണ്. മജിസ്ട്രേറ്റിന് മുന്നിലും കോടതിയിലുമായി കുട്ടികൾ ഈ മൊഴിയിൽ ഉറച്ച് നിൽക്കുന്നുണ്ടോ എന്നാണ് പോക്സോ കേസുകളിൽ കോടതി ആദ്യം പരിശോധിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ പോലീസിനെ ആശ്രയിച്ചാണ് കേസിന്റെ നിലനിൽപ്പ് തന്നെ. കുട്ടിയുടെ ആദ്യ മൊഴി അവ്യക്തമാവുന്നത് കേസിന്റെ നിലനിൽപ്പിനെ ബാധിക്കും.

“എന്റെ അനുഭവത്തിൽ കോടതി കുറ്റവിമുക്തമാക്കിയ കേസുകളിൽ ഭൂരിഭാഗവും കുട്ടികളുടെ മൊഴി മാറ്റം കാരണമാണ്. അല്ലാതെയുള്ള സന്ദർഭങ്ങളിൽ പ്രതികളെ വെറുതെ വിടുന്നതിനുള്ള സാധ്യത വളരെ വിരളമാണ്” അഡ്വക്കേറ്റ് സപ്ന പരമേശ്വരത്ത് പറയുന്നു.

പോക്സോ കേസുകൾ സാധാരണയായി രണ്ട് തരം കാരണങ്ങൾ കൊണ്ട് കുറ്റവിമുക്തമാക്കപ്പെടാറുണ്ട്. പ്രതി ഭാഗം ഹാജരാക്കുന്ന തെളിവുകളാണ് അതിലൊന്ന്. ഈ തെളിവുകൾ ശക്തമാണെങ്കിൽ അപൂർവം സന്ദർഭങ്ങളിൽ പ്രതികളെ വെറുതെ വിടാറുണ്ടെന്ന് അഡ്വക്കേറ്റ് സപ്ന പറയുന്നു. എന്നാൽ ബാഹ്യ സ്വാധീനത്താൽ കുട്ടികൾ മൊഴിമാറ്റി പറയുന്നത് തന്നെയാണ് മിക്ക സാഹചര്യങ്ങളിലും കേസുകളെ ദുർബലപ്പെടുത്തുന്നത്.

പോക്സോ കേസുകളിൽ ഒത്തുതീർപ്പിനുള്ള സാധ്യതകളില്ല. പരാതിക്കാർക്ക് കേസ് പിൻവലിക്കാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ കേസുകളിൽ നിന്ന് ഒഴിവാകാൻ എളുപ്പമുള്ള മാർഗ്ഗം കുട്ടികളെ കൊണ്ട് മൊഴിമാറ്റി പറയിക്കുന്നതാണ്. പലപ്പോഴും കുറ്റാരോപിതർ പണം നൽകി കുടുംബത്തെ സ്വാധീനിച്ചാണ് കുട്ടികളെ കൊണ്ട് മൊഴിമാറ്റിക്കുന്നതെന്ന് പോക്സോ കോടതികളിലെ അഭിഭാഷകർ പറയുന്നു. പണം നൽകുന്നത് കൂടാതെ സമൂഹത്തിലെ പ്രബലവ്യക്തികളെ കൂട്ട് പിടിച്ചും പ്രതികൾ കുട്ടികളുടെ കുടുംബത്തെ സ്വാധീനിക്കുന്നു.

‘വർഷങ്ങൾ കോടതി കയറിയിറങ്ങണ’മെന്ന ഭയം 

കോടതി നടപടികളെ പറ്റിയുള്ള അജ്ഞതയാണ്, ഈ സ്വാധീനങ്ങൾക്ക് വഴങ്ങാൻ കുട്ടികളുടെ കുടുംബങ്ങളെ പ്രേരിപ്പിക്കുന്ന ഒരു ഘടകം.

‘വർഷങ്ങൾ കോടതി കയറിയിറങ്ങണമെന്നും’ ‘ഒരുപാട് പൈസ ചെലവാകു’ മെന്നുമൊക്കെ നാട്ടുകാർ പറഞ്ഞ് പേടിപ്പിക്കാറുണ്ട്. ഇത് മൂലം, കുട്ടികൾ മൊഴി മാറ്റി പറഞ്ഞ സന്ദർഭങ്ങളുമുണ്ട്. എന്നാൽ ഇത്തരം പ്രശ്നങ്ങളെ പോക്സോ നിയമം തന്നെ മറികടക്കുന്നുണ്ട്. വിചാരണക്കായി കുട്ടികളെ പലതവണ കോടതിയിൽ വിളിപ്പിക്കരുതെന്ന് 2012 ലെ പോക്സോ നിയമത്തിലെ സെക്ഷൻ 33(5) വ്യക്തമാക്കുന്നുണ്ട്. കോടതിയിൽ നിരന്തരം വിളിപ്പിക്കുന്നത് കുട്ടികളുടെ മാനസികാവസ്ഥ പിന്നെയും മോശമാക്കാൻ സാധ്യതയുള്ളത് കൊണ്ടാണിത്.

