
ജന്തർ മന്ദറിലെ സമരം ‘പ്രതിച്ഛായാ നിർമ്മിതിക്ക് ഉപയോഗിക്കുമ്പോൾ’: തമിഴ്നാട് മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള മറ്റൊരു വ്യാജ പ്രചാരണം കൂടി
കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ സമരത്തിന് നേരെ പോലീസ് ബലപ്രയോഗം നടത്തിയത് രാജ്യമൊട്ടാകെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്നലെ (ജൂലൈ 20) സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയും പോലീസ് സമരപ്പന്തൽ പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. സമരത്തിന് പിന്തുണയുമായി വിവിധ മേഖലകളിലെ പ്രമുഖരാണ് ജന്തർ മന്ദറിലെത്തുന്നത്.
സാംസ്കാരിക രംഗത്തുനിന്ന് സ്വര ഭാസ്കർ, പ്രകാശ് രാജ്, ശബാന ആസ്മി, കുനാൽ കംറ, രഞ്ജിനി ഹരിദാസ് എന്നിവരും രാഷ്ട്രീയ രംഗത്തുനിന്ന് ജോൺ ബ്രിട്ടാസ് എം.പി ഉൾപ്പെടെയുള്ള നേതാക്കളും പല ദിവസങ്ങളിലായി സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വേദിയിലെത്തിയിരുന്നു.
ഇങ്ങനെ ദേശീയതലത്തിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്ന സമരത്തെ, തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ ‘ഇമേജ് ബിൽഡിങ്ങിനായി’ ചിലർ ദുരുപയോഗം ചെയ്യുന്ന കാഴ്ചയാണ് പിന്നീട് സോഷ്യൽ മീഡിയയിൽ കണ്ടത്. വിജയ് നേരിട്ടെത്തി ജന്തർ മന്ദറിലെ സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചു എന്ന അവകാശവാദത്തോടെയുള്ള വീഡിയോകൾ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് ഹാൻഡിലുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ, ഈ പ്രചാരണത്തിന് പിന്നിലെ സത്യാവസ്ഥയെന്താണ്? വിജയ് ജന്ദർ മന്ദറിൽ എത്തിയോ? ഒബിസി ഫാക്ട്ചെക്ക്.
സൈബർ പ്രചാരണം ഇങ്ങനെ
പ്രധാനമായും ഇംഗ്ലീഷ് – ഹിന്ദി ഭാഷകളിൽ ഈ പോസ്റ്റ് പ്രചരിക്കുന്നതായാണ് ഒബിസിയുടെ മോണിറ്ററിങ് ടീം കണ്ടെത്തിയത്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എക്‌സിലും ഒരുപോലെ പ്രചാരണമുണ്ട്.
വിജയ് ജന്തർ മന്ദറിൽ എത്തിയോ? എന്ന് ചോദിക്കുന്ന ഒരു വീഡിയോ ആണ് പ്രചരിക്കുന്നത്. ആൾക്കൂട്ടത്തിന് നടുവിൽ
വിജയ് ഒരു കാറിൽ ഇരിക്കുന്ന വീഡിയോ ആണത്. ചില വീഡിയോകളിൽ വിജയ് ജന്തർ മന്ദറിൽ എത്തി എന്ന് തന്നെ പറയുന്നുണ്ട്.
ഹിന്ദിയിൽ ഉള്ള ഒരു എക്സ് പോസ്റ്റിൽ, ജന്തർ മന്ദറിൽ എത്തിയ വിജയ്ക്ക് വിദ്യാർത്ഥികളിൽ നിന്നും വലിയ സ്വീകരണം ലഭിച്ചതായി അവകാശപ്പെടുന്നു.

ഫേസ്ബുക്കിലും വീഡിയോ വൈറലായി തുടരുന്നു. 5.3K ഫോളോവേഴ്സ് ഉള്ള ഒരു അക്കൗണ്ടിൽ ഈ വീഡിയോ ഇന്നലെ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മലയാളത്തിലും ഈ പോസ്റ്റ് പ്രചരിച്ചതായി ഒബിസി കണ്ടെത്തി. തുടർന്ന് നടത്തിയ കീ വേർഡ് സെർച്ചിൽ വിജയ്ടെ മറ്റൊരു വീഡിയോയും ഇതേ അവകാശവാദത്തോടെ പ്രചരിക്കുന്നതായി കണ്ടെത്തി. രണ്ട് വീഡിയോയിലും രണ്ട് വസ്ത്രധാരണമാണ്. അതായത് രണ്ടും രണ്ട് സമയത്തെ വീഡിയോ ആണ് എന്നർത്ഥം.
ക്രിസ്ത്യൻ നാഷണൽ ഫ്രന്റ് എന്ന ഫേസ്ബുക്ക് പേജിൽ അത്തരമൊരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്, ജൂലൈ 20 ന് തന്നെ. ജന്തർ മന്ദറിലേക്ക് വിജയ് എത്തുന്നുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ആണത്.