കേസ് വാദിക്കുന്നത് പബ്ലിക് പ്രോസിക്യൂട്ടറായത് കൊണ്ട് കുട്ടികളുടെ മാതാപിതാക്കൾക്ക് കേസ് നടത്താൻ പണച്ചെലവില്ല. മാത്രമല്ല, കുട്ടിയുടെ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി സർക്കാർ പണവും നൽകും. കേരളത്തിൽ, സംസ്ഥാന സർക്കാരിന്റെ ആശ്വാസനിധി സ്കീമിലൂടെ പോക്സോ അതിജീവിതർക്ക് ആദ്യത്തെ ആറ് മാസത്തിനുള്ളിൽ ഒരു ലക്ഷം രൂപ വരെ ലഭിക്കും. കേസ് തെളിയിക്കപ്പെട്ടതിന് ശേഷം പലതരത്തിലുള്ള നഷ്ടപരിഹാരങ്ങൾ വേറെയും ലഭിക്കാറുണ്ട്.

കുടുംബാംഗങ്ങൾ തന്നെ പ്രതികളായി വരുമ്പോൾ 

കുടുംബാംഗങ്ങൾ തന്നെ പ്രതികളായുള്ള പോക്സോ കേസുകൾ കൂടുതൽ ഗുരുതരമാകുമെന്ന് അഭിഭാഷകർ പറയുന്നു. ഇത്തരം കേസുകളിൽ കുട്ടികൾ ‘അസാമാന്യ ധൈര്യം’ കാണിച്ചാൽ മാത്രമേ കുറ്റകൃത്യം പുറത്ത് വരൂ. ശേഷമുള്ള നടപടിക്രമങ്ങളിലും കുടുംബാംഗങ്ങൾ കുട്ടിയുടെ പക്ഷത്ത് നിൽക്കുമെന്ന് ഉറപ്പില്ലെന്നും ഇവർ പറയുന്നു.

കുടുംബാംഗങ്ങൾ പ്രതികളാകുന്ന പോക്സോ കേസുകളിൽ സാധാരണയായി സുരക്ഷ കണക്കാക്കി അതിജീവിതരായ കുട്ടികളെ സർക്കാർ കേന്ദ്രങ്ങളിലേക്ക് മാറ്റി താമസിപ്പിക്കും. വീട്ടിൽ തന്നെ തുടരുന്ന കുട്ടിയെ കുറ്റാരോപിതരായ കുടുംബാംഗങ്ങൾ സ്വാധീനിച്ച് കേസ് ദുർബലപ്പെടുത്തുന്നതാണ് പോക്സോ നിയമം നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്ന 96 ശതമാനം പോക്സോ കേസുകളിലെയും പ്രതികൾ അതിജീവിതരുടെ പരിചയക്കാരാണ്. ഇതിൽ തന്നെയും ഭൂരിപക്ഷവും കുടുംബാംഗങ്ങളോ അവരുടെ സുഹൃത്തുക്കളോ അയൽക്കാരോ ആണ്. രണ്ട് സഹോദരിമാരെയും ലൈംഗികമായി ഉപദ്രവിച്ച ഒരാൾക്കെതിരെയുള്ള പോക്സോ കേസിൽ അതിജീവിതരായ കുട്ടികൾ മൊഴിമാറ്റി പറഞ്ഞ സംഭവം അഡ്വക്കേറ്റ് സപ്ന പരമേശ്വരത്ത് സൂചിപ്പിക്കുന്നു. ഈ കേസിൽ കുട്ടികളുടെ ആദ്യ മൊഴി ശക്തമായത് കൊണ്ട് മാത്രം പ്രതിക്ക് ശിക്ഷ നൽകാൻ കോടതി തയ്യാറായി. 

ശിക്ഷയുടെ കാഠിന്യം 

മധ്യപ്രദേശ് ആസ്ഥാനമായുള്ള ‘ഇന്റർനാഷനൽ ജേർണൽ ഫോർ ലോ മാനേജ്മെന്റ് ആൻഡ് ഹ്യുമാനിറ്റീസ്’ (IJLMH) നടത്തിയ പഠനത്തിൽ പോക്സോ കേസുകളിലെ കുറ്റവിമുക്തി നിരക്ക് കൂടുന്നതിന് വേറെയും കാരണങ്ങൾ പറയുന്നുണ്ട്. കുറ്റവിമുക്തി നിരക്ക് കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്ന് പോക്സോ നിയമത്തിലെ കർശന ശിക്ഷാ വ്യവസ്ഥകളാണ്. പോക്സോ നിയമത്തിലെ സെക്ഷൻ 8 അനുസരിച്ച്, ഒരു പ്രതിക്ക് നൽകാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ മൂന്ന് വർഷത്തെ കഠിന തടവാണ്. പലപ്പോഴും ‘തീവ്രത വളരെ കുറഞ്ഞ കുറ്റകൃത്യങ്ങൾ’ക്ക് ഇത്രയും വലിയ ശിക്ഷ നൽകാൻ കോടതികൾ തയ്യാറാകാറില്ല. ഇത്തരം സാഹചര്യങ്ങളിൽ പ്രതികളെ കുറ്റവിമുക്തരായി വിധിക്കാറുണ്ട്. 

2021 ലെ ‘Vasudev v. State of Madhya Pradesh’ എന്ന പോക്സോ കേസ് ഇതിനൊരുദാഹരണമാണ്. പ്രതി ലൈംഗിക ചുവയോടെ കുട്ടിയുടെ കയ്യിൽ ബലം പ്രയോഗിച്ച് പിടിച്ചുവെന്നായിരുന്നു പരാതി. എന്നാൽ ഇത്തരമൊരു കുറ്റത്തിന് മൂന്ന് വർഷം ശിക്ഷ നൽകാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി ഇയാളെ വെറുതെ വിട്ടു. 

പോലീസിന്റെ പരാജയം

പോലീസിന്റെ കാര്യക്ഷമതയില്ലായ്മ കുറ്റവിമുക്തി നിരക്ക് കൂടാൻ ഒരു കാരണമായി പഠനം ചൂണ്ടിക്കാട്ടുന്നു. പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കുന്നതിലും തെളിവുകൾ ശേഖരിക്കുന്നതിലും പോലീസ് പരാജയപ്പെടുന്നത് മൂലം പ്രതികളെ വെറുതെ വിടുന്ന കേസുകളുണ്ട്. ഗുജറാത്ത് ആസ്ഥാനമായുള്ള ‘സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ്’ എന്ന സംഘടനയുടെ ഓൺലൈൻ സെമിനാറിൽ സ്നേഹ സിംഗ് എന്ന അഭിഭാഷക സർക്കാർ സംവിധാനങ്ങളുടെ പിഴവുകൾ മൂലം പോക്സോ കേസുകൾ ദുർബലപ്പെടുന്നതിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഡൽഹിയിലെ തീസ് ഹസാരിയിൽ രജിസ്റ്റർ ചെയ്ത ഒരു പോക്സോ കേസിൽ ഡിഎൻഎ ശേഖരണത്തിൽ സർക്കാർ ഉദ്യോഗസ്ഥർ കാട്ടിയ അലംഭാവം കാരണം കോടതിയിൽ കേസ് ദുർബലപ്പെട്ടുവെന്ന് സ്നേഹ സിംഗ് പറയുന്നു.

അതിജീവിതരായ കുട്ടികളുടെ മൊഴി പോലീസ് തിരുത്തിയതിന്റെ പേരിൽ പ്രതികളെ കോടതി കുറ്റവിമുക്തരാക്കിയ കേസുകളുമുണ്ട്. 2026 ലെ ഒരു പോക്സോ കേസ് (Amitkuamar S/O Satyanarayan Kushwah vs State Of Mha.) വിധിയിൽ പോലീസ് കുട്ടിയുടെ മൊഴി തിരുത്തി നൽകിയതിന്റെ പേരിൽ മഹാരാഷ്ട്ര ഹൈക്കോടതി പ്രതിയെ വെറുതെ വിട്ടു. ആദ്യ മൊഴി കൂടാതെ പോലീസ് ഒരു സപ്ലിമെന്ററി മൊഴി തയ്യാറാക്കിയെന്നും ഇതിൽ കൂടുതൽ ഗുരുതര കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തിയെന്നുമാണ് കോടതി കണ്ടെത്തിയത്. 2023 ൽ ഡൽഹി ഹൈക്കോടതിയിൽ നടന്ന മറ്റൊരു പോക്സോ കേസിൽ പോലീസ് മാനസികമായി തയ്യാറാക്കാതെ കുട്ടിയുടെ മൊഴിയെടുത്തുവെന്ന് കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സത്യമാണ്, പക്ഷേ തെളിവില്ല 

ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ 2024 ലെ റിപ്പോർട്ട് പ്രകാരം 967 പോക്സോ കേസുകളാണ് സത്യമായിരുന്നിട്ടും തെളിവുകളില്ലാത്തത് (Cases True but Insufficient Evidence or Untraced or No Clue) കൊണ്ട് പോലീസിന് ഉപേക്ഷിക്കേണ്ടി വന്നത്. മൊത്തം കേസുകളുടെ 1.4 ശതമാനം. 2017 മുതൽ എട്ട് വർഷങ്ങളായി 8,389 കേസുകൾ പോലീസ് ഇത്തരത്തിൽ ഉപേക്ഷിച്ചിട്ടുണ്ട്.