ഈ വീഡിയോയിൽ കറുത്ത നിറമുള്ള ഷർട്ടും പാൻറും ധരിച്ച വിജയെയാണ് കാണുന്നത്. ആളുകൾക്കിടയിലൂടെ വിജയ് നടന്നുവരുന്ന ഒരു വീഡിയോയാണിത്. വിജയ് കാറിൽ ഇരിക്കുന്ന വീഡിയോയിൽ ധരിച്ചിരിക്കുന്ന വസ്ത്രത്തിൻ്റെ നിറം വെള്ളയാണ്. ഈ രണ്ടു വീഡിയോകളും ജൂലൈ 20ന് മുൻപേ, അതായത് കോക്രോച്ച് ജനത പാർട്ടിയുടെ പാർലമെൻറ് മാർച്ചിന് മുൻപ് തന്നെ പ്രചരിച്ചിട്ടുള്ളതായും ഒബിസി കണ്ടെത്തി.
പ്രചാരണത്തിന്റെ യാഥാർഥ്യം
സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോകളുടെ യഥാർത്ഥ ഉറവിടം കണ്ടെത്താൻ ദൃശ്യങ്ങൾ റിവേഴ്‌സ് ഇമേജ് സെർച്ചിന് വിധേയമാക്കി. ഇതിൽ മുഖ്യമന്ത്രി വിജയ് കാറിൽ ഇരിക്കുന്ന ആദ്യ വീഡിയോ പരിശോധിച്ചപ്പോൾ, മെയ് 4ന് തന്നെ ഇത് ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. തമിഴ്‌നാട്ടിൽ വിജയിയുടെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെ വലിയ വിജയം നേടിയ വേളയിൽ പകർത്തിയ പഴയ ദൃശ്യമാണിത്.

രണ്ടാമത്തെ വീഡിയോ ആകട്ടെ, InfinityPlus YT എന്ന യൂട്യൂബ് ചാനലിൽ ഏഴു ദിവസം മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട്ടിലെ പെരമ്പൂരിൽ നിന്നുള്ള വീഡിയോ ആണെന്നാണ് ക്യാപ്ഷനില്‍ പറയുന്നത്.

തുടർന്ന് നടത്തിയ കീ വേർഡ് സെർച്ചിൽ ഈ വീഡിയോയുടെ ലോ ആംഗിളിൽ നിന്നുള്ള വീഡിയോ കണ്ടെത്താനായി. തമിഴിലെ മുഖ്യ ധാരാ മാധ്യമമായ പോളിമർ ന്യൂസിൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ജൂലൈ 13 ന് ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്.
“ കൊളത്തൂർ എം എൽ എ വി എസ് ബാബുവിനൊപ്പം പേരമ്പൂരിൽ എത്തിയ വിജയെ വീടുകളിൽ നിന്ന് പൂക്കൾ വിതറി ആളുകൾ വരവേറ്റു ” (கொளத்தூர் எம்.எல்.ஏ வி.எஸ்.பாபுவுடன் இணைந்து சாலைவலம் வந்த முதல்வர் விஜய்.. வீடுகளின் மேல் இருந்து பூக்கள் தூவி வரவேற்ற மக்கள்) എന്നാണ് തമിഴിൽ ഈ വീഡിയോയിൽ ക്യാപ്ഷൻ കൊടുത്തിട്ടുള്ളത്.

ഒരാഴ്ച മുൻപത്തെ ഈ വീഡിയോ ആണ് ഇപ്പോൾ ജന്തർ മന്ദറിൽ വിജയ് എത്തി എന്ന അവകാശവാദത്തോടെ പ്രചരിപ്പിക്കുന്നത്. ഡൽഹിയിലെ ജന്തർ മന്ദറിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വിജയ് എത്തിയെന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പൂർണ്ണമായും വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്.