പോക്സോ കേസുകളുടെ കുറ്റവിമുക്തി നിരക്ക് കൂട്ടുന്ന മറ്റൊരു ഘടകം കൗമാരലൈംഗികതയാണ്. പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തിൽ, പ്രണയത്തെ തുടർന്നുണ്ടാകുന്ന ലൈംഗിക ബന്ധങ്ങളും പോക്സോ നിയമത്തിന്റെ പരിധിയിൽ വരുമെന്നതിനാൽ കേസെടുക്കും.പക്ഷേ ഇത്തരം കേസുകളിൽ കുട്ടികൾ മൊഴി മാറ്റി പറഞ്ഞ് സുഹൃത്തിനെ നിയമനടപടിയിൽ നിന്ന് ഒഴിവാക്കും.ഇതും പോക്സോ കേസുകളിൽ കുറ്റവിമുക്തി കൂടുന്നതിന് ഒരു കാരണമാണ്. 

കൗമാരക്കാർ തമ്മിലുള്ള പ്രണയ ബന്ധങ്ങൾക്ക് പോക്സോ നിയമത്തിൽ ഇളവുകൾ നൽകണമെന്ന ആവശ്യം കാലങ്ങളായി സാമൂഹ്യ പ്രവർത്തകർ ഉന്നയിക്കുന്നുണ്ട്. അഭിഭാഷകർ ഇതിനോട് യോജിക്കുന്നുണ്ടെങ്കിലും ഇതുണ്ടാക്കിയേക്കാവുന്ന പഴുതുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ട്.

വ്യാജ പോക്സോ കേസുകൾ കോടതിയിൽ എത്തിപ്പെടാൻ തന്നെ ബുദ്ധിമുട്ടാണെന്ന് അഭിഭാഷകർ വ്യക്തമാക്കുന്നു. പൊലീസിന്റെ സജീവമായുള്ള പ്രാഥമിക അന്വേഷണത്തിൽ തന്നെ കേസ് വ്യാജമാണെന്ന് തെളിയും. വ്യാജ കേസുകളിൽ കുട്ടികൾക്ക് ഒരേ മൊഴി പലവട്ടം തെറ്റ് കൂടാതെ പറയാൻ സാധിക്കാറില്ല. സംഭവം നടന്നതായി കുട്ടി അവകാശപ്പെടുന്ന സമയത്ത് പ്രതികളുടെ ഫോൺ ലൊക്കേഷൻ ഉൾപ്പെടെയുള്ളവ പരിശോധിച്ചതിന് ശേഷമാണ് പോലീസ് മറ്റ് നടപടികളിലേക്ക് കടക്കുന്നത്. 

വ്യാജക്കേസുകളെ ചൊല്ലിയും പോക്സോ ദുരുപയോഗത്തെ ചൊല്ലിയുമുള്ള മുറവിളികൾ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാൻ മാത്രമേ സഹായിക്കൂ. കുടുംബങ്ങളിൽ പോലും കുഞ്ഞുങ്ങൾ സുരക്ഷിതരല്ല എന്ന യാഥാർഥ്യത്തെ തമസ്കരിക്കാൻ മാത്രമാണ് ഈ തെറ്റായ ആഖ്യാനങ്ങൾ സഹായിക്കുക.സ്വന്തമായി തീരുമാനങ്ങളെടുക്കാൻ സാധിക്കാത്ത കുഞ്ഞുങ്ങൾ എത്ര വലിയ സമ്മർദ്ദങ്ങൾക്ക് കീഴ്പ്പെട്ടാണ് ഒരു പോക്സോ വ്യവഹാരത്തിലൂടെ കടന്നു പോകുന്നതെന്നും അതവർക്കുണ്ടാക്കുന്ന മാനസികവും വൈകാരികവുമായ പരിക്കുകൾ എത്ര വലുതാണെന്നും മനസ്സിലാക്കാൻ പൊതു സമൂഹം തയ്യാറാകുക മാത്രമാണ് പരിഹാരം.

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ്

ഗോകുൽ എസ് വിജയ് ഒബിസിയിൽ ജേർണലിസ്റ്റ് ആണ്

കൂടുതൽ ലേഖനങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
Share Email
Top